Wednesday, October 19, 2011

അഖില കേരള ഭക്ഷ്യവിരുദ്ധ മുന്നണി

സുഹൃത്തുക്കളേ,
അഖില കേരള ഭക്ഷ്യവിരുദ്ധ മുന്നണിയുടെ ആദ്യയോഗമാണിത്. വിരുദ്ധ സമിതി എന്നു കേള്‍ക്കുമ്പോള്‍ മന്‍‌മഥന്‍ സാറിന്റെ മദ്യവിരുദ്ധ സമിതിയും പത്രത്തിലൊക്കെ കേള്‍ക്കുന്ന പുകയില വിരുദ്ധ സമിതിയുമല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ വരാത്തവരാണ്‌ മലയാളികളില്‍ ഭൂരിപക്ഷവും. അതിന്റെ ഫലവും നമ്മള്‍ അനുഭവിക്കുകയാണ്‌. ഭൂരിപക്ഷം മലയാളികള്‍ക്കും പ്രമേഹം, രക്തത്തില്‍ കൊഴുപ്പിന്റെ കൂടുതല്‍, രക്താതിസമ്മര്‍ദ്ദം, സന്ധിവാതം, ആമവാതം, അണപ്പ്, കിതപ്പ്, ചൊറി,ങ ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, ജപ്പാന്‍ ജ്വരം, മലമ്പനി, കമ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ട് കേരളമാകെ വലയുകയാണ്‌.

വിവിധ ഭക്ഷണ വിരുദ്ധ സമിതികളുടെ മുന്നണിയാണ്‌ ഭക്ഷ്യവിരുദ്ധ മുന്നണി. ഇതിന്റെ കണ്‍‌വീനര്‍ സ്ഥാനമാണ്‌ സര്‍‌വഭക്ഷണവിരുദ്ധന്‍ എന്നത്. ആ സ്ഥാനം തെരഞ്ഞെടുപ്പിലൂടെ എനിക്കു നല്‍കിയ ഓരോ വിരുദ്ധ സമിതിക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അതോടൊപ്പം ഇവിടെ നിങ്ങളോട് സംസാരിക്കാന്‍ പോകുന്ന ഓരോ വിരുദ്ധ സമിതിയെക്കുറിച്ചും കുറഞ്ഞ വാക്കുകളില്‍ ഞാന്‍ പരിചയപ്പെടുത്തട്ടെ.

കഞ്ഞി വിരുദ്ധ സമിതി
കഞ്ഞി ആരോഗ്യത്തിനു അങ്ങേയറ്റം ഹാനികരമാണ്‌. അമേരിക്കയിലെ ഫൂഡ്& നുട്രീഷന്‍ ബോര്‍ഡ് അംഗീകരിച്ച ദൈനം ദിന പോഷണ പട്ടിക അനുസരിച്ച് വിറ്റാമിന്‍ A,B1, B2, B6,B7,B12, E, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സിങ്ക്, എസ്സന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍, നാരുകള്‍, കൊഴുപ്പ്, അന്നജം തുടങ്ങിയവ ചേര്‍ന്നതാകണം ഭക്ഷണം. കഞ്ഞിയില്‍ ഇവയിലെ മിക്കതുമില്ല. മാത്രമല്ല, കഞ്ഞിയുടെ കൂടെ കഴിക്കുന്നതും- പപ്പടം, ചമ്മന്തി അച്ചാര്‍ മുതലായവയാണ്‌. അതിന്റെ ദോഷങ്ങള്‍ അതതു വിരുദ്ധ സമിതികള്‍ വിശദീകരിക്കും.

തോരന്‍ വിരുദ്ധ സമിതി
തോരന്‍ വയ്ക്കുന്നതിലൂടെ പച്ചക്കറികള്‍ നാശമാക്കുകയാണ്‌ നമ്മള്‍ ചെയ്യുന്നത്. വെറുതേ വാങ്ങിച്ചു ചീത്തയാക്കുന്നതിനു പകരം പച്ചക്കറി വാങ്ങിക്കാതിരുന്നൂടേ? ബ്രിട്ടനില്‍ നടത്തിയ പഠനപ്രകാരം ഇലക്കറികള്‍ മറ്റു പച്ചക്കറികള്‍ എന്നിവ അരിഞ്ഞ് വെള്ളം തളിച്ച് ആവിയില്‍ വേവിക്കുമ്പോള്‍ അവയിലെ
gucosinolate എന്ന പ്രധാന അര്‍ബുദ വിരുദ്ധ ഘടകം നശിച്ചു പോകുന്നതായി തെളിഞ്ഞു. ചില പ്രധാന വിറ്റാമിനുകളും പച്ചക്കറി ആവി പുഴുങ്ങുകയും വെള്ളം തളിച്ച് വേവിക്കുകയും ചെയ്യുമ്പോള്‍ ഇല്ലാതാകുന്നുണ്ട്. തോരന്‍ വര്‍ജ്ജിക്കുന്നതിനായുണ്ടാക്കിയതാണ്‌ ഈ സമിതി.

രസം വിരുദ്ധ സമിതി
ഒന്നോ രണ്ടോ തക്കാളിയും വെറും മസാലപ്പൊടിയും വെളുത്തുള്ളി പോലെ വായ് നാറ്റുന്ന ചിലതും മാത്രം വെള്ളത്തിലിട്ട് വെട്ടിത്തിളപ്പിച്ച് നിഷ്പ്രയോജനമാക്കി ഉപയോഗിക്കുന്നവര്‍ വെറും പച്ചവെള്ളവും നിഷ്പ്രയോജനമാക്കപ്പെട്ട ദ്രവ്യങ്ങളും മാത്രം ഉപയോഗിക്കുന്ന മൂഢരാണ്‌. ഇതിനെതിരേയാണ്‌ രസം വിരുദ്ധ സമിതി.

മോരുകറി, സംഭാരം, തൈരു വിരുദ്ധ സമിതി
പ്രായപൂര്‍ത്തിയായവര്‍ പാലുല്പ്പന്നങ്ങള്‍ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അനേകശതം പഠനങ്ങള്‍ നടന്നു കഴിഞ്ഞിട്ടും മോരുകറിയും സംഭാരവും തൈരും കൂട്ടി ചോറുണ്ട് മലയാളികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ്‌.


സാമ്പാര്‍ വിരുദ്ധ സമിതി
തോരന്‍ വയ്ക്കുന്നത് എങ്ങനെ ഹാനികരമഅണോ അതേ കാരണം അതിലും മോശമാണ്‌ സാമ്പാറില്‍. വിശദീകരിക്കേണ്ടതില്ലല്ലോ.

ഉള്ളി വിരുദ്ധ സമിതി
ഉള്ളിക്ക് ഇടുന്ന വളം പന്നിക്കാട്ടമാണെന്നാണ്‌ വയ്പ്പ്. എന്നാല്‍ ഉള്ളിയുടെ ലഭ്യതയും പന്നിവളര്‍ത്തലും തമ്മിലുള്ള അനുപാതക്കേട് നോക്കിയാല്‍ തന്നെ ഇതു കള്ളമാണെന്ന് മനസ്സിലാവും. മനുഷ്യമലം വരെ ഉള്ളിക്ക് വളമായി ഉപയോഗിക്കുന്നു. യൂറോപ്പിനെ നടുക്കിയ ഈ-കോളി ബാധ മുതല്‍ നമ്മുടെ ഭാരതത്തിന്റെ അഭിമാനമായ ലീയാന്‍ഡര്‍ പയസ്സിനെ മരണത്തിന്റെ മുഖം കാണിച്ച തലച്ചോറിലെ ജീവിബാധ വരെ ഓര്‍ക്കുക. നാട വിര, സൂചിവിര തുടങ്ങിയവയും നമ്മളില്‍ സാധാരണമഅക്കിയത് ഉള്ളിയാണ്‌. ഉള്ളി ചേര്‍ന്നതത്രയും വര്‍ജ്ജിക്കുക.

ഉപ്പ് വിരുദ്ധ സമിതി
മനുഷ്യനാവശ്യമുള്ളതിന്റെ പല മടങ്ങ് സോഡിയമാണ്‌ ഉപ്പ് കഴിക്കുക വഴി നമ്മള്‍ മലയാളികള്‍ അകത്താക്കുന്നത്. രക്തസമ്മര്‍ദ്ദം, വൃക്കരോഗം, കരള്‍ രോഗം എന്നിവ ഒഴിവാക്കാന്‍ ഉപ്പു ചേരുന്നതൊന്നും കഴിക്കരുത് എന്നാണ്‌ ഇവരുടെ സന്ദേശം.

വെള്ളം വിരുദ്ധ സമിതി
ജലമാണ്‌ ജീവന്റെ ആധാരം. എന്നാല്‍ നമ്മള്‍ കഴിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍, മലാംശം എന്നിവ ആരോഗ്യത്തെ തകര്‍ക്കുന്നതേയുള്ളൂ. ജലം വഴി പടരുന്ന കോളറ, മഞ്ഞപ്പിത്തം, പോളിയോ തുടങ്ങി അനവധി രോഗങ്ങള്‍ കേരളത്തെ കൊല്ലുകയാണ്‌. വെള്ളം കുടിക്കരുത് എന്ന വിവേകപൂര്‍‌വമായ തീരുമാനം എടുത്തവരാണ്‌ ഇവര്‍.

അമ്പതോളം മറ്റു വിരുദ്ധ സംഘടനകള്‍ രൂപമെടുത്ത് വരുന്നുണ്ട് എന്ന ശുഭ വാര്‍ത്ത കൂടി അറിയിച്ചുകൊണ്ട് ഞാന്‍ ഈ പരിപാടി ഉത്ഘാടനം ചെയ്തുകൊള്ളുന്നു. നന്ദി , നമസ്കാരം.

9 comments:

ലതീഷ്.പി.വി said...

നന്നായി...

Unknown said...

അന്തോണിച്ചാ....
പരിഹാസം കലക്കി!

ഈ വിരുദ്ധമുന്നണിക്കൊപ്പം തന്നെ, ഓശാന മുന്നണിക്കും കോപ്പുണ്ട്.

Radheyan said...

Good one

നായര്‍ said...

ഓ.ടോ.... വല്ല ബലൂണോ ബോളോ ഒക്കെയാണേല്‍ ശരി. പ്രായപൂര്‍ത്തിയായവര്‍ വര്‍ജ്ജിക്കേണ്ട പാലുത്പന്നങ്ങളില്‍ കോണ്ടം പെടുമോ?

kARNOr(കാര്‍ന്നോര്) said...

ശ്ശോ ഞാം പൊറോട്ട മാത്രേ നിർത്തിയുള്ളൂ.. ഇനിയിതെല്ലാം നിർത്തണവല്ലീ.. സരി..

vallyettans said...

liked your sarcasm but wake up to see the big picture - it take some pain to gain some

vallyettans said...

liked your sarcasm but wake up to see the big picture- it do take some pain if we have to gain some

വാല്യക്കാരന്‍.. said...

:)
its nice..

പടാര്‍ബ്ലോഗ്‌, റിജോ said...

ഹ ഹ. 
ഗംഭീരമായ പഞ്ചുള്ള പരിഹാസങ്ങൾ...! 
നന്നായിരിക്കുന്നു!!!