ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ടീച്ചര്‍ അഭിപ്രായപ്പെട്ടത് ചേച്ചിയെക്കാള്‍ മിടുക്കന്‍ ആകുമെന്നായിരുന്നു. ആയോ ഇല്ലയോ എന്നത് മിടുക്കിന്റെ ഡെഫനിഷം അനുസരിച്ചിരിക്കും. ടീച്ചറമ്മയെ ഈയിടെ കണ്ടപ്പോള്‍ "ഞാന്‍ അന്നേ പറഞ്ഞില്ലേ നീ മിടുക്കനാകും എന്ന്" എന്നായിരുന്നു. അപ്പോള്‍ ടീച്ചറമ്മയുടെ നിര്‍വചനത്തിലെ മിടുക്കന്‍ ആയിട്ടുണ്ട്.
രണ്ടു മൂന്നൊന്നും ഓര്‍ക്കുന്നില്ല. നാലില്‍ ക്ലാസ് ഫസ്റ്റ് ആയി, എന്തോ നേടിയ കണക്കൊക്കെ തോന്നി. മൂന്നില്‍ ക്ലാസ് ഫസ്റ്റ് ആയത് ആരായിരുന്നോ.
അഞ്ചില്‍ ക്ലാസ്സില്‍ അഞ്ചാമതെത്തി. അന്ന് ഒന്നാമനായയാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. രണ്ടാമനായ ആള്‍ ട്രെയിന്‍ ടി ടി ആര്‍ ആണ്. മൂന്നു നാലൊക്കെ എവിടെ പോയോ.
ഹിന്ദിയുടെ ശല്യം തുടങ്ങിയത് അഞ്ചിലാണ്. ഹിന്ദി അക്ഷരങ്ങളും അടിയും ഒരുമിച്ചാണ് ക്ലാസ്സിലെത്തിയത്. പഠിപ്പിച്ചയാളിനോടുള്ള വെറുപ്പ് ഭാഷയോടുള്ള വെറുപ്പായി. ആളിന്റെ പേരോര്‍ക്കുന്നില്ല. ഞങ്ങള്‍ ആമത്തലയന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പൊഴും അങ്ങനെ തന്നെ ഓര്‍ക്കാനാണ് ഇഷ്ടം.
ഏഴില്‍ വച്ച് കണക്കിനു നൂറില്‍ തൊണ്ണൂറ്റൊമ്പത് ആയിപ്പോയതിനു ഞാന്‍ ക്ലാസ്സില്‍ വച്ച് നിലവിളിച്ചു. മാര്‍ക്ക് കുറഞ്ഞതിലല്ല, എല്ലാം ശരിയായിട്ടും നൂറു മാര്‍ക്ക് തന്നില്ല. ടീച്ചറിന്റെ ഫേവറിറ്റ് ആയിരുന്ന അമ്പാടിക്ക് തൊണ്ണൂറ്റൊമ്പതേ ഉണ്ടായിരുന്നുള്ളു, അതില്‍ കൂടുതല്‍ എനിക്കു തരാന്‍ അവര്ക്കു തോന്നിയില്ല. വീട്ടില്‍ ചെന്ന് പരാതി പറഞ്ഞപ്പോള്‍ അച്ഛന്‍ ശാസിച്ചു. നീ പഠിക്കാനുള്ളത് പഠിക്കുക, ബാക്കിയുള്ളവരെക്കാള്‍ മാര്‍ക്ക് കിട്ടിയാല്‍ നിനക്ക് സ്വണ്ണപ്പതക്കമൊന്നും തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
കണക്കെന്തോ വെറുത്തില്ല.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ കൊള്ളാവുന്ന കൂലിപ്പണിക്കാരന്‍ പോലും ആകാന്‍ പോണില്ലെന്ന് എന്റെ സ്കില്‍ മൊത്തത്തില്‍ അസസ് ചെയ്ത് ക്ലാസ് റ്റീച്ചര്‍ പറഞ്ഞത്. എനിക്കെന്തോ അത്രക്ക് ബോദ്ധ്യമായില്ല.
"ഞാന്‍ ആരാകും?" പരിഷത്ത് അങ്കിളിനോട് ചോദിച്ചു
"ഇയാള്‍ എന്താകണമെന്ന് ആഗ്രഹിക്കുന്നോ അതൊക്കെയാകും, എന്താ സംശയം?" പരിഷത്തങ്കിള്‍ ചിരിച്ചൊഴിഞ്ഞു.
"ഇപ്പ ഒന്നും ആകണമെന്ന് ആഗ്രഹിക്കുന്നില്ല, അങ്കിളിന്റെ ഊഹത്തില്‍ ഞാനാരാകും?"
"അതിപ്പോള്‍ ഊഹിച്ചാല്‍... ഇയാളൊരു പക്ഷി ഗവേഷകന്‍ ആകും ഇന്ദുചൂഡന്‍ സാറിനെപ്പോലെ അല്ല അതിലും വലിയ ആളാകും. ലോകത്തിന് ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും." അങ്കിളൊരു വൈല്‍ഡ് ഗസ്സ് നടത്തി തടിയൂരി.
പത്തില്‍ രണ്ടാം ക്ലാസ്സോടെ ജയിച്ചു. സ്കൂള്‍ ഫസ്റ്റ് ആയവള്‍ ഇന്നൊരു ഗ്രോസറി നടത്തുന്നു. അമ്പാടിയെ ഞാന്‍ അവസാനം കാണുമ്പോള്‍ അവന്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി ആയിരുന്നു. ക്ലാസ് ഫസ്റ്റ് ആയിരുന്ന അശോകിനെ ഒരു കല്യാണത്തിനായിരുന്നു കണ്ടത്. അവനും എഞ്ചിനീയറാണ്. സഹപാഠികളില്‍ അനില്‍ ഡോക്റ്ററായി, രഞ്ജിത്തും ജഗദീശും ബ്ലേഡ് മുതലാളിമാരായി. റുഡോള്‍ഫ് നല്ലൊരു ഹോട്ടലിന്റെ ഉടമയായിരുന്നു, മദ്യാസക്തി മൂത്ത് ഒക്കെ കളഞ്ഞ് പാപ്പരായി. ഷമീന അവരുടെ വീട്ടിലെ ഡ്രൈവറെ കല്യാണം കഴിച്ചു പഠിപ്പും നിര്‍ത്തി. ജൂഡി ഓസ്ത്രേലിയില്‍ എന്തോ ജോലി ചെയ്യുന്നു. സുജ സിംഗപ്പൂരില്‍ പ്രൊഫസറാണ്.
പ്രീഡിഗ്രീക്ക് പഠിപ്പിച്ച ലക്‌ചറര്‍ക്ക് " പാര്ട്ടിക്ക് മുദ്രാവാക്യവും വിളിച്ച് ഒടുക്കം വല്ലവന്റെയും കത്തി പള്ളക്ക് കയറി തീരുന്ന കേസ്" ആയിരുന്നു. ഒരു പാര്‍ട്ടിക്കും ഇന്നേവരെ ഒരു മുദ്രാവാക്യവും വിളിച്ചിട്ടില്ല ഞാന്‍ എന്നതായിരുന്നു എന്നെ അതിശയപ്പെടുത്തിയത്.
"ഡിഗ്രീക്ക് കയറുമെന്ന് ഏതായാലും തോന്നുന്നില്ല, വല്ല തടിമില്ലിലും കണക്കെഴുതി കഞ്ഞികുടിച്ചു കിടക്കണേല്‍ കുറഞ്ഞത് അദ്ധാനിക്കാനുള്ള മനസ്സെങ്കിലും വേണ്ടേ അതുമില്ല" അക്കൗണ്ടന്‍സി പ്രൊഫസര്‍ നിരീക്ഷിച്ചു.
മാര്‍ക്കറ്റിങ്ങ് പഠിപ്പിച്ച അദ്ദ്യാപകന്‍ "വഴിയില്‍ കിടന്നു കറങ്ങുന്ന നിനക്കൊക്കെ ചന്തയിലെ കച്ചവടമേ അറിയൂ" എന്നായി. ചന്തയില്‍ മീന്‍ വിറ്റും വാങ്ങിയുമുള്ള പ്രവൃത്തി പരിചയമെങ്കിലും എനിക്കുണ്ട്, ആരോ എന്നോ എഴുതിയ ഒരു പുസ്തകം പഠിച്ച്, അതു പിന്നെ പഠിപ്പിച്ച് അടുത്തവന്‍ പഠിച്ച് അവനും അത് പഠിപ്പിച്ച് വിഴുങ്ങിയും ശര്‍ദ്ദിച്ചും പോകുന്ന ഈ പരിപാടിയെക്കാള്‍ ഭേദമാണ് ആ പ്രവര്‍ത്തി പരിചയം, നിങ്ങള്‍ പഠിച്ചതിന്റെ ബലത്തില്‍ ഒരു കെട്ട് ബീഡി വില്‍ക്കാന്‍ പോലും ഗുണമുണ്ടാവില്ലെന്ന് ഞാന്‍ തിരിച്ചും കൊടുത്തു.
ഡിഗ്രീ ക്ലാസ്സിലെ പലരും ഇന്ന് ബിസിനസ്സുകാരാണ്. അവരില്‍ ഞാന്‍ കണ്ടവരോട് ആ മാര്‍ക്കറ്റിങ്ങ് പുസ്തകത്തിന്റെ ടേബിള്‍ ഓഫ് കണ്ടെന്റ്സ് എങ്കിലും ഇന്നോര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
"നിങ്ങളുടെ ടെക്നിക്കല്‍ സ്കില്‍സ് അത്ര പന്തിയല്ല, എന്നാല്‍ ജി കെ, ന്യൂമറിക്കല്‍ എബിലിറ്റി ലോജിക്കല്‍ റീസണിങ്ങ് ഒക്കെ ഇമ്പ്രസ്സീവ് ആണ്. എല്ലാവരും എല്ലാ തൊഴിലിലും ശോഭിക്കില്ല, നിങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതാണ് ബുദ്ധി" എന്നായിരുന്നു എന്റെ തൊഴില്‍ പരിശീലകന്‍ പറഞ്ഞത്. സിവില്‍ സര്‍വീസില്‍ അശേഷം താല്പ്പര്യമില്ലെന്നും ആ തൊഴില്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ വല്ല ലോണുമെടുത്ത് ഒരു ബോട്ടു വാങ്ങുകയേ ഉള്ളു എന്നും ഞാന്‍ പറഞ്ഞു.
അഞ്ചു വര്‍ഷം അക്കൗണ്ടിങ്ങ് പുസ്തകം മറിച്ചു തിരിച്ചെങ്കിലും നോക്കിയിട്ടുള്ള ഞാന്‍ പണിയെടുത്തു തുടങ്ങിയപ്പോഴാണ് മനസ്സിലായത് ആ അഞ്ചു വര്‍ഷം അതിനു പകരം സിനിമ കണ്ടിരുന്നെങ്കിലും ഒരു വത്യാസവും ഉണ്ടാകില്ലായിരുന്നെന്ന്. വെറുതേ ഒരു ബി. കോം ഡിഗ്രീ. ശേഷമുള്ള കഠിന മത്സര പരീക്ഷകളില്‍ ബി കോം വിദ്യാര്‍ത്ഥികളെക്കാള്‍ ഡിഗ്രീ കണക്കും ഫിസിക്സും ഒക്കെ പഠിച്ചവര്‍ ആയിരുന്നു ജയിച്ചവരിലെ ഭൂരിഭാഗം .
എന്റെ പഴയ ഒരു ട്യൂട്ടറെ ഈയിടെ കണ്ടു.
"എന്തേ പിടി വിട്ടുകളിച്ചത് ആന്റണീ, സെറ്റില്‍മെന്റ് സ്പെഷലിസ്റ്റ് ആയി കോര്‍പ്പറേറ്റ് തെമ്മാടിത്തരങ്ങളുറ്റെ തലയില്‍ നിരങ്ങുന്ന ഒരു കരിയര്‍ ആയിരുന്നു നിനക്കെന്ന് ഞാന്‍ പ്രതീക്ഷിച്ചു"
"എന്നെക്കുറിച്ച് ഞാന്‍ പോലും ഒന്നും പ്രതീക്ഷിക്കാറില്ല സര്‍. ഇങ്ങനെ പോകുന്നു, ഒഴുക്കിനൊപ്പം, ചിലപ്പോ എതിരേ."
ആദ്യ ജോലിക്ക് ജോയിന്‍ ചെയ്തതിന്റെ ഇരുപതാം വാര്‍ഷികമാണിന്ന്.
12 comments:
വാര്‍ഷിക ആശംസകള്‍..കൂടണ്ടേ..?
Congratulations. :-)
beautiful..
ആശംസകള്‍
നിര്‍വ്വചങളിലെ മിടുക്ക്..അതാണ് കീ വേഡ്.ആ തിരിഞുനോട്ടമാണ് ജീവിതത്തിലെ ഒരു പക്ഷേ അതിമനോഹരമായ തിരിച്ചറിവുകളാകുന്നത്..
സ്കൂള്‍ഫസ്റ്റുകാരെല്ലാം ബി.എഡ് എടുക്കുകയും പിന്നെ സ്ക്കൂള്‍ വാദ്യാന്മാരവുകയും ചെയ്ത കാലം മുതല്‍ ഇടക്കീ ആലോചന വരാറുണ്ട്.ഏറ്റവും വേദനിപ്പിച്ചതു പക്ഷെ കനത്ത കഷ്ടപ്പാടുകള്‍ക്കിടയില്‍ കണ്‍സിസ്റ്റന്റായ പ്രകടനം കാഴച വച്ചിരുന്ന മിടുക്കന്‍ ബ്.എസ്.സി ഫിസിക്സില്‍ റാങ്കു വാങി നാട്ടിലെ ചായക്കടയില്‍ കണക്കപ്പിള്ള ആയതു കണ്ടപ്പോള്‍..അത് ഇപ്പോഴും ഓര്‍ത്തുപോകുന്നു.
എല്ലാ ആശംസകളും..
"I never let schooling interfere with my education"- Mark Twain
20+21=41...
hihi..
aashamsakal..
വിജ്ഞാനത്തിലേക്കുള്ള വെളിച്ചം മാത്രമാകുന്നു വിദ്യാഭ്യാസം. അതിനൊരു തിരി തെളിച്ച് തരുന്നയാൾ ഗുരുവുമാകുന്നു. വഴി കണ്ടെത്തലും വിജയവും ഉയർച്ച താഴ്ചകളുമെല്ലാം വ്യക്തികളേയും വ്യക്തിത്വത്തേയും കഴിവിനേയും മറ്റു പല സാഹചര്യങ്ങളേയും ആശ്രയിച്ചുമിരിക്കുന്നു. ഇത് വായിച്ചപ്പോൾ വായിച്ചപ്പോൾ എന്റെ തലയിൽ ഉദിച്ചതാണ്. ശരിയാകാൻ വകുപ്പില്ല.
മാഷിന്റെ എഴുത്തുകൾ വളരെ ഇഷ്ടമാണ്. സ്ഥിരം വായിക്കാറുമുണ്ട്. ഔദ്യോഗികജീവിതത്തിന്റെ ഇരുപതാം വാർഷികത്തിനാശംസകൾ!
Congratulations Anony!
അപ്പനെക്കേറി അച്ഛാ എന്നുവിളിക്കുന്ന സവര്‍ണ്ണകണ്‍ഫോമിസ്റ്റുകളുടെ നാട്ടില്‍ പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പും ഞങ്ങള്‍ക്ക് നഷ്ടമാവുന്നുവോ?
വളരെ നല്ല എഴുത്ത്. ആദ്യ ജോലിയുടെ 20-ആം വാര്‍ഷികത്തിന് ആശംസകള്‍
:-) :-)
ഞാനും ആദ്യ ജോലിയില്‍ ജോയിന്‍ ചെയ്തത് ഒരു ഓഗസ്റ്റ് പതിനാറിനായിരുന്നു. ഇപ്പോള്‍ നാലു വര്ഷം :-)
ഇങ്ങനെയൊക്കെ എഴുതാന്‍ ആന്‍റണിക്കേ കഴിയൂ.
Post a Comment