Monday, January 5, 2009

എണ്ണയും ഊഹവും - ഒരു വിശദീകരണം


പ്രേമത്തിനു സ്വയം വളര്‍ത്തുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല എന്നെഴുതിയത് ഖലീല്‍ ജിബ്രാനാണ്‌. മൂലധനത്തിന്റെ കാര്യത്തിലും അതുപോലെ തന്നെ. അതുകൊണ്ടാണ്‌ ധനകാര്യ ഇടപാടുകളില്‍, വിശേഷിച്ചും ഉത്പന്നബന്ധിതമല്ലാത്ത ധനവ്യവഹാരങ്ങളില്‍ ഒരു വെല്‍ഫെയര്‍ നേഷന്റെ സര്‍ക്കാരിന്‌ കര്‍ശനനിയമങ്ങള്‍ ഇറക്കേണ്ടിവരുന്നത്. നിര്‍ഭാഗ്യവശാല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് നിയമങ്ങള്‍ ഇനിയും മറ്റ് വികസിതരാഷ്ട്രങ്ങളുടെയോ ഇന്ത്യപോലെ വികസ്വരരാഷ്ട്രങ്ങളുടെയോ പോലും അത്ര ശക്തമോ ഫലപ്രദമോ ആയിട്ടില്ല.

ധനകാര്യ"റഷ്" മിക്കതും നാശത്തിലേ കലാശിച്ചിട്ടുള്ളു അവിടെ. ഹൗസിങ്ങ്, ഡിറൈവേറ്റവ്, ഓയില്‍ അവധിവ്യാപാര റഷുകളുടെ കാര്യവും വ്യത്യസ്ഥമല്ലായിരുന്നു. (ഒരു ഓഹരി കുംഭകോണം സെബി മുതല്‍ പ്രമുഖരായ പല ഓഡിറ്റര്‍മാരുടെയും സര്‍ട്ടിഫിക്കേറ്റ് എന്നെന്നേക്കുമായി തിരിച്ചു വാങ്ങലില്‍ വരെ കലാശിച്ച ഇന്ത്യയെവിടെ, അവശ്യസാധനങ്ങളുടെ ഊഹക്കച്ചവട നിയന്ത്രണബില്‍ ചര്‍ച്ച ചെയ്ത് എവിടെയും എത്താതെ പോയ അമേരിക്കന്‍ സര്‍ക്കാര്‍ അവര്‍ അവകാശപ്പെടുന്നതുപോലെ ജനങ്ങള്‍ക്കു വേണ്ടിത്തന്നെയാണോ വര്‍ത്തിക്കുന്നതെന്ന സംശയം ഉയര്‍ത്തുന്നു. എന്‍‌റോണിനു ഒരു സാര്‍ബേന്‍സ് ഓക്സ്ലി നിയമെങ്കിലും നടപ്പില്‍ വരുത്താനായി)

എന്താണ്‌ അവധിവ്യാപാര കരാര്‍?
അവധിവ്യാപാരം എന്നത് നൂറ്റാണ്ടുകളായി കച്ചവടക്കാര്‍ ഉപയോഗിച്ചു പോരുന്ന കരാര്‍ രീതിയാണ്‌, നാളത്തെ വില ഇന്നേ നിശ്ചയിച്ചില്ലെങ്കില്‍ പണം സ്വരൂപിക്കാനോ ഭാവി പദ്ധതികള്‍ തയ്യാറാക്കാനോ കഴിയില്ലല്ലോ. എന്നാല്‍ ഒരു അവധിക്കരാര്‍ തനിക്കു അനുകൂലമായാല്‍ (ഉദാഹരണം ഞാന്‍ രണ്ടായിരത്തി ഒമ്പത് ജൂണിലേക്ക് ചാക്കൊന്നിനു അമ്പതു രൂപയ്ക്ക് ഒരു ടണ്‍ അരിക്ക് കരാര്‍ ഉണ്ടാക്കുന്നു. ജൂണിലെ അങ്ങാടി വില അറുപതു രൂപ ആണെങ്കില്‍ എനിക്ക് ഒരു ചാക്കിന്‍‌മേല്‍ പത്തു രൂപ വച്ച് ലാഭമുണ്ടാകും.) അതില്‍ നിന്നും ലാഭമുണ്ടാക്കാമെന്ന തിരിച്ചറിവ് അവധിക്കരാറിന്മേല്‍ ഊഹക്കച്ചവടം വഴി പണമുണ്ടാക്കാനുള്ള ധനകാര്യ ഇടപാടാകും. എനിക്ക് അരിയുടെ കച്ചവടമില്ല, ശരിക്കും അരിയുടെ ആവശ്യവുമില്ല, അരിക്കു വില കയറും/കുറയും എന്ന ഊഹത്തിന്മേല്‍ പണം ഉണ്ടാക്കാന്‍ ഇറങ്ങുന്ന ധനകാര്യ ഇടപാടുകാരന്‍ മാത്രമാണ്‌ ഞാന്‍- ഈ വെറും കടലാസ് കച്ചവടത്തെ ഡിറൈവേറ്റീവ് മാര്‍ക്കറ്റ് എന്നു പറയും. ഇതിന്റെ സത്യാവസ്ഥയില്‍ ഡിറൈവേറ്റീവ് കച്ചവടക്കാര്‍ കുതിരപ്പന്തയത്തിലെ ബെറ്റുകാരെപ്പോലെയാണ്‌. അവര്‍ക്ക് കുതിരയില്ല, ജോക്കിയില്ല, മത്സരത്തില്‍ പങ്കെടുക്കുന്നുമില്ല. ബെറ്റു വയ്ക്കുന്നു, ചിലര്‍ ജയിക്കുന്നു, ചിലര്‍ തോല്‍ക്കുന്നു.

വിഷയം അവധിക്കച്ചവടക്കാരും എണ്ണവിലയുമാണല്ലോ. സമയസൂചികയില്‍ തന്നെ തുടങ്ങാം

ഒന്ന്:
രണ്ടായിരത്തി ഏഴിന്റെ അവസാനത്തോടെ ഭവനവായ്പ്പാ ചാകര അപകടത്തിലാണെന്ന് പൊതുജനമറിയുന്നില്ലെങ്കിലും ഇന്‍‌വെസ്റ്റ്മെന്റ് മാനേജര്‍മാര്‍ക്ക് തീര്‍ച്ചയായിരുന്നു, അവര്‍ പുതിയ കടും‌വെട്ടിനുള്ള ഭൂമിയായി ന്യൂയോര്‍ക്ക് ചരക്കു മാര്‍ക്കറ്റിലെ അവധിവ്യാപാരത്തെ കണ്ടെത്തി. ക്രൂഡ് ഓയിലില്‍ മാത്രമല്ല, ഗ്യാസ് (പെട്രോള്‍), ഹീറ്റിങ്ങ് ഓയില്‍ എന്നിവയിലും ഊഹക്കച്ചവടക്കാര്‍ കുമിഞ്ഞു കൂടി. പൊതുജനം ഒന്നുമറിയാതെ അപ്പോഴും വീട്ടുവായ്പ്പയുമായി നടന്നു.

ഇക്കാലത്തെ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നു- ബാരലിനു തൊണ്ണൂറു ഡോളറിനോളം

രണ്ട്:
ന്യൂയോര്‍ക്ക് കമ്പോളത്തിലെ അവധിവ്യാപാരത്തെ നിയന്ത്രിക്കേണ്ടിയിരുന്നത് ചരക്ക് അവധിവ്യാപാര കമ്മീഷന്‍ (സി എഫ് ടി സി) ആണ്‌. എഴുപതുകളില്‍ ശക്തമായിരുന്ന ഈ സുരക്ഷാസ്ഥാപനം തൊണ്ണൂറുകളോടെ ശക്തിക്ഷയിച്ച് മുക്കാല്‍ചക്രത്തിനു കോപ്പുള്ള ഏതു കോര്‍പ്പറേറ്റിനും കൈ കാട്ടി കയറിപ്പോകാവുന്ന ഓട്ടോറിക്ഷയായി. എന്‍‌റോണ്‍, ഗോള്‍ഡ്മാന്‍ സാക്സ് തുടങ്ങി അഗ്രസീവ് സ്ഥാപനങ്ങള്‍ക്ക് പോലും യധേഷ്ടം അവധിവ്യാപാരം നടത്താന്‍ അനുമതി ലഭിച്ചു.

ഇക്കാലത്ത് എണ്ണവില വീണ്ടും ഉയര്‍ന്നിട്ടുണ്ട്- നൂറ്റി അമ്പതെന്ന പീക്കിനോടടുത്ത് വീണ്ടും അല്പ്പം താണു.
മൂന്ന്:
അവധിവ്യാപാരത്തില്‍ പലരും കയ്യൂക്കുകാരായി. മൊത്തം അവധിക്കരാറുകളുടെ പത്തിലേറെ ശതമാനം ഒരിടയ്ക്ക് സ്വിസ്സ് കമ്പനിയായ വിറ്റോള്‍ ആയിരുന്നു കരാറുകാരന്‍. മൊത്തത്തില്‍ ഇന്ധനക്കച്ചവടത്തില്‍ സര്‍ക്കാരിനു കാര്യമായ പങ്കൊന്നുമില്ലെന്ന ആശങ്ക അമേരിക്കന്‍ സെനറ്റില്‍ "ഇന്ധന-ഉപഭോക്തൃസംരക്ഷണ" ബില്‍ (Consumer-First Energy Bill 2008) അവതരിപ്പിക്കാന്‍ കാരണമായി. എന്നാല്‍ സെനറ്റര്‍മാര്‍ ഇതിനെ ചെറുത്തു തോല്പ്പിച്ച് ജനപക്ഷത്തുനിന്നും കമ്പനിപക്ഷത്തേക്ക് കൂറുമാറിക്കളഞ്ഞു.

എണ്ണവില തൊണ്ണൂറുകളിലേക്കും അവിടെനിന്നും മുപ്പതുകളിലേക്കും താണു.

അവധിക്കച്ചവടം തകൃതിയായ സമയത്താണ്‌ എണ്ണവില നൂറുകടന്ന് നൂറ്റമ്പതെന്ന അന്യായത്തിലേക്ക് ഉയര്‍ന്നതെന്നത് ഇതു രണ്ടും തമ്മിലെ പരസ്പരബന്ധം എന്തെന്ന് ആളുകളെ ചിന്തിപ്പിച്ചു.

പലരും മനസ്സിലാക്കിയത് ഇങ്ങനെയൊക്കെയാണ്‌:

ഒരു കരാറുകാരന്‍ അവധിക്കച്ചവടം വഴി ലാഭമുണ്ടാക്കിയാല്‍ ആ ലാഭം പോകുന്നത് വില്പ്പനക്കാരന്റെ കയ്യില്‍ നിന്നാണ്‌, അതിനാല്‍ വില്പ്പനക്കാരന്‍ വിലവര്‍ദ്ധിപ്പിച്ചു. ഇത് ശരിയല്ല. ഒന്നാമത് വില്പ്പനക്കാരന്‍ ആദ്യം മുതലേ കുത്തകസൗഹൃദസംഘം (കാര്‍ട്ടല്‍) എന്ന രീതിയിലാണ്‌ ഇടപെട്ടിട്ടുള്ളത്. ഏകപക്ഷീയമായി വില വര്‍ദ്ധിപ്പിക്കാനാകുമെങ്കില്‍ അവര്‍ അത് എന്നേ ചെയ്തേനെ. മാത്രമല്ല, ഡിറൈവേറ്റീവ് ഊഹക്കച്ചവത്തില്‍ ഒരാള്‍ക്കുള്ള ലാഭം മുഖ്യമായും മറ്റൊരു ഊഹക്കച്ചവടക്കാരന്റെ പോക്കറ്റില്‍ നിന്നു പോകുന്നതാണ്‌. (ഡിറൈവേറ്റീവ് ചൂതാട്ടക്കമ്പനികളില്‍ ഒട്ടുമിക്കതും ദയനീയമായ അന്ത്യം വരിച്ചത് ഓര്‍ക്കുക)

രണ്ട്:
അതിഭയങ്കരമായ ട്രേഡിങ്ങ് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഡിമാന്‍ഡ് മാര്‍ക്കറ്റിലുണ്ടെന്ന് ധ്വനിപ്പിക്കുകയും തദ്വാരാ യഥാര്‍ത്ഥത്തിലില്ലാത്ത സപ്ലൈക്കമ്മിയുടെ ഫലമുണ്ടാക്കുകയും ചെയ്തു. ഒരു പരിധിവരെ ഇത് ശരിയാണ്‌, എന്നാല്‍ മൊത്തം കരാറുകളില്‍ (ഡിറൈവേറ്റീവുകളിലല്ല) വിലയിലും മൂല്യത്തിലും വളരെയധികമൊന്നും കൂടുതല്‍ വില കുതിച്ചു കയറിയ കാലത്തില്‍ ഉണ്ടായിട്ടില്ല. ഏറ്റവും പെസ്സിമിസ്റ്റ് വീക്ഷണം അനുസരിച്ച് എണ്ണവില നൂറില്‍ നിന്നും നൂറ്റി അമ്പതില്‍ എത്തിച്ചത് ഈ വ്യാജഡിമാന്‍ഡ് ആണ്‌. കുറച്ചു കൂടി മിതമായ എസ്റ്റിമേറ്റ് എണ്ണവിലയില്‍ പത്തുശതമാനം വ്യതിയാനം ഇതുണ്ടാക്കി എന്നാണ്‌. എത്രയായാലും ഒരു പരിമിതമായ പീരിയഡ്- ഹൗസിങ്ങ് ബബിള്‍ വീഴുമെന്ന് കണ്ട ശേഷം സാമ്പത്തിക മാന്ദ്യം വരെ ഏതാണ്ട് ഒന്നര വര്‍ഷത്തോളമേ സ്പെക്യുലേറ്റര്‍ റഷ് ഉണ്ടായിരുന്നുള്ളു. എണ്ണവിലക്കയറ്റം രണ്ടായിരത്തിലെ പ്രതിസന്ധിയോടെ തന്നെ തുടങ്ങിയിരുന്നു.

ഇനി നമുക്ക് ലഭ്യതാ-ആവശ്യ അനുപാതം പരിശോധിക്കാം:



ഇത് ഡിമാന്‍ഡിനനുസരിച്ച് ഓപ്പെക്ക് രാജ്യങ്ങള്‍ സപ്ലൈ കൂട്ടുന്നുണ്ടോ എന്ന കണക്ക്



അവസാനമായി ലോകത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കും എണ്ണയുത്പാദനവുമായുള്ള അനുപാതം






എന്റെ അനുമാനം :
ഊഹക്കച്ചവടക്കാര്‍ക്ക് എണ്ണവിലയെ കാര്യമായ തോതില്‍ സ്ഥിരമായി ഉയര്‍ത്തി നില്‍ത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാജഡിമാന്‍ഡിനു സ്ഥായീഭാവമില്ല. സ്ഥിരമായ ആവശ്യം ലഭ്യതയെ കവച്ചു വച്ചപ്പോള്‍ എണ്ണവില അനിയന്ത്രിതമായി ഉയര്‍ന്നു. മറിച്ചായപ്പോള്‍ വീഴുകയും ചെയ്തു. ഇത് മൂന്നിലൊന്നായി ചുരുങ്ങിയതും സ്ഥായിയായ കുറവല്ല, സെല്ലേര്‍സ് പാനിക്ക് ആണ്‌. മറ്റു സാമ്പത്തികമോ രാഷ്ട്രീയമോ പ്രകൃതിസംബന്ധമോ ആയ വലിയ വത്യാസമുണ്ടായില്ലെങ്കില്‍ രണ്ടായിരത്തി ഒമ്പതില്‍ എണ്ണവില അമ്പതു മുതല്‍ എഴുപത് ഡോളര്‍ വരെ വിലയില്‍ നിലനില്‍ക്കും. (ഡോളര്‍ വില വീണാല്‍ ഇത് ഉയരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

6 comments:

P.C.MADHURAJ said...

"പ്രേമത്തിനു സ്വയം വളര്‍ത്തുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല എന്നെഴുതിയത് ഖലീല്‍ ജിബ്രാനാണ്‌. "
W.Shakespeare, in a sonnet, "true love" said almost close to this.

അരവിന്ദ് :: aravind said...

ആദ്യഭാഗം വായിച്ച് "ഓയില്‍ ഡെറിവേറ്റീവ്‌സി"നെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നാലോചിച്ചിരിക്കുവാരുന്നു. :-)

147 ഡോളര്‍ വില വന്നത് ഊഹക്കച്ചവടക്കാരുടെ കൂട്ടയിടി കൊണ്ട് മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്. മുന്‍പും പിന്‍പും നോക്കാതെ എണ്ണവില കുത്തനെ കൂടും, ഇസ്രായേലോ ബുഷോ അഹമദ്നെജാദിന്റെ മൂട്ടില്‍ പടക്കം പൊട്ടിക്കും എന്നൊക്കെ ഭാവനാ വിലാസങ്ങളില്‍ ആറാടി, എപ്രകാരം ഷെയറുകളില്‍ പൈസയിട്ടോ അതു പോലെ ഓയില്‍ ഫ്യൂച്ചറുകളിലും പൈസ ഇടുകയായിരുന്നു. ഗോള്‍ഡ്‌മാന്‍ സാഖ്‌സ് ഒക്കെ ടാങ്കര്‍ കണക്കിന് ഓയിലാണ് ഒപ്പെകില്‍ നിന്നും കൂടുതല്‍ വാങ്ങി ഓക്ഷനിട്ടത്! അന്നും ഇന്നും ഡിമാന്റില്‍ ഇങ്ങനെ കുറഞ്ഞ സമയം കൊണ്ട് കുത്തനെ വില കുറയാന്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം.
ഫ്യൂച്ചറിനെക്കുറീച്ച് വലിയ സ്കോപ്പ് ഇല്ലാതായി എന്ന് മാത്രം.
ഒരു തരത്തില്‍ ഒപ്പെക്കിന് ഇത് നല്ലതാണ്. നൂറില്‍ കൂടുതല്‍ വില നിന്നിരുന്നേല്‍ ഇലക്ട്രിക്, ബയോഫ്യുവല്‍ വണ്ടികള്‍ ചഠോന്ന് മാര്‍ക്കെറ്റിലിറങ്ങിയേനെ.
ഈ ഞാന്‍ വരെ ഒരു ഗതികെട്ട ഇലക്ട്രിക് കാറ് വാങ്ങാന്‍ നടന്നതാ, പെട്രോളടിച്ച് മുടിഞ്ഞ്!
എങ്കിലും റഷ്യ, സൊഉദി ഒഴിച്ച് ബാകിയുള്ള ഒപ്പെക്കന്മാര്‍ക്ക് ന്യായമായ ലാഭമുണ്ടാക്കാന്‍ പറ്റിയ വില എഴുപത്-എണ്‍പത് ആണെന്ന് തോന്നുന്നു.
എന്റെ പ്രെഡിക്ഷന്‍ - 2009 ല്‍ ഓയില്‍ വില ആവറേജ് 70 ല്‍ നില്‍ക്കും.

അപ്പു | Appu said...

ലളിതമായി ഈ ഊഹക്കച്ചവട ബിസിനസ് മനസ്സിലാക്കിത്തന്നതിനു നന്ദി അന്തോണിച്ചാ.. അപോ ഒരു ഡൌ‍ട്ട്.. ഈ എണ്ണവില കീപ്പോട്ടു വീഴുമ്പോള്‍ സ്വര്‍ണ്ണവില മേലേക്കും, എണ്ണവില കൂടിനില്‍ക്കുമ്പോള്‍ മറിച്ചും സംഭവിക്കുന്നതെന്തുകൊണ്ടാണ്?

ജിവി/JiVi said...

അന്തോണിച്ചന് വീണ്ടും സല്യൂട്ട്.

എണ്ണവില സ്ഥിരമായി ഉയര്‍ത്തിനിര്‍ത്താന്‍ ഊഹക്കച്ചവടക്കാര്‍ക്ക് കഴിയുന്നില്ലായിരിക്കാം. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം ലോകമെങ്ങുമുള്ള പാവപ്പെട്ടവനെ കഷ്ടപ്പാടുകളില്‍നിന്നും കഷ്ടപ്പാടുകളിലേക്ക് തള്ളിയിടുന്ന രീതിയില്‍ എണ്ണവില ഉയര്‍ത്താന്‍ ഊഹക്കച്ചവടക്കാര്‍ക്ക് കഴിയുന്നുണ്ട്.

ഒടുവിലത്തെ ഗ്രാഫ്, GDP കൂടുന്നതിനനുസരിച്ച് ഡിമാന്റും കൂടും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാലും ഡിമാന്റ് സൂചിപ്പിക്കുന്ന രേഖയും ഉള്‍പ്പെടുത്താമായിരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

കൂട്ടികൊടുപ്പിന്റെയും കരിഞ്ചന്തയുടെയും
ഓഹരികമ്പോളം കയറ്റത്തിന്റെ
കൊടുമുടിയില്‍ കയറി
അത്താഴപട്ടിണിക്കാരനെ
ഉടുമുണ്ട് പൊക്കി കാണിച്ചു...

നിസ്സംഗന്‍ said...

എണ്ണ വിലയുടെ രാഷ്ട്രീയവും ഊഹക്കച്ചവടത്തിന്റെ
ഉപോല്‍പ്പന്നങ്ങളും ഒരു പക്ഷെ ഏറ്റവും ബാധിക്കാന്‍ പോകുന്നത് ദുബായിക്കാരെയാണെന്ന് തോന്നുന്നു , ഒരു പാട് നിര്‍മ്മാണ കമ്പനികള്‍ നിലയില്ലാക്കയത്തിലും ചുരുക്കം ചില കമ്പനികള്‍ അതിജീവനത്തിനായി സ്വയം ചെലവ് ചുരുക്കുന്ന അവസ്ഥയിലും .നിര്‍മ്മാണകമ്പനികളെ അച്ചുതണ്ടാക്കി കറങ്ങുന്നവയാണ് ദുബായിലെ മറ്റെല്ലാ ബിസിനസ്സുകളും .

എത്രയോ ആളുകള്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ പോയി , ഒരു പാട് ആളുകള്‍ക്ക് നിലവിലെ ആനുകൂല്യങ്ങളും ശമ്പളവും കുറച്ചു .

ഒന്നും പുറമേക്ക് കേള്‍ക്കുന്നില്ല പരസ്പരമുള്ള നെടുവീര്‍പ്പുകളും പരിദേവനങ്ങളും മാത്രം , ആര്‍ക്ക് എപ്പോള്‍ എന്തും സംഭവിക്കാം ദുബായില്‍ , അതിപ്പോള്‍ കമ്പനിയുടെ 10 വര്‍ഷം അനുഭവ സമ്പത്തുള്ള വിശ്വസ്ഥനായാലും ഇന്നലെ വന്ന എം.ബി.എ കാരനായാലും ശരി ...നേരിട്ട് കണ്ടറിവില്‍ നിന്നാണിത് പറയുന്നത് .

പക്ഷെ ആരും ഒന്നും എഴുതിക്കണ്ടില്ല , ദുബായിയുടെ
വര്‍ത്തമാനത്തെപറ്റി ,എഴുതി വായിച്ച് ദുരവസ്ഥയോര്‍ത്ത് ആശങ്ക കൂടുകയേ ഉള്ളൂ എങ്കിലും ആരെങ്കിലും ശരിയായ ചിത്രം നല്‍കിയിരുന്നെങ്കില്‍ എന്ന് ആശിച്ച് പോകുന്നു , അതിപ്പോ അന്തോണിച്ചനാണെങ്കില്‍ കുറച്ച് കൂടി വ്യക്തത ഉണ്ടാവും എന്നാണ് വിശ്വാസം .

ഈ വര്‍ഷാന്ത്യത്തോടെ കാര്യങ്ങള്‍ ഏകദേശ ധാരണയാകും എന്നാണ് തല മൂത്ത സിങ്കങ്ങളുടെ ജല്പനങ്ങള്‍.