Saturday, March 8, 2014

സങ്കോചാക്രമണം

കുറച്ചു സമയം കിട്ടിയപ്പോള്‍ യുക്തിസഹമായ വൈകാരികപ്രകടന ചികിത്സ (റാഷണല്‍ ഇമോറ്റീവ് ബിഹേവിയര്‍ തെറാപ്പി- REBT ) എങ്ങനെ നടത്താം എന്ന് ചില എക്സര്‍സൈസുകള്‍ ചെയ്തു നോക്കുകയായിരുന്നു. സിക്സ് പേക്ക്  മസിലൊന്നും  അഭ്യാസം വഴി കിട്ടിയില്ലെങ്കിലും REBTയില്‍ പിച്ച വച്ച് നടക്കാറായി എന്നൊരു ബോധം മാര്‍ക്ക് കണ്ടിട്ടു കിട്ടി (എന്നുവച്ച് അതിന്റെ അഹങ്കാരം ഒട്ടും കുറവില്ല കേട്ടോ)

പയറ്റു പഠിച്ചാല്‍ അത് ഷ്വലിനില്‍ ചെന്നു തന്നെ പഠിക്കണം എന്നല്ലേ, സാക്ഷാല്‍ ആല്‍ബേര്‍ട്ട് എല്ലിസിന്റെ  പയറ്റു മുറ തന്നെ  നോക്കി. മൂപ്പരുടെ ഒരു പേഷ്യന്റ്- ഷാന- നേരിടുന്ന പ്രശ്നം ആളുകള്‍ എന്തു വിചാരിക്കും എന്നതാണ്. അതിപ്പോ നമുക്കെല്ലാം ഉള്ള തോന്നല്‍ തന്നെ, പക്ഷേ ഈ സ്ത്രീ ആളുകള്‍ എന്തു വിചാരിക്കും എന്ന ഭയങ്കരമായ ഭീതി മൂലം സകല പണിയും തുടങ്ങാതെ മുന്നോട്ട് കൊണ്ടു പോകും,   ക്ലാസ്സില്‍ പോകാന്‍ പേടി, അവിടെങ്ങാന്‍ പൊട്ടത്തരം വിളിച്ചു പറഞ്ഞാല്‍ ആളുകള്‍.. പരീക്ഷയോ, അയ്യയ്യോ എങ്ങാനും തോറ്റാലോ... കക്കൂസില്‍ പോകാന്‍ വരെ പേടി, വല്ല അപശബ്ദവും ഉണ്ടായി പുറത്തു കേട്ടാല്‍  പിന്നെ...

എല്ലിസിനുണ്ടോ കുലുക്കം. അങ്ങേരു ഷെയിം അറ്റാക്ക് തെറാപ്പി തന്നെ ഇതിനു പറ്റിയതെന്ന് തീരുമാനിച്ചു. ഇവരോട് പറഞ്ഞു, "മാഡം, ചികിത്സ എന്റെ മുറിയിലല്ല, തെരുവില്‍ വേണം. എന്നു വച്ചാല്‍ അങ്ങനെ വലിയ പണിയൊന്നുമില്ല. റോഡില്‍ ഇറങ്ങി നില്‍ക്കുക, വഴിയേ പോകുന്ന അപരിചിതരോട് ' സാര്‍ എനിക്കു വിശക്കുന്നു, ഒരു ഡോളര്‍ തരുമോ?' എന്ന്  ഭിക്ഷ യാചിക്കുക. ആദ്യത്ത്റ്റെ ദിവസം ഷാനയ്ക്ക് വാവു പൊങ്ങുന്നില്ല, കയ്യും കാലും വിറച്ചു, തല കറങ്ങി. അഞ്ചാം ദിവസത്തെ തെണ്ടലോടെ അവര്‍ക്ക് അപമാനഭയം മാറി  ഇതൊരു രസമുള്ള കളിയായി തോന്നിത്തുടങ്ങി. തിരിച്ചു  എല്ലിസിന്റെ ക്ലിനിക്കില്‍ എത്തിയ അവര്‍ക്ക് ആളുകളുടെ അംഗീകാരവും അനുമതിയും മതിപ്പും ഒന്നുമില്ലെങ്കിലും തനിക്കൊരു ചുക്കും വരാനില്ലെന്ന ബോധം ഉറച്ചിരുന്നു.

 അല്ല പിന്നെ.

Friday, April 27, 2012

നോണിയും അനോണിയും

http://www.mathrubhumi.com/agriculture/story-268172.html

ലേഖനം മുഴുവന്‍ വായിക്കുക, എന്തെങ്കിലും മനസ്സിലായോ?



എനിക്കിത്രയുമാണ്‌ മനസ്സിലായത്:

1. നോണി എന്നത് കടലോരത്തു വളരുന്ന ഒരു ചെടിയാണ്‌.

2. ഇവയുടെ കായില്‍ എന്തൊക്കെയോ ഔഷധഗുണങ്ങളുണ്ട്- പ്രതിരോധശേഷി കൂട്ടുകയും മാരകരോഗങ്ങളെ ചെറുക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. ഇനിയും അറിയാന്‍ ഇരിക്കുന്നതേയുള്ളൂ

3. ശാസ്ത്രലോകം അടുത്തകാലത്ത് കണ്ടെത്തിയതാണിതിന്റെ ഗുണങ്ങള്‍.

4. വീട്ടുവളപ്പില്‍ വേണമെങ്കില്‍ നട്ടു വളര്‍ത്താം.

5. പഴങ്ങള്‍ നേരിട്ടു കഴിക്കരുത്, പക്ഷേ ജ്യൂസ് ആക്കി കഴിക്കാം.





പത്രം വായിച്ചിട്ട് അടുത്ത നേഴ്സറിയില്‍ പോയി ഒരു നോണിത്തൈ വേണം ചേട്ടാ, മാരകരോഗങ്ങളെ പ്രതിരോധിച്ച് അമരത്വം നേടാനാണെന്ന് തോന്നുന്നില്ലേ? അതിനു മുന്നേ ഈ ചെടിയെ നമുക്കൊന്നു പരിചയപ്പെടാം. നോണി എന്നത് താഹിതിയന്‍ ലാടഗുരുക്കള്‍ അവരുടെ ഭാഷയില്‍ ഇട്ട പേരാണ്‌. സംഗതി ഇന്ത്യയില്‍ ചൂടുള്ള പ്രദേശങ്ങളിലും ആസ്ത്രേലിയ, പോളിനേഷ്യ ഹവായി, താഹിതി, മലേഷ്യ തുടങ്ങി പലേ നാടുകളിലും സാധാരണ കാണുന്ന ഒരു ചെറുമരമാണ്‌. ശാസ്ത്രനാമം morinda citrifolia. സായിപ്പന്മാര്‍ ഇന്ത്യന്‍ മള്‍ബെറീന്നൊക്കെ പറയും. പലേ നാട്ടിലും നാടോടികളും മറ്റും ഇതിന്റെ കായ ഭക്ഷണത്തിനു എടുക്കാറുണ്ട്.



തെക്കു പാറശ്ശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെ ഒരു വെളിമ്പറമ്പുണ്ടെങ്കില്‍ അതില്‍ ഇതൊരെണ്ണം കണ്ടിരിക്കും- ഇതേതു മരമെന്നല്ലേ? നമ്മുടെ മഞ്ഞണാത്തി. പിള്ളേരു രസത്തിനു വല്ലപ്പോഴും പിച്ചി തിന്നുമെന്നല്ലാതെ ഭക്ഷണമായൊന്നും കൂട്ടിയിട്ടില്ല മഞ്ഞണാത്തിക്കായ കേരളത്തില്‍.



ഒരു മലേഷ്യന്‍ കമ്പനി ഇത് ആയിരക്കണക്കിനു വര്‍ഷം മുന്നേ ആര്‍ഷഭാരത്തില്‍ ആയുര്‍‌വേദക്കാരു കണ്ടുപിടിച്ചെന്നും പറഞ്ഞ് ബ്രോഷര്‍ അയച്ചപ്പോള്‍ അഷ്ടാംഗഹൃദയവും മറ്റും എടുത്തു നോക്കി- അതിലെങ്ങും മഞ്ഞണാത്തി ജ്യൂസിനെക്കുറിച്ച് കണ്ടില്ല. അംഗീകരിച്ച പഠനങ്ങളിലൊന്നും ഇതിനെ ഔഷധ ഗുണത്തിനെപ്പറ്റി "ശാസ്ത്രലോകം" കണ്ടതായി കാണാന്‍ കഴിഞ്ഞുമില്ല. മിനക്കെടാന്‍ വയ്യാത്തവര്‍ വിക്കിയില്‍ പോയി ലിങ്കില്‍ ക്ലിക്കി കളിച്ചോളൂ.

http://en.wikipedia.org/wiki/Noni_juice



കായികാഭ്യാസികള്‍ മഞ്ഞണാത്തി ജ്യൂസ് കുടിച്ചാല്‍ എന്തോ ശക്തി കിട്ടുമെന്ന് പറഞ്ഞ് ഇറക്കിയ രണ്ട് ബ്രാന്‍ഡില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നു ചേര്‍ത്തതായിക്കണ്ട് നിരോധിച്ചെന്നും കാണുന്നു.





നീര്‍നായയുടെ വൃഷണം കൊണ്ട് ക്യാന്‍സര്‍ ചികിത്സിച്ച് കോടീശ്വരനായ താടിക്കാരന്‍ സര്‍ക്കാരിനെ നന്നാക്കാന്‍ സമരം ചെയ്യുന്ന നാടാണ്‌, ഏതു തായിതിയന്‍ മഞ്ഞണാത്തിനീരും പോളിനേഷ്യന്‍ പപ്പടവട്ടക്കറയും കൊണ്ട് ഏതു താഹിതിക്കാരനും മലേഷ്യക്കാരനും ഈ നാട്ടില്‍ എന്തും ചികിത്സിക്കാം, ജോസഫ് ആന്റണി മാഷ് അവിടിരിക്കുമ്പോള്‍ ഇതൊക്കെ പത്രത്തിലടിച്ചു വരുന്നതു കണ്ട് എഴുതിപ്പോയെന്നേയുള്ളൂ.

Sunday, October 30, 2011

മാപ്പ്

സാര്‍, അകത്തോട്ട് വന്നോട്ടോ?
വരൂ, മാപ്പ് തരൂ.

മാപ്പല്ല സാര്‍, ഇത് ഒരു ടൂള്‍ ബോക്സാ.
അതല്ല, ചില തെറ്റുകള്‍ പറ്റിപ്പോയിട്ടുണ്ട്. മാപ്പ് ചോദിച്ചതാ. ആട്ടെ താന്‍ ആരാ?

സാറേ, ഞാന്‍ എലക്ട്രീഷ്യനാ. സാറിന്റെ ഓഫീസില്‍ പ്ലഗ്ഗിന്റെ ഫ്യൂസ് പോയെന്ന് പറഞ്ഞ്. അത് മാറ്റിയിടാന്‍ വന്നതാ.
പ്ലഗ്ഗിന്റെ ഫ്യൂസ് പോയതിനു മാപ്പ്. ചില സാഹചര്യങ്ങളില്‍ അങ്ങനെ പറ്റിയതാണ്‌.

പ്ലഗ്ഗാകുമ്പോ ചിലപ്പോ എരിഞ്ഞ് പോകും. അതിനു മാപ്പെന്തിനാ സാറേ, അതും എന്നോട്? ഇതെന്റെ വീടൊന്നുമല്ലല്ലോ.
മാപ്പ് പറഞ്ഞ് പറഞ്ഞ് ഇപ്പോ എന്തിനൊക്കെയാ പറയേണ്ടതെന്ന് അറിയാതായെടോ. താന്‍ വേഗം മാറിയിട്, കുറേ മാപ്പ്, അല്ല സന്ദര്‍ശകര്‍ കാത്തിരുപ്പുണ്ട്.

ആയിക്കോട്ടെ സാറേ, ദാ ഇപ്പോ കഴിയും.
അത് മാറിയിട്ടേച്ചും പോണ മുന്നേ താന്‍ ആ "മാനസ്വേശ്വരീ മാപ്പു തരൂ" എന്ന പാട്ടൊന്നു വയ്കണേ.
മാനസേശ്വരി ആരാ സാറേ?

അവള്‍ ആരാണെന്ന് ആര്‍ക്കറിയാം, ആ മാപ്പു തരൂ എന്ന ഭാഗം കേള്‍ക്കുമ്പോ എന്തൊരു ഫീലിംഗ്സ് ആണ്‌. ഞാണിന്മേല്‍ കളിക്കുന്നവന്റെ ടെന്‍ഷന്‍ തനിക്കറിയില്ലെടോ.
അതിനു സാറു കളിക്കുന്നില്ലല്ലോ, ഞാണേല്‍ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുവല്ലേ.

ആണോ എങ്കില്‍ അതിനും മാപ്പ്. എടോ മാപ്പു തന്നെന്ന് ഒന്നു പറഞ്ഞേച്ച് പോകാന്‍.
അത്ര നിര്‍ബന്ധമാണേല്‍ സാറിനു ഞാന്‍ മാപ്പ് തന്നിരിക്കുന്നു.

സന്തോഷമായെടോ, കുറേ മാപ്പ് ഞാന്‍ ചോദിച്ചെങ്കിലും കിട്ടിയത് ഇതാദ്യമായിട്ടാ. താന്‍ ചെല്ല്.

Saturday, October 29, 2011

വൈ?

അണ്ണാ.
എന്താ ചെല്ലാ?

എന്തരണ്ണാ നടക്കണത്?
എന്തര്‌ നടക്കണെന്ന്?

അല്ല നിയമസഭേലും പൊറത്തുമൊക്കെ.
നീ പിന്നെന്തരു നടക്കുമെന്നാ പ്രതീക്ഷിച്ചത് അമ്പീ?

അല്ല, നടക്കുമെന്ന് പ്രതീക്ഷിച്ചതൊക്കെ നടക്കണ്‌. അതുമാത്രമല്ലല്ലോ ഇപ്പ. അപവാദ പ്രചരണം, അസഭ്യ പ്രസംഗം, ജാതി വിളി, കള്ളക്കഥ, ഫയങ്കര വ്യക്തിഹത്യ. ഇതൊക്കെ പ്രതീക്ഷിച്ചില്ല. ഇതിപ്പ ആദ്യമായിട്ടല്ലല്ല് കേരളം വലത്തോട്ട് പിടിച്ചത്. പണ്ടൊന്നും ഇത്രയും കണ്ടിട്ടില്ലാത്തോണ്ട് ഇത്രയും പ്രതീക്ഷിച്ചതുമില്ല.

ചെല്ലാ, പ്രകടന പത്രികയ്ക്കു പകരം ക്രൈം വാരിക വിതരണം ചെയ്ത് വോട്ടു ചോദിച്ചപ്പോള്‍ കുത്തിയവര്‍ക്ക്..
ക്രൈം വാരികയിലെപ്പോലെയുള്ള വാചകങ്ങളും കഥകളും കേള്‍ക്കേണ്ടിയും വരുമെന്ന്, അല്ലേ?

തന്നെ. ഒരലേല്‍ കേറിയിരുന്നിട്ട് ഒലക്കയ്ക്ക് തലയ്ക്ക് കിട്ടിയെന്ന് കരഞ്ഞിട്ടെന്തു കാര്യം ചെല്ലാ, ആരെങ്കിലും നിര്‍ബന്ധിച്ചോ അവിടിരിക്കാന്‍.

Monday, October 24, 2011

വോട്ടിങ്ങ് പാറ്റേണ്‍


അണ്ണാ, മാറിമാറി ഇടതും വലതും ഭരണത്തിലെത്തുന്നത് എങ്ങനെയാണ്‌?



ചെല്ലാ, കേരളത്തില്‍ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടര്‍മാരുണ്ട്. പക്ഷേ ഭൂരിപക്ഷം വലതുപക്ഷത്തിനൊപ്പം, അല്ലെങ്കില്‍ സ്വന്തംപക്ഷമെന്തെന്ന് അറിയാതെ അവിടെ നിലയുറപ്പിച്ചവരാണ്‌.



അപ്പോള്‍ പിന്നെ ഇടയ്ക്കിടയ്ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ വരുന്നതെങ്ങനെ?



നിനക്ക് എറക്കം ശിവനെ ഓര്‍മ്മയുണ്ടോ?

പിന്നില്ലേ.



ശിവന്റെ വീട്ടില്‍ അവനും അവന്റെ അമ്മയും മാത്രമേയുള്ളൂ. വീട്ടിലിരിക്കുന്ന കിണ്ടിയും മൊന്തയും മൊട്ടയും കോഴിയും ഒക്കെ അടിച്ചോണ്ട് പോയി വെള്ളമടിക്കും. എന്നിട്ട് തിരിച്ചു വന്ന് തള്ളയെ തന്തയ്ക്കു വിളി, അതുമിതും പെറുക്കി ഏറ്, അവരു തിരിച്ചു പള്ളു വിളിച്ചാല്‍ പിടിച്ചു നിര്‍ത്തി ഇടി.



യെന്നിട്ട്?

അടിയും ചവിട്ടും മോഷണവും സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അവര്‍ "ഓടെടാ ** നേ ഇനി എന്റെ പൊരയ്ക്കകത്ത് നിന്നെ കണ്ടു പോകരുത്" എന്നു പറഞ്ഞ് കൊടുവാളെടുത്ത് ഓടിച്ചു വിടും.



ഹോ. ഗട്സ് ഉള്ള തള്ളയാണല്ല്.

തന്നെ. പക്ഷേ അവന്‍ എറങ്ങിപ്പോയാല്‍ അന്നു മുതല്‍ തള്ളയ്ക്ക് മനോവേദനയാണ്‌. എന്തെരപ്പാളിയാണേലും ഞാന്‍ പെറ്റതല്ലേ, എന്റെ ചോരയല്ലേ, അവനല്ലാതെ എനിക്കാരുണ്ട്, ചത്താല്‍ വെറകു കത്തിക്കേണ്ടവനല്ലേ... കാണുന്നവരോടൊക്കെ ഇതൊക്കെ തന്നെ പറച്ചില്‍.



ലവനും അതറിയാം. കുറച്ചു ദിവസി കഴിയുമ്പോ തള്ള ഇടിയുടെ വേദനയൊക്കെ മറന്ന് ലവന്‍ വരുന്നോന്ന് നോക്കി ചോറും വച്ച് കാത്തിരിക്കും. അവന്‍ വേലിക്കല്‍ വരും, "അമ്മേ ഞാന്‍ നന്നായി" സ്റ്റൈല്‍ ഡയലോഗും പറഞ്ഞ് അകത്തു കേറും. അടുത്ത ദിവസം പഴയ പണി തുടങ്ങും.



"ഓ എന്തരു പറഞ്ഞാലും നീ നമ്മളെയല്ലേ അപ്പീ" ഫീലിങ്ങ്?

തന്നെ തന്നെ.