Sunday, October 18, 2009

വൈവാഹികം

ബോണ്‍ എഗൈന്‍ ഉബുണ്ടു യുവതി, ഇരുപത്തി നാലു വയസ്സ്, അഞ്ചല്‍ സ്വദേശിനി, അഞ്ചടി അഞ്ചിഞ്ച് ഉയരം, അഞ്ചക്ക ശമ്പളം.

പുകവലി, മദ്യപാനം, മൈക്രോസോഫ്റ്റ് പ്രോഡക്റ്റ് ഉപയോഗം എന്നീ സ്വഭാവദൂഷ്യങ്ങളില്ലാത്ത വരന്മാരില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.

അതു താനല്ലയോ ഇത്

അണ്ണാ, അണ്ണന്‍ ഗള്‍ഫ് ന്യൂസ് കണ്ടോ, സൊമാലിയയില്‍ തീവ്രവാദികള്‍ ബ്രാ ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയെന്ന്. ബ്രായിട്ടു പെണ്‍പിള്ളേര്‍ പോകുന്നത് കണ്ടാല്‍ പിടിച്ചു ചാട്ടവാറിനു അടിക്കുന്നു പോലും.

അതിനു ഉടുപ്പിന്റെ പുറത്തല്ലല്ലോടേ ബ്രായിടുന്നത്. അതോ ഇനി താലിബാന്‍‌കാരന്‍ വഴിയേ പോകുന്നവരോടെല്ലാം തുണിയഴിക്കാന്‍ പറയുമോ?
അല്ലല്ല. വഴിയേ പോകുന്നവരോടെല്ലാം തുള്ളിച്ചാടാന്‍ പറയും. അടിക്കളസം ഇല്ലാത്തവര്‍ ചാടുന്നതുപോലെ ദേഹം അനങ്ങില്ലല്ലോ ബ്രേസിയര്‍ ഇട്ടവര്‍ ചാടിയാല്‍.

അതുശരി.
ഈ മാതിരി അപരിഷ്കൃത മനുഷ്യരെക്കുറിച്ച് കേള്‍ക്കുമ്പോഴല്ലേ ഇന്ത്യയില്‍ ജനിച്ചത് എത്ര ഭാഗ്യമെന്ന് മനസ്സിലാവുന്നത്.

ചെല്ലാ, സോമാലിയയില്‍ ഈ ബ്രാപിടിത്തക്കാര്‍ ഇപ്പോ ഇറങ്ങിയത് എന്താണെന്നറിയാമോ?
എന്താ?

ആദ്യം പാന്റിട്ടുനടക്കുന്ന പെണ്ണുങ്ങള്‍ക്ക് അടിശിക്ഷ വിധിച്ചു. അത് ഒരുമാതിരി നിയമം ആയിക്കഴിഞ്ഞപ്പോഴാണ്‌ പാന്റേല്‍ നിന്നു ബ്രായിലേക്ക് പിടി മുറുക്കിയത്. നമ്മുടെ മംഗലാപുരത്തും ബാംഗളൂരിലുമൊക്കെ ജീന്‍സിട്ട പെണ്ണുങ്ങളെ അടിക്കാന്‍ ആളിറങ്ങിയത് ഓര്‍മ്മയുണ്ടോ? അതൊന്നു പൊട്ടിപ്പടര്‍ന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യയിലും കണ്ടേനെ ബ്രായിട്ടവരുടെ മൂക്കും മുലയും അരിയാന്‍ സദാചാരക്കമ്മിറ്റികള്‍.

അത്രയൊക്കെ പോകുമോ നമ്മള്‍?
അതിലപ്പുറവും പോകും. സ്ത്രീകള്‍ മാറുമറയ്ക്കരുത്, പ്രതേകിച്ച് കീഴ്ജാതിക്കാര്‍ എന്നയറ്റം വരെ പോകും.

അതത്ര എളുപ്പമാണോ ഒരു ജനാധിപത്യ രാജ്യത്ത്?
ഒരു നൂറു കൊല്ലം പുരോഗതി റീവൈഡ് ചെയ്താല്‍ മതിയെന്നേ.

Monday, October 12, 2009

സ്വര്‍ണ്ണമത്സ്യങ്ങളുടെ കഥ


മനുഷ്യന്‍ ഓമനിച്ചു വളര്‍ത്തിയ ആദ്യ മത്സ്യമാവണം സ്വര്‍ണ്ണ മത്സ്യം. ആയിരത്തി എഴുനൂറോളം വര്‍ഷം മുന്നേ ചൈനീസ് രാജാക്കന്മാര്‍ ജീബല്‍ കാര്‍പ്പ് മത്സ്യങ്ങളെ (cassius auratus) ഇണക്കി വളര്‍ത്താന്‍ ആരംഭിച്ചു. അക്കാലം ഇവ ഏതാണ്ട് ഇതുപോലെ ആയിരുന്നു കാഴ്ച്ചക്ക്.


ഫെങ്ങ് ഷൂയി പ്രകാരം മത്സ്യങ്ങള്‍ വീട്ടിലുള്ളത് ഭാഗ്യവും വിജയവും വീട്ടുടമയ്ക്ക് ഉണ്ടാക്കും (യൂ എന്ന ചൈനീസ് പദത്തിനു മീനെന്നും വിജയമെന്നും അര്‍ത്ഥമുണ്ടത്രേ) എന്നതുകൊണ്ടാണ്‌ മത്സ്യക്കുളങ്ങള്‍ രാജഭവനങ്ങളെ അലങ്കരിച്ചിരുന്നത്. ക്രി ശേ. അഞ്ഞൂറാമാണ്ടിനടുത്ത് അതുവരെ വെള്ളിയോ ഒലിവ് പച്ച ഷേഡോ ആയിരുന്ന കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് സ്വര്‍ണ്ണവര്‍ണ്ണം (കൂടുതലും ഓറഞ്ചിനോടാണ്‌ ഈ നിറത്തിനടുപ്പം) നിറം കിട്ടിത്തുടങ്ങി.


പിന്നെയും പല നൂറ്റാണ്ടെടുത്തു വെള്ള മത്സ്യങ്ങളെയും ചുവപ്പും വെള്ളയും പുള്ളിയുള്ള മത്സ്യങ്ങളെയും ഉരുത്തിരിക്കാന്‍.

ഏതാണ്ട് അഞ്ഞൂറു കൊല്ലം മുന്നേയാണ്‌ ചെന്തലയും തുറികണ്ണും സ്വര്‍ണ്ണമത്സ്യത്തിനു ലഭിച്ചത്.
ഏതാണ്ട് ഇക്കാലം വരെ പ്രഭുക്കന്മാരും ബുദ്ധവിഹാരങ്ങളും മാത്രമായിരുന്നു. പക്ഷേ സ്വര്‍ണ്ണമത്സ്യങ്ങള്‍ വ്യാപകമായതോടെ അവ സാധാരണക്കാര്‍ വാങ്ങി കണ്ണാടിഭരണികളില്‍ വളര്‍ത്താന്‍ തുടങ്ങി. ഏറെത്താമസിയാതെ ജപ്പാനിലേക്ക് ഇവ കയറ്റുമതി ചെയ്യാനും ആരംഭിച്ചു. അങ്ങനെ ആദ്യകാല ഹോം അക്വേറിയങ്ങള്‍ രൂപപ്പെട്ടു. ഗോള്‍ഡ് ഫിഷ് ഒരു പുതിയ സ്പീഷീസ് ആയി cyprinus auratus ആദ്യകാല ജൈവശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തു. ഏറെത്താമസിയാതെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗോള്‍ഡ്‌ഫിഷ് എത്തിപ്പെട്ടു. ലോകമെങ്ങും ഗാര്‍ഹികാലങ്കാര മത്സ്യം വളര്‍ത്തല്‍ എന്ന സങ്കല്പ്പം ഉണ്ടാക്കിയത് ഗോള്‍ഡ്ഫിഷുകളാണ്‌.

ജെനെറ്റിക്സും മത്സ്യസംബന്ധിയായ അറിവുകളും പുരോഗമിച്ച കഴിഞ്ഞ നൂറ്റാണ്ടില്‍ ഗോള്‍ഡ് ഫിഷിനു വന്ന മാറ്റം വളരെ വലുതായിരുന്നു. പ്രത്യേകിച്ച് ജപ്പാന്‍ സ്വര്‍ണ്ണമത്സ്യങ്ങളെ ബ്രീഡ് ചെയ്ത് അവയെ തമ്മില്‍ സാമ്യം പോലുമില്ലാത്ത സഹോദരങ്ങളാക്കി മാറ്റി.




കണ്ണുകള്‍ തലയ്ക്കു മുകളിലുള്ള സെലസ്റ്റിയല്‍, വിശറിവാലര്‍, റേന്തവാലര്‍, കാലിക്കോ, പുലിത്തലയന്മാര്‍, സിംഹത്തലയന്മാര്‍, കരിമൂറുകള്‍, വെണ്മൂറുകള്‍, കോമറ്റുകള്‍, ബലൂണ്‍ കണ്ണന്മാര്‍, ടെലസ്കോപ്പു കണ്ണന്മാര്‍, പേള്‍ ശല്‍ക്കക്കാരികള്‍... ഒരന്തവും കുന്തവുമില്ലാതെ ഗോള്‍ഡ് ഫിഷ് വെറൈറ്റികള്‍ കടകളിലെത്തിത്തുടങ്ങി.

എന്തിനാണ്‌ ഇവയുടെ ആകൃതിയും നിറവും ഇങ്ങനെ മാറ്റിക്കളഞ്ഞതെന്നു ചോദിച്ചാല്‍ രണ്ടുത്തരമാണ്‌ ഉള്ളത്. ഒന്ന് ഭംഗിക്കാണ്‌- പല നിറത്തില്‍ പടുകൂറ്റന്‍ വാലുമായി ഇവ കണ്ണാടിപ്പെട്ടിയില്‍ നീന്തുന്നതു കാണാന്‍ നല്ല ചന്തമാണെന്ന് ആരും തര്‍ക്കിക്കില്ലല്ലോ. രണ്ടാമത്തേത്- ഒട്ടുമിക്ക ആകാരവ്യതിയാനവും ഗോള്‍ഡ് ഫിഷിനെ വ്യാളീരൂപത്തിലേക്ക് മാറ്റാനുള്ളവയായിരുന്നു തലയും കുടവയറും ഇളകുന്ന വാലും നിറഭേദങ്ങളും എല്ലാം ചൈനീസ് വിശ്വാസത്തിലെ ശുഭസൂചനയായ വ്യാളിയുടെ ഒരേകദേശരൂപത്തിലേക്ക് സാധാരണ മത്സ്യരൂപിയായിരുന്ന ഇവയെ മാറ്റിയെടുത്തു. ചൈനീസ് വിശ്വാസമനുസരിച്ച് ഇന്നു സ്വര്‍ണ്ണമത്സ്യങ്ങള്‍ കുഞ്ഞു ഡ്രാഗണുകളാണ്‌. ഇവ വീട്ടിലുണ്ടെങ്കില്‍ അതില്പ്പരം ഐശ്വര്യമില്ല!

ഇവയെ എങ്ങനെ മാറ്റിയെടുത്തു എന്ന ചോദ്യത്തിനു പലപ്പോഴും അക്വാറിസ്റ്റുകള്‍ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞുകളയും. അതിനു പിന്നില്‍ അത്ര രസകരമല്ലാത്ത ഒരു കഥയാണുള്ളത്. കോറല്‍ മീനുകളെപ്പോലെ സ്വാഭാവികമായി കടും നിറമൊന്നും പുഴമത്സ്യങ്ങള്‍ക്ക് ഉണ്ടാവാറില്ല. ജീബല്‍ കാര്‍പ്പും വത്യസ്ഥനായിരുന്നില്ല. എന്നാല്‍ സുരക്ഷിതമായ കൂട്ടില്‍ അടച്ച് ധാരാളം വെളിച്ചം കൊള്ളിച്ച് തൊലിക്കു നിറം കൊടുക്കുന്ന ഭക്ഷണങ്ങള്‍ മാത്രം നല്‍കി വളര്‍ത്തിയാല്‍ ഒട്ടേറെത്തരം മീനുകള്‍ അല്പ്പാല്പ്പമായി നിറങ്ങള്‍ കൈക്കൊള്ളുകയും ഫിന്നുകള്‍ കൂടുതല്‍ വളര്‍ത്തുകയും ചെയ്യും.

അങ്ങനെ നിറങ്ങള്‍ കൈക്കൊള്ളുന്നവയെ മാത്രം തിരഞ്ഞെടുത്ത്, അവയുടെ പല തലമുറങ്ങളിലായി ഇതാവര്‍ത്തിച്ച് പല വെറൈറ്റി സ്വര്‍ണ്ണമത്സ്യങ്ങളെ ആയിരക്കണക്കിനു തലമുറകള്‍ വളര്‍ത്തിയാണ്‌ ഇന്നത്തെ രൂപത്തിലാക്കിയത്. കഴിഞ്ഞ നൂറ്റാണ്ടോടെ ലൈറ്റിങ്ങ്, ഹോര്‍മോണ്‍ പ്രയോഗം, ജീന്‍ വ്യതിയാനം തുടങ്ങി ആധുനിക ടെക്‌നോളജിയും വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ഇതിലെന്താണിത്ര രസക്കേട് എന്നല്ലേ? ഈ പണിയെല്ലാം ചെയ്താലും ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പകുതിയും രണ്ടായിരമാണ്‌ പഴക്കമുള്ള തന്റെ പഴയ വെള്ളിക്കളറിലോ അല്ലെങ്കില്‍ നിറമൊന്നുമില്ലാതെയോ അതുമല്ലെങ്കില്‍ രൂപഭേദം വന്നോ ആകും ജനിക്കുക. അവറ്റയുടെ കാര്യം സ്വാഹ. ഏതാണ്ട് ഒരുമാസം മുതല്‍ രണ്ടുമാസം വരെ പ്രായമാകുമ്പോള്‍ നിറത്തിന്റെയോ രൂപത്തിന്റെയോ കുറവുണ്ടായി എന്ന ഒറ്റക്കുറ്റത്തിനു മീന്‍ ആയിരുന്ന അവ മീന്‍‌തീറ്റയാക്കപ്പെടുന്നു.

ഇതെന്താണിങ്ങനെ സംഭവിക്കുന്നതെന്ന് അതിശയിക്കാനില്ല.

മെലാനിന്‍, കരോട്ടിനിഡ്, ടെറിഡൈന്‍ പിഗ്മെന്റുകള്‍ അടങ്ങുന്ന മെലാനോഫോര്‍,എറിത്രോഫോര്‍, സാന്തോഫോര്‍ എന്നീ തരം പിഗ്മെന്റ് സെല്ലുകളാണ്‌ സ്വര്‍ണ്ണമത്സ്യങ്ങളുടെ നിറം നിര്ണ്ണയിക്കുന്നത്. കൃത്യമായ ഇവയുടെ ബാലന്‍സ് ഉള്ള മീനുകള്‍ എന്തു തീറ്റ കൊടുത്താലും അതിന്റെ വന്യ നിറം നിലനിര്‍ത്തും. പിഗ്മെന്റ് സെല്ലുകള്‍ ഇല്ലാത്ത മീനുകള്‍ വെളുത്ത നിറവും. മെലാനോഫോറുകള്‍ അധികമായ മീനുകള്‍ കറുത്തിരിക്കും. എറിത്രോഫോറുകള്‍ കൂടുതലുള്ള മീനുകള്‍ക്ക് നിറം കൂടാനുള്ള വെളിച്ചവും ഭക്ഷണവും നല്‍കിക്കഴിഞ്ഞാല്‍ അവ സ്വര്‍ണ്ണവര്‍ണ്ണവും ചുവന്ന നിറവുമൊക്കെ സ്വീകരിക്കും കൃത്രിമമായ ടാങ്ക് അന്തരീക്ഷത്തില്‍. വന്യസാഹചര്യമൊരുക്കിയാല്‍ ഈ കടും നിറക്കാരും അവരുടെ പരമ്പരയും അതിന്റെ സ്വഭാവിക നിറത്തിലേക്ക് തിരിച്ചു പോകും. കാര്യമായ ജനിതക വ്യതിയാനമൊന്നും നിറത്തിന്റെ കാര്യത്തില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് തന്നെ പറയാം, ബ്രീഡിങ്ങ് അവയുടെ രൂപത്തിനു ഭേദം വരുത്തിയിട്ടുണ്ടെങ്കിലും. ഇക്കാരണം കൊണ്ട് തന്നെ നിറം നഷ്ടപ്പെടല്‍ ഭക്ഷണം ഫലിക്കാത്തതിന്റെയോ പ്രകാശം ശരിക്കു ലഭിക്കാത്തതിന്റെയോ ആരോഗ്യം വഷളായതിന്റെയോ ലക്ഷണമായാണ്‌ അക്വാറിസ്റ്റുകള്‍ പ്രാഥമിക നിഗമനം നടത്താറ്‌.

ജന്തുശാസ്ത്രത്തില്‍ കാര്യമായ അറിവൊന്നുമില്ലാതിരുന്ന കാലത്തേ സെലക്റ്റീവ് ബ്രീഡിങ്ങ് നടത്തി ജയിച്ച അപൂര്‍വ്വം കഥകളില്‍ ഒന്നായിരിക്കാം സ്വര്‍ണ്ണമത്സ്യകൃഷി.

Photographs in this post are reproduced from Wikipedia under creative commons license, with due credit to original publishers.

Thursday, October 8, 2009

അച്ഛന്‍

1
അച്ഛാ, വിശക്കുന്നല്ലോ.
എല്ലാ അഞ്ചു മിനുട്ടിലും ബസ്സ് വരും സ്റ്റാച്യൂ ജംഗ്ഷനില്‍. പത്തു മിനുട്ട് ബസ്സിലിരുന്നാല്‍ വീട്ടിലെത്താം. എന്റെ വിശപ്പ് ചായക്കട ശാപ്പാടിനോടുള്ള കൊതിയാണെന്ന് അച്ഛനു മനസ്സിലാവുമെന്ന് എനിക്കറിയാം, എന്നാലും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു ഒരു മര്യാദയൊക്കെയില്ലേ.

ഇപ്പോഴോ? ഊണു കഴിക്കണോടോ?
വേണ്ട മസാലദോശ മതി.

ശരി വരൂ. അച്ഛന്‍ കുട നിവര്‍ത്തി.
അങ്ങോട്ടല്ല, ഇങ്ങോട്ട്. ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശ അയ്യം. ബീറ്റ് റൂട്ട് ഇടും അവരതില്‍. അഴുക്ക രുചീം ചെവല കളറും.

ഇങ്ങോട്ട് എവിടെ?
അരുള്‍ ജ്യോതിയില്‍.

അതു പ്രശ്നമായല്ലോടോ. അച്ഛനു അരുള്‍ ജ്യോതി ഇഷ്ടമല്ല.
അവിടത്തെ മസാലദോശയ്ക്ക് ഭയങ്കര ടേസ്റ്റാന്ന് തോനേ ഫ്രണ്ട്സ് പറഞ്ഞച്ഛാ. അച്ഛന്‍ ഒന്നു ട്രൈ ചെയ്ത് നോക്കൂ.

എന്റെ ഇഷ്ടക്കേട് ദോശയിലല്ലെടോ.
പിന്നെ അവിടെ വൃത്തിയില്ലേ?

അതുമല്ല.
കാശു തോനേ ആവുമോ?

അതുമല്ല. നിന്റെ പ്രായത്തിലുള്ള കുട്ടികളാണ്‌ അവിടെ അടുക്കളപ്പണി ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ. എനിക്കത് സഹിക്കില്ല.
അപ്പോ എനിക്കു അവിടത്തെ ദോശ കിട്ടില്ലെന്നു പറ.

അങ്ങനെ ഞാന്‍ പറഞ്ഞില്ല. ഞാന്‍ അവിടെ കയറില്ല. തനിക്കു പോകണമെങ്കില്‍ പൈസ തന്നിട്ടു ഞാന്‍ വെളിയില്‍ നില്‍ക്കും.

അച്ഛാ.
പറയെടോ.

ഈ കുട്ടികളെല്ലാം പാവപ്പെട്ട വീട്ടിലെ ആയതുകൊണ്ടല്ലേ അവര്‍ക്കു ജോലി ചെയ്യേണ്ടിവരുന്നത്?
അതേടോ.

അപ്പോ ആ കുട്ടികള്‍ ജോലി ചെയ്തില്ലെങ്കില്‍ അവരെങ്ങനെ ജീവിക്കും?
ദാരിദ്ര്യം മാറാന്‍ കുട്ടികള്‍ ജോലി ചെയ്യുന്നതുകൊണ്ട് പറ്റില്ല. ഈ കുട്ടികള്‍ക്ക് എന്തെങ്കിലും നിസ്സാരമായ തുട്ടുകളും കുറച്ചു ഭക്ഷണവും കുറേ അടിയും ആണ്‌ കിട്ടുന്നത്. അവരുടെ അദ്ധ്വാനത്തിനു മാന്യമായ വില കൊടുക്കാത്തതുകൊണ്ട് നമ്മള്‍ ദോശയ്ക്ക് കൊടുക്കുന്ന പൈസയില്‍ര്‍ഹിക്കുന്നതില്‍ കൂടുതല്‍ ലാഭം കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്ന ഒരു കടയുടമയ്ക്ക് കിട്ടുകയാണു ചെയ്യുന്നത് എന്നാണ്‌ അച്ഛന്‍ കരുതുന്നത്.

ആരും ഈ ഹോട്ടലില്‍ കഴിച്ചില്ലെങ്കില്‍ ആ കുട്ടികള്‍ എന്തു ചെയ്യും?
കുട്ടികള്‍ ഒരുപക്ഷേ കൂടുതല്‍ ബുദ്ധിമുട്ടിയേക്കും കുറച്ചു കാലം, അവര്‍ ഒരു പക്ഷേ പഠിക്കാന്‍ പോയെന്നും വന്നേക്കാം, തന്നെപ്പോലെ.

പട്ടിണി കിടന്ന് അവര്‍ ചത്തുപോയാല്‍ അച്ഛനു ഇവിടെ ഇന്നു കയറാത്തതില്‍ വിഷമം തോന്നില്ലേ?
ഒരു കുട്ടിയുടെ കാര്യം മാത്രമായി ചിന്തിക്കുമ്പോള്‍ വരുന്ന പ്രശ്നമാണതെന്ന് ഞാന്‍ വിചാരിക്കുന്നു. ഒരു കുട്ടിയെ ഈ ജോലിക്കെടുത്താല്‍ ഒരു മുതിര്‍ന്നയാളിനെ ഈ ജോലിക്കെടുക്കുമ്പോലെ അങ്ങനെ കാര്യമായ ശമ്പളം ഒന്നും കൊടുക്കേണ്ട. അപ്പോള്‍ ഹോട്ടലുടമ ഒരു കുട്ടിയെ ജോലിക്കു വയ്ക്കുന്നു. ഒരു മുതിര്‍ന്നയാളിനു അങ്ങനെ ജോലി കിട്ടാതെയാവുന്നു. ഈ കുട്ടി ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമൊക്കെയായി കുറേക്കാലം ജീവിച്ച് ആരുമല്ലാതെ അകാലത്തില്‍ മരിക്കുന്നു. ജോലിയില്ലാതെയായ ആ മുതിര്‍ന്നയാളിന്റെ കുട്ടിക്ക് വഴിയില്ലാതെ ഈ ജോലിക്കു പോകേണ്ട ഗതികേടുണ്ടാവുന്നു. കുട്ടികള്‍ ജോലിക്കു വരാന്‍ കാരണം ദാരിദ്ര്യമാണെന്ന തന്റെ വീക്ഷണം ശരി തന്നെ, പക്ഷേ ആ ദാരിദ്യം ഒരിക്കലും വിട്ടൊഴിയാതെ പോകുന്നതില്‍ ഈ കുട്ടികള്‍ ജോലി ചെയ്യുന്നതും ഒരു കാരണമായിത്തീരുന്നു എന്ന് അച്ഛന്‍ വിശ്വസിക്കുന്നു.

മനസ്സിലായില്ലച്ഛാ, ഒന്നും മനസ്സിലായില്ല.
ഞാന്‍ വിവരിച്ചത് ശരിയായില്ലെന്നു തോന്നുന്നു. ശരി. എനിക്കു തന്നെ നോക്കാന്‍ കയ്യില്‍ പണമൊന്നുമില്ലെന്നു വിചാരിക്കൂ. നിവൃത്തികെട്ട് ഞാന്‍ തന്നെ ഭിക്ഷക്കാര്‍ക്കു വിറ്റു. അവര്‍ തന്റെ കയ്യും കാലും പൊള്ളിച്ച് ഭിക്ഷയെടുക്കാന്‍ വിട്ടു. താന്‍ പഠിക്കാതെ, ഭക്ഷണം കിട്ടാതെ, രോഗം വരാതിരിക്കാന്‍ കുത്തിവയ്ക്കാതെ, അസുഖക്കാരനായി വളര്‍ന്നു. മറ്റൊരു ഭിക്ഷക്കാരിയെ കല്യാണം കഴിച്ചു, തനിക്കും മക്കളായി. അവരെ നീ വളര്‍ത്താന്‍ വഴിയില്ലാതെ ഭിക്ഷയ്ക്കു തന്നെ ഇറക്കേണ്ടി വരികയേയുള്ളു, ആരുടെ കുറ്റം?

എന്നെ തെണ്ടിച്ചെങ്കില്‍ അത് അച്ഛന്റെ കുറ്റം, ഒറപ്പ് തിത്തിത്തൈ!
ശരിയാണ്‌, ഓരോ ആവര്‍ത്തി കഴിയുന്തോറും പട്ടിണി കാരണവും ഫലവുമായി കൂടിക്കൂടി വരുന്ന ചക്രത്തിനു ഞാന്‍ തന്നെ തുടക്കമിട്ടു.

ഇപ്പോ ഏതാണ്ട് പൊഹ പോലെ മനസ്സിലായി.
വിശക്കുന്ന തന്നോട് കൂടുതല്‍ തര്‍ക്കിക്കുന്നില്ല. അരുള്‍ ജ്യോതിയിലാണു പോകുന്നതെങ്കില്‍ ഞാന്‍ ഈ മരത്തിന്റെ താഴെ നില്‍ക്കാം, ഇതാ പൈസ.

വേണ്ട, കോഫീഹൗസില്‍ തന്നെ പോകാം.
പോകാം.

പക്ഷേ, ചെവല മസാലദോശ ഞാന്‍ കഴിക്കില്ല. കട്ലറ്റ് വേണം, നാലെണ്ണം. കോള്‍‌ഡ് കോഫീം വേണം. എനിക്കു ദോശകിട്ടാത്തതിന്റെ പ്രതികാരമാ, അച്ഛന്റെ ചക്രം പത്ത് പൊടിയട്ടെ!

താന്‍ ആ ദോശ കഴിക്കരുതെന്ന് ഞാന്‍ പറഞ്ഞോ, ഞാന്‍ കഴിക്കുന്നില്ലെന്നല്ലേ പറഞ്ഞുള്ളു.
പക്ഷേ എനിക്കു ഒരിക്കലും ആ ദോശവേണ്ടാതാക്കിയില്ലേ അച്ഛന്‍?

ഇല്ല. അവിടെ കയറിയിരുന്നെങ്കിലും താന്‍ തിരിച്ചിറങ്ങുമ്പോള്‍ ഇനി ഒരിക്കലും വരില്ലെന്നു പറഞ്ഞേനെ. ആ അസുഖകരമായ അനുഭവം ഞാനങ്ങ് ഒഴിവാക്കിയെന്നേയുള്ളു.

ഉറപ്പുണ്ടോ അച്ഛനത്?
ഉണ്ട്.

എങ്ങനെ?
എനിക്കു തന്നെ അറിയാമെടോ.

അച്ഛാ?
പറയെടോ.

എനിക്കറിയാവുന്ന ഒരുപാടു പിള്ളേര്‍ അവിടെ പോയി സ്ഥിരം കഴിക്കാറുണ്ടല്ലോ.
കണ്ണടയ്ക്കാന്‍ എളുപ്പമാണെടോ, അല്ലേ?
അതേ.

Wednesday, October 7, 2009

മാന്തോപ്പിന്റെ കാവല്‍‌പ്പട



പുളിയുറുമ്പിനെ എന്തിനു കൊള്ളാം?
ബാല്യകാലസഖിക്കു മാങ്ങ പറിച്ചുകൊടുക്കാന്‍ മാവില്‍ കയറിയപ്പോള്‍ വന്നു കടിച്ചു വേദനിപ്പിച്ച് സഹതാപജന്യസ്നേഹം ഉണ്ടാക്കിയ കഥാപാത്രമാക്കാന്‍ കൊള്ളാം. നമുക്കത്രകാര്യമൊന്നുമല്ല ഇവനെ. ചൂട്ടെരിച്ച് കൊല്ലാം അല്ലെങ്കില്‍ ചുണ്ണാമ്പിട്ടും കക്കയിറച്ചി വച്ചും ഒരിടത്താക്കി മണ്ണെണ്ണയൊഴിച്ച് കത്തിക്കാം ഇവന്മാരെ. "ഉറുമ്പിനെപ്പോലെ" ചവിട്ടിഞെരിച്ച് കൊന്നാല്‍ കൂടുതല്‍ രസം.

സൂപ്പര്‍ജീവി എന്നാണ്‌ ഉറുമ്പുകളെ വിശേഷിപ്പിക്കുന്നത്. അതിലെ തന്നെ സുപ്പീരിയര്‍ ജീവികളില്‍ പെടുന്നു പുളിയുറുമ്പ് അല്ലെങ്കില്‍ മീറ് എന്ന റെഡ് വീവര്‍ ആന്റ് (oecophylla smaragdina). ഒരു റാണിയുടെ(അപൂര്‍വ്വമായി രണ്ടു റാണിയും ഉണ്ടാകാറുണ്ടത്രേ. ) മുട്ടവിരിയുമ്പോള്‍ ജനിക്കുന്നവര്‍മാര്‍ രാജകുമാരന്മാരല്ല, അവര്‍ പടയാളികളും കൂലിപ്പണിക്കാരുമായി ജീവിക്കുന്ന സാധാരണ കോളനിവാസികളാണ്‌. ഇവരാണ്‌ കൂടുണ്ടാക്കുന്നത്. ഒരുറുമ്പിന്‍‌കൂട് ഉണ്ടാവുന്നത് നിരീക്ഷിച്ചാല്‍ അന്തം വിട്ടുപോകും. പൊതുവില്‍ നീണ്ട് വാളിന്റെ ആകൃതിയുള്ള ഇലകളാണ്‌ ഇവര്‍ കൂടുണ്ടാക്കാന്‍ തിരഞ്ഞെടുക്കാറ്‌. ആദ്യമായി ഇലകളെ അടുത്തടുത്തേക്ക് വളച്ചുകൊണ്ട് വരണം. ഇവര്‍ മുകളിലുള്ള ഇലകളില്‍ കുറേ കൂലിക്കാരെ കയറ്റി നിര്‍ത്തി ഭാരം മൂലം ഇല താഴ്ത്തുന്നു. എത്ര ഉറുമ്പുകയറിയാല്‍ ഒരു മാവില അനങ്ങുമെന്ന് ആലോചിച്ചു നോക്കിക്കേ, ഒരു ഉറുമ്പിന്‍ ചങ്ങല പോരാ, ഒരു ഉറുമ്പുമതില്‍ പോരാ, ഒരു ഉറുമ്പാരം തന്നെ വേണ്ടിവരും. കാറ്റിന്റെ ആയവും ഇതിന്നുപയോഗിക്കും ഇവര്‍. ഇല അടുത്തു കഴിഞ്ഞാല്‍ അടുത്ത ബറ്റാലിയന്‍ എത്തി ഇലകളെ വളച്ച് കൂടിന്റെ ആകൃതിക്കു ചേരുന്ന രൂപത്തില്‍ പിടിക്കുന്നു. മൂന്നാമത്തെ ബറ്റാലിയന്‍ അപ്പോഴാണ്‌ എത്തുക. അവര്‍ വെറും കയ്യോടെയല്ല വരിക, കോളനിയിലെ ഉറുമ്പുകുഞ്ഞുങ്ങളെയെല്ലാം തൂക്കിയെടുത്ത് ഇവര്‍ ഇലകള്‍ യോജിപ്പിക്കേണ്ട ഏരിയയില്‍ എത്തുന്നു. താലോലിക്കുകയാണോ അതോ കൊരവള്ളിക്കു പിടിക്കുകയാണോ എന്നു നിശ്ചയമില്ല, ആ കുഞ്ഞുങ്ങളെ ഇവര്‍ അവിടെ കൊണ്ടുവച്ച് ചില്ലറ പ്രയോഗങ്ങളൊക്കെ നടത്തുമ്പോള്‍ കുഞ്ഞുറുമ്പുകള്‍ ചിലന്തിയുടെ സില്‍ക്ക് പോലെ ഒരു പശയുള്ള ദ്രാവകം സ്രവിപ്പിക്കും. മേസ്തിരിയുറുമ്പുകള്‍ ഈ ദ്രാവകം കൊണ്ട് ഇലകള്‍ കൂട്ടിയൊട്ടിക്കും. നിരവധി ഭാരം തൂക്കല്‍, ജോയിനിങ്ങ് ഒട്ടിക്കല്‍ ഒക്കെ കഴിയുമ്പോള്‍ ഈ കോളനിയുടെ കോട്ടയായ ഉറുമ്പിന്‍ കൂട് സജ്ജമായി. റാണി അതിന്നുള്ളില്‍ കൂടുതല്‍ മുട്ടകളിട്ട് കോളനി വികസിപ്പിക്കുന്നു. ഒരു കോളനിക്കു തന്നെ ഒരു മരത്തിലോ പല മരത്തിലോ ആയി നിരവധി കൂടുകള്‍ ഉണ്ടാകാം.

ഓരോ ഉറുമ്പിന്‍ കോളനിക്കും തങ്ങളുടെ മണം തിരിച്ചറിയാം. അതിനാല്‍ സ്വന്തം പട്ടാളത്തെയും എതിര്‍പാളയങ്ങളെയും അവര്‍ക്ക് നിഷ്പ്രയാസം തിരിച്ചറിഞ്ഞ് അതിക്രമമുണ്ടായാല്‍ മഹായുദ്ധമാക്കിത്തീര്‍ത്ത് സ്വയം സം‌രക്ഷിക്കാന്‍ കഴിയും. നിരവധി ആശയങ്ങള്‍- ആഹാരം, വഴി, ശത്രു, മിത്രം എന്നിങ്ങനെ പലതും വേഗത്തില്‍ സ്വന്തം കോളനിയിലെ എല്ലാവര്‍ക്കും കൈമാറാനും ഉറുമ്പുകള്‍ക്ക് കഴിയും. ഫിലിപ്പൈന്‍സിലും തായ്‌ലന്റിലും ഇവറ്റയുടെ മുട്ടയും മറ്റും വിശിഷ്ടഭോജ്യങ്ങളാണ്‌.

എത്രമിടുക്കന്മാരാണെങ്കിലും മൂവാണ്ടന്മാവിന്മേല്‍ കയറുമ്പോള്‍ ദേഹം കടിച്ചു നീറ്റുന്ന ഇവര്‍ മനുഷ്യനു ഒരു ശല്യം തന്നെയാണെന്ന തോന്നുന്നുണ്ടോ? ആനവയറന്മാരും ആര്‍ത്തിപ്പണ്ടാരങ്ങളുമായ ഇവര്‍ വൃക്ഷങ്ങളില്‍ വരുന്ന കീടങ്ങളെയും പുഴുക്കളെയും മുച്ചൂടും തിന്നു തീര്‍ത്തുകളയും. ഒരൊറ്റ കീടവും അതിന്റെ മുട്ടയും മാവിലും പ്ലാവിലും ഒക്കെ വന്നു കയറാതെ നോക്കാന്‍ ലക്ഷങ്ങള്‍ പോന്ന, അതിവേഗത്തില്‍ സഞ്ചരിക്കുന്ന എപ്പോഴും പട്രോളിങ്ങ് നടത്തിക്കൊണ്ടേയിരിക്കുന്ന ഒരു പുളിയുറുമ്പിന്‍ കോളനിക്കു കഴിയും.

രണ്ടായിരം കൊല്ലത്തോളം പഴക്കമുള്ള ചൈനീസ് കൃഷിരീതിയായിരുന്നു പുളിയുള്ള പഴങ്ങള്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ പുളിയുറുമ്പിന്‍ കൂട് തേനീച്ചക്കൂടു പോലെ വളര്‍ത്തല്‍. ഈയിടെയായി ഓര്‍ഗാനിക്ക് ഫാമിങ്ങിനു പ്രചാരമേറിയതോടെ കെനിയയിലെയും വിയറ്റ്‌നാമിലെയും മാവു കൃഷിക്കാര്‍ ബയോളജിക്കല്‍ പെസ്റ്റ് കണ്ട്റോളിന്‌ ഈ ചൈനീസ് രീതി പിന്‍‌തുടര്‍ന്ന് തുടങ്ങി.

വീവര്‍ ആന്റുകള്‍ മനുഷ്യന്റെ സുഹൃത്തുക്കളാണ്‌. മാങ്ങ പറിക്കാന്‍ കയറുമ്പോള്‍ മീന്‍ തലയിട്ട് ഇവരെ ക്ഷണിച്ചു വരുത്തി പന്തം കൊണ്ട് കത്തിക്കുന്ന ഇടപാട് നമ്മുടെ നാട്ടിലുണ്ട്. അടുത്ത മാങ്ങക്കാലത്ത് പുഴുവരിച്ച മാങ്ങയും കിട്ടുന്നതും കുലമറിഞ്ഞ് കായ്ഫലവും കുറയുന്നതും ഈ പട്ടാളം മാവു കാക്കാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ക്കു മനസ്സിലാവേണ്ടതുണ്ട്.

ഉറുമ്പുകടി ഏല്‍ക്കാതെ മാവിന്‍ കയറാന്‍ കൈകാലുകളില്‍ കുറച്ച് ചാരം വാരിത്തേച്ചാല്‍ മതിയാവും. ഒരു കിഴി കെട്ടി ചാരം അരയില്‍ തൂക്കുന്നതും രക്ഷ തരും. ഗന്ധം കൊണ്ട് കാര്യം മനസ്സിലാക്കുന്ന ഉറുമ്പുകള്‍ക്ക് ചാരത്തിന്റെ മണം ഭയമാണ്‌.