Thursday, October 30, 2008

മിസ് കേരളയെ മിസ്സിസ്സാക്കിയേ!

മുള്ളന്റെ പോസ്റ്റില്‍ എതിരേട്ടനിട്ട ശ്ലോകത്തില്‍ വാല്‍മീകിയുടെ രാമനോട് കബന്ധാ സിംഗ് പറയുന്നു പമ്പയില്‍ രോഹിതം, വക്രതുണ്ഡം, നളമീന്‍ എന്നിവ ഉണ്ടെന്നും പൊരിച്ചു തിന്നാന്‍ കേമമാണെന്നും.

(പാവം വാല്‍ജീ ജൈന-ബുദ്ധാദി മതങ്ങള്‍ അഹിംസയുമായി വരുന്നതിനു മുന്നേ ജീവിച്ചിരുന്നതാണല്ലോ, പുള്ളി കപ്പയും മീന്‍ കറിയും അടിക്കുന്ന ടീമിലായിരുന്നു. പക്ഷേ എഴ്ശ്ശന്‍ കിളിയുടെ പാട്ട് സെന്‍സര്‍ ചെയ്ത് രാമനെ ലാക്റ്റോ വെജന്‍ ആക്കിയെന്നും കാണുന്നു, അതു പോട്ടെ)

പമ്പയിലെ രോഹിതം നമ്മുടെ രോഹു മീന്‍ ആയിരിക്കണം, ഷാജഹാന്‍ ഷാജു ആകുന്നതുപോലെ. രോഹുവിന്റെ ശാസ്ത്രനാമവും labeo rohita എന്നാണല്ലോ. വക്രതുണ്ഡമെന്ന് പറയാന്‍ മീന്‍ കാര്‍ സ്വല്പ്പം പാടുപെടും അതുകൊണ്ട് വേറേ വല്ല പേരും ഇട്ടുകാണും. നളമീന്‍ നല്ല പേര്‍. വംശനാശം സംഭവിച്ചതാണോ എന്തോ.

മിസ് കേരള എന്നു കേട്ടിട്ടുണ്ടോ? ദയവായി ഗൂഗിളില്‍ തിരയരുത്, ഒന്നുകില്‍ ഉല്‍സവപ്പറമ്പില്‍ കിട്ടുന്ന ബാലേക്കരുടെ കണ്ണാടിച്ചില്ല് പതിച്ച ബോ തലയില്‍ വച്ച മലയാളിപ്പെണ്ണിന്റെ ചിത്രം കിട്ടും, അല്ലെങ്കില്‍ നീലച്ചിത്രത്തിന്റെ ക്ലിപ്പിങ്ങിലേക്ക് ലിങ്ക് കിട്ടും. തിരയുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ പേര്‍ puntius denisonii കൊടുത്ത് അന്വേഷിക്കണം. നിരുപദ്രവിയായ ഈ ചെറു ബാര്‍ബ് ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ അച്ചന്‍ കോവിലാറ്റിലും പെരിയാറിലും ജീവിച്ചു പോരുകയായിരുന്നു. അപ്പോഴല്ലേ ഇത്രയും ഭംഗിയുള്ള ഇതിനെ പിടിച്ച് അക്വേറിയം സൂക്ഷിക്കുന്നവര്‍ക്ക് വിറ്റാല്‍ ഒന്നിന്‌ ആയിരമെങ്കിലും വച്ച് കിട്ടുമെന്ന്. പെണ്‍ വാണിഭത്തിനുണ്ടോ ഇത്രയും സ്കോപ്പ്. ആളുകള്‍ ആറ് അരിച്ചു തീര്‍ത്തു. മിസ് കേരളമെന്ന് ഒരു പേരും ഇട്ടു. മീനിനാണെങ്കില്‍ ടാങ്കില്‍ മുട്ട വിരിയിക്കാന്‍ ഒട്ടു കഴിഞ്ഞുമില്ല. അങ്ങനെ മിസ് കേരള മിസ്സിങ്ങ് ഇന്‍ കേരള ആയി തുടങ്ങി. ബ്രിട്ടണ്‍, ഇസ്രയേല്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിനെ മീന്‍ ഗവേഷകര്‍ ഇവളെ ടാങ്കിലൊന്ന് മുട്ടയിടീക്കാന്‍ പതിനെട്ടടവും പമ്പരമുറയും പയറ്റി.
http://www.hindu.com/2004/12/25/stories/2004122504930500.htm

ങേ ഹേ. കൊല്ലം നാലു കഴിഞ്ഞിട്ടും മിസ് കേരളയ്ക്കു പള്ള തള്ളിയില്ല പുള്ളേ. തള്ളേ! കേരളസുന്ദരി വംശനാശത്തിലേക്ക് അടുത്തു. അവളുടെ യുഗം കഴിയുകയാണെന്ന് കരുതിയോ. ഛേയ്, നാട്ടില്‍ ഒരുത്തനും അറിഞ്ഞില്ലെങ്കിലെന്താ, ആണുങ്ങള്‍ പാണ്ടിനാട്ടില്‍ ഉണ്ട്.

ചെന്നെയിലെ രണ്ട് മീന്‍ പുലികള്‍ രബി വെങ്കടേശും മുരളിയും തങ്ങളുടെ വീട്ടില്‍ നൂറുകണക്കിന്നു മിസ് കേരളമാരെ വിരിയിക്കുകയാണ്‌. ദാ കണ്ട് ആര്‍മ്മാദിക്കുക, ഒരു ഞുണുക്ക് പണി, ചെറിയ ഹോര്‍മോണ്‍ ചികിത്സ, മിസിസ് കേരളമാര്‍ മുട്ട ഇടുന്നെന്ന് പറഞ്ഞാല്‍ പോരാ, എറിഞ്ഞിടുന്നെന്ന് പറയണം.

http://www.hindu.com/2008/10/16/stories/2008101652790400.htm

കസ്തൂരി പാരയായ മാനിനെപ്പോലെ സൗന്ദര്യം ഭീഷണിയായ മിസ് കേരളയുടെ കഥ അങ്ങനെ ഹാപ്പി എന്‍ഡിങ്ങ് ആയേക്കാം. പക്ഷേ കേരളത്തിലെ പുഴകളില്‍ എന്‍ഡെമിക്ക് ആയിപ്പോയവര്‍, അതിലും കഷ്ടം ഒരൊറ്റപ്പുഴയല് മാത്രം കാണപ്പെടുന്ന മത്സ്യങ്ങള്‍ മണല്‍ വാരലും വിഷവും വറ്റിവരളലും ഒക്കെ കൂടുമ്പോള്‍ ഏതു നിമിഷവും തുടച്ചു മാറ്റപ്പെട്ടേക്കാം.

ചില എന്‍ഡെമിക്ക് മീനുകള്‍
കല്‍‌വേലി - Homaloptera menoni - മേനോന്‍ ചേട്ടന്‍ സൈലന്റ് വാലിയില്‍ മാത്രമേയുള്ളു
കരിം‌പാച്ചി -crossocheilus periyarensis - പേരില്‍ തന്നെ ഉണ്ട് പ്രശ്നവും, അവന്‍ പെരിയാറില്‍ മാത്രമേയുള്ളു.
പുലിവാക -Channa micropeltes - ഇന്ത്യയില്‍ കാണുന്ന ഇനം പമ്പയില്‍ മാത്രം.
കൊയ്ത - Nemacheilus keralensis - മനസ്സിലായല്ലോ, ആളു കേരളക്കാരനാണ്‌
കല്ലുനക്കി -Garra surendranathanii - സുരേന്ദ്രനാഥന്‍ സാര്‍ പെരിയാറ്റില്‍ മാത്രം
ബ്രാഹ്മണം കെണ്ട - lepidopygopsis typus - നിലനില്പ്പ് പരുങ്ങലിലായിരിക്കുകയാണ്‌ ഈ പെരിയാര്‍ വാസിയുടെ.
അങ്ങനെ നിരവധി പേര്‍ നമ്മുടെ നദികളെ പ്രപഞ്ചമാക്കി ജീവിക്കുന്നു. എന്‍ഡെമിക്ക് ആയിപ്പോകുക ഒരു ഗതികേടാണ്‌. എണ്ണത്തില്‍ കുറഞ്ഞു പോകുക അടുത്ത ഗതികേട്. ഉള്ള വാസസ്ഥലവും മണലൂറ്റിയും കാടുവെട്ടിയും വിഷം കലര്‍ത്തിയും തകര്‍ക്കുകയും കൂടി ചെയ്താലോ?

എനിക്കറിയാന്‍‌മേലാ മനുഷ്യന്‍ അന്യം നിന്നു പോകാന്‍ എത്ര ജന്തുക്കള്‍ അവനവന്റെ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുകയാണെന്ന്.

Wednesday, October 29, 2008

ആരെ ബാധിക്കുന്ന മാന്ദ്യം?

കഴിഞ്ഞ പോസ്റ്റില്‍ അബ്ദുല്‍ മജീദ് എഴുതി
"പണം ..ഷെയർ....മണ്ണാൺകട്ട...ഇന്ത്യ കുതിക്കുകയണത്രെ...ലോകത്തിലെ മൂന്നിൽ ഒരു ദരിദ്രൻ ഇന്ത്യക്കരനാണത്രെ....ആഖോഷിപ്പിൻ..ആഹ്ലാദിപ്പിൻ...."

പണം, ഷെയര്‍, ബാങ്ക്, വ്യവ്യസായം വിപണി> ഇതെല്ലാം ധനികനെ മാത്രം സംബന്ധിക്കുന്ന കാര്യങ്ങള്‍. ഒരു രാജ്യം അല്ലെങ്കില്‍ ലോകം ഇതിലിത്ര വ്യസനിക്കാന്‍ എന്തിരിക്കുന്നു? ഓഹരി വിപണിയിലേക്ക് ധനം പമ്പ് ചെയ്യുന്നതിനു പകരം അത് ഒന്നുമില്ലാത്തവര്‍ക്ക് വീതിച്ചു കൊടുത്താല്‍ ഒരു നേരം ആഹാരമെങ്കിലും കഴിക്കാമല്ലോ, ലോകം എത്ര ക്രൂരം എന്ന രീതിയില്‍ മറ്റൊരിടത്തും ആരോ എഴുതിക്കണ്ടു.

ലോകത്തിന്റെ സാമ്പത്തിക ചലനത്തെപ്പറ്റി ധാരണയില്ലെങ്കില്‍ ശരിയെന്ന് തോന്നും ഇതൊക്കെ. സത്യം നേരേ തിരിച്ചും.

റിസഷന്‍ ഏറ്റവും ക്രൂരമായി ബാധിക്കുന്നത് പട്ടിണിക്കാരെയാണ്‌. ഒരു തിരപോലെ തുടങ്ങുന്ന അത് അവരുടെ അടുത്തെത്തുമ്പോഴേക്ക് സുനാമിയായിക്കഴിഞ്ഞിരിക്കും.

ഒരു സാമ്പത്തിക മാന്ദ്യം കൊണ്ട് ശരിക്കും എന്താണ്‌ സംഭവിക്കുക? സമൂഹസിരയിലെ പണത്തിന്റെ അളവു കുറയും എന്നതിനെക്കാള്‍ അതിന്റെ ചംക്രമണം കുറയും. പുതിയ സം‌രംഭങ്ങള്‍ ഉണ്ടാകില്ല, പുതിയ കച്ചവടം ഉണ്ടാകില്ല, ലിക്വിഡിറ്റി നൂലാമാലയില്‍ കുരുങ്ങിയ ബാങ്കുകള്‍ വലിയ ലോണുകളും മറ്റും നല്‍കുന്നത് നിര്‍ത്തി വയ്ക്കും.

ആദ്യമായി കയ്യിലുള്ള മൂലധനം ആളുകള്‍ പിറകോട്ട് വലിക്കും. സര്‍ക്കാര്‍ റോഡു പണിയും കമ്പനികള്‍ വിദേശനിക്ഷേപങ്ങളും കുറയ്ക്കുമ്പോള്‍ ആദ്യമായി ദരിദ്രരല്ലാത്ത തൊഴിലാളികളില്‍ പലരും പട്ടിണിയിലാകും. ഉള്ളവര്‍ മുണ്ട് മുറുക്കിയുടുക്കാന്‍ ശീലിക്കുന്നതോടെ മാര്‍ക്കറ്റില്‍ കോഴിയിറച്ചിയും ബാറില്‍ സ്മാള്‍ വില്പ്പനയും സര്‍ക്കാര്‍ ലോട്ടറി വില്പ്പനയും മുതല്‍ സകലതും കുറയും. കൂടുതല്‍ ആളുകള്‍ നരകത്തിലായി. കേരളം പോലെ ചാരായ എക്സൈസും ലോട്ടറിക്കച്ചവടവുമായി നില്‍ക്കുന്ന സ്റ്റേറ്റുകള്‍ സകലമാന സിവില്‍ വര്‍ക്കും നടത്താന്‍ കാശില്ലാതെയാകും. ട്രെഷറിയില്‍ കോണ്ട്രാക്റ്റര്‍ക്ക് ചെക്കു മടങ്ങുമ്പോള്‍ അവന്‍ പാപ്പരു ഹര്‍ജ്ജി നല്‍കി മാന്യനായി തന്നെ ഞെളിഞ്ഞു നടക്കും, റോഡു വെട്ടാന്‍ പോകുന്നവന്‌ അരി വാങ്ങാന്‍ പണമില്ലാതെ വരും. അരിക്കച്ചവടക്കാരന്‍ കുറഞ്ഞ വിലയ്ക്ക് അരി വില്‍ക്കാന്‍ ശ്രമിക്കേണ്ടിവരും, ഇപ്പോള്‍ തന്നെ തൂങ്ങിച്ചാകുന്ന പാവം കര്‍ഷകനു പ്രതീക്ഷ പോലും നഷ്ടപ്പെട്ടു പോകും. കര്‍ഷകനു മീന്‍ വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ മീന്‍ കാരന്‍ പട്ടിണിയിലാകും, മീന്‍ കാരന്‍ അരി വാങ്ങാന്‍ കാശില്ലാതെയാകുമ്പോള്‍ കൃഷിക്കാരന്റെ പട്ടിണി വീണ്ടും വര്‍ദ്ധിക്കും. അങ്ങനെ കാരണവും ഫലവുമായി പട്ടിണി സ്വയം വളര്‍ത്താന്‍ തുടങ്ങും- സാമ്പത്തിക മാന്ദ്യത്തിന്റെ വിഷമവൃത്തത്തില്‍ ഒരിക്കല്‍ പെട്ടാല്‍ അത് ഒരു തല വെട്ടുമ്പോള്‍ പത്തു തല വളരുന്ന രാക്ഷസനായി ലോകത്തെയാകെ ക്ഷാമത്തിലാഴ്ത്തിക്കളയും. സമ്പത്ത് കയ്യിലുള്ളവന്‍ അതു തീരും വരെ എങ്കിലും പിടിച്ചു നില്‍ക്കും, നിത്യക്കൂലി കൊണ്ട് നിത്യവൃത്തി നടത്തേണ്ട ഹതഭാഗ്യരോ? അവരുടെ കാര്യമാണ്‌ ഏറ്റവും കഷ്ടത്തിലാകുക.

കൂനിന്റെ മുകളില്‍ കുരു എന്നു പറഞ്ഞതുപോലെ യുണൈറ്റഡ് നേഷന്‍ ക്രൈ യൂണിസെഫ് തുടങ്ങിയവയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഫണ്ട് ചെയ്യാന്‍ ആളില്ലാതെ നിഷ്ക്രിയമാകുകയും ചെയ്യുന്നതോടെ റിസഷന്‍ അതിന്റെ ഉച്ചകോടി പ്രാപിക്കും.

മണ്ണാങ്കട്ടയല്ല അബ്ദുല്‍ മജീദ്, കോരന്റെ കഞ്ഞിയാണ്‌ സ്റ്റേക്കില്‍.

റിസര്വ്വ് ബാങ്ക് കോടികള്‍ ധനവിതരണം നടത്തി, ഇതെടുത്ത് പവങ്ങള്‍ക്ക് വീതിച്ചു കൊടുക്കരുതോ എന്നു ചോദിച്ച സുഹൃത്ത് സര്‍ക്കാര്‍ കുറേ പൈസ കിഴി കെട്ടി ഓഹരി കച്ചവടക്കാര്‍ക്ക് നിങ്ങള്‍ ഇതില്‍ ഓരോ കിഴി എടുത്തുകൊള്ളൂ എന്നു പറയുകയാണെന്ന് ധരിച്ചിട്ടുണ്ടാവണം.

ലിക്വിഡിറ്റി പ്രശ്നം മൂലം വലയുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി കൈവശം വൈക്കേണ്ട മിനിമം തുകയുടെ അളവു കുറയ്ക്കുകയും ഇമ്മാതിരി അവസരങ്ങളില്‍ സെണ്ട്രല്‍ ബാങ്ക് പരമാവധി നല്‍കുന്ന ഹൃസ്വകാല വായ്പ്പയുടെ അളവു കൂട്ടുകയും പലിശ കുറയ്ക്കുകയും മറ്റുമാണ്‌ പൊതുധാരയിലേക്ക് പണം പമ്പ് ചെയ്തു കയറ്റി എന്നു പത്രങ്ങള്‍ പറയുന്ന ഈ പണി. അല്ലാതെ ചുമ്മാ കുറേ കാശെടുത്ത് ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കില്ല. എന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ഇരട്ടി ആക്കി തന്നു എന്നു വച്ചാല്‍ ബാങ്ക് എനിക്ക് കുറേ ദാനം തന്നു എന്ന അര്‍ത്ഥത്തില്‍ കാണല്ലേ.
(ജയരാജാ, സണ്ണിക്കുട്ടന്റെ ആ ലിങ്കിനു നന്ദി. എന്തു ലളിതമായി സംഗതികള്‍ അവിടെ പറഞ്ഞരിക്കുന്നു)

Tuesday, October 28, 2008

പണം എവിടെ പോയി?

അണ്ണാ, ഒരു കാര്യം കേട്ടാ ചിരിക്കുവോ?
ചിരി വന്നാ ചിരിക്കും, ചുമ്മ കേക്കിന്‍.

എന്നും ടീവിയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വീണു രാജ്യത്തിന്റെ പൈസ പൊഹഞ്ഞു പോയി എന്നൊക്കെ കാണുന്നു.
കാണുന്നു.

ഷെയര്‍ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുമ്പ ലാഭവും നഷ്ടവും വരും, അതിപ്പ ഏതു കച്ചവടത്തിലും വരത്തില്ലീ?
അതുകൊണ്ട്?

അതായത് അണ്ണാ, ഞാന്‍ കൊറേ സ്ഥലം വാങ്ങിച്ചു. വാങ്ങിച്ചപ്പ ഒരു ലക്ഷം രൂപ ആയിരുന്നു, വിറ്റപ്പ അമ്പതിനായിരമേ കിട്ടിയുള്ളു. രാജ്യത്തിന്റെ സമ്പത്ത് എവിടെയും പോയില്ലല്ല്. ഷെയറിന്റെ വില പോകുമ്പ എങ്ങനെ രാജ്യത്തിന്റെ സമ്പത്ത് പെയ്യൂടണത് പിന്നെ?

അതാണോ കാര്യം...
ഇതു ചോദിച്ചപ്പ എല്ലാരും സെന്‍സെക്സ് ബുള്ള് ബുള്‍ഷിറ്റ് എന്നൊക്കെ പറയുന്ന്, അപ്പ കൂടുതല്‍ കണ്‍ഫ്യൂഷന്‍.

ശരി. രാജ്യത്ത് മൊത്തം രണ്ടു പേരേ ഉള്ളെന്ന് വിചാരിക്ക്. നീ സ്ഥലം വാങ്ങിച്ചു. ഒരു ലക്ഷം രൂപ കൊടുത്ത്. ഒരു ലക്ഷം രൂപ പോയി സ്ഥലം കിട്ടി.
കിട്ടി.

നീ സ്ഥലം വിറ്റു അമ്പതിനായിരം രൂപ കിട്ടി. ഇപ്പോള്‍ സ്ഥലം പോയി, നിനക്ക് അമ്പതിനായിരം കിട്ടി, ബാക്കി അമ്പതിനായിരം മറ്റേ ആളിന്റെ കയ്യിലും . ഒരു പ്ലോട്ട്, നിന്റെ കയ്യില്‍ അമ്പതിനായിരം, അയാളുടെ കയ്യിലെ അമ്പതിനായിരവും ചേര്‍ത്ത് ഒരു ലക്ഷം. കൈ മാറിയെന്നല്ലാതെ ഒരു മാറ്റവുമില്ല.

ശരി.
ഇനി, നീ ഒരു ലക്ഷം രൂപ മുടക്കി ഒരു പെട്ടിക്കട തുടങ്ങിയെന്നു വയ്ക്കുക.

ലക്ഷം പോയി, കട വന്നു.
കൃത്യം. ഇനി ഒരു കമ്പനി തുടങ്ങാന്‍ ലക്ഷം രൂപയുടെ ഷെയര്‍ എടുത്തെന്ന് വിചാരിക്കുക.

കമ്പനി ഉണ്ടായി, ലക്ഷം പോയി.
അവിടെയാണു വത്യാസം. ഒരു ലക്ഷം രൂപയുടെ കമ്പനി ഉണ്ടായി, നിങ്ങളുടെ ഒരു ലക്ഷം രൂപ പോയി, പക്ഷേ കയ്യില്‍ ഒരു ലക്ഷം രൂപയുടെ ഷെയര്‍ ഉണ്ട്, നിനക്കു എപ്പോള്‍ വേണമെങ്കിലും അതു വില്‍ക്കാം, അതുകൊണ്ട് അത് കുറേയൊക്കെ പണത്തിനു തുല്യമാണ്‌. ഫലത്തില്‍ ഒരു ലക്ഷം രൂപയുടെ കമ്പനി ഉണ്ടായി നിന്റെ കയ്യിലെ ഒരു ലക്ഷം പോയതുമില്ല.

ങേ? അപ്പോള്‍ ആരും ഒന്നും കൊടുക്കാതെ ഒരു ലക്ഷം രൂപയുടെ കമ്പനി പൊട്ടി മുളച്ചു.
കറക്റ്റ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നീയും കമ്പനിയുമായുണ്ടായ ഇടപാടു മൂലം രാജ്യത്ത് ഒരു ലക്ഷം രൂപയുടെ പണം കൂടി ഇറങ്ങി.

ഓ അങ്ങനെ. അപ്പോ ഷെയറിനു മാത്രമേ ഇങ്ങനെ പണം നിര്‍മ്മിക്കാനുള്ള ശേഷിയുള്ളു.
ഷെയറിനും മറ്റു പണമിടപാടു സര്‍ട്ടിഫിക്കേറ്റുകളും ക്വാസി മണി ഫങ്ങ്ഷന്‍ വഴി പണം നിര്‍മ്മിക്കുന്നു. ഇതിലും ലളിതമായി ബാങ്കുകള്‍ പണം നിര്‍മ്മിക്കും.

അതെങ്ങനെ?
ജിമ്പിള്‍. നീ നൂറു രൂപ ബാങ്കിലിട്ടു. ബാങ്ക് അതില്‍ നിന്നും എഴുപത്തഞ്ചു രൂപ ലോണ്‍ കൊടുത്തു. നിനക്കു ബാങ്കിലിട്ട പൈസ എപ്പോള്‍ വേണമെങ്കിലും ഏടീ‌എമില്‍ പോയി എടുക്കാം, അപ്പോള്‍ ഫലത്തില്‍ നിന്റെ കയ്യില്‍ നൂറു രൂപ ഉണ്ട്, ലോണെടുത്തവന്റെ കയ്യില്‍ എഴുപത്തഞ്ചും. മൊത്തം നൂറ്റി എഴുപത്തഞ്ചു രൂപ.

അല്ലാ, അപ്പോള്‍ ഞാന്‍ നൂറു രൂപ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കന്റ്റെ കയ്യില്‍ ഇരുപത്തഞ്ചു രൂപയല്ലേ ഉള്ളൂ?
അങ്ങനെ വരില്ല. നിന്നെപ്പോലെ കോടിക്കണക്കിനു ആളുകള്‍ ബാങ്കില്‍ പണം ഇടുകയും എടുക്കുകയും ലോണെടുക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേ ഇരിക്കുകയാണ്‌ ഒരിക്കലും എല്ലാവര്‍ക്കും മൊത്തം പൈസയും ഒരുമിച്ചു തിരിച്ചെടുക്കേണ്ടി വരില്ല. ആ ടൈമിങ്ങ് ഡിഫറന്‍സ് കൊണ്ടാണ്‌ ബാങ്കുകള്‍ പണം നിര്‍മ്മിക്കുന്നത്.

അപ്പോ പറഞ്ഞു വന്നത് ഷെയറുകളുടെ കാര്യം.
അതേ നിന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ ഷെയര്‍ ഉണ്ട്. ഒരു ദിവസം രാവിലേ അത് ഇരുപത്തയ്യായിരമേ ഉള്ളെന്ന് വന്നാലോ?

വന്നാല്‍?
നീ ബാങ്കില്‍ നൂറു രൂപ ഇട്ടു. അടുത്ത ദിവസം രാവിലേ ബാങ്ക് വിളിച്ചിട്ട് പത്തിന്റെ പത്തു നോട്ട് നീ കൊടുത്തതില്‍ എട്ടും കള്ളനോട്ട് ആണ്‌ നിനക്കിനി ഇരുപതു രൂപയേ ഉള്ളു എന്നു പറഞ്ഞാല്‍ എന്തായി?

എന്റെ എണ്‍പതു രൂപ പോയി.
അതുപോലെ എല്ലാവരുടെയും കയ്യിലുള്ള പത്തയ്യായിരം കോടി രൂപയുടെ ഷെയര്‍ അതായത് ക്വാസി മണി ഒരു ദിവസം രാവിലെ അഞ്ഞൂ കോടി വിലയേ ഉള്ളു എന്നു വന്നാലോ? അത്രയും ഭീമമായ തുകയ്ക്കുള്ള പണം വാരിയിട്ടു കത്തിച്ചതു പോലെ ആയില്ലേ.

ഇനി ആ ഷെയറിനു വീണ്ടും വില കൂടിയാല്‍ കത്തിയ പണം ഫീനിക്സിനെ പോലെ പുനര്‍‌ജനിക്കില്ലേ?
തീര്‍ച്ചയായും. കൂടിയാല്‍, അതും കൂടിക്കഴിഞ്ഞ ശേഷം. പുരയിടം വാങ്ങുന്നതിലെ നഷ്ടവും ഷെയര്‍ മാര്‍ക്കറ്റിലെ നഷ്ടവും ആയുള്ള വത്യാസം ഇപ്പോള്‍ പിടി കിട്ടിയില്ലേ?

അതായത് ഷെയര്‍ എന്നത് മിഥ്യയായ പണമാണെന്നും ഒരു വിശ്വാസം മാത്രമാണെന്നും ചുരുക്കം. വിശ്വാസം പോയാല്‍ പണവും പോയി അല്ലേ?

ശരി. പക്ഷേ ഷെയര്‍ മാത്രമല്ല മിഥ്യ, എല്ലാ തരവും പണവും അങ്ങനെ തന്നെ.
നിനക്കു ഒരു ലക്ഷം രൂപ കയ്യില്‍ ഇരിപ്പുണ്ട്. എന്താണത്? അച്ചടിച്ച കുറേ തുണ്ടു പേപ്പര്‍. ഒരു ദിവസം രാവിലേ ജനങ്ങള്‍ക്കൊന്നും ഇന്ത്യന്‍ രൂപയില്‍ വിശ്വാസമില്ലാതെ ആയാല്‍ ആ തുണ്ടു പേപ്പര്‍ കൊണ്ട് എന്തെങ്കിലും വിലയുണ്ടോ?

അയ്യോ.
പേടിക്കണ്ടാ, ഷെയറുപോലെ അല്ല അതിലുംദൃഢമാണ്‌ പണത്തിനു മേലുള്ള വിശ്വാസം, അങ്ങനെ ഒന്നും അതു പോകില്ല.

ഒരിക്കലും പോകില്ലേ.
പോയിട്ടൊക്കെ ഉണ്ട്, സാധാരണ നിലയ്ക്ക് പോകില്ല. ധൈര്യമായിരി.

Sunday, October 26, 2008

ആരടേ ഈ അന്തോണി?

എല്ലാരൂടി ഞാങ്ങ് ആരാന്ന് അന്വേഷിച്ച സിതിക്ക്, എന്റെ കരിക്കലം വിറ്റേ ദാണ്ട്:

പേരുവിവരം:
പ്യാര്‌ ഇംഗ്ലീഷില്‍ അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ്
പ്യാര്‌ മലയാളത്തില്‍ - അജ്ഞാതന്‍ ആന്റണി
പ്യാര്‌ തിരുവന്തോരം ഭാഷയില്‍- അണ്ണന്‍ കൊണ്ണി അന്തോണി

വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ്: (യേയ് മൂന്ന് നമ്പരല്ല!)
പ്രായം- തോനെ ആയി
ഭാര്യ- ഒണ്ട്
മക്കള്‍- ഒണ്ട്
നീളം- ഒന്നൊന്നേ മുക്കാ മീറ്ററ്‌
വണ്ണം- സ്വല്പ്പം
കൊടവയറ്‌- ഇത്തിപ്പോരം
നിറം- എബണി
കണ്ണ്- ഹണി
മുടി- പാറ്റയുടെ നിറം
പല്ല്‌ - ഇരുപത്തി ഒമ്പതെണ്ണം ഒണ്ട് ബാക്കി നഷ്ടപ്പെട്ടു, കയ്യിലിരുപ്പിന്റെയാ (തെറ്റിദ്ധരിച്ചോ, മുട്ടായി തിന്ന് നാശമാക്കി, അതോണ്ട് എടുത്തു കളഞ്ഞെന്ന്)

പഠിപ്പ്?
എലിമെന്ററി ഡോക്റ്റര്‍ വാട്ട്‌സണ്‍, എലിമെന്ററി.

ശീലങ്ങള്‍:
ഭക്ഷണം- മൂന്നു നേരം
മദ്യം- എടയ്ക്ക് ഓരോ ബീയര്‍ മിക്കവാറും ആഴ്ച അറുതിക്ക്.
പല്ലു തേപ്പ്, ഷേവിങ്ങ്, കുളി- ആരേലും നിര്‍ബ്ബന്ധിച്ചാല്‍ ചെയ്യും.

ഊരും കുടിയും:
ഇപ്പ ദുബായില്‍. പെര തിരുവന്തോരത്ത്. ഒരു ത്യാരിയില്‍.
പണി: ജെയിലില്‍ പോകാത്ത എന്തരും ചെയ്യും. പാരപണി താല്പ്പര്യമില്ല, എന്നാലും സാഹചര്യ സമ്മര്‍ദ്ദത്തില്‍ ചെയ്തു പോയിട്ടുണ്ട്, ക്ഷെമി.

രാഷ്ട്രീയം:
രാഷ്ട്രീയം- ഒണ്ട്
രാഷ്ട്രീയ പാര്‍ട്ടി- ഇല്ല
വോട്ട്- ചെയ്യും
കള്ളവോട്ട്- തടുക്കും
രാജ്യസ്നേഹം:- ഇന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരൊന്നുമല്ല, ഒരു ഇന്ത്യക്കാരി എന്റെ ഭാര്യയാണ്‌, ചില ഇന്ത്യക്കാര്‍ സഹോദരങ്ങളാണ്‌. ബാക്കി ചിലര്‍ സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളുമാണ്‌. ശേഷമുള്ളവരെ ഞാന്‍ അറിയൂല്ല. അതുകൊണ്ട് പ്രശ്നവുമില്ല, എന്റെ സഹോദരീ സഹോദരന്മാരെയേ ഞാന്‍ സ്നേഹിക്കൂ, ബാക്കിയുള്ളവരെ വെറുക്കും എന്ന് ഒരു വാശിയും എനിക്കില്ല.

സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന പാട്ടു കേട്ടാല്‍ എനിക്കു ചിരി വരും, എന്തരു ചെയ്യാങ്ങ്, കൊറേ നാടു കണ്ടുപോയി. അതും ഒരു പ്രശ്നം അല്ല, സാരേ ജഹാം സേ അച്ഛനെ മാത്രമേ അച്ഛാ എന്നു വിളിക്കൂ എന്നില്ലല്ലോ.

എനിക്ക് ഇന്ത്യക്കാരെ ഇഷ്ടമാണ്‌, പാകിസ്ഥാനികള്‍ എന്റെ ശത്രുക്കളല്ല, അറബികളെയും സായിപ്പന്മാരെയും മഞ്ഞനാട്ടുകാരെയും ജപ്പാന്‍ കാരെയും ഒക്കെ എനിക്കിഷ്ടമാണ്‌. ഒരുത്തനെ സ്നേഹിക്കുന്നെന്ന് ഞാന്‍ പറഞ്ഞാല്‍ ബാക്കി എല്ലാവരെയും വെറുക്കുന്നെന്ന് അര്‍ത്ഥമില്ല.

ആര്‍മ്മാദം
സിനിമ- ഈയിടെ ഒന്നും കണ്ടില്ല.
പാട്ട്- ഇഷ്ടമാണ്‌, പാരഡി വളരെ ഇഷ്ടമാണ്‌. പാടൂല്ല, പാടുപെട്ടാലും പറ്റൂല്ല.
കല- യേയ്, ഏഴയലത്തു പോലും.
നൃത്തം- പിന്നേ ഞാന്‍ നടക്കുന്നത് തന്നെ നൃത്തച്ചുവടിലാ.
എഴുത്ത്- കുറവാണ്‌ എന്റെ കൈയ്യക്ഷരം എനിക്കു തന്നെ വായിക്കാന്‍ മേലാ. ഒക്കെ ടൈപ്പിങ്ങ് ആക്കി.

ബ്ലോഗെഴുത്ത്
എന്തരിന്‌ അനോണിയായി നടക്കണത്? ചുമ്മ പള്ള് വിളിക്കാന്‍ തന്നേ? അതോ മനസ്സി തോന്നണത് നട്ടെല്ല് നൂത്ത് പറയാന്‍ ധൈര്യമില്ലേടേ?
ബ്ലോഗേല്‍ പള്ള് വിളിക്കണ ശീലമില്ല. നെറ്റില്‍ കേറി നാലു തെറി എഴുതാന്‍ വല്യ ധൈര്യമൊന്നും വേണ്ടടേ, യാത് കാ പെറുക്കി പയലിനും അത് പറ്റും. അതവാ ഇഞ്ഞി വിളിക്കണം എന്ന് തോന്നിയാ അത് സ്വന്തം പ്യാരേല്‍ വന്ന് ചെയ്യും. ആരുമല്ലാതെ ഇരിക്കുക ഒരു സുഖമാണ്‌. എന്റെ സ്വന്തം ഊരും പേരുമിട്ടാല്‍ എനിക്ക് എന്റെ ഓഫീസിനെക്കുറിച്ചും ജോലിയെക്കുറിച്ചും എഴുതാന്‍ കഴിയില്ല. അദ്ധ്വാനിച്ച് ബ്ലോഗ് വായിക്കുന്നും എഴുതുന്നുമില്ല. ഒരു ഈ-മെയില്‍, അഞ്ചു മിനുട്ട് കൊണ്ട് അടിക്കാവുന്ന മാറ്റര്‍. ബ്ലോഗിലേക്ക് ഒറ്റ അയപ്പ്, എന്തരോ വരട്ട്. സുഖം, സുഖകരം.

ഇങ്ങനെ കൊച്ചു വര്‍ത്താനം പറഞ്ഞോണ്ട് ഇരുന്നാ മതിയാടേ, വല്യ വല്യ കാര്യങ്ങള്‍ എഴുതാനല്ലീ ഈ ബ്ലോഗുകളൊക്കെ?
വേണം ചെല്ലാ. പക്ഷേ അങ്ങനെ വല്യ വല്യ ഒരുപാടൊന്നും അറിയത്തില്ലെടേ, അറിയാവുന്നത് എഴുതണോങ്കി തോനേ സമയവും വ്യാണ്ടീ? ജ്വാലിയൊണ്ട്, പൊറുതീം പുള്ളേം ഒണ്ട്, കൂട്ടുകാരും നാട്ടുകാരുമൊണ്ട്. സമയം കിട്ടുമ്പ വല്ലോം എഴുതണം. അത് നടക്കണത് വരെ ചെലയ്ക്കാതെ ഇരിക്കാനാണേല്‍ ചെലപ്പം ആണ്ടില്‍ ഒരു പോസ്റ്റേ നടക്കത്തൊള്ള്. ഡെയിലി വായി വരുന്നത് എഴുതി വിടാങ്ങ് ഒരു രസവല്ലീ?

എന്തരിന്‌ ഇയാള്‌ ബ്ലോഗ് എഴുതണത്?
എന്തരിന്‌ ബ്ലോഗ് എഴുതാതെ ഇരിക്കണത്?

Saturday, October 25, 2008

അഹന്തക്കിന്ത ഞൊട്ട്

രാവിലേ ചായ കടയീന്നു കുടിച്ചാലേ അവധി ദിവസം തൊടങ്ങിയ ഫീല്‍ വരൂ. അയലോക്കത്തുള്ളവരെ എല്ലാം ഒരുമിച്ചൊന്നു കാണാന്‍ പറ്റുന്ന ഒരു ചിന്ന ക്ലബ്ബാണ്‌ ചായക്കട. അങ്ങനെ ഒരു റൗണ്ട് ചായയും ലോഹ്യവും കഴിഞ്ഞിറങ്ങുമ്പോള്‍ ദാ പൊളന്ന് വരണ്‌ ചെവല മാരുതി. ഡ്രൈവിങ്ങ് സീറ്റില്‍ പറവൂര്‍ ഭരതനെ കരിയോയില്‍ പെരട്ടിയമാതിരി ഒരു രൂപം. പച്ച പ്യാശ, വെള്ള ടീഷര്‍ട്ട്. എമ്മെസ് തൃപ്പൂണിത്തറേടെ ശബ്ദത്തില്‍ ഒരു ഹലോയും. സംശയമില്ല രവിസാറ്‌ തന്നെ.

"ആന്റോ സൂങ്ങള്‌ തന്നെ?"
"തന്നെ. സാറങ്ങോട്ട് ഞാറാഴ്ച രാവിലേ?"
"കൗടിയാറ്‌ വരെ . പെരേടത്തില്‍ സ്വല്പ്പ തേങ്ങായിടാനൊണ്ട്."
"എന്നാ ഞാനും വരട്ടേ? കൊറവങ്കോണം സണ്ഡേ ബാങ്കി‍ അമ്മച്ചിക്കൊരക്കൗണ്ടൊണ്ട്. ഒന്നരവര്‍ഷമായി പാസ് ബുക്ക് പതിച്ചിട്ടില്ല."
"ചുമ്മ വരീ."

ഏടീയെം ഒന്നും അന്ന് സ്വപ്നങ്ങളില്‍ പോലുമില്ല. ഞായറാഴ്ച കാശിനൊരത്യാവശ്യം വന്നാല്‍ കടം വാങ്ങാതെ കഴിക്കാന്‍ തിരുവനന്തപുരത്ത് അന്ന് ഒരേയൊരു പോം‌വഴി കുറവന്‍ കോണത്തെ ഞായറാഴ്ച തുറപ്പന്‍ ബാങ്കാണ്‌. പതിക്കാതെ വളരെയായി ഇപ്പോ അമ്മച്ചിക്ക് അതേല്‍ വല്ലോം മിച്ചമുണ്ടോന്ന് അറീയാതെയായി.

രവിസാറിന്റെ തേങ്ങാക്കൊലകള്‍ വണ്ടീടെ പിന്‍ സീറ്റിലടുക്കി. നേരേ അവധിബാങ്കില്‍ ചെന്നു.
"പാസ്സുബുക്കൊന്ന് പതിക്കണം."
"തന്നിട്ട് പോ, ഒരാഴ്ച കഴിഞ്ഞ് വാ."
"പാസ്സുബുക്ക് പതിക്കാന്‍ ഒരാഴ്ചയോ?"
ലെഡ്ജറില്‍ നോക്കി ഇണ്ണാ ശൂ എന്ന് എഴുതിയാ മതി. ഒരാഴ്ച എടുക്കും പോലും.

"ദാ കണ്ടോ, ഇതെല്ലാം പതിക്കാന്‍ കിടക്കുന്ന പാസ്സ് ബുക്കാണ്‌. എത്ര ദിവസം എടുക്കുമെന്നാ വിചാരം?" ക്ലാര്‍ക്കദ്യം എട്ടുപത്ത് കൊച്ചു പുസ്തകം കാട്ടി.
"ഏറിയാ പതിനഞ്ചു മിനുട്ട്." രവിസാറു പറഞ്ഞു.

"എന്നാ ഇയ്യാള്‌ തന്നെ വരവ് വയ്ക്ക്, കാണട്ട്. ഞാനൊപ്പിട്ടു തരാം." ബാങ്കണ്ണന്‍ നീക്കിയൊരു തള്ള്.

രവിസാറ്‌ പലക മതിലിനു അകത്തോട്ട് കേറി തണ്ടപ്പേരു പുസ്തഹന്‍ പൊക്കി അക്കൗണ്ട് നോക്കി പാസുബുക്ക് എഴുതി. ഉദ്ദേശം അര മിനുട്ട്.
"ഒപ്പിട്ടോ."

ഈ ലോകത്ത് അധികമാര്‍ക്കും അറിയാത്ത, മഹാ ഉത്തരവാദിത്തം നിറഞ്ഞ സങ്കീര്‍ണ്ണമായ പ്രത്യേക പരീശലം ലഭിച്ച മലമറിക്കല്‍ വിദഗ്ദ്ധന്മാര്‍ക്കു മാത്രം, അതും വലിയ പരിശ്രമത്തോടെ മാത്രം ചെയ്യാന്‍ പറ്റുന്ന ആനക്കാര്യം നിസ്സാരമായി ചെയ്തുകളഞ്ഞ ഭയങ്കരന്റെ വേഷത്തിലോട്ട് ക്ലെര്‍ക്ക് അന്തം വിട്ടു നോക്കി.
"എന്തു ചെയ്യുന്നു?"
"പെയ്യൂടാന്‍ ഒരുങ്ങി നിക്കണ്‌."
"അതല്ല എന്താ നിങ്ങള്‍ക്ക് ജോലി?"
"ഈ മുടുക്കി ആട്ടോ ഓടിക്കല്‌ തന്നെ. ലിവന്‍ ലോറി ക്ലീനറാ."

ശൂ എന്ന് ഒരു അഹന്ത പഞ്ചറാവുന്ന ചീറ്റലും കേട്ട് ഞങ്ങള്‍ ഇങ്ങ് ഇറങ്ങി പോന്നു.

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും ചെയ്യപ്പോഴും ആ പാവം എന്നെ മറന്നിട്ടില്ല . എന്നെ കണ്ടതും ഒരു വെപ്രാളത്തില്‍ പുള്ളി പാസുബുക്ക് എടുത്ത് എഴുതി തന്നു. പോരാന്‍ നേരം സ്വല്പ്പം മടിയോടെ ചോദിച്ചു.
"അന്നു വന്ന ആ പുള്ളി ആരായിരുന്നു?"
"രവിസാറോ? അന്ന് ക്യാനറാ ബാങ്കിന്റെ എസ് ഐ ബി മാനേജറായിരുന്നു. ഇപ്പോ റീജ്യണല്‍ മാനേജരാ."
(പത്തിരുപതു കൊല്ലം പഴയ കഥയാണ്‌. പ്രായം വച്ചു നോക്കുമ്പോള്‍ അഹന്തയാള്‍ റിട്ടയറായി കാണണം. ഇനി ആ ബാങ്കില്‍ പോണ ആരും ഇന്നിരിക്കുന്നവരെ സംശയിക്കല്ലേ.)