Tuesday, May 6, 2008

ചക്ക കഴിക്കാം?

ചന്ദ്രശേഖരന്‍ നായര്‍ ചേട്ടന്‍ ചക്കയെക്കുറിച്ച് പറഞ്ഞതു കേട്ട് ഞാന്‍ ആവേശഭരിതനായതിന്റെ ഫലം ഈ പോസ്റ്റ്.

പ്ലാവ് നമ്മുടെ പശ്ചിമഘട്ടത്തിന്റെ സ്വന്തം പുത്രിയാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് ചിലവോ പരിരക്ഷയോ ഇതിന്നവശ്യം വരുന്നില്ല എന്നതാണ്‌ മുഖ്യ ഗുണം. പ്ലാവിന്‍‌തോട്ടമൊന്നുമില്ലെങ്കിലും ചക്ക അതിന്റെ സീസണില്‍ നാട്ടില്‍ സുലഭം. വലിയ വിലയില്ലാത്തതുകൊണ്ട് വലിയ ഗുണവുമില്ലെന്ന് കരുതിയാണോ എന്തോ, ചക്കയെ ഇപ്പോഴത്തെ ആളുകള്‍ക്ക് അത്ര പഥ്യമില്ലാതായത്?

ചക്ക മികച്ച ആഹാരമാണ്‌. ഇടിച്ചക്ക തോരന്‍ വയ്ക്കാം, പച്ചച്ചക്ക അവിയല്‍ വയ്ക്കാം, മരച്ചീനി പോലെ തേങ്ങയും മഞ്ഞളുമൊക്കെ അരച്ച് ഉണ്ടാക്കാം, പുഴുക്കുണ്ടാക്കാം, പഴുത്ത ചക്ക ചുമ്മാ തിന്നാം, ചക്കയട, ചക്കവരട്ടിയത്, വറുത്തത്, ചക്കപ്പായസം, ചക്കജാം...


ചക്കയിലെ ലക്റ്റിന്‍ കൊണ്ട് ക്യാന്‍സറും ട്യൂമറും ചികിത്സിക്കാനാവുമോ എന്ന് ഗവേഷിച്ചു വരുന്നത് പുരോഗതിയിലാണ്‌.

ചക്കയില്‍ കലോറി കുറവും പോഷണം കൂടുതലുമെന്നതിനാല്‍ ചക്കത്തടിയന്മാര്‍ക്കും ചക്ക തിന്നാം. ഒരു ശതമാനം ഫാറ്റ്, സോഡിയം പൂജ്യം, പതിനൊന്ന് ശതമാനം കാര്‍ബ്, ഇഷ്ടം പോലെ വൈറ്റമിന്‍ ബി, സീ.. ഇരുമ്പ് മഗ്നീഷ്യം, ഫോസ്ഫറസ് ചെമ്പ് ... ചക്കയാണമൃത്.

എന്നാല്‍ ഇവന്റെ ശരിയായ ഗുണം അതിന്റെ ഡയറ്ററി ഫൈബര്‍ ആണ്‌. കൊളസ്റ്റ്രോളു കുറയ്ക്കാനും അള്‍സറു മുതല്‍ ഗുമ്മന്‍ വരെ ഉച്ചാടനം ചെയ്യാനും ചക്ക തിന്നൂ, എന്നിട്ട് ലാവിഷായി അപ്പി എറിഞ്ഞു കളയൂ.

എനിക്കിഷ്ടപ്പെട്ട ചക്ക വിഭവങ്ങള്‍
1. ചക്ക (കപ്പ പോലെ വച്ചത്) - ചാളക്കറി
2. ചക്കക്കുരു ഇന്‍ അവിയല്‍
3. ചക്കക്കുരു-മുരിങ്ങക്കായ- തേങ്ങാപ്പീര
4. ചക്കക്കൂഞ്ഞ് മെഴുക്കുവരട്ടി
5. ചക്ക അട
6. ഇടിച്ചക്ക തോരന്‍
7. കൊത്തഞ്ചക്ക മസാല
(പായസം- ചക്കവരട്ടിയത് ആദി വലിയ പ്രിയമില്ല, നെയ്യിന്റെ മണം റിവോള്‍ട്ടിങ്ങ്!)

ആനന്ദ്, കോടിയേരി, സാരി, വാടക

ഇന്നെഴുതാന്‍ ഒന്നുമില്ല, പത്രം തുറന്നപ്പോ കണ്ടത് ബര്‍മ്മയിലെ കാറ്റ്. അടച്ചു വച്ച് ചായ കുടിച്ചു.

മൂര്‍ത്തീ,
സീലുകളുടെ കാര്യവും കഷ്ടത്തിലാണ്‌. ഇന്നത്തെ ലോകത്ത് ഏറ്റവും കൗശലമുള്ളതും ഏറ്റവും ക്രൗര്യമുള്ളതും റിസോര്‍സ് അടക്കി വയ്ക്കല്‍ സ്വഭാവമുള്ളതുമായ ജന്തു മനുഷ്യനായതുകൊണ്ട് സകല ജീവജാലങ്ങളുടെയും നില നില്പ്പ് മനുഷ്യന്റെ കരുണയിലാണ്‌. കഷ്ടം പച്ചപ്പായല്‍ പോലെ നിസ്സാരമെന്നു തോന്നാവുന്ന പലതും ഇല്ലാതെയായാല്‍ മനുഷ്യന്റെ വം‌ശനാശവും സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടും നമ്മള്‍ കണ്ണടയ്ക്കുകയാണെന്നതാണ്‌. തുഴയുന്ന വള്ളത്തിനു തുളയിട്ടു രസിക്കുന്ന ആശാരിയെപ്പോലെ നമുക്ക് ഇരിക്കും കൊമ്പ് മുറിക്കല് എത്രകാലം തുടരാനാവുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സനാതനാ,
എന്റെ സാഹിത്യലോകം വളരെ ചുരുങ്ങിയതും സ്ക്യൂ ചെയ്തു പോയതുമാണ്‌. ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതം വായിച്ചിട്ടില്ല. പക്ഷേ മറ്റു പുസ്തകങ്ങളില്‍, പ്രധാനമായും അഭയാര്‍ത്ഥികളില്‍ ചരിത്രത്തെയും പുരോഗതിയെയും വിശകലനം ചെയ്യാന്‍ ആനന്ദ് ഉപയോഗിച്ചെന്ന് തോന്നിയ രീതി വളരെ രസിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ എഞ്ചിനീയര്‍ ചരിത്രത്തെ ബ്ലൂ പ്രിന്റ് ആയി എടുത്ത് കാലം പുനര്‍‌നിര്‍മ്മിക്കുകയും ശേഷം ആനന്ദെന്ന ലിബറല്‍ സോഷ്യലിസ്റ്റ് അതിനോട് പ്രതികരിക്കുന്നതായും ഒടുക്കം പട്ടാളക്കാരന്‍ പുറത്തു വന്ന് അതിനു നേരേ ഗ്രനേഡെറിയുന്നതുപോലെയുമാണ്‌ എനിക്ക് അനുഭവപ്പെടാറ്‌. ശാസ്ത്രം, പ്രത്യേകിച്ചും നര‌വംശശാസ്ത്രവും സാങ്കേതികശാസ്ത്രവും ഇതിനുള്ള പണിയായുധങ്ങളായി എടുക്കുന്നതു പോലെ. ശരിയാവണമെന്നൊന്നുമില്ല, എനിക്കങ്ങനെ തോന്നിയെന്ന് പറഞ്ഞതാണ്‌.

ബൈസണിന്റെ കാര്യന്‍ ആനന്ദ് പറഞ്ഞത് ശരിയാണ്‌. റെഡ് ഇന്ത്യരെ ഇല്ലായ്മ ചെയ്യാന്‍ വെള്ളക്കാര്‍ ഉപയോഗിച്ച പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ബൈസണുകളെ കൊന്നു തീര്‍ക്കുക എന്നത്. കിട്ടാവുന്ന സകല ബൈസണെയും കൊന്നു തീര്‍ത്തതോടെ അവയെ ആശ്രയിച്ച് ഭക്ഷണം കണ്ടെത്തിയിരുന്ന റെഡ് ഇന്ത്യനുകള്‍ പട്ടിണിയിലായി. അവയുടെ തുകലുരിച്ച് കയറ്റുമതി ചെയ്ത് സായിപ്പ് വെടിക്കോപ്പുകള്‍ വാങ്ങി. തോലുരിച്ച് കാട്ടിലുപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ ലക്ഷക്കണക്കിന്‌ ബൈസണ്‍ ശവങ്ങള്‍ കിടന്ന് പുഴുത്തപ്പോല്‍ പകര്‍ച്ചവ്യാധികളിലും റെഡ് ഇന്ത്യന്മാര്‍ ഒടുങ്ങി.

ഇത്രയൊക്കെയായിട്ടും ബൈസണുകള്‍ അന്യം നിന്നില്ലെന്ന് സമാധാനിക്കാം. സോവിയറ്റ് യൂണിയന്‍ ക്ഷാമം നേരിട്ട ആദ്യകാലത്ത് കൃഷി കാര്യക്ഷമമാക്കാന്‍ വിചിത്രമായൊരു നടപടി സ്വീകരിച്ചു. കാസ്പിയന്‍ കടുവകളെ പട്ടാളത്തെ ഉപയോഗിച്ച് കൊന്നൊടുക്കി രാത്രി പകലെന്യേ കര്‍ഷകര്‍ക്ക് വന്യമായ പാടങ്ങളിലേക്ക് ഭയം കൂടാതെ സഞ്ചരിക്കാന്‍ അവസരമുണ്ടാക്കി. കാസ്പിയന്‍ ടൈഗറുകള്‍ വംശനാശം സംഭവിച്ചതിന്റെ ഏറ്റവും വലിയ കാരണം അതായി.

രണ്ടാം ലോക മഹായുദ്ധത്തില്‍ അതിഭയങ്കരമഅയ അന്തര്‍‌വാഹിനിയുദ്ധം ജപ്പാന്‍ കടലില്‍ നടന്നു. ഇല്ലാതായത് ജപ്പാനല്ല, അമേരിക്കയല്ല, റഷ്യയും ഫ്രാന്‍സും ജെര്‍മ്മനിയുമൊന്നുമല്ല, സീല്‍ കുലത്തിലെ മനോഹര ജീവിയായ ജാപ്പനീസ് സീ ലയണിന്റെ വംശമായിരുന്നു.

കണ്ണൂരാനേ,
അതേ, കൊല്ലുക, കൊന്നു തീര്‍ക്കുക, ഉപഭോഗിക്കുക, അഴുക്കാക്കുക, വെറുതേ നശിപ്പിക്കുക.

ഡിങ്കാ,
അതേ. കൊച്ചു പച്ചപ്പായലിന്റെ ദയയിലാണ്‌ മനുഷ്യകുലമടക്കം സകല ജന്തുവും ജീവിക്കുന്നത്. നിസ്സാരമായ ആ സൂക്ഷ്മ സസ്യം ഒടുങ്ങിയാല്‍ മതി, ഒരു മലയോളം പണം കയ്യില്‍ വച്ച്, ഒരു ഊര്‍ദ്ധ്വന്‍ പോലും വലിക്കാനാവാതെ നമ്മള്‍ പിടഞ്ഞു തീര്‍ന്നോളും.

---------------------------------------
കോടിയേരി എന്നെ കുരുക്കിയാ?

രാധേയാ, എന്തോ ശരിയാവണില്ലല്ലോ എന്നു തോന്നിയിട്ട് ഇറങ്ങി തിരിച്ചതാ.

തുളസി നന്ദി (ചിത്രങ്ങള്‍ റീഡര്‍ വഴി കാണാറുണ്ട്, കമന്റ് ഇടാന്‍ ബ്ലോഗര്‍ ആക്സസ്സില്ല)

തറവാടീ, അവിടെ പോയി ലിങ്കാടാനോ കമന്റാനോ എന്റെ സെന്‍സര്‍ ബോര്‍ഡുകാരന്‍ സമ്മതിക്കണില്ല. അതാണേ കമന്റ് ഇവിടെയായത്. ഇവിടെയാകുമ്പോ ഈ-മെയില്‍ റ്റു ബ്ലോഗ് സം‌വിധാനം ഉപയോഗിച്ച് പോസ്റ്റാം.

സനാതനാ,
ബാലരാമപുരത്തെപ്പറ്റി ഞാന്‍ ഒരു മുന്‍‌വിധി നടത്തിയതാവാം, അങ്ങനെ പറ്റിപ്പോയെങ്കില്‍ കാരണമിതാണ്‌

കോളേജുകാലത്ത് ഏതാണ്ട് രണ്ടുവര്‍ഷത്തോളം എനിക്ക് ഒരുടുപ്പും ഒരു പാന്റ്സുമേ ഉണ്ടായിരുന്നുള്ളു. ഒരു പക്ഷേ ആവശ്യപ്പെട്ടെങ്കില്‍ ഒന്നുകൂടെ വളരെയൊന്നും ബുദ്ധിമുട്ടാതെ വീട്ടുകാര്‍ വാങ്ങിത്തന്നേനെ, ഒന്നും ചോദിച്ചു വാങ്ങുന്ന ശീലമെനിക്കില്ലായിരുന്നു.

സം‌ഗതി അധികം ശ്രദ്ധിക്കപ്പെടേണ്ടെന്നു കരുതി ഞാന്‍ ബാലരാമപുരം ഖാദിയുടെ ഒരു വെള്ള ഷര്‍ട്ടും തിരുപ്പൂരു കോട്ടന്റെ ഒരു കറുത്ത പാന്റ്സുമാണ്‌ വാങ്ങിയത്. യേശുദാസിന്റെ വെള്ളക്കുപ്പായം പോലെ എന്റെയൊരു പ്രിഫറന്‍സ് ആയിക്കരുതിയ കൂട്ടുകാര്‍ "പെന്‍‌ഗ്വിന്‍" എന്ന് കളിയാക്കി വിളിച്ചിരുന്നു. കൈത്തറിയുടുപ്പിന്റെ ബലവും ഗുണവും വിലക്കുറവും അനുഭവിച്ചറിഞ്ഞ ഞാന്‍ ശേഷവും കുറെക്കാലം ബാലരാമപുരം തുണികള്‍ വാങ്ങിച്ചിരുന്നു. അക്കാലത്ത് പരുത്തിത്തറിയല്ലാതെ പട്ടുനെയ്ത്തു തറികള്‍ ബാലരാമപുരത്തില്ലായിരുന്നു, അതിനാല്‍ കസവു വച്ചിട്ടും വളരെയൊന്നും വിലയില്ലാത്ത സാരികളാണ്‌ അവിടെയുണ്ടാക്കിയിരുന്നത്. ശേഷം കാലം മാറിയെങ്കില്‍ ഞാന്‍ അറിയാതെ പോയി അത്.

ഫസലേ,
ഞാന്‍ കുട്ടിസഖാവോ മൂത്ത സഖാവോ അല്ലാത്തതുകാരണം എനിക്കറിയില്ല. തള്ളേ, ലവന്മാര്‍ക്കെല്ലാം മന്ത്രിപുത്രനായി കെട്ടണേല്‍ മന്ത്രിയെത്ര വേണം നാട്ടില്‍? ലതു പോട്ട് നിയമസഭാസമ്മേളനം പുത്തരിക്കണ്ടം മൈതാനത്തോ മറ്റോ നടത്തേണ്ടിവരുമല്ലോ. കേന്ദ്രമന്ത്രിപുത്രനായിട്ട് കെട്ടിയാമതിയെന്ന് പറ കുട്ടിസഖാക്കളോട്, മാധവറാവു സിന്ധ്യയുടെ മകളുടെ കല്യാണം നടക്കുമ്പോള്‍ അതിഥികള്‍ക്ക് പെറുക്കുവാനായി പന്തലിന്റെ മുകളില്‍ നിന്നും പവിഴവും രത്നവും കൊഴിഞ്ഞിരുന്നു. ലിവന്‍‌മാരും അതുപോലെ ചെയ്തെങ്കില്‍ എനിക്കും പോയി രണ്ടുമൂന്നെണ്ണം എടുത്തു വില്‍ക്കാമായിരുന്നു.

മൂര്‍ത്തീ, പീപ്പിള്‍സ് ഫോറം ഈ പോസ്റ്റ് ജനശക്തി ന്യൂസില്‍ നിന്നെടുത്തതാണ്‌ അടിയില്‍ കടപ്പാട് ലിങ്കായി കൊടുത്തിട്ടുണ്ട്.

ഗുപ്താ, ഇഞ്ജീ
മറ്റു ഓഡിറ്റോറിയങ്ങള്‍ അതിന്റെ വാടകകൊണ്ട് ജീവിക്കുന്നവരാണ്‌, ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ വരുമാന മാര്‍ഗ്ഗം അതല്ല. ഇത്തരം ഫസിലിറ്റികള്‍ അവര്‍ മെം‌ബര്‍മാര്‍ക്ക് സൗകര്യത്തിനായി ചെയ്തു കൊടുക്കുന്നതാണ്‌ ( പി സുബ്രഹ്മണ്യം ഹാളിന്റെ വാടക തുക ഏതു 'സ്റ്റാറ്റസ്' ഉള്ള മെംബര്‍ എന്തു കാര്യത്തിനു ബുക്ക് ചെയ്തു എന്നതനുസരിച്ചു മാറും. എനിക്കൊരു ക്വോട്ട് കിട്ടിയിട്ടുണ്ട് മറ്റൊരാള്‍ വഴി, പക്ഷേ എമൗണ്ട് പറഞ്ഞാല്‍ ആരെങ്കിലും അവിടെ ഫോണ്‍ ചെയ്ത് 'ഈയിടെ ഇത്ര രൂപ വാടക ആരോടാ അണ്ണന്‍ പറഞ്ഞതെന്ന് തിരക്കി ആ മനുഷ്യനെ വിളിച്ച് "നീയല്ലേടാ ഈ അനോണി അന്തോണി" എന്നു ചോദിക്കാനല്ലേ, ഞാന്‍ പറയൂല്ല)

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ സിംഗിള്‍‌റൂമിന്‌ അഞ്ഞൂറു രൂപയാണ്‌ (2008 നിരക്ക് ) ലെ വാടക. തൊട്ടടുത്ത് ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ അത് മൂവായിരത്തി എഴുന്നൂറ്റമ്പതു രൂപയും ലക്ഷ്വറി ടാക്സുമാണ്‌. അതാണ്‌ ക്ലബ്ബുകളും മറ്റു സ്ഥലങ്ങളുമായുള്ള വത്യാസം

http://www.trivandrumclub.org/php/partyFacilities.php എന്ന സ്ഥലത്ത് സാധാരണ താരിഫ് കാണാം ( പി എസ് ഹാളിന്റെ കാര്യം ഞാന്‍ പറഞ്ഞല്ലോ, അഡ് ഹോക്ക് റേറ്റ് )


പാമരാ, മീനിന്റെ പത്തടി ദൂരത്ത് കിടന്നുറങ്ങുന്ന ഞങ്ങള്‍ക്ക് കല്യാണത്തിനു ക്വാശി ഫ്രൈഡ് റൈസ് വരുമ്പോ അതിന്റെ സേവകനായിട്ട് ശകലം ഫിഷ് മോളി വരുമെന്നല്ലാതെ അവന്‍ പ്രധാന അതിഥിയല്ല. അതാണു ചോറും മീനുമെന്ന് കേട്ടപ്പോ ഇതാണോ സദ്യയെന്നു വച്ചത്. കണ്ണൂര്‌ ഇതുവരെ വന്ന് സദ്യയുണ്ടിട്ടില്ലാ.

സ്വര്‍ണ്ണ നൂല്‌ - ഒരു റേഡിയോ നാടകം

"എടേ, ഒന്നിങ്ങ് വന്നേ."
"?"
"ഈ ജാരി, ജെറി, കസവ് എന്നൊക്കെ പറയുന്നതില്‍ സ്വര്‍ണ്ണ നൂല്‌ തുന്നിച്ചേര്‍ക്കുമോ?"
"കസവ് എന്നു വച്ചാല്‍ ഒരു പട്ടുനൂലില്‍ കുഞ്ഞു വെള്ളി നൂല്‌ ചുറ്റി അതില്‍ സ്വര്‍ണ്ണം പൂശുന്നതാണ്‌. അല്ലാതെ സര്‍ണ്ണക്കമ്പിയല്ല. എനിക്കിപ്പോ എന്താ വാങ്ങിത്തരാന്‍ പോണത്? ബനാറസ്, കട്ടക്ക്, പോച്ചമ്പള്ളി, മൈസൂറ്, കാഞ്ചീപുരം, ധനുവച്ചപുരം, ചന്തേരി, അന്തേരി...?"

"ബസ്സിന്റെ കിളി അലയ്ക്കുമ്പോലെ കൂവി കഷ്ടപ്പെടണ്ട, തല്‍ക്കാലം ഒന്നും വാങ്ങുന്നില്ല. സ്വര്‍ണ്ണ ഇഴ വച്ച് സാരി നെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചതാ."
"ഗോള്‍ഡ് ത്രെഡെഡ് ഡ്രെസ്സ് എന്നൊരു പുസ്തകമുണ്ട് നായികയുടെ അമ്മൂമ്മയുടെ ഉടുപ്പ്..."
"തായ്‌ലാന്‍ഡിലെ ഉപ്പുപ്പാന്റെ ആനേടേ കാര്യം പോട്ട് , സാരിയില്‍ സ്വര്‍ണ്ണ നൂലിടുന്ന എടപാടുണ്ടോ?"
"ഇതുവരെ കേട്ടിട്ടില്ല, ഉറപ്പില്ല. സാധാരണ കടക്കാര്‍ പ്യുവര്‍ ഗോള്‍ഡ് എന്നു പറഞ്ഞാല്‍ കസവില്‍ പൂശിയത് സ്വര്‍ണ്ണം തന്നെ ആണെന്നേ അര്‍ത്ഥമുള്ളു. ഇനി വേറെന്തെങ്കിലും പരിപാടി ഉണ്ടോ എന്ന് ഉറപ്പായി അറിയണമെങ്കില്‍ എന്നെ മൂന്നാലു സംസ്ഥാനങ്ങളിലെ ചില സാരിക്കടകളില്‍ കൊണ്ടു പോയാല്‍ മതി അന്വേഷിച്ചു അറിയിക്കാം."
"എനിക്കറിയണ്ടാ."


ഇഞ്ച്ചീ,
ഗാര്‍നെറ്റിന്റെ കാര്യമൊന്നും എനിക്കറിഞ്ഞൂടാ, വല്ല ഹോര്‍നെറ്റിന്റെ കാര്യമാണെങ്കില്‍ പണ്ട് അതിന്റെ വലിയൊരു കൂട് പന്തമെറിഞ്ഞു കത്തിച്ച കഥയും മറ്റും പറയാമായിരുന്നു. ആഭരണങ്ങളുടെ കാര്യം ഇഞ്ചി പറഞ്ഞതാവും ശരി.

പക്ഷേ ആറുവിരലിലും മോതിരം എന്നു ജനശക്തി പറഞ്ഞത് ചുമ്മ, അവരു രണ്ടു കയ്യും കൂപ്പി നിന്ന ഫോട്ടോയില്‍ നോക്കിയിട്ടും ഒന്നേ കണ്ടുള്ളു ഞാന്‍. പെണ്‍-കൊച്ചിന്റെ അമ്മ ആരാണെന്ന് പടം കണ്ട് എനിക്കു മനസ്സിലായില്ല, ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആണ്‌ വധുവിന്റെ അച്ഛന്‍ എന്ന് പത്രത്തില്‍ വായിച്ചു.

രാജ്,
ശരിയാണ്‌. വാസ്തവ വിരുദ്ധമായി തോന്നിയ കാര്യങ്ങള്‍ ചേര്‍ന്നാല്‍ അതും പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാവുന്നവയഅയിട്ടും ലേഖകന്‍ ഉള്‍പ്പെടുത്തിയെന്നു കണ്ടാല്‍ അതിന്റെ വായിക്കുന്നയാള്‍ മൊത്തത്തില്‍ ലേഖനം അസത്യമാണോ എന്ന് സ്വാഭാവികമായും ഉദ്ദേശമെന്തെന്ന് വണ്ടറടിച്ചു പോകും. പ്രത്യേകിച്ച് ബിനീഷ് ഗള്‍ഫിലേക്കു വന്ന ഫ്ലൈറ്റില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍. വിമാനത്താവളത്തിന്റെ കൊടി ഊരിക്കുന്ന കുഞ്ഞാലിക്ക് ഗള്‍ഫിലൊരു ചെറുക്കനു പണി ഒപ്പിക്കാന്‍ കൂടെ കയറി വന്നു തെണ്ടേണ്ട അവസ്ഥയോ?


അരവിന്ദ്,
പി സുബ്രഹ്മണ്യം ഹാളിനു അതിന്റെ പകുതി പണം എന്നെ ഏല്പ്പിച്ചാല്‍ ഞാന്‍ ശരിപ്പെടുത്തി തരാം, സീരിയസ്സ്. വട്ടച്ചിലവിനു എനിക്കും കുറച്ചു കിട്ടും ( റെഫര്‍ ചെയ്തത് അനോണി ആന്റണി ആണെന്ന് നാലാള്‌ അറിയാതിരുന്നാല്‍ മതി). പിന്നെ, തീര്‍ച്ചയായും ഈ കല്യാണം ആര്‍ഭാടം തന്നെയായിരുന്നു, ഇല്ലാത്ത കാര്യം പക്ഷേ അതില്‍ വരുമ്പോ ഒരു കണ്‍ഫ്യൂ. (ഞാന്‍ അവസ്സാനം കൂടിയ ഇടത് കല്യാണവും കുറേയൊക്കെ ആര്‍ഭാടമായിരുന്നു. ഇന്ന് മദ്ധ്യവയസ്കരായ ഒന്നു രണ്ട് നേതാക്കളുടെ ലളിതമായ നാരങ്ങാവെള്ളം & ഷേക്ക് ഹാന്‍ഡ് കല്യാണങ്ങള്‍ ആലോചിച്ച് അവിടെ നിന്നിട്ടു തിരിച്ചു പോന്നു. )

Monday, May 5, 2008

ബൈജി പോയി, ബന്ധുക്കളെയെങ്കിലും...

പണ്ടു പണ്ട് ചൈനയിലെ ഒരു രാജാവിന്റെ അതിസുന്ദരിയായ മകള്‍ ഒരു ദരിദ്രനെ പ്രണയിച്ചു. അപേക്ഷകളും ഭീഷണിയും മര്‍ദ്ദനവും കൊണ്ട് മകളെ പിന്‍‌തിരിപ്പിക്കാനാവാതെവന്നപ്പോള്‍ ആ ക്രൂരനായ ചക്രവര്‍ത്തി കുമാരിയെ യാങ്സേ നദിയില്‍ മുക്കിക്കൊന്നു. അവള്‍ ബൈജിയായി നദിയില്‍ ഉയിര്‍ത്തു, ബൈജികളെപ്പെറ്റു വളര്‍ത്തി. യാങ്സീതീരത്തുള്ളവര്‍ക്ക് ബൈജി സ്നേഹത്തിന്റെ പ്രതീകവും ശുഭദൃശ്യവുമാണ്‌.

ഇത് ഐതിഹ്യം. ബൈജി അധവാ യാങ്സീ നദീ ഡോള്‍ഫിന്‍ ഇനി ഐതിഹ്യങ്ങളില്‍ മാത്രമാണെന്ന് ഭയപ്പെടുന്നു. അമ്പതു വര്‍ഷം മുന്നേ ആറായിരത്തോളം ബൈജികള്‍ ഉണ്ടായിരുന്നു. അണക്കെട്ടുകളും മലിനീകരണവും വൈദ്യുതഷോക്ക് അടക്കം വിട്ട മത്സ്യബന്ധനവും അവയുടെ നില നില്പ്പ് അപകടത്തിലാക്കി. ബൈജി സം‌രക്ഷണ മേഖലയും നദീശുചീകരണ പദ്ധതിയുമൊന്നും സഹായിച്ചില്ല. അറ്റ കൈക്ക് ക്യാപ്റ്റീവിറ്റിയില്‍ വളര്‍ത്താന്‍ നോക്കി- ബൈജി അതിനും വഴങ്ങിയില്ല.

മനുഷ്യപുരോഗതിയുടെ രക്തസാക്ഷിയായി ഈ സുന്ദരസസ്തനികള്‍ മാറി. രണ്ടായിരത്താറ് സെന്‍സസില്‍ ബൈജികളെ ഒരെണ്ണം പോലും കണ്ടെത്താതെയായതില്‍ തുടര്‍ന്ന് "ക്രിട്ടിക്കലി എന്‍ഡേഞ്ജേര്‍ഡ്" എന്നതില്‍ നിന്നും " ഫങ്കഷണലി എക്സ്റ്റിങ്ക്റ്റ്" എന്ന വിഭാഗത്തിലേക്ക് ബൈജികളെ മാറ്റേണ്ടിവന്നു.

ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഡോള്‍ഫിനുകള്‍ ഈ ഭൂമുഖത്തുണ്ട്, മനുഷ്യന്‍ ചെയ്ത നാശംകൊണ്ട് അവയില്‍ അന്യം നിന്ന ആദ്യത്തേതായി മാറി ബൈജി. ഡോള്‍ഫിനുകള്‍ വളരെ ബുദ്ധിശാലികളും സ്നേഹമുള്ളവരുമാണ്‌. വായു ശ്വസിക്കുന്ന ജന്തുക്കള്‍ (മറ്റു ഡോള്‍ഫിനുകളടക്കം) വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ തുടങ്ങുന്നെന്ന് കണ്ടാല്‍ ഡോള്‍ഫിനുകള്‍ അവയെ ഉപരിതലത്തിലേക്ക് ഉയര്‍ത്തി ശ്വാസം കൊടുക്കാറുണ്ട്. സ്രാവുകളില്‍ നിന്നും നീന്തല്‍ക്കാരെ ഡോള്‍ഫിനുകള്‍ രക്ഷിച്ച കഥകളും ഏറെയുണ്ട്. ഡോള്‍ഫിനുള്ള സ്ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവച്ചുകൊടുത്താല്‍ അവ അതു കേള്‍ക്കാന്‍ വന്നു നില്‍ക്കാറുമുണ്ട് (എന്റെ സ്വന്തം അനുഭവങ്ങളില്‍നിന്ന്)


ബൈജിയുടെ ഉറ്റബന്ധുക്കളാണ്‌ സുസു (സിന്ധു-ഗംഗാ ഡോള്‍ഫിനുകള്‍ ) മെക്കോങ്ങ് ഇറവാദി (ഫ്രഷ് വാട്ടര്‍ ഇറവാഡി) ബോട്ടോ (ആമസോണ്‍ റിവര്‍ ഡോള്‍ഫിന്‍) എന്നിവ. ഇവയില്‍ ബോട്ടോ മാത്രമാണ്‌ അല്പ്പമെങ്കിലും ആശാവഹമായ അംഗസഖ്യയുള്ള കുടുംബം. ബോട്ടോകളെ ആദരിച്ചാല്‍ ഇഷ്ടമുള്ള യുവതി തന്നെ പ്രേമിക്കുമെന്ന് ആമസോണ്‍ തീരത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ വിശ്വസിക്കുന്നതിനാല്‍ ഇവയെ വേട്ടയാടാറില്ല, എന്നാല്‍ ഡാമുകളും തീരങ്ങളിലെ ജനസംഖ്യാവര്‍ദ്ധനയും അവയെയും അപകടത്തിലാക്കിയേക്കാം. മെക്കോങ്ങ് ഇറവാദികളും സുസുക്കളും അതീവഭീഷണിയിലാണ്‌. നൂറിനും ആയിരത്തിനും ഇടയിലായിരിക്കണം അവയുടെ എണ്ണം.


ബീഹാറിലെ വിക്രമശില നദീഡോള്‍ഫിന്‍ സാങ്ച്ച്വറിയാണ്‌ സുസുക്കളുടെ ഏക പ്രതീക്ഷ സിന്ധുദോള്‍ഫിനുകള്‍ അന്ധരാണ്‌ എന്നതിനാല്‍ വേഗം പിടിയിലാകുന്നു എന്നതിനാല്‍ നില ആശങ്കയിലാണ്‌. എണ്ണയ്ക്കും ഇറച്ചിക്കുമായി ഇന്തോപ്പാക്ക് മേഖലകളില്‍ ഇവ രണ്ടും പിടിയിലാകുന്നു. അതിലും വലിയ ഭീഷണി നദികളിലെ മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതും.

മൃദുവായൊരു ചൂളം വിളിയുമായി ബൈജിയൊരിക്കലും പ്രണയിതാക്കളെ അനുഗ്രഹിക്കാന്‍ എത്തുമെന്ന് പ്രതീക്ഷയില്ല, സുസുക്കളെയും ഇറവാദികളെയും ബോട്ടോകളെയും രക്ഷിക്കാനെങ്കിലും നമുക്കാവട്ടെ. മഹാനദികളുടെ എക്കോസിസ്റ്റം തകരുന്നതിന്റെ മുഖ്യലക്ഷണമായി ഡോള്‍ഫിനുകള്‍ കുറയുന്നതിനെക്കാണണം എന്ന് ബൈജി ഫൗണ്ടേഷന്‍ പറയുന്നു.

നക്ഷത്ര കമ്യൂണിസ്റ്റ് വിവാഹമെന്ന പോസ്റ്റിന്‌

കൊറിയന്‍ യുദ്ധം പുരോഗമിച്ച് അമേരിക്ക ചൈനയില്‍ പ്രവേശിക്കുന്നത് തടയാന്‍ മാവോസെദോങ്ങ് അയച്ച പട്ടാളക്കാരില്‍ ഒരു സാധാരണ ഉദ്യോഗസ്ഥനായ പുത്രന്‍ അന്യിങ്ങും ഉണ്ടായിരുന്നു. മരിച്ച ഒരു ലക്ഷത്തി നാല്പ്പതിനായിരം പട്ടാളക്കാരിലൊരുവന്‍ തന്റെ സ്വന്തം മകനാണെന്നറിഞ്ഞ അദ്ദേഹം വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടൊരു സിഗററ്റ് കത്തിക്കാന്‍ വിഫലശ്രമം നടത്തി. എന്നിട്ട് പറഞ്ഞു "വിപ്ലവത്തിനു വില എപ്പോഴും കൊടുക്ക്കേണ്ടിവരും. അന്യിങ്ങ് നമ്മള്‍ കൊടുത്ത ആയിരക്കണക്കിനു വിലയില്‍ ഒന്നാണ്‌.... വിപ്ലവം ഒരു സാഹായ്ന വിരുന്നല്ല, ഉയിര്‍ത്തെഴുന്നേല്പ്പാണ്‌- ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ തറപറ്റിക്കുന്ന രക്തരൂക്ഷിത നടപടിയാണത് " (മാവോ സെദൂങ്ങ്- വൈറ്റ്നി സ്റ്റുവര്‍ട്ട്, പേജ് 69)
അടുത്ത മകനെയും പട്ടാളത്തില്‍ തന്നെ അയച്ചു ചെയര്‍മാന്‍ മാവോ. ഇങ്ങനെയൊരു കമ്യൂണിസ്റ്റുകാലമുണ്ടായിരുന്നെന്ന് പറഞ്ഞാല്‍ അതസംബന്മാണെന്ന് ഇന്നത്തെ ലോകം പറയും. കാലം മാറി പാര്‍ട്ടികള്‍ മാറി, ജനത മാറി.


വര്‍ക്കേര്‍സ് ഫോറം വഴി ജനശക്തി ന്യൂസില്‍‍ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തെക്കുറിച്ച് വന്ന റിപ്പോര്‍ട്ട് വായിച്ചു . കോടിയേരിയെ ആദര്‍ശവാനോ അഭിമതനോ കഴിവുറ്റവനോ ആയിപ്പോലും കാണാന്‍ എനിക്കാവില്ല, ഒരു മന്ത്രിയെന്ന നിലയിലും തനിക്കു മുന്നേയിരുന്നവരില്‍ നിന്നും മെച്ചമായി എന്തെങ്കിലും ചെയ്തെന്ന് കോടിയേരി പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കുകയുമില്ല. അദ്ദേഹം വന്‍ ധൂര്‍ത്ത് മകന്റെ കല്യാണത്തിനു നടത്തിയെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും. അതിലുമപ്പുറത്ത്, കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി ഇരിക്കുന്ന ഒരാളുടെ അതും ഇടതുപക്ഷ മന്ത്രിയുടെ മകന്‌ നാട്ടിലും വിദേശത്തുമായി നീളുന്ന വലുതൊന്നുമല്ലെങ്കിലും കേരളത്തിലെ സാധാരണ ബിസിനസ്സുകളോട് താരതമ്യം ചെയ്താല്‍ ചെറുതല്ലാത്ത രീതിയിലെ ബിസിനസ്സു കൊണ്ടു നടക്കുന്നതില്‍ ധാര്‍മ്മികമായ തെറ്റുണ്ടെന്ന അഭിപ്രായക്കാരനുമാണ്‌ ഞാന്‍. പിന്നെന്തു പ്രശ്നം?

ജനശക്തി ന്യൂസിന്റെ ടോണ്‍ ആയിരുന്നില്ല, ഫയര്‍, ക്രൈം എന്നീ വാരികകള്‍ വായിക്കുമ്പോള്‍ കാണാറുള്ള "പ്രതിപാദ്യരീതി. അതുകൊണ്ട് മാത്രമാണ്‌ ലേഖനം മുഴുവന്‍ വായിച്ചതും. വസ്തുതാപരമായി തെറ്റുകള്‍ കണ്ടതുകൊണ്ട് എനിക്കെന്തോ, മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കാതെ തയ്യാര്‍ ചെയ്തതായും തോന്നി.

ലേഖനത്തിലെ പിശകുകള്‍:
1. "ദുബായിലെ ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ്‌ കോടിയേരിയുടെ മകന്‍ ബിനോയ്‌ കോടിയേരി"- ബിനോയിക്ക് ബിസിനസ്സാണെന്നാണ്‌ ഇവിടെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്.

2. "ചോറും മീന്‍കറിയും ആയിരുന്നു അന്നത്തെ പ്രധാനഭക്ഷണം"- ? ഒരു ബിസിനസ്സുകാരന്റെ വിവാഹത്തലേന്നോ? അത്രേയുള്ളോ?

3. "തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ വിവാഹവേദികളില്‍ ഒന്നായ ശ്രീമൂലം ക്ലബ്ബില്‍" ശ്രീമൂലം ക്ലബ്ബ് വളരെ നോമിനലായുള്ള വാടക മാത്രമേ ഈടാക്കാറുള്ളു (സാധാരണക്കാരനു കിട്ടില്ലെന്നു മാത്രം)

4. "ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന്‌ കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു." ചിത്രത്തില്‍ അങ്ങനെ പണ്ടങ്ങള്‍ കാണാനില്ല


4. " ഈ മുപ്പത്‌ പേരും ധരിച്ച വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത്‌ നല്‍കിയത്‌ ഫാഷന്‍ ടി വി യുടെ എറണാകുളത്തുള്ള ഡിസൈനര്‍ വിഭാഗത്തില്‍ നിന്നായിരുന്നു. " ഫാഷന്‍ ടിവിയ്ക്ക് കേരളത്തില്‍ ഓഫീസുകളില്ല, ഫാഷന്റെ തലസ്ഥാനമഅയ പാരിസില്‍ നിന്ന് അവര്‍ക്ക് എറണാകുളത്ത് ഓര്‍ഡറു കൊടുത്ത് നല്ല കൈലി പോലും വാങ്ങാന്‍ താല്പ്പര്യം കാണില്ലല്ലോ.

5. "സുബ്രഹ്മണ്യം ഹാളിലായിരുന്നു മന്ത്രി പുത്രന്റെ വിവാഹം. ഒരു ലക്ഷം രൂപയാണ്‌ ഈ വിവാഹവേദിക്ക്‌ നല്‍കേണ്ട വാടക. " സുബ്രഹ്മണ്യം ഹാള്‍ ട്രിവാന്‍ഡ്രം ക്ലബ്ബിന്റേതാണ്‌. മറ്റു ഹാളുകള്‍ക്കും പൂള്‍ സൈഡിനും മറ്റും രണ്ടായിരം രൂപയില്‍ താഴെ താരിഫ് വാങ്ങുന്ന ഇവര്‍ ഇതിനു മാത്രം ഒരുലക്ഷം രൂപ വാങ്ങിയെന്ന് വിശ്വസിക്കാനാവുന്നില്ല, മന്ത്രിയുടെ ബുക്കിങ്ങ് എന്ന നിലയില്‍ സൗജന്യമായി കൊടുക്കാനാണു സാദ്ധ്യത.

6. "ഗള്‍ഫിലെ ഏറ്റവും വലിയ മദ്യരാജാവായ (മക്‌ഡവല്‍ കമ്പനി ഉടമ വിജയ്‌ മല്ല്യയേക്കാള്‍ പത്തിരട്ടി ധനാഢ്യനായ) ഒരു മലയാളിയും ചേര്‍ന്നാണ്‌" ഏതു ഗള്‍ഫ് നാട്ടിലെ? യൂ ഏ ഈ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും മദ്യരാജാക്കന്മാര്‍ എം എം ഐ , ഏ & ഈ എന്ന രണ്ട് പാശ്ചാത്യ കമ്പനികളാണ്‌. ഇനി ബാര്‍ ഉടമകളുടെ കാര്യമാണ്‌ ഉദ്ദേശിച്ചതെങ്കില്‍ വിജയ് മല്യയുടെ പോയിട്ട് മണര്‍കാട് പാപ്പച്ചായന്റെ ഏഴയലത്തു വരുന്ന ഒരു അബ്കാരിയും മലയാളി ആയി ഇവിടെങ്ങുമില്ല.


"നവ്യാനായരുടേയും കാവ്യാമാധവന്റെയും മുഖകാന്തിയെ തോല്‌പിക്കുന്നതായിരുന്നു മദ്ധ്യവയസ്‌കയായ വിനോദിനിയുടെ മുഖകാന്തി. പതിനായിരക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ നടത്തിയ മേക്കപ്പിലൂടെയാണ്‌ സഖാവ്‌ ഇത്‌ സാധിച്ചെടുത്തത്‌. ഏതായാലും വിവാഹത്തിന്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ അണിഞ്ഞൊരുങ്ങി എത്തിയ എല്ലാ കൊച്ചമ്മമാരേയും സിനിമാനടിമാരെപ്പോലും പി ബി അംഗത്തിന്റെ ഭാര്യ വേഷഭൂഷാദികളുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി.മന്ത്രി ഭാര്യ കഴിഞ്ഞാല്‍ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്‌ ഏറെ വ്യത്യസ്‌തമായ മുന്തിയ വിലയുള്ള വേഷങ്ങള്‍ ധരിച്ച മന്ത്രി കുടുംബത്തിലെ മുപ്പത്‌ പേരെയായിരുന്നു വജ്രം പതിച്ച ഒരു വലിയ മോതിരം ഉള്‍പ്പെടെ ആറ്‌ വിരലുകളിലും ഈ സഖാവ്‌ സ്വര്‍ണ്ണമോതിരങ്ങള്‍ ധരിച്ചിരുന്നു!ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന്‌ കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു. അതില്‍ തെല്ലും അതിശയോക്തിയില്ലായിരുന്നു.
"

ഈ വിവാഹത്തെക്കുറിച്ച് കൃത്യമായി അറിയാന്‍ ഞാന്‍ വധുവിന്റെ ഒരു ബന്ധു ഇട്ടിരിക്കുന്ന പിക്കാസ വെബ് ആല്‍ബം പരിശോധിച്ചു (ദയവായി ആരും അവിടെ പോയി അഭിപ്രായങ്ങളെഴുതരുതെന്ന് അപേക്ഷ, അതൊരു സ്വകാര്യ ആല്‍ബം മാത്രമാണ്‌). കണ്ടത് ഇങ്ങനെ:

വിവാഹച്ചടങ്ങില്‍ ശ്രീമതി കോടിയേരി കണ്ടാല്‍ വിലകൂടുതലെന്നു തന്നെ തോന്നുന്ന ഒരു സാരിയുടുത്തിട്ടുണ്ട് (ഞാന്‍ സാരി വിദഗ്ദ്ധനല്ല, ബാലരാമപുരത്താണു നെയ്തതെന്നു ജനശക്തി ന്യൂസ്, അവിടം വിലകൂടിയ സാരികളുണ്ടാക്കുന്ന സ്ഥലമല്ല, കൈത്തറി ഗ്രാമമാണ്‌). ഒരു മാലയും ഒരു മോതിരവും ഇട്ടിട്ടുണ്ട് (ആറുവിരലിലുമൊന്നുമില്ല, വജ്രമാണോ മോതിരമെന്നും എനിക്കു മനസ്സിലാവില്ല), മേക്കപ്പിനെക്കുറിച്ചറിയില്ല -ഒരു ഇടതുപക്ഷക്കാരിക്ക് അത് മോടി തന്നെ ആണെന്ന് പറയാം. റിസപ്ഷന്‍ ചടങ്ങില്‍ അവര്‍ തീര്‍ച്ചയായും പുതിയതല്ലാത്ത ഒരു ചുരിദാറാണ്‌ ഇട്ടിരിക്കുന്നത്, ആഭരണങ്ങളൊന്നുമില്ല. ഫാഷന്‍ വസ്ത്രം ധരിച്ച മുപ്പതു പേരെ കാണാനായില്ല, ബിനീഷ് കോടിയേരിയും കുഞ്ചാക്കോ ബോബനും ഒരേ തരം ഷര്‍ട്ട് ഇട്ടിരിക്കുന്നു, വിലയൊന്നും മതിക്കാന്‍ എനിക്കറിയില്ല. ഈ പറഞ്ഞ ഹീരാബാബുവും കുഞ്ഞാലിക്കുട്ടിയുമൊക്കെ കല്യാണത്തിനുണ്ടായിരുന്നെങ്കില്‍ എസ് ക്ലാസ് ബെന്‍സുകള്‍ തീര്‍ച്ചയായും ഉണ്ടാകും .


പറഞ്ഞുവന്നത് ഇത്രയേയുള്ളു, കോടിയേരിയുടെ മകന്റെ വിവാഹം പഴയകാല സഖാക്കളുടെ വിവാഹം പോലെ ലളിതമായ ഒന്നായിരുന്നില്ല. പക്ഷേ ജനശക്തി പറയുന്ന പല കാര്യങ്ങളും പ്രത്യക്ഷത്തില്‍ വാസ്തവത്തിനു നിരക്കുന്നില്ല എന്നതിനാല്‍ ലേഖനത്തിലെ "കൊച്ചമ്മ" "ഇമെല്‍ഡ മാര്‍ക്കോസ്" "രാജ്ഞി" എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ എന്തോ, ശരിയായി തോന്നിയില്ല. ( ഒന്നും ശരിവയ്ക്കുകയല്ല ലേഖനത്തിന്റെ ഉദ്ദേശം, കോടിയേരിയെയോ മകനെയോ പരിചയമില്ല, അവരൊന്നും രാഷ്ട്രീയപരമായോ മറ്റെന്തെങ്കിലും രീതിയിലോ എന്റെ കയ്യടി വാങ്ങാന്‍ പോകുന്നുമില്ല).

Sunday, May 4, 2008

പൊലിയോ പൊലി

അന്തപ്പായീ, ഇതെത്രകാലമായി കണ്ടിട്ട്!
ആരിത് ജോര്‍ജ്ജോ? നാട്ടിലെ ബാറിലൊക്കെ പറ്റു തോനെ ആയതുകൊണ്ടാണോ ഇങ്ങ് ദുബായിക്ക് വന്നത്?

നാട്ടി പ്രശസ്തിമൂത്ത കാരണം കൗണ്ടറില്‍ നിന്നടിക്കാന്‍ പറ്റുന്നില്ല, നില്പ്പനല്ലിയോ കൗബോയി സ്റ്റൈല്‌?
ആരു കൗബോയി? ഭീരുവിന്‍ വിടുവായ്ക്ക് മാപ്പു നല്‍കും ഞാന്‍ ധീരന്റെ കുതിരയെ പിടിച്ചു കെട്ടും എന്ന് വിക്കാതെ ഒന്നു പാടാന്‍ പറ്റുവോടേ?

ബൂട്ടിട്ടവനെല്ലാം ...
തന്നെ, തന്നെ. ഇന്നെന്താ നെട്ടനെ അടിയാണല്ല്?

ഇന്നത്തെ കിള സീതിഹാജി പുഷ്പാഞ്ജലി നടത്തിയതു പോലെ ആയെന്നേ. ചെയ്തതും മൊത്തം അബദ്ധം പറഞ്ഞതും മൊത്തം അബദ്ധം.
എന്നും താന്‍ അങ്ങനെ തന്നെയല്ലേ?

അതാണല്ലോ എന്നും വേഷാ വീശുന്നതും. തന്നെ കണ്ടപ്പഴാ അരിയുടെ കാര്യം ഓര്‍ത്തത്. താന്‍ അരി പുഴുങ്ങി തിന്നുന്ന ആളല്ലേ.
ഓ. അരിവിലയുടെ കാര്യമാണോ?

തന്നെ. തന്റെ നാട്ടില്‍ പട്ടിണിക്കാരെല്ലാം മദ്ധ്യവര്‍ഗ്ഗം ആയപ്പഴേക്ക് അരി തീറ്റ കൂട്ടിയെന്ന് ശാസ്ത്രജ്ഞരു പറഞ്ഞതല്ലേ, അതൊന്ന് ക്വാട്ട് ചെയ്തതിനു എന്തരാ ഇപ്പം കൊഴപ്പം എന്ന് ഒരു പിടിയുമില്ല.

ജോര്‍ജ്ജേ, ആളൊഹരി അരിയുഭപോഗം വര്‍ഷാവര്‍ഷം ഇനി ഇന്ത്യയില്‍ ആറു ശതമാനം കൂടും. അത് ലോക തത്വമാണ്‌. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം പ്രതിശീര്‍ഷം അമ്പതു കിലോ ധാന്യോപഭോഗം കൂടി, ഇന്ത്യയില്‍ അതിന്റെ അഞ്ചിലൊന്നേ കൂടിയുള്ളെന്നേ.

അപ്പോ ഇന്ത്യക്കാരു തീറ്റ കൂട്ടിയതുകൊണ്ടല്ലേ അരി തീര്‍ന്നത്? ഐ ഐ ആര്‍ വെബ് സൈറ്റില്‍ അങ്ങനെ എന്തോ ഉണ്ടെന്ന് അരിക്കാരി അമ്മു പത്രസമ്മേളനത്തി പറഞ്ഞല്ല്?
ഒരുമാതിരി പുരാണത്തി ശാസ്ത്രം തിരയുന്നതുപോലെ ഗവേഷണത്തേല്‍ തിരഞ്ഞാല്‍ ഇതിനപ്പുറവും വായിക്കാം. ടേ, ആളോഹരി തീറ്റ ഇങ്ങനെ
ധാന്യം- ഇന്ത്യയില്‍ നൂറ്റെഴുപത്തെട്ട്, അമേരിക്കയില്‍ ആയിരത്തി നാല്പ്പത്താറ്‌
പാല്‌ - ഇന്ത്യയില്‍ മുപ്പത്താറ്‌ നിങ്ങടോടെ എഴുപത്തെട്ട്
എണ്ണ- പതിനൊന്ന്, നാല്പ്പത്താറ്
കോഴി - രണ്ട്, നാല്പ്പത്തഞ്ച്
കാള- രണ്ട് നാല്പ്പത്താറ്‌


എനിക്കീക്കണക്കൊന്നും കേള്‍ക്കണ്ട. യുണൈറ്റഡ് നേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു ഇന്ത്യയും ചൈനയും കൂടിയാണ്‌ അരിവെല കൂട്ടിയതെന്ന്. ഞാന്‍ പറഞ്ഞാലല്ലേയുള്ളു തള്ളക്കുവിളിച്ചോണ്ട് ആളു വെരുന്നത്.
കൊഴപ്പമുള്ള സ്ഥലം വരുമ്പോ താന്‍ കണ്ണടച്ചോണ്ടാണോ പത്രം വായന? ബയോഫ്യൂവലുണ്ടാക്കുന്നതില്‍ അഞ്ചു വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലോകം വിശന്നു ചാകുമെന്ന് അതില്‍ എഴുതിയത് കണ്ടില്ലേ?

ബയോ ഫ്യൂവല്‍ ഉണ്ടാക്കുന്നതുകൊണ്ടാണ്‌ എണ്ണക്കിനി ഇറാനെക്കൂടി ആക്രമിക്കേണ്ടി വരാത്തത്, പാവം അഹമ്മദി നെജാദിനെ നീ ഓര്‍ക്കണ്ടേ?
തലക്ക് ഓളമുള്ളവരേ ധാന്യം കൊണ്ട് ഭയോ ഫ്യൂവലുണ്ടാക്കൂ. നിന്റെ കോണാ..

ഡേ, അശ്ലീലം പറയല്ല്.
കോണായ കോണ്‍ മുഴുവന്‍ ഫ്യൂവലാക്കിയാലും നിങ്ങടെ മൊത്തം ഇന്ധനാവശ്യത്തിന്റെ മൂന്നു ശതമാനം ബയോഫ്യൂവലേ കിട്ടൂ. ഇതിലെവിടാ അശ്ലീലം?

അപ്പോ ബയോഫ്യൂവല്‍ ഒരു പരിഹാരമല്ലേ?
അല്ല.

അപ്പ ഞങ്ങളെന്തിനാ ഇതൊണ്ടാക്കണത്?
മിനിമം ഒരാള്‍ക്ക് എലിയും ഉറിയും തിരിച്ചറിയാനുള്ള വിവേകമെങ്കിലും വേണം. എഡേ, ഒരു കിലോ അരിക്ക് ഇരുപതു രൂപ ആണെന്ന് വയ്ക്കുക. അത് ഡിമാന്‍ഡും സപ്ലൈയും വച്ചാണ്‌ തീരുമാനിക്കുന്നത്. ഡിമാന്‍ഡ് കുറയൂല്ല, അപ്പോ സപ്ലൈ പകുതിയാക്കിയാല്‍ അരക്കിലോ അരിക്ക് നാല്പ്പതാവും, ബാക്കി അരക്കിലോ അരിയുടെ സ്ഥാനത്ത് ബയോഡീസലുണ്ടാക്കിയാല്‍ അത് ലാഭം. ഏത്?

കണ്ടോ ഇന്ത്യയാണ്‌ കാരണം. നിങ്ങള്‍ അരിയുത്പാദനം കുറച്ച് ബയോഡീസല്‍ ..
അവിടെങ്ങും ഈ കോപ്പൊന്നുമില്ല. ഈ ലോകത്ത് അരിയുത്പാദനം കുറച്ച ഒരേ ഒരു രാജ്യം അമേരിക്കയല്ലേടേ?

അതു മാത്രം നീ പറയരുത്. രണ്ടായിരത്തി എട്ടില്‍ അരി കയറ്റുമതി ഇരുപതു ശതമാനം കൂട്ടാന്‍ പോണ മറ്റേതു രാജ്യം ലോകത്തുണ്ട്? എര്‍. കിര്‍.. തായ്ലാണ്ട് അല്ലാതെ?
ബെസ്റ്റ്. ഡബ്ലിയു എം ഡിയെക്കാല്‍ വിശ്വസനീയമായ കള്ളം. പക്ഷേ ആളു മാറിപ്പോയി ചെല്ലാ. രണ്ടായിരത്തി നാല്‌ രണ്ടായിരത്തഞ്ചിലും രണ്ടായിരത്തഞ്ച്ച് രണ്ടായിരത്താറിലും രണ്ടായിരത്താറ്‌ രണ്ടായിരത്തേഴിലും പത്തും പതിനഞ്ചും ഇരുപത്തഞ്ചും ശതമാനം കുറച്ച്, അരിക്ഷാമമുണ്ടായി വില കണ്ടമാനം കൂടിക്കഴിഞ്ഞപ്പോ ഇരുപതു ശതമാനം കൂട്ടിയാല്‍ നാല്പ്പതു ശതമാനം ലാഭം കൂട്ടാമെന്ന് അല്ലേ? പുര കത്തുമ്പോ തന്നെ കൊയ്യാനിറങ്ങണം, അത് ബിസിനസ്സ്. പക്ഷേ കൊയ്ത്തിനായി പെരപ്പൊറത്ത് പന്തം എറിയരുത്.


അപ്പോ കാടിക്കലം മറിഞ്ഞത്.. അല്ല അരിക്കലം മറിഞ്ഞത് ഞങ്ങക്ക് ഒരു താപ്പായി അല്ലേ?
പിന്നേ, കയറ്റിവിട് ഫിലിപ്പൈന്‍സിലോട്ട്.

അപ്പ എന്നോടെന്തിനാ ഭക്ഷ്യക്ഷാമമാണെന്നും ഇന്ത്യക്കാര്‍ ഒക്കെ തിന്നു തീര്‍ത്തതാണെന്നും മൈക്കേല്‍ പറയാന്‍ ലവന്മാരു പറഞ്ഞത്? ഞങ്ങളു സന്തോഷിക്കുവല്ലേ വേണ്ടത്?
ടേ, പാപ്പരു കുറിയിട്ട മുപ്പത്തേഴു മില്യന്‍ അമേരിക്കക്കാര്‍ക്കും , വോട്ട് കിട്ടണേല്‍ അത് ദൂരെ ആരുടെയെങ്കിലും മോളി കെട്ടിവയ്ക്കണ്ടേ? ഇറാനെന്നു പറഞ്ഞാല്‍ വയറു വിശക്കുന്നവനു രാജ്യസ്നേഹം വരൂല്ല, അതിനു തീറ്റയുടെ കാര്യം തന്നെ പറയണം, വേണ്ടേ?

മുപ്പത്തേഴു മില്യണ്ടെ കാര്യം പറഞ്ഞപ്പഴഅ, പ്രതി ദിനം മുപ്പത്തേഴു മില്യന്റെ ഭക്ഷണം അമേരിക്കക്കാരു പാഴാക്കുന്നെന്ന് ആരോ ഒരുത്തന്‍ പറഞ്ഞ. ഈ ഭക്ഷണം പാഴാവാതെ തിന്നാന്‍ പറ്റുവോ പിന്നെ?
പറ്റുവല്ല്. ഒന്നാമത് ആവശ്യത്തില്‍ കൂടുതല്‍ വയ്ക്കരുത്, വിളമ്പരുത്, എച്ചിലാക്കരുത്. വീട്ടില്‍ വന്നു കേറിയാ ഒടനേ കളസമെല്ലാം ഊരിക്കളഞ്ഞ് ഒരു പ്യാശ ഉടുക്കണം. എന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണം. മൂലം നെലത്തു കുത്തി ഇരിക്കണം. ആവശ്യത്തിനു മാത്രം ചോറു വിളമ്പിക്കണം. കറി കൊഴച്ച ഉരുളയാക്കി തിന്നണം. ഒരൊറ്റ വറ്റ് പുറത്ത് വീഴരുത്. ഉണ്ട് കഴിഞ്ഞാല്‍ കറിവേപ്പില പോലും പാത്രത്തില്‍ മിച്ചം വരരുത്. പിന്നെ, കൈവിരല്‍ നക്കാന്‍ മറക്കരുത്, കയ്യിലെങ്ങാന്‍ പറ്റി വറ്റ് പോയാലോ.

എനിക്ക് തലകറങ്ങുന്ന്. ബ്ലാക്ക് ഔട്ട് ആകും മുന്നേ ഒരു കാര്യം കൂടി. ഡോളറെങ്ങനാ വീണു പോയത്? വല്യ തീയറിയൊന്നും പറയല്ലും, മനുഷ്യനു മനസ്സിലാവുമ്പോലെ വേണം.

ഒരു കറന്‍സിയുടെ വില രണ്ടു തരത്തില്‍ വീഴും. നാട്ടില്‍ സാധനങ്ങളുടെ വില കൂടിയാല്‍ അതിന്റെ പര്‍ച്ചേസിങ്ങ് പവര്‍ പോകും, അല്ലെങ്കില്‍ സാധനത്തിനെക്കാള്‍ സപ്ലൈ കറന്‍സി കുമിഞ്ഞു കൂടിയാലും വില പോകും. സര്‍ക്കുലേഷനിലുള്ള കാശ് കൂടിയാലും കുറഞ്ഞാലും അതിന്റെ മൂല്യമൊന്നു തന്നെ.

ഞങ്ങക്കെന്തുവാ പറ്റിയത്?
രണ്ടും പറ്റി. ഡോളര്‍ കുറച്ചു സ്റ്റ്റോങ്ങ് ആയി നില്‍ക്കുന്ന കാലം മുതല്‍ തുടര്‍ച്ചയായി മൂന്നാം ലോകം അമേരിക്കന്‍ ഡോളറിലുള്ള ഇന്‍‌വെസ്റ്റ്മെന്റ് കൂട്ടി. അതായത് അമേരിക്കയിലെ ഹോം മാര്‍ക്കറ്റില്‍ ഡോളര്‍ സപ്ലൈ കൂടി. കൂടിയപ്പോ വിലയിടിഞ്ഞു. എണ്ണയുടെ വില ഡോളറിലാണ്‌ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍. ഡോളറിനു വിലയിടിഞ്ഞപ്പോള്‍ എണ്ണ വില കൂടി. അപ്പോള്‍ എണ്ണക്കായി കൂടുതല്‍ പണം കൊടുക്കേണ്ടിവന്നു നിങ്ങള്‍ക്ക്. ഇന്‍ഫ്ലേഷന്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലേറ്റിങ്ങ് കറന്‍സികള്‍ വാങ്ങാന്‍ തുടങ്ങി, ഇന്ററസ്റ്റ് റേറ്റ് കൂടി. സാധനങ്ങള്‍ക്ക് വില കയറി, ഇമ്പോര്‍ട്ട് ചെയ്യുന്ന സാധനങ്ങള്‍ക്ക് കൂടുതല്‍ വില കൊടുത്തു, ബാലന്‍സ് ഓഫ് ട്രേഡ് കമ്മി കുമിഞ്ഞു. ഡോളര്‍ വില വീണ്ടുമിടിഞ്ഞു, എണ്ണ വില വീണ്ടും കൂടി അങ്ങനെ ഓരോത്തവണ തിരിയുമ്പോഴും സ്പീഡ് കൂടുന്ന ഒരു വീല്‍ പോലെ ഇന്‍ഫ്ലേഷന്‍ നിങ്ങളെ ചുറ്റി. ഞങ്ങള്‍ കുറേ അനുഭവിച്ചതാ ഇത്.

ഇതൊന്നു നിര്‍ത്താന്‍ എന്തരു ചെയ്യണം?
വഴി പറഞ്ഞു തരാം, പൈസ വേണം.

അഞ്ചിന്റെ തുട്ട് കയ്യിലിരിപ്പില്ല, ഇവിടെ സ്മാളു പറഞ്ഞതു തന്നെ പേഴ്സിലുള്ളത് നാലു തവണ എണ്ണി നോക്കി തികയുമെന്ന് ഉറപ്പ് വരുത്തീട്ടാ.
എന്നാ കാശുള്ളപ്പോ ചോദിക്ക്, പറയാം.

എന്നാ പോട്ട്.
ശരി. പോണേനു മുന്നേ, ലോ ആ സ്റ്റൂളില്‍ ഇരുന്നടിക്കുനത് ആരാന്നു കണ്ടോ? അതാണു ഇന്നാളു താന്‍ പറഞ്ഞില്ലേ സദ്ദാം ഹുസ്സൈന്‍ വധിച്ച നെല്‍സന്‍ മണ്ടേലയെന്ന്, ആ നെല്‍സനാ ലത്.