Monday, February 18, 2008

സര്‍പ്പിളം

തിരുവനന്തപുരം : മര്‍മ്മാണി മണി എന്നറിയപ്പെടുന്ന പുത്തഞ്ചിറയ്ക്കല്‍ മണികണ്ഠനെ (36) കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. നിരവധി കേസുകളില്‍ പ്രതിയായ മര്‍മ്മാണി മണി കൊല്ലപ്പെടാന്‍ കാരണം പെണ്‍‌വാണിഭസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് കരുതപ്പെടുന്നു. തിരുവനന്തപുരം നഗരത്തില്‍ അധോലോകസംഘങ്ങള്‍ തമ്മിലുള്ള...  ബസ്റ്റ് സൈസിലാണ്‌ ശവത്തിന്റെ ഫോട്ടോ, അത്രയുംഭാഗത്ത് തന്നെ  നിരവധി വെട്ടുകുത്തു പാടുകള്‍ കാണാനുണ്ട്.

ആഗ്നസ് പത്രം മടക്കി വച്ചു. മര്‍മ്മാണി മണിയെ തനിക്കറിയുമെന്ന്  ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനിയെന്തു പറയാന്‍.


ആറുമണിക്ക് തിരുവനന്തപുരം, ഏഴു മണിക്കു മുന്നേ വീട്ടിലും എന്ന കണക്കു കൂട്ടലിലാണ്‌ എറണാകുളത്തു നിന്നും നിന്നും തിരുവനന്തപുരം എയര്‍പ്പോര്‍ട്ട് സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത്.  ആലപ്പുഴയിലെ സി പി എം സമ്മേളനം ചേര്‍ത്തല മുതല്‍ കായംകുളം വരെ ഗതാഗതം  മണിക്കൂറുകളോളം സ്തംഭിപ്പിച്ചു കളയുമെന്ന് എങ്ങനെ മുന്‍‌കൂട്ടി അറിയാന്‍.  മുടുക്കില്‍ ബസ്സിറങ്ങുമ്പോള്‍ രാത്രി ഒന്നര.

ഒരാട്ടോറിക്ഷയും ഡ്രൈവറും ജംക്ഷനില്‍ ഉറങ്ങി കിടപ്പുണ്ട്.
"ജോസിന്റെ വണ്ടിയില്ലേ?"
"അവങ്ങ് പത്തു മണിക്ക് വീട്ടിപ്പെയ്." ഡ്രൈവര്‍ അവളെ സൂക്ഷിച്ചു നോക്കി. "എവിടന്ന് വരണത്?"
"ഞാന്‍ ജോസിന്റെ അടുത്ത വീട്ടിലേതാണ്‌, എറണാകുളത്ത് ജോലി ചെയ്യുന്നു. വരുന്ന വഴി ബസ് ജാഥയ്ക്കിടയില്‍ പെട്ട് ഒരുപാട് ലേറ്റ് ആയി."
"എന്തരാണു ജ്വാലി?" അയാള്‍ വീണ്ടും അടിമുടി നോക്കുകയാണ്‌.
"കോളേജ് ലക്‌ചറര്‍. "
"ഫ്വാണ്‍ ചെയ്ത് വീട്ടി പറഞ്ഞെങ്കി ആരെങ്കിലും വന്ന് ഇവിടെ നിക്കൂല്ലാരുന്നോ?"
"ഇടയ്ക്ക് ബസ്സില്‍ നിന്ന് ഇറങ്ങാന്‍ പറ്റിയില്ല."
"ഇഞ്ഞീപ്പം... ഞാങ്ങ് വീട്ടി കൊണ്ട് വിട്ടാ മതിയെങ്കി ക്യാറിക്കോ."

മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ഒരു വീട്ടിലും വെളിച്ചം പോലും കത്തി കാണുന്നില്ല.

ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തതിനൊപ്പം അയാളൊരു സിഗററ്റും കത്തിച്ചു.
"ഒരേ ഒറക്കം."
അവളൊന്നും മിണ്ടിയില്ല.

"വീട്ടി ആര്‌ ഒള്ളത്?"
"അപ്പനും അമ്മയും."

ഒരു വീടുപോലുമില്ലാത്ത ഇടവഴിയില്‍ വണ്ടി പെട്ടെന്ന് നിന്നു.
"ന്തരിന്‌ ചുമ്മ കത്തണത്? വണ്ടിയൊന്ന് ഓഫായതല്ലീ"
താന്‍ നിലവിളിച്ചെന്ന് ആഗ്നസ് അപ്പോഴേ അറിഞ്ഞുള്ളു.

ഓട്ടോ വീണ്ടും ഓടി തുടങ്ങി.
"പ്യാടികള്‌ വേണ്ട. വീട്ടി തന്നെ കൊണ്ട് വിടാമെന്ന് ഞാനല്ലീ പറഞ്ഞത് പ്രിന്‍സിപ്പലേ."
"ഇഞ്ഞി വെരുമ്പ ട്രെയിനി വന്നാ മതി. ലതാവുമ്പ സ്റ്റേഷനീന്ന് ഫോണ്‍ വിളിച്ച് വീട്ടിപ്പറയാവല്ല്."
"പ്രിന്‍സിപ്പല്‌ എര്‍ണാകൊളത്ത് ഹോസ്റ്റലില്‌ ആണോ താമസം?"
"തോനേ ശമ്പളം തിരുവന്തോരത്തെ കോളേജിലാണോ ലവിടാണോ?"
വീട്ടു പടിക്കല്‍  ഇറങ്ങി.
"നാപ്പത്."
"വീട്ടില്‍ കയറൂ, ചായ കുടിച്ച് പോകാം."
"രാത്രി രണ്ടു മണിക്ക് വീട്ടി വിളിച്ച് കാണിക്കാന്‍ പറ്റിയൊരാളല്ല പ്രിന്‍സിപ്പലേ ഞാങ്ങ്." അയാള്‍ ചിരിച്ചു.
"എന്താ പേര്‌?"
"മണികണ്ഠന്‍. മര്‍മ്മാണി മണി എന്നു പറഞ്ഞാ ഇവിടങ്ങളിലൊക്കെ പൊളപ്പങ്ങ് പ്യാരാ, അതുകൊണ്ട് ഞാങ് തന്നെ രാത്രി കൊണ്ടുവിട്ടതെന്ന് ആരോടും പറയണ്ട. യെവനോ അറിയാത്ത ആട്ടോക്കാരനെന്ന് പറഞ്ഞാമതി വീട്ടി."

മര്‍മ്മാണിമണിയെന്ന് ആഗ്നസ്  ധാരാളം കേട്ടിരുന്നു, അതുകൊണ്ട് ആരോടും പറഞ്ഞില്ല.

ശേഷകാലം ആഗ്നസ് "സര്‍പ്പമാകാം ഞാന്‍ വിഷം വമിക്കാമുഗ്രദര്‍പ്പവുമുണ്ടാമെനിക്കു പക്ഷേ, അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ കൊത്തുകയില്ല ഞാന്‍ നിന്നെമാത്രം" എന്ന ചങ്ങമ്പുഴയുടെ വരികള്‍ വായിക്കുമ്പോഴെല്ലാം  മണിയെ ഓര്‍ത്തിരുന്നു, എങ്കിലും മണിയെ ഓര്‍ക്കാന്‍ വല്ലപ്പോഴും ആ വരികള്‍ അവള്‍ വായിച്ചിരുന്നെന്ന് പറഞ്ഞാല്‍ അതൊരു കള്ളമാവും.

[അപ്പൂ, ക്ഷണത്തിനു നന്ദി. ദുബായില്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്നത് ഞാന്‍ ഒളിച്ചു നിന്ന്‌ കണ്ടോളാം.മുഖമില്ലാതെ എങ്ങനെ ഹാജര്‍ വയ്ക്കാന്‍ കഴിയും?] 

 

Sunday, February 17, 2008

ശുകബുദ്ധി

ചാണ്ടീ, കറിയില്‍ വൈരുദ്ധ്യമില്ല. എന്നും മീനും കൊഞ്ചും കോഴീം ബീഫും.
വൈരുദ്ധ്യമല്ലണ്ണാ, വൈവിദ്ധ്യം. കിട്ടണതല്ലേ വയ്ക്കാന്‍ പറ്റൂള്ള്?

ഞാങ്ങ് ആലപ്പുഴയൊരു ഷാപ്പി പെയ്. എന്തരെല്ലാം ഒണ്ടെന്നറിയാവാ? മാക്രി, കൊക്ക്, തത്ത, ആമ, കൊളക്ക്വാഴി...

വയലൊള്ളടുത്തേ മാക്രീം കൊക്കുമൊന്നെ കാണൂ. ഇവിടിരുന്ന് ഞാന്‍ വേണേ രണ്ട് കാക്കേ എറിഞ്ഞ് തെള്ളിയിട്ട് കറി വച്ചു തരാം.
തത്ത എല്ലാടത്തുമൊണ്ടല്ല്?

തത്ത പൊത്തിലാ. ക്യാറിപ്പിടിച്ച് കൊണ്ടുവന്നാ കൂട്ടാനാക്കാം. വെയ്പ്പ് കൂലി തന്നാമതി.
എനിക്കൊക്കൂല്ലാ മരത്തി അളിഞ്ഞുപിടിച്ചു ക്യാറാന്‍.

ഇല്ലെ പോക്കു കേസില്ലേ രമ? ലവള്‍ടെ വീട്ടില്‍ രണ്ട് തത്തയൊണ്ട്.
ഒരു വെടിക്ക് രണ്ടു പക്ഷി!

ഡേ, പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത തമാശകള്‍ ഇവിടെ പറയല്ലും.
ആന്റോയേ, ഇഷ്ടപ്പെട്ടില്ലേ നീ അത് 'ഒരു ലൈംഗികത്തൊഴിലാളിക്ക് വിഹഗദ്വയങ്ങള്‍ ഉണ്ടെന്ന്' കേട്ടോ, തമാശക്കും നിയമമോ? അപ്പ പറഞ്ഞോണ്ട് വന്നത് രമയുടെ തത്തകളെ വിലയ്ക്ക് വാങ്ങി കറിയാക്കാം?

ഒരു വെടിക്ക് രണ്ടു പക്ഷി.
നിന്നോട് പറഞ്ഞതല്ലീ വെടിയെന്നവളെ വിളിക്കരുതെന്ന്.
ച്ഛേ, ഞാന്‍ ഇപ്പോ ഉദ്ദേശിച്ചത് രമയുടെ വീടുവരെ പോകുന്നവനു‍ തത്തേം വാങ്ങാം താളിയും ഒടിക്കാം എന്നാണ്‌.

അതിനവളു തത്തയെ തരുവോ കൊല്ലാങ്ങ്‍?
ഇല്ലീ?

ഡേ, അവളുടെ തത്തകള്‍ മനുഷ്യരെപ്പോലെ സംസാരിക്കും.
തത്ത കേള്‍ക്കുന്ന ശബ്ദമെല്ലാം അതുപോലെ പറയും. പട്ടി കുരയ്ക്കുന്നത് കേട്ടാല്‍ അതു പറയും, മനുഷ്യന്‍ ചിരിക്കുന്നതു കേട്ടാല്‍ അതും. അല്ലാതെ അതിനു വിവരമില്ല.

തന്നേ?
പിന്നേ. തത്തകളുടെ ഐന്‍സ്റ്റീന്‍ ആയിരുന്നു ആ ടീവിയിലൊക്കെ കാണിക്കുന്ന അലക്സ്. അവനു പോലും ഭാഷയുടെ അര്‍ത്ഥം അറിയില്ല, കുറേ വാക്കുകള്‍ ‍ ഓരോ വസ്തുക്കളുമായി ബന്ധപ്പെടുത്തി പേരു പോലെ പറഞ്ഞിരുന്നെന്നേയുള്ളു.

അലക്സോ? ഞാന്‍ കണ്ടിട്ടില്ല ടീവിയില്‍.
കിരണ്‍ ടീവിയില്‍ ഡാന്‍സു മാത്രം കണ്ടോണ്ടിരുന്നാ ഇതൊന്നും കാണൂല്ല, അല്യോ ആന്റോ?

അതിനാണ്ണാ എന്റെ ഇന്റര്‍നെറ്റ് കഫേ. കമ്പ്യൂട്ടറിനോട് അലക്സ് ദി പാരട്ട് എന്നു ചോദിച്ചാ മതി, ലവന്‍ ആ ശുകാചാര്യന്റെയും അവന്റെ അമ്മ ഡോക്റ്റര്‍ ഐറീന്‍ പെപ്പര്‍ബെറ്ഗിന്റെയും പടവും വീഡിയോയും ഗവേഷണവുമെല്ലാം കൊണ്ടുത്തരും.


അവന്‍ എന്തരൊക്കെ പറയും?
പറയണത് എല്ലാ തത്തകളും പറയും, പക്ഷേ അലക്സിനോട് കുറേ പന്തുകള്‍ കൂട്ടിയിട്ടിട്ട് എത്രയെണ്ണമുണ്ടെന്ന് ചോദിച്ചാല്‍ എണ്ണിപ്പറയും, എത്ര പച്ച പന്തോ നീലപ്പന്തോ ഉണ്ടെന്നു ചോദിച്ചാല്‍ അതും പറയും.

തള്ളേ, തത്തപ്പുലിയോ?
തീര്‍ന്നില്ലെടേ. കൂട്ടിയിട്ട പന്തുകളില്‍ ചുവന്ന പന്തില്ലെന്ന് വെയ്. അലക്സ്, ഇതില്‍ എത്ര ചുവന്ന പന്തുണ്ടെന്ന് ചോദിച്ചാല്‍ അവന്‍ "ഇല്ല" എന്നു പറയും, അതായത് പൂജ്യം എന്തെന്ന് അവന്‌ അറിയാമായിരുന്നു.

അവങ്ങ് മനുഷ്യനെപ്പോലെ തന്നെ. ച്ഛേ നമക്ക് തത്തക്കറി വേണ്ടാ.
തത്തക്കറി വ്യാണ്ടേ? പിന്നെ പച്ചക്കറി മതിയാ?

ക്വാഴി മതിയെന്ന്. ഡേ, ഇനി കോഴിബുദ്ധിജീവിടെ കത പറഞ്ഞ് അതും മൊടക്കല്ലേ.
ഇല്ല. ഇക്ഷിതിയില്‍ പല കുക്കുടമുണ്ടത് ഭക്ഷിച്ചാലും മതിവരുവോളം.


[ഈ കഥയ്ക്കു ശേഷം രണ്ടായിരത്തേഴ് സെപ്റ്റംബറില്‍ അലക്സ് ഹൃദ്രോഗം മൂലം മുപ്പത്തൊന്നാം വയസ്സില്‍ മരിച്ചു. അവന്റെ വിക്കി പേജ് ഇവിടെ http://en.wikipedia.org/wiki/Alex_(parrot)) ]

Tuesday, February 12, 2008

ലൈഫ് ക്രിട്ടിക്കല്‍ സിസ്റ്റം


വൈകുന്നേരം സ്നേഹസദനത്തിലെ ടീവിയുടെ പിക്‌ചര്‍ ട്യൂബ് അടിച്ചു പോയി. സ്നേഹയും സദാനന്ദനും അങ്കലാപ്പിലായി. സ്നേഹ ഉച്ചത്തില്‍ പാട്ടു വയ്ച്ചും സദാനന്ദന്‍  രാവിലേ വായിച്ച പത്രമെടുത്ത് ഈയര്‍ പാനലിലെ പരസ്യം മുതല്‍ കീഴോട്ട്  വീണ്ടും വായിച്ചും  സമയം നീക്കി.

ബാക്കി വന്ന സമയം സദാനന്ദന്‍ മൂക്കിലെയും ചെവിയിലെയും രോമവും കൈകാലുകളിലെ നഖവും വെട്ടാനെന്ന് നടിച്ച് കുളിമുറിയില്‍ ചിലവിട്ടു.

സദാനന്ദനു ഭക്ഷണം തനിയേ വിളമ്പി കഴിക്കാന്‍ അറിയാത്തതിനാലും സ്നേഹയ്ക്ക് പാത്രങ്ങള്‍ രണ്ടു തവണയായി കഴുകാന്‍ ഇഷ്ടമില്ലാത്തതിനാലും അത്താഴം കഴിക്കാന്‍ അവര്‍ക്ക് ഒരുമിച്ച് ഇരിക്കേണ്ടി വന്നു.  കഴിച്ചു തീരും വരെ മറ്റേയാള്‍ മിണ്ടാതെയിരിക്കുമെന്ന് ഇരുവരും ആശിച്ചു. പക്ഷേ അങ്ങനെ സംഭവിച്ചില്ല.

ഫോണ്‍ ബെല്ലടിച്ചു.

"ഏതു കഴുവേറിയാ ഈ  ഉണ്ണാനിരിക്കുന്ന സമയം നോക്കി വിളിക്കണത്?" സദാനന്ദന്‍ പല്ലു ഞെരിച്ചു.
"നിങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ട് ഈ മാതിരി വൃത്തികെട്ട വാക്കുകള്‍ ഞാനിരിക്കുന്നയിടത്ത് പറയരുതെന്ന്." സ്നേഹ പല്ലു ഞെരിച്ചു.

പിന്നെ  താന്‍ പറഞ്ഞതും ഭാര്യ പറഞ്ഞതും സദാനന്ദന്‍ ശ്രദ്ധിച്ചില്ല.
പിന്നെ താന്‍ പറഞ്ഞതും ഭര്‍ത്താവ് പറഞ്ഞതും  സ്നേഹ ശ്രദ്ധിച്ചില്ല.

കുറേ  പൊട്ടിത്തെറികള്‍ ഉണ്ടായെങ്കിലും ഭാഗ്യത്തിനു അത്യാഹിതങ്ങളൊന്നുമുണ്ടായില്ല.  പിറ്റേന്ന് രാവിലേ ഓഫീസില്‍ നിന്നും അവധിയെടുത്ത് പോയി സദാനന്ദന്‍  കൈവശമുള്ള ടീവി റിപ്പയര്‍ ചെയ്യിച്ച് സ്റ്റാന്‍ഡ് ബൈ ആക്കി വയ്ക്കുകയും പുതിയൊരു ടീവി വാങ്ങി  ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തതിനാല്‍ അവരുടെ പിന്നീടങ്ങോട്ടുള്ള ജീവിതം പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോയി.

Sunday, February 10, 2008

പോയവര്‍ വെളിവാക്കി തരുന്നത്.

മുരളീധര്‍  മഹാരാഷ്ട്രയിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ബാല്യം വിടുന്ന കാലത്തേ തോക്കുകളോട് കമ്പവും നായാട്ടില്‍ ഭ്രമവുമുണ്ടായിരുന്ന അയാള്‍   വാരികകളില്‍ ഇംഗ്ലീഷ് സിനിമകള്‍ക്ക് റിവ്യൂ എഴുതുകയും ചെയ്തിരുന്നു.  ബ്രിട്ടീഷ് ഇന്ത്യയിലെ  അന്തസ്സുറ്റ  തൊഴിലുകളിലൊന്നായ അഭിഭാഷക വൃത്തി സ്വീകരിക്കുകയും അഞ്ഞൂറേക്കറോളം ഭൂമിയുടെ ജന്മിയായി  കാര്ഷികവൃത്തി നടത്തിക്കുകയും ചെയ്തുകൊണ്ട് ചെറുപ്പത്തിലേക്ക് കാലെടുത്തുവച്ച മുരളീധറിന്റെ ശിഷ്ടകാലം അയാള്‍ എങ്ങനെ ജീവിച്ചുവെന്ന് പൂരിപ്പിക്കും നമ്മുടെ കാലത്ത് ജീവിക്കുന്ന ഒരാള്‍ ഈ  ജീവിതകഥയുടെ ബാക്കിഭാഗമെഴുതിയാല്‍?

യാത്രോത്സുകനായിരുന്ന മുരളീധര്‍ യാദൃശ്ചികമായാണ്‌ ഗാന്ധിസേവ്രാഗ്രാമങ്ങളും ടാഗോറിന്റെ ശാന്തിനികേതനും സന്ദര്‍ശിച്ചത്. മടങ്ങിയെത്തിയ അദ്ദേഹം ആകെ മാറിപ്പോയിരുന്നു. "ദൈവം എന്നത് വ്യക്ത്യാധിഷ്ഠിത സങ്കല്പ്പമാണ്‌, എന്റെ ദൈവം സത്യം, സ്നേഹം, മനസ്സാക്ഷി, നിര്‍ഭയത്വം, സദ്ഗുണശീലം എന്നിവയാണെന്ന് തിരിച്ചറിയുന്നു..."  കുടിവെള്ളമെടുക്കാന്‍ സവര്‍ണ്ണരുടെ കിണറുകളുപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ ദിവസേബ കുടവുമായി താണ്ടിപ്പോകുന്ന സ്വന്തം ഗ്രാമീണരായ ദളിതരെ  മുരളീധര്‍ ദേവിദാസ് ആംതേ  അന്നേ കണ്ടുള്ളു. അദ്ദേഹം തന്റെ പറമ്പിലെ കിണറുകള്‍ അവര്‍ക്കായി വിട്ടുകൊടുത്തു. സവര്‍ണ്ണരുടെ ഇടയില്‍ അതൊരു കോളിളക്കം തന്നെ സൃഷ്ടിച്ചെങ്കിലും ആംതേ തെല്ലും കുലുങ്ങിയില്ല.  തന്റെ വിവാഹദിനത്തില്‍ ആംതേ സ്വന്തം സ്വത്തുക്കളെല്ലാം രാഷ്ട്രനിര്‍മ്മിതിക്കായി കൈമാറ്റം ചെയ്തു.

ഇനിയങ്ങോട്ട് എഴുതേണ്ട കാര്യമില്ല,  ചെരുപ്പുകുത്തിയായി സ്വന്തം കുടുംബം പുലര്‍ത്തുകയും ചെരുപ്പുകുത്ത് തൊഴിലാളി യൂണിയന്‍ സ്ഥാപിക്കുകയും ചെയ്ത ബാബാ ആംതേയെ, കുഷ്ഠരോഗികളെ ചികിത്സിക്കാന്‍ വൈദ്യവിദ്യാര്‍ത്ഥിയായ ബാബയെ, നാലായിരം കുഷ്ഠരോഗികളെ  പരിചരിച്ച് ആനന്ദവനത്തില്‍ ജീവിതം നയിച്ച ബാബയെ, രോഗികള്‍ക്കും അന്ധര്‍ക്കും മൂകര്‍ക്കും വിദ്യാഭാസത്തിനു സര്വ്വകലാശാല തീര്‍ത്ത ബാബയെ, അദ്ദേഹത്തിലെ സ്വാതന്ത്ര്യസമരസേനാനിയെ, പരിസ്ഥിതിപ്രവര്‍ത്തകനെ, അറിയാത്തവരില്ല.

ബാബയെന്ന ദേവദൂതനെ നിര്‍മ്മിക്കാന്‍ കഴിഞ്ഞതിലാണ്‌ ഗാന്ധിജിയുടെ പ്രസക്തി. ഇന്ത്യയൊട്ടാകെ അനേകം ചെറു ബാബമാരെ, സാധന മാജിമാരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗാന്ധിയിന്നില്ല, അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയവരും ഏതാണ്ട് അരങ്ങൊഴിഞ്ഞുകഴിഞ്ഞു. ഇന്നിന്റെ മക്കള്‍ നമ്മള്‍ക്ക് ആ ജീവിതങ്ങള്‍ താത്വികമായി പിഴവുകളുള്ള  പഴയ നേതാക്കളുടെ അതിശയോക്തി കലര്‍ത്തിയ കഥകളായി പുച്ഛിച്ചു തള്ളാന്‍ പ്രയാസമുണ്ടാവുന്നുമില്ല.  എങ്കിലും പലരും കുറിച്ചിട്ട വാക്കുകള്‍ നമ്മോട് ചിലതൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

"ഞാന്‍ നിര്‍ഭയനത്രേ. ബ്രിട്ടീഷ് പോക്കിരികളില്‍ നിന്നും ഒരു സ്ത്രീയുടെ മാനം രക്ഷിക്കാന്‍ അവരോട് മല്ലയുദ്ധം ചെയ്തതിന്‌ ഗാന്ധിജി എന്നെ 'അഭയസാധകന്‍' എന്ന് വിളിച്ച് അഭിനന്ദിച്ചു. ഗുണ്ടകളെയും വെള്ളക്കാരെയും ഭയക്കാത്ത ഞാനോ തെരുവില്‍ കിടക്കുന്ന, കൈകാല്‍ ‍‌വിരലുകള്‍ അഴുകിയടര്‍ന്നുപോയ, നിരംബരനായ, പുഴുക്കള്‍ നുരയ്ക്കുന്ന ഒരു മനുഷ്യനെ ഭയക്കുന്നത്?" വഴിയിലൊരു കുഷ്ഠരോഗിയക്കണ്ട്  ഭയന്നു പിന്‍‌വലിഞ്ഞ ദിവസം ബാബ എഴുതി. അങ്ങനെ ഒരു രംഗം കണ്ടാല്‍ ഞാനും  ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടേക്കും. ഒന്നു രണ്ടു  ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ രംഗം എന്നെ ഭയപ്പെടുത്തും,  മനുഷ്യനെന്ന നിലയില്‍ ഞാനും നല്ലവന്‍ തന്നെയാണ്‌, സാമൂഹ്യസ്നേഹിയുമാണ്‌. പക്ഷേ അതിനുശേഷം ഞാനതു മറന്നു പോകും. എന്റെ ജോലി, വീട്, ഭാര്യ, മകന്‍...

എന്താണങ്ങനെ?  "നിര്‍മ്മാണപ്രവര്‍ത്തനമില്ലാത്തവന്റെ രാഷ്ട്രീയപ്രബുദ്ധത ഷണ്ഡമാണ്‌" ബാബാ ആംതേ പറയുന്നു. " രാഷ്ട്രീയാവബോധമില്ലാത്തവന്റെ നിര്‍മ്മിതീത്വര വന്ധ്യവും."  ഷണ്ഡമായൊരു സാമൂഹ്യാവബോധം  നിരാംലംബനായൊരു സഹജീവിയെ കാണുമ്പോള്‍ എന്നെ നോവിക്കും, കാമം തീര്‍ക്കാന്‍ മോങ്ങുന്ന കഴുതയെപ്പോലെ കുത്തിയിരുന്നു കണ്ണീര്‍ പൊഴിച്ചോ രണ്ടുവരി സങ്കടമെഴുതിയോ ഞാന്‍ അതു താണ്ടി വീണ്ടും തിരിച്ചു പോകുന്നു. ചിലപ്പോള്‍ അഞ്ചോ പത്തോ പണം കൊടുത്ത് എന്തോ ചെയ്തെന്ന് എന്നെത്തന്നെ സമാധാനിപ്പിച്ചെന്നും വരാം, എന്താണീ ചെയ്യുന്നതെന്ന് അറിഞ്ഞുകൊണ്ടു തന്നെ. " ദാനം ഒരുത്തനെ ഭിക്ഷക്കാരനാക്കി നശിപ്പിക്കുന്നു"ആംതേ നിരീക്ഷിച്ചു. അവനെ ഒരു മനുഷ്യനായി പുനര്‍‌നിര്‍മ്മിക്കനാവണം."

ഒരു തരത്തില്‍ ഞാന്‍ ഭാഗ്യവാനാണ്‌, ആംതേയുടെ വരികള്‍  എടുത്തെഴുതുമ്പോള്‍ ഈ നാല്പ്പതാം വയസ്സിലും എനിക്കു കണ്ണീരുപൊടിയുന്നുണ്ട്. എന്റെ പ്രായക്കാര്‍ പലരും "ആ ചാരിറ്റി വര്‍ക്കര്‍." "നര്‍മ്മദ ബച്ചാവോ ആക്റ്റീവിസ്റ്റ്" എന്നൊക്കെ ബാബയെ നിസ്സാരമായി പരാമര്‍ശിച്ചാണു കേള്‍ക്കാറ്‌.

(ആംതേയുടെ ജീവചരിത്രം http://mss.niya.org/people/baba_amte.php എന്ന ലിങ്കില്‍ നിന്നും വായിക്കാം . നൂറാം പോസ്റ്റില്‍ ആശംസകളും നിര്‍ദ്ദേശങ്ങളുമെഴുതിയ കൂട്ടുകാര്‍ക്കെല്ലാം നന്ദി. ഉമേഷ്, ഞാന്‍ മെയില്‍ അയച്ചു.)

 

Sunday, February 3, 2008

വല്ലഭന്റെ പുല്ല്

നെല്ലിക്ക പോലെ രൂപയ്ക്ക് പതിനാറ്  വാങ്ങാന്‍ കിട്ടുന്ന സാധനമാണ്‌  പി സി മോണിറ്ററിന്റെ ഫ്യൂസ്. എന്തു ചെയ്യാം, ലത് അടിച്ചു പോയാല്‍ സിറ്റി വരെ പോയാലേ   വാങ്ങാന്‍ പറ്റൂ.  കൈനെറ്റിക്ക് വച്ച് ഷാനവാസിന്റെ ഹോണ്ടയില്‍ തിരിച്ചു.

പോണവഴി ദേ കിളിര്‍ത്തു നില്‍ക്കുന്നു മുട്ടന്‍ ഒരെലക്ട്രിക്കല്‍ ആന്‍ഡ് എലക്ര്ടോണിക്ക് സൂപ്പര്‍ മാര്‍ക്കറ്റ്.  ഇതെപ്പ വന്ന് എന്നാശ്ചര്യത്തില്‍ പറഞ്ഞു ഷാനവാസ്  സ്കൂട്ടര്‍ അകത്തോട്ട് വെട്ടിക്കേറ്റി.
നിരനിരയായി ടി വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍, മ്യൂസിക്ക് സിസ്റ്റം, ഭയങ്കര കട.

ഒത്ത നടുക്ക് ചാരി വച്ചേക്കുന്നു ലവനെ.  മാതാവേ ലവനും ജോലി കൊടുക്കുന്ന  മഞ്ഞപ്രാന്തു പിടിച്ച മൊതലാളിയോ. ലവനെ അറിയാത്തവരാരുമില്ല. അങ്ങ് കുളത്തൂരു കോളേജു മുതല്‍ ഇങ്ങ് വെട്ടുകാട് വരെയുള്ള ചെറുപ്പക്കാരെല്ലാം കണ്ടിരുന്ന മാദകവും സുന്ദരവുമായ സ്വപ്നങ്ങളിലെല്ലാം അളിയന്‍ വേഷം കെട്ടിയിരുന്നവന്‍ ലവന്‍.  അവരെല്ലാം ചോരയും കണ്ണീരും ചാലിച്ചെഴുതിയ പ്രേമലേഖനങ്ങള്‍ അവന്റെ ചേച്ചിക്ക് കൊടുക്കാന്‍  ദ്രവ്യമായും പാനീയങ്ങളായും കമ്മീഷനടിച്ച് ലാവിഷായി ജീവിച്ചിരുന്ന, പഠിപ്പും പിടിപ്പുമില്ലാത്ത ഒരണ്ണന്‍ കൊണ്ണി പയല്‌. സുരസുന്ദരിയായ ലവന്റെ ചേച്ചിയെ വീട്ടുകാരു കെട്ടിച്ചു വിട്ടതില്‍ പിന്നെ ഈ അളിയന്‍മാമയെ തിരുവന്തോരം മറന്നു പോയി.

"ഡേയ്, നീയിപ്പ ഇവിടാണോ ജ്വാലി?"
ലവന്‍ ജാഡയിലൊന്ന് ചിരിച്ചു.
"ഉം. ഇത് നമ്മട കടകള്‌ തന്നെ. "
ഇതിനു മുടക്കാന്‍ മാത്രം കാശ് പെങ്ങള്‍ക്ക്  കൊറിയറായി നിന്ന് ഇവന്‍ ഉണ്ടാക്കിയോന്ന് അന്തം വിട്ട്  നിക്കുമ്പോ അവന്‍ പറഞ്ഞു
"പെങ്ങളെ ഫര്‍ത്താവാ കാശു മുടക്കിയിരിക്കണത്."
"അപ്പം നീ ഡയറക്റ്ററോ മാനേജരോ?"
"ഡയറക്റ്ററ്‌ അളിയന്‍ തന്നെ,  അളിയനും ചേച്ചീം അങ്ങ് അമേരിക്കേലാ. മാനേജരു വ്യാറെയൊണ്ട്, ഞാങ്ങ് ഇങ്ങനെ മൊത്തത്തില്‍ ഒരു മേല്‍ നോട്ടത്തിനിവിടെ..."

"നഹി തേ സകലം തവ  ബാഹുബലം
ഭഗിനീ ഭഗ ഭാഗ്യ ഭവോ വിഭവ.."
"ആന്റോണ്ണന്‍‍ എന്തര്‌ സംസ്കൃതത്തി പറയണത്?"
 "ഒക്കെ നന്നായി വരട്ടേന്ന് പ്രാര്‍ത്ഥിച്ചതാ."
"ഭാഗ്യം ഭവ എന്നൊക്കെ കേട്ടപ്പ എനിക്കും  തോന്നി."

കടേന്നിറങ്ങുമ്പോ ഷാനവാസ് നിരാശയോടെ പറഞ്ഞു
"ലവള്‍ എന്തര്‌ നല്ല പെണ്ണാരുന്ന്,  യാതോ വിവരദോഷിയാണ്‌ കെട്ടിയതെന്ന്  തന്നെ തോന്നണത്."
" അതെന്തര്‌?"
"ഈ   ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പയലിനെ കടേ കേറ്റി നിര്‍ത്തിയതീന്ന് മനസ്സിലാവൂല്ലേ അയാള്‍ക്ക് വിവരമില്ലെന്ന്? കച്ചോടം ചെയ്ത് കട എവന്‍ മുടിക്കൂല്ലേ?"

"എനിക്കു തോന്നണത് അയാള്‍ ഒരു വല്ലഭനാണെന്നാ. നീ ശ്രദ്ധിച്ചോടേ, ലവനു  ഒരു സ്ഥാനവും കൊടുത്തിട്ടില്ല, അതിനൊക്കെ വേറേ ആളുണ്ട്. പിന്നെ ലിവനാകുമ്പോ കാശ് അടിച്ചു മാറ്റാനോ മറ്റോ ഉള്ള വിവരവുമില്ല.  ഒരു പണീം വേറേ കിട്ടാത്തതുകൊണ്ട് എന്തരേലും ചില്ലറ കൊടുത്താലും മതിയല്ല്?"

"അതല്ല ചെല്ലാ,  ഈ പന്ന അളിയനെ ലവിടെ കേറ്റി ഇരുത്തീട്ട് ലവടെ ലവന്‌ എന്തരു കിട്ടാങ്ങ്?"
"ഷാനവാസേ, ദുബായില്‍   എന്റെ ഫ്ലാറ്റിനടുത്ത് ഒരു നൈറ്റ് ക്ലബ്ബുണ്ട്. ലതിന്റെ ഉള്ളിലേക്ക് ക്യാറണ വഴീല്‍ ഒരു ആര്‍ച്ച് വേ മെറ്റല്‍ ഡിറ്റക്റ്റര്‍ വച്ചിട്ടുണ്ട്, വരണവര്‍ ലതിലൂടെ ഞൂന്ന് കേറണം. ഈ സാധനം ചുമ്മ വച്ചിരിക്കുകയാ, വര്‍ക്ക് ചെയ്യണതല്ലെന്ന് സ്റ്റാഫിനും ഞങ്ങള്‍ സ്ഥിരം വായിനോക്കികള്‍ക്കും അറിയാം, പക്ഷേ ലതുകൊണ്ട് വല്യ പ്രയോജനമുണ്ട്. ലതിങ്ങനെ നാട്ടിയിരിക്കണത് കാരണം ഒരുത്തനും കത്തിയും തോക്കും വാളുമൊന്നും കൊണ്ട് ലങ്ങോട്ട് വരാന്‍ ധൈര്യപ്പെടൂല്ല. ഏത്?"

"ഓ ഒള്ളത്. ചെല കടകളില്‌  ചുമ്മാ പ്യാടിപ്പിക്കാന്‍ അടിച്ചു പോയ ഒരു സര്‌വെയിലന്‍സ് ക്യാമറ വച്ചേക്കണത് പോലെ ഒരു പുല്ല് അളിയനെ വച്ചിരിക്കുവാ ലവടെ ലവന്‍ എന്ന്  അല്ലീ?"
"തന്നെ."