Wednesday, January 9, 2008

ഒരു സ്ഥലത്തേക്ക്, രണ്ടു വഴിയേ

ഞാന്‍ ഒരു വഴിക്കായതിന്‌ അപ്പച്ചനോടെത്ര നന്ദി പറഞ്ഞാലും മതിയാവില്ല.  ജീവിതത്തിനൊരു ലക്ഷ്യവും മാര്‍ഗ്ഗവും വേണമെന്ന് പറഞ്ഞു തന്നതിന്‌, എന്നെ ഇഷ്ടമുള്ള വിഷയം ഇഷ്ടമുള്ളത്രയും കാലം പഠിക്കാന്‍ വിട്ടതിന്‌, ഒന്നിനും നിര്‍ബ്ബന്ധിക്കാതിരുന്നതിന്‌, എല്ലാത്തിനുമുപരി എങ്ങനെ ജീവിക്കണം എന്നതിനൊരുദാഹരണമായി എനിക്കൊപ്പമുണ്ടായിരുന്നതിന്‌.

 ഞാന്‍ ഈ നിലയിലായതിന്‌ എനിക്കും  എന്റച്ഛനോട് നന്ദിയും കടപ്പാടുമുണ്ട്. പുള്ളികാരണമാണ്‌ ഞാന്‍ പഠിച്ചത്. പുള്ളികാരണമാണ്‌ പത്തൊമ്പതു വയസ്സില്‍ എനിക്കു ജോലി കിട്ടിയത്. പുള്ളികാരണമാണ്‌ എനിക്കു സമ്പാദ്യശീലമുണ്ടായത്. പുള്ളികാരണമാണ്‌ നാട്ടില്‍ കറങ്ങി നിന്ന ഞാന്‍ ദുബായിലെത്തിയതും.

സൂപ്പറച്ഛനാണല്ലോ. അദ്ദേഹത്തിനെന്തായിരുന്നു ജോലി, അദ്ധ്യാപകനാ?
ഹേയ് അല്ല ബിസിനസ്സ് ആയിരുന്നു.

വെറുതേയല്ല, കയ്യില്‍ നിറച്ച് കാശുണ്ടേല്‍ മക്കളെ എന്തുമാക്കിയെടുക്കാമല്ലോ?
താനെന്താ ഈ പറയുന്നത്? അച്ഛന്‍ ബിസിനസ്സ് ചെയ്ത് ചെയ്ത് അമ്പതുലക്ഷം രൂപയുടെ കടം ഞങ്ങളുടെ തലയിലാക്കി തന്നേച്ചു പോയി.  അതു വീട്ടാന്‍ ഞാന്‍ പഠിച്ചു, ജോലി കണ്ടെത്തി, ഗള്‍ഫു വരെ ഓടി വന്ന് സമ്പാദിച്ച് ഒക്കെ വീട്ടി എന്നാടോ ഞാന്‍ പറഞ്ഞത്. പുള്ളിയില്ലാരുന്നേല്‍ ഞാന്‍ ഇതുവല്ലതും ചെയ്യുമായിരുന്നോ? ആ.

സത്യം‌‌വദ

ഉച്ചവെയിലിലേക്ക് നീണ്ട മുളക്കഴയില്‍ കയറി സത്യ മുകളറ്റത്തെ ഇരിപ്പിടത്തില്‍ എത്തിപ്പറ്റി.
ചില്ലറ  അഭ്യാസങ്ങള്‍ കാട്ടി. പിന്നെ വാരിയെല്ലുകള്‍ അതിലുറപ്പിച്ച് കൈകാലുകള്‍ നീട്ടിപ്പിടിച്ച് കിടന്നു.

സത്തിയാ
എന്നപ്പാ?

നീ ഇപ്പോത് എന്ന പാര്‍ക്കിറത്?
മുളയുടെ താഴറ്റം താങ്ങി നില്‍ക്കുന്ന  അപ്പാവെ കാണുന്നു, ഛേയ്. തല ഉയര്‍ത്തി നോക്കി. വൈദ്യുതി കമ്പിയില്‍ കറണ്ടടിച്ചു ചത്ത വവ്വാല്‍ ഒരെണ്ണം കുരുങ്ങി കിടക്കുന്നു. 

സത്തിയാ
എന്നപ്പാ?

ഈ ഇപ്പോത് എന്ന പാര്‍ക്കിറത്?
സത്യ  തല  ചെരിച്ചു നോക്കി. ഷഫീക്ക് ഹോട്ടലില്‍  നിറയെ ആളുകള്‍ ചോറും ബിരിയാണീം കഴിക്കുന്നു. 

സത്തിയാ??
സ്വര്‍ഗ്ഗം കാണറത്  അപ്പാ. സ്വര്‍ഗ്ഗം കാണറത്.


സത്തിയമാ?
സത്തിയം.

ക്വാറന്റൈന്‍

നിത്യം കുടിച്ചും വലിച്ചും തുലയുന്ന വിശ്വംഭരണ്ണനെ കൈ തൊഴുന്നേന്‍..
കുറ്റം പറയാന്‍ യോഗ്യതയുള്ളൊരാള്‌ ! ഇരിക്കെടേ.

ഞാന്‍ അണ്ണന്റെ മോനെ കണ്ട്. ടെക്നോപാര്‍ക്കില്‍ വച്ച്.
ഉം.

അവനും അവന്റമ്മയ്ക്കും അനിയത്തിക്കും അണ്ണനോട് ഒരു പിണക്കവുമില്ലല്ല്.
എനിക്കും അവരോട് ഒരു പിണക്കവുമില്ലല്ല്.

പിന്നെന്തരിനണ്ണാ ഇവിടെ  ഒറ്റയ്ക്ക് കെടന്ന്  കഷ്ടപ്പെടണത്?  എറങ്ങി പെയ്യിട്ട് വീട്ടി തിരിച്ചു കേറാന്‍  ചമ്മലാണേല്‍ ഞാങ്ങ് കൂടെ വെരാം.
ഞാന്‍ പെണങ്ങി വന്നിരിക്കണതാണെന്ന് നിന്നോടാര്‌ പറഞ്ഞ്?

പിന്നെന്തരിനാ?
ടേ, ഞാനവിടില്ലാത്തപ്പോ ഞാനവിടുള്ളതിനെക്കാള്‍ സന്തോഷമാ വീട്ടിലെല്ലാര്‍ക്കും.അയിറ്റിങ്ങക്ക് എന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല, അത് അങ്ങനെ ആയിപ്പോയി. നിന്റെ വീട്ടിലെല്ലാരും സന്തോഷമായിരിക്കാന്‍ നിനക്കാഗ്രഹമില്ലേ, അതുപോലെ എനിക്കുമുണ്ട്.

അല്ലണ്ണാ, അതിനൊരു കാരണം കാണൂല്ലേ, അതു കണ്ടുപിടിച്ച് പരിഹരിച്ചാല്‍ മതിയല്ല്?
എല്ലാത്തിനും കാരണമുണ്ടെന്നും എല്ലാത്തിനും പരിഹാരമുണ്ടെന്നും തോന്നുന്നത് നിനക്കു ചെറുപ്പമായിട്ടാ. പോവെ പോവെ ആ വിചാരം മാറിക്കോളും.

Monday, January 7, 2008

ഓഫ് ദി അണ്‍ബ്രെഡ്, അണ്‍‌റിഫൈന്‍ഡ് & അണ്‍സങ്ങ്

നീ ഷാപ്പിന്റെയും ചേരിയുടെയും വീരഗാഥകള്‍ പറയുന്നതു കേട്ടു മടുത്തു.
എന്തേ കേരളത്തില്‍ ഇതൊന്നുമില്ലേ?

അതല്ല, ചെറുപ്പം അവിടെ ചിലവാക്കിയതൊരു മോശം കാര്യമെന്നുമല്ല, നീയത് എന്തോ മഹാകാര്യം പോലെ ഇരുപത്തിനാലു മണിക്കൂറും പാടുന്നു. വേറെന്തിങ്കിലും പറയ്.

എന്നാല്‍ ഞാന്‍ ഒരു ഉണ്ടാക്കി കഥ പറയാം. കുട്ടികള്‍ക്കുള്ള കഥ.
ആ.

ടൈഗര്‍ പുലിയായിരുന്നു. അവന്‍ എന്നും രാവിലേ ഇറച്ചി പുഴുങ്ങിയത് നിറച്ചു കഴിച്ചു. കോട്ട് ഷാമ്പൂ തേച്ച് കുളിച്ചു. യജമാനനൊപ്പം ഹീല്‍ വാക്ക് നടത്തി മസിലുകള്‍ പെരുപ്പിച്ചു. ഹര്‍ഡിലുകള്‍ ചാടി. മണം പിടിച്ച് ഒളിപ്പിച്ച ചെരുപ്പുകള്‍ കണ്ടെത്തി കയ്യടി നേടി. തീവളയത്തിലൂടെ ചാടി അയല്വക്കക്കാരെക്കൂടി അവന്റെ ഫാന്‍സ് ആക്കി.

ചാപ്പന്‍ ഒരു ദിവസം വഴിയില്‍ നിന്നും വന്നു കേറി. ടൈഗറിനൊരു സഹായിയാകട്ടെ എന്നു വച്ച് വീട്ടുകാരന്‍ അവനൊരു ആന്റി റേബിസ് ഷോട്ടും കൊടുത്ത് വളപ്പിനകത്ത് കേറ്റി. അവനൊന്നും പഠിച്ചില്ല. കിട്ടിയത് തിന്നു, എച്ചിലും. റോഡില്‍ കാറിനു പിന്നാലെ കുരച്ചുകൊണ്ടോടിയിരുന്ന ചെറുപ്പമുള്ള അവനു ഹീല്‍ വാക്കിങ്ങ് ബോറടിച്ചു. ചവറു കത്തുന്ന കുപ്പയില്‍ നിന്നും ഭക്ഷണം വലിച്ചെടുത്തിട്ടുള്ള ചാപ്പന്‌ തീവളയങ്ങള്‍ അസംബന്ധമായിരുന്നു.

എന്നിട്ട്?
വര്‍ഷം പലതു കഴിഞ്ഞു.

കഴിഞ്ഞിട്ട്?
ഒരു ദിവസം വീടിന്റെ കാര്‍ പോര്‍ച്ചില്‍ ഒരു മൂര്‍ഖന്‍ കിടപ്പുണ്ടായിരുന്നു. ഹീറോ ആയ ടൈഗര്‍ ആളറിയാതെ അതിനെ കയറി കടിച്ചു. അത് കൊത്തി.

ടൈഗറെന്തേ അബദ്ധം കാട്ടി?
അവന്റെ ട്രെയിനിങ്ങ് അനങ്ങുന്ന വടിയും കയറും ചാടിപ്പിടിക്കാനായിരുന്നു. അവയ്ക്കൊന്നും വിഷപ്പല്ലുകളില്ലായിരുന്നു.

ചാപ്പനോ?
ഓ ചാപ്പന്‍ എത്ര ഓടയില്‍ എത്ര പാമ്പുകള്‍ പട്ടികളെ കൊല്ലുന്നതും എത്ര പട്ടികള്‍ പാമ്പിനെ കൊല്ലുന്നതും കണ്ടതാ. അവന്‍ കീരിയെപ്പോലെ പമ്മിച്ചെന്ന് ഒറ്റച്ചാട്ടത്തിനു മൂര്‍ഖനെ കടിച്ചു കുടഞ്ഞു ഫിനിഷ് ആക്കി.

ടൈഗര്‍ ചത്തോ?
ഇല്ല, ടൈഗറിനു കൊത്തു കിട്ടിയെന്നും പണി കിട്ടിയ പട്ടിക്ക് എന്തു സംഭവിക്കുമെന്നും അറിയാവുന്ന ചാപ്പന്‍ ഉച്ചത്തില്‍ ഓരിയിട്ടു. വീട്ടുകാരന്‍ ഇറങ്ങി ചെന്ന് പാമ്പിനെയും ടൈഗറിനേയും കണ്ട് വേഗം വെറ്റിനറി ഡോക്റ്ററെ വരുത്തി.

അങ്ങനെ മൂര്‍ഖന്റെ കഥ അവിടൊക്കെ പാട്ടായി അല്ലേ?
അതേ. ഒരു കടി കിട്ടിയിട്ടും തളരാതെ മൂര്‍ഖനെ കൊന്ന ടൈഗറിന്റെ വീരഗാഥ അവിടങ്ങളില്‍ പാട്ടായി. ചാപ്പനോ? അവനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം, പെഡ്ഗ്രിയില്ലാത്ത ആ സാധു ഒക്കെ കണ്ട് പേടിച്ചോരിയിട്ടു . അതു നന്നായി സമയത്ത് ടൈഗറിനെ ആശുപത്രിയില്‍ എത്തിക്കാനായല്ലോ.

Monday, December 31, 2007

മുമ്പിതുപോല്‍ തുമ്പമെഴും ഗന്ധം ഗന്ധിച്ചതുണ്ട്...

ഇതെന്താടീ കൊച്ചു മോന്‍ മുല്ലപ്പൂ മണപ്പിച്ചിട്ട് ഇതിനു ബാത്ത് റൂമിന്റെ സ്മെല്‍ എന്നു പറയുന്നത്?

മുല്ല പൂത്തു നില്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല മോന്‍ അമ്മാമ്മേ, അവനു ആകെ ഈ മണം അറിയാവുന്നത് ഞാന്‍ ഫ്ലാറ്റിലെ ബാത്ത് റൂമില്‍ വയ്ക്കുന്ന ജാസ്മിന്‍ ഫ്രാഗ്രന്‍സ് ഉള്ള എയര്‍ ഫ്രഷ്നറിന്റെയാ.