Tuesday, April 15, 2008

യാചനാക്കുറ്റമോ?

എപ്പോഴെങ്കിലും, ആര്‍ക്കെങ്കിലും- പലപ്പോഴും അനര്‍ഹര്‍ക്ക്,  എറിഞ്ഞു കൊടുക്കുന്ന അഗതി പെന്‍ഷനും തൊഴിലില്ലായ്മ വേതനവും മാത്രമാണ്‌ നാട്ടില്‍ ഒരാള്‍ക്ക്  സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സം‌രക്ഷണം. ഫലത്തില്‍ പൂര്‍ണ്ണമായും ഫ്രീ മാര്‍ക്കറ്റ് ഫോഴ്സ് ഇക്കോണമി എന്നു തന്നെ പറയാം. ഇത്തരം ഒരു സാഹചര്യത്തില്‍  ജനിച്ചു വളരുന്ന ഒരാള്‍ക്ക്  നാലു വഴികളാണ്‌ ജീവിക്കാനുള്ളത്- നൈക്ഷേപിക വരുമാനം (കൃഷിയാകാം, വ്യവസായമാകാം, വാണിജ്യമാവാം, പൈതൃക സമ്പത്തു ചിലവിടല്‍ ആകാം, കടമെടുത്ത് ചിലവിടലുമാകാം), തൊഴില്‍ (മനുഷ്യശേഷി കൂലിക്ക് വില്‍ക്കല്‍),  അന്യന്റെ സമ്പത്ത് കൊള്ളയടിക്കല്‍, അല്ലെങ്കില്‍ ഭിക്ഷാടനം.

നിക്ഷേപങ്ങള്‍ക്കും തൊഴിലിനും  അവസരങ്ങള്‍ കുറയുകയോ വിഭവം കൈവശം ഇല്ലാതെയാവുകയോ ചെയ്യുന്ന അവസരത്തില്‍ രണ്ടു വഴിയാണ്‌ ബാക്കി- ഒന്നുകില്‍  കവര്‍ച്ച, അല്ലെങ്കില്‍ ഭിക്ഷയെടുക്കല്‍.

കവര്‍ച്ച ഗുരുതരമായ കുറ്റമാണ്‌, മറ്റൊരാളിനു അവകാശപ്പെട്ട സ്വത്ത് ബലം പ്രയോഗിച്ച് തട്ടിയെടുക്കല്‍. ഒരു താത്വിക തലത്തില്‍ ചിന്തിച്ചാല്‍  സ്വത്ത് എന്നത് അസംബന്ധമാണ്‌.  ഒരു ജന്തു അതിന്റെ ജീവിതകാലത്ത് ശക്തിയനുസരിച്ച് ടെറിട്ടറികളും അവകാശങ്ങളും നേടുന്നത് പ്രകൃതി നിയമം, പക്ഷേ അത് അവന്റെ  സന്തതി പരമ്പരകള്‍ക്ക് കൈമാറുന്നതോ? ഏതോ ആഫ്രിക്കന്‍ ഗോത്ര കവിത ഇങ്ങനെയാണത്രേ "ഈ താഴ്വാരത്തില്‍ നിന്നും ഞാനൊരു  മാനിനെ തിന്നാന്‍ തട്ടിയെടുത്തത് കുറ്റമാണെന്ന് ഇവര്‍ വിധിക്കുന്നു, അതേ സമയം ഈ മാനില്‍ നിന്നും  താഴ്വാരമാകെ തട്ടിയെടുത്ത അവര്‍ ചെയ്യുന്നത് കുറ്റവുമല്ല. എന്തൊരു  വിരോധാഭാസം!"ആതെന്തുമാകട്ടെ, സ്വത്തുസമ്പാദ്യങ്ങള്‍ നിയവിധേയാവകാശമായിരിക്കുന്നിടത്തോളം  കാലം അതു മോഷ്ടിക്കുന്നത് അവകാശലംഘനം തന്നെ.

ശേഷിക്കുന്നത് ഭിക്ഷയാണ്‌.  ഉള്ളയാള്‍ സഹാനുഭൂതിയാലോ  സ്വര്‍ഗ്ഗത്തു പോകുമെന്ന് മോഹിച്ചോ എന്തെങ്കിലും തരുന്നതുകൊണ്ട്  ജീവിക്കുക. തുലോം നിരുപദ്രവകരമായ വൃത്തി. അസഹ്യപ്പെടുത്തിയോ ഭീഷണിപ്പെടുത്തിയോ   വൈകാരിക ചൂഷണം ചെയ്തോ ഭിക്ഷ നേടുകയല്ലെങ്കില്‍   ദ്രോഹമാവുമോ?

ശിവന്‍ ഭിക്ഷാടനം നടത്തിയതും ബുദ്ധഭിക്ഷുക്കള്‍ സര്വ്വം  ത്യജിച്ച് നിരത്തിലിറങ്ങിയതോ ഒക്കെ മാന്യമായിരിക്കാം,   നമുക്ക് ഭിക്ഷ സാമൂഹ്യവിരുദ്ധവുവും ദാരിദ്ര്യം അപഹാസ്യവുമാണ്‌ .  ഇതര രാജ്യങ്ങളിലില്ലാത്തയത്ര ശാപവാക്കുകള്‍  ദാരിദ്ര്യവുമായും ഭിക്ഷാടനവുമായും ബന്ധപ്പെട്ട് നമുക്കുണ്ട്
"തെണ്ടി, ഇരപ്പാളി (യാചകന്‍)"
"തൊട്ടിയില്‍ ചാടി" (കുപ്പത്തൊട്ടിയില്‍ നിന്നു കഴിക്കുന്നവന്‍)
"ദാരിദ്ര്യവാസി" 
"വായില്‍ നോക്കി" (ആരെങ്കിലും ഭക്ഷണം കഴിക്കുന്നത്  നോക്കി വെള്ളമിറക്കുന്നവന്‍)
"തേരാ പാരാ" (ഉറപ്പില്ല, എങ്കിലും ഒരാള്‍ തന്ന വിശദീകരണം വച്ച് ഇതിന്റെ അര്‍ത്ഥം മഹായാനഭിക്ഷു എന്നാണ്‌)


ദരിദ്രനും ഭിക്ഷുവും നമുക്ക് അപഹാസ്യനാണ്‌.   ഇവരെ നമ്മള്‍ നേരിടുന്നതെങ്ങനെ?
ഒരു  പുതിയ ഭിക്ഷാടന നിരോധന ബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നെന്ന് കേട്ടിരുന്നു,  ആക്റ്റ് ആയോ എന്നറിയില്ല, അതിലെ നിയമമനുസരിച്ച് ഭിക്ഷയെടുക്കുന്നവരെ അറസ്റ്റ് ചെയ്ത്  ജയിലിലടയ്ക്കാനും അവരുടെ ആശ്രിതരെ അറസ്റ്റ് ചെയ്ത് അഗതിമന്ദിരങ്ങളിലാക്കാനും പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഒരാല് ചെയ്ത കുറ്റത്തിനു കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുക എന്ന   വിചിത്രമാമ നീതി. അത് നടപ്പിലായിട്ടില്ലെങ്കില്‍ തിരുവിതാം കൂര്‍ഭിക്ഷാടന നിരോധന നിയമം, കൊച്ചി അഗതി നിയമം, മദ്രാസ് ഭിക്ഷാടന നിരോധന നിയമം എന്ന മൂന്നു നിയമങ്ങളാണ്‌ കേരളത്തിലെ ഭിക്ഷാടനത്തെ നേരിടാനുല്ലത്.

ഭിക്ഷാടനത്തിനെതിരേ പ്രധാനമായും മൂന്ന് വാദങ്ങളാണ്‌ സമൂഹം മുന്നോട്ട് വയ്ക്കുന്നത്:
ഒന്ന്: അവര്‍ കുറ്റകൃത്യങ്ങള്‍ - പ്രധാനമായും മോഷണം, കവര്‍ച്ച, കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കല്‍ എന്നിവ ചെയ്യുന്നു.

രണ്ട് : അവര്‍ ഭീഷണിപ്പെടുത്തിയും അസഹ്യപ്പെടുത്തിയും പണം വാങ്ങുന്നു

മൂന്ന്: അവര്‍ സംഘടിതരും പലപ്പോഴും ധനികരുമാണ്‌.

തീര്‍ച്ചയായും മൂന്നിലും  സത്യവുമുണ്ട്. പക്ഷേ ഭിക്ഷയാകമാനം നിരോധിക്കാന്‍ ഇതൊരു കാരണമാവുമോ?  ഉറപ്പിച്ച്  പറയുക വയ്യ. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മോഷണ, കവര്‍ച്ച കേസുകളില്‍ ഭിക്ഷക്കാര്‍ ഉള്‍പ്പെട്ടവ എത്രയാണ്‌,  മറ്റുള്ളവര്‍ (പ്രൊഫഷണല്‍ കുറ്റവാളി സംഘങ്ങള്‍ അടക്കം  )ഉള്‍പ്പെട്ടത് എത്രയാണെന്ന് താരതമ്യം ചെയ്താല്‍ ഭിക്ഷക്കാര്‍ ഭേദമാണെന്ന് തോന്നുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുമെന്നത്  തലമുറയായി കേട്ടു വരുന്ന ആരോപണമാണ്‌. കഴിഞ്ഞ പത്തു വര്‍ഷത്തോളം വാര്‍ത്തകള്‍ കേട്ടിട്ട് കേരളത്തില്‍ രണ്ടെണ്ണമാണ്‌ അത്തരം കേസുകള്‍ ഓര്‍മ്മയില്‍ വരുന്നത്.  നിവൃത്തിയില്ലാത്ത മാതാപിതാക്കള്‍ കൊലപ്പെടുത്തിയതും, അവിഹിത ജന്മങ്ങളെ ജനയിതാക്കള്‍ തന്നെ നശിപ്പിച്ചതും മറ്റും അതിലും അധികമാണ്‌.

പൊതുസ്ഥലത്തു ജീവിക്കുന്നവര്‍ എന്ന നിലയില്‍ അവരുടെ ജീവിതം സുതാര്യവും പരിശോധനാവിധേയവുമാണ്‌. രാഷ്ട്രീയ സ്വാധീനവും വോട്ടു-മത പിന്തുണ-പാര്‍ട്ടി സ്വാധീന ബലവും ഇല്ലാത്തതിനാല്‍ അവരെ നിയമവിധേയമാക്കാന്‍ എളുപ്പമാണ്‌, നിയമവാഴ്ച അല്പ്പമെങ്കിലും ശക്തമാണെങ്കില്‍.

പല ഭിക്ഷക്കാരും ശല്യപ്പെടുത്തി എന്നോട് പണം വാങ്ങാന്‍ ശ്രമിച്ചിട്ടുണ്ട്. നടന്നിട്ടില്ല, മാക്സിമം  അനുഭവിക്കേണ്ടി വരുന്നത് ശാപമാണ്‌, അതിനെ പുല്ലു വില കൊടുത്ത് അവഗണിക്കാന്‍ എനിക്കു വിഷമമില്ല. പക്ഷേ രാഷ്ട്രീയപ്പിരവുകാര്‍, ഉത്സവ പെരുന്നാള്‍ പിരിവുകാര്‍, സര്‍ക്കാര് ജീവനപ്പിരിവുകാര്‍ എന്നിവരുടെ അസഹ്യപ്പെടുത്തലില്‍ നിന്ന് ഒഴിയാന്‍ പോലും കഴിയാറില്ല. ഈ വാദം കൊണ്ട് ആദ്യം നിരോധിക്കേണ്ടത് രാഷ്ട്രീയവും മതവും ബ്യൂറോക്രസിയുമാണെന്ന് വരുന്നു.

പിന്നെ അവര്‍ സംഘടിതരും ചിലപ്പോഴൊക്കെ ധനികരുമാണെന്നത്. ഭിക്ഷക്കാരന്‍ പണിത ഫ്ലാറ്റ് സമുച്ചയമൊന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അധവാ അവര്‍ സംഘടിതരും ചിലര്‍ ധനികരുമാണെന്നു തന്നെ വയ്ക്കുക, നമ്മളും അങ്ങനെയൊക്കെയുള്ള സമൂഹമല്ലേ? അതൊരു കുറ്റമാണോ?


സംസ്കാരവും ഭിക്ഷാടനവുമായി വലിയ ബന്ധമുണ്ട്. ഹിന്ദു-കൃസ്തീയ-മുസ്ലീം- ബുദ്ധമതങ്ങള്‍ ഭിക്ഷനല്‍കല്‍ പുണ്യവൃത്തിയായി കാണുന്നതിനാല്‍  ഈ മതക്കാരുടെ ഇടയില്‍  ഭിക്ഷാടനം ധാരാളമായി കാണാം. എന്നാല്‍ സിഖ്, ജൈന, പാഴ്സി മതക്കാരിലെയോ കേരളത്തിലെ തന്നെ ആദിവാസികളുടെയോ ഇടയില്‍ നിന്നും  ഭിക്ഷക്കാരെ കാണാറില്ല.

ഒരു സാമ്പത്തികശാസ്ത്ര പോയിന്റില്‍ നിന്നു നോക്കിയാല്‍ ഭിക്ഷാടകര്‍  സമൂഹത്തിനു വേണ്ടി ഒന്നും സംഭാവന ചെയ്യാത്ത കണ്‍സ്യൂമറാണ്‌.  ചെയ്യാനില്ലാത്ത കണ്‍സ്യൂമര്‍ എന്ന് നിരീക്ഷിച്ചാല്‍ അതൊരപരാധമാവില്ല,  വൃദ്ധര്‍, കുട്ടികള്‍, അംഗഭംഗവും രോഗവും വന്നവര്‍ എന്നിവരാണ്‌ ഭിക്ഷാടകരിലെ ഭൂരിപക്ഷം എന്നിരിക്കെ, അവര്‍ ഭിക്ഷയെടുത്താലും അതല്ല സര്‍ക്കാരിന്റെയോ വീട്ടുകാരുടെയോ സം‌രക്ഷണയില്‍ ജീവിച്ചാലോ ഫലം ഒന്നു തന്നെയാണ്‌, സമൂഹത്തിന്റെ അണ്‍ പ്രൊഡക്റ്റീവ് കണ്‍സ്യൂമര്‍.  അപ്പോള്‍  മടിയോ മദ്യാസക്തിയോ മറ്റോ കൊണ്ട് ഭിഷയെടുക്കുന്നവരെ ഒഴിച്ചാല്‍ ഭിക്ഷാടനം  പൊതുസമ്പത്തിനെ ബാധിക്കുന്ന കാര്യവുമല്ല.

ഭിക്ഷാടകരെ  പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവര്‍ ചാടിപ്പോകുന്നു അതിനാല്‍ ഭിക്ഷ നിരോധിക്കേണ്ടതുണ്ടെന്ന് ഈയിടെ കേട്ടു. പുനരധിവാസം ഒരു തടവുശിക്ഷയാകുന്നതുകൊണ്ടാണ്‌ അവര്‍  രക്ഷപ്പെടാന്‍ നോക്കുന്നത്.

എന്തിനു ഭിക്ഷാടകരെയും  ആശ്രിതരെയും കുറ്റവാളികളായിക്കാണണം? വിലകൂടിയ കാറില്‍ പോകുന്നവനു മുന്നില്‍ ചട്ടി നീട്ടി അവന്റെ മനസ്സില്‍ കുറ്റബോധം തോന്നിപ്പിക്കുന്ന കുറ്റത്തിനോ? അതോ  എനിക്കു മനസ്സിലാവാത്ത മറ്റെന്തെങ്കിലും കാരണമുണ്ടോ?

8 comments:

5:00 മണി said...

ഒരു സമൂഹത്തിന്റെ സമ്പത്തില്‍ ഭീകരമായ വിധത്തില്‍ തുല്യതയില്ലായ്മ ഉണ്ടാവുമ്പോഴാണ്‍ ഭിക്ഷാടനം ഉണ്ടാവുന്നത്. അതിന്‍ ഒരു വിധത്തില്‍ പറഞ്ഞാല്‍ ഓരോരുത്തരും കാരണക്കാര്‍ തന്നെയാണ്‍.

പിന്നെ അനോണീ, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം നേരത്തെ വരാനുള്ള വിപ്ലവത്തിന്റെ സാധ്യതയെ ഭിക്ഷ നല്‍കി താമസിപ്പിക്കരുതെന്ന വിശ്വാസമാണൊ (ശല്യപ്പെടുത്താത്ത) ഭിക്ഷ നിരുത്സാഹപ്പെടുത്തുന്നത് ?

നിഷാന്ത് said...

എല്ലാം വായിക്കാറുണ്ട്...
വിഷയം എന്തുതന്നെ ആയാലും അതു പറഞ്ഞുഫലിപ്പിക്കാനുള്ള കഴിവിനെ നമിക്കാതെവയ്യ.

എന്നാലും ഇതിനോട് എനിക്കൊരു യോജിപ്പുമില്ല.

ഭിക്ഷാടനം ഒരു കുറ്റമല്ല, സത്യം! മാളികമുകളേറിയ മന്നന്റെ തോളില്‍...
എന്നാണല്ലോ!

പക്ഷെ ഭിക്ഷാടനം നിരോധിക്കേണ്ടതു തന്നെ. കാരണം അതിപ്പോള്‍ ഒരു ബിസിനസ്സ് ആയിമാറിയിരിക്കുന്നു. ഞാന്‍ കണ്ടിട്ടുണ്ട് ഭിക്ഷക്കാരെ മിനിലോറിയില്‍ കൊണ്ടുവന്ന് മലയാറ്റൂര് ഇറക്കുന്നത്!

അതുപോലെതന്നെയാണ് ഭിക്ഷക്കാരുടെ വേഷത്തിലെത്തിയുള്ള മോഷണം. ഒന്നുകില്‍ പകല്‍ സ്ഥലം കണ്ടുവെച്ച് രാത്രിയില്‍ വരാന്‍ അല്ലെങ്കില്‍ അന്നേരംതന്നെ കയ്യില്‍ കിട്ടുന്നതുമായിട്ടു മുങ്ങാന്‍.

“റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മോഷണ, കവര്‍ച്ച കേസുകളില്‍ ഭിക്ഷക്കാര്‍ ഉള്‍പ്പെട്ടവ എത്രയാണ്‌, മറ്റുള്ളവര്‍ (പ്രൊഫഷണല്‍ കുറ്റവാളി സംഘങ്ങള്‍ അടക്കം )ഉള്‍പ്പെട്ടത് എത്രയാണെന്ന് താരതമ്യം ചെയ്താല്‍ ഭിക്ഷക്കാര്‍ ഭേദമാണെന്ന് തോന്നുന്നു. ”

അതിപ്പം ഒരു പഴുതാരയെ മുമ്പിക്കണ്ടാലും മാഷു തല്ലിക്കൊല്ലില്ലെ? അതൊ അതിലും വിഷമില്ലെ മൂര്‍ഖന് എന്നും‌പറഞ്ഞ് അതിനെ വെറുതെവിടുമോ?!

പിന്നെ പിള്ളാരെ തട്ടിക്കൊണ്ട്പോകുന്നത്...

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അതുകുറവായിരിക്കാം എന്നാലും അന്യസംസ്ഥാനങ്ങളില്‍നിന്ന് പിള്ലാരെ കേരളത്തില്‍ കൊണ്ടിവന്ന് അംഗവൈകല്യം വരുത്തി ഭിക്ഷാടനം നടത്തിക്കുന്ന സംഘങ്ങളില്ലെ? പിന്നെ കേരളത്തിലും അത്തരം സഭവങ്ങള്‍ ഒരുപാടു നടക്കുന്നുണ്ട്. പലപ്പോഴും അതു തിരിച്ചറിയപ്പെടാതെപോവുന്നു എന്നതാണു സത്യം.

അപ്പൊ ഭിക്ഷാടനം നിരോധിച്ചാല്‍ ഒരളവുവരെയെങ്കിലും ഇതിനൊക്കെകുറവുണ്ടാകില്ലെ?

“പിന്നെ അവര്‍ സംഘടിതരും ചിലപ്പോഴൊക്കെ ധനികരുമാണെന്നത്. ഭിക്ഷക്കാരന്‍ പണിത ഫ്ലാറ്റ് സമുച്ചയമൊന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ”

പക്ഷെ ഒരുനേരത്തെയാഹാരത്തിനായി നമ്മള്‍ കൊടുക്കുന്ന കാശുകൊണ്ട് ബാറില്‍ക്കേറി വെള്ളമടിക്കുന്നത് കണ്ടിട്ടുണ്ട്!

“ഭിക്ഷാടകരെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവര്‍ ചാടിപ്പോകുന്നു അതിനാല്‍ ഭിക്ഷ നിരോധിക്കേണ്ടതുണ്ടെന്ന് ഈയിടെ കേട്ടു. പുനരധിവാസം ഒരു തടവുശിക്ഷയാകുന്നതുകൊണ്ടാണ്‌ അവര്‍ രക്ഷപ്പെടാന്‍ നോക്കുന്നത്.”

എന്റെ പരിചയ്ത്തിലുള്ള ഒരു കന്യാസ്ത്രിമഠമുണ്ട്. അവര്‍ ഇത്തരം ആള്‍ക്കാര്‍ക്കായുള്ള ഒരു പുനരധിവാസകേന്ദ്രം നടത്തുന്നുണ്ട്. ഞാന്‍ അവിടെപ്പോയിട്ടും കണ്ടിട്ടുമുണ്ട്. അവിടുന്ന് ആളുകള്‍ ചാടിപ്പോകാറുണ്ട്. കാരണം അവരുടെ കള്ളുകുടിയും പുകവലിയും അവടെ നടക്കില്ല!

അവരെപ്പിടിച്ചു ജെയിലില്‍ ഇടണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ അവരെ പുനരധിവസിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.

എന്റെ എഴുത്തിന് മാഷെഴുതുന്നതുപോലെ വെല്ല്യ സ്റ്റൈലൊന്നുമില്ല! പിന്നെ ഉറക്കവും വരുന്നു. എന്നാലും ഞാന്‍ എശ്ഴുതിയ കാര്യം മനസ്സിലായല്ലൊ അല്ലെ?


ഇനി ഒരു ഓ ടോ...

കമന്റ്മലകേറ്റം കഠിനം പൊന്നയ്യപ്പാ‍ാ...

Radheyan said...

വളരെ താത്വികമായും നിസംഗമായും സമീപിച്ചിരിക്കുന്നു.എന്നിരുന്നാലും പൂര്‍ണ്ണമായി യോജിപ്പില്ല.

ഒന്നാമത് ഇതിനെ ചുറ്റിപ്പറ്റി ഒരു ഗൂഡസംഘങ്ങള്‍ വളര്‍ന്നുവരുന്നത് പരിഷ്കൃത ലോകത്തിന് ആശാസ്യമല്ല.

പിന്നെ പകല്‍ ഭിക്ഷാടനവും രാത്രി മോഷണവും തൊഴിലാക്കിയ തമിഴ് സംഘങ്ങള്‍ (രാംജിനഗര്‍ എന്നോ മറ്റോ ഉള്ള സ്ഥലത്ത് നിന്നുള്ളവര്‍) കൂടി വരുന്നു.കൊള്ളക്കൊടുവില്‍ കൊല നടത്താനും മടിക്കാത്ത കൂട്ടര്‍.ഇവര്‍ക്ക് യാചന്‍ ഒരു മറയാണ്

Unknown said...

മുന്‍പും പല പോസ്റ്റുകളും വായിച്ചിട്ടൂണ്ടെങ്കിലും കമന്റ് ഇടാന്‍ എന്തോ പറ്റിയില്ല.....
എന്തായാലും ഒന്നു പറയട്ടേ.. നല്ല ശൈലിയാ മാഷെ നിങ്ങടേത്..
ഇനീം വരാം ഇതു വഴിയൊക്കെ... ആശംസകള്‍.

ഹാരിസ് said...

:)

siva // ശിവ said...

നല്ല ലേഖനം.... നല്ല വിവരണം

siva // ശിവ said...

നല്ല ലേഖനം.... നല്ല വിവരണം

Inji Pennu said...

ഭിക്ഷാടനം ദാരിദ്ര്യത്തില്‍ കൂട്ടിക്കുഴക്കല്ലേ ആന്റണി. ജോലി ചെയ്ത് ബുദ്ധിമുട്ടി ജീവിക്കുന്ന ഒരൂപാട് ദരിദ്രരുണ്ട്. മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടുക ഒരു ശീലമാണ്, ദാരിദ്ര്യമല്ല. അതൊരു തൊഴിലുമല്ല. ഭിക്ഷാടനം സംഘമാക്കി നിരവധി അനാവശ്യ പ്രവര്‍ത്തനങ്ങളുണ്ട്.