Sunday, April 6, 2008

അപ്പൂപ്പന്‍

വെളുത്ത ഉടുപ്പും മുണ്ടും മുടിയും മീശയും പുരികവും. കറുത്ത കാലന്‍ കുടയും ചെരിപ്പും. ഒട്ടും ചിരിവരാത്തൊരു മുഖം, ഒരു വികാരവും തോന്നിക്കാത്ത  സാവാധാനം ഉച്ചരിക്കുന്ന വാക്കുകള്‍. ഉയരുകയോ താഴുകയോ ചെയ്യാത്ത ശബ്ദം. അതാണ്‌ അപ്പൂപ്പന്‍.

അപ്പൂപ്പനും എന്റെ അപ്പാപ്പനും ഒരുമിച്ച് ജോലി ചെയ്തിരുന്നത്രേ. ഞാന്‍ ജനിക്കും മുന്നേ ഇരുവരും അടുത്തൂണ്‍ പറ്റി.  വൈകുന്നേരം ഒന്നുകില്‍ അപ്പാപ്പന്‍ അപ്പൂപ്പന്റെ വീട്ടില്‍ പോകും, അല്ലെങ്കില്‍ അപ്പൂപ്പന്‍ ഞങ്ങളുടെ വീട്ടില്‍ വരും.  മുന്‍‌തീരുമാനം അനുസരിച്ചാണെന്നു തോന്നുന്നു, ഒരിക്കലും ഇരുവരും വഴിയില്‍ കണ്ടുമുട്ടുകയോ അപരന്‍  വരുമെന്ന്  ഇരുവരും കരുതി തമ്മില്‍ കാണാതിരുന്നതോ ഓര്‍ക്കുന്നില്ല.

ഉമേഷ് കഴിഞ്ഞ പോസ്റ്റില്‍ കാളിദാസശ്ലോകങ്ങളെ ഞാനെങ്ങനെ അറിയുമെന്ന് ചോദിച്ചിരുന്നു. അപ്പൂപ്പന്‍ എന്തെങ്കിലും അവസരത്തില്‍ ചൊല്ലിക്കേട്ടവയാണ്‌ അവ. അദ്ദേഹത്തിന്റെ പല്ലെല്ലാം പോയതിനാല്‍  ഞാന്‍ ചില അക്ഷരങ്ങള്‍ തെറ്റിക്കേട്ടതാണോ അതോ കാലം കൊണ്ട് മറന്നു പോയതാണോ. തെറ്റു തിരുത്തിത്തന്നതിനു നന്ദി, ഇനി തെറ്റാതെ ചൊല്ലാം.

ആന്റണിക്ക് ആരാവണം?
ശാസ്ത്രജ്ഞന്‍.

ഏതു ശാസ്ത്രത്തില്‍?
അത്...

ഇപ്പോള്‍ പഠിക്കുന്ന ശാസ്ത്രത്തില്‍ ഏറ്റവും പ്രയാസം ഏതാണ്‌?
രസതന്ത്രം

അതിലെന്താ കുഴപ്പം?
പീരിയോഡിക്ക് ടേബിള്‍ മറന്നു പോകും.

അതിന്റെ ഇംഗ്ലീഷ് പേരുകളും  എലിമെന്റ് സിംബലും കൂടി  പഠിച്ചു വയ്ക്കുന്നതുകൊണ്ടാണ്‌ നീ മറക്കുന്നത്. ഇനി കാണുമ്പോഴെല്ലാം ഞാന്‍ ഓരോന്നിന്റെയും  ലത്തീന്‍ പേരുകള്‍ ചോദിക്കും, തെറ്റിക്കരുത്.
ഇല്ല.

പിന്നെയെന്റെ ക്ലാസിലെ പെണ്‍കുട്ടികള്‍  ഔറം കൊണ്ട് കമ്മലിട്ടു.  കഞ്ഞിയില്‍ ഞാന്‍ നാട്രിയം ക്ലോറൈഡ്  ചേര്‍ത്തു, വളം കടിക്ക് കാലില്‍ കാലിയത്തിന്റെ പെര്‍മാംഗനേറ്റ് ആണ്‌ പുരട്ടിയത് , പാത്രം ഓട്ടയടക്കാന്‍ പ്ലംബം പൂശുകാരനാണു വന്നു കയറിയത്, പണിക്കാന്‍ തെങ്ങില്‍ തളിച്ചത് കുപ്രിക്ക് സല്‍ഫേറ്റ്  തളിക്കുന്നതാണ്‌ കണ്ടത്.


കോളെജില്‍ ഞാനെത്തുമ്പോഴേക്ക് അപ്പൂപ്പന്‍ ഉണ്ടായിരുന്നില്ല, ഞാന്‍ രസതന്ത്രം പഠിച്ചുമില്ല.  സ്കൂളില്‍ പഠിച്ചത് മിക്കതും മറന്നും പോയി. അപ്പൂപ്പന്റെ ശ്ലോകങ്ങളും രസതന്ത്രപാഠവുമൊഴിച്ച്. അപ്പൂപ്പന്‍ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞില്ല,  മറ്റു മുതിര്‍ന്നവരെപ്പോലെ അവിടെ നിന്നു ശവമടക്കിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്തി.

(പോസ്റ്റ് ഉമേഷിനു സമര്‍പ്പണം)

3 comments:

kaithamullu : കൈതമുള്ള് said...

എന്റെ അപ്പൂപ്പനെ ഞാനീയിടെ ഓര്‍ത്തതേയുള്ളൂ*, അതോണ്ടാ ഓടിക്കയറി വന്നേ...

-പ്രാ‍യത്തിനും അനുഭവങ്ങള്‍ക്കും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല, അനോനീ!

vadavosky said...

മനസ്സില്‍ തൊട്ടു ആന്റണി. പല പോസ്റ്റുകളേയും പോലെ.

Umesh::ഉമേഷ് said...

ആദ്യമായിട്ടാണെന്നു തോന്നുന്നു എനിക്കൊരു പോസ്റ്റ് സമര്‍പ്പിക്കുന്നതു്. സന്തോഷം!

കമന്റിട്ടപ്പോള്‍ ആന്റണി എഴുതിയതില്‍ തെറ്റുണ്ടെന്നറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തിരിച്ചു ചെന്നു നോക്കിയപ്പോഴാണു് “നിപഞ്ജതി” എന്നാണെഴുതിയതു് എന്നു കണ്ടതു്.


ഈ ബൂലോഗത്തിലെ അപ്പൂപ്പനും അപ്പാപ്പനും ആണോ ആന്റണീ നമ്മള്‍? നമ്മുടെ ഈ ശ്ലോകവും രസതന്ത്രവുമൊക്കെ ഭാവിതലമുറയെ ചിലതൊക്കെയെങ്കിലും ഓര്‍മ്മിപ്പിക്കാന്‍ ഉതകുമോ?

ആവോ ആര്‍ക്കറിയാം!