Monday, April 7, 2008

രണ്ടു കാശും കൊറേ ആക്ഷേപവും വേണോ ?

സന്തോഷ് പിള്ളയുടെ ബ്ലോഗ് ഫുള്‍ ഫീഡ് തരാത്തതിനാല്‍ പോസ്റ്റുകള്‍ വായിക്കാന്‍ പറ്റാറില്ല. ഇന്ന്  ചില അഭ്യാസങ്ങളൊക്കെ നടത്തിയവഴി പാര്‍ഷ്യല്‍ ആയി വായിച്ചു.  തെളിഞ്ഞുകാണാത്ത ഭാഗത്ത് ഞെക്കിയപ്പോള്‍ ഫൊക്കാന എന്ന അമേരിക്കന്‍ മലയാളി സംഘടനയുടെ സൈറ്റില്‍ പ്രെസിഡന്റിന്റെ പേജില്‍ എങ്ങനെയോ എത്തിപ്പെട്ടു.

അദ്ദേഹത്തിന്റെ പടത്തില്‍ മൗസിട്ട് ഒന്നു കിണുക്കി. സാധാരണ ചിത്രത്തിലെ ലിങ്ക് പ്രൊഫൈല്‍ ആയിരിക്കുമല്ലോ, അതാവുമെന്ന് കരുതി ചെയ്ത കടും കൈ ആണ്‌.  വന്ന പേജ്  ഒരു ഇന്റര്വ്യൂ.

ആദ്യത്തെ ചോദ്യം എന്താണ്‌ ഈ ഫൊക്കാനയുടെ പ്രവര്‍ത്തനം എന്നാണ്‌.
 ഉത്തരം ഫൊക്കാനയുടെ ലക്ഷ്യം ജനസേവനമാണെന്നും കേരളാ സര്‍ക്കാര്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഫൊക്കാന നാട്ടില്‍ ചെയ്യുന്നെന്നും. പിന്നോട്ടുള്ള കാര്യങ്ങള്‍ പോകട്ടെ, ഇന്ന്, ഈ ഒരു ദിവസം കേരള സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ (മഹത്തരം എന്നല്ല, സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്‌ ക്ഷേമ പ്രവര്‍ത്തനം) കുട്ടനാട്ടിലെ കാര്‍ഷിക കെടുതിക്ക്  പന്ത്രണ്ടു കോടി രൂപ ഈയര്‍മാര്‍ക്ക് ചെയ്തു,  ഉള്ളൂരില്‍  നിന്നും ആക്കുളത്തേക്ക്  റോഡിനു വീതി കൂട്ടാന്‍ നാലുകോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുവദിപ്പിച്ചു. കാട്ടാനയുടെ ചവിട്ടു മരിച്ച വ്യക്തിക്ക് അമ്പതിനായിരം രൂപ നല്‍കി... അങ്ങനെ ഒരമ്പതു  കോടിയുടെയെങ്കിലും കണക്കു കാണും.  ഇതിലും വലിയ കാര്യങ്ങള്‍ ദൈനം ദിനം ചെയ്യുന്നെന്നാണോ ഇദ്ദേഹം അവകാശപ്പെടുന്നത്?   നാന്‍ താണ്ടാ അരസാങ്കം എന്നോ മറ്റോ ഡോക്റ്റര്‍ രാജശേഖര്‍ ഒരു തമിഴു സിനിമയില്‍  അവകാശപ്പെടുന്നത് ഓര്‍ത്തു പോയേ.

രണ്ടാം ചോദ്യം
കേരളത്തില്‍ വ്യക്തിതലത്തില്‍ എന്തെങ്കിലും ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹമുണ്ടോ?
ഉത്തരം നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വിദേശമലയാളി മുന്‍ കൈ എടുത്താല്‍ രാഷ്ട്രീയക്കാര്‍ തടയും. (അപ്പോള്‍ തലശ്ശേരി കോ ഓപ്പറേറ്റീവ് മുതല്‍  നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് വരെ ഉള്ള കാര്യങ്ങള്‍ രാഷ്ട്രീയക്കാര്‍ അറിഞില്ലേ?)

ചോദ്യം ആറ്
മാദ്ധ്യമരംഗത്ത് ഫൊക്കാനയുടെ സംഭാവന എന്താണ്‌?
അച്ചടി മാദ്ധ്യമ രംഗത്ത് ഫൊക്കാന സാന്നിദ്ധ്യം തെളിയിച്ചെന്ന് അദ്ദേഹം പറയുന്നു, എങ്ങനെ എന്ന് പറയുന്നില്ല, ദൃശ്യമാദ്ധ്യമത്തിലേക്ക് ചുവടുവയ്ക്കാന്‍ പോകുന്നെന്നും പറയുന്നു അതും എങ്ങനെയെന്ന് പറയുന്നില്ല.   ഫൊകാനയുടെ സൈറ്റ് ഇംഗ്ലീഷിലാണ്‌, മലയാളത്തിലുള്ള ഈ ഇന്റര്വ്യൂ  സ്കാന്‍ ചെയ്ത ചിത്രമായാണ്‌, യൂണിക്കോഡ് പോയിട്ട് ഒരു കോഡുമില്ല.

ചോദ്യം എട്ട് ഫൊക്കാനയോട് കേരള സര്‍ക്കാരിന്റെ സമീപനം എന്താണ്‌?
നേതാക്കള്‍ കൊടി പിടിക്കില്ലെന്ന എഴുതിയൊപ്പിട്ട ഉറപ്പു നല്‍കിയാലേ ഞങ്ങള്‍ക്ക് കാര്യമായിട്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് ഉത്തരം. അതായത് ജനങ്ങളുട ഭരണഘടനാപരമായ അവകാശം തീറെഴുതിയാല്‍ എന്തെങ്കിലും ചില്ലറ തരുമെന്നോ?

ഇതിനോട് പ്രതികരണമൊന്നുമില്ല, ചേര്‍ത്ത് വായിക്കേണ്ടും കാര്യങ്ങള്‍ മാത്രമേയുള്ളു.  കേരളസര്‍ക്കാരിനെക്കാള്‍ വലിയ കാര്യങ്ങള്‍ ഇത്തരം അസോസിയേഷനുകള്‍ ചെയ്യുമ്പോള്‍, അസോസിയേഷനില്ലാത്ത സാധുക്കള്‍ ഒരു വെല്ലുവിളിയുമില്ലാതെ കഴിഞ്ഞയാണ്ട് ആയിരത്തൊരുനൂറു കോടി വിദേശനാണ്യം ഇന്ത്യയിലെ ബാങ്കുകളില്‍ നിക്ഷേപിച്ചു. എട്ടുപത്ത് എന്‍ ആര്‍ ഐ സം‌രംഭങ്ങള്‍ ഞാന്‍ അറിയുന്നവര്‍ തന്നെ തുടങ്ങി.  വിദ്യാഭ്യാസസ്ഥാപനങ്ങളടക്കം. ടൂറിസം ഐ ടി  സ്ഥാപനങ്ങളുമുണ്ട്.  ആരോ കൊച്ചിയില്‍  അന്താരാഷ്ട്ര മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നു.  ഒരു ദുബായിക്കാരന്‍ നൂറ്റിയിരുപതു കോടി മുടക്കി കൊല്ലത്ത് മെഡിക്കര്‍ ടൂറിസം റിസോര്‍ട്ട് കെട്ടിപ്പൊക്കുന്നു,  പത്തു കോടി രൂപയുടെ ചാരിറ്റി പ്രവര്ത്തനം സര്‍ക്കാരിനു വാഗ്ദാനം ചെയ്യുന്നു.  വര്‍ഷാവര്‍ഷം  വിദേശത്ത്  ചെറിയ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മുതല്‍ ടെലിവിഷനിലെ അവതാരകര്‍ നടത്തുന്ന അശരണസഹയാഭ്യര്‍ത്ഥനയ്ക്കു വരെ ആവുന്ന പണം അയയ്ക്കുന്നു.

ഇവരാരും നോര്‍ക്കയെയും കേരള ഗവണ്മനെന്റിനെയും ആക്ഷേപിച്ചും (തീര്‍ച്ചയായും വോട്ടര്‍ എന്ന നിലയില്‍ കുറ്റം പറയാം, ഞാനും പറയും)  മുദ്രപ്പത്രങ്ങളൊപ്പിട്ടില്ലെങ്കില്‍ ഒന്നും തരില്ലെന്ന് ഭീഷണിപ്പെടുത്തിയുമല്ല കാര്യങ്ങള്‍ ചെയ്യുന്നത്.

ആതുരരായിരിക്കാം മലയാളികള്‍.  പാപ്പരായ സര്‍ക്കാരും കാലിയായ ഖജനാവുമുള്ളവരും അഴിമതിക്കാരും തെമ്മാടികളും ഭരിക്കുന്നവരുമായിരിക്കാം . പക്ഷേ തെണ്ടികളല്ല. ഇങ്ങനെ ആക്ഷേപിച്ചും മുഖത്തു തുപ്പിയും തരുന്ന ഒറ്റക്കാശ് വേണ്ട, അല്ലാതെ തന്നെ ജീവിക്കാനറിയാം. മുണ്ട് മുറുക്കിയുടുത്താണെങ്കില്‍ അങ്ങനെ. സഹായം ഭിക്ഷക്കാരന്റെ പാത്രത്തിലായാലും സ്നേഹത്തോടെ ഇടാനാവട്ടെ ഫൊക്കാനയ്ക്ക്.

7 comments:

അതുല്യ said...

പക്ഷേ തെണ്ടികളല്ല. ഇങ്ങനെ ആക്ഷേപിച്ചും മുഖത്തു തുപ്പിയും തരുന്ന ഒറ്റക്കാശ് വേണ്ട, അല്ലാതെ തന്നെ ജീവിക്കാനറിയാം. മുണ്ട് മുറുക്കിയുടുത്താണെങ്കില്‍ അങ്ങനെ. സഹായം ഭിക്ഷക്കാരന്റെ പാത്രത്തിലായാലും സ്നേഹത്തോടെ ഇടാനാവട്ടെ ഫൊക്കാനയ്ക്ക്.

Full Support Antony. Full Support for these lines.

വാല്‍മീകി said...

ആന്റോ, അമേരിക്കയിലെ പല മലയാളി സാംസക്കാരിക പരിപാടികളിലും ഈ ഫൊക്കാന ഭാരവാഹികള്‍ എന്നു പറയുന്നവരുടെ അസഹനീയമായ ഇംഗ്ലീഷ് കേട്ട് തല കറങ്ങിയിരിക്കുന്ന ഒരാളാണ് ഞാന്‍. കൂപമണ്ഡൂകങ്ങളായ ഇവരെ ഇവിടെ വിവരമുള്ള ഒരു മലയാളി പോലും അടുപ്പിക്കില്ല.

യാരിദ്‌|~|Yarid said...

ഫൊക്കാനയൊ? അമേരിക്കന്‍ മലയാളിക്കു ഡംഭു കാണിക്കാനുള്ള സംഘടന..!!!

ആന്റണിമാഷ് കീ ജയ്....

Vanaja said...

സഹായം ഭിക്ഷക്കാരന്റെ പാത്രത്തിലായാലും സ്നേഹത്തോടെ ഇടാനാവട്ടെ ഫൊക്കാനയ്ക്ക്.
ഫൊക്കാനയ്ക്കു മാത്രമല്ല, എല്ലാവര്‍ക്കും
എന്റേയും കൂടി കൈയ്യൊപ്പ്.

പാമരന്‍ said...

എന്‍റെ ഒപ്പ്‌ കൂടി.

ഫൊക്കാനക്കാരന്‍ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിലേ അല്‍ഭുതമുള്ളൂ..

ഗുപ്തവര്‍മ്മ said...

നന്നായി അനോണി

സന്തോഷേട്ടന്റെ കുറിപ്പുകണ്ടെങ്കിലും ലിങ്കുകള്‍ നോക്കിയിരുന്നില്ല.

സുഗതരാജ് പലേരി said...

അനോണി മാഷ് കീ ജയ്....!