Monday, April 14, 2008

തിരുവനതപുരത്ത് ശക്തിയായ കാറ്റ്: അന്ധയായ ഒരു സ്ത്രീയുടെ ഉടുതുണി പറന്നു പൊങ്ങുന്നത് ഇപ്പോള്‍ കാണാം.

ദുബായിലെ ഒരു പോലീസുകാരന്‍   നിയന്ത്രണം വിട്ട വാഹനം വന്നിടിച്ച് ഡ്യൂട്ടിക്കിടെ മരണപ്പെട്ടു.  ഈ ഭീകരരംഗത്തിന്റെ  വീഡിയൊ ക്ലിപ്പിങ്ങ്   പോലീസ് സര്വേയിലന്‍സ് ക്യാമറയില്‍ നിന്നും ആരോ ലീക്ക് ചെയ്ത് മൊബൈലില്‍ നിന്നും മൊബൈലിലേക്ക് കൈമാറ്റം ചെയ്തു ചെയ്ത് ഒടുക്കം മരിച്ചയാളുടെ വിധവയുടെ അടുത്തുമെത്തി. പോലീസ് മേധാവി വിധവയെക്കണ്ട്  മാപ്പു പറയുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്തു.  പത്രപ്രസ്ഥാവനയില്‍ അദ്ദേഹം  ഇതു നാടു നീളെ പരത്തിയവരോട് ഇങ്ങനെ ചോദിച്ചു. "ഒരു വ്യക്തിയുടെ ദാരുണമായ അന്ത്യം ഇങ്ങനെ വിതരണം ചെയ്തതെന്തിനാണ്‌? നിങ്ങള്‍ അതു കണ്ട്  ആനന്ദിക്കുകയായിരുന്നോ?"

മൂന്നു നാലു മാസം മുന്നേ പത്രത്തില്‍ വന്ന ഈ വാര്‍ത്ത ഇപ്പോള്‍ ഓര്‍ക്കാന്‍ കാര്യമുണ്ട്. ഇന്നലെ കൈരളി ടെലിവിഷന്‍ വാര്‍ത്തയില്‍ എരുമേലിയില്‍ തമിഴ്നാട്ടില്‍ നിന്നും  വന്ന ഒരു ബസ്   മറിഞ്ഞ വാര്‍ത്ത ഞാന്‍ കണ്ടതിങ്ങനെ:
ആദ്യം മറിഞ്ഞ ബസിന്റെ ദൃശ്യം. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് കൂടി നിന്നവരുടെ വിവരണം.

പിന്നെ  മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് എടുക്കുന്നതും കുറേപ്പേര്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്തയും. അവിടെ കഴിഞ്ഞെന്നു കരുതി.
 
പിന്നെ കാണിച്ചത് ആശുപത്രിയാണ്‌.  അത്യാഹിതവിഭാഗത്തിനുള്ളില്‍ നിന്നുള്ള രംഗം. മിക്കവാറും നഗ്നരായി ചോരയില്‍ കുളിച്ച് പുളയുന്ന ആളുകളില്‍ തുന്നിക്കെട്ടലും മറ്റും നടത്തുന്ന ഡോക്റ്റര്‍മാര്‍.
അത്യാഹിതം സംഭവിച്ച കുറച്ചു സാധുമനുഷ്യരുടെ സ്വകാര്യതഭഞ്ജിച്ചും  ജീവന്‍ രക്ഷാ നടപടികള്‍ക്ക് തടസ്സമുണ്ടാക്കിയും ആശുപത്രി ജീവനക്കാരെ അലോസരപ്പെടുത്തിയും എമര്‍ജന്‍സി റൂമില്‍ കയറി ഈ അഭ്യാസം  നടത്തി നമ്മളെ എന്തു കാണിച്ചു തരാനാണ്‌ ഇവര്‍ നോക്കുന്നത്?

 സൂപ്പര്‍ സ്റ്റാറിന്‌ ‌ കൊളോണ്‍ എന്‍ഡോസ്കോപ്പി നടത്തി എന്ന്  ന്യൂസ് പ്രസന്റര്‍ പറഞ്ഞാന്‍ നമുക്കു മനസ്സിലാവുന്നതേയുള്ളു, അതിന്റെ ദൃശ്യം കാട്ടാന്‍ ശ്രമിക്കുന്നത് ആഭാസമാകും. ഒന്നു തടയാന്‍ പോലും കഴിയാത്ത  മനുഷ്യന്‍ തുണിയില്ലാതെ  ചോരശര്‍ദ്ദിച്ച് കിടക്കുന്ന ദൃശ്യമെന്തിനിവര്‍ നമ്മളെ കാട്ടുന്നു? ഒരു പ്രമുഖ വ്യക്തിയോ പോട്ടെ ചോദ്യം ചെയ്യാന്‍ ബന്ധുക്കളെങ്കിലും അടുത്തുള്ള ഒരാളായിരുന്നു ആ കിടക്കുന്നതെങ്കില്‍ ഇവരിതു  പകര്‍ത്തുമായിരുന്നോ? അപ്പോള്‍ ആരുമില്ലാത്തവരോട് എന്തുമാകാം എന്നാണോ  മനസ്സിലാവുന്നത്?


[ഒരു  ദൃശ്യമാദ്ധ്യമക്കാരന്‍ സുഹൃത്ത് പറഞ്ഞത് " ശിവശങ്കരന്റെയും ശാരദയുടെയും  മകനാണ്‌ രാജന്‍" എന്നു പറഞ്ഞാല്‍ കിട്ടുന്ന എഫക്റ്റ് പോരെന്ന് തോന്നുമ്പോള്‍ ഞാന്‍ "ശാരദയ്ക്ക് ഭര്‍ത്താവ് ശിവശങ്കരനില്‍ നിന്നു തന്നെ ജനിച്ച മകനാണ്‌ രാജന്‍" എന്നു ചെറുതായി മാറ്റിയെന്നിരിക്കും, അതൊരു തെറ്റാ?"]

18 comments:

പ്രിയ said...

"ഒരു വ്യക്തിയുടെ ദാരുണമായ അന്ത്യം ഇങ്ങനെ വിതരണം ചെയ്തതെന്തിനാണ്‌? നിങ്ങള്‍ അതു കണ്ട് ആനന്ദിക്കുകയായിരുന്നോ?"

അതെ. പദ്മതീര്ഥക്കുളത്തില് മുന്പോരാളെ മാനസികരോഗം ഉള്ള മറ്റൊരാള് മുക്കി കൊന്നത് മണിക്കൂറുകളോളം ടിവിയില് കണ്ടാസ്വദിച്ചത് മറന്നോ?ഒരു പ്രമുഖ ചാനനിലെ വാര്ത്താ അധിഷ്ടിത പരിപാടിയില് ആദ്യം അവതാരകന് കഥ പറയും . എന്നിട്ടാ കഥ തന്നെ ബന്ധുക്കള് ഓരോരുത്തരും കണ്ണീരോടെ പിന്നെയും പറയും. പിന്നെ അതിന്റെ ദ്രശ്യക്കാഴ്ച്ച. ഇതെല്ലാം രാത്രി 11 മണിക്കൊക്കെയാ സംപ്രേക്ഷണം. ഒരു മണിക്കൂര് എന്ത് വേണം. ഇതു കണ്ടാസ്വദിക്കാന് ആളുണ്ടായിട്ടാണല്ലോ.
എന്ത് സംഭവിച്ചു എന്ന് ഒരിക്കല് കേട്ടാല് മനസിലാക്കാന് ആവാത്ത ജനത ആണോ ഇവിടെ? അതോ മറ്റുള്ളവന്റെ വേദന ക്രൂരതയോടെ കാണുന്ന രാക്ഷസജന്മങ്ങളോ?

ശാലിനി said...

ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എത്ര ക്രൂരമാണിതെന്ന്. ഈയിടെയായി ടിവി വയ്ക്കാറേയില്ല, പ്രത്യേകിച്ച് എതെന്കിലും അപകടങ്ങള്‍ നടന്നാല്‍. ഇതിനെതിരേ എന്തേ ഒരു മനുഷ്യാവകാശകമ്മീഷനും വരാത്തത്?

"മറ്റുള്ളവന്റെ വേദന ക്രൂരതയോടെ കാണുന്ന രാക്ഷസജന്മങ്ങളോ?" - ആയിരുക്കും പ്രിയേ.

ആന്‍റണി പോസ്റ്റുകളെല്ലാം വായിക്കുന്നുണ്ട്. പലതും ജീവിതത്തില്‍ പ്രയോജനപ്പെടുന്നുമുണ്ട്, നന്ദി.

മൂര്‍ത്തി said...

1.പത്രങ്ങളും മോശമല്ല.സ്വകാര്യതാ ഭഞ്ജനത്തിന്റെ കൂടെ വായനക്കാരെ ചോര കാണിച്ച് ബുദ്ധിമുട്ടിക്കുന്നതില്‍. അപകടത്തില്‍പ്പെട്ട് തലപോയതൊക്കെ ഫോട്ടൊ ആയി തന്നെ പത്രങ്ങളില്‍ വന്നിട്ടുണ്ട്. പ്രിയ പറഞ്ഞ സംഭവം ആ ചാനലിന്റെ തമിഴ് വകഭേദങ്ങളിലും കാണിച്ചിരുന്നു. വൈകീട്ട് കൊല കാണിക്കുന്നു എന്നതിനു രാവിലെ മുതല്‍ പരസ്യവും.

2. ഉറപ്പില്ലാത്ത വാര്‍ത്തയാണെങ്കില്‍ കളക്ടറുടെ കൂടെയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണെന്നു പറയപ്പെടുന്നു എന്ന് കാച്ചും. ചുമ്മാ കേസ് വരരുതല്ലോ..:)

Radheyan said...

മത്സരം എഫിഷ്യന്‍സി കൂട്ടുന്നു
മത്സരം വിലകുറക്കുന്നു

മത്സരം മനുഷ്യത്വവും കുറയ്ക്കുന്നു.ചോരപ്പാടുകള്‍ പതിഞ്ഞ ഒന്നാം പുറം നോക്കി രാവിലെ ചായകുടിക്കാനുള്ള ബുദ്ധിമുട്ട് കൈരളിയില്‍ തന്നെ ഡോ.സെബാസ്‌റ്റിന്‍ പോള്‍ പലതവണ പറഞ്ഞിട്ടുണ്ട്.

പത്രത്തില്‍ ഫോട്ടോ പാടില്ല,റ്റിവിയില്‍ വീഡിയോ ആകമെന്നാണോ.

തമിഴ്നാട്ടില്‍ മരിച്ച വേളാങ്കണ്ണീ തീര്‍ത്ഥാടകരെ ഏഷ്യാനെറ്റും ഇങ്ങനെ കാണിച്ചിരുന്നു,അതില്‍ ആ അമ്മച്ചിയുടെ കിടപ്പ് അസഹ്യമായിരുന്നു.

ചിതല്‍ said...

UM..ഇതിനൊക്കെയുള്ള പ്രതികരണം നമ്മുടെ ടി.വി അടിച്ച് പൊട്ടിച്ച് കൊണ്ട് മാത്രമേ സാധിക്കൂ,, കാരണം അവര്‍ മാധ്യമങ്ങളാണ്...
എല്ലാം വായിക്കാറുണ്ട്. തുടരുക..

മറ്റൊരാള്‍\GG said...

എന്റെ മാഷേ, നന്നായി ഈ എഴുത്ത്.


പ്രിയ പറഞ്ഞതിനോടും യോജിക്കുന്നു.

ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തിച്ചുള്ള ദൃശ്യങ്ങള്‍ കണ്ടു മനം മടുത്ത മറ്റൊരാളാണ് ഞാന്‍‌. താങ്കള്‍ വിവരിച്ചതുപോലെ ഇന്നലെ ‘കറുത്ത ഞായറിന്റെ‘ ദൃശ്യങ്ങള്‍ സഹിക്കവയ്യാതെ വീട്ടിലിരിക്കുന്ന ഗര്‍‌ഭിണിയായ ഭാര്യ പറഞ്ഞു. “ടിവി അങ്ങ് പായ്ക്ക് ചെയ്ത് വെച്ചേക്കൂ! എത്രനേരമായി ഇത് സഹിക്കുന്നു. എല്ലായിടത്തും ഇതേയൊള്ളോ കാണിക്കാന്‍?“(ഈ കാര്യത്തില്‍ അവള്‍ക്ക് വിവരം വച്ചുതുടങ്ങിയിരിക്കുന്നു.)

പിന്നേയ് എനിയ്ക്കൊരു സംശയം: ഏതെങ്കിലും സംഭവുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ അനുവാദം കൂടാതെ, അവരുടെ പടമെടുത്ത് മാദ്ധ്യമങ്ങളില്‍ കാണിക്കുന്നത് ന്യായമാണോ?

സനാതനന്‍ said...

ഉയര്‍ന്നുകേള്‍ക്കേണ്ട ചോദ്യം

Harold said...

അനോനിയുടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നു
വേറിട്ടൊരു ചാനല്‍ ഇങ്ങനെയല്ല
വേറിട്ടു നില്‍ക്കേണ്ടത്.

വേണു venu said...

വാര്‍ത്തയ്ക്കു് നിറമെങ്ങനെ കൂട്ടണം. ?
പി.പി.രമചന്ദ്രന്‍റെ കവിതയിലെ വരികളോര്‍ത്തു പോകുന്നു.
“രണ്ടുറുമ്പുകള്‍ സംഭോഗം
ചെയ്യും ക്ലോസപ്പുദൃശ്യമോ
കണ്ടില്ലിങ്ങനെ മുമ്പുനാം

മുന്നിലും പിന്നിലും മേലു
കീഴിലുള്ളതു,മെന്തിന്‌,
ഉള്ളിലുള്ളതുകൂടിയും

കണ്ടുകണ്ടിന്നു മേലാകെ
കണ്‍കളുള്ളവനായി ഞാന്‍
കാണാമിന്നരുതാത്തതും.”
അരുതാത്തതു കാണാനും കാണിക്കാനും മത്സരം.
വാര്‍ത്തകളേ...:)

അപ്പു said...

അനോനീ, ചിന്തനീയമായ വിഷയം തന്നെ. ഇതേപ്പറ്റി ഞാന്‍ മറ്റെവിടെക്കൊയോ കമന്റിയിട്ടുണ്ട് ഇതുനു മുമ്പും. നമ്മുടെ മാധ്യമസംസ്കാരം ഏറ്റവും വൃത്തികെട്ടതെന്നേ പറയാനുള്ളൂ ഇക്കാര്യത്തില്‍. തട്ടേക്കാട്ട് പിഞ്ചുകുഞ്ഞുങ്ങള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചപ്പോള്‍, കണ്ണൂരില്‍ ഈയിടെ കൂട്ടക്കൊല നടന്നപ്പോള്‍ ഒക്കെ ഇവര്‍ ഇതുതന്നെ ആവര്‍ത്തിച്ചു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ വീഡിയോ ഇറാക്കി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയപ്പോള്‍ ബിബിസിയും, സി.എന്‍.എന്നും മറ്റും അവരുടെ ടോപ്പ് മാനേജ് മെന്റ് മീറ്റിംഗ് കൂടി, ഏതറ്റം വരെയുള്ള വീഡിയോ കാണിക്കാം എന്ന് ചര്‍ച്ച ചെയ്യുകയാണെന്ന് അവരുടെ ന്യൂസ് റിപ്പോര്‍ട്ടില്‍ അന്ന് പറഞ്ഞിരുന്നു. അതിനുശേഷമാണ് അത്രയും ക്ലിപ്പിംഗുകള്‍ പോലും ആ ചാനലുകള്‍ ഇട്ടത്. ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ, ടി.വി. പ്രേക്ഷകര്‍ ഏതൊക്കെ പ്രായത്തിലും മാനസിക ഉറപ്പിലും ഉള്ളവരാനെന്നും നോക്കാതെ പച്ചയ്ക്കുപച്ച അങ്ങ് കടത്തിവിടുകയല്ലേ ഈ ചെന്നായ്ക്കള്‍! ഇതിനെതിരേ നിയമത്തിനും കോടതിക്കും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരിക്കില്ലേ.

യാരിദ്‌|~|Yarid said...

സ്കൂപ്പ് എവിടെയുണ്ടൊ അവിടെ പത്രക്കാരനും ചാനലുകാരനും പാഞ്ഞെത്തും, രണ്ടു ദിവസം കഴിഞ്ഞാല്‍ മറ്റൊരു വാര്‍ത്തക്കു പിറകെ, പിന്നീടെന്തു സംഭവിച്ചു എന്നുള്ളതു ബാധകമല്ല... അന്നന്നത്തെ വാര്‍ത്തയാണ്‍ പ്രധാനം. അതിനു വേണ്ടി എന്തു വൃത്തികേടും ‍ കാണിക്കും, ആരെയും ബുദ്ധിമുട്ടീക്കും,അതിലു രോഗിയെന്നൊ, ഡെഡ് ബോഡിയെന്നൊ യാതൊരു വ്യത്യാസവുമില്ല....

എല്ലാവരും കണക്കു തന്നെ...:(

വിന്‍സ് said...

ഭാരതത്തിലെ സംസ്സ്കാരം കേരളത്തിലെ സംസ്കാരം എന്നൊക്കെ പറഞ്ഞു അലമുറയിട്ടു നടക്കുന്ന സദാചാര തെണ്ടികള്‍ ഇതൊന്നും കാണാറില്ലേ?

പണ്ടൊക്കെ എന്റെ അപ്പനും അമ്മയും വാര്‍ത്ത കാണാന്‍ ആയി നിര്‍ബന്ധിക്കുന്നതു ഓര്‍ക്കുന്നു, പക്ഷേ ഇപ്പോള്‍ കുട്ടികളേ ഒന്നും വാര്‍ത്ത കാണിക്കാന്‍ കൊള്ളില്ല.

രണ്ടു ദിവസം മുന്‍പു ഫ്രാന്‍സിന്റെ പ്രസിഡന്റിന്റെ വൈഫിന്റെ നൂഡ് ഫൊട്ടോ അതേ പടി ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചിരൂന്നു. അമേരിക്കയില്‍ ഒക്കെ നാട്ടിലെ റ്റിവിയില്‍ കാ‍ണിക്കുന്ന പകുതി തോന്ന്യാസം കാണിക്കാറില്ല.

5:00 മണി said...

ഒരു എതിര്‍ വാദമുണ്ട്.
(നാമടങ്ങുന്ന) മനുഷ്യന്‍ ഇത്തരം ദൃശ്യങ്ങള്‍ കാണാനും അവയെപ്പറ്റി സംസാരിക്കനും അത്തരം വാര്‍ത്തകള്‍ കേള്‍ക്കാനും താത്പര്യം ഉണ്ടെന്നത് ഒരു വസ്തുതയാണ്. അത് അവന്റെ സ്വതസിദ്ധമായ അഭിവാഞ്ജയാണ്‍ എന്നത് നിഷേധിക്കാന്‍ കഴിയില്ല.
ഇത്തരം രംഗങ്ങള്‍ (റ്റീവിയില്‍) വരുമ്പോള്‍ അതീവ ജിജ്ഞാസയോടു കൂടി കാണുകയും അതിനു ശേഷം മാത്രമാണ്, അവ ഭീകരമാണെന്ന് തോന്നിത്തുടങ്ങുന്നത്. എം.എന്‍. വിജയന്‍ മാഷിന്റെ, അന്ത്യരംഗങ്ങളാനെന്നറിഞ് തന്നെ അവ എത്ര മലയാളികള്‍ കാണാതിരുന്നുട്ടുണ്ട്! കണ്ണുകള്‍ മേല്‍പ്പോട്ട് മറിയുന്നത് എത്രമാത്രം കണ്ണ് തുറന്ന് നാം കണ്ടിട്ടുണ്ട്! വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതറിഞ്ഞ്, അതിന്റെ രാഷ്ട്രീയ/ചരിത്രപരമായ പ്രാധാന്യത്തിലുപരി, ആ ‘നാശക്കാഴ്ച്ക’ കാണാന്‍ ധൃതി പിടിച്ചവരാണധികവും.
ഒരു പൂവിനെ മൃദുവായി കയ്യിലെടുക്കുന്ന ആര്‍ദ്രത പോലെത്തന്നെ, അതിനെ ഞെരിക്കാനുള്ള അഭിനിവേശം നമ്മുടെ അബോധതലങ്ങളില്‍ മയങ്ങിക്കിടക്കുന്നുണ്ട് എന്നതാണ് സത്യം.

vadavosky said...

ഞാന്‍ ടിവി വാര്‍ത്ത പല കാരണങ്ങള്‍ കൊണ്ടും കാണാറില്ല.അതിലൊന്ന് ഇതാണ്‌

വാല്‍മീകി said...

വാര്‍ത്ത ഇപ്പോള്‍ ഒരു റിയാലിറ്റി ഷോ അല്ലേ...

Inji Pennu said...

ആക്ച്വലി ഞാന്‍ അന്വേഷിച്ചറിഞ്ഞത് വെച്ച് ഇന്ത്യയില്‍ പ്രൈവസി നിയമങ്ങളില്ല. അതുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. അത് ഇല്ലാത്തിടത്തോളം കാലം ഇതൊക്കെ കാണേണ്ടി വരും.

ശവശരീരങ്ങള്‍ കാണിക്കുന്നത് അതിനോട് ചെയ്യുന്ന കടുത്ത വയലേഷനാണ്.

പക്ഷെ പാശ്ചാത്യ മാധ്യമങ്ങള്‍ തന്നെ ഇവിടെ നടക്കുന്നത് അങ്ങിനെ കാണിക്കില്ലെങ്കിലും മറ്റുള്ള രാജ്യങ്ങളിലെ കാണിക്കുന്നത് ഈ പ്രൈവസി നിയമങ്ങള്‍ അതാത് രാജ്യങ്ങളില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു.

സ്വപ്നാടകന്‍ said...

US-ലെ വാര്‍ത്തകള്‍ കണ്ടിട്ട് കേരളത്തിലേതു കാണുമ്പോള്‍ ഒരുതരം അറപ്പാണ്- ഈ ക്രൂരതയും ആഭാസത്തരവും കണ്ട് de-sensitize ആയിരിക്കുന്നു നമ്മുടെ ആള്‍ക്കാര്‍.

ബഷീര്‍ വെള്ളറക്കാട്‌ said...

ഭീബത്സമായ ദ്യശ്യങ്ങള്‍ ഫോര്‍വേഡ്‌ ചെയ്ത്‌ രസിക്കുന്ന മാനസികരൊഗികള്‍ കൂടി വരുന്നു..

ആരാന്റമ്മയ്ക്ക്‌ ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലു തന്നെ.. അ താണിവരുടെ മനസ്സ്‌