Monday, April 21, 2008

സൂരജിന്റെ ഏഴു ചോദ്യങ്ങള്‍ക്ക്:

1. സ്വതന്ത്ര ടിബറ്റ് എന്നത് ഒരു ജനതയുടെ ആവശ്യമാണോ ? സ്വാതന്ത്ര്യമല്ല, സ്വയം ഭരണാവകാശം മതിയെന്ന് ലാമ ലോകത്തോട് പറഞ്ഞിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ.

ഇതേ സ്വയംഭരണാവകാശം  പതിനേഴിന ഉടമ്പടിപ്രകാരം ലാമയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ സെര്‍ഫിസം (അടിമത്ത സമ്പ്രദായം) അവസാനിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചത്  ആ സ്വയംഭരണാവകാശത്തിലെ കൈകടത്തലായി ലാമ കണ്ടു (കൈകടത്തല്‍ എന്നത് ശരിയായിരുന്നു, എന്നാല്‍ ചൈനീസ് സര്‍ക്കാരിന്‌ അത് മനുഷ്യാവകാശപ്രവര്‍ത്തനമായേ തോന്നിയുള്ളു. സായുധ സംഘട്ടനത്തിലും ലാമയുടെ പലായനത്തിലും ഇത് കലാശിച്ചു
[ ഫ്രം വിക്കി - Goldstein, Melvyn, Taxation and the Structure of a Tibetan village, Central Asiatic Journal, 1971, p15: "With the exception of about 300 noble families, all laymen and laywomen in Tibet were serfs (Mi ser) bound via ascription by parallel descent to a particular lord (dPon-po) though an estate, in other words sons were ascribed to their father's lord but daughters to their mother's lord."

Grunfeld, A. Tom, The Making of Modern Tibet, p12: "The vast majority of the people of Tibet were serfs, or as they were known there, mi ser."

 

2. സ്വാതന്ത്ര്യം/സ്വയംഭരണാവകാശം എന്നീ ആവശ്യങ്ങള്‍ 1949 - 51 കളിലെ ചൈനീസ് 'അധിനിവേശ'ത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉയരുന്നത്. ചരിത്രപരമായി നോക്കിയാല്‍ ടിബറ്റ് ചൈനയുടെ വെറും കോളനിയല്ല, integral ഭാഗം തന്നെയായിരുന്നുവെന്നും കാണുന്നു. അപ്പോള്‍ അവകാശവാദങ്ങള്‍ ഏത് ചരിത്രബിന്ദുവില്‍ നിന്നും തുടങ്ങണം ?

ഹവായി അമേരിക്ക പിടിച്ചെടുത്തതാണ്‌, എന്നാല്‍ അവരിന്ന്‌ സ്വതന്ത്ര ഹവായിക്കായി യുദ്ധം ചെയ്യുന്നില്ല. മണിപ്പൂര്‍ ഇന്ത്യ പിടിച്ചെടുത്തതാണ്‌, അവരില്‍ നല്ലൊരു ഭാഗം സ്വതന്ത്ര മണിപ്പൂര്‍ സ്വപ്നം കാണുന്നു. ടിബറ്റ് ചൈന പിടിച്ചെടുത്തതല്ല, അതിന്റെ ഭാഗം തന്നെയായിരുന്നു.

ഹവായിക്കാരന്‌ അമേരിക്ക സ്വന്തം നാടെന്നു തോന്നുന്നതാണ്‌  അവരുടെ വിജയം. ഇന്ത്യയും ചൈനയും ഇവിടെയാണ്‌ പരാജയപ്പെടുന്നതും.

ജനതയ്ക്ക് പിരിഞ്ഞു പോകാന്‍ തോന്നുന്നതില്‍ അത്ഭുതവുമില്ല. ടിബറ്റിലെ എത്രയെന്ന് അളന്നിട്ടില്ലാത്ത ജനങ്ങള്‍ക്ക് ലാമ എന്നാല്‍ ദൈവമാണ്‌.  സായിബാബയുടെയും അമൃതാനന്ദമയിയുടെയും  അനുയായികളോട് തര്‍ക്കിക്കുന്നതിലും  വിഷമമാണ്‌ ആയിരക്കണക്കിനു വര്‍ഷമായുള്ള ആചാരം തിരുത്താന്‍ ശ്രമിക്കുന്നുന്നത്. ചൈനീസ് സര്‍ക്കാരിന്‌ അത് മനസ്സിലാവുകയുമില്ല, അവര്‍ കുറേ ഡെവലപ്പ്മെന്റ്, പഴയ അടിമക്കഥ, ദലൈലാമ നയവഞ്ചകനും പഞ്ചന്‍ ലാമ രാജ്യസ്നേഹിയുമെന്ന ലഘുലേഖ അച്ചടിച്ച് തെരുവില്‍ വിതരണം ചെയ്താലും അതു മാറില്ല.

3. ബുദ്ധമതത്തിന്റെ പ്രശാന്ത ലോകം എന്ന പൊതു ധാരണയ്ക്കു വിരുദ്ധമായി കടുത്ത ഫൂഡല്‍ വ്യവസ്ഥിതികളും അടിമവേലയും മനുഷ്യാവകാശ ധ്വംസനങ്ങളും പൌരോഹിത്യ സര്‍വാധിപത്യവും പൂണ്ടുവിളയാടിയിരുന്ന ഭൂവിഭാഗമായിരുന്നു ടിബറ്റ് എന്നതിനു ചരിത്ര രേഖകളുണ്ട്. ഇന്ത്യയിലെ വര്‍ണ്ണാശ്രമ ശൈലിയിലുള്ള സാമൂഹിക ശ്രേണികളെ ടിബറ്റന്‍ ബൌദ്ധ പുരോഹിതവര്‍ഗ്ഗം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നും കാണുന്നു.(തിബറ്റന്‍ ജന്മികള്‍ പീഡനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും രീതികളുടെയും പ്രദര്‍ശനം കണ്ടതിന്റെ വിവരണമുണ്ട് അന്നാ സ്ട്രോംഗിന്റെ Tibetan Interviews എന്ന പുസ്തകത്തില്‍). കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ടിബറ്റില്‍ തങ്ങള്‍ നടത്തിയത് അധിനിവേശമല്ല, അടിമവേല, കുടിയാന്മ, മതാധിപത്യം എന്നിവ നിര്‍ത്തലാക്കുക വഴി ജനമോചനമാണ് നടപ്പില്‍ വരുത്തിയതെന്ന് ചൈന അവകാശപ്പെടുന്നു. വസ്തുനിഷ്ഠമായ ഒരുത്തരം ഇതിന് ആര്‍ക്കെങ്കിലും ഉണ്ടോ ?

 ഈ അവകാശങ്ങള്‍ ശരി തന്നെയാണ്‌ ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തു തന്നെ ഇത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. [Story of Tibet- Thomas Liard , 2006,   William Woodville Rockhill - 1895 , Cyclopedia of India & South Asia - Edward Balfour 1873, Tibet- Past Present -Charles Bell, 1992 , The Anti-slavery Reporter and Aborigines' Friend By British and Foreign Anti-slavery Society , Enclyclopedia of genocide & crimes gainst humanity (Dinah Shelton) ....  ഒരു പേജ് ആധാരപുസ്തകങ്ങള്‍  നിരത്താന്‍ കഴിയും (ഇതില്‍ നൂറു വര്‍ഷത്തിലപ്പുറമുള്ളവ ഗൂഗിള്‍ ബുക്സില്‍ വായിക്കാം)

ഓണ്‍ ലൈനില്‍ ലഭിക്കുന്നതില്‍ വച്ച് ഏറ്റവും ചുരുങ്ങിയ, റെഫറന്‍സുകളുള്ള   ലാമന്‍ ടിബറ്റിനെപ്പറ്റിയുള്ള ലേഖനം  യേല്‍ യൂണിവേര്‍സിറ്റിയിലെ ഡോ. മൈക്കിള്‍ പെരെന്റിയുടേതാണ്‌.
http://www.michaelparenti.org/Tibet.html

4. 1950-കളിലെ അധിനിവേശത്തിലും പിന്നീടുള്ള ഭരണത്തിലും ഉണ്ടായ മരണങ്ങളുടെയും അഭയാര്‍ത്ഥികളായവരുടെയും എണ്ണത്തെ സംബന്ധിച്ച് കണ്‍ഫ്യൂഷനുകള്‍ ധാരാളം. ചൈനീസ് സര്‍ക്കാരും ടിബറ്റന്‍ അഭ്യാര്‍ത്ഥികളും വിരുദ്ധപ്രചാരണങ്ങളില്‍ ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു ! ഇരുകൂട്ടരും വന്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വരെ മുറപോലെ പടച്ചുവിടുന്നുമുണ്ട്.

മനുഷ്യാവകാശം എന്ന സാധനത്തിനു പുല്ലു വിലയേ ചൈനയില്‍ അടുത്ത കാലം വരെ ഉണ്ടായിരുന്നുള്ളു. ചൈനീസ് സര്‍ക്കാര്‍ പറയുന്ന നുണയും ടിബറ്റന്‍ വിരുദ്ധവാദികള്‍ പറയുന്ന  നുണയും കൂടി കൂട്ടി രണ്ടു കൊണ്ട് ഭാഗിക്കുകയേ നിവൃത്തിയുള്ളു!

5. ടിബറ്റിനു വേണ്ടി കുറേനാളായി വാര്‍ഷികചടങ്ങെന്നപോലെ കണ്ണീര്‍ പൊഴിക്കുന്ന രാജ്യങ്ങളൊന്നും തന്നെ അതിനെ ചൈനയില്‍ നിന്നും വേറിട്ട ഒരു രാജ്യമായി കണ്ടിട്ടേയില്ല എന്നതാണ് രസകരമായ കാര്യം.ചരിത്രപരമായി ടിബറ്റ് ചൈനാ സാമ്രാജ്യത്തിനുന്റെ ഭാഗമായിരുന്നതുകൊണ്ടാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു. 1913 മുതല്‍ ചൈനാ അധിനിവേശം വരെയുള്ള കാലഘട്ടത്തില്‍ ടിബറ്റ് ഒരു സ്വതന്ഥ്ര രാഷ്ട്രമെന്നതു പോലെ പ്രവര്‍ത്തിച്ചിരുന്നു എന്ന് ICJ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. അപരിഹൃത ടിബറ്റ് പ്രശ്നം എല്ലാക്കാലത്തും ഒരു രാഷ്ട്രീയ ആയുധമാക്കുക എന്ന ഉദ്ദേശ്യം ഈ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കലുകള്‍ക്ക് പിന്നിലുണ്ടോ ?

ടിബറ്റില്‍ ചൈന പ്രവേശിച്ചതും അമേരിക്ക ടിബറ്റിനെ സ്വതന്ത്ര രാജ്യമെന്ന് വിളിച്ചു.  കമ്യൂണിസ്റ്റ് ചൈനയെ അംഗീകരിക്കുന്നതിനും മുന്നേയാണ്‌ അവര്‍ ടിബറ്റിനെ അംഗീകരിച്ചതെന്നത് രസം. പിന്നീട് കുറേക്കാലം അമേരിക്ക ടിബറ്റന്‍ വിമോചനത്തിനു ആയുധവും പണവും കൊടുക്കുകയും എന്നാല്‍ വലിയ പൊതുജന പിന്‍‌തുണ ടിബറ്റിനുള്ളില്‍ നിന്നും കിട്ടാത്തതിനാലും എന്തു വില കൊടുത്തും രക്തം ചൊരിഞ്ഞും  ടിബറ്റിനെ ഒപ്പം തന്നെ നിര്‍ത്തുമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രവൃത്തികളിലൂടെ വ്യക്തമാക്കിയതിനാലും അമേരിക്ക ഒടുവില്‍ പിന്‍‌തിരിയുകയാണ്‌ ഉണ്ടായത്.


6. ലോകരാഷ്ട്രങ്ങളുടെ ഐക്യത്തെയും സൌഹൃദത്തെയും ആഘോഷിക്കുന്ന ഒളിമ്പിക്സിന്റേതു പോലുള്ള ഒരു പ്ലാറ്റ്ഫോമില്‍ ദീപശിഖയ്ക്കു നേരെ ആക്രമകാരികളാകുന്നത് എന്തു പ്രയോജനം ഉണ്ടാക്കും ? ജനശ്രദ്ധയാണുദ്ദേശ്യമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് ഒളിമ്പിക്സ് നടക്കുമ്പോള്‍ ആ പ്രദേശങ്ങളിലെ വിഘടന/സ്വാതന്ത്ര്യവാദികള്‍ ഈ സമരരീതി പ്രയോഗിച്ചിട്ടുണ്ടോ ? (ബുദ്ധന്റെ അനുയായികള്‍ 'അഹിംസ' നടപ്പാക്കുന്ന കുറേ വിഡിയോ ദൃശ്യങ്ങള്‍ ഇവിടെയൊക്കെ കറങ്ങി നടക്കുന്നു)

ടിബറ്റ് അനുകൂലികള്‍ക്ക് പ്രതിഷേധിക്കാനും ആഗോള ശ്രദ്ധ പിടിച്ചു പറ്റാനും ഏറ്റവും പറ്റിയ അവസരം ഒളിമ്പിക്സ് ആണെന്ന നിലയ്ക്ക് അവര്‍ ഈ അവസരം വിനിയോഗിക്കുന്നതില്‍  കുറ്റം കാണാനാവില്ല.

പിന്നെ ബുദ്ധന്റെയെന്നല്ല, ജനവികാരത്തിനു സര്വ്വ മതങ്ങളും വളഞ്ഞു കൊടുക്കും. ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെല്ലാം മറ്റു മതങ്ങള്‍ക്കു നേരേയും അല്ലാതെയും ബുദ്ധസന്യാസികള്‍ അക്രമം അഴിച്ചു വിട്ടിട്ടുണ്ട് (ശ്രീലങ്ക, കംബോഡിയ, തായ്ലാന്‍ഡ്, നേപ്പാള്‍, ബര്‍മ്മ... നേരത്തേ ഒരു പോസ്റ്റില്‍ ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഒരു മതവും അതിന്റെ തത്വങ്ങള്‍ അനുസരിച്ച് അനുയായികളെ നിലയ്ക്കു നിര്‍ത്തിയിട്ടൊന്നുമില്ലെന്ന്.

അവസാനമായി, ഫ്രാന്‍സില്‍ പ്രതിഷേധിച്ചത് തിബതന്‍ പ്രവാസികളൊന്നുമായിരുന്നില്ല, അവരെ അനുകൂലിക്കുന്ന മറ്റുള്ളവരായിരുന്നു, ടിബറ്റന്‍ പ്രവാസികളായ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരില്‍ ഒരു ലക്ഷത്തി  ഇരുപതിനായിരവും ഇന്തോ നേപ്പാള്‍ രാജ്യങ്ങളിലാണ്‌ (യുണൈറ്റഡ് നേഷന്‍സ് കണക്ക് പ്രകാരം). അവിടത്ത്രെ പ്രതിഷേധമേ  ശരിക്കും  അവരുടേതാവുന്നുള്ളു.


7. ടിബറ്റന്‍ ജനത്തിനിടയില്‍ ഒരു ഹിതപരിശോധന നടത്താന്‍ ചൈന തയാറാവേണ്ടതല്ലേ ? (കാശ്മീര്‍ ജനത്തിനിടയിലും ഇതുവേണം എന്നാണ് എനിക്കു തോന്നുന്നത്.)

ഹൈദരാബാദ് സ്വതന്ത്രരാജ്യമായിരുന്നു, ഇന്ത്യ ബലം പ്രയോഗിച്ച് ആന്ധ്രപ്രദേശിനോട് ചേര്‍ത്തു. ഇന്ന് അവിടെ ഒരു ഹിത പരിശോധന നടത്താന്‍ ഇന്ത്യ തയ്യാറായാല്‍ അതിന്നര്‍ത്ഥം ഹൈദ്രാബാദ് ഇന്ത്യയില്‍ വേണോ പുറത്താകണോ എന്ന് ഒരു ഓപ്ഷന്‍  സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് സമ്മതിക്കുകയല്ലേ? ചൈന അതിനു തയ്യാറാവില്ല, എന്നാല്‍  ദലൈലാമയ്ക്ക് അതിനു ശ്രമിക്കാവുന്നതേയുള്ളു (രണ്ടായിരത്തൊന്നില്‍ അത്തരം ഒരു ആവശ്യം മുന്നോട്ട് നീങ്ങുകയും പെട്ടെന്ന് അബോര്‍ട്ട് ആകുകയും ചെയ്തു) ലാമയ്ക്കെങ്കിലും ആത്മവിശ്വാസം വേണ്ടതായിരുന്നു ഇക്കാര്യത്തില്‍.

8. മാധ്യമങ്ങള്‍ ഈ വിഷയം ഏകപക്ഷീയമായ 'ചുവപ്പ് വിരോധക്കണ്ണട'യിലൂടെയാണ് കാണുന്നത് എന്നത് പല വിഷയത്തിലെയും അവരുടെ ചാഞ്ചാടുന്ന നിലപാടുകളില്‍ നിന്നും വ്യക്തമാണ്. ഏറ്റവും ഒടുവില്‍ ലാമ ചൈനയ്ക്ക് അന്തസായി ഒളിമ്പിക്സ് നടത്താനുള്ള അവകാശമുണ്ട് എന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യമല്ല സ്വയം ഭരണമാണ് വേണ്ടതെന്നും പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത/വ്യാഖ്യാനിച്ച രീതികളില്‍ ഈ 'അജണ്ട' വ്യക്തം. എന്നാല്‍ മാധ്യമങ്ങളും അവയെ നിയന്ത്രിക്കുന്നുവെന്നാരോപിക്കപ്പെടുന്ന സാമ്രാജ്യത്വവും ഭയക്കുന്നത് കമ്മ്യൂണിസത്തെയോ അതോ നവമുതലാളി സഖാക്കള്‍ വാഴുന്ന ചൈനീസ് സാമ്പത്തിക സാമ്രാജ്യത്തെയോ ?

ലാമ വാക്കുകള്‍ മാറ്റിപ്പറയുന്നതിന്റെ ഉസ്താദാണ്‌ . പിന്നെ മാദ്ധ്യമങ്ങള്‍- അവ  ചുമ്മാ കൊണ്ടാടുകയല്ലേ, ഒളിമ്പിക്സ് കഴിയുമ്പോള്‍ അവരിതുപോലെ മറ്റെന്തെങ്കിലും കണ്ടെത്തിക്കൊള്ളും.


ചുരുക്കത്തില്‍:
ലാമ ഒരു ജനതയ്ക്ക് ദൈവമാണ്‌. ലാമമാര്‍ തമ്മില്‍ വെട്ടിച്ചാകുന്നതും അവര്‍ തങ്ങളെ അടിമകളാക്കി വില്‍ക്കുന്നതും ഓര്‍മ്മയുള്ള  പഴയ തലമുറ ഇന്നില്ല. കമ്യൂണിസ്റ്റ് ചൈനയെ  അധിനിവേശക്കാരായി കാണാന്‍ പ്രവാസികള്‍ക്ക് കഴിയും.  അതിനാല്‍ അവര്‍ പ്രതിഷേധിക്കും.

ചൈനീസ് സര്‍ക്കാര്‍ കുറച്ചു പുരോഗതി കൊണ്ടുവന്നും മെയിന്‍ ലാന്‍ഡ്  ഹാന്‍ സംസ്കാരത്തിലേക്ക്  ലാമായിസം ലയിപ്പിച്ചും  ദലൈലാമയുടെ അടിമത്ത ബുദ്ധിസത്തെ മാറ്റാമെന്ന് സ്വപ്നം കാണുന്ന മൂഢന്‍  പ്ലാനുമായി മുന്നോട്ട് പോകുന്നു.

ലാമായിസം മതവിശ്വാസമാണ്‌, അതിനെ ഇല്ലായ്മ ചെയ്യാന്‍  ശ്രമിക്കേണ്ടതില്ല, പകരം അതിനെ ആധുനികവത്കരിക്കേണ്ടിവരും (നരബലി ഇന്ന് ഇന്ത്യയിലില്ലാതെയായതുപോലെ )

ഇന്നത്തെ ദലൈലാമ പീസ് അവാര്‍ഡിനു അര്‍ഹനല്ല,  ഒരുകാലത്ത് അടിമത്ത സമ്പ്രദായത്തില്‍ ഭരിച്ചിരുന്ന അദ്ദേഹം ഇന്നു പറയുന്നതല്ല നാളെ പറയാന്‍ പോകുന്നതെന്ന് മാത്രമല്ല, പ്രവാസ സര്‍ക്കാരുണ്ടാക്കി ഞെളിഞ്ഞെന്നല്ലാതെ സമാധാനത്തിനു പ്രത്യേകൊച്ചൊന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല.


ശ്രദ്ധേയമായ ഒരു കമന്റ് ആരോ രാജീവിന്റെ പോസ്റ്റിലിട്ടിരുന്നു- ഇന്ത്യയിലൊഴുകുന്ന പല വന്‍‌നദികളുടെയും ഉറവിടം തിബറ്റന്‍ പീഠഭൂമിയാണ്‌. ചൈനീസ് സര്‍ക്കാരിന്റെ കയ്യിലാണ്‌ അതിരിക്കുന്നത്. ഇന്ത്യയെ തെണ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞേക്കും (അവിടം അമേരിക്കന്‍  ബേസ് ആയാലും അങ്ങനെ തന്നെ) .

 

7 comments:

മൂര്‍ത്തി said...

നന്ദി...ഇത് രാജീവിന്റെ പോസ്റ്റിലും കൂടി‍ ഇട്ടാല്‍ നല്ലതല്ലേ?

അപ്പു said...

അനോണീ നന്ദി, ഇത്രയും വിശദമായ ഈ ലേഖനത്തിന്.

ഓ.ടൊ. ഇനിയെങ്കിലും ഒളിഞ്ഞിരിക്കാതെ ഒരു ദുബായ് മീറ്റിനു വരൂ ചേട്ടാ. ഒന്നു സമ്മതമറിയിച്ചാല്‍ അനോണിക്കു സ്വാഗതം എന്നു പറഞ്ഞ് ഞങ്ങള്‍ ഒന്നൂടെ കൂടൂം!

ഭൂമിപുത്രി said...

സൂരജിന്റെയും അനോണിയുടെയും പോസ്റ്റുകളിലൂടെ കടന്നുവന്നപ്പോഴെയ്ക്ക്
ഞാന്‍ എതാണ്ട് മോശമില്ലാത്ത തരത്തില്‍ ‘Tibet lterate’ ആയിത്തീറ്ന്നു.:)
വളരെ നന്ദി

യാരിദ്‌|~|Yarid said...

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പാവം സൂരജ് ജീവിച്ചു പോട്ടെ മാഷെ

Rajeeve Chelanat said...

അനോണീ,

ദലൈലാമയില്‍ അധികം വിശ്വാസമര്‍പ്പിക്കുന്നതുകൊണ്ടൊന്നും വലിയ കാര്യമില്ലെന്ന് തിബത്തുകാര്‍ക്കറിയാം. ചൈനയെ സംബന്ധിച്ചിടത്തോളം ദലൈലാമ ഒരു വെറും നോണ്‍ റെസിഡന്റ് ചൈനക്കാരന്‍‌മാത്രം. തിബത്തിന്റെ കാര്യവും പറഞ്ഞ് ചൈനയുടെ‌മേല്‍ കുതിരകയറാന്‍ അമേരിക്ക ഇന്നത്തെ അവസ്ഥയില്‍ തയ്യാറാവുകയുമില്ല. എന്നാല്‍ തങ്ങള്‍ കണ്ണുരുട്ടുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും വേണം.

ABC-യുടെ ഒരു ടെലിവിഷന്‍ പരിപാടിക്കിടക്ക്, (This Week With George Stephanopoulos)തിബത്തിനെക്കുറിച്ച് സൂചിപ്പിക്കേണ്ടിവന്നപ്പോള്‍,അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്റ്റീഫന്‍ ഹാഡ്‌ലി, എട്ടു തവണയും നേപ്പാള്‍ എന്നാണ് തട്ടിവിട്ടത്. വിചിത്രമെന്നു പറയട്ടെ, ജോര്‍ജ്ജ് സ്റ്റെഫാനോ തിരുത്തിയതുമില്ല. ഹൂവിനും ദലൈലാമക്കും ചിരിയും അത്ഭുതവും തോന്നിയിട്ടുണ്ടാകും. എന്തായാലും പ്രചണ്ഡക്ക് ചിരിയൊന്നും വന്നിട്ടുണ്ടാവില്ല. എന്തോ ഒരു വശപ്പിശകില്ലേ എന്നാലോചിച്ച്, അസാരം പരിഭ്രമവും തോന്നിയിട്ടുണ്ടാകും.

നല്ല ലേഖനം. അഭിവാദ്യങ്ങളോടെ

സൂരജ് :: suraj said...

പ്രിയ അനോണി മാഷ്,

ഇത് ഇന്ന് (may 3/o8)ഉമേഷ് ജീയുടെ റീഡിംഗ് ലിസ്റ്റ് തപ്പിയപ്പോഴാണ് കാണാനിടയായത്.

സത്യത്തില്‍ ആ ചോദ്യങ്ങള്‍ ഞാന്‍ എന്നോടുതന്നെ ചോദിച്ചവയാണ്. ഇതുപോലുള്ള അന്താരാഷ്ട്ര നയതന്ത്ര ഇഷ്യൂസില്‍ പക്ഷം ചേരുക എന്നത് എത്രമാത്രം ദുഷ്കരമാണ് എന്ന് അത്ഭുതം അടക്കാനാവാതായപ്പോള്‍. ഇവിടെ ഭാഗികമായെങ്കിലും ചില ക്ലാരിഫിക്കേഷന്‍സ് (എന്റെ ബോധ്യങ്ങള്‍‍ക്ക്) ഉണ്ടാക്കാന്‍ സാധിച്ചു. അതിനു വല്യൊരു താങ്കസ്!