Wednesday, February 3, 2010

ദയവായി പോലീസില്‍ അറിയിക്കുക

തമ്പാനൂരില്‍ കെട്ടിടമിടിഞ്ഞ് കുടുങ്ങിപ്പോയവരില്‍ ഒരാള്‍ മരിച്ചെന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ പോലീസും ഫയര്‍ ഫോര്‍സും കഠിന യജ്ഞം നടത്തുന്നത് തടസ്സപ്പെടുത്തി മൊബൈലില്‍ ചിത്രമെടുക്കാനും മറ്റും തടിച്ചു കൂടിയ ജനത്തെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ലാത്തി വീശിയിട്ടും ജനം കൂട്ടാക്കിയില്ലെന്നും വാര്‍ത്ത ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരില്‍ മരിച്ചവരുടെ എണ്ണം ഇന്ന് പുലര്‍ച്ചയോടെ ആറായി. ക്രെയിനുകള്‍ക്കും മണ്ണുമാന്തികള്‍ക്കും നിര്‍ബാധം സഞ്ചരിക്കാന്‍ കഴിയാത്ത വിധം തിക്കി നിറഞ്ഞ ഫോട്ടോഗ്രഫര്‍മാര്‍ക്കും കട്ടിങ്ങ് വര്‍ക്ക് തടസ്സപ്പെടുത്തി സീന്‍ കണ്ട് രസിച്ച കാണികള്‍ക്കും മരണസംഖ്യ ഉയര്‍ത്തിയതില്‍ അഭിമാനിക്കാം.

അതും പോരാഞ്ഞാണ്‌ ഈ പണിയും. മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ കണ്ടത്.


ഒരു കമ്പനി എസ് ഏ പിയെ വിളിച്ച് റബ്ബര്‍ ബുള്ളറ്റ് ഫയര്‍ ചെയ്യിച്ചിരുന്നെങ്കില്‍ മേലില്‍ ഒരിടത്തും ഇമ്മാതിരി പണി ചെയ്യാന്‍ ആളുകള്‍ ധൈര്യപ്പെടില്ലായിരുന്നു. ചിലപ്പോഴെങ്കിലും എക്സമ്പ്ലറി പണിഷ്മെന്റ് ആവശ്യമാണ്‌- പ്രത്യേകിച്ച് യാതൊരു മാന്യതയും സംസ്കാരവും അച്ചടക്കവും മനസ്സാക്ഷിയും ഇല്ലാത്ത ജനതയില്‍.

തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞു എന്ന പേരില്‍ കറങ്ങുന്ന എന്തെങ്കിലും ചെയിന്‍ മെയില്‍ ഫോട്ടോകളോ ആല്‍ബങ്ങളോ ഫേസ്ബുക്ക്/ ഓര്‍ക്കുട്ട് വീഡിയോ പോസ്റ്റുകളോ കാണുന്നവര്‍ ദയവായി പോലീസില്‍ അറിയിക്കുക -അതിന്റെ ഉടമകള്‍ക്കു മേലേ അടിയന്തിര ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തല്‍, മോഷണം, സര്‍ക്കാര്‍ വക ജംഗമങ്ങള്‍ നശിപ്പിക്കല്‍, ജനജീവിതം അപകടപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ വല്ലതും ചുമത്തേണ്ടതുണ്ടോ എന്ന് അവര്‍ തീരുമാനിക്കട്ടെ.

ഒരുമാതിരി കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാതായി, വയസ്സാകുന്നതിന്റെ ലക്ഷണമാണ്‌. പക്ഷേ തനി പോക്രിത്തരം കണ്ടാല്‍ എന്തു ചെയ്യും?

Thursday, January 28, 2010

ഒര്‌ കൊമ്പന്‍ കുരുങ്ങിയെടേ, മുട്ടന്‍ കൊമ്പന്‍

കേരളകൗമുദിയില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടാണിത്.


ചില സ്രാക്കളെ പരിചയപ്പെടാം.
കൊമ്പന്‍ സ്രാവ് എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്നു മനസ്സില്‍ വരുന്നത് കൊമ്പുള്ള സ്രാവ് (സാഷാര്‍ക്ക്) ആണെങ്കിലും മലയാളത്തില്‍ കൊമ്പനെന്നു വിളിക്കുന്നത് കൂടുതലും ചട്ടിത്തലയന്‍ സ്രാവിനെയാണ്‌ (ഹാമര്‍ഹെഡ് ഷാര്‍ക്ക്). മൂക്കത്തു വാളുള്ള സാഷാര്‍ക്ക് നാട്ടില്‍ അപൂര്‍വ്വവുമാണ്‌, അതിനെ പിടിക്കുന്നത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമവിരുദ്ധവുമാണ്‌.

വാര്‍ത്ത ഇങ്ങനെ-
ആയിരം കിലോയോളം തൂക്കം വരുന്ന കൊമ്പന്‍ സ്രാവിനെ ലഭിച്ചു... തലയുടെ മുന്നില്‍ ആറടിയില്‍ അധികം വരുന്ന വാള്‍ പോലെയുള്ള ഭാഗം കൊണ്ട് ശത്രുക്കളെ ആക്രമിക്കുന്ന സ്രാവാണിത്...

സംഗതി ഹാമര്‍ഹെഡഡ് ഷാര്‍ക്ക് ആണെങ്കില്‍ പരമാവധി അഞ്ഞൂറുകിലോയില്‍ അധികം പോന്നതിനെ കണ്ടെത്തിയിട്ടില്ല, ഇങ്ങനെ ഒരു ഇരട്ടി തൂക്കമുള്ളതിനെ കണ്ടെത്തിയെങ്കില്‍ അത്യാവശ്യമായി ഫിഷറീസില്‍ അറിയിക്കേണ്ടതായിരുന്നു എന്ന് മനസ്സില്‍ ചിന്തിക്കുമ്പോഴാണ്‌ ആ ആറടി വാള്‍ കണ്ടത്. ഈ പറയുന്ന കൊമ്പന്‍ ഹാമര്‍ഹെഡഡ് ഷാര്‍ക്ക് കുലത്തിലെ ആണെങ്കില്‍ അതിനു അരിവാളില്ല, ചുറ്റികയേ ഉള്ളൂ. ദാ പടം ( ഈ കുലത്തിലെ ഏറ്റവും വലിയ ഇനം- ഗ്രേറ്റ് ഹാമര്‍ഹെഡ് ഷാര്‍ക്ക്. വംശനാശം നേരിടുന്ന മത്സ്യമാണിത്. )

photographed by Josh Hallett reproduced under creative commons lincese

ഇനി ഇത് വാള്‍‌സ്രാവ് ആണെങ്കില്‍ ദാ ഇതുപോലെ ഇരിക്കും പക്ഷേ ആയിരം പോയിട്ട് ഇരുന്നൂറ്റമ്പതു കിലോയ്ക്കപുറം പോകുന്ന വാള്‍സ്രാവുകളെ പറ്റി എനിക്കറിയില്ല.



ആക്‌ച്വലി എന്തരു കൊഴുചാളയാവും ഈ വലയില്‍ കയറിയത്? വല്ല പിടിയും കിട്ടിയവര്‍ പറഞ്ഞു തരൂ.

Monday, January 25, 2010

ഒരു സ്വരം, പലവ്യഞ്ജനം

രാശി മാപ്രാണം
വേദനയുള്ളവര്‍ എല്ലാം ശനിയിലാണ്‌. വേദന ഇല്ലാത്തവര്‍ ശുക്രനിലും.

മര്‍ഫ്യം
നിങ്ങള്‍ക്ക് എന്തെങ്കിലും വേദന വന്നിട്ടുണ്ടെങ്കില്‍ കാണുന്നവര്‍ക്കെല്ലാം അതു നേരത്തേ വന്നിട്ടുണ്ട്. കൊറോളറി- കാണുന്നവര്‍ക്കെല്ലാം വന്നിട്ടുള്ള ഉള്ള വേദന നിങ്ങള്‍ക്കും വരും.

ഡിസപ്പോ...
നമുക്ക് ബീച്ചില്‍ പോകാം?
എനിക്കു സുഖമില്ല മോനേ.

എന്നാ ബോള്‍ കളിക്കാന്‍ താഴെ പോകാം?
അതും വയ്യ.

ഡാന്‍സ് ചെയ്യാം- മലമലലൂയ?
നടു വേദനയാ കുഞ്ഞേ.

ങ്ങും...എന്നെ എടുത്തുകൊണ്ട് നടന്ന് ഒരു പാട്ട് പാടുമോ?

എന്തു പറഞ്ഞൊതുക്കാന്‍...

നന്ദികേട്
രണ്ടാഴ്ചയായി ഫിഷ് ടാങ്കില്‍ ഞാന്‍ തീറ്റ ഇടുന്നില്ല. രണ്ടു ദിവസമായി ഫിഷ് ഇപ്പോ എന്നെ കണ്ടാല്‍ ഗ്രീറ്റ് ചെയ്യുന്നുമില്ല. സ്വാര്‍ത്ഥജീവികള്‍.

ജോത്സ്യം
ആദിത്യനും ചന്ദ്രനും കഴുത്തിലെ കശേരുക്കളിലും രാഹുവും കേതുവും സേക്രല്‍ ജായിന്റിലും മറ്റു അഞ്ചു ഗ്രഹങ്ങള്‍ ലംബാര്‍ കശേരുക്കളിലും സ്ഥിതി ചെയ്യുന്നു. ജനിക്കുമ്പോല്‍ കൊട വേറേ കൊടക്കാലു വേറേ ആയിരിക്കുമെങ്കിലും പ്രായപൂര്‍ത്തിയോടെ പുരുഷന്റെ രാഹുവും കേതുവും ജോയിന്‍ ചെയ്ത് ലംബാര്‍ ഭാഗത്തെ ബുധന്‍ ശുക്രന്‍ ഭൂമി ചൊവ്വ വ്യാഴം എന്നിവയിലേക്ക് സഞ്ചരിക്കുന്നു. ഈ സഞ്ചാരം വഴി വരുന്ന സമ്മര്‍ദ്ദം മൂലം മൂലത്തിനു താഴേക്കു പോകുന്ന ഞരമ്പുകളില്‍ വേദന, തരിപ്പ്, പുളിപ്പ്, ചളിപ്പ്, അറപ്പ്, വെറുപ്പ് എന്നിവ ഉണ്ടാകും. പാപഗ്രഹങ്ങള്‍ക്ക് നോണ്‍ സ്റ്റീറോയിദ് ദ്രവ്യങ്ങള്‍ കൊണ്ട് പൂജയും ഫിസിയോത്തെറാപ്പി ഡിപ്പാര്‍ട്ട്മെന്റിനു ശയനപ്രദക്ഷിണവും നടത്തുക. ട്രാക്ഷന്‍ വഴിപാട് പ്രയോജനം ചെയ്തേക്കും. ചൊവ്വ വെള്ളി ദിവസങ്ങളില്‍ ബാക്കി ദിവസങ്ങളിലെപ്പോലെ തന്നെ പൂജ നടത്തണം. ഓര്‍ത്തോപ്പേടി വിദഗ്ദ്ധര്‍ക്ക് ധനദാനം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഹഠയോഗം
മൂലാധാരത്തില്‍ സര്‍പ്പരൂപിയായി മൂന്നുമടക്കായാണ്‌ കുണ്ഡലിനി അടയിരിക്കുന്നത്. ചുമ്മാതിരുന്നു പെരുക്കുമ്പോള്‍ ഇത് നട്ടില്ലിലൂടെ ഉച്ചിയിലേക്ക് യാത്ര തുടങ്ങും. യാത്രാമധ്യേ കഴുത്തില്‍ പടം പൊഴിച്ചാല്‍ സ്പോണ്ടിലൈറ്റിസും ഇടുപ്പിനു പടം പൊഴിച്ചാല്‍ കീഴ്നടു വേദനയും ലംബാര്‍ ഭാഗത്ത് പടം പൊഴിച്ചാല്‍ സയാട്ടിക്കയും ഉണ്ടാകും. മൂത്ത പാമ്പാട്ടിയെ വിളിച്ച് മകുടി ഊതിച്ച് കുണ്ടലിനിയെ തിരിച്ചു കുണ്ടിയില്‍ വരുത്തണം (കുണ്ഡലിനി എന്നതിന്റെ ചുരുക്കെഴുത്താണ്‌ കുണ്ടി- വീക്കേയെന്‍ )

വാസ്തു
ഭൂപടത്തില്‍ നോക്കി നില്‍ക്കുന്ന ഒരുത്തന്റെ മേല്‍ഭാഗം കീഴും കീഴ്ഭാഗം മേലും വലതുഭാഗം ഇടതും ഇടതുഭാഗം വലത്തും ആയിരിക്കും. വാസ്തുപുരുഷന്റെ നടു ഉറക്കറയിലെ കട്ടിലാണ്‌. അത് മൃദുവായായാല്‍ പുരുഷന്റെ നടു കൂനിപ്പോകും. കടുപ്പവും ഉറപ്പുമുള്ള കട്ടിലിലെ ശയനം ഉറപ്പാക്കണം.

ഗൃഹവൈദ്യം
കാലിലെ വേദന മറ്റു ഏതു വേദനപോലെയും തന്നെ ചികിത്സിക്കാവുന്നതാണ്‌. ബ്രാന്‍ഡിയില്‍ ഉപ്പും കുരുമുളകും ഇട്ട് സോഡയൊഴിക്കാതെയോ വോഡ്കയില്‍ നാരങ്ങ നീരും വെള്ളവും ചേര്‍ത്ത് പച്ചമുളക് നെടുകേ പിളര്‍ന്നിട്ടോ നെട്ടനെ വലിച്ചു കേറ്റുക.

സിദ്ധവൈദ്യം
കറുത്തീയം, വെളുത്തീയം, ചുവന്നീയം എന്നിവ അറാള്‍ഡൈറ്റില്‍ ചാലിച്ച് തങ്കഭസ്മം, കുറി, തമ്പുരാട്ടി എന്നിവയില്‍ ചേര്‍ത്ത് തിങ്കളാഴ്ച നൊയമ്പെടുത്ത ശേഷം കഴിക്കുക. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ശ്വാസമുണ്ടെങ്കില്‍ കൈവശമുള്ള അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്‌.

ഒറ്റമൂലി
ശിവമൂലി (Cannabis sativa/ indica) കിളുന്തിലകള്‍ നുള്ളിയെടുത്ത് ഉണക്കി തിരുമ്മി പതം വരുത്തി പുകയിലയില്‍ ചേര്‍ത്ത് മണ്‍ പൈപ്പിലൂടെയോ പേപ്പറിലോ ബീഡിയിലയിലോ ചുരുട്ടിയോ ധൂമമാക്കി വായിലൂടെ വലിച്ച് മൂക്കിലൂടെ പുറത്തു വിടുക. സയാട്ടിക്കയും മരോട്ടിക്കയും ആഫ്രിക്ക, അമേരിക്ക, അന്റാര്‍ട്ടിക്ക ലുങ്കി മടക്കിക്കുത്തി പായും.

സ്പെഷല്‍ സയാട്ടിക്ക് ഹോമം
രോഗിയെ ഒരു കട്ടിലില്‍ കിടത്തി മന്ത്രം ചൊല്ലി അരയില്‍ കയര്‍ ബന്ധിക്കുക ഒരു കെട്ട് അരയിലും രണ്ട് കെട്ടുകള്‍ ഇടുപ്പിലും ബന്ധിക്കാന്‍ ശ്രദ്ധിക്കണം. എന്നിട്ട് രോഗോച്ചാടന അഘോര ട്രാക്ഷന്‍ മന്ത്രം ചൊല്ലി മന്ത്രവാദി കയര്‍ താഴേക്ക് ബലത്തില്‍ വലിക്കുകയും ഒരു മിനുട്ട് നിര്‍ത്തിയിട്ട് വിടുകയും ചെയ്യണം. ഇങ്ങനെ നൂറ്റൊന്നു തവണ വീതം ഒരാഴ്ച ചെയ്താല്‍ സയാട്ടിക്ക് വേദനയ്ക്ക് ശമനം ലഭിക്കും.

Saturday, January 23, 2010

ഓഫീസ് വൈദ്യം

ക്രീങ്ങ്!
ഹലോ ദാരുവീശാ.
അന്തപ്പാ. എന്തരു പറ്റിയത്?

പണ്ട് നിന്റെ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും എടയ്ക്ക് ഒരു പണി കിട്ടിയില്ലേ, അതെനിക്കും കിട്ടി.
ആപ്പീസില്‍ എന്നു വരും?

മഹാപാപീ, വേദന എങ്ങനുണ്ടെന്ന് പോലും നീ ചോദിച്ചില്ല.
അതിന്റെ വേദന എങ്ങനുണ്ടെന്ന് ചോദിക്കാതെ എനിക്കറിയാം. നീ വന്നിട്ട് ഇവിടെ അത്യാവശ്യമൊണ്ട്.

എനിക്കരിക്കാന്‍ പറ്റുന്നില്ല.
കിടന്ന് സ്വല്പം പണി എടുത്തൂടേ? ഈ ടൈം ആയോണ്ടാ. ഇന്ന് ഒരു ഇമ്പോര്‍ട്ടന്റ് വിസിറ്ററുണ്ട്, നീ അതിനെ ഒന്നു ചുരുട്ടി തരണം, പ്ലീസ്.

നന്ദികേട് പറയാതെടേ, നീ കിടന്നപ്പ നിനക്ക് രണ്ടാഴ്ച അവധി തന്നതല്ലേ ഞാന്‍. ഞാന്‍ കിടന്നപ്പ മൂന്നു ദിവസം കഴിഞ്ഞ് വിളിക്കുന്നോ?
കാലം മാറിയില്ലേ അന്തപ്പാ, റിസഷന്റെ വേദന നടുവിന്റേതിനെക്കാള്‍ വലുതല്ലേ. രണ്ട് പെഗ് അടിച്ചു നോക്ക്,വേദന കുറയും.

ദാരു വീശിയാല്‍ റിസഷന്റെ വേദനയേ കുറയൂ, നടൂന്റെ കുറയത്തില്ല. നിന്നെ കുരു കൊണ്ട് പോട്ട്, ഞാന്‍ വരാം.

ഞൊണ്ടി ഞൊണ്ടി വണ്ടീല്‍ കേറി കാളവണ്ടി സ്പീഡില്‍ ഓട്ടിച്ച് ആപ്പീസിലിറങ്ങി. നമുക്ക് എന്തെങ്കിലും വരുമ്പോള്‍ അത് നേരത്തേ വരാത്ത ആരും ഈ ലോകത്ത് കാണില്ലല്ലോ, സകലരും ചുറ്റും കൂടി "പണ്ട് ഇതുപോലെ എനിക്ക് വന്നപ്പ ഞാന്‍ ചെയ്തത്..." തുടങ്ങി.

നിങ്ങളൊക്കെ എന്തരോ ചെയ്യ്, ഞാന്‍ തല്‍ക്കാലം ഒരു ഫിസിയോ, അടുത്ത വെക്കേഷനു നാട്ടില്‍ ഒരായുര്‍‌വേദ തിരുമ്മല്‍. വേറൊന്നും ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.

ക്ലാം മീറ്റ് പച്ചയ്ക്ക് തിന്നാ മതി, ഡിസ്കില്‍ അതടിഞ്ഞ് ഒടനേ സുഖമാവും- ചന്ദ്രഗുപ്ത മൗറീന്‍.
പച്ചക്കക്ക എന്റെ പട്ടിപോലും തിന്നൂല്ല, പോടീ.

മുരിങ്ങക്കായ സൂപ്പിട്ട് സ്വല്പ്പം രസവുമൊഴിച്ച്...അടുത്തന്
രസം, അതിരസം, ലഡു, ഘോഷം- ഈ തമിഴന്മാര്‍ക്ക് വേറൊന്നും അറിയത്തില്ലേ?

പാലില്‍ മഞ്ഞളിട്ടു കാച്ചി രാത്രി കുടിച്ചിട്ടു കിടന്നാ എന്റെ വേദന പോയത്- ദാര്വീശ്
പഞ്ചഗവ്യം പ്രിയമായിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു, കുളസ്റ്റ്രോള്‍ തുടങ്ങിയപ്പ അതെല്ലാം ഉപേക്ഷിച്ചു. ഇനി മരുന്നായി പോലും അതേലെ ഒന്നും ഞാന്‍ തൊടത്തില്ല.

പഞ്ച ഗവ്യമോ, അതെന്തരൊക്കെയാ?
പാല്‌, തൈര്‌, വെണ്ണ, ചീസ്, ബീഫ്.

എന്നാ ഉടുമ്പെറച്ചി അവിച്ച് തിന്നേച്ച് മയിലെണ്ണ തേച്ച്...
ഭ. എന്നെക്കാളും ഭൂമിക്ക് ഇപ്പ ഉടുമ്പും മയിലുമാ ആവശ്യം.

ഒരു എപ്പിഡ്യൂറല്‍ എടുക്കാമായിരുന്നില്ലേ- കെല്ലി
അത് പെണ്ണുങ്ങള്‍ പ്രസവിക്കാന്‍ എടുക്കണതല്ലേ കൊച്ചേ?

യോഗയാ നല്ലത്- ദാ ഇങ്ങനെ മലന്നു കെടന്നിട്ടു വളഞ്ഞു തിരിഞ്ഞ് ചുരുണ്ടു മടങ്ങി...
നിര്‍ത്തെടാ, എന്റെ നടു തളന്നു പോണത് കാണാന്‍ നിനക്ക് അത്ര ആഗ്രഹമോ?

എന്നാ ഞാന്‍ പറഞ്ഞു തരാം, അക്യു‌പഞ്ചര്‍ വഴി എല്ലിന്റെ...
എനിക്ക് ആവശ്യത്തിനു ഉപദേശം ഡോക്റ്റര്‍മാര്‍ തരുന്നുണ്ട് .ഒന്നു നിര്‍ത്തി പോയി പണിയെടുക്കിനെടേ. അല്ലെങ്കില്‍ തന്നെ മനുഷ്യനു വേദനിച്ചു പ്രാന്തായി നില്‍ക്കുവാ, വല്ല പേപ്പര്‍ നൈഫും എടുത്ത് പണ്ടത്തി കേറ്റും ഞാന്‍ ങ്ഹാ.

ആരാണ്ട് കാണാന്‍ വന്നെന്ന് പറഞ്ഞല്ലോ?
ബഹറിനീന്ന് ഒരു ബഹറിനി വന്നിട്ടുണ്ട്, എന്തരേലും നടക്കുമോ ആവോ?

ഹല്ലോ!
ഹലഹലോ.

നടു ഉളുക്കി ഇരിക്കുകയാണല്ലേ, റിസപ്ഷനിസ്റ്റ് പറഞ്ഞു. സോറി.
എന്തരു സോറി, എന്റെ നടു നീയല്ലല്ല് ഒടിച്ചത്.

നിങ്ങക്കൊക്കെ വിശ്വാസം ഉണ്ടോന്ന് അറിയില്ല, എന്റെ അനുഭവത്തീന്നു പറയുകയ, ഹെര്‍ണിയേറ്റഡ് ഡിസ്കിനൊക്കെ റെയ്ക്കിയാ നല്ലത് . രാവിലേ എണീറ്റ് മേപ്പോട്ട് നോക്കിയിട്ട്...

റെയ്ക്കിയൊക്കെ എനിക്കറിയാം, അതിലും നല്ല ഒരു പരിപാടിയാ ഞാന്‍ ഇപ്പ ചെയ്തോണ്ട് ഇരിക്കുന്നത്.
അതെന്താ?

കുങ്ങ് ഫൂ വര്‍ക്കൗട്ട്.
കുങ്ങ് ഫൂവോ? ഫലിക്കുമോ?

പിന്നില്ലേ, ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ കുങ്ങ് ഫൂ മാസ്റ്റര്‍മാര്‍ നടുവിനു പലകയും കൂന്താലിക്കൈയ്യും ഒക്കെ അടിച്ച് ഒടിക്കണത്, അവരുടെ നട്ടെല്ല് ഇരുമ്പ് പൈപ്പു പോലെ ആക്കുന്നത് ആ വര്‍ക്കൗട്ട് അല്ലേ.

അതെങ്ങനെയാ, പ്രയാസമാണോ?
അത്ര പ്രയാസമൊന്നുമില്ല. രാവിലേ എണീറ്റ് ഐസ് കട്ടയില്‍ ഒരു മണിക്കൂര്‍ കിടക്കണം, എന്നിട്ട് ഒരു ചട്ടിയില്‍ തീക്കനല്‍ കൂട്ടിയിട്ട് അതില്‍ തലകുത്തി പതിനഞ്ചു മിനുട്ട് നില്‍ക്കണം. എന്നിട്ട് നടുവിനു എണ്‍പതു കിലോ വെയിറ്റ് വച്ച് എണ്‍പത്തി മൂന്ന് പുഷ് അപ്പ്- അത്രയും വെയിറ്റ് വീട്ടിലില്ലെങ്കില്‍ ഭാര്യയും മക്കളും പുറത്തു കയറി ഇരിക്കാന്‍ പറഞ്ഞാല്‍ മതി. ഒടുക്കം നാലു കത്തി- കറിക്കത്തി മതി- മണ്ണില്‍ കുത്തി നിര്‍ത്തിയിട്ട് അതിന്റെ മുകളില്‍ ഒരു അര മണിക്കൂര്‍ കിടക്കണം.

ശരിക്കും ഇങ്ങനെ ചെയ്യുമോ?
എന്നെ കൊല്ല്, കൊല്ല്, കൊല്ല്.

Thursday, January 21, 2010

ഇലക്‌ട്രോമെക്കാനിക്കല്‍ വര്‍ക്സ്

ഞാന്‍ ദാ തിരിച്ചെത്തിയേ.

ങേ ആരാ? നേരത്തേ എന്തിനാ പോയത്?
നമ്മെ മനസ്സിലായില്ലേ? നാം റാഡിക്കുലപതി അന്തോണിത്തമ്പ്രാന്‍.

നിങ്ങളെ നേരത്തേ വിളിച്ചപ്പ കണ്ടില്ലല്ലോ?
അങ്കത്തട്ടില്‍ അണ്ടര്‌വെയര്‍ ഇട്ട് കയറിയാല്‍ ആള്‍ക്കാര്‍ ആര്‍ക്കുമെന്ന് ആര്‍ച്ച പറഞ്ഞിരുന്നു അരിങ്ങോടരേ, ഒരു മൂന്നു മുഴം വീരാളിപ്പട്ട് വാങ്ങാന്‍ പോയിരുന്നതാ.

വേദന കുറവുണ്ടോ?
വേദനയില്‍ പോലും മന്ദഹസിക്കുന്ന മാനവനാകാന്‍ പഠിച്ചു വരികയാണ്‌.

ശരി ക്യാറിപ്പോ.

ച്യാച്ച്യേ ഞാന്‍ കളസമിട്ടേ, തൊടങ്ങാം?
ശരി. ഇത് അള്‍ട്രാസൗണ്ട്. എന്തെങ്കിലും അറിയാനുണ്ടോ?

ഒന്നും കേക്കണില്ലല്ല്?
അത് കേക്കത്തില്ലെടേ, വേദനയില്‍ മാറ്റമുണ്ടോ?

ഇല്ല.
എന്നാ കറണ്ട് തരാം.

നാഷണല്‍ ഗ്രിഡ് എനിക്കെത്രയാ അനുവദിച്ചിരിക്കുന്നത്?
നിനക്ക് സഹിക്കാന്‍ പറ്റുന്നത്രേം ആകുമ്പ പറയണം, അതില്‍ സെറ്റ് ചെയ്യാം.

പെരുക്കുന്നുണ്ടോ?
അല്ലെങ്കില്‍ തന്നെ പെരുത്തിരിക്കുന്ന കാലില്‍ കറണ്ടടിച്ചാല്‍ എങ്ങനെ അറിയും, എനിവേ വേദന കുറയുന്നുണ്ട്.

എക്സലന്റ്. നിങ്ങള്‍ എവിടെന്നാ?
കേരളം, കേരളം...

കരേലാ. ദുബായി മൊത്തം കരേലയാ?
ഒവ്വ. ദുബായി കരേല തീറെഴുതി വാങ്ങി. പുതിയ ഭഗീരഥിയേ, നിങ്ങള്‍ തമിഴ്‌നാട്ടുകാര്യോ മലയാളിച്യോ തുളുനാട്ടുകാര്യോ? ഹിന്ദുമതക്കാര്യോ ഇങ്ങളു ക്രിസ്തുമതകാര്യോ?
മുംബൈക്കാര്‍ ഞങ്ങള്‍ മുംബൈക്കാര്‍.

ട്രാക്ഷനില്‍ ഇടട്ടോ?
ഇനി വേദനിക്കുമോ എന്ന ചോദ്യത്തിനു അര്‍ത്ഥമില്ല . മൂക്കു മുങ്ങിയാ പിന്നെ മൂന്നാളു വെള്ളമായാലെന്തര്‌ നാലാളു വെള്ളമായാ എന്തര്‌.

വലി വല്ലാതെ മുറുകുന്നുണ്ടോ?
പി ചന്ദ്രകുമാര്‍ സാറിന്റെ പടത്തിനു ക്യൂ കേജിന്റെ അകത്തൂടെ താഴെ നില്‍ക്കുന്നവരെ ചവിട്ടി ഞൂന്ന് കേറുമ്പ കീഴെയൊള്ളവര്‍ തള്ളക്കു വിളിച്ചോണ്ട് കീഴോട്ട് വലിക്കും കാലേല്‍. ആ വലി ഒക്കെ ശീലിച്ച നമ്മക്ക് ഈ മിഷ്യന്റെ വലിയൊക്കെ പുല്ലാ, പുല്ല്. ചുമ്മ മുറുക്കി വലീ.

കഴിഞ്ഞ്. ഇന്ന് പെയ്യിട്ട് നാളെ വാ. രാവിലേ എണീറ്റ് ചൂടു വയ്ക്കണം, ജെല്ലു തേയ്ക്കണം.
പല്ലു തേയ്ക്കുന്ന കാര്യം പറഞ്ഞില്ല.

കഴിഞ്ഞോ കെട്ട്യോനേ തെറാപ്പി? ഇതെന്തരു വള്ളിക്കളസം മാത്രം, ഉടുതുണി എവിടെ ? ആശുപത്രീലാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് മീറ്റിങ്ങിനാണോ പെയ്യത്?
പാന്റ് വണ്ടീലുണ്ടെടീ. തെറാപ്പിസ്റ്റ് നിക്കറിട്ടു ചെല്ലാന്‍ പറഞ്ഞപ്പ ഞാന്‍ പോയി ഇതൊരെണ്ണം വാങ്ങിച്ച്.

തെറാപ്പിസ്റ്റ് സ്ത്രീയാണല്ലേ?
അതേ.

ചെറുപ്പക്കാരി?
തന്നെ.

നല്ല ഹൈറ്റ്, ഇരു നെറം, മെലിഞ്ഞിട്ട്, വലിയ കണ്ണ്?
ഞാന്‍ പെണ്ണു കാണാനല്ല പോയത്. നീ ഇതെന്താ ഇങ്ങനെ കേക്കണത്?

അല്ല, ഒരു നിക്കര്‍ ഇട്ടു വരാന്‍ പറഞ്ഞപ്പോ നൂറു ദിര്‍ഹംസിന്റെ മുകളില്‍ വിലയുള്ള ഓഫീസ് വെയര്‍ വാങ്ങാത്ത ഒരുത്തന്‍ നേരേ പോയി പോര്‍ഷേ ഡിസൈനര്‍ വെയര്‍ ഷോര്‍ട്ട്സ് വാങ്ങിയെങ്കില്‍, ആ പറഞ്ഞത് കേട്ട മാന്യവ്യക്തിയുടെ സൗന്ദര്യസങ്കല്പ്പ ചിത്രങ്ങള്‍ക്ക് മാച്ചാവുന്ന ഒരു പെണ്ണ് ആയിരിക്കണം പറഞ്ഞതെന്ന് ഏതു ഷേര്‍ലക്ക് ഹോംസിനും മനസ്സിലാവുമല്ലോ.


തള്ളേണെ, കട അടയ്ക്കുന്ന കണ്ടപ്പ കിട്ടിയത് ഓടിക്കേറി എടുത്തതാ. സൂര്യനിലും കാണും കരിപ്പുള്ളികള്‍ പക്ഷേ എന്റെ സ്വഭാവത്തിലില്ലെന്ന് ഇത്രകൊല്ലം എന്റൂടെ കഴിഞ്ഞ നെനക്കറിയൂല്ലേ ചെല്ലക്കിളീ?
ഹും. പക്ഷേ നിന്റെ പ്രായം തൊട്ടാല്‍ പൊട്ടുന്ന പ്രായമല്ലേ, മെന്‍ അറ്റ് ഫോര്‍ട്ടി എന്നു വച്ചാ...ട്രാക്ഷനു പോയാല്‍ അട്രാക്ഷനുമായി വരും.


പഴഞ്ചൊല്ല് അപ്പടി പതിരാടീ, ഇരിക്കാന്‍ പറ്റണില്ല, കെടക്കണം. ചോറു വെളമ്പി താ.

(തുടരാം ..എന്നും)