Monday, April 28, 2008

പെരിയാറിനു കഴിയാതെ പോയത്

'വര്‍ക്കേര്‍സ് ഫോറം' എഴുതിയ തമിഴ്നാട്ടിലെ വര്‍ണ്ണ വിവേചനത്തെക്കുറിച്ചുള്ള ലേഖനം വായിച്ചു.  തന്തൈ പെരിയാര്‍ തുടങ്ങിയ വിപ്ലവം അദ്ദേഹത്തോടെ തന്നെ  അവസാനിച്ച ദുരന്തകഥയാണ്‌ തമിഴ് നാടിന്റേത്. 

ഒരു പക്ഷേ അദ്ദേഹത്തിന്റെ   വീക്ഷണങ്ങളിലെ പിശകായിരിക്കണം കാരണം, പെരിയാര്‍ ക്രൂരമായിത്തന്നെയായിരുന്നു ബ്രാഹ്മണ്യത്തോടും  ഈശ്വരവിശ്വാസത്തോടും പ്രതികരിച്ചത്. എന്നാല്‍ ബ്രാഹ്മണേതര ജാതികള്‍  പുലര്‍ത്തിപ്പോന്ന വര്‍ണ്ണവിവേചനത്തോട് അദ്ദേഹം വലിയ വിപത്തി കാട്ടിയിട്ടില്ല. എങ്ങനെ ജാതിവ്യവസ്ഥ ഇല്ലാതെയാക്കാം എന്ന് അദ്ദേഹത്തിനു കൃത്യമായ പദ്ധതിയൊന്നും ആവിഷ്കരിക്കാന്‍ കഴിഞ്ഞില്ല. ആത്മാഭിമാനം എന്ന പെരിയാര്‍ സൂക്തം അണ്ണാ ദുരൈയുടെ കാലം മുതല്‍ക്കേ തന്നെ തമിഴ് ദേശീയത മാത്രമായി അധ:പതിച്ചിരുന്നു.

രണ്ടു കാര്യങ്ങളില്‍ മാത്രമാണ്‌ പെരിയാര്‍ വിജയിച്ചത്. ഹിന്ദിയുടെ അധിനിവേശം തടയുന്നതിലും  സി രാജഗോപലാചാരി നടപ്പിലാക്കിയ നിര്‍ബ്ബന്ധിത കുലത്തൊഴില്‍ പരിശീലനം എന്ന ചാതുര്വര്‍ണ്യ പരിപാലന തന്ത്രം തടയുന്നതിലും. (ഭാരതരത്നം രാജാജിയെ- ഗവര്‍ണര്‍ ജനറലും ഹോം മിനിസ്റ്ററുമായി ഇന്ത്യയെ സേവിച്ച, ക്വിറ്റ് ഇന്ത്യാസമരത്തെ പിന്‍‌തുണയ്ക്കാത്ത സ്വാതന്ത്ര്യസമര സേനാനിയായ രാജാജിയെ മാത്രമേ നമ്മള്‍ പുസ്തകത്തില്‍ പഠിച്ചിട്ടുള്ളൂ. മദ്രാസ് പ്രീമിയര്‍ ആയിരുന്ന് ബ്രിട്ടീഷ് ഇന്ത്യയില്‍ ബ്രാഹ്മണന്റെ മകന്‍ വേദം പഠിക്കട്ടെ, ക്ഷുരകന്റെ മകനും ചെരിപ്പുകുത്തിയും തോട്ടിയും നിര്‍ബ്ബന്ധമായി കുലത്തൊഴില്‍ ചെയ്യട്ടെ  വര്‍ണ്ണരഹിതന്‍ പഠിക്കണ്ട എന്ന് കുലകല്‍‌വി തിട്ടം ഇറക്കിയത് നൂറ്റാണ്ടു മുന്നെയൊന്നുമല്ല, അദ്ദേഹത്തിന്റെ മരുമകന്റെ പിതാവ് മഹാത്മജിയും അം‌ബേദ്കറും ജച്ച്ചിരുന്ന  ആയിരത്തി തൊള്ളായിരത്തി നാല്പ്പതുകളിലാണ്‌. ചാതുര്വര്‍ണ്യം പഠിപ്പിക്കാന്‍ തയ്യാറാകാത്ത പേരില്‍  രാജാജി അടച്ചു പൂട്ടിയ ആറായിരം സ്കൂളുകള്‍  പിന്നീട് തുറപ്പിച്ചത് പെരും തലൈവര്‍ കാമരാജ് ആണ്‌)

വിഷയം പെരിയാര്‍ കൊളുത്തിയ തീ എന്തുകൊണ്ട്  കെട്ടുപോയെന്നതാണ്‌.  തമിഴ് നാട്ടിലെ അയിത്തം തുടച്ചു നീക്കുമെന്ന് കോയമ്പത്തൂരു ചെന്ന് കയ്യേറ്റി സത്യം ചെയ്യുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ പഠിക്കേണ്ട പാഠം.

ഒരു മാറ്റവും ജനത്തെ അനിശ്ചിതത്വത്തിലേക്ക് നയിക്കരുത്. ഒരു മാറ്റവും ജനത്തെ  തമ്മില്‍ വെറുപ്പിക്കരുത്, ആ വെറുപ്പും അസമത്വവും എടുത്തു കളയുകയേ ചെയ്യാവൂ.   മാതൃക പെരിയാറല്ല, അയ്യന്‍ കാളിയാണ്‌.

അഭ്യാസിയായിരുന്ന, ധിക്കാരിയായിരുന്ന,  മനുഷ്യാവകാശങ്ങള്‍  ആരും ഔദാര്യമായി തരേണ്ടതില്ലെന്ന് കാട്ടിക്കൊടുത്ത അയ്യന്‍‌കാളി  വെറുപ്പഴിച്ചു വിട്ട് അത് സ്വയം പടരാന്‍ കാത്തിരിക്കുകയല്ല ചെയ്തത്. നിര്‍ഭയം  നാണം മറയ്ക്കാനും  ജാതി തിരിച്ചറിയിക്കുന്ന  ആഭരണങ്ങള്‍ ഊരിയെറിയാനും നേതൃത്വം കൊടുത്ത അദ്ദേഹം തന്നെ അവകാശ സമരങ്ങള്‍ വെറും കലാപങ്ങളായി മാറിയപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ സര്വ്വജാതി സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി. ദളിതരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ സഹായിക്കേണ്ടത് എല്ലാവരുടെയും ബാദ്ധ്യതയാണെന്ന തിരിച്ചറിവുണ്ടായി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്ത നാനാ ജാതി മതസ്ഥരെ പൊതു സദസ്സുകളില്‍  അഭിനന്ദിച്ചു. 

പെരിയാറോ? രാമനു ചെരുപ്പുമാലയിട്ടും ചിത്രങ്ങള്‍ കത്തിച്ചും ജനരോഷം സവര്‍‌ണ്ണര്‍ക്കു നേരേ തിരിച്ചാല്‍  ദളിതര്‍ ഉണര്‍ന്ന് അവരുടെ അവകാശങ്ങള്‍ സ്വയം നേടുമെന്ന് ധരിച്ചു. അവരുടെയിടയിലിറങ്ങി ഒന്നൊന്നായി അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ പെരിയാറിനു കഴിഞ്ഞില്ല (കുലകല്വിത്തിട്ടം ഒഴിച്ചാല്‍). ദൈവമില്ലാത്ത, ജാതിയില്ലാത്ത, അസമത്വമില്ലാത്ത  ആത്മാഭിമാനമുള്ള തമിഴ്‌കുലം സ്വപ്നമായിത്തന്നെ അവശേഷിപ്പിച്ച് അദ്ദേഹം പോയി. പെരിയാര്‍ തുടങ്ങിയ ദ്രാവിഡ മുന്നേറ്റം ബ്രാഹ്മണ സ്ത്രീയായ ജയലളിതയിലേക്ക് പോയി.  കരുണാനിധി സര്‍ക്കാര്‍ നിര്‍മ്മിച്ച പെരിയാറിനെക്കുറിച്ചുള്ള  ചലച്ചിത്രം ഞാന്‍  കണ്ടില്ല,    കലിംഗരായഗൗണ്ടര്‍ കുലത്തിലേതെന്ന് അഭിമാനിക്കുന്ന സത്യരാജ് തന്നെ വേണ്ടിവന്നു അതില്‍ നായകവേഷം കെട്ടാന്‍.  തമിഴ് ഗ്രാമങ്ങളിലിന്നും ചക്കിലിയരും പറയരും വട്ടയില്‍ ചായ കുടിക്കുന്നു,  മദിരാശി ഐ ഐറ്റിയില്‍ ഒറ്റ ദളിത് അദ്ധ്യാപകനില്ല, രണ്ട് ദളിത് വിദ്യാര്‍ത്ഥികളുണ്ട്കളുണ്ട്, ഭാഗ്യം അഞ്ഞൂറിനു രണ്ടെന്ന കണക്കിലെങ്കിലും അവരെത്തിപ്പെട്ടു. നന്തനാര്‍ ഇന്നു ജനിച്ചാലും തീക്കുണ്ഡത്തില്‍ ദഹിക്കേണ്ടിവരും.

തമിഴ്‌നാട്ടില്‍ അയിത്തമില്ലാതെയാക്കാന്‍  ഒരുമ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ അയ്യന്റെ ജീവചരിത്രം ഇരുത്തി ഒന്നുകൂടെ വായിച്ചിട്ട് തുടങ്ങുക.  ഇല്ലെങ്കില്‍ പെരിയാര്‍ക്കു പറ്റിയത് ആവര്‍ത്തിക്കുകയേയുള്ളു,  അയിത്തോച്ചാടനത്തിന്റെ മറവില്‍ പാര്ട്ടി വളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും.

[ആന മെരുക്കലിനെക്കുറിച്ച് പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. ]

8 comments:

പാഞ്ചാലി :: Panchali said...

സത്യരാജഭിനയിച്ച ആ സിനിമ കണ്ടെന്നതൊഴിച്ചാല്‍ ഈ വിഷയത്തില്‍ എന്റെ അറിവ് തുലോം കമ്മിയാണ്. അതിനാല്‍
കമന്റ് ഒന്നുമില്ല. എങ്കിലും പല വിഷയങ്ങളിലും (വളരെ ചുരുക്കം ചിലതൊഴിച്ചു) താങ്കളുടെ പോസ്റ്റുകള്‍ വളരെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. വിഷയങ്ങളുടെ തിരഞ്ഞെടുപ്പിലും അവതരണ രീതിയിലും തികച്ചും വ്യത്യസ്തം! അഭിനന്ദനങ്ങള്‍!

Inji Pennu said...

ചെറുപ്പത്തിലൊക്കെ ഈ ചാതുര്‍വര്‍ണ്ണ്യ നിലപാട് കാണുമ്പോള്‍ ചോര തിളക്കുമായിരുന്നു, ഒരു പെരിയാറ് ഫാന്‍ ആയിരുന്നു. ഇപ്പോഴൊക്കെ അയ്യന്‍‌ങ്കാളി ഫാനും ആയിമാറിക്കൊണ്ടിരിക്കുന്നു. ഒരു ജനതയെ വെറുപ്പിച്ച് മറ്റൊരു ജനതയെ ഉദ്ധരിക്കുവാന്‍ സാധിക്കുകയില്ല എന്ന് മനസ്സിലാക്കിയിരിക്കുന്നു.

Ramachandran said...

caste oppression, class opression എന്നിവക്കെതിരായ പോരാട്ടം യോജിപ്പിച്ച് കൊണ്ട് പോയാലേ വിജയിക്കൂ എന്നതാണ് ഇടത് പക്ഷ ലൈന്‍ എന്നാണെന്റെ ധാരണ. ഇത് അവര്‍ എപ്പോഴും പറയാറുമുണ്ട്. അവരുടെ ലേഖനങ്ങളിലൊക്കെ ഇത് കാണാം. അയ്യങ്കാളിയുടെ കാര്യത്തിലും പെരിയാ‍റിന്റെ കാര്യത്തിലും ഒരു ഗുണദോഷവിശ്ലേഷണം അവര്‍ നടത്തിയിട്ടുണ്ട്. പെരിയാര്‍ ജാതീയമായ അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കല്‍ തന്റെ ലക്ഷ്യമാക്കിയപ്പോള്‍ വര്‍ഗപരമായ വ്യത്യാസം ഇല്ലാതാക്കുന്നതിലായിരുന്നു ഇടതിന്റെ ഊന്നല്‍. ഇത് രണ്ടും തമ്മിലുള്ള ഇന്റഗ്രേഷന്‍ അവശ്യം എന്ന് ഇടത്പക്ഷം ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു.

ആന്റണിയുടെ ലേഖനത്തില്‍ അയ്യങ്കാളി നടത്തിയ സമരങ്ങള്‍ കൊണ്ട് മാത്രമാണ് കേരളത്തില്‍ വ്യത്യസ്തമായ സാഹചര്യം ഉണ്ടായത് എന്നൊരു ധ്വനി ഉണ്ടോ എന്ന് സംശയം തോന്നി. അത് തെറ്റായ വിലയിരുത്തലായിരിക്കും. ആദ്യകാല കോണ്‍ഗ്രസ്സും, ഇടത് പ്രസ്ഥാനങ്ങളും ശ്രീ നാരായണഗുരുവും അയ്യങ്കാളിയും ഒക്കെ ഇക്കാര്യത്തില്‍ അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. എങ്കിലും അത് തുടര്‍ന്ന് കൊണ്ട് പോകുന്നത് എല്ലായിടത്തും ഇടത് പക്ഷം ഉള്‍പ്പെടുന്ന പുരോഗമന രാഷ്ട്രീയ കക്ഷികള്‍ ആയിരിക്കും എന്നതിനും നമുക്ക് തെളിവുകളുണ്ട്. ഭൂപരിഷ്കരണം നടക്കുക എന്നത് വര്‍ഗപരമായും ജാതീയമായുമുള്ള അടിച്ചമര്‍ത്തല്‍ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ മുന്നുപാധിയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരല്ലേ ഇവിടത്തെ ഇടത് പ്രസ്ഥാനങ്ങള്‍? അത് കൊണ്ട് തന്നെ പഴയ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുക എന്നതില്‍ അവര്‍ അജ്ഞരായിരിക്കാന്‍ ഇടയില്ല.

ദളിത് പ്രശ്നത്തെ പറ്റിയുള്ള പ്രമേയത്തിലും(link &
>linkb
) പെരിയാറിനെ വിലയിരുത്തിക്കൊണ്ടുള്ള ഈ ലേഖനത്തിലും എന്തിന് കേരളത്തിലെ ജാതി സംഘടനകളെ വിലയിരുത്തുന്ന രേഖയിലും ആന്റണി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായാണ് തോന്നുന്നത്. അല്ലാതെ ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെ തിരിച്ചു വിടുക എന്നല്ല ഉദ്ദേശിച്ചിട്ടുള്ളത് എന്നാണെനിക്ക് മനസ്സിലാക്കാനായിട്ടുള്ളത്.

ഇടതുപാര്‍ട്ടികളുടെ, വിശേഷിച്ചും സിപീമ്മിന്റെ പരിപടിയില്‍ എത്ര സവിസ്തരവും സൂഷ്മവുമായാണ് ദളിത് പ്രശ്നത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത് എന്നത് മനസ്സിലാക്കിയില്ലെങ്കിലും ഒരു വട്ടമെങ്കില്ലും വായിച്ചിരുന്നെങ്കില്‍ കോയമ്പത്തൂരിലെ കൈപൊക്കിനെപ്പറ്റിയുള്ള പരാമര്‍ശം ഉണ്ടാകുമായിരുന്നോ?

Noti Morrison said...

Very good post. This one was informative and enjoyable. I fully agree that the oppressed should be reconciled and rehabilitated. Revenge and retribution is not the way forward.

ശ്രീവല്ലഭന്‍. said...

വര്‍ക്കെഴ്സ് ഫോറത്തില്‍ റോബി ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് (http://www.youtube.com/watch?v=WBxy1R0jitM). കാണുക.
ദളിതുകളുടെ അജണ്ട അവര്‍ തന്നെ തീരുമാനിക്കട്ടെ! എല്ലാവരും ഉദ്ധരിച്ച് ഉദ്ധരിച്ച് ഇത്രയും ആയി! ആന്റ്റണി, ഇതെല്ലാം അവര്‍ സഹിച്ചുകഴിഞ്ഞിട്ടും എല്ലാവരേം ഒന്നിച്ചു കൊണ്ടുപോകണം എന്ന് പറയുന്നതു വളരെ പരിഹാസ്യമാണെന്ന് തോന്നി. ഇനി ഞാന്‍ മനസ്സിലാക്കിയതിന്റെ കുഴപ്പം ആയിരിക്കാം

Noti Morrison said...

It should be possible to go forward as one harmonious country. That is what happened in South Africa with the truth and reconciliation commission. Not that everything is right over there, but the very fact that SA is one country is because of the steps taken by the early leaders after apartheid.

Zimbabwe tried the path of confrontation between the rich white land owners and the black laborers - that country is going down the tubes now.

So given the right leadership, things can be done.

Inji Pennu said...

ശ്രീവല്ലഭന്‍
പിന്നെ എന്ത് ചെയ്യും? പ്രതികാരമാണോ നല്ല മാര്‍ഗ്ഗം? എല്ലാവരും ഒരുമിച്ച് ജീവിക്കേണ്ടതല്ലേ? രോഷാകുലരായ ദളിത് യുവാക്കളെ നക്സലൈറ്റുകളക്കി കയ്യില്‍ ഒരു തോക്കും കൊടുത്ത് ആക്രമിക്കാന്‍ പറഞ്ഞ് വിട്ടിരുന്നു. എന്ത് ഫലം ഉണ്ടായി? അത് അവരെ കൂടുതല്‍ അകറ്റുവാനേ സഹായിക്കുകയുള്ളൂ. ദളിതരോടുള്ള വിവേചനം മനുഷ്യത്വത്തിനെതിരായി കണ്ട് അവര്‍ക്ക് വേണ്ടുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് അത് നടപ്പിലാക്കുകയാണ് വേണ്ടത്. പക്ഷെ അത് വെറുപ്പും വിദ്വേഷവും അവരില്‍ കുത്തിനിറച്ചിട്ടല്ല. അത് നശിപ്പിക്കുന്നത് അവരെത്തന്നെയാണ്.

ശ്രീവല്ലഭന്‍. said...

ഇഞ്ചിപ്പെണ്ണ്,
ഇന്നലെ യൂട്യൂബിലെ വീഡിയോ കണ്ട ഉടനെ എഴുതിയതാണ് കമന്റ്. പ്രതികരിക്കാന്‍ കഴിയാത്ത ഒരു സമൂഹം. അവര്‍ ഇപ്പോഴും ചെയ്യേണ്ടത് തോട്ടിപ്പണി ആണെന്ന് പറഞ്ഞു സമര്‍ത്ഥിക്കുന്ന സവര്‍ണന്‍. എല്ലാം കൂടെ അരിശം കൂടി, അത് കമന്റില്‍ തീര്‍ത്തു!

അവര്‍ണനെ മനുഷ്യനായ്‌ കണക്കാക്കത്തപ്പോള്‍ അവര്‍ തിരിച്ചു പ്രതികരിച്ചാല്‍ ആരുടെതാണ് തെറ്റ്? അവര്‍ വെറുത്താല്‍ അവര്‍ക്ക് എന്ത് സമാധാനമാണ് നശിച്ച ജാതി ചിന്തകളുള്ള ഒരു സമൂഹത്തിനു കൊടുക്കാനുള്ളത് ? ഉന്മൂലനം എന്നുള്ളതല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്തോ, ഇതെല്ലാം എന്‍റെ സംശയങ്ങള്‍. അത് എഴുതിയെന്നേ ഉള്ളു. അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവരുടെ പങ്കാളിത്തം കൂടിയെ തീരൂ. അതില്ലാത്തതാണ് പലപ്പോഴും പ്രഹസനമായ പരിപാടികള്‍ ആയിത്തീരുന്നത്.

ആന്റ്റണിയുടെ പുതിയ പോസ്റ്റ് വായിച്ചു. തമിള്‍നാട്ടിലെ സ്ഥിതി വിശേഷങ്ങള്‍ കുറച്ചു കൂടി വിശദീകരിച്ചിട്ടുണ്ട്. നന്ദി.