Wednesday, April 23, 2008

ഇടത്തന്‍ വണ്ടി

തേളു പെണ്ണേ, ഓഹോ വേളിക്കാരീ ഓഹോ, വെറ്റിലപ്പാക്കുണ്ടോ?
വെറ്റിലച്ചെല്ലം വെള്ളി ചെല്ലം ഇല്ലെ ലതാണല്ലോ.. ഇല്ലെ ലതാണല്ലോ.

 ഇന്ന്  ആന്റോന്റെയാ കച്ചേരി? തേളു പെണ്ണോ? അതെന്തര, ചീള്‌ പെണ്ണെന്നാണോ ഉദ്ദേശിച്ചത്?
പാട്ടിന്റെ ആദ്യം സംസ്കൃതമായിരുന്നത്  ഞാന്‍ പച്ചമലയാളമാക്കിയതല്ലീ. 

പോരാ, തെളിയാനൊണ്ട്, ല്ലേ ചാണ്ടീ.
യെവന്‍ തൊടക്കവല്ലേ  കമലോ. പോവെ പോവെ തെളിയും.

 കഴിവൊന്ന് പരിശോധിക്കട്ട്.  പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പ പൂവാങ്കുരുന്നില ചൂടേണം.. പാട്

ബൈക്കായ ബൈക്കെല്ലാം വലത്താക്കി ബ്രേക്കെന്നാല്‍
ബുള്ളറ്റിനവിടാണു ഗീയര്‍ ലിവര്‍.... പാട്ടൊത്തോ?

ഞാനും അതാലോചിച്ചിട്ടുണ്ടെടേ. ഇതെന്തരു ലതിനു മാത്രം വിത്യാസം?
അണ്ണാ ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചിലാണ്‌ റോയല്‍  എന്‍ഫീല്‍ഡ് കമ്പനി മദ്രാസില്‍ ബുള്ളറ്റ് ബൈക്ക് ഉണ്ടാക്കാന്‍ തുടങ്ങിയത്. അന്നതെ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ വലത്തു കാല്‌ നിലത്ത് കുത്താനാണ്‌ എളുപ്പം അതുകൊണ്ട് ബ്രേക്ക് ഇടത്തേ  കാലിലാക്കുന്നതാണ്‌ ബുദ്ധിയെന്നു കരുതി.  പിന്നീട് ലോകത്ത് ബൈക്ക് ടെക്നോളജി ഒത്തിരി മാറി, പ്രധാനമായും ജാപ്പനീസ് ബൈക്കുകള്‍ ലോകം കീഴടക്കിയതോടെ മിക്ക പാശ്ചാത്യ ബൈക്കുകാരും പൂട്ടിപ്പോയി.  ഗവേഷകര്‍ കാര്യങ്ങള്‍ കാര്യക്ഷമമാക്കി. ബ്രേക്ക് പെഡല്‍ വലതുകാലിലാണു സൗകര്യമെന്ന് എഞ്ചിനീയര്‍മാര്‍ മനസ്സിലാക്കി. നമ്മുടെ ബുള്ളറ്റ് മാത്രം ഒരു വ്യത്യാസവുമില്ലാതെ അമ്പത്തഞ്ചിലെ മോഡല്‍ തന്നെ ഇറക്കുന്നു. അഞ്ചാറുവര്‍ഷം കഴിഞ്ഞാണ്‌ ചെക്കോസ്ലോവാക്യന്‍ ടെക്നോളജിയില്‍  ജാവയും യെസ്ഡിയും പോളണ്ടിന്റെ ടെക്നോളജിയുള്ള രാജദൂതും ഒക്കെ വന്നത് . ഇപ്പോ സുസുകിയും യമഹയും കാവസാക്കിയും ഹോണ്ടയും വരെ എത്തി.

എന്നാലും ബുള്ളറ്റ് ഒരു  നല്ല വണ്ടിയാണ്‌ ല്ലേ?
അതേ. ഇന്നു നിലവിലുള്ളതില്‍ ഏറ്റവും പഴയ  ബൈക്ക് കമ്പനി ആണ്‌ എന്‍ഫീല്‍ഡ്,  സായിപ്പിന്റെ നാട്ടിലോട്ടൊക്കെ അതിനിന്നും  ചെറിയ വില്പ്പനയുണ്ട്. എന്നാലും  അതിയാനെ ഒരു ഫെയറിങ്ങ് എങ്കിലും ഉടുപ്പിക്കാതെ...

ഫെയറിങ്ങ് എന്നാ വിന്‍ഡ് ഷീല്‍ഡ് അല്ലീ? ബുള്ളറ്റിനതു വയ്ക്കാവല്ല്?
ഫെയറിങ്ങ്  വിന്‍ഡ് ഷീല്‍ഡും  കൂടി  ചേര്‍ന്നുള്ള ഒരു  പുറം ചട്ടയല്ലീ അണ്ണാ. ചുമ്മാ ഒരു കണ്ണാടി വാങ്ങി മുന്നില്‍ കെട്ടുന്നതല്ല.


പാട്ടീന്ന് മാറിപ്പെയ്.   ചെയിനടി ഇഞ്ഞി. ഏഴ്  സ്റ്റെപ്പ്

ആടി വാ കാറ്റേ പാടി വാ കാറ്റേ
ആയിരം അജന്താ ശില്പങ്ളില്‍ ആ മഹാബലിപുര
ചിത്രശിലാ പാളികള്‍ കൊണ്ടൊരു
ശ്രീകോവില്‍ ചുമരുകളിടിഞ്ഞു വീണു  ശ്രീ
ദേവീ ശ്രീ ദേവീ
തേടിത്തേടി ഞാനലഞ്ഞു പാടിപ്പാടി
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ...

മോശമില്ല,  പക്ഷേ പാടല്ല്.

[ഈ ചര്‍ച്ച വളരെക്കാലം മുന്നേ നടന്നത്. ഈയിടെയെപ്പോഴോ ബുള്ളറ്റിന്റെ ബ്രേക്ക് അവര്‍ വലത്തോട്ടു മാറ്റിയെന്നു കേട്ട ഓര്‍മ്മ. പഴയ ഷാപ്പിലേക്ക് മടങ്ങാന്‍ പറഞ്ഞ കണ്ണൂസിന്‌ ഈ പോസ്റ്റ് സമര്‍പ്പിച്ചു]

3 comments:

കണ്ണൂസ്‌ said...

നന്ദി, തലൈവാ.

ബുള്ളറ്റിന്റെ ബ്രേക്ക് വലത്തോട്ട് മാറ്റിയെന്ന് തോന്നുന്നില്ല കേട്ടോ. ദേ ഈ ചിത്രത്തില്‍ ഇപ്പോഴും കിക്കറും ഗിയറും വലത്തു ഭാഗത്തു തന്നെ കിടപ്പുണ്ട്.

ചന്ത്രക്കാറന്‍ said...

എന്‍ഫീല്‍ഡ്‌, ചില മോഡലുകളുടെ ബ്രേയ്ക്ക്‌ വലത്തോട്ടു മാറ്റി, ചിലതിനൊക്കെ ഇപ്പോഴും ഇടതുപക്ഷത്തുതന്നെ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. മുമ്പൊക്കെ വണ്ടി ബുള്ളറ്റാനെങ്കില്‍ ബ്രേയ്ക്ക്‌ ഇടത്തെന്ന് തലച്ചോറില്‍ ഫീഡുചെയ്താല്‍ മതിയായിരുന്നു, ഇപ്പോ മോഡല്‍ നമ്പറും പേരും കൂടി തലയില്‍ വേണം - അല്ലെങ്കില്‍ വല്ല ടിപ്പര്‍ലോറിയുടെയും അടിയില്‍നിന്നും കോരിയെടുക്കേണ്ടിവരും.

AJESH CHERIAN said...

കണ്ണൂസ്‌, Thunderbird, Machismo 500, Electra 5S എന്നീ മോഡലുകളില്‍ ബ്രേക്ക്‌ വലത്ത്‌വശത്താണ്‌. ആ വെബ്സൈറ്റില്‍ തന്നെ പടമുണ്ടല്ലോ.