Tuesday, April 1, 2008

സായാഹ്നം

ഈ മണ്ണിലൂടെ വീല്‍ച്ചെയര്‍ ഉരുട്ടി തനിയെ പോകാന്‍ പറ്റില്ല.  റോഡില്‍  മുഴുവന്‍ വാഹനങ്ങളും. ചാച്ചയ്ക്ക് എവിടെ പോകണം? ഞാന്‍ സഹായിക്കാം.
നന്ദി മകനേ, ആ കാണുന്ന വളവിനപ്പുറത്ത്. വണ്ടികള്‍ വന്നു മുട്ടാതെ വഴിയെങ്ങനെ മുറിച്ചു കടക്കുമെന്ന് ആലോചിക്കുകയായിരുന്നു.

നീ എന്തു ചെയ്യുന്നു ഇവിടെ കുട്ടീ?
ഞാന്‍ ജോലി ചെയ്യുന്നു. ചാച്ചയോ?

അദ്ദേഹത്തിന്റെ  മൊബൈല്‍ മണിയടിച്ചു.  "ഇല്ല, ഞാന്‍ എവിടെയും പോകില്ല, താഴെത്തന്നെയുണ്ട് കയറി വരാം."

ഞാന്‍ വിശ്രമജീവിതത്തിലാണ്‌.
മക്കളുണ്ടോ കൂടെ?

ഉണ്ട്. നിന്റെ മാതാപിതാക്കള്‍ കൂടെയുണ്ടോ?
അവര്‍ ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ മരിച്ചു പോയി.

അതെയോ? നല്ലവര്‍ നേരത്തേ. സ്വര്‍ഗ്ഗത്തിലവര്‍ സ്വസ്ഥരായിരിക്കട്ടെ. നിനക്ക് ആരുണ്ട്?
ഭാര്യയും കുട്ടിയും. നാട്ടില്‍ സഹോദരങ്ങളുമുണ്ട്.

അവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ. നിന്നെയും.
അങ്ങയെയും. ചാച്ച എത്രകാലമായി ഇവിടെ?

ആറുമാസമായി. ഞാന്‍ പാകിസ്ഥാന്‍ പോലീസിലായിരുന്നു.  ഇരുപതു വര്‍ഷം മുന്നേ കുഴിബോംബ് പൊട്ടി കാലു രണ്ടും പോയി, ഒരു കയ്യുടെ സ്വാധീനവും.  ഇപ്പോള്‍ പ്രായവും ഏറിയപ്പോള്‍ മക്കളെ ബുദ്ധിമുട്ടിക്കാന്‍ ഇവിടെ വരേണ്ടിവന്നു. ഇപ്പോ നിനക്കും ബുദ്ധിമുട്ടായി.
ഇതാണോ ബുദ്ധിമുട്ട്?

ഇതല്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കാം. നിന്റെ കയ്യില്‍ സിഗററ്റുണ്ടോ?
ഇല്ല. ഞാന്‍ വേണമെങ്കില്‍ വാങ്ങിത്തരാം.

എത്ര രൂപയാണ്‌ ഈ നാട്ടില്‍  ഒരു സിഗററ്റിന്‌?
അമ്പതു പൈസ. തീപ്പെട്ടിക്കും അമ്പതു പൈസ.

ഇതാ രൂപ,  വാങ്ങി വരൂ, ഈ പടിയൊന്നും വീല്‍ ചെയറില്‍ കയറാനാവില്ലല്ലോ.
കയറണ്ട, ഇവിടെ നില്‍ക്കൂ. ഒരു സിഗററ്റ് മതിയോ?

മതി. വീടിനുള്ളില്‍ പുകയൊന്നും വലിക്കില്ല ഞാന്‍. കുട്ടികളുള്ളതല്ലേ, പോരെങ്കില്‍ എപ്പോഴും അടച്ച ഫ്ലാറ്റും.
ഇതെന്തു സിഗററ്റ്? എന്തൊരു കടുപ്പം, തലകറങ്ങിപ്പോയി.
കടുപ്പക്കൂടുലൊന്നുമില്ല, ആറുമാസം വലിക്കാതിരുന്നിട്ടു വലിച്ചാല്‍ ആര്‍ക്കും തല കറങ്ങും.
അതു ശരിയാണ്‌, ഞാന്‍ പതിനാറു വയസ്സില്‍ പുകവലി തുടങ്ങിയതില്‍ പിന്നെ ആദ്യമായി ഇപ്പോഴാണു വലിക്കാതെ ആറു മാസം.

ചാച്ചയെന്നാ തിരികെ നാട്ടിലേക്ക് പോകുന്നത്?
ഒക്കെ  ദൈവം നിശ്ചയിക്കുന്ന പോലെ.  എന്നെ  ഇവിടെ വിട്ടാല്‍ മതി.  എന്റെ വീടിന്റെ  ജനാലയില്‍ നിന്നും നോക്കിയാല്‍  ഇവിടെവരെക്കാണാം.  നിന്നെ ഞാന്‍ ബുദ്ധിമുട്ടിക്കുന്നത് കണ്ടാല്‍ അവര്‍ക്ക്  ഇഷ്ടമായില്ലെങ്കിലോ.

എന്റെയച്ഛന്‍ പൈലറ്റാണ്‌. വിമാനം പറത്തും.
എന്റെയച്ഛന്‍ പോലീസാണ്‌. കള്ളന്മാരെയെല്ലാം പിടിക്കും.
എന്റെയച്ഛനു ബോക്സിങ്ങ് അറിയാമല്ലോ.
എന്റെയച്ഛനു  തോക്കുണ്ടല്ലോ.
എന്റെയച്ഛന്‍.
എന്റെ.

 

7 comments:

ഹരിത് said...

ഇഷ്ടപ്പെട്ടു. അവസാനം പെട്ടെന്നു ആക്കാനുള്ള വെഗ്രത പോലെ. അതുകൊണ്ടാണെന്നു തോന്നുന്നു അബ്രപ്റ്റ് ആയിത്തോന്നി. മരിച്ചു പോയ എന്‍റെ അഛനെ ഓര്‍ത്തുപോയി.

ഗുപ്തന്‍ said...

:-<

ലോലന്‍ said...

വായിച്ചു കഴിഞ്ഞപ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍.. ആന്റണി ഉദ്ദേശിച്ചത് എനിക്ക് മനസിലായിട്ടായിരിക്കും അല്ലേ?

വാല്‍മീകി said...

എന്റെയച്ഛന്‍..

10 വയസ്സു വരെയും, 40 വയസ്സിനു ശേഷവും...

പ്രിയ said...

അമ്മമാരും...

അവരുടെ ചെറിയ ചെറിയ സങ്കടങ്ങളും ഒന്നും നമുക്കു മനസിലാവാതെ പോകുന്നു.

എന്തോ...

വേണു venu said...

അച്ഛ്ന്, അച്ഛന്‍, അച്ഛന്‍.!

പാമരന്‍ said...

അണ്ണോ.. എങ്ങനെയോ ഇതു വായിക്കാന്‍ വിട്ടു പോയി..

എന്റെയച്ഛന്‍ പൈലറ്റാണ്‌. വിമാനം പറത്തും.
എന്റെയച്ഛന്‍ പോലീസാണ്‌. കള്ളന്മാരെയെല്ലാം പിടിക്കും.
എന്റെയച്ഛനു ബോക്സിങ്ങ് അറിയാമല്ലോ.
എന്റെയച്ഛനു തോക്കുണ്ടല്ലോ.
എന്റെയച്ഛന്‍.
എന്റെ.