Sunday, April 13, 2008

പിഞ്ഞാണിക്കടയിലെ കാളയെ എന്തു ചെയ്യണം?

കുട്ടികളെ ഒരു നിവൃത്തിയുണ്ടെങ്കില്‍ അവര്‍ക്കൊരു കാര്യവുമില്ലാത്ത ഓഫീസുകളില്‍ പോകുമ്പോള്‍ കൊണ്ടു പോകരുത്. എപ്പോഴും അങ്ങനെ കഴിയാറില്ലല്ലോ, പ്രത്യേകിച്ച് കുട്ടിയുടെ ആകെയുള്ള നോട്ടക്കാര്‍ അച്ഛനും അമ്മയും മാത്രമായ ഇപ്പോഴത്തെക്കാലത്ത്.

രണ്ടുമൂന്നു മാസം മുന്നേ  ഒരു ബാങ്കു മാനേജരുടെ ക്യാബിനില്‍ ഒരാവശ്യത്തിനു വെയിറ്റ് ചെയ്യുമ്പോഴാണ്‌  ഒരമ്മയും കുട്ടിയും കയറി വന്നത്. അമ്മ പേപ്പറുകളെടുത്ത് ഓരോന്നു ചോദിക്കുന്നതിനിടയില്‍ കുട്ടി മാനേജരുടെ മേശപ്പുറത്തിരിക്കുന്ന സ്ഫടികത്തില്‍ തീര്‍ത്ത ലേസര്‍ കൊണ്ട് രാജ്യങ്ങള്‍ വരച്ച ഗ്ലോബ് പിടിച്ച് കറക്കും തിരിപ്പും തുടങ്ങി.  അദ്ദേഹത്തിന്റെ മുഖത്തെ അസ്വസ്ഥത ശരിക്കറിയാം, പക്ഷേ കുട്ടിയുടെ അമ്മ ശ്രദ്ധിക്കുന്നതേയില്ല.

പണ്ട്  നാരായണപിള്ളയുടെ ഫോറിന്‍ ടൈപ്പ് റൈറ്ററില്‍ കേറി ശറപറായടിച്ച ജയസൂര്യ നാലപ്പാടനു നേരേ വീക്കേയെന്‍ വിളിച്ച പ്രയോഗമെടുത്ത് "നിര്‍ത്തെടാ മോണ്‍സ്റ്റര്‍" എന്ന് കുട്ടിയെ ശകാരിക്കാന്‍  തോന്നി. അല്ല നമുക്കെന്തു കാര്യം വല്ലവന്റെയും ആപ്പീസ്, അയാളുടെ  കസ്റ്റമര്‍, അവരുടെ കൊച്ച്.


ഇന്നലെ ഒരു മനുഷ്യനും  അയാളുടെ ചെറിയ മകളും എന്റെ ഓഫീസില്‍ വന്നപ്പോഴേ ഞാന്‍ ആ ബാങ്ക് മാനേജരുടെ ഉല്‍ക്കണ്ഠാകുലഭാവസ്പന്ദിത മുഖം ഓര്‍ത്തു.  പിഴച്ചില്ല, കുട്ടി വന്നപ്പോഴേ എന്റെ മേശപ്പുറത്തിരുന്ന തങ്കനിറമുള്ള കൊച്ചു വിമാനം പൊക്കി.
"കുഞ്ഞേ, അത് അങ്കിളിനു ഏറ്റവും ഇഷ്ടമുള്ള ഒരാള്‍ ഇവിടെ നിന്നു പോയപ്പോള്‍ സമ്മാനം തന്നതാ കേട്ടോ, അതിന്റെ പെര്‍ച്ചില്‍  നിന്നെടുത്താല്‍ അത് ചീത്തയായി പോയാലോ?"
"സ്വര്‍ണ്ണമാണോ അത്?" കുട്ടി അതു തിരിച്ചു  നീരസത്തോടെ തിരിച്ചു വച്ചു.
"സ്വര്‍ണ്ണമല്ല, എനിക്കതു സ്വര്‍ണ്ണത്തെക്കാളും വിലയുള്ള  ഒരു സ്നേഹത്തിന്റെ ഓര്‍മ്മയാണ്‌."

മോശമായോ? വന്നയാള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു അയാളുടെ കുട്ടിയുടെ പെരുമാറ്റം. എന്നാലും  കസ്റ്റമര്‍, എന്റെ ദൈവം, അയാളുടെ മകള്‍ ദൈവപുത്രി, അതും ഒരു കുട്ടി.  എന്നാലും എന്റെ ഏറോപ്ലെയിന്‍, എന്നാലും...

അയാളും മകളും  എന്റെയടുത്തുനിന്നും ദാര്‍‌വീശിന്റെ മേശയിലെത്തി. കുട്ടിയവിടെ എത്തിയതും അവന്റെ  ടീമിനി പാരിസില്‍ നിന്നും കിട്ടിയ കൃസ്റ്റല്‍ ട്രോഫി കടന്നെടുത്തു.

എം എസ് വിശ്വനാഥന്റെ വികാരഭരിതമായ ശബ്ദത്തില്‍ ദാരുവീശന്‍ നിര്‍ദ്ദേശിച്ചു.
"തൊടരുത്! അതിട്ടുടയ്ക്കരുത്..."

ഫ്യൂ .

 

4 comments:

മൂര്‍ത്തി said...

അവന്‍ കുട്ട്യല്ലേന്ന്.....

അതുല്യ said...

ശരിയാണു ആന്റണിയേ ശരിയാണു. പ്രത്യേകിച്ച് ദുഫായില്‍ അതൊരു പതിവാണു ആളുകള്‍ക്ക്, കുട്ടികളെം മറ്റും കൊണ്ട് ആപ്പീസിലേയ്ക്കുള്ള വരവ്. ഏതായാലും ഞാനിത് വരേം അപ്പൂനേം കൊണ്ട് ഒരു ആപ്പീസിലേയ്ക്കും പോയിട്ടില്ല. അങ്ങനേ വല്ലതും അത്യാവശ്യമായിട്ട് വന്നാല്‍ തന്നെ, എത്തുന്നതിനു 15 മിനിറ്റ് മുമ്പേ തന്നെ ഞാനിറങ്ങി റോഡേല്‍ നിക്കും. അവരു കുട്ടികളല്ലേ, എന്തേലും തൊടും, അല്ലെങ്കില്‍ ചറ പറാഅന്ന് അപ്പീസില്‍ കിടന്ന് ഓടും. വല്ല കുട്ട്യോളും വന്ന് ഇതൊക്കെ അപ്പീസില്‍ ചെയ്താല്‍ എനിക്ക്ഷ്ടമല്ലാത്തത് പോലെ തന്നെ എന്റെ കുട്ടിയേ കണ്ടാല്‍ മറ്റുള്ളവര്‍ക്ക്ഉം എന്തിനു ഇഷ്ടക്കേടുണ്ടാക്കി വയ്ക്കുന്നു നമ്മള്‍?

ആന്റണിയേയ് ഇത് സഹിയ്ക്കാം, വിരുന്നുകാരായീട്ട് വരുന്ന മുതിര്‍ന്നവരു, കാബിനിലോട്ട് കയറി ഇരുന്ന്, മേശപ്പുറത്തിരിയ്ക്കുന്ന സകലമാന പേപ്പറും മറ്റും വായിയ്ക്കുന്നതിനോട് എന്ത് പറയുന്നു? അതിന്റെ ഇടയ്ക്ക് നമ്മടെ സീറ്റിലോട്ട് എങ്ങാനും വന്നാല്‍, എവിടെ വീട്? നാട്? ഇത്ര കൊല്ലമായിട്ട് ഇവിടേ? അനാവശ്യ ചോദ്യങ്ങളോട് ആ സിറ്റുവേഷന്‍ വാരണ്ട് ചെയ്യപെടാത്ത ചോദ്യങ്ങളോട് ഒക്കെ എനിക്ക് പൊരുത്തപെടാന്‍ വലിയ പാടാണു.

ദിലീപ് വിശ്വനാഥ് said...

അമേരിക്കയില്‍ ചില ഓഫീസുകളില്‍ എഴുതിവച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്, കുട്ടികളെ കൊണ്ടു വരരുത് എന്ന്.

Inji Pennu said...

ഹൊ! ആരെങ്കിലും ഇതൊന്ന് പറഞ്ഞല്ലോ. എന്റെ ദൈവമേ! ചില പിള്ളേരുടെ അപ്പന്റേം അമ്മേടേം നില്പ് കണ്ടാ തോന്നും, അവരുടെ കുട്ടികള്‍ക്ക് റാങ്ക് കിട്ടിയതാണെന്ന് ആ സാധനങ്ങള്‍ മൊത്തം. പിള്ളേരല്ലേന്ന് കരുതി ക്ഷമിച്ച് ക്ഷമിച്ച് ഒരതിരുണ്ട്..