Wednesday, April 9, 2008

മുക്കാല്‍ കോടിയുടെ ഹെഡോണിക്സ്


വര്‍ഷാവര്‍ഷം ഇത്രമണിക്കൂര്‍ ഒരേ തൂവല്‍ പക്ഷികളൊപ്പം ചേക്കേറി ലോകത്തിലെ അങ്ങാടി നിലവാരവും  പുരോഗതിയും  ഇരുത്തി വിലയിരുത്തിയില്ലേല്‍ തന്ന ബിരുദം തിരിച്ചു വാങ്ങണമെന്ന്   വീരരാഘവപ്പട്ടയം എഴുതിത്തന്നതില്‍ ഒരു നിയമമുള്ളതുകൊണ്ട് പോയതാണ്‌, അല്ലാതെ ഞാന്‍ വാലു കുലുക്കിയാല്‍ റിക്റ്റര്‍ സ്കെയിലിലെ ഏതു നമ്പര്‍ വരെ എത്തുമെന്ന് നോക്കാന്‍ പോയതല്ല.

ലവന്‍ പതിവുപോലെ വോഡൗസ് എഴുതുന്നത്ര വടിവുള്ള ഭാഷയില്‍ വളരെ വലിയ കാര്യങ്ങള്‍ വളരെക്കുറച്ച് സമയം കൊണ്ട് വളരെ വ്യക്തമായി പറഞ്ഞു വളരെ നീണ്ട കയ്യടി നേടി വളരെപ്പെട്ടെന്ന് ഇറങ്ങി പോയി.

ശേഷമുള്ള സമയം ശേഷിച്ചവര്‍ തങ്ങള്‍ മലമറിച്ചില്ലന്കില്‍ ലോകമെന്തായേനേ എന്ന് അന്തം വിട്ടുകൊണ്ട് തീറ്റയടിച്ചു.

മുഖപരിചയന്‍  ഒരെണ്ണം വടവി വന്നത് അപ്പോഴാണ്‌. 
"ലവന്‍ തന്റെ  സീനിയറായിരുന്നല്ലേ?"
"തന്നെ. മൂന്നു കൊല്ലം സീനിയര്‍. അന്നേ അവന്‍ ശ്രദ്ധിക്കപ്പെട്ടതാ. "
"എന്റെ പ്രായമാണവനും, എന്തൊരു റോറിങ്ങ് സക്സസ് ആണവന്റെ കരീര്‍. ഞാന്‍ ഏഴയലത്തു പോലും എത്തിയില്ല."
"അങ്ങനെ താരതമ്യം ചെയ്യേണ്ട, തനിക്കിഷ്ടമുള്ള ജോലി  ഇന്നല്ലെങ്കില്‍ നാളെ തനിക്കും വന്നു ചേരും."
"അതു ചേരുമായിരിക്കും പക്ഷേ ഇങ്ങനെ ശമ്പളം ഒപ്പിക്കുതെങ്ങനാ ഇഷ്ടാ? അവനു മുന്നേ ഉണ്ടായിരുന്ന സി എഫ് ഓയുടെ ഇരട്ടിയാണവന്‍ കേറിയപ്പോ ചോദിച്ചു  നേടിയത്. ഏഴു ലക്ഷം ദിര്‍ഹം.  മാസം മുക്കാല്‍ കോടി രൂപയേ, സമ്മതിക്കണം."

"സമ്മതിക്കണം. അവന്റെ സ്കില്‍ അത്ര വലുതാണ്‌, അത് ഭംഗിയായി മാര്‍ക്കറ്റ് ചെയ്യാനുമറിയാം."
"ജനിക്കുകയാണെങ്കില്‍ അവനായി ജനിക്കണം, അല്ലേടോ?"

"എനിക്ക് അവനായി ജനിക്കണ്ടാ. അവന്റെ  ശമ്പളം ഒരു വിജയമാണെന്ന് ഞാന്‍ പറഞ്ഞതിന്നര്‍ത്ഥം എനിക്കവനെപ്പോലെ ആകണമെന്നല്ല ചെല്ലാ"
"കിട്ടാത്ത മുന്തിരിങ്ങയ്ക്ക്  ഇത്ര പുളിയോ?"

"തനിക്ക്  അവനെന്ന സി എഫ് ഓയെ യേ അറിയൂ . എനിക്ക് അവന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ അറിയാം. ഞാന്‍  പരിചയപ്പെടുന്ന  സമയം അവന്റെ അച്ഛനും അമ്മയും വിവാഹം വേര്‍പെടുത്താന്‍ കോടതിയിലെത്തി നില്‍ക്കുകയായിരുന്നു. ഇരുപത് വയസ്സില്‍ രാവിലേ  പട്ടയടിച്ച്  ദിനം തുടങ്ങുന്ന പരുവമായിരുന്നു. ഇവനെ കെട്ടാന്‍ റെഡിയായി ഒരുത്തി അവന്റെ ബാച്ചില്‍ തന്നെ ഉണ്ടായിരുന്നു. ഇവനൊപ്പം മിടുക്കിയായ ഒരു പെണ്ണ്. ഇവനു പെട്ടെന്ന് ഡിപ്രഷന്‍ തുടങ്ങിയതോടെ അവള്‍ തലയൂരി.  പത്തിരുപത്തെട്ടു വയസ്സില്‍ ഇവന്‍ വേറേ കെട്ടി,  അവന്റച്ഛന്‍ വയസ്സുകാലത്തു നടത്തിയ ഡൈവോഴ്സ്  ഇവന്‍ പത്തു മുപ്പത്തിനാലു വയസ്സില്‍  തന്നെ നടത്തി. ഭാര്യയും കുട്ടിയും അവരുടെ പാട്ടിനു പോയി. അടുത്ത കൊല്ലം ഒരു ഹാര്‍ട്ട് അറ്റാക്ക്, ബൈപ്പാസ്. "

"ഓഹ്."
"അവനെപ്പോലെ  ശമ്പളം എനിക്കും ആയാല്‍   മധുരിക്കും, പക്ഷേ എനിക്കു പ്രേമിച്ച പെണ്ണിനെത്തന്നെ കെട്ടണം, അവളും പിള്ളേരും എന്റെ വീട്ടില്‍ കാണണം, രാവിലെ എണീക്കാന്‍ മരുന്നും രാത്രി ഉറങ്ങാന്‍  സ്മാളും വേണ്ടിവരരുത്.  എനിക്കെന്നും പാട്ടു കേള്‍ക്കണം,  കുട്ടികളൊത്ത് കളിക്കണം, കൂട്ടുകാരൊത്ത് കറങ്ങണം, ചെടി നട്ടു വളര്‍ത്തണം,  വായിക്കണം, നിറയേ അവധി വേണം, നാട്ടില്‍ ഇടയ്ക്ക് പോകണം, ചൂണ്ടയിടണം,  വലയെറിയണം, കള്ളുഷാപ്പിലിരുന്ന് പാരഡി പാടണം... ഉത്തരത്തിലിരിക്കുന്നത് എടുത്തല് കൊള്ളാമെന്നുണ്ട്, പക്ഷേ വില കൂടുതലുള്ള സാധനം  കക്ഷത്തീന്നു പോകരുതെന്ന് മാത്രം."

"ഹോ, എനിക്കും അതുപോലാവണ്ടാ. "
"നമ്മളൊക്കെ പഠിച്ചത് തിരുത്താനുള്ള പ്രായമായില്ലേ. രാഷ്ട്രത്തിന്റെ ഹെഡോണിക്ക് ലെവല്‍ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റില്‍ അളക്കുന്ന തരം  പുസ്തകങ്ങള്‍ നമ്മള്‍   പഠിച്ചു. അത് തിരുത്തി  പുതിയ നിയമങ്ങള്‍ എഴുതണം. ഇല്ലെങ്കില്‍ വരും തലമുറയും ഈ അബദ്ധങ്ങള്‍ വിഴുങ്ങി ശര്‍ദ്ദിക്കുകയേയുള്ളു. ഷെല്ലി ടെയിലര്‍  ഹെഡോണിക്ക്- ജിഡിപ്പി ഇക്വേഷനെ രസമായി ഇങ്ങനെ പുച്ഛിച്ചിട്ടുണ്ട്

ഒരുത്തന്‍  ഗ്രാമത്തലവന്റെ അടുത്തെത്തി പരാതി പറഞ്ഞു.
"എന്റെ വീട്ടിലൊരു സന്തോഷവുമില്ല, പെമ്പ്രന്നോരു എപ്പോഴും കിടന്ന് അലച്ചുകൊണ്ടിരിക്കും, പിള്ളേരു പറഞ്ഞാല്‍ അനുസരിക്കാതെ വീടെല്ലാം അഴുക്കാക്കുന്നു. കോഴിയും പ്രാവും വീട്ടില്‍ കേറി തൂറി വൃത്തികേടാക്കുന്നു. വീടുമുഴുവന്‍ ഈച്ച. പട്ടി കേറി കിടക്കയില്‍ കിടക്കും. ഇതിനെയൊക്കെ പുറത്തിറക്കി വിടാന്‍   സ്ഥലവുമില്ല. എന്താ ഒരു വഴി?"
ഗ്രാമത്തലവന്‍ പറഞ്ഞു
"പശുവിനെക്കൂടി വീട്ടിനകത്ത് കെട്ടൂ."
അടുത്ത ദിവസം കൃഷിക്കാരന്‍ വന്നു.
"ഇപ്പോള്‍ ഒട്ടും സമാധാനമില്ല. പശു ചാണകമിട്ട് അവിടെല്ലാം വൃത്തികേട് കൂട്ടി."
"അതെയോ? എന്നാല്‍ കുതിരയെക്കൂടി വീടിനകത്തു വിടൂ."
അടുത്തദിവസം ഗ്രാമീണന്‍ നിലവിളിച്ചുകൊണ്ട് കയറി വന്നു.
"കുതിര എന്റെ ഫര്‍ണിച്ചറും ചട്ടിയും കലവും ഒക്കെ പൊട്ടിക്കുന്നു."
"ഓ. എങ്കില്‍ ആ പശുവിനെയും കുതിരയെയും തിരിച്ച് തൊഴുത്തിലാക്കിയേക്കൂ. എന്നിട്ട് നാളെ വാ, നമുക്കെന്തെങ്കിലും വഴി ആലോചിക്കാം."
അടുത്ത ദിവസം ഗ്രാമീണന്‍ സന്തോഷത്തോടെ കയറി വന്നു.
"പ്രഭോ. ഇനി ഒന്നും ചെയ്യണ്ടാ, എന്റെ വീട്ടിലിപ്പോള്‍ നല്ല സമാധാനം തോന്നുന്നു, ചാണകവും ചിനയ്ക്കലും ചട്ടിപൊട്ടിക്കലും ഒക്കെ നിന്നപ്പോള്‍ സുഖം തോന്നുന്നു."

അതുശരിയാണ്‌,  ആപേക്ഷിക ഹെഡോണിക്സ് സിദ്ധാന്തം, അല്ലേ?
താന്‍  ലവന്റെ ജോലിയിലെ ഉയര്‍ച്ചയല്ല കണ്ടത്, ജീവിതത്തിലെ സൗഖ്യവുമല്ല, ശമ്പളം മാത്രമാണ്‌.  പഴകിപ്പോയ പാഠപുസ്തകത്തിലെ തെറ്റായൊരു തത്വം ഇപ്പോഴും നിന്റെ മനസ്സിലുണ്ടെന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്‌.  ലവന്‍ ഹാപ്പിയായിരിക്കാം, അല്ലായിരിക്കാം. പക്ഷേ അത് ഒരു തുകകൊണ്ട് നീ  നിന്റെ ജീവിതത്തിലെ സന്തോഷവുമായി താരതമ്യം ചെയ്യുന്നത് തെറ്റായ കണക്കുകൂട്ടലാവും.

ഹെഡോണിക്ക് ലെവല്‍ താരതമ്യം ചെയ്യാന്‍ പാടില്ല, ശരി. പക്ഷേ ഒരളവുകോല്‍ ഇല്ലാതിരിക്കുമോ?
ഉണ്ടല്ലോ. സിര്‍ഗിയുടെ പുസ്തകം അതിങ്ങനെ വിവരിക്കുന്നു. ഒരു വ്യക്തിക്ക് അവനവനെക്കുറിച്ച് ചില ധാരണയുണ്ട് . ഏറ്റവും ചെറിയ വൃത്തമാണ്‌ മിനിമം സെല്‍ഫ്. അത് ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിങ്ങനെ ജീവന്‍ നിലനിര്‍ത്താനുള്ള കാര്യങ്ങളാവും. അതില്‍ മേല്‍ മുണ്ടില്ലാത്ത ഗാന്ധിജിയെപ്പോലെ ചെറിയ വൃത്തമുള്ളവരുണ്ട്,  അയല്വക്കത്തെക്കാള്‍ വലിയ വീടു വേണമെന്ന രീതിയില്‍ അസംബന്ധങ്ങള്‍ കൂട്ടിച്ചേര്‍ത്തവരുമുണ്ട്. അതെന്തരോ  മിനിമം സെല്‍ഫ് നേടുന്നതുവരെ സന്തോഷം പോയിട്ട് സമാധാനം പോലും കിട്ടില്ല.

ഇതിനു പുറത്തെ വളരെ വലിയൊരു വൃത്തമാണ്‌ ഐഡിയല്‍ സെല്‍ഫ്.  ജീവിതം കൊണ്ട് എവിടെവരെയെത്താം എന്നുള്ളതിന്റെ ഒരു  ചിത്രമാണത്. വ്യക്തിയില്‍ നിന്നും വ്യക്തിയിലേക്ക് അതും മാറും. എന്റെ ഐഡിയല്‍ സെല്‍ഫില്‍ ഒരു സംതൃപ്തകുടുംബമുണ്ട്, വലിയ തരക്കേടില്ലാത്ത ജോലിയുണ്ട്, നിറയേ തമാശകളുണ്ട്,  പട്ടം പറത്തല്‍ മുതല്‍ പട്ടിവളര്‍ത്തല്‍ വരെയുണ്ട്. വേറൊരാള്‍ക്ക് അത് വേറേ ചിലതായിരിക്കാം.   ഈ ഐഡിയല്‍ സെല്‍ഫില്‍ എത്ര നേടി എന്നതാണ്‌  മിനിമം സെല്‍ഫ് നേടിക്കഴിഞ്ഞ ഒരാളിന്റെ ഹെഡോണിക്ക് ലെവല്‍. വ്യക്തിഗതമായൊരു അളവല്ലാതെ പൊതുവേ അളക്കാന്‍  പറ്റില്ല. ചാക്കുണ്ണിച്ചേട്ടന്റെ ഐഡിയല്‍ സെല്‍ഫ് എന്നും കുറേ മീന്‍ കിട്ടണം, അതു വില്‍ക്കണം, അതു മൊത്തം കുടിച്ചു തീര്‍ക്കണം എന്നാണ്‌.  അതു നേടുകയും ചെയ്യുന്നു മൂപ്പര്‍. അദ്ദേഹം ഒരായുസ്സുമുഴുവന്‍ ഒരു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആകാന്‍ ശ്രമിച്ച് ഒടുക്കം അതു കിട്ടുന്നയാളിനെക്കാള്‍ അസംതൃപ്തനല്ല.

അതായത് അവനവന്റെ ഐഡിയല്‍ സെല്‍ല്‍ഫ് കൃത്യമായി അളന്ന് അതിലേക്ക് നീങ്ങാന്‍ നോക്കുന്നതാണ്‌  ബുദ്ധി അല്ലേ?
അതേ. അത് നേടണമെന്നില്ല സന്തോഷിക്കാന്‍. അതിനായി പരമാവധി ശ്രമിക്കാന്‍ കഴിയണം, അതാണ്‌ മാക്സിമം  അറ്റൈനബിള്‍ ഹെഡോണിക്ക് ലെവല്‍.

9 comments:

പ്രിയ said...

പക്ഷെ രോള്മോഡെല് എന്നതും ഒരു ആവശ്യം തന്നെ അല്ലെ? കണ്ടവന്റെ കൈലിരിക്കുന്നത് കണ്ടു "കുശുമ്പ് കുത്തുക" എന്നതല്ല മറിച്ച് "എനിക്കും ഇതെല്ലാം നേടണം" എന്ന് കരുതുന്നത് ജീവിതത്തില് ഉയര്ച്ച (സാമ്പത്തിക ഉയര്ച്ച , പേര്, പ്രശസ്തി ) ഉണ്ടാകാന് ഉപകരിക്കില്ലേ?

Umesh::ഉമേഷ് said...

"എന്റെ വീട്ടിലൊരു സന്തോഷവുമില്ല, പെമ്പ്രന്നോരു എപ്പോഴും കിടന്ന് അലച്ചുകൊണ്ടിരിക്കും, പിള്ളേരു പറഞ്ഞാല്‍ അനുസരിക്കാതെ വീടെല്ലാം അഴുക്കാക്കുന്നു. കോഴിയും പ്രാവും വീട്ടില്‍ കേറി തൂറി വൃത്തികേടാക്കുന്നു. വീടുമുഴുവന്‍ ഈച്ച. പട്ടി കേറി കിടക്കയില്‍ കിടക്കും. ഇതിനെയൊക്കെ പുറത്തിറക്കി വിടാന്‍ സ്ഥലവുമില്ല. എന്താ ഒരു വഴി?"

ഇതു വായിച്ചപ്പോള്‍ ഒരു ശ്ലോകം ഓര്‍മ്മ വന്നു. അതും അതിന്റെ പരിഭാഷയും ഇവിടെയുണ്ടു്. ആന്റണി വായിച്ചു നോക്കു്. എന്നിട്ടു് എവിടെയെങ്കിലും കാച്ചു്.

നല്ല പോസ്റ്റ് ആന്റണി. വായിച്ചപ്പോള്‍ കുറച്ചു സമാധാനം.

കണ്ണൂരാന്‍ - KANNURAN said...

കലക്കീട്ട്ണ്ടിഷ്ടാ.. നല്ല പോസ്റ്റ്... കുറക്കാലത്തേക്ക് സമാധാനം കിട്ടും :)

അതുല്യ said...

പക്ഷെ അന്തോണി എനിക്ക് തോന്നുന്നു ഉയരണം നേടണം എന്നുള്ള ഉള്‍ക്കാശ്ഛകളൊക്കേനും വയസ്സിന്റെ കോളാറാണെന്നാണു. നല്ല രക്തം തിളയ്ക്കുന്ന സമയത്തുള്ളവരഅരെങ്കിലും ഇതൊക്കെ വായിച്ചാല്‍ തലേലു കേറൂല്ല ചെല്ലാ. എല്ലം ഒന്നടങ്ങി, നമുക്ക് വേണ്ടത് ഇതാണെന്നും, ഇത് മതീന്നും ഒക്കെ തോന്നണോങ്കി ഇച്ചിരെ തലയുറച്ച് മസാല മണ്ടയ്ക്കകത്ത് പിടിയ്ക്കണം. എന്റെ കുടുംബത്തിന്റെ സ്മൃദ്ധിയേക്കാളും കൂടുതല്‍ അവര്‍ക്ക് എന്നാല്‍ കൊടുക്കാന്‍ കഴിയുന്ന സമാധാനമാണു എനിക്ക് ഏറ്റവും വലുത്. നേട്ടവും നോട്ട് കെട്ടും ഒക്കേനും ബാക്ക് സീറ്റില്‍ തന്നെ.

അതുല്യ said...

.

തമനു said...

ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഇതിനെപ്പറ്റിയുള്ള ഒരു തര്‍ക്കം തുടങ്ങിയിട്ട് മാസം കൊറെയായി അന്തോനിച്ചാ...

ഇന്നവനെ കാണിച്ച് കൊടുത്തിട്ടേ ഉള്ളൂ കാര്യം. മിനിമം സെല്‍ഫും, ഐഡിയല്‍ സെല്‍ഫും, ഹെഡോണിക്സും പറഞ്ഞവന്റെ അടപ്പെളക്കും ഞാനിന്ന്.. കണ്ടൊ.

ദിലീപ് വിശ്വനാഥ് said...

“ഉത്തരത്തിലിരിക്കുന്നത് എടുത്തല് കൊള്ളാമെന്നുണ്ട്, പക്ഷേ വില കൂടുതലുള്ള സാധനം കക്ഷത്തീന്നു പോകരുതെന്ന് മാത്രം."

കൂടുതല്‍ എന്തു പറയാ‍നാ?

പ്രിയംവദ-priyamvada said...
This comment has been removed by the author.
പ്രിയംവദ-priyamvada said...

നന്നായി ആന്റണി....
ഇങ്ങനെം ആശ്വസിക്കാം :)