എന്തരു നാറ്റം, ഡ്രെയിനേജ് ഇങ്ങനെ തുറന്നിട്ടാ പോണത്?
ഡ്രെയിനേജോ? ഇത് ഒരു ചെറു നദിയാണെടാ. ആമയിഴഞ്ചാന്‍ തോട്.
ആമ ചെളിയിലും ജീവിക്കും അല്ലേ? എന്നാലും ഇതില്‍ വന്ന് ഇഴഞ്ഞവനെ സമ്മതിക്കണം. ആ പാവം പാളയത്ത് മൃഗശാലേന്ന് ചാടി ഇവിടെവരെ എങ്ങനെ വന്നോ എന്തോ?
മൃഗശാലേന്നോ? ഇവിടെയൊക്കെ നിറച്ച് വയല്‍ ആയിരുന്നെടാ, നിറച്ച് ആമയും മീനുമൊക്കെ ഈ തോട്ടിലും ഉണ്ടായിരുന്നു. ആളുകള്‍ കുളിക്കുന്ന കടവുമുണ്ടായിരുന്നു. ഇതിലെ വെള്ളം കോരി കുടിക്കാന്‍ കൊള്ളാമായിരുന്നു പോലും.
വയലോ? കൊതുകു കൂടുതലായിരുന്നു കാണുമല്ലോ?
കൊതുകിന്റെയും ഈച്ചയുടെയും പൊടി പോലും ഈ ടൗണിലില്ലായിരുന്നു. അതിനല്ലേ മീനും തവളേം ആമേം.
വയലുകൊണ്ട് അങ്ങനേം പ്രയോജനമുണ്ടല്ലേ?
ഉണ്ട്. അതിലും വലിയ പ്രയോജനം ആ വയലിലെല്ലാം നിറയേ പച്ചപ്പായല്- ബ്ലൂ ഗ്രീന്‍ ആല്‍ഗേ- കട്ട പിടിച്ചു നില്‍ക്കുകയായിരുന്നു.
അതികൊണ്ട് എന്തര്?
എന്തരെന്നോ? നീയെന്താ സ്കൂളില്‍ പഠിക്കണത് ?
അല്ലാ ആല്ഗേക്കെന്താ പ്രത്യേകത?
ജീവജാലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താ?
മനുഷ്യന്.
മനുഷ്യനില്ലെങ്കില്‍ മനുഷ്യനല്ലാതെ ആര്‍ക്കെന്തു ചേതം? ഈ ലോകത്തിലെ പത്തു തൊണ്ണൂറു ശതമാനം ഓക്സിജനും തരുന്നത് ആല്ഗന്മാരാണ്. ലവന്മാരില്ലെങ്കില് എപ്പച്ചത്തു നമ്മളെന്ന് ചോദിച്ചാമതി.
ഓ? മരങ്ങളാണെന്നാണു ഞാന്‍ കരുതിയത്.
എന്നാല്‍ കരുതല്‍ മാറ്റിക്കോ. മരങ്ങള്‍ക്ക് മറ്റനേകം പ്രധാന ജോലികളുണ്ടെന്നത് വേറേ. പോട്ട് പെട്രോളിയം എന്താ?
അതും ഫോസിലായ മരമല്ലേ?
മരമല്ല് ഒന്നുമല്ല, മണ്ണടിഞ്ഞുപോയ ആല്‍ഗേകളും തത്തുല്യരുമാണെന്നാണ് ഇതുവരെയുള്ളതില്‍ പ്രബലമായ വിശ്വാസം.
ഇത്രയും ഓക്സിജന്‍ തരാന്‍ മാത്രം ആല്‍ഗേ ഭൂമിയില്‍ ഇരിക്കുന്നോ?
മഹാഭൂരിപക്ഷവും കടലിലാണ്. എന്നുവച്ച് അവയ്ക്ക് ഭീഷണിയില്ലെന്നൊന്നുമല്ല. കടലും മലിനീകരിക്കപ്പെടുകയാണ്. പത്രത്തില്‍ വായിച്ചില്ലേ, സൗത്ത് അമേരിക്കയുടെ വലിപ്പമുള്ള അഴുക്കു ദ്വീപ് കടലില്‍, പ്ലാസ്റ്റിക്ക്, വിഷം ഒക്കെയായി ഒഴുകിനടക്കുന്നു. സകല വേസ്റ്റും കടലിലോട്ടാ.
അപ്പോ മണ്ണിലെ ആല്ഗേയ്ക്കും ഈ ഓക്സിജന്‍ തരുന്ന പണിയേയുള്ളോ?
അല്ലല്ലോ. മണ്ണിലെ ആല്‍ഗേയെ നമ്മള് മലിനീകരണവും രാസവസ്തുക്കളും കൊണ്ട് നശിപ്പിക്കാന്‍ തുടങ്ങിയ തൊള്ളായിരത്തി അമ്പതുകള്‍ക്കു മുന്നിലെ പച്ചക്കറികളിലും മറ്റുമുണ്ടായിരുന്നതിന്റെ പതിലൊന്നുമുതല് അമ്പതിലൊന്നു വരെയേ ട്രേസ് മിനറലുകള്‍ മിക്കതും ഇന്നു വാങ്ങാന്‍ കിട്ടുന്നവയിലുള്ളു. രാസവളങ്ങള്‍ക്ക് മണ്ണിനു നൈട്രജനും പൊട്ടാസ്യവും കാല്‍സ്യവും ഫോസ്ഫേറ്റും മറ്റുമേ കൊടുക്കാന്‍ കഴിയൂ, ഓര്‍ഗാനിക്ക് വളങ്ങള്‍ പോലും രക്ഷിക്കില്ല, കാരണം ഇമ്മാതിരി വളങ്ങള്‍ തരുന്ന ജന്തുക്കള്‍ക്കും ചെടികള്‍ക്കും പോലും സൂക്ഷ്മ കോമ്പൗണ്ടുകള്‍ അവയുടെ ശരീരത്ത് ഇന്നില്ല.
അപ്പം ആല്ഗേയിലാണു ജീവന് അല്ലേ?
അതേ. ജീവന്റെ പുരാതനവും ലളിതവുമായ ആ രൂപത്തിനോട് വേറിട്ടു നില്ക്കാന് മാത്രം കരുത്ത് പരിണമിച്ചു പുലിയായ ഒന്നിനും, മനുഷ്യനുപോലും കഴിയില്ല. ഹരിതം വിപ്ലവിച്ച് ഇന്ത്യയുടെ മൂന്നില്‍ രണ്ടു കൃഷിഭൂമിയും ഡീഗ്രേഡ് ചെയ്തു. ആല്ഗവളരുന്ന വയലുമില്ല, കുളവുമില്ല, പുഴയുമില്ല. നാറ്റവും ഈച്ചയും കൊതുകും അഴുക്കും മാത്രം.
പോവാം.
5 comments:
മനുഷ്യനില്ലെങ്കില്‍ മനുഷ്യനല്ലാതെ ആര്‍ക്കെന്തു ചേതം?
അതാണ്..അതാണ്...
ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പോവും എല്ലാരും..
എന്തായാലും വിഷമില്ലാത്ത ഒരു വിഷു ആശംസ ഇരിക്കട്ടെ.
പരമാര്‍ത്ഥം!
ഇതൊരിത്തിരി വേദനിപ്പിയ്ക്കുന്നല്ലോ ആന്റണിയേ..
ഞാനാണെങ്കില്‍ എങ്ങനൂക്കെ പോസറ്റീവ് ആകാമോ അങ്ങനൊക്കെ ആവാന്‍ കിണഞ്ഞുള്ള ശ്രമത്തിലാാ..
അപ്പൊ ഇങ്ങനെ പച്ചയായ സ്ത്യങ്ങളൊക്കെ കാണുമ്പോളത്തെ ഒരു വേദന, അതാണുദ്ദേശ്ശിച്ചത് ട്ടൊ.
Post a Comment