ആനകളുടെ പരിണാമം ഒരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സാധാരണഗതിയില്‍ അംഗസംഖ്യയില്‍ ഒരു ശതമാനത്തിലൊതുങ്ങേണ്ട മോഴകള് തലമുറതോറും കൂടിക്കൂടി മുപ്പതോ അതിലധികമോ ആയി. ചൈനീസ് ജന്തുശാസ്ത്രജ്ഞരുടെ പഠനം പറയുന്നത് കൊമ്പന്മാര് വേട്ടക്കാരാല്‍ എണ്ണത്തില്‍ കുറയുന്നതുമൂലം പിടികള്‍ മോഴകളെ ഇണയാക്കാന്‍ നിര്ബ്ബന്ധിതരാകുന്നെന്നും മോഴയ്ക്കു ജനിക്കുന്ന കുട്ടികള്‍ മോഴതന്നെയായിരിക്കാനുള്ള സാദ്ധ്യത കൊമ്പനു മോഴ ജനിക്കുന്നതിലും പരശ്ശതം സാദ്ധ്യത കൂടുതലായതുകൊണ്ട് പുതിയ തലമുറയില്‍ മോഴ നിറയുന്നെന്നുമാണ്. ഇത് കാരണവും ഫലവുമായി പരസ്പരം ഊട്ടിയുറപ്പിച്ച് ഏറെത്താമസിയാതെ കൊമ്പനാന എന്ന ജന്തു ഇല്ലാതെയായേക്കാമെന്ന് അവര്‍ ഭയപ്പെടുന്നു. കേരളത്തിലെയും കെനിയയിലെയും പഠനങ്ങള്‍ മോഴകള് നിറയുന്ന സമൂഹത്തിലേക്ക് ആനവംശം നീങ്ങുന്നതായാണ് കാണിക്കുന്നത്.
ആനയ്ക്ക് കൊമ്പ് വെള്ളം കണ്ടെത്താനും പട്ടകീറാനും കിഴങ്ങുകളും കല്ലുപ്പും കണ്ടെത്താനുമൊക്കെ അത്യാവശ്യമാണെന്നതിനാല്‍ പരിണാമവൈകല്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തമാണ്.
വലിപ്പം കുറഞ്ഞ, ബുദ്ധിശക്തി കുറഞ്ഞ, അക്രമവാസന കൂടിയ, ദുര്‍ബ്ബലരായ ആനകളെയും മറ്റു ജന്തുക്കളെയും വെറുതേ ഉപദ്രവിക്കുകയും ശക്തര്‍ക്കു മുന്നില്‍ എതിര്‍ക്കാതെ അടിമപ്പെടുകയും ചെയ്യുന്ന
സ്വഭാവക്കാരത്രേ മോഴകള്. [കാട്ടാനകളോട് ഇടപഴകുന്നവരുടെ അഭിപ്രായമാണിത്, ശാസ്ത്രീയ പഠനങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല]
പരിണാമമെപ്പോഴും നല്ലതിലേക്കായിരിക്കണമെന്നില്ല. ഐലന്‍ഡ് ഇഫക്റ്റ് മൂലം ചെറുതും ബലഹീനവുമായിപ്പോയി നശിച്ചിട്ടുണ്ട് ആനവര്ഗ്ഗത്തിലെ തന്നെ പല ഉപവര്‍ഗ്ഗങ്ങളും. ഡോഡോയെപ്പോലെ അടഞ്ഞ പരിസ്ഥിതിയില്‍ പരിണമിച്ച പക്ഷികള്‍ ആത്മരക്ഷാസംവിധാനം നശിച്ചവരായിപ്പോയിട്ടുണ്ട്.
ആനകളുടെ ദോഷപരിണാമം മനുഷ്യനെന്ന നീചജന്തുവിന്റെ അനാവശ്യമായ താല്‍പ്പര്യം മൂലം സംഭവിച്ചതാണെന്ന് പറയാം, മനുഷ്യരില്‍ മോഴകള് പെരുകുന്നതോ? അതിനും ഒരു കാരണമുണ്ടാവണമല്ലോ?
എന്താണ് മനുഷ്യപുരോഗതിയിലെ കുതിച്ചു ചാട്ടം നടത്തിയ സമൂഹങ്ങളുടെ പൊതുഘടകങ്ങളെന്ന് പരിശോധിച്ചാല്‍ അതിനുത്തരം കിട്ടും.
അന്വേഷണകുതുകികളും ആത്മവിശ്വാസമുള്ളവരുമായിരുന്നു.
അവര്‍ നിര്മ്മാണത്വര കൂടിയവരും ഉത്സാഹികളുമായിരുന്നു.
അവര്‍ കൂടുതല്‍ നല്ലതിനെ മാത്രം ഉന്നം വച്ചു
അവര്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും പുതിയ അറിവുകള്‍ ശേഖരിച്ചു, പുതിയ അറിവുകള്‍ നിര്‍മ്മിച്ചു.
അവര്‍ ചുറ്റുപാടുകള്‍ പൊളിച്ച് കൂടുതല്‍ നല്ലത് സ്ഥാപിച്ചു.
അവര്‍ അസാധാരണ വ്യക്തികളായിരുന്നോ? സാധാരണക്കാരന് എന്നൊരാളില്ല, സാധാരണ മനസ്സ് മാത്രമേയുള്ളു- ഡെന്നിസ് കോര്കരന് നിരീക്ഷിക്കുന്നു. ചിലര്‍ അവരുടെ അസാധാരണത്തം കണ്ടെത്തുന്നു, ബഹുഭൂരിപക്ഷം അതറിയാതെ ജീവിച്ചുമരിക്കുന്നു.
തിരിച്ചറിയാത്ത, ഉപയോഗിക്കാത്ത, ആവശ്യമുണ്ടെന്ന് സ്വയം ബോദ്ധ്യപ്പെടുത്താത്ത കൊമ്പുകള്‍ തലമുറകള്‍ താണ്ടുമ്പോള്‍ മെല്ലെ തേറ്റയായി മാറും. മോഴകള് ജനിക്കും, അവ മോഴകള്‍ക്ക് ജന്മം നല്‍കും. മനസ്സാണ് എല്ലാത്തിന്റെയും അതിരെന്ന നിലയ്ക്ക് അതിനെ മയക്കിയാല്, അലസമാക്കിയാല്, വഴി തെറ്റിച്ചാല്‍ അധോഗതിയിലേക്കോ കുറഞ്ഞത് പുരോഗതിക്ക് തടയിടാനോ കാരണമാവും.
ഒരുത്തന് ജനിക്കുന്നു, അവന് എഴുതിവച്ച കിത്താബ് പഠിക്കുന്നു, പഠിച്ചൊരു ഡോക്റ്ററായെന്ന് വയ്ക്കുക (അതാണല്ലോ മലയാളമനസ്സ് കാണുന്ന നേട്ടത്തിന്റെ അങ്ങേയറ്റം) പഠിച്ചത് ശര്‍ദ്ദിച്ച് കുറേ സമ്പാദിച്ചു വയ്ക്കുന്നു, ഒടുക്കം മരിക്കുന്നു, പുതിയതൊന്നുമില്ല, പട്ടിയും ജനിക്കുന്നു, ഇരതേടാന്‍ പഠിക്കുന്നു, ഒടുക്കം പാണ്ടിലോറി കേറി ചാകുന്നു. പട്ടിയൊരിക്കലും ശക്തനായി മനുഷ്യവംശത്തിലും മിടുക്കനാവാത്തതിന്റെ കാരണമെന്താണോ അതേ കാരണം കൊണ്ട് ഈ മഹാനായ ഡോക്റ്ററും മനുഷ്യപരിണാമത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ചെയ്യുന്നത് ഇയാള്‍ക്കും പാഠമായും മാതൃകയായും മാറിയ ആ അസാധാരണക്കാരാണ്.
അവരെവിടെ നമുക്കിടയില്‍? അസ്സംബ്ലീ ലൈനില്‍ നിന്നിറങ്ങുന്ന പോലെ വീട്ടിലടച്ച് ട്യൂഷനൂട്ടി വളര്‍ത്തി ബിരുദമെടുപ്പിച്ചു വിടുന്ന യന്ത്രങ്ങളില്‍ അന്സ്റ്റീനും മാര്‍ക്കോണിയും ബീഥോവനും ഗാന്ധിയും ഹോച്ചിമിനും അയ്യന് കാളിയും ഈ വി രാമസ്വാമി നായ്ക്കരും ഗാന്ധിയുമൊക്കെയാവേണ്ടവര് മോഴയായി സ്വയം കാണുന്നു. തലമുറകള്‍ കഴിയുമ്പോള്‍ മെല്ലെ നമ്മള് യഥാര്‍ത്ഥ മോഴകളായിപ്പോകും.
പണ്ട് മറ്റുള്ളവര്‍ക്ക് അറിവ് തടഞ്ഞ്, അവകാശം തടഞ്ഞ്, അവസരം തടഞ്ഞ് ഭൂരിപക്ഷത്തെ മോഴയാക്കി വച്ച് ചിലര്‍ കൊമ്പത്തം പാരമ്പര്യമാക്കി. അതിന്റെ കാലം കഴിഞ്ഞപ്പോള്‍ മോഴവത്കരണത്തിന്റെ പുതിയ അടവുകള്‍ എത്തുകയായി.
നിര്മ്മിതീത്വരയുള്ള, ക്രിയേറ്റീവായ, സ്വന്തം ജീവിതമെത്രകണ്ട് വലിപ്പമുള്ളതെന്നറിയുന്ന, അയല്വക്കക്കാരനിലുമപ്പുറത്തെ ലോകത്തെ അറിയുന്ന വീര്യവതികളെയും വീര്യവാന്മാരെയും വളര്‍ത്തുക നാം വീട്ടില്‍. പഠിച്ചതു പാടുന്ന തത്തമ്മകളാവാതെ അവര്‍ ജലശ്രേണികളെ റീവാസ്കുലറൈസ് ചെയ്യാന്‍ വഴി കണ്ടെത്തട്ടെ, ഓസോണ്‍ കുട തുന്നിക്കൂട്ടട്ടെ, പട്ടിണി ഇല്ലാതാക്കട്ടെ, ശൂന്യാകാശത്തും ആവാസപേടകങ്ങള് തീര്‍ക്കട്ടെ, എനിക്കോ നിങ്ങള്‍ക്കോ കാണാന്‍ കഴിയാത്ത സ്വപ്നം അവര്‍ കാണട്ടെ, നമ്മുടെ അജ്ഞത വരും തലമുറ തിരുത്തട്ടെ, നമ്മുടെ കയ്യും കണ്ണുമെത്താ ദൂരം അവര്‍ക്കു പ്രാപ്യമാവട്ടെ.
എങ്ങനെ?
കുട്ടികള്‍ പര്യവേഷകരാണ്, ക്രിയേറ്റീവ് ആണ്, വിജ്ഞാനകുതുകികളാണ്, ഉത്സാഹികളുമാണ്. പരിശീലനം കൊണ്ട് നമ്മള് അവരെ അങ്ങനെ അല്ലാതാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. അടക്കി വളര്‍ത്തി, ഒതുക്കി വളര്‍ത്തി, ചട്ടങ്ങളാല്‍ ബന്ധിതമായ അറിവുകള്‍ മാത്രം നല്കി, പുതിയവയെ നിഷേധിച്ച്, ചോദ്യം ചെയ്യാനുള്ള കഴിവ് ഇല്ലാതെയാക്കി, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി, നമ്മുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിച്ച് അവരെ നമ്മള് ഇല്ലാതെയാക്കുന്നു. അവര്‍ക്ക് സ്കൂളിങ്ങിനൊപ്പം അണ്സ്കൂളിങ്ങും കൊടുക്കേണ്ടതുണ്ട്. അവര്‍ക്ക് നമ്മള് മാതൃകയാകുന്നതൊപ്പം അവരുടെ മാതൃക നമ്മള് അംഗീകരിക്കേണ്ടതുണ്ട്. കുട്ടി നമ്മില്‍ ആശ്രിതനായതുകൊണ്ട് നമ്മള്‍ക്കിഷ്ടമുള്ളതുപോലെ കുട്ടിയെ രൂപപ്പെടുത്താന്‍ അവകാശമുണ്ടെന്ന് കരുതാതെയിരിക്കുക.
എല്ലാ കുട്ടിയും ജനിക്കുമ്പോള്‍ അനേകം കഴിവുകളുള്ള അതിവേഗം പഠിക്കാന്‍ ആഗ്രഹിക്കുന്ന ജീവിയാണ്. അവനു നിയമങ്ങളും ചിട്ടകളും അടിച്ചേല്‍പ്പിക്കുന്നതിനു പകരം അവയുടെ ആവശ്യം ബോദ്ധ്യമാക്കിക്കൊടുക്കുക.
സ്കൂളികള്‍ ഇന്‍ഫര്‍മേഷന്‍ ഫാക്റ്ററികള്‍ മാത്രമായി ചുരുങ്ങുകയാണ്, കുട്ടികള്‍ക്ക് റീയല്‍ ലൈഫ് സിറ്റുവേഷനില്‍ പ്രോബ്ലം സോള്വിങ്ങ്, റിസേര്‍ച്ച്, ഫൈനാന്‍സ്, ബിസിനസ്സ്, പ്രോജക്റ്റ് മാനേജ്മെന്റ് തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ അവസരം ലഭിക്കേണ്ടതുണ്ട്. ഒന്നും ഒന്നും രണ്ട് എന്ന് പറയുന്ന കുട്ടി പെരുക്കപ്പട്ടിക കാണാപ്പാഠം പഠിക്കുന്നതേയുള്ളു, അതെന്തെന്ന് മനസ്സിലാക്കിയോ എന്നറിയേണ്ട ഉത്തരവാദിത്വം അപ്പോഴും മാതാപിതാക്കളില്‍ തുടരുന്നു.
പഠിപ്പിക്കുന്നതെല്ലാം പഠിക്കുന്ന പഠിച്ചതെല്ലാം പാടുന്ന, ഏറ്റവും കൂടുതല്‍ പാടി പട്ടം നേടിയ, എല്ലാ ക്ലാസ്സിലും ഒന്നാമനായി ഫിനിഷ് ചെയ്ത ഓമനക്കുട്ടന്മാരും കുട്ടികളും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ജീവിതം കഴിക്കുന്ന ഒരിടത്തു നിന്നാണ് (എന്റെ ഓഫീസിലല്ല) ഇതെഴുതുന്നത്. അപ്പുറത്ത് ഒരു ഐ ഐ എം ബിരുദാനന്തരന് ഇരുന്ന് ഒറാക്കിള്‍ ഡിസ്കവററില് റിപ്പോര്‍ട്ടെഴുതുന്നു. ഈ പണി ചെയ്യാന്‍ പത്താം ക്ലാസ്സും മൂന്നു മാസം ട്രെയിനിങ്ങും ധാരാളം മതി.
13 comments:
നല്ല ചിന്തകള്‍..
അച്ഛനമ്മമാര്‍ കുട്ടികളെ തത്തമ്മകളാക്കുന്നത് അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ കൂടിയാണെന്നു മറക്കരുത്. അവരുടെ വളര്‍ച്ചയെ മുന്‍പേ തീര്‍ത്ത അച്ചുകളിലൊതുക്കുന്നു എന്നത് ഒരു പാര്‍ശ്വഫലവും. അവര്‍ വളരുന്നിടത്തേക്കു വളയാന്‍ വിടുന്നതിന് അസാമാന്യ ചങ്കുറപ്പും കൂടി വേണം. ഇവിടെ മറുനാട്ടില്‍ അങ്ങനെ വളരാന്‍ വിടാന്‍ കുറേകൂടി ധൈര്യം തോന്നുന്നുണ്ട്. നാട്ടിലായിരുന്നേല്‍.. ആവോ.. എനിക്കറിയില്ല.. അവര്‍ക്കു കഴിവുണ്ടെങ്കില്‍ ഏതു ചെപ്പിലൊക്കിപ്പിച്ചാലും അതു പുറത്തു വരും എന്നാശ്വസിക്കുമായിരിക്കും..
"Where is the wisdom we have lost in knowledge? Where is the knowledge we have lost in information?"
T. S. Eliot
അവര്‍ ടെസ്റ്റ് ട്യുബ് ശിശുക്കളായി തന്നെ വളരെട്ടെ
മൂര്‍ത്തി തന്ന ലിങ്കാണ്
നന്നായിരിക്കുന്നു.
ഇനിയും കാണാം.
Very Good Antony
മൂര്‍ത്തിയാണ് എന്നെയും ഇവിടേക്ക് കൊണ്ടുവന്നത്. വെറുതെയാവില്ല എന്ന് അതുകൊണ്ടുതന്നെ അറിയാമായിരുന്നു. പ്രതീക്ഷ ഒട്ടും തെറ്റിയില്ല. പ്രസക്തമായ പോസ്റ്റ്. മോഴജന്മങ്ങളിലേക്കും സാധാരണ മനസ്സുകളിലേക്കും ഒതുങ്ങിക്കൂടാതെ, തിരിച്ചറിവിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന കുട്ടികള്‍ വരുകതന്നെ ചെയ്യും ആന്റണി. അവരില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കുക.
അഭിവാദ്യങ്ങളോടെ
ആന്റണി കണ്ടുകാണാന്‍ വഴിയില്ല. പണ്ടു ഞാനും ഇതേപ്പറ്റി എഴുതിയിരുന്നു - ഇവിടെ. അതിനെ അവലംബിച്ചു് ദേവാനന്ദ് ഇവിടെയും.
വിദ്യാഭ്യാസം കൂടിയതിനെപ്പറ്റി പറയാതിരിക്കുകയാണു ഭേദം.
യ്യോ, പലവട്ടം ആലോചിച്ച് ഡെസ്പായ സാധനം. നീറ്റ്ഷെയുടെ സൂപ്പര്‍ ഹ്യൂമനെ ഓര്മ വരുന്നു.
മാഗ്നം ഓപ്പസായി ഈ പോസ്റ്റിനെ തെരഞ്ഞെടുക്കുന്നു.
ഒന്നാലോചിച്ചാല്‍ കൊമ്പനും മോഴയുമൊക്കെ ഒരാളില്‍ തന്നെ അല്ലേ.സാഹചര്യം മോഴത്തം കൂടുതല്‍ ഡിമാന്‍ഡ് ചെയ്യുന്നു,അതു കൊണ്ട് ആ സ്വഭാവം ജ്യോമട്രിക്ക് പ്രോഗ്രഷനില് വളരുന്നു.
കുഞ്ഞുങ്ങളെ നല്ല മനുഷ്യനാക്കി വളര്‍ത്താന്‍ പാട് പെടുകയാണ് ഞാന്‍.കാട്ടി കൊടുക്കാന്‍ നല്ല സ്പെസിമനുകള്‍ വിരളം.ഗാന്ധിജിയൊക്കെ ഇവിടെ ജീവിച്ചു എന്ന് പറഞ്ഞാല്‍ കുട്ടികള്‍ വിശ്വസിക്കാത്ത കാലം വരും എന്ന് എനിസ്റ്റീന് പറഞ്ഞത് അച്ചട്ട്.
ചിന്തയില്‍ ക്രാന്തിയും പെരുമാറ്റത്തില്‍ അനുകമ്പയും ഹൃദയത്തില്‍ സ്നേഹവും ഉരുക്കിന്റെ നട്ടെല്ലും സ്ഥൈര്യവുമുള്ള ഒരു തലമുറ,അങ്ങനെ ഒന്ന് വരുമോ.
നല്ല പോസ്റ്റ്...
ഈ പോസ്റ്റിനെ മുറുകെ പിടിച്ചോട്ടെ ഞാന്‍?
ഇന്‍സ്പൈറിംഗ് പോസ്റ്റ് ആന്റണീ!
മോഴകളുടെ ലക്ഷണത്തെ കുറിച്ച് ആന്റണി പറഞ്ഞത് മനുഷ്യരെ സംബന്ധിച്ച് സത്യമാണെന്ന് നിസ്സംശയം പറയാം.പുതിയ ലോകത്തെ ബുദ്ധിമാന്മാര് തങ്ങളെക്കാള്‍ ബുദ്ധിശക്തി കുറഞ്ഞവരെ നിര്ദ്ദക്ഷണ്യം ചൂഷണം ചെയ്യുകയും, തങ്ങളെക്കാള്‍ മികച്ചവരെന്ന് സംശയം തോന്നുന്നവരോടു പോലും ഒന്നു പൊരുതി നോക്കാതെ സമരസപ്പെടുന്നവരും ആയ പ്രയോഗമതികളാണ്. ആഗോളവല്‍കൃതമായ ഒരു സമൂഹത്തില്‍ മൂന്നാം ലോകത്തിന്റെ കടമ ഒന്നാം ലോകത്തിനാവശ്യമായ ഗുമസ്തനമാരെ സംഭാവന ചെയ്യുകയെന്നതാണ്. അവരുടെ ചിലവില്‍ നടക്കുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ സ്വാഭാവികമാായും അവരുടെ ലക്ഷ്യങ്ങള്‍ മുന്നിര്ത്തുന്നവയായിരിക്കുകയും ചെയ്യും.ക്രിയേറ്റീവായി ചിന്തിക്കുന്ന തൊഴിലാളി ഏതൊരു മുതലാളിക്കും തലവേദന മാത്രമായിരിക്കും.അവര്‍ക്ക് വേണ്ടത് സ്കില്‍ഡ് ലേബറേര്സിനെയാണെന്ന ചൊല്ലു കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് ഏതോ ഫാക്ടറിയില്‍ സ്ക്രൂ മുറുക്കാന്‍ നില്ക്കുന്ന ചാപ്ലിന് കഥാപാത്രത്തെയാണ്.(സിനിമ ഓര്‍മ്മയില്ല, ക്ഷമിക്കുക).നമൂടെ വിദ്യഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെ വികസിത രാജ്യങ്ങള്‍ക്കാവശ്യമായ സ്കില്‍ഡ് ലേബറേര്സിനെ കൊടുക്കുകയാണെന്ന് അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് മോഴകള് സൃഷ്ടിക്കപ്പെട്ടുകൊണ്ടേ ഇരിക്കും.കാരണം ഡിമാന്റ് അതിനാണ്. നമ്മുടെ ഉല്പാദനമാകട്ടെ കയറ്റുമതിക്കായും!
വിശാഖ്,
Modern times.
"കുട്ടി നമ്മില്‍ ആശ്രിതനായതുകൊണ്ട് നമ്മള്‍ക്കിഷ്ടമുള്ളതുപോലെ കുട്ടിയെ രൂപപ്പെടുത്താന്‍ അവകാശമുണ്ടെന്ന് കരുതാതെയിരിക്കുക"
പെട്ടെന്ന് കേള്‍ക്കുമ്പോള്‍ impressive ആണെങ്കിലും അത് എത്രമാത്രം ശരിയാണെന്നൊരു സംശയം.
Post a Comment