(റുവാണ്ടന്‍ വംശീയോന്മൂലനത്തെക്കുറിച്ച് അരവിന്ദ് കണ്ട ചിത്രങ്ങളെക്കുറിച്ചുള്ള പോസ്റ്റിനൊരനുബന്ധമാണ്. പുള്ളി ഫുള്‍ ഫീഡ് തരുന്നതിനൊരു നന്ദി, മൊത്തം ടെക്സ്റ്റ് വായിച്ചു. ഇതിനെക്കുറിച്ച് ഞാന്‍ ചിത്രങ്ങളൊന്നും കണ്ടിട്ടില്ല, പത്രവാര്‍ത്തകളും, പുസ്തകങ്ങളും, ടെലിവിഷനില്‍ കണ്ട ദൃശ്യങ്ങളുമേ മനസ്സിലുള്ളു, അതിന്റെ ആധാരത്തിലെഴുതുന്നു. ലിങ്കുകള്‍ ടെക്സില്‍ കോര്‍ത്ത ഈമെയിലുകള്‍ ബ്ലോഗര്‍ ലിങ്കുപറിഞ്ഞ ടെക്സ്റ്റ് ആയി ഇടുന്നതുകാരണം ഞാന്‍ ബ്രാക്കറ്റില്‍ കൊടുക്കുന്നു. റ്വാണ്ടന്‍ കലാപത്തിന്റെയും ബുദ്ധിസ്റ്റ് വയലന്സിന്റെയും ലിങ്കുകള്‍ സിബു ഒരിക്കല്‍ ചോദിച്ചിരിനു. റ്വാണ്ടന്‍ ലിങ്കുകള്‍ തരാന്‍ ഈ പോസ്റ്റ് ഒരു പ്രചോദമായി)
റുവാണ്ടയിലെ ഗോത്രങ്ങള്‍:
പ്രധാനമായും ഹുട്ടു, ടുട്സി എന്നീഗോത്രങ്ങളും ത്വാ എന്ന പിഗ്മികളുമാണ് റുവാണ്ടയിലുണ്ടായിരുന്നത്. പ്രാചീനകാലം മുതലേ കര്ഷകഗോത്രമായിരുന്ന ഹുട്ടുകള്‍ ഭൂരിപക്ഷവും കന്നുകാലിവളര്ത്തുകാരായിരുന്ന ടുട്സികള്‍ ന്യൂപപക്ഷവുമായിരുന്നു, പക്ഷേ താരതമ്യേന ധനികരും യോദ്ധാക്കളുമായിരുന്ന ടുട്സിവര്ഗ്ഗത്തില് നിന്നുള്ള രാജാക്കന്മാരാണ് റ്വാണ്ടയും ബുറുണ്ടിയും അടങ്ങുന്ന പ്രദേശം ഭരിച്ചിരുന്നത്. കൊളോണിയല്‍ ഭരണകാലത്താണ് ടുട്സികള്‍ പുറത്തുനിന്നും എത്തിയവരാണെന്നും ഹുട്ടുക്കള്‍ തദ്ദേശീയരാണെന്നുമുള്ള വാദം പൊട്ടിപ്പുറപ്പെട്ടത്, എന്നാല്‍ ഇതുവരെ ഈ തീയറിക്കെതിരേയാണ് നരവംശ ശാസ്ത്രത്തിന്റെ ഗവേഷണങ്ങളെല്ലാം തെളിയിക്കുന്നത്.
രാജഭരണത്തില്‍ നിന്നും ആദ്യം ജെര്‍മനിയുടെ കോളനിയായും പിന്നീട് ബെല്‍ജിയന്‍ കോളനിയായും റുവാണ്ട മാറിയ കാലത്ത് മഹാഭൂരിപക്ഷം ജനങ്ങളും റോമന്‍ കത്തോലിക്കരും മറ്റുള്ളവര്‍ പ്രധാനമായും ലത്തീന്‍ കത്തോലിക്കരുമായി മതം സ്വീകരിച്ചെങ്കിലും ഹുട്ടുക്കളും ടുട്സികളുമായിത്തന്നെ അവര്‍ തുടര്‍ന്നു. ഹുട്ടു കലാപമായും പിന്നീട് സ്വാതന്ത്ര്യസമരമായും മാറിയ 1959 ഇന്സര്ജ്ജന്സില് റുവാണ്ട ബെല്‍ജിയത്തില്‍ നിന്നും ടുട്സി രാജഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി. ഒപ്പം തന്നെ ഒട്ടേറെ ടുട്സികള്‍ വധിക്കപ്പെടുകയും പതിനായിരങ്ങള്‍ ഉഗാണ്ടയിലേക്കും ബുറുണ്ടിയിലേക്കും പലായനം ചെയ്യുകയും ചെയ്തു. [http://www.hrw.org/reports/1999/rwanda/
Geno1-3-09.htm#P233_103259]
വംശീയ വിദ്വേഷത്തിന്റെ ചരിത്രം
ബുറുണ്ടിയില്‍ ഭരണം പിടിച്ചെടുക്കാന്‍ 1972ല്‍ ഹുട്ടുക്കള്‍ നടത്തിയ സായുധകലാപത്തെ നേരിടാന്‍ ടുട്സി ഭരണകൂടം നടത്തിയ വംശീയ ഹത്യ പതിനായിരക്കണക്കിനു ഹുട്ടുക്കളുടെ മരണത്തിനും ലക്ഷങ്ങളുടെ പലായനത്തിനും ഇടയാക്കി [http://www.usip.org/library/tc/doc/reports/
burundi_coi/burundi_coi1996toc.html ] ഇത് റുവാണ്ടന്‍ ഹുട്ടുക്കളില്‍ ടുട്സികളോടുള്ള വിദ്വേഷം കൂട്ടി.
1987ല്‍ ഉഗാണ്ടയിലെ പ്രവാസി റുവാണ്ടന്‍ ടുട്സികള്‍ പാട്രിയോട്ടിക് റുവാണ്ടന്‍ ഫ്രണ്ട് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കുകയും ഉഗാണ്ടാ അതിര്‍ത്തിയില്‍ നിന്നും തൊണ്ണൂറോടെ ഗറില്ലായുദ്ധം തുടങ്ങുകയും ചെയ്തു. റുവാണ്ടന്‍ പ്രസിഡന്റ് ജുവേനല്‍ ഹബ്യാരിമനയ്ക്ക് ഇത് ഗൗരവമുള്ള ഭീഷണിയായിരുന്നില്ലെങ്കിലും സാമ്പത്തിക മാന്ദ്യം മൂലം നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കിട്ടിയ ഒരവസരമായിരുന്നു. അദ്ദേഹം ടുട്സി ഗറില്ല പ്രശ്നം ഊതിപ്പെരുപ്പിച്ച് ഹുട്ടു നാഷണലിസവും ടുട്സികളോടുള്ള വെറുപ്പും വളര്‍ത്തി സ്വന്തം അധികാരക്കസേര ഉറപ്പിക്കാമെന്ന് പ്രസിഡന്റ് കണ്ടു.
ആയിരക്കണക്കിനു വര്‍ഷം ഒന്നിച്ചു കഴിഞ്ഞ, പരസ്പരം വിവാഹം ചെയ്ത, ഒരു പള്ളിയില്‍ തോളോട് തോള് ചേര്‍ന്നു പ്രാര്‍ത്ഥിച്ച, ഒരു ബാറില്‍ മദ്യപിച്ച് കളിതമാശ പറയുന്ന, ഒരു ഭാഷ സംസാരിക്കുന്ന ഒരു ജനതയെ മൊത്തത്തില്‍ ഹുട്ടുവായും ടുട്സിയായും വിഭജിക്കുക എളുപ്പമായിരുന്നില്ല. [http://www.hrw.org/reports/1999/rwanda/Geno1-3-02.htm#TopOfPage] പ്രസിഡന്റ് ഹബ്യാറിമന ഒരെളുപ്പ വഴി കണ്ടെത്തി, സര്‍ക്കാരിനെ എതിര്‍ക്കുന്ന ആയിരത്തോളം ഹുട്ടുകളെ രഹസ്യ സര്‍ക്കാര്‍ സമ്വിധാനങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയും പഴി അതിര്‍ത്തിയിലെ ടുട്സി ഗറില്ലകള്ക്കുമേല് ചാരുകയും ഒപ്പം തന്നെ ടുട്സികളെ കൊല്ലുന്ന ഹുട്ടുക്കളെ ശിക്ഷയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ ടുട്സി ഭീകരര്‍ ഹുട്ടുക്കളെ കൊന്നു തീര്‍ക്കുന്നെന്ന വാര്‍ത്ത കൊണ്ടാടി. സിവിലിയന്‍ ഡിഫന്‍സ് എന്ന പേരില്‍ ഹുട്ടുക്കള്‍ക്ക് വെടിക്കോപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുകയും പട്ടാളത്തെ സജ്ജമാക്കി നിര്‍ത്തുകയും ചെയ്തു.
ഏപ്രില്‍ ആറ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലില്‍ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന വിമാനം കിഗാലി വിമാനത്താവളത്തിനടുത്ത് വച്ച് വെടിവച്ചിട്ട് അദ്ദേഹത്തെ ആരോ കൊലപ്പെടുത്തി. ആരെന്ന് അറിവില്ല [http://www.hrw.org/reports/1999/rwanda/Geno1-3-02.htm#TopOfPage] ടുട്സി ഗറില്ലകളാവാം, പാര്‍ട്ടിയില്‍ തന്നെ അദ്ദേഹത്തിനുണ്ടായിരുന്ന ശത്രുക്കളാവാം, അദ്ദേഹം പരിപാടിയിട്ട വംശീയ കലാപത്തിന് ഒരു ഉശിരന്‍ തുടക്കം നല്കാന് സുഹൃത്തുക്കള്‍ തന്നെ ചെയ്തതുമാവാം.
ഉഗാണ്ടന്‍ വംശീയ കലാപം അവിടെ തുടങ്ങുകയായി.
കലാപത്തിന്റെ പാത
പ്രസിഡന്റിന്റെ മരണത്തോടെ കേണല്‍ ബഗോസൊറ ഭരണം കയ്യാളി. എതിര്‍പ്പുണ്ടായിരുന്ന ഹുട്ടുക്കളെ വധിച്ചു. മറ്റു സര്‍ക്കാര്‍ സമ്വിധാനങ്ങള് അദ്ദേഹത്തെ പിന് തുണച്ചു. വിചിത്രമെന്നു തന്നെ പറയാം, യുണൈറ്റഡ് നേഷന്‍സ് ബഗോസൊറ സര്‍ക്കാരിനെ അംഗീകരിക്കുകയാണ് ഉണ്ടായത്. ന്യൂയോര്‍ക്കിന് നിന്നുള്ള ഉത്തരവ് പ്രകാരം യൂ എന്‍ സുരക്ഷാസേന പിന്‍വാങ്ങുകയും പൊതുജനത്തെ പട്ടാളഭരണകൂടത്തിന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തു. ബെല്‍ജിയന്‍ ഫ്രെഞ്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് പട്ടാളക്കാരും സിവിലിയരും രാജ്യം വിട്ടു പോകാന്‍ അതാതു സര്‍ക്കാരുകള്‍ ഉത്തരവു നല്കി. റുവാണ്ടയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന് യൂ എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കിയതോടെ ബരോസൊറ തന്റെ പട്ടാളക്കാരെയും പോലീസിനെയും സായുധ സിവിലിയരെയും ടുട്സികള്ക്കെതിരേ തിരിയാന്‍ കല്പ്പിച്ചു. സര്‍ക്കാര്‍ പലായനം ചെയ്യുന്നവരെ തടയാന്‍ വേലികലും കെണികളുമൊരുക്കാര് പൊതുജനത്തോട് ആവശ്യപ്പെട്ടു. ഏപ്രില്‍ ആദ്യവാരത്തോടെ ടുട്സികളെ തിരഞ്ഞു പിടിക്കുകയും ആട്ടി തെളിച്ച് പൊതുസ്ഥലങ്ങളിലും പള്ളികളിലും മറ്റും എത്തിച്ചും പതിയിരുന്നു കൊന്നും തീര്‍ക്കുന്ന വൃത്തി ആരംഭിച്ചു. മേയ് അവസാനം വരെ അതു തുടര്‍ന്നപ്പോഴേക്ക് ടുട്സികളില്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ആരും തന്നെ ജീവനോടെ ഇല്ലാതെയായി.
http://www.hrw.org/reports/1999/rwanda/Geno1-3-02.htm#TopOfPage
എന്നാല്‍ ടുട്സികള്‍ ചത്തു തീര്‍ന്നതോടെ സര്‍ക്കാരിനുള്ള പിന് തുണയും മാറി. സിവില്‍ വാറും ആയുധം വാങ്ങലും ഹുട്ടുക്കളെ തന്നെ പട്ടിണിയിലാക്കി. ഒരിക്കല്‍ കൊള്ളയും കൊലയും ബലാത്സംഗങ്ങളും തുടങ്ങി ശീലിച്ചവര്‍ ടുട്സികളെ കിട്ടാതായപ്പോള്‍ പരസ്പരം കൊള്ളയടിച്ചും കൊന്നും തുടങ്ങി. ഒരിക്കല്‍ ഗറില്ലകളായിരുന്ന റ്വാണ്ടന്‍ പാട്രിയോട്ടിക്ക് ഫോഴ്സ് ഭരണം കയ്യാളുകയും എതിരാളികളെ കൊല്ലാന്‍ ആരംഭിക്കുകയും ചെയ്തു (വംശീയാടിസ്ഥാനത്തിലായിരുന്നില്ലെന്ന് പറയപ്പെടുന്നു). എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനവും പോപ്പിന്റെ അഭ്യര്‍ത്ഥനയും എംബാര്ഗോകളും ശക്തമായതോടെ കലാപകാരികള്‍ അവസാനം അടങ്ങി. ടുട്സി സമൂഹത്തിന്റെ എണ്പതു ശതമാനത്തോളം- പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം എട്ടു ലക്ഷത്തോളം പേര് അതില്‍ ഇല്ലാതെയായെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
മതം വഹിച്ച പങ്ക്
ബെല്‍ജിയന്‍ ഭരണത്തിന്റെ അന്ത്യകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ പോളിസിയായിരുന്ന ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന നയം റുവാണ്ടയില്‍ നടപ്പാക്കിയത് കത്തോലിക്കാ സഭയായിരുന്നു. സഭയുടെ മേലധികാരിയും ഗവര്‍ണറും ചേര്‍ന്നിറക്കിയ ഹുട്ടു മാനിഫെസ്റ്റോ ടുട്സികള്‍ വിദേശത്തു നിന്നും വന്ന അക്രമികളാണെന്നും റുവാണ്ടയുടെ യധാര്ത്ഥ അവകാശികള്‍ ഹുട്ടുകള്‍ മാത്രമാണെന്നും മറ്റുമുള്ള അസത്യം വഴി ഗോത്ര വര്‍ഗ്ഗ വെറുപ്പിന് വെടിമരുന്നിട്ടു . താരതമ്യേന മൃദുസ്വഭാവം ബെല്ജിയരോട് കാണിക്കുന്ന ഹുട്ടുക്കളെ മതത്തിനു കീഴേ യോജിപ്പിക്കാന്‍ മെനഞ്ഞ തന്ത്രമായിരുന്നു ഇത് ( റീ ഇമേജിങ്ങ് റുവാണ്ട, പേജ് 124 കേം ബ്രിഡ്ജ് യൂണിവേര്സിറ്റി പ്രസ്)
ആ കാലത്തു തന്നെ തുടങ്ങിയ വംശീയവിദ്വേഷം വഴി സഭ പോഷിപ്പിക്കല്‍ സ്വാഭാവികമായി പള്ളി ഹുട്ടുക്കളോട് ചേര്‍ന്ന് ക്രിസ്തുമതവിശ്വാസികളും അല്ലാത്തവരുമായ ടുട്സികളെ കൊല്ലുന്നതിലേക്ക് നയിച്ചു എന്ന് പലരും ആരോപിക്കുന്നു
http://www.afrol.com/Countries/Rwanda/backgr_cross_genocide.htm
എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ "അംഗങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് സഭ ഉത്തരവാദിയാകുന്നില്ല" എന്ന് ഇതിനെ നിഷേധിച്ചു. http://www.globalpolicy.org/intljustice/tribunals/2001/0610rwnd.htm
പല പുരോഹിതരും വംശീയകലാപത്തിനു നേതൃത്വം കൊടുത്തെന്ന് അന്താരാഷ്ട്രകോടതി കണ്ടെത്തുകയുണ്ടായി .
ബിഷപ്പ് മുസാബിമന "ടുട്സികളെ ഉന്മൂലനം ചെയ്യുന്നതില്‍ എനിക്ക് എതിര്‍പ്പില്ല, പക്ഷേ അവരെ എന്റെ ഡയോസിസിനു പുറത്തു കൊണ്ടുപോയി വധിക്കുക" എന്ന് പ്രസ്താവിച്ചത്രേ.
http://www.afrol.com/Countries/Rwanda/backgr_cross_genocide.htm
യൂ എന്‍ അന്താരാഷ്ട്രക്കോടതി ഇതുവരെ വിചാരണ ചെയ്ത മുപ്പത്തൊന്ന് വംശീയോന്മൂലനക്കുറ്റവാളികളില് പള്ളിക്കകത്ത് ടുട്സികളെ പൂട്ടിയിട്ട് പട്ടാളത്തോട് പള്ളി ബുള്‍ഡോസറിനു ഇടിക്കാനും ഓടുന്നവരെ യന്ത്രത്തോക്കുകൊണ്ട് വെടിവയ്ക്കാനും കല്‍പ്പിച്ച് രണ്ടായിരം കൊലയ്ക്ക് കുറ്റവാളിയെന്നു വിധിക്കപ്പെട്ട ഫാദര്‍ സെറോംബയും
http://news.bbc.co.uk/2/hi/africa/6175717.stm
അയ്യായിരം പേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ ജെര്‍ട്രൂഡും സിസ്റ്റര്‍ ജൂലിയനും [ http://news.bbc.co.uk/2/hi/africa/6175717.stm ] പെടുന്നു.
റ്വാണ്ടന്‍ വാര് ട്രൈബുണല്‍ കോടതി ശിക്ഷിച്ചവരില്‍ പാസ്റ്റര്‍ എലിസഫാന്‍, താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അഭയം തേടി നൂറുകണക്കിനാളുകളെ വധിച്ച സിസ്റ്റര്‍ തിയോഫിസ്റ്റര്, സിസ്റ്റര്‍ ജെര്‍ട്രൂഡിനൊപ്പം കന്യാസ്ത്രീമഠത്തിലെ അഭയാര്‍ത്ഥികളെ വധിക്കാന്‍ കൂട്ടുനില്ല സിസ്റ്റര്‍ മരിയ കിസിറ്റോ എന്നിവര്‍ പെടുന്നു (രണ്ടായിരം പേര്‍ക്ക് അഭയം നല്കിയ ഫാദര്‍ സെലസ്റ്റ്യോ ഒറ്റപ്പെട്ടൊരു നന്മയുടെ നാളമായി നില്ക്കുന്നു)
എന്താണ് റ്വാണ്ടന്‍ വംശീയകലാപത്തില്‍ നിന്നും ലോകം പഠിക്കേണ്ടത്?
ഒന്ന്: ജനതയെ ജാതിമതവംശീയതയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ നോക്കുന്നവരെല്ലാം തന്നെ സ്വാര്ത്ഥലാഭമോഹികളാണ്.
രണ്ട് : നിസ്സാരമായ ലാഭത്തിനായി ഒരു സര്‍ക്കാരോ പാര്‍ട്ടിയോ തുടങ്ങുന്ന വംശ മത ദേശവിദ്വേഷം ഒരു ജനതെപ്പോലും ഇല്ലാതാക്കുന്നത്ര ഭീകരമായി മാറാന്‍ വെറും ദിവസങ്ങള്‍ മതി.
മൂന്ന്: രാഷ്ട്രസ്നേഹം എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് അപ്പടി വിഴുങ്ങി സര്‍ക്കാര്‍ ശത്രുക്കളെയെല്ലാം വെറുക്കുകയല്ല.
നാല്: പാര്‍ട്ടി, സംഘടന, മതം എന്നിവയൊക്കെ അതിന്റെ താല്‍പ്പര്യങ്ങള്‍ക്ക് നിങ്ങളെ ചേര്‍ക്കുകയാണ് ചെയ്യുന്നത്, നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി അവര്‍ വന്നു ചേരണമെന്നില്ല. സ്വത്തോ ജീവനോ സമ്രക്ഷിക്കാന്‍ ഇവ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവണമെന്നില്ല.
അഞ്ച് : അന്താരാഷ്ട്ര സംഘടനകള്‍ ജനനീതിക്കായി ആവശ്യമുള്ളയിടത്തെല്ലാം എത്തി ആവശ്യമുള്ള രീതിയില്‍ ഇടപെടുന്ന മാലാഖമാരല്ല.
ആറ് : അയല്‍ രാജ്യമാവട്ടെ, മറ്റൊരു ജാതിയാകട്ടെ, മറ്റൊരു മതമാകട്ടെ, മറ്റൊരു ദേശക്കാരനാവട്ടെ . അതിനെ വെറുക്കാന്‍, പ്രത്യേകിച്ചും അവര്‍ നിങ്ങളെ വെറുക്കുന്നെന്ന ഭീഷണിയോടെ വരുന്ന സംഘടനകളെ, അത് സ്വന്തം സര്‍ക്കാരായാല്‍ പോലും ശരിയായി വിലയിരുത്തുക.
ഏഴ് : സത്യം എല്ലാക്കാലത്തും മൂടി വയ്ക്കാന്‍ പറ്റില്ലായിരിക്കും, പക്ഷേ കുറച്ചു നാളേക്കെങ്കിലും കഴിയും. സത്യമെന്തെന്ന് അറിഞ്ഞ് അതു മാത്രം വിശ്വസിക്കാന്‍ പഠിക്കുക. ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമെല്ലാം സത്യമല്ല. നമ്മള് ബഹുമാനിക്കുന്നവര്‍ പറഞ്ഞു തരുന്നതുപോലും സത്യമാവണമെന്നില്ല.
സമാധാനം പുലരട്ടെ.
3 comments:
വളരെ നല്ല ലേഖനം.
Good one.
ആന്റണിയണ്ണാ,
നല്ല ലേഖനം.
‘ഉഗാണ്ടന്‍ വംശീയ കലാപം അവിടെ തുടങ്ങുകയായി‘ - റ്വാണ്ടന്‍ ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ?
Don Cheadle നായകനായഭിനയിച്ച Hotel Rwanda എന്ന ചിത്രം കണ്ടിട്ടൂണ്ടോ?
Post a Comment