ഡ്യേയ്, ഈ ഹോട്ടലിനൊരു കാസിനോ ഉണ്ടെന്ന്.
നായ്ക്ക് മീശയുണ്ടെങ്കില്‍ അമ്പട്ടനെന്റരു കാര്യം ആമ്പ്രന്നോനേ? ഇയ്യാക്ക് അതേല് പോയി എന്തരേലും ചെയ്യാനറിയാവോ?
അതേലെന്തരെന്ന് അറിയില്ല, പക്ഷേ തിരുവന്തോരത്തു ഗുലാന് പെരിശ്, റമ്മി, ഉറിയടി ബെറ്റ്, കഴകേറ്റബെറ്റ്, പന്നിമലത്ത്, മുച്ചീട്ട് അങ്ങനെ എന്തരെല്ലാം ചൂത് കളിച്ച പഞ്ചാപരാധിയാടീ ഞാങ്ങ്. പോരാത്തേനു ദുബായില്‍ കുതിരപ്പന്തയത്തിലും നാലു ചില്ലറ വച്ച് നാലും പോയവനാ. ബാ നമ്മക്ക് ക്യാറിപ്പെയ് അവിടെന്തരാണു നടക്കണതെന്ന് നോക്കാം.
ആദ്യം എന്തരാണു ക്യാസിനോ എങ്ങനെയാണി അതിന്റകത്തെ കളി എന്നൊക്കെ പഠിച്ചിട്ട് ഇന്യത്തെ തവണ വരുമ്പ പോയാല്‍ മതിയെന്നേ.
ഡ്യേയ് ഇഞ്ഞി ഈ രാജ്യത്ത് എന്നെങ്കിലും നമ്മളു പിന്നേം വരുവെങ്കില്‍ നമ്മടെ ചെറുക്കന് നിന്റകത്താരിക്കത്തില്ല, കയ്യേ തൂങ്ങി നടക്കുവാരിക്കും. മൈനറെ അവിടെ കേറ്റത്തില്ല, അതായത് അടുത്ത പതിനെട്ടു കൊല്ലം നമ്മളു കാസിനോ കാണത്തില്ല.
ചെറുക്കനോ? ഒറപ്പിച്ചോ?
പിന്നേ. ഞാങ്ങ് ഇന്നലേം ലവനെ സ്വപ്നം കണ്ടതല്ലീ.
ന്നാ പാം. അവിടെ ചെന്ന് പന്തം കണ്ട പന്നിയെപ്പോലെ നിന്ന് എന്നെയും കൂടെ നാണം കെടുത്താതെ എന്തരേലുമൊക്കെ ചെയ്തോണം, സ്ഥിരം വരുന്നയാളിനെപ്പോലെ.
പന്നിയല്ലെടീ കൊരങ്ങേ, പെരിച്ചാഴീ.
ഗ്യാംബ്ലിങ്ങ് ഗീയറിലോട്ട് മാറി. ഒരു ജീന്‍സെടുത്തിട്ട് മോളിലൊരു വിന്‍ഡ് ചീറ്ററും ചുറ്റി. പോരാ, ഒരു കറുത്ത കണ്ണാടീം വച്ച് തൊപ്പിയും കേറ്റി.
എങ്ങനുണ്ടെടീ?
തമിഴു പടത്തിലെ ജനകരാജിനെ പിടിച്ച് വില്ലന്‍ വേഷം കെട്ടിച്ച പോലെ.
ആത്മവിശ്വാസം ഇച്ചിരി ബാക്കിയുള്ളതൂടെ കളയും. എന്റെ കാസനോവ പുണ്യാളാ കാത്തോണേ.
എന്റ്രന്സില് വച്ചിരിക്കുന്ന സ്കാനര്‍ പോരാഞ്ഞിട്ട് ഏഴെട്ടടി വളര്‍ന്ന് മൂന്നാലടി വണ്ണവും വച്ച ഒരുത്തന് എന്നേം ഭാര്യേം ഹാല്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്റ്റര്‍ കൊണ്ടും ആരതിയുഴിഞ്ഞു. കൊള്ളാം, എന്നെ കണ്ടാല്‍ ഒരു റൗഡി ലുക്ക് ഉണ്ടെന്നായിരിക്കും അതിന്റര്‍ത്ഥം. ഉച്ചക്കട രായണ്ണന് പോസില്‍ ഞാന്‍ എയറും പിടിച്ച് കക്ഷത്തില്‍ കുരു വന്ന പോലെ കയ്യും അകത്തി അകത്തോട്ട് ക്യാറി.
ഒരു മുട്ടന്‍ മേശയേല്‍ കാര്‍ഡു നിരക്കുന്നു ,ഒരുത്തി പകിടയെറിയുന്നു, കാശു മേശപ്പൊറത്തു വീഴുന്നു, ദോശക്കല്ലേല്‍ വീണ വെള്ളം പോലെ അപ്രത്യക്ഷമാവുന്നു. കാര്‍ഡിന്റെ പണി അറിയാം, പകിടയെറിയും അറിയാം പക്ഷേ ക്വാംബിനേഷങ്ങ് വെച്ച് എന്തരു കളി?
എന്തര്? ഇതിയാന് കളിക്കണില്ലേ, ചെല്ല്!
ഈ സിങ്ങ് ശരിയാവില്ല, ഇവന് ജട്ടിയിട്ടിട്ടുണ്ട്.
എന്നാല്‍ സോനിയയുമായി ഗുസ്തിപിടിക്കട്ടെ. ലോ കണ്ടോ നെര നെരയായി മിഷ്യന്, ഒക്കെ കാലി. അതേലാവുമ്പ എന്തരേലും അബദ്ധം കാണിച്ചാലും യന്ത്രം അപ്പനുവിളിക്കുകയും കൂമ്പിനിടിക്കുകയും ചെയ്യത്തില്ല.
ഡീ, അതിലിടാന്‍ ചില്ലറ വേണം. എവിടാ ചില്ലറ മാറുന്നേ?
കുന്തം. ചില്ലറയല്ല മനുഷ്യേനേ, ടോക്കണ്‍. ഏതെങ്കിലും കൗണ്ടറില്‍ പത്തു രൂപ കൊട് അവരു തരും ലത്.
നീയിതൊക്കെ എവിടെന്ന് പഠിച്ച്?
വെളുമ്പന്‍ ജയന്മാരടെ സകല ഇടിപ്പടത്തിലും കാണാം ഈ സ്ലോട്ടുമിഷ്യന്.
ആദ്യം കണ്ട കാശു കൗണ്ടറിലോട്ട് കേറി നിന്നു. കാശു കൊടുത്തു. ഒരു പിച്ചളത്തൊട്ടി നറച്ച് ബേസ് വാങ്ങി.
പത്തു ഡോളറിനു ഇത്രയും കിട്ടിയോ?
എന്റെ മുമ്പി നിന്ന രണ്ടു തെണ്ടിയും നൂറാഡീ കൊടുത്തത്. ഭാരതാംബയുടെ മാനം കാക്കണ്ടേ ഞാനും നൂറു തന്നെ കൊടുത്ത്.
ആദ്യത്തേതില്‍ അഞ്ചാറു ബേസിട്ടു കിട്ടിയടത്തു ഞെക്കി. അഞ്ചാറും പോയി. അടുത്തതിലും. അതിന്റടുത്തതില് കൊറച്ച് തിരിച്ചു വന്ന്.
പഠിച്ചോ വല്ലോം?
പിന്നേ. ഈ കോപ്പ് ഒന്നും നോക്കാതെ കിട്ടിയടത്തെല്ലാം ഞെക്കി കിട്ടിയ വടിയിലെല്ലാം വലിച്ചാല്‍ ഓപ്പറേറ്റ് ചെയ്യാമെന്ന് പഠിച്ച്.
കളിച്ച് കളിച്ച് ഒരുമാതിരി ചാറ്റുകാരന് ഞരമ്പുരോഗിയെപ്പോലെ വിരലൊക്കെ നീരായി.
ലത് കണ്ടോ കെട്ട്യോനെ, ജാപ്പനീസ് പച്ചിങ്കോ. എന്തരാവോ.
കന്യാകുമാരിയും കാശ്മീരും കണ്ണുപൊട്ടന്നൊരുപോലെ. കര്‍ത്താവും അള്ളാവും അയ്യപ്പനും കണ്ണുപൊട്ടന്നൊരുപോലെ, ബാഡീ, പോയി അതിലും കളിക്കാം.
പച്ചിങ്കോ ദാണ്ട് വച്ചിങ്കോ.
കണകുണേ കുണേ. ബേസിന്റെ പെരുമഴ. അടുത്തെങ്ങാണ്ട് ചുരുണ്ടിരുന്ന ഒരു കുടിയന് ചാടിയെണീറ്റ് കെട്ടിപ്പിടിച്ചു.
കൊച്ചു ബക്കറ്റ് നിറച്ച് ബേസ്. നേരേ തൊട്ടി കൗണ്ടറിലിരിക്കണ തൊട്ടിയെ ഏല്‍പ്പിച്ചു. മൊത്തം
നൂറ്റി മുപ്പത്താറു ഡോളര്‍.
ലിതാഡേ ശരിയായ ഗ്യാമ്പ്ലിങ്ങ്. എന്തരാ അതിന്റെ ഡെഫനിഷം? ഫലമെന്തെന്ന് ഒരു പിടിയും ഇല്ലാതെ കാശു മോഹിച്ച് കാശു വയ്ക്കുക. എനിക്ക് ആദ്യന്തം ഒരു പിടീം ഇല്ലാരുന്നു. കാശു വച്ചു. സത്യസന്ധനായ ഒരു ഗ്യാംബ്ലറെ യന്ത്രത്തിനു പോലും തിരിച്ചറിയാടീ. ബാ ഈ മുപ്പത്താറ് നമുക്കിവിടെ ധൂര്‍ത്തടിക്കാം.
മുപ്പത്താറു ഡോളറിന് ഇവിടെ ധൂര്‍ത്ത് പോയിട്ട് ഒരു തോര്‍ത്തു പോലും കിട്ടൂല്ലെന്റാമ്പ്രന്നോനെ. നാളെ പൊറത്തെങ്ങാണും പോയി വല്ല മുട്ടായീം വാങ്ങിച്ചു തിന്നാം. ഇപ്പ പോയൊറങ്ങാം.
7 comments:
പന്തം കണ്ട പന്നി
ആളറിഞ്ഞെറിഞ്ഞതാ ധര്മപത്നി :)
അന്തോണിച്ചാ ഇത് അരവിന്ദന്റെ പോസ്റ്റ് പോലുണ്ടല്ലൊ ... പോസ്റ്റില്‍ മൊത്തം ചിരിബോംബ് കുഴിച്ചിട്ടേക്കണ്..
ഈ കോപ്പ് ഒന്നും നോക്കാതെ കിട്ടിയടത്തെല്ലാം ഞെക്കി കിട്ടിയ വടിയിലെല്ലാം വലിച്ചാല്‍ ഓപ്പറേറ്റ് ചെയ്യാമെന്ന് പഠിച്ച്.
കളിച്ച് കളിച്ച് ഒരുമാതിരി ചാറ്റുകാരന് ഞരമ്പുരോഗിയെപ്പോലെ വിരലൊക്കെ നീരായി
മുപ്പത്താറു ഡോളറിന് ഇവിടെ ധൂര്‍ത്ത് പോയിട്ട് ഒരു തോര്‍ത്തു പോലും കിട്ടൂല്ലെന്റാമ്പ്രന്നോനെ.
ഹഹഹഹ ചിരിച്ച് ചിരിച്ച് എന്റെ കണ്ട്രോള് പോയി. ഹമ്മേ കാത്തോളണെ.. :)
കാസിനോ പുരാണം... കലക്കി.
:D
കൊള്ളാ മല്ലോ മാഷെ ഇതു വിഷു പടക്കമോ അതോ ചിരി പടക്കമോ
ഹാ ! ഈ പോസ്റ്റലക്കി മി. ആന്റണി.
“കാശു മേശപ്പൊറത്തു വീഴുന്നു, ദോശക്കല്ലേല്‍ വീണ വെള്ളം പോലെ അപ്രത്യക്ഷമാവുന്നു.“
:-)
btw, ഞങ്ങടയലോക്കത്തെങ്ങാനും വന്നിരുന്നോ ? മിണ്ടിയില്ലല്ലോ
ദേ, അണ്ണന് പിന്നേം ചിരിപ്പിക്കുന്നു...
Post a Comment