Tuesday, April 8, 2008

ഒളിമ്പിക്സും പൊളിറ്റിക്സും

ചെല്ലാ, ഒളിമ്പിക്ക് ദീപശിഖ മനുഷ്യാവകാശപ്രകടനക്കാര്‍ അണച്ചു.
ആയിക്കോട്ടെ.  ആധുനിക ഒളിമ്പിക്സിലെ ദീപശിഖാ റാലിയും പിന്നെയാ അഞ്ചു വളയത്തിന്റെ പടവും ഹിറ്റ്ലര്‍ അല്ലേ ഉണ്ടാക്കിയത്, മനുഷ്യാവകാശക്കാര്‍ അതണച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

അല്ല, ലോക സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭദ്ദ്രദീപം ഇപ്പോള്‍ അതല്ലേ?
തന്നേ? അപ്പോ ആ ഒലീവിലപ്രാവ് എന്തരായി?

ഇതുവരെ  ദീപം കെട്ടിട്ടില്ലെന്ന്  കൈരളി ചാനലില്‍ പറഞ്ഞല്ലോ?
പണ്ട് ക്യാനഡയിലും ഏഥന്‍സിലും അത് കെട്ടുപോയില്ലേ?

അന്ന് ബാക്കപ്പ് ടോര്‍ച്ചില്‍ തീ അണയാതെ ഇരുന്നല്ലോ, ഇപ്പോ ദീപശിഖ മൊത്തമായി കെട്ടെന്നാണു പറയുന്നത്.
ആരു പറയുന്നത്? ബാക്ക് അപ്പ് ലാന്റേണ്‍ പൊതു പ്രദര്‍ശനത്തിനു വരൂല്ലണ്ണാ, അത് പാരീസിലും  ആരും കണ്ടതുമില്ല, അണച്ചതുമില്ല.

എന്നാലും ഇതുവരെ  അതിനെ ആരും അധിക്ഷേപിച്ചിട്ടില്ലല്ലോ?
ആരു  പറഞ്ഞ്?  ദീപശിഖയാണെന്നു പറഞ്ഞ് അണ്ടര്‍ വെയര്‍‍ കത്തിച്ചു മേയര്‍ക്കു കൊടുത്ത ആസ്ത്രേലിയന്‍ വീരഗാഥയൊക്കെ  ആളുകള്‍ മറന്നോ?

ഇതുകൊണ്ട് ആരു ജയിച്ച്?
എല്ലാവരും ജയിച്ച്. ദലൈലാമ ആരും ഒളിമ്പിക്സിനു ആരും തടസ്സം നില്‍ക്കരുതെന്ന് ആഹ്വാനിച്ചതിന്റെ തൊട്ടുപിന്നാലെയാണ്‌ ഇത് നടന്നത്.  അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന ചൈനയുടെ വാദത്തിനു ബലം കൂട്ടാനും പിന്നെ  ഒരു  അയ്യോ  ലവന്മാരു ഭീകരരാണേ എന്നു നിലവിളിക്കാനും   ചൈനക്ക് ഒരിടം കിട്ടി.   ടിബറ്റന്‍ പ്രശ്നത്തില്‍ പ്രസ്താവന ഇറക്കി പ്രതിഷേധിക്കാന്‍ കുറേ രാജ്യങ്ങള്‍ക്ക് സ്പേസ് കിട്ടി. വിമോചിത ടിബറ്റ് സ്വപ്നം കാണുന്നവര്‍ക്ക് ആ  ദിനം കൂടുതല്‍ അടുത്താണന്ന്‍ തോന്നിത്തുടങ്ങി. മനുഷ്യാവകാശത്തിന്റെ സ്വര്‍ഗ്ഗം ഫ്രാന്‍സ് ആണെന്ന് അവകാശപ്പെടാന്‍    സാര്‍ക്കു വിസ്കി അണ്ണനും   ഒരു ചാന്‍സ് ആയി. ഇതാണു സാര് വിന്‍-വിന്‍

ഹിലാരി പോണില്ലെന്ന്.
എങ്ങനെ പോകും, അദ്ദേഹം മരിച്ചില്ലേ?

എഡ്മണ്ട് അല്ല, ക്ലിന്റണ്‍.
അവരു പോയില്ലേലും ടീം പോണല്ലോ. മോസ്കോ ഒളിമ്പിക്സില്‍ ടീമേ പോയില്ല, ലോസാഞ്ചലസ്സില്‍ പോവാതിരുന്നു  സോവിയറ്റുകാര്‍ കൊത്തിക്കെറുവ് തീര്‍ത്തപോലെ ചൈനയ്ക്കും ചെയ്യാന്‍ ഒരു ചാന്‍സ് നഷ്ടമായില്ലേ, കഷ്ടമായി.

എന്നാലും ഒളിമ്പിക്സിനിതു വന്നല്ലോ.
അണ്ണാ അതിനു മറ്റു പലതും വന്നിട്ടുണ്ട്. ഇസ്രയേലിന്റെ  ഒളിമ്പിക്ക് ടീമിലെ ഒമ്പതു പേരെ  പലസ്തീന്‍ വിമോചനക്കാര്‍ ബന്ദിയാക്കുകയും പിന്നെ വെടിവച്ചു കൊല്ലുകയും ഒടുക്കം അതില്‍ അറസ്റ്റു ചെയ്തവരെ വിടീക്കാന്‍ വിമാനം റാഞ്ചിയതും ഒക്കെ ചേര്‍ന്ന  മ്യൂണിക്ക് ഒളിമ്പിക്സ് ഓര്‍മ്മയില്ലേ?

 അത് തീവ്രവാദം, ഇത് അതുപോലല്ലല്ല്.
 തീവ്രവാദിയും മിതവാദിയും ഉത്തരവാദിയും എല്ലാം ഇതിനെ നോട്ടമിടുന്നത് ആവശ്യമില്ലാത്ത സാഹോദര്യവും അഖണ്ഡതയും മറ്റും ഇതില്‍ അടിച്ചു കേറ്റുന്നതുകൊണ്ടാണെന്നാണ്‌ ഞാന്‍ പറഞ്ഞത്. ഒളിമ്പിക്സ് ഒരു മത്സരമാണ്‌. അതില്‍ പങ്കെടുക്കുന്നവര്‍ ഓരോ രാജ്യത്തിന്റെ അംഗങ്ങളാണ്‌, അവര്‍ വരുന്നത് പരസ്പരം തോല്പ്പിക്കാനാണ്‌, പല കോര്‍പ്പറേഷനുകള്‍ക്കും മീഡിയയ്ക്കും വരുമാനമുണ്ടാക്കാനാനുള്ള മാര്‍ഗ്ഗവുമാണ്‌ ഒളിമ്പിക്സ്. അതിന്റപ്പുറത്ത് വൈകാരികമായി അതിനെ കാണുമ്പ്പോഴാണ്‌ അതിനെതിരേ പ്രകടനം നടത്തിയാല്‍ ലോകശ്രദ്ധ പിടിച്ചു പറ്റാനാവുന്നത്.

അപ്പോ അത് എന്തിനെയാണ്‌ അണ്ണാ പ്രതിനിധാനം ചെയ്യുന്നത്?
ഒന്നാമത് മാത്സര്യത്തെ, രണ്ടാമത് നാഷനലിസത്തെ.   ഒളിമ്പിക്സ് ഉയര്‍ത്തിയ ഗ്രീക്ക് നാഷണല്‍ ഫീലിങ്ങ്  ആണ്‌ തുര്‍ക്കിയെ ആക്രമിക്കുന്നതില്‍ കലാശിച്ചത്.

അല്ലാ ഈ മാത്സര്യം കൊണ്ടല്ലേ  സ്നേഹവും സമാധാനവും...
രാജ്യാടിസ്ഥാനത്തില്‍ പരസ്പരം മത്സരിച്ചു തോല്പ്പിക്കുന്നതിലൂടെ സ്നേഹം വളരുമെന്നോ? പണ്ട്   പീസ് കീപ്പിങ്ങ് ആര്‍മി എന്നു കേട്ടപ്പോ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്തു പോകുന്നു "ഫൈറ്റിങ്ങ് ഫോര്‍ പീസ് ഈസ് ലൈക്ക് **ക്കിങ്ങ് ഫോര്‍  വെര്‍ജിനിറ്റി."

അല്ലടേ, എല്ലാ പാര്‍ട്ടിസിപ്പന്റിന്റെയും നാഷണലിസം വളരുമല്ലോ ഒളിമ്പിക്സുകൊണ്ട്,  അപ്പോ ഏതന്‍സിലൊരു ഗെയിം നടക്കുമ്പോ ഗ്രീക്ക് നാഷണലിസവും ബെര്‍ളിനില്‍ നടക്കുമ്പോള്‍ നാസിസവും നേടുന്ന ബെനിഫിറ്റ് എന്താ?

എടേ, കണ്മുന്നില്‍ നടക്കുമ്പോള്‍,  നാട്ടുകാര്‍ നടത്തിപ്പില്‍ പങ്കു ചേരുമ്പോള്‍,  എന്നും കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നാഷണലിസത്തിന്റെ പത്തിലൊന്ന്  നമ്മുടെ ടീം  ട്രിങ്കോലാമിയിലോ ഉഗാണ്ടയിലോ പോയി മത്സരിച്ചെന്ന്  കേള്‍ക്കുമ്പോ ഉണ്ടാകില്ലോ. ഒളിമ്പിക്സു പോട്ട്, ഏഷ്യാഡ് എമ്പത്തിരണ്ടെന്നു പറഞ്ഞ് നമ്മള്‍ കുപ്പായമിട്ടത് ഓര്‍മ്മയില്ലേ? അതിര്‍ത്തിയില്‍ കൊണ്ട് വയ്ക്കുന്ന വെടിയെക്കാള്‍ ഇഫക്റ്റ് ആയിരുന്നു.

ഇപ്പ മനസ്സിലായി.
എന്ത്? ചൈനയും  ടിബറ്റും ഒളിമ്പിക്സും  ബാക്കിയുള്ളവരും തമ്മിലെ ഇന്റര്‍കൊളാബറേഷന്‍.

എന്തരു മനസ്സിലായി?

ചൈന നാഷണലിസം വളര്‍ത്താന്‍ ആണു ഇത്രയും കാശും മൊടക്കി ഒളിമ്പിക്സ് അവിടെ കൊണ്ട് വയ്ക്കുന്നത്.  അതേ ഫീലിങ്ങ്  ഇല്ലാത്ത  ടിബറ്റിലെ ആളുകള്‍ക്ക് ദേഷ്യം വരുന്നതും അതുകൊണ്ടാണ്‌. ചൈനീസ് നാഷണലിസം വളരുന്നതാണു ബാക്കിയുള്ള രാജ്യങ്ങള്‍ക്ക് ചൊറിയുന്നത്.  തന്നേ?
തന്നെ. അടിസ്ഥാനപ്രശ്നം ആളുകള്‍ക്ക് സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാത്തതല്ല, ഒളിമ്പിക്സിനതില്ലാത്തതാണ്‌.

8 comments:

ഭ്രമരന്‍ said...

""അവര്‍ വരുന്നത് പരസ്പരം തോല്പ്പിക്കാനാണ്‌""ഈ പറഞ്ഞത് കഷ്ട്മായിപ്പോയി.ആയിരക്കണക്കിന് അത്ലറ്റുകള്‍ വര്‍ഷങ്ങളോളം ആധ്വാനിക്കുന്നതിനെ ഇങ്ങിനെ തരം താഴ്ത്തിയതു ഒട്ടും ശരിയായില്ല

Unknown said...

അടിസ്ഥാനപ്രശ്നം ആളുകള്‍ക്ക് സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാത്തതല്ല, ഒളിമ്പിക്സിനതില്ലാത്തതാണ്‌.
സത്യം അതാണു പ്രശ്നം അതൂണ്ടായെല്‍ ഞാനും ഒന്നു വണ്ടി കയറിയെനെ അപ്പോ അതില്ലാല്ലെ

R. said...

പല കോര്‍പ്പറേഷനുകള്‍ക്കും മീഡിയയ്ക്കും വരുമാനമുണ്ടാക്കാനാനുള്ള മാര്‍ഗ്ഗവുമാണ്‌ ഒളിമ്പിക്സ്.

ഇതിനു ഞാന്‍ കൈയ്യടിക്കും, അടിക്കും, അടിക്കും !

ദിലീപ് വിശ്വനാഥ് said...

ഗെയിംസിനു ആതിഥ്യമരുളുക എന്നതുവഴി രാജ്യങ്ങള്‍ അവരുടെ രാഷ്രീയമായ നേട്ടങ്ങള്‍ ആണ് ലക്ഷ്യമിടുന്നത് എന്നത് പകല്‍ പോലെ സത്യം.

ഡാലി said...

ഉഗ്രന്‍ പോസ്റ്റ്

മ്യൂണിക് ഒളിബിക്സില്‍ കൊല്ലപ്പെട്ടത് 9 അല്ല 11 ഇസ്രായേലികള്‍, രണ്ട് പേരു ഒളിബിക് വില്ലേജില്‍ ബാക്കി ഒന്‍പതൂ പേര്‍ എയര്‍ ബേസില്‍.(5 പാലസ്തീന്‍ തീവ്രവാദികള്‍, ഒരു ജര്‍മ്മന്‍ പോലീസുകാരന്‍, ആകെ 17). മ്യൂണിക് ഒളിബിക്സ് നിര്‍ത്തി വയ്ക്കാന്‍ അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഗോള്‍ഡാ മേയര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജര്‍മ്മനി പങ്കെടുക്കുന്ന രാജ്യങ്ങളുടെ കൊടിപകുതി താഴ്ത്ത്തി കെട്ടി ഒളിപിക്സ് തുടര്‍ന്നു. റഷ്യയും ചില അറബ് രാജ്യങ്ങളൂം കൊടി താഴ്ത്ത്തി കെട്ടാനും സമ്മതിച്ചില്ല. (പിന്നീട് ഇസ്രായേലിന്റെ (മോസാദ്) ആന്റിടെററിസ്റ്റ് ഗ്രൂപ്പ് 9+5 പേരെ കൊലപ്പെടുത്തി പകരം വീട്ടി. അതാണു സ്പില്‍ബര്‍ഗിന്റെ മ്യൂ‍ണിക്. പുസ്തകം George Jonas ന്റെVengeance)

പാഞ്ചാലി said...

പോസ്റ്റ് കണ്ടു. പിന്നെ ആ സുഹൃത്തു പറഞ്ഞത്, ("ഫൈറ്റിങ്ങ് ഫോര്‍ പീസ് ഈസ് ലൈക്ക് **ക്കിങ്ങ് ഫോര്‍ വെര്ജിനിറ്റി ) ജോര്‍ജ് കാര്‍ളിന്റെ ഒരു (കു)പ്രസ്സിദ്ധ ക്വോട്ട് (ബംപര്‍ സ്റ്റിക്കര്‍ ആയി സ്ഥിരം കാണുന്ന ) ആണെന്ന് തോന്നുന്നു. ഞങ്ങളുടെ ഹോസ്റ്റല്‍ ദിനങ്ങളില്‍ ഗ്രഫീറ്റിയായി കണ്ടിരുന്നതും ഓര്‍ക്കുന്നു.

മൂര്‍ത്തി said...

11/04/2008ലെ മാതൃഭൂമി പത്രത്തില്‍ ഒളിമ്പിക്സ് ബഹിഷ്കരണത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒരു ലേഖനം ഉണ്ട്.

കണ്ണൂസ്‌ said...

The difference between you and me is that:

I was trying to win.

You were trying to beat me:

pazhayathokke onnu Odicchu vaayicchatha aantony.

Vizhamam Raajeevinte Tibet postil ippozhum udakki nilkkunnu. aallaakkar enthu konT ingane double standard kaanikunnuvenn!

AchinthyayuTe Erom Sharmila Chanuvinte postil aadyamaayi prathishedham uyarthiya aal enna nilakk, I have a right!!

If I think Manipur is a part of India, I should not think Tibet is not a part of China!!

Fuck all the second generation Tibetans who live the life of comfort under George Fernandez, the fraud!!