Monday, April 7, 2008

അരി പ്രശ്നമാകുന്നു

അരിയില്ല. ഗള്‍ഫിലെ  സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ആദ്യം നിറപറയും നെന്മണിയും ഡബിള്‍ ഹോശ്സുമൊക്കെ പോയി. പിറകേ ഗ്രീന്‍ വാലി തുടങ്ങിയവയും. തായ്ലന്‍ഡില്‍ നിന്നും വരുന്ന അരിയാണിനി ബാക്കിയുള്ളത്.  അരിക്കെന്തുപറ്റി? പത്രത്തിലൊക്കെ കാണുന്ന പൂഴ്ത്തിവയ്പ്പ്, വെള്ളപ്പൊക്കം തുടങ്ങിയ മുടിനാരു കീറല്‍ പയര്‍നാനാഴിയാണോ അതോ അഞ്ഞാഴിയാണോ എന്ന രീതിയിലാണ്‌  അരിയളക്കാന്‍ ശ്രമിക്കുന്നത്.

ലോകത്തിന്റെ പകുതിയും ചോറുണ്ണുന്ന ജനമാണ്‌. ഈ ചോറുണ്ണുന്ന പകുതിയിലാണ്‌ പാവപ്പെട്ടവന്റെ ഭൂരിപക്ഷം. അരിക്ഷാമം തുടങ്ങിയാല്‍ ഇപ്പോഴേ അരപ്പട്ടിണിയായവന്‍ എപ്പോ വിശന്നു ചത്തെന്ന് ചോദിച്ചാല്‍ മതി.

ആയിരത്തി തൊള്ളായിരങ്ങളുടെ ആദ്യ കാല്‍ വരെ ഭക്ഷ്യക്ഷാമം ലോകത്ത് പലയിടത്തും സാധാരണമഅയിരുന്നു.  ഗോതമ്പില്ലാതെ ചത്ത കോടിക്കണക്കിനു റഷ്യക്കാരും അരികിട്ടാതെ ചത്ത ചൈനക്കാരും വിയറ്റ്നാമികളും ഇന്ത്യക്കാരും ഒക്കെയാണ്‌   ലോക നേതൃത്വത്തിനു പുതിയ നിയമങ്ങള്‍ സമ്മാനിച്ചത്.  മിക്ക വിപ്ലവങ്ങളും കോളനിഭരണാന്ത്യവുമെല്ലാം വിശപ്പിന്റെ  നിര്‍മ്മിതികളാണ്‌.

വിശപ്പ് സാമ്പത്തികശാസ്ത്രത്തിന്റെ നിയമങ്ങളെ തിരുത്തിച്ചു. രാജ്യഭാരമെന്നാല്‍ ക്ഷേമരാഷ്ട്രനിര്‍മ്മിതിയാണെന്ന് പലരും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ഹരിതവിപ്ലവം ഉരുത്തിരിഞ്ഞു. ലോകധാന്യക്കൃഷി  എണ്‍പതുകളില്‍  ഇരുന്നൂറു കോടി ടണ്‍  എന്ന സ്വപ്നസംഖ്യയിലെത്തി. (എല്ലാവര്‍ക്കും അരിയും ഗോതമ്പും എന്നതായിരുന്നു ഈ ടാര്‍ഗെറ്റ് എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ? ലോകത്തിലെ  അന്നത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുപേര്‍ക്ക് വിശപ്പടക്കാന്‍ വേണ്ട  അളവാണ്‌  ഇരുന്നൂറു കോടി)

ശേഷമൊന്നേ സംഭവിച്ചുള്ളു.  ലോക ജനസംഖ്യ മുന്‍പത്തെപ്പോലെ തന്നെ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
തൊണ്ണൂറുകളോടെ ജനസംഖ്യയും ധാന്യോത്പാദനവും  തമ്മിലുള്ള വിടവ് വീണ്ടും കൂടിത്തുടങ്ങി. വരും കൊല്ലങ്ങളിലതു വഷളാകുകയേയുള്ളു.  ജനസംഖ്യ കൂടുമ്പോള്‍ ഒരുവശത്ത് ഭക്ഷണത്തിനുള്ള ആവശ്യം വര്‍ദ്ധിക്കുന്നു, മറുവശത്ത് കാര്‍ഷികഭൂമി വീടുകളായി മാറി ഭക്ഷ്യോത്പാദനം കുറയുന്നു, പരിസ്ഥിതിക്കു ജനസംഖ്യവരുത്തുന്ന  കോട്ടം മൂലം മഴയിലും  മറ്റും വരുന്ന വ്യതിയാനങ്ങള്‍ വേറേയും.

ഭക്ഷ്യോത്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും സര്‍ക്കാരുകള്‍ ആദ്യം ചെയ്യുക കയറ്റുമതി നിറുത്തലാക്കുകയാണ്‌. ഇന്ത്യ. ചൈന, ഈജിപ്ത്, വിയറ്റ്നാം എന്നീ പ്രമുഖ അരിഉത്പാദകരന്‍ കയറ്റുമതിയില്‍ ഈ വര്‍ഷം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍ പോലെയുള്ള  രണ്ടാം നിരക്കാരും ഇതേപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്നു.  ഫിലിപ്പൈന്‍സ്, മെക്സിക്കോ തുടങ്ങി അരിയുടെ മുഖ്യ ഇറക്കുമതിക്കാരെ

ജനത അതിന്റെ സംഖ്യ സ്വയം നിയന്ത്രിക്കുക അല്ലെങ്കില്‍ പ്രകൃതി അത് നിയന്ത്രിക്കുമെന്ന  തോമസ് മാല്‍ത്തൂസിന്റെ തത്വം പുച്ഛിച്ച് തള്ളി നോട്ടസ്റ്റീന്‍ ഡയഗ്രവും മറ്റും വരച്ചും നീളം കൂടിയ   ഫങ്ക്ഷനുകളെഴുതിയും എല്ലാം ഇപ്പ ശരിയാക്കാം എന്ന് പറഞ്ഞിരുന്ന പ്രായത്തിന്റെ ഇരട്ടിയായതുകൊണ്ടാണോ എന്തോ, അത്ര ശുഭാപ്തിവിശ്വാസം എനിക്കിന്നില്ല.  ഒരു രണ്ടാം ഹരിതവിപ്ലവത്തിനു മാത്രം കരുത്തുള്ള ടെക്നോളജിയൊന്നും ഉരുത്തിരിഞ്ഞിട്ടില്ല ഇതുവരെ. വിത്തുകളിലും  കൃഷിയിലും ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍ മുഖ്യമായും ജനിതകവ്യതിയാനത്തെക്കുറിച്ചാണ്‌.  ആഗോളതലത്തില്‍ ഭക്ഷ്യോത്പാദനത്തെ ഡിമാന്‍ഡില്‍ കൊണ്ട് മുട്ടിക്കാനും ഇനിയീ ഡിമാന്‍ഡ് ഉയരാതിരിക്കാനുമുള്ള മാസ്റ്റര്‍ പ്ലാനുകള്‍ ഉണ്ടാവേണ്ടിയിര്‍ക്കുന്നു.


ഇന്ത്യ കണ്ട അവസാനത്തെ ഭക്ഷ്യക്ഷാമം  ഹരിതവിപ്ലവത്തിനു തൊട്ടുമുന്നേയായിരുന്നു. അന്ന്  സംസ്ഥാനങ്ങള്‍ തമ്മില്‍ അരിക്കച്ചവടം നിറുത്തിയപ്പോള്‍ മരച്ചീനിയും ജൗവ്വരിയും മക്രോണിയും കേരളത്തെ തുണച്ചു.  ഇനി റബ്ബര്‍ പാല്‍ കുടിക്കേണ്ടിവരുമോ?

14 comments:

Radheyan said...

നാട്ടില്‍ റബ്ബര്‍ പാലെങ്കിലും കിട്ടും.ഇവിടെ ഈ ദൂഫായിയില്‍ മണ്ണു വാരി തിന്നുകയേ നിവര്‍ത്തിയുള്ളൂ.നല്ല ചൂട് മരുമണല്‍.

മണ്ണിലേക്ക് മടങ്ങുക എന്നത് മാത്രമേ പോംവഴി ആയി ഉള്ളൂ.വയലുകള്‍ മൂടി നാം ഉണ്ടാക്കിയ റ്റെക്നോപാര്‍ക്കുകളും വ്യവസായപാര്‍ക്കുകകളും ഇടിച്ച് നിരത്തി കൃഷി തുടങ്ങേണ്ടി വരും.വിശപ്പ് തോന്നാതിരിക്കാന്‍ ഒരു പ്രോഗ്രാം ഉണ്ടാക്കി കുടലില്‍ വെച്ചാലും മതി.

കപ്പയോ കിഴങ്ങോ എന്തു പണ്ടാരമായലും കിട്ടിയാല്‍ മതിയായിരുന്നു.അതും ഇല്ലാത്ത ഒരു കാലം വരുമോ.

കണ്ണൂരാന്‍ - KANNURAN said...

മുട്ടയും പാലും ഉണ്ടല്ലോ, പിന്നെന്തിനു ഫീതി സഗാവെ?

അരവിന്ദ് :: aravind said...

മാംസാഹാരത്തിലേക്ക് തിരിയുകയാണ് നല്ലത്! കാരണം രണ്ടാം ഹരിത വിപ്ലവത്തിന് സ്ഥലമില്ല, ഇല്ലെങ്കില്‍ കൂറ്റന്‍ സ്കൈ സ്ക്രാപ്പേര്‍സ് പണിഞ്ഞ് ഒരൊ നിലയിലും ചെളിവിതച്ച് ഞാറ് നടട്ടെ!

എക്കോണമീസ് ഓഫ് സ്കേയില്‍ പ്രാവര്‍ത്തികമാക്കുന്ന, പാര്‍ശഫലങ്ങളോ, സിന്തറ്റിക് ഘടകങ്ങളൊ ഇല്ലാത്ത ഇറച്ചി, മാസ്സ് പ്രൊഡ്യൂസ് ചെയ്യാന്‍ റ്റെക്നോളജി കണ്ടു പിടിക്കാം. മാക്‌ഡൊനാല്‍ഡ്സിന്റെ കൊക്കോ കണ്ണോ തൂവലോ ഇല്ലാത്ത ചിക്കന്‍ കുഞ്ഞുങ്ങള്‍ പോലെ (ഹോക്സ്?), ഏതാണ് ജീവി, ഏതാണ് കുലം എന്നറിയാത്ത ഇറച്ചി പിണ്ഡങ്ങള്‍ കണ്‍‍വേയര്‍ ബെല്‍റ്റില്‍ കൂടി ഹാച്ചറിയില്‍ നിന്ന് ബുച്ചറിയിലേക്ക് നീങ്ങിപ്പോകട്ടെ.

അതുല്യ said...

അരിയില്ലാണ്ടായത് മുതല്‍ വേവലാതി എനിക്കും തടങി ആന്റണിയേ. ഇങ്ങനെ പോയാല്‍ മക്കള്‍ക്ക് എന്ത് കൊടുക്കും ദുബായില്‍? പോട്ടെ കുടുംബം താമസിയ്ക്കുന്നവര്‍ ഉപ്പുമാവോ ചപ്പാത്തിയോ മറ്റോ കഴിയ്ക്കും, ഒരു നേരം അല്പം ചോറിനായിട്ട് കഫ്ടട്ടേരിയയ്കും ഹോട്ടലിലേയ്ക്കും ഒക്കെ പോകുന്ന ബാച്ചികള്‍ എന്ത് ചെയ്യും, ചോറില്ലാത്ത ഹോട്ടലില്‍ കേറീട്ട്? ഇങ്ങനെ ഒരു സ്ഥിതിയുണ്ടായത് നാമെല്ലാരും കൂടെ വരുത്തി വച്ചത് തന്നെ. ഗള്‍ഫന്‍ പെഇസ ആയ പെഇസ മുഴോഒനും ഉണ്ടാക്കി, നല്ലൊരു ശതമാനം ആളുകളു ലാന്‍ഡ് മാഫിയക്കാരായിട്ട് ഏക്കറു കണക്കിനും സ്ഥലം വാങി സ്വന്തമാക്കി മുറിച്ചും തിരിച്ചും വിക്കേം ഫ്ലാറ്റ് ആക്കേം ചെയ്യ്തു. നെറ്റിലെ കേരള റിയല്‍ എസ്റ്റേറ്റ് ന്ന് ഇട്ട് ഇന്നലെ ഒരു കുഞി വീട് കിട്ടോ ന്ന് നോക്കാന്‍ പോയപ്പോഴ്, ഉള്‍നാടന്‍ പാട നിരപ്പുകളും വിക്കാനും മുറിയ്ക്കനുമുണ്ട്. ആദ്യം വേണ്ടത്, ഭൂ ഇടപാട് ഒരിടക്കാലത്തേയ്ക്ക് നിര്‍ത്തലാക്കുകയാണു. ദുഫായ്ക്കാര്‍ നേരിടുന്നത് ഇത് മാത്രാണോ ആന്റനീ? 2000 ത്തില്‍, 18 ആയിരുഅം ദിര്‍ഹം വല്യ രണ്ട് മുറീം ബാല്‍ക്കണീം ഉള്ള വീടിനു കൊടുത്തിരുന്ന ഞാന്‍ 2008 അതെയ് വീടിനു 38 കൊടുക്കുന്നു. 300 ദിര്‍ഹത്തിനു ഗ്രോസറി മൊത്തം 2000 ത്തില്‍ ചിലവായിരുന്നത്, ഇന്ന് 1200 വരെ ചിലപ്പോഴ് പോകുന്നു. അങ്ങനെ ഈ അനുപാതം എല്ലാത്തിലും എല്ലാത്തിലും കൂടിയട്ടുണ്ട്. കിട്ടുന്നതിലോ?

ഈയ്യിടെ എന്റെ സുഹൃത്ത് പറഞു, ഞാന്‍ ഫാമിലി ബ്രാക്കറ്റില്‍ എത്തില്‍, 4200 ആയിക്കിട്ടി, ഭാര്യയേനെം 2 കുഞുങ്ങളേം കൊണ്ട് വന്നു, ഇവിടെയ്ക്ക് സ്ഥിരമായിട്ട്. ഉല്‍സാഹം കള്യണ്ടാന്ന് കരുതി, ഞാന്‍ എടുത്ത് വായയ്ക്ക് ഒന്നും പറഞില.

ബാച്ചിയായിട്ട് ഷെയറിങ്ഇല്‍ താമസിച്ച്, കൂടെയുള്ള ആപ്പീസ് സുഹൃത്തിന്റെ കൂടെ പോയി വരുന്ന സുഹ്ര്ത്തിനു, ഷെയറീങ് വാടകേം, ചിലവും കഴിഞ്, 2500 ദിര്‍ഹമോ മറ്റോ നാട്ടിലേയ്ക് അയയ്ക്കുമ്പോഴ്, അവിടെ സ്വന്തം വീട്ടില്‍ താമസിയ്ക്കുന്ന ഭാര്യയ്ക്ക് കഴിഞ് കൂടാനും അതിലപ്പറുവും ഉണ്ടായിരുന്നു. അപ്പോഴാണു വിളി തോന്നീത്. കുടുംബം കൂടെ ഉള്ളത് നല്ലത് തന്നെ. പക്ഷെ വിവരങ്ങളൊക്കെ പറഞിട്ടാവുമ്പോഴ് കുറച്ച്കൂടെ നല്ലത്. ഒരു കുഞി മുറി എടുത്ത്, 2500 ദിര്‍ഹത്തിനോ മറ്റോ. പഠിയ്ക്കുന്ന രണ്ട് കുഞുങ്ങളും തീരെ ചെറിയ ഒരു മുറീം, കത്തി കേറുന്ന സാധനങ്ങളുടെ വിലയും, അസുഖങ്ങള്‍ കുട്ടികള്ക്ക് വരുമ്പോ പറയേം വേണ്ട, വണ്ടി യുണ്ടെങ്കില്‍ അതമും ആപത്ത്, വണ്ടീ ഇല്ലെങ്കില്‍ അതും അതിലും വലിയ ആപത്ത്, അപ്പോ ചെറിയ വരുമാനക്കാര്‍ക്ക്, ഈ ചിലവിനു ഒക്കേനുമായിട്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ മാറി മാറി സ്വെഇപ്പ് ചെയ്യുമ്പോഴ്, ഈ പോക്ക് എവിടേയ്ക്ക് ആണെന്ന് ആലോചിയ്ക്കാലോ അല്ലേ? ആരേം ഇടിച്ച് താഴ്ത്തി കാട്ടീതല്ല. ഒരു കാലമുണ്ടായിരുന്നു. 4000 ദിര്‍ഹത്തില്‍, 1000 ദിര്‍ഹം വീട്ട് വാടക് കൊടുത്ത്, ബാക്കി 3000 കൊണ്ട് സുഭിക്ഷ മായിട്ട് കഴിയാവുന്ന ഒരു സാഹചര്യം 2003 വരെ ഒക്കെ ഇവിടെ യുണ്ടായിരുന്നു. ഇപ്പോഴ് അതല്ലാ സ്ഥിതി.

വാടക എന്ന ഭീമന്‍ ഭൂതം മറ്റ് എല്ലാ സുഖ സൊഊകര്യങ്ങളേം കൊന്ന് തിന്നു. സുഹൃത്തിന്റെ ഭാര്യ എത്തീട്ട് എന്നെ വിളിച്ച് പറഞ് കരുഞു, എന്ത് പറയുമ്പോഴും പെഇസ ഇല്ലാന്ന് ചേട്ടന്‍ പറയുന്നു, വീട്ടില്‍ ഒരു സാധനോം വാങിയിട്ടില്ല, ഇങ്ങനെ ആണൊ ദുഫായ് ജീവിതം? ഞാന്‍ ആദ്യം ചോദിച്ചത്, വരണതിനും മുന്നേ സ്വന്തം ഭര്‍ത്താവിനോട് എത്ര വരവുണ്ട്, എങ്ങനെയൊക്കെ ജീവിയ്ക്കാനാവും, കുട്ടികള്‍ടേ പഠിത്തം നല്ല രീതിയിലു നടക്കുമോ എന്നൊന്നും ചോദിയ്ക്കാണ്ടെ, ദുഫായ്ക്ക് ദുഫായ്ക്ക് ന്ന് ത്രില്ല് അടിച്ച് വന്ന ആ തീരുമാനമാണു തെറ്റീത്. ദാരിദ്ര്യമാണെങ്കിലും നിന്റെ ഒപ്പം എന്നും എന്നൊക്കെ പറയാമെങ്കിലും, നാട്ടിലു സുഖ സൊഉകര്യങ്ങളോടേ ജീവിച്ചിരുന്ന്വരെ തെറ്റ്ദ്ധരിപ്പിച്ച് നരകത്തിലേയ്ക്ക് കൂട്ടി കൊണ്ട് വന്നതിനെ നീതികരിയ്ക്കാന്‍ വയ്യ. പ്രായമായ രണ്ട് കുട്ടികള്‍ (8 ലും, 6 ലും )ഒക്കെ ഉള്ളപ്പോഴ് ഒരു മുറിയില്‍ അവര്‍ എങ്ങനെ ആണു പഠിയ്ക്കുക? അങ്ങേയറ്റം വിലക്കയറ്റം സാധാരണ ജനങ്ങളെ ഞെക്കി പിഴിയുന്നു അല്ലെങ്കില്‍ ഇനി ഈ ഗള്‍ഫ് എന്ന മേഖലയില്‍ സാധാരണ ജോലിയ്ക്ക് വരുന്ന ആളുകള്‍ ഇവരുമായി നല്ല പാക്കേജിനും വില പേശണം. അല്ലെങ്കില്‍ ധെഇര്യമായിട്ട് നാട്ടില്‍ പോണം. അല്ലാണ്ടെ, ..... ന്യ്യൂസ്സില്‍ ഈയ്യിടെ വന്ന പോലെ കേരളത്തിലേ ആളുകളു ഒരു ഫാമിലി തന്നെ ഒരേ മുറിയില്‍ താഴേം മുകളിലുമായിട്ട് കട്ടില്‍ വീതിച്ച് ജീവിയ്ക്കുന്നു എന്നൊക്കെയുള്ള നാണക്കേട് വരുത്തി വയ്ക്കരുത്. നല്ലോണ്ണം ജീവിയ്ക്കാനാണല്ലോ നാട് വിടുന്നത്, അതിനു കഴിയാതെ, മറ്റു പല നാഷണാലിറ്റികള്‍ടെം ഇടയിലു കിടന്ന് നമ്മള്‍ നമ്മള്‍ടേ തന്നെ കുറച്ച് കാട്ടണോ? കുട്ടികള്‍ക്ക് നല്ല രീതിയിലുള്ള വിദ്യഭാസം നല്‍കാണ്ടെ, അഫിലിയേഷന്‍ പോലും ഇല്ലാത്ത സ്ക്കൂളുകളിലാണു ഫീസ് കുറവ് എന്ന നോട്ടത്തില്‍ കുട്ടികളേ പഠിപ്പിയ്ക്കുന്നത്. അവരുടെ ജീവിതം പോലും നമ്മള്‍ ഇപ്പഴേ ഈ പിഴവിനു വേണ്ടി കുരുതി കൊടുക്കണോ?

ആന്റണിയേ എഴുത് വന്നപ്പോഴ് കൂടി പോയി വികാരം. പൊറുക്കുമല്ലോ താന്‍ അല്ലേ.

Nishedhi said...

എന്തിനു പേടിയ്ക്കണം? കോഴികള്‍ സുലഭമായി കിട്ടുമല്ലോ?

പ്രിയ said...

ഗോതമ്പ് എന്തേ ഒരു പകരക്കാരന് ആയി വരാത്തേ? പണ്ടു ക്ഷാമകാലത്ത് അരിക്കു പകരം ഗോതമ്പ് കിട്ടിയിരുന്നെന്ന് പറഞ്ഞു കേട്ടു. അന്ന് ഗോതമ്പ് കഴിക്കുന്നത് കേരളീയര്ക്ക് അത്ര ഇഷ്ടം അല്ലായിരുന്നു അത്രെ.ഒരു ഇല്ലായ്മ ഫീലിംഗ്. പക്ഷെ ഇപ്പോള് അതല്ലാലോ.എന്തായാലും ആഹാരശീലം മാറണം. ബിരിയാണിക്ക് പകരം നല്ല ചപ്പാത്തിയും പാലക്പനീരും .

അതോ ഇപ്പോള് ഗോതമ്പും കിട്ടാന് ഇല്ലേ? അതോ ഇനി ചപ്പാത്തി - അവിയല് കോമ്പി ശരിയാവാഞ്ഞിട്ടാ? (ആത്മ്ഗതിച്ചതല്ല, അറിയാഞ്ഞിട്ടാ)

റിയല് എസ്റ്റേറ്റ് മാഫിയ വന്നത് കൊണ്ടു കൃഷി ഇല്ലതായതോ അതോ കൃഷി ഇല്ലാതായിട്ടു റിയല് എസ്റ്റേറ്റ് പൊങ്ങിയതോ? രണ്ടാമത്തെ ആയിരിക്കില്ലേ സത്യം?

ഇനി ഇപ്പൊ എന്തോ ചെയ്യും. ആ , അതെനിക്കറിയില്ല. ഈ കൃഷി ശാസ്ത്രന്ജന്മാര്ക്ക് വല്ല ബ്രേക്ക് ഫാസ്റ്റ് പില്സോ ലഞ്ച് പില്സോ സപ്പെര് പില്സോ ഒക്കെ കണ്ടു പിടിച്ചൂടെ. ഒന്നു തിന്നു കഴിഞ്ഞാല് പിന്നെ വിശക്കുകയുമില്ല പോഷകങ്ങള് കിട്ടുകയും ചെയ്യും. അങ്ങനെ വല്ല ഗുണവും ഉള്ളത് വന്നിരുന്ണേല്.

കുറുമാന്‍ said...

ഒരു ചാക്ക് (ഇരുപത് കിലോ) മട്ടയരി കഴിഞ്ഞകൊല്ലം അവസാനം വാങ്ങിയിരുന്നത് 30 ദിര്‍ഹത്തിനും ഇക്കൊല്ലം കഴിഞ്ഞ മാസം വരെ വാAങ്ങിയതു 42 ദിര്‍ഹംസിനുമാണ്. ഇന്നലെ വാങ്ങിയത് 76 ദിര്‍ഹംസിന്.

ഗോതമ്പുപൊടിക്കും വിലകുറവൊന്നുമില്ല 4 - 4.50ദിര്‍ഹംസ്. പച്ചക്കറിയുടെ കാര്യം പറയാനേയില്ല.

എന്ത് ചെയ്യും ജനങ്ങള്‍?


അതുല്യേച്ചിയുടെ കമന്റിനൊരു കയ്യൊപ്പ്.

ദിലീപ് വിശ്വനാഥ് said...

നമ്മുടെ കൃഷിയിടങ്ങള്‍ കുറയുന്തോറും ഇങ്ങനെയുള്ള പ്രതിസന്ധികള്‍ കാണേണ്ടിവരും.

അനില്‍ശ്രീ... said...

അച്ചുദാനന്ദന്‍ സഖാവ് വെട്ടുകത്തിയുമായി വെട്ടി നിരത്താന്‍ ഇറങ്ങിയപ്പോള്‍ മനസ്സിലെങ്കിലും ഞാനും ചോദിച്ചു : ഇങ്ങേര്ക്കിതെന്തിന്റെ കേടാ എന്ന്? ഇപ്പോള്‍ തോന്നുന്നു അദ്ദേഹം 50% എങ്കിലും ശരിയായിരുന്നു എന്ന്‍. കാരണം ഇവിടെ അബുദാബിയില്‍ കാശ് കൊടുത്താല്‍ പോലും ഗ്രോസറികളില്‍ മട്ട അരി കിട്ടാനില്ല.

Unknown said...

അരി മുട്ടും -

എന്റെ വല്യപ്പച്ചനുണ്ടായിരുന്നു, നെല്‍പ്പാടങ്ങള്‍. എനിക്കാവട്ടെ, മൂന്നു് കമ്പ്യൂട്ടറും കാറും, വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്‌‌മെന്റും.

ഉള്ള നെല്ലാവട്ടെ, കൊയ്യാനാളില്ല. യന്ത്രമിറക്കി കൊയ്യാന്‍ സഖാക്കന്മാര്‍ സമ്മതിക്കുകയുമില്ല.

അരി മുട്ടണം.

Radheyan said...

മുട്ടയ്ക്ക് കോഴിയെ വളര്‍ത്തണം,പാലിനു പശുവിനെയും.ഇത് നടക്കുമെങ്കില്‍ ഒരു ഫീതിയുമില്ല കണ്ണൂരാനേ..

വല്ലവരും ചാണകം വാരിയിട്ട്,കോഴിത്തീട്ടം തോണ്ടിയിട്ട് ഞാന്‍ മുട്ടയും പാലും കഴിക്കും എന്നാണെങ്കില്‍ അതിനു കൊടുക്കണം പൊന്‍‌വില.പശുവും കോഴിയുമുള്ള വീട്ടിലെ ബാല്യകാലത്ത് ഇതൊക്കെ എനിക്ക് സുലഭമായിരുന്നു.10 (ഏതാണ്ട് 100 രൂ‍പ) ദിര്‍ഹത്തിനു 6 മുട്ട വാങ്ങി എന്റെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ പാങ്ങില്ല സഗാവേ...

തോന്ന്യാസി said...

മലയാള സാഹിത്യത്തറവാട്ടിലെ കാരണവര്‍ കോവിലന്‍ ഒരിക്കല്‍ ചോദിച്ചു: “ അരി കിട്ടാനില്ലാത്തകാലം വന്നാല്‍ നിങ്ങ്ങളെന്ത് ചെയ്യും? റബ്ബര്‍ പാല്‍ കുടിച്ച് ദാഹം തീര്‍ക്ക്വോ, എണ്ണക്കുരുക്കള്‍ തിന്ന് വിശപ്പടക്ക്വോ” എന്നൊക്കെ അന്ന് എല്ലാവരും അത് ഒരു കിഴവന്റെ ജല്പനമായി ചിരിച്ചുതള്ളി അല്ലെങ്കില്‍ കേട്ടില്ലെന്ന് നടിച്ചു...

ഇന്ന്.......

:: VM :: said...

ഞാന്‍ ഖുബൂസ് തിന്നായാലൂം ജീവിക്കും! ആഹ ;)

ഇടിവാള്‍

പ്രവീണ്‍ ചമ്പക്കര said...

നമ്മുടെ വ്യവസായ മന്ത്രി കരിം മാഷ് ചോദിച്ചത്... കൃഷി ഭുമി ഉള്‍പെടെ ഉള്ള ഭുമിയില്‍ അല്ലാതെ തെങ്ങിന്‍റെ മണ്ടേല്‍ വ്യവസായം തുടങ്ങാന്‍ ഒക്കുമോ എന്നാണ്..... അപ്പോള്‍ നമുടെ നിലങള്‍് നിരത്തി നമ്മുക്ക് വ്യവസായവും ഫ്ലാറ്റ്‌ സമുച്ചയങ്ങളും തുടങ്ങാം ...നിലവില്‍ കൃഷി ചെയ്ന്നവനെ മേലില്‍ ചെയികാതിരിക്കാനായി അവന്‍റെനിലം കൊയാതെ നശിക്കടെ..... പണിയാന്‍ ആളില്ലേലും വേണ്ടില്ല യന്ത്രം നമ്മുക്ക് വേണ്ട.....ആങ്ങള ചത്താലും നാതൂന്ടെ കണുനീര് നമ്മുക്ക് കാണണം സഖാവേ .... മേലില്‍ അവന്‍ കൃഷി എന്ന് പറഞ്ഞു ഇറങ്ങിയാല്‍ 2 മുഴം കയറോ1 കുപ്പി വിഷമോ കരുതികൊണ്ട് കൃഷി ചെയ്ട്ടെ... കൃഷി തുലയട്ടെ റിയല്‍ എസ്റ്റേറ്റ്‌ വ്യവസായം വളരട്ടെ ....