Sunday, April 6, 2008

കാക്ക

ബലിച്ചോറിട്ട് കൈ കൊട്ടിയാല്‍ കാക്ക വരുന്നത് എങ്ങനെയാണെന്ന് അതുല്യ  എന്റെ പഴയ പോസ്റ്റിനു കമന്റിട്ടത് ഇന്നാണ്‌ കണ്ടത്. ബലിച്ചോറോ ചിക്കന്‍ ബിരിയാണിയോ വച്ചിട്ട് കൈ കൊട്ടിയാല്‍  നാട്ടിലെ കാക്ക വരും. നൂറുകണക്കിനു  തലമുറകളായി കാകവര്‍ഗ്ഗത്തിനു മലയാളിയെ അറിയാം.  മറ്റിടങ്ങളിലെ കാക്ക വരുമോ എന്ന് വിളിച്ചു നോക്കൂ.

കാക്കയ്ക്ക് നമ്മളെ അറിയാം. പക്ഷേ അവയെ നമുക്കറിയാമോ?

ഇന്ത്യയില്‍ കരിങ്കാക്കയും ഊര്‍ക്കാക്കയുമാണ്‌  ഉള്ളത്. രണ്ടും തമ്മില്‍ നിറത്തിലും വലിപ്പത്തിലുമുള്ള ചെറിയ  വത്യാസമേയുള്ളു.

സസ്തനികളില്‍ മനുഷ്യനെന്താണോ അതാണ്‌ പക്ഷികളില്‍ കാക്ക.  തൂക്കമുള്ള പക്ഷികളില്‍ ശരീരവും തലച്ചോറുമായുള്ള അനുപാതത്തില്‍  കാക്ക മനുഷ്യനെപ്പോലെ മുന്‍‌പന്തിയിലാണ്‌.  വളരാന്‍ ഏറെക്കാലം എടുക്കുന്നതിനാല്‍ മനുഷ്യക്കുഞ്ഞിനെപ്പോലെ ലേണിങ്ങ് പീരിയഡ് വളരെക്കൂടുതലുള്ള കാക്കക്കുഞ്ഞും വിദ്യാഭ്യാസത്തില്‍ മറ്റുപക്ഷികളെക്കാള്‍ മുന്നിലാണ്‌.

കോര്‍‌വീസ് എന്ന പക്ഷികുലം ആസ്ത്രേലിയയില്‍ ഉരുത്തിരിഞ്ഞ് മറ്റു ഭാഗങ്ങളിലേക്ക്  ചേക്കേറി വളര്‍ന്ന പ്രക്രിയയില്‍ ഏഷ്യയില്‍ എവിടെയോ വച്ച് കാക്കകള്‍ ഉരുത്തിരിഞ്ഞെന്നും ലോകം മുഴുവന്‍ അവ ചെന്നെത്തിയെന്നും പരിണാമചരിതം. കോടിവര്‍ഷമായി കാക്കകള്‍ നമുക്കൊപ്പം ജീവിക്കുകയാണ്‌. നമ്മെപ്പോലെ അവയ്ക്കും ജനിതകമാറ്റമുണ്ടായിട്ടുമുണ്ട്.

ആണ്‍ കാക്കയെയും പെണ്‍ കാക്കയെയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്‌. കാക്കമ്മ  ഒരിടീലില്‍ അഞ്ചാറു മുട്ടയിടും. പൂവനും പിടയും അടയിരിക്കും.   അച്ചനമ്മമാര്‍ക്കു പുറമേ ചേട്ടന്‍ ചേച്ചിക്കാക്കകളും കുഞ്ഞിനെ നോക്കും. പത്തുവയസ്സുവരെയൊക്കെ കാക്ക ജീവിക്കും.

ഭൂട്ടാന്റെ ദേശീയ പക്ഷിയാണ്‌ കാക്ക. ഭൂട്ടാന്‍ രാജാവിന്റെ കിരീടത്തിലും കാകരൂപമുണ്ട്.


ഫ്രോയ്ഡിയന്‍ സിദ്ധാന്തമനുസരിച്ച്  പണിയായുധങ്ങള്‍ നിര്‍മ്മിക്കുന്നത് ബുദ്ധിശക്തിയുടെ പ്രധാനപ്പെട്ട അളവുകോലാണ്‌. സ്വന്തം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന (കിട്ടിയസാധനം കൊണ്ട് അവ ഇലയും പുല്ലും ഇളക്കാനുള്ള തൂമ്പകളും  മറ്റും ഉണ്ടാക്കാറുണ്ട്. പൂട്ടിയിട്ട ജനാലക്കൊളുത്ത് തുറക്കാനും  കയറുകെട്ടുകള്‍ കൊത്തിയഴിക്കാനും മറ്റും കാക്ക ശ്രമിക്കുന്നത് നമ്മള്‍ മിക്കവരും കണ്ടുകാണുമല്ലോ.

കാക്കയുടെ  ആശയവിനിമയം ഇതുവരെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍  മനുഷ്യനു കഴിഞ്ഞിട്ടില്ല. കാക്ക പുറപ്പെടുവിക്കുന്ന പലശബ്ദങ്ങളും നമുക്ക് കേള്‍ക്കാനാവില്ല. മാത്രമല്ല, മറ്റു പക്ഷികളെ അപേക്ഷിച്ച് കാക്കയുടെ സമ്വേദനരീതി വളരെ സങ്കീര്‍ണ്ണവുമാണ്‌.

കിളികളുമായി ബന്ധപ്പെട്ട പല വിശ്വാസങ്ങളും (ഒറ്റമൈനയെ കണ്ടാല്‍ സ്കൂളില്‍ അടി കിട്ടും  എന്നതുപോലെയുള്ളവ) അബദ്ധമാണെങ്കിലും ഇതുവരെയുള്ള അറിവു  വച്ച് കാക്കയുടെ വിരുന്നുവിളി (നീട്ടിയ കായുടെ പുറകേ രണ്ട് ക്വ - തിരുവനന്തപുരത്ത് കോഴി എന്നു പറയുന്നതിലെ ക്വ പോലെ)  ആരെങ്കിലും വരുന്നു എന്ന് കൂട്ടുകാര്‍ക്കു കൊടുക്കുന്ന സൂചന തന്നെയാണെന്ന്  പക്ഷിശാസ്ത്രജ്ഞര്‍ പറയുന്നു.
വിരുന്നുകാരന്‍ ചിലപ്പോ ഒരു പട്ടിയോ പരുന്തോ കഴുതയോ ആകാമെന്നു മാത്രം. കാക്കകടുടെ ശവദാഹച്ചടങ്ങ്  (ക്രോ ഫ്യൂണറല്‍) എന്താണെന്നും വ്യക്തമായി അറിവില്ല, അതൊരു  മൃതകാകനോടുള്ള  അനുശോചനം അറിയിക്കാനുള്ള പൊതുചടങ്ങ് ആണെന്നുള്ള വിശ്വാസം തെളിയിക്കപ്പെട്ടിട്ടില്ല.

വൃദ്ധരായ കാക്കകള്‍ക്ക് മക്കള്‍  തീറ്റ തേടി കൊടുക്കും (alloparenting). അതുപോലെ തന്നെ സ്വന്തം ഇണയും കുഞ്ഞുങ്ങളുമാകുമ്വരെ  വരെ  യുവകാകര്‍ (auxiliaries)അച്ഛനമ്മമാര്‍ക്കൊത്ത്  കുടുംബം നോക്കും ‍.    മനുഷ്യനുമായുള്ള മറ്റൊരു സാമ്യമായി ഇതു കാണാവുന്നതാണ്‌. ആളുകളെ തിരിച്ചറിയാനും  മറ്റൊരു പക്ഷിക്ക് കാട്ടിക്കൊടുക്കാനും കാക്കയ്ക്ക് കഴിയും. കൂടു തകര്‍ത്തവരെ മാസങ്ങളോളം ഇവര്‍  നോട്ടമിട്ടു വച്ച് സംഘമായി വന്ന് തലയില്‍ ഞോണ്ടാറുണ്ട്. ഒരു  പോര്വിളിയാല്‍ ഒരു പട്ടാളമൊരുക്കി വന്ന് ശത്രുവിനെ അതൊരു പാമ്പായാലും കീരിയായാലും മനുഷ്യനായാലും സംഘം ചേര്‍ന്ന് എതിര്‍ക്കാന്‍ കാക്കയ്ക്കു മടിയില്ല.


 "എന്തിനാ പേടി പാമ്പും നമ്മളെപ്പോലെ  മനുഷ്യരല്ലേ?" എന്ന് മുകേഷ്  ഒരു സിനിമയില്‍ ചോദിച്ചതു കേട്ട് നമ്മള്‍ ചിരിച്ചു. കാക്കയും നമ്മളെപ്പോലെ മനുഷ്യരല്ലേ എന്നായിരുന്നെങ്കില്‍  ആ ചിരി  വരുമായിരുന്നോ?

7 comments:

രാജ് said...

ഹിച്ച്കോക്കിന്റെ ബേര്‍ഡ്സ് കാണുമ്പോള്‍ അതിലെ പക്ഷി കാക്കയാണെങ്കിലോ എന്ന ഭീതി ബാധിച്ചായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. ഇതിലെ അവസാനത്തെ ചോദ്യം വായിച്ച് മുകേഷ് പരത്തിയ ചിരി മാഞ്ഞ് പോയത് എന്ത് വേഗത്തിലായിരുന്നു.

പ്രിയ said...

"കാക്കയും നമ്മളെപ്പോലെ മനുഷ്യരല്ലേ " എന്ന് ഇനിയാരെങ്കിലും ചോദിച്ചാല് സത്യായിട്ടും ചിരി വരില്ല. അല്ല, ഇനിയീപ്പോ കാക്ക ചോദിച്ചാലും കൂടെ

ഒരു വല്യ പാരഗ്രാഫില് ഒരു കാകപുരാണം മൊത്തം പറഞ്ഞുവല്ലോ.

പാമരന്‍ said...

ഹെന്‍റമ്മേ.. ഈ കാക്കയൊരു പുലിയാണല്ല്‌..

ഉടുമ്പ് said...

കാക്കയുടെ കുഞ്ഞിനെ തിന്നാന്‍ നല്ലതാ. പക്ഷേ ശരിയാക്കി എടുക്കാനാണു ബുദ്ധിമുട്ട്.

താരാപഥം said...

കാക്ക ചരിത്രം ഇഷ്ടായി. ബലിച്ചോറും ചിക്കന്‍ ബിരിയാണിയും കാക്കയ്കൊരുപോലെ. കൊള്ളാം. ഞാന്‍ കണ്ട ചില കാക്ക കഥകള്‍......

പണ്ട്‌ എന്റെ ഒരു ബന്ധു ബലിയിടുന്ന സമയത്ത്‌ ഞാന്‍ കഴ്ചക്കാരനായിരുന്നു. കൈ കൊട്ടിയിട്ടും തെങ്ങിന്മേലിരിക്കുന്ന കാക്കകള്‍ ബലിച്ചോറെടുക്കാന്‍ താഴെ വന്നില്ല. കുറച്ചു നേരത്തിനു ശേഷം ഒരു കാക്ക വന്ന് ചോറ്‌ വെച്ചിരുന്ന ഇല കൊത്തി വലിച്ചു ചോറ്‌ തിന്നാതെ പറന്നു പോയി. ഞാന്‍ പറഞ്ഞു, കാക്കകള്‍ കാലത്തുതന്നെ ഫുള്‍ ശാപ്പാട്‌ അടിച്ചിട്ടാവും വരുന്നത്‌. പണ്ടത്തെപ്പോലെ നാട്ടില്‍ പഞ്ഞമൊന്നുമില്ലല്ലോ ഇപ്പോള്‍.
പക്ഷെ, സാത്ത്വികമായ എല്ലാ കര്‍മ്മങ്ങളും മനസ്സില്‍ അഹങ്കാരം തീരെയില്ലാതെ നല്ല മനസ്സോടെ അനുഷ്ഠിക്കണം എന്ന ഗീതയിലെ സാരാംശം ഓര്‍മ്മിച്ചുപോകുന്നു, ഇന്ന്.

യു.കെ.കുമാരന്റെ ആണെന്നു തോന്നുന്നു, പണ്ട്‌ കലാകൗമുദിയില്‍ വന്ന "മലന്നു പറക്കുന്ന കാക്ക" എന്ന കഥ വായിച്ചതോര്‍ക്കുന്നു. അതിലെ കഥാപാത്രം കാക്കകള്‍ കൊടുക്കുന്ന സൂചനയില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ട്‌.

ഒരു കിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത്‌ (തായ്‌ലണ്ടാണെന്നു തോന്നുന്നു) കാക്കകളെ വളര്‍ത്തുന്ന ഒരാളെക്കുറിച്ച്‌ റ്റി.വി.യില്‍ കാണിച്ചിരുന്നു. അയാളുടെ കാക്ക അയാള്‍ക്കുവേണ്ടി ഗൈറ്റിന്റെ ലോക്ക്‌ മാറ്റിക്കൊടുക്കുന്നത്‌ കാണിച്ചിരുന്നു.

മാസങ്ങള്‍ക്കുമുന്‍പ്‌, ഒരു തമിഴ്‌നാട്ടുകാരന്‍ കാക്കകളെ വിളിച്ച്‌ ഭക്ഷണം കൊടുക്കുന്നതും റ്റി.വി.യില്‍ കണ്ടിരുന്നു. അയാള്‍ പോകുന്നിടത്തെല്ലാം കാക്കകള്‍ കൂട്ടത്തോടെ എത്തും.

എന്റെ അനുജന്‍ ഭക്ഷണം കഴിഞ്ഞ്‌ ശബ്ദമുണ്ടാക്കിയാല്‍ കാക്കകള്‍ വരുന്നതും അവന്റെ കയ്യില്‍ നിന്ന് ചോറ്‌ കൊത്തിയെടുത്ത്‌ കഴിക്കുന്നതും പതിവാണ്‌.

ദിലീപ് വിശ്വനാഥ് said...

അപ്പൊ കാക്കയും നമ്മളെപ്പോലെ മനുഷ്യരായിരുന്നോ?

Gopan | ഗോപന്‍ said...

ആന്‍റണി മാഷേ,

കാക്കകളെ കുറിച്ചുള്ള ഈ വിവരണത്തിന് നന്ദി..
ഞണ്ടുകളുടെ പോസ്റ്റിനെ പോലെ കസറിയില്ലെന്കിലും, ഇഷ്ടമായി.