Tuesday, May 6, 2008

ചക്ക കഴിക്കാം?

ചന്ദ്രശേഖരന്‍ നായര്‍ ചേട്ടന്‍ ചക്കയെക്കുറിച്ച് പറഞ്ഞതു കേട്ട് ഞാന്‍ ആവേശഭരിതനായതിന്റെ ഫലം ഈ പോസ്റ്റ്.

പ്ലാവ് നമ്മുടെ പശ്ചിമഘട്ടത്തിന്റെ സ്വന്തം പുത്രിയാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് ചിലവോ പരിരക്ഷയോ ഇതിന്നവശ്യം വരുന്നില്ല എന്നതാണ്‌ മുഖ്യ ഗുണം. പ്ലാവിന്‍‌തോട്ടമൊന്നുമില്ലെങ്കിലും ചക്ക അതിന്റെ സീസണില്‍ നാട്ടില്‍ സുലഭം. വലിയ വിലയില്ലാത്തതുകൊണ്ട് വലിയ ഗുണവുമില്ലെന്ന് കരുതിയാണോ എന്തോ, ചക്കയെ ഇപ്പോഴത്തെ ആളുകള്‍ക്ക് അത്ര പഥ്യമില്ലാതായത്?

ചക്ക മികച്ച ആഹാരമാണ്‌. ഇടിച്ചക്ക തോരന്‍ വയ്ക്കാം, പച്ചച്ചക്ക അവിയല്‍ വയ്ക്കാം, മരച്ചീനി പോലെ തേങ്ങയും മഞ്ഞളുമൊക്കെ അരച്ച് ഉണ്ടാക്കാം, പുഴുക്കുണ്ടാക്കാം, പഴുത്ത ചക്ക ചുമ്മാ തിന്നാം, ചക്കയട, ചക്കവരട്ടിയത്, വറുത്തത്, ചക്കപ്പായസം, ചക്കജാം...


ചക്കയിലെ ലക്റ്റിന്‍ കൊണ്ട് ക്യാന്‍സറും ട്യൂമറും ചികിത്സിക്കാനാവുമോ എന്ന് ഗവേഷിച്ചു വരുന്നത് പുരോഗതിയിലാണ്‌.

ചക്കയില്‍ കലോറി കുറവും പോഷണം കൂടുതലുമെന്നതിനാല്‍ ചക്കത്തടിയന്മാര്‍ക്കും ചക്ക തിന്നാം. ഒരു ശതമാനം ഫാറ്റ്, സോഡിയം പൂജ്യം, പതിനൊന്ന് ശതമാനം കാര്‍ബ്, ഇഷ്ടം പോലെ വൈറ്റമിന്‍ ബി, സീ.. ഇരുമ്പ് മഗ്നീഷ്യം, ഫോസ്ഫറസ് ചെമ്പ് ... ചക്കയാണമൃത്.

എന്നാല്‍ ഇവന്റെ ശരിയായ ഗുണം അതിന്റെ ഡയറ്ററി ഫൈബര്‍ ആണ്‌. കൊളസ്റ്റ്രോളു കുറയ്ക്കാനും അള്‍സറു മുതല്‍ ഗുമ്മന്‍ വരെ ഉച്ചാടനം ചെയ്യാനും ചക്ക തിന്നൂ, എന്നിട്ട് ലാവിഷായി അപ്പി എറിഞ്ഞു കളയൂ.

എനിക്കിഷ്ടപ്പെട്ട ചക്ക വിഭവങ്ങള്‍
1. ചക്ക (കപ്പ പോലെ വച്ചത്) - ചാളക്കറി
2. ചക്കക്കുരു ഇന്‍ അവിയല്‍
3. ചക്കക്കുരു-മുരിങ്ങക്കായ- തേങ്ങാപ്പീര
4. ചക്കക്കൂഞ്ഞ് മെഴുക്കുവരട്ടി
5. ചക്ക അട
6. ഇടിച്ചക്ക തോരന്‍
7. കൊത്തഞ്ചക്ക മസാല
(പായസം- ചക്കവരട്ടിയത് ആദി വലിയ പ്രിയമില്ല, നെയ്യിന്റെ മണം റിവോള്‍ട്ടിങ്ങ്!)

17 comments:

വല്യമ്മായി said...

വെറുതെ മനുഷ്യനെ കൊതിപ്പിക്കല്ലെ

എട്ട് ദിര്‍ഹമാണ് മലേഷ്യയില്‍ നിന്ന് വരുന്ന പ്തിനേഴ് ചക്ക ചുളകള്‍ക്ക് വില,അത് കുട്ട്യോള്‍ക്കും കെട്ട്യോനും കൊടുക്കാതെ തിന്നുന്നതിന്റെ പാട് വേറെ :)

R. said...

ദിപ്പ പോയി പ്ലാവിലിരുന്ന ചക്കക്ക് ഭൂസ്പര്‍ശഭാഗ്യം നല്‍കി വെട്ടിക്കീറി കല്ലുമരിയേറ്റി അടുപ്പത്ത് വെച്ചതേള്ളൂ. ആഹഹ... വറുത്തിടുന്നേന്റെ മണം വരുന്നുണ്ട്.... ഞാന്‍ പോട്ടെ.

Radheyan said...

വല്യമ്മായി അതിനിടെ ചുള എണ്ണാനും പോയോ.ചക്കയ്ക്ക് ആപേക്ഷികമായി വില കൂടുതലാണ്,നമ്മുക്ക് നാട്ടില്‍ നിന്നും ചക്ക എക്സ്പോര്‍ട്ട് ചെയ്യുന്ന പണി തുടങ്ങിയാലോ അന്തോണീസേ...

നയിഫിലും കരാമയിലുമൊക്കെ ഡിക്കി പൊക്കി ചക്ക ചക്കേയ് എന്ന് പറഞ്ഞ് വില്ക്കാം.

ത്രിശങ്കു / Thrisanku said...

വോ കഴിക്കാം.

വരിക്കച്ചക്കേടെ കുരു മുളപ്പിച്ചാല്‍ മിക്കപ്പോഴും വരിക്കപ്ലാവ് കിട്ടാറില്ല. എന്ത് കൊണ്ട്?

ശ്രീലാല്‍ said...

മൂടക്കടമ്പ് ( കണ്ണൂരില്‍ അതാണ് പേര്, കണ്ണൂരില്‍ എന്ന് അങ്ങനെ മൊത്തത്തില്‍ പറയാമോ എന്നറിയില്ല എന്തായാലും എന്റെ വീട്ടില്‍ അങ്ങനെയാ., മൂടക്കടമ്പോ - അതെന്ത് പേരെഡാ എന്നും ചോദിക്കരുത്... ) എന്നൊരു അപ്പമുണ്ട് ചക്ക ഉപയോഗിച്ച് ഉണ്ടാക്കുന്നത്. പഴുത്ത ചക്കയും അരിപ്പൊടിയും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്നത്.

നല്ല രസാണ്.

പിന്നെ,

രജീഷ് നീതി പാലിക്കുക... പ്രതിഷേധപ്രകടനം.. സിന്ദാബാദ് ;)

പാഞ്ചാലി said...

കൊതിപ്പിക്കല്ലേ...കൊതിപ്പിക്കല്ലേ...ചക്കക്കുരുവും മാങ്ങയും ചേര്‍ത്തുള്ള കറിയും, ചക്കക്കുരു മെഴുക്കു പുരട്ടിയുമൊക്കെ അന്റണിയുടെ ലിസ്റ്റില്‍ ചേര്‍ത്തു വച്ച്‌ ഓര്‍മ്മകള്‍ അയവിറക്കി...
പിന്നെ ഡെയിലി ഡിലൈറ്റ് (ഫ്രോസന്‍ ഫുഡ് കമ്പനി) കാരുടെ രണ്ടു പാക്കറ്റ് പച്ച ചക്കച്ചുള വാങ്ങി പുഴുക്കുണ്ടാക്കുന്നതാണ് ഇവിടെ ആകെപ്പാടെ ചെയ്യാന്‍ പറ്റുന്നത് (ദോഷം പറയരുതല്ലോ...സാധനം ഉഗ്രന്‍!).
ഫ്ലോറിഡയില്‍ പ്ലാവും ചക്കയുമൊക്കെ ഉണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും പോയപ്പോള്‍ ഒന്നും കാണാനും കഴിക്കാനും പറ്റിയില്ല. "ഇഞ്ചീ"ടെ പറമ്പില്‍ കാണുമോ ആവോ?

ജിജ സുബ്രഹ്മണ്യൻ said...

ചായക്കു കടിക്കാന്‍ ചക്ക വറുത്തതു വേണ്ടേ ?ടീ വീ ടെ മുന്നിലിരുന്നു കറുമുറാ തിന്നാന്‍ എന്തു രസമാ..പിന്നെ നല്ല എടനയിലയില്‍ ചക്കയട ഉണ്ടാക്കണം ..അതിന്റെ രുചി ജീവിതത്തില്‍ മറക്കുമോ ???

siva // ശിവ said...

ദാ കൊതിപ്പിക്കുന്നു....

ശ്രീവല്ലഭന്‍. said...

ലേഖനം ഇഷ്ടപ്പെട്ടു.

ക്ഷമിക്കുക, ആന്റ്റണിയുടെ ലേഖനങ്ങള്‍ക്ക് സ്ഥിരം ഇടുന്ന ഒരു കമന്റ് ഇട്ടെന്നെയുള്ളു :-)

ഇവിടെ വരിക്ക ചക്കപ്പഴം ഇരുപതു ചുളയ്ക്ക് 8 ഡോളര്‍. എന്നാലും കഴിക്കാതിരിക്കുന്നത് എങ്ങിനെ?

Inji Pennu said...

ദേ അന്തോണിച്ചോ ഞങ്ങള്‍ പെമ്പിള്ളേര്‍ ഇതൊക്കെ നേരത്തേ മുന്നില്‍ കണ്ട് ചക്ക ഫെസ്റ്റിവല്‍ ആഘോഷിച്ച്...

ചക്ക ഫെസ്റ്റിവല്‍!

Unknown said...

അനോണിച്ചാ ഇവിടെ മൊത്തം ചക്കമയമാണല്ലോ ഇനി ഞാന്‍ ഷാപ്പ്
നിറുത്തി ചക്ക കച്ചവടം തുടങ്ങേണ്ടി വരുമോ
ഈ ചക്കയ്ക്കു ഉപ്പില്ല

മൂര്‍ത്തി said...

ചക്കപ്പോസ്റ്റുകള്‍ ഞാന്‍ പി.ഡി.എഫ് ആക്കി എല്ലാവര്‍ക്കും അയക്കുവാന്‍ പോകുന്നു..(കോപ്പിറൈറ്റോ?ഹിഹിഹി)

മുറ്റത്തെ ചക്കക്ക് മണമുണ്ടാക്കാന്‍ പറ്റുമോ എന്നൊന്നു നോക്കാം..

ഡാലി said...

നാട്ടിന്‍‌പുറത്തുകാരാണു ഇങ്ങനെ ചക്ക എറിഞ്ഞു കളയുകയും പശൂന്ന് കൊടുക്കൂകയും ചെയ്യണത്. നഗരങ്ങളിലേയ്ക്കൊന്നു വന്ന് നോക്ക്. തൃശ്ശൂര്‍ മാര്‍ക്കെറ്റില്‍ വാട്ട ചക്കയ്ക്ക് പോലും കിലോ 25 രൂ‍പയെങ്കിലും കാണും.

എനിക്കേറ്റവും ഇഷ്ടം ഇടിയന്‍ ചക്ക തോരന്‍. പറമ്പു മുഴുവന്‍ പ്ലാവുള്ള കൊല്ലത്ത്‌ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അങ്ങനൊരു കൂട്ടാനേ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു! കമ്പ്ലീറ്റ് ചക്ക പശൂനു്. എന്റെ വീട്ടുകാരൊക്കെ അതു കണ്ട് നെഞ്ചത്തടിച്ച് കരച്ചിലായിരുന്നു!

Jayasree Lakshmy Kumar said...

എറണാകുളത്തെ തീരപ്രദേശങ്ങളില്‍ ചക്കയുടെ ഈ വെറൈറ്റി വിഭവങ്ങള്‍ അത്ര പ്രചാരത്തിലില്ല എങ്കിലും കോട്ടയത്ത് നിന്നുള്ള കൂട്ടുകാരിലൂടെ ഇവയില്‍ പലതും അറിയാം. പക്ഷെ ചക്കപ്പഴം എക്കാലവും ഇഷ്ടമായിരുന്നു. ഇവിടെ പ്രാവസത്തിലായതിനു ശേഷം ടിന്നില്‍ വരുന്ന ചക്ക തിന്ന് സായൂജ്യമടയുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുറ്റത്ത് ചക്ക, അടുക്കളേല്‍ ചക്ക, ഉമ്മറത്ത് ചക്ക... എല്ല്ലാവടേം ചക്ക. അങ്ങനായിരുന്നു എനിക്ക്. എന്നിട്ടിപ്പൊ 8 ചുളയ്ക്ക് $4.32 കൊടുത്തു വാങ്ങിത്തീന്നു, മുടിഞ്ഞ കൊതി തീരാന്‍

ചുമ്മാ കൊതിപ്പിക്കാതെ

അനോണി ആന്റണി said...

ത്രിശങ്കു:
അറിയില്ല. ഒരേ പ്ലാവിന്റെ തന്നെ ചില കൊമ്പ് വരിക്കച്ചക്കയും മറ്റു കൊമ്പുകള്‍ കൂഴച്ചക്കയും തരുന്ന അത്ഭുതവും ഞാന്‍ കണ്ടിട്ടുണ്ട്. എന്തായിങ്ങനെ എന്ന് ഒരു പിടീമില്ല.



വല്യമ്മായീ,
മലേഷ്യേന്നു വരുന്ന ചക്കയുടെ നാലഞ്ചു ചുള ഞാനും വാങ്ങി. വില മെച്ചം, ഗുണം തുച്ഛം, മണം മാത്രം പതിവുപോലെ.

നമ്പ്യാരേ, വയറിളകിപ്പോകുകയേയുള്ളു :(

രാധേയാ, ചക്കയുടെ പ്രശ്നം അതു സീസണല്‍ ആണെന്നാണ്‌. പച്ചച്ചക്ക പുഴുങ്ങിയുണക്കി ഒരു പേരുമിട്ട് കടയിലെത്തിച്ചാല്‍ സംഭവം വിറ്റു പോകും. ക്യാന്‍ ചെയ്ത കരിക്കിന്‍ വെള്ളം വരുന്നത് തായ്ലാന്‍ഡില്‍ നിന്ന്. തേങ്ങ വരുന്നത് സലാലേന്ന്. കള്ളു വരുന്നത് ശ്രീലങ്കേന്ന്. ഓലക്കാലില്‍ തീര്‍ത്ത വട്ടിയും മുറവും വരുന്നത് വേറേതോ നാട്ടീന്ന് . ചിരട്ടകൊണ്ട് കപ്പും സോസറും വരുന്നത് ബാലിയില്‍ നിന്നോ മറ്റോ. തെങ്ങും കുറ്റിയില്‍ ഡ്രിഫ്റ്റ് വുഡ് ഫര്‍ണിച്ചര്‍ മലേഷ്യയീന്ന്. നമുക്ക് കേരഭൂമിയെന്ന് പേരും.

ശ്രീലാല്‍, അത് ചക്കയട എന്നു ഇവിടൊക്കെ പറയണ പലഹാരം അല്ലേ? ഞാനും കഴിച്ചിട്ടുണ്ട്.

പാഞ്ചാലീ ഫ്ലോറിഡേല്‍ പ്ലാവുണ്ടോ എന്ന് ഞാന്‍ സേര്‍ച്ചി നോക്കി. കുറച്ചു മരം ഉണ്ടെങ്കിലും തോനെ പ്ലാവും ബ്രസീലിലാണത്രേ.
http://www.wisegeek.com/what-is-jackfruit.htm

കാന്താരിക്കുട്ടീ, ഉവ്വ്. ചക്കയുപ്പേരി/ ചക്കച്ചിപ്സ്

ശിവാ, ഇതു കൊതിപ്പിക്കലാണെങ്കില്‍ ഇഞ്ചിപ്പെണ്ണിട്ട ലിങ്കില്‍ യാതൊരു കാരണവശാലും പോകരുത്.

ശ്രീവല്ലഭന്‍, അപ്പോ തമ്മില്‍ ഭേദം ദുബായിയാണ്‌. ഒരു അഞ്ചാറു ചുള ഫോയിലില്‍ പൊതിഞ്ഞു വരുന്നതിന്‌ ഏകദേശം മൂന്നു ഡോളര്‍.

അനൂപേ, കിട്ടാത്ത ചക്കയ്ക്ക് ഉപ്പില്ല അല്ലേ?

ഡാലീ, ഇടിച്ചക്ക തോരന്‍ തിരുവന്തോരത്തുണ്ട്. പിന്നെ പശൂനു കൊടുക്കല്‍. അത് വീട്ടിലുള്ളവര്‍ക്ക് മടിയാകുമ്പോഴാണ്‌. ചക്ക വെട്ടുമ്പോള്‍ കറ, മടലു കൊണ്ട് കുഴിച്ചിടണം, തിന്നാല്‍ കൈ സോപ്പിട്ടു കഴുകിയാലും മണം, കത്തിയും വെട്ടിരുമ്പും എണ്ണ പുരട്ടി കഴുകണം.. കൈക്കോടാലിക്ക് വെട്ടിയറഞ്ഞ് പശുവിനു കൊടുത്താല്‍ നമുക്കും സന്തോഷം പശുവിനും സന്തോഷം!

ലക്ഷ്മീ ടിന്നില്‍ സിറപ്പിലിട്ടു വരുന്ന ചക്ക മലേഷ്യയീന്നല്ലേ?

പ്രിയ അത്രേം ചക്ക രണ്ടു ഡോളറിനു ഇവിടെ ദുബായില്‍ കിട്ടും ആദായ വില ആദായ വില!

രാവുണ്ണി said...

പണ്ട് വായിച്ച ഓര്‍മ വച്ച് വരിക്കയുടെയും കൂഴയുടെയും ജീനുകള്‍ dominant-ഉം recessive-ഉം ആയി എല്ലാ വിത്തുകളിലും (വരിക്കയുടെയും കൂഴയുടെയും) അടങ്ങിയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതനുസരിച്ച് ജീനുകള്‍ വരിക്ക-വരിക്ക, കൂഴ-കൂഴ, വരിക്ക-കൂഴ, കൂഴ-വരിക്ക എന്നീ തരത്തില്‍ ചേരാം. ആദ്യത്തെ രണ്ടെണ്ണം യഥാക്രമം വരിക്കയും കൂഴയുമാകുമ്പോള്‍ അവസാനത്തെ രണ്ടെണ്ണം ഏതാണ് ഡോമിനന്റ് എന്നതനുസരിച്ചിരിക്കും. ഒരമ്മയുടെ മക്കള്‍ കോലന്‍ മുടിക്കാരും ചുരുണ്ട മുടിക്കാരുമാവുന്നതുപോലെ.

എന്നാല്‍ ചക്ക കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല:)

ചക്ക തിന്നുക, മാങ്ങ തിന്നുക, ഊണു കഴിക്കുക എന്നൊക്കെയല്ലേ?? ചക്ക “കഴിക്കുക” എന്നു കേള്‍ക്കുമ്പോള്‍ ഒരു സുഖമില്ല.