Sunday, May 11, 2008

വേറേയൊരു ആന്റി

ആറ്‌:
രാവിലേ ഓഫീസിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ്‌ ഷാനവാസ് വിളിച്ചത്.
"എടേ, നമ്മടെ വേരാന്റി മരിച്ച് പോയി. കുറച്ച് ദിവസം കഴിഞ്ഞാ ഞാനും അറിഞ്ഞത്."
"ജോണ്‍സനോ ആരേലും അടുത്തൊണ്ടാരുന്നോന്ന് അറിയാവോ ഷാനവാസേ?"
"തൈക്കാട്ടുമയാനത്തിലാര്‌ന്ന് ദഹനം."
ഇനി വരാന്‍ പോകുന്ന ചോദ്യത്തിനും കൂടി ഉത്തരം പറഞ്ഞുകളഞ്ഞു. വേരാന്റിയെ പള്ളിയില്‍ അടക്കേണ്ടതായിരുന്നു, പക്ഷേ തൈക്കാട് വൈദ്യുത ശ്മശാനത്തിലാണ്‌ ദഹിപ്പിച്ചതെന്ന്. ജോണ്‍സണ്‍ വന്നില്ല, നാട്ടുകാരാരും ഒന്നും ചെയ്തില്ല, ഒടുക്കം കോര്‍പ്പറേഷന്‍ എടുത്ത് സംസ്കരിച്ചു എന്നൊക്കെ പറയാന്‍ ഷാനവാസിനും വിഷമം കാണും. ഞാനും അവനും ജീവിച്ച നാട്ടില്‍ അങ്ങനെയൊന്നുമല്ലായിരുന്നു കാര്യങ്ങള്‍ നടന്നിരുന്നത്.

അഞ്ച്:
"ഓര്‍മ്മയൊണ്ടോ ആന്റിയേ?"
"ബിജുമോനാണടേയ്?"
"ബിജുമോനും കുജുമോനുമൊന്നുമല്ല, ആന്റണി. കണ്ണാന്നോ ഓര്‍മ്മയാന്നോ പറ്റണില്ലാത്തത്?"
"ആ ആന്റണി."
"ഇതെന്തരു വിക്കും തുടങ്ങിയോ, ആ ആ ആന്റണിയെന്ന്.ബാ ചായകുടിക്കാം"
"അണ്ണാ രണ്ട് സ്ട്റോങ്ങ്, അള്‍ബൂരിയൊണ്ടാ?"
"അഞ്ചാണ്ട് കൂടുമ്പ ഒന്ന് വെരുന്ന നീയല്ലാതെ ഈ നാട്ടി ഒരുത്തനും തിന്നാത്ത അള്‍ബൂരി ഞാനിട്ട് വെയ്ക്കുവോടേ? പപ്പ്‌സ്-തൊളവട- സമ്പൂസ."
"പപ്പൂസും മൂസായുമൊന്നും വേണ്ട വടതരീ."

നാല്‌:
വേരാന്റീ!
ആന്റണീ. എന്ന് വന്ന്?
കൊറച്ചായി. എന്തരൊക്കെയൊണ്ട്?
ഉം.
ജോണ്‍സനെവിടാ?
പൂനെയില്‍. മാര്യേജ് കഴിഞ്ഞു.
അഹാ? എന്നാല്‍ ആന്റിക്കും ദങ്ങോട്ട് പെയ്യൂടരുതോ? വെറുതേ ഒറ്റയ്ക്ക് കിടന്ന്... ഇപ്പ പണിക്ക് പോണുണ്ടോ?
ഇല്ല, ഇച്ചിരി പെന്‍ഷനുണ്ട്. അതൊക്കെ മതിയെന്നെ.
ജോണ്‍സനും ഭാര്യേം എപ്പഴും വരുവോ?
ഞാന്‍ കണ്ടിട്ടില്ല അവളെ. നോര്‍ത്തിന്‍ഡ്യന്‍ ബ്രാഹ്മണന്മാരാണെന്നാ പറഞ്ഞത്. അവരിക്ക് പിടിക്കുവോ ഇവിടൊക്കെ. വന്നിട്ടില്ല.
ഓ. അതൊക്കെ പോട്ട് ആന്റീ, നമ്മക്ക് വൈറ്റ് ഹൗസില്‍ ചെന്ന് ചാണ്ടിയെ കണ്ടേച്ച് വന്നാലോ? ഞണ്ടും കള്ളും ആഗ്രഹിച്ചാ നാട്ടി വെരുന്നത് തന്നെ.
നീ പോയിക്കോ മോനേ. അതൊക്കെ ഞാന്‍ ജോലിക്ക് പോയിരുന്ന കാലത്ത് ഒരു ബലത്തിനു കഴിച്ചിരുന്നതല്ലേ.

മൂന്ന്:
ചാണ്ടിയണ്ണോ ലതാരാ മറേല്‍ ഒരു കള്ളവീശണ പ്പെണ്ണ്?
പെണ്ണോ? ലവര്‍ക്ക് നാപ്പത്തിരണ്ട് വയസ്സൊണ്ട്. ടേ പുല്ലാ, കമ്പവലിക്ക്യേം കൂടം പിടിക്യേം ചെയ്യണ കയ്യാ ലവരിക്കടെ. ഒന്ന് കിട്ടിയാ നിന്നെ പറക്കൊട്ടേല്‍ വാരിയെടുത്ത് കൊണ്ടോണ്ടി വെരും.
ലവരാരാ?
വേരാന്റി. ഗോവക്കാരിയാ. ഭര്‍ത്താവ് പണ്ട് മരിച്ച്. ഒര്‌ മോനൊണ്ട്. ചെറുക്കനെ ദൂരെ എന്തരോ പടിപ്പിക്കാനാ ഇവര്‌ ഈ ഒക്കാത്തെ പണികളൊക്കെ ചെയ്യണത്. പിന്നെ പെണ്ണല്ലേ, കമ്പേടെ പിന്നായം താങ്ങുവോ, ലതല്ലീ പണികളു കഴിഞ്ഞ് ചെലപ്പം മിനുങ്ങാന്‍ വരണത്.
ഗോവക്കാരെല്ലാം കള്ളുകുടിക്കും .
അതെന്തരോ, എനിക്കു വ്യാറെ ഗോവക്കാരെയൊന്നും അറിയൂല്ല ചെല്ലാ.

രണ്ട്:
അറ്റാക്കാരുന്നെന്ന് തന്നെ ഇവിടങ്ങളി പറഞ്ഞത്. ആരും അറിഞ്ഞില്ല, ലോങ്ങോടുന്നവര്‌ എടയ്ക്ക് നിര്‍ത്തിയിട്ട് കെടന്നൊറങ്ങുവല്ല്. അതാരിക്കുമെന്ന് കരുതി ആരും ശ്രദ്ധിച്ചുകാണൂല്ല. മരിച്ചിരിക്കിയാണെന്ന് തോനെ നേരം കഴിഞ്ഞാ അറിഞ്ഞത്.
ആ ഗോവക്കാരി തിരിച്ച് പെയ്യൂടുവോ?
പിന്നിവിടെ നിന്നിട്ട് അവരെന്തരു ചെയ്യാന്‍? തിരിച്ച് നാട്ടി പോവുവല്ലാതെ. ആ ചെറുക്കനേം കൊണ്ട് പെയ്യില്ലെങ്കി അവന്റെ കാര്യം കൊഴയും. പീറ്ററ് ചേട്ടനും സൊന്തക്കാരാരുവില്ലല്ല് ചെറുക്കനെ വളത്താന്‍.
ഡേ, തിരിച്ചു പെയ്യൂടാന്‍ ഗോവക്കാര്‌ ഇവരെ കേറ്റത്തില്ലെന്ന് തോന്നണ്‌. പീറ്ററേട്ടന്‍ ലവളെ അടിച്ചോണ്ട് വന്ന് പൊറുപ്പിക്കാന്‍ തൊടങ്ങീട്ട് കൊല്ലം മൂന്നാലായിട്ടും ആരും തെരക്കിവന്നില്ലല്ല്?
എന്തരോന്തോ. ചെറുക്കനെ വളത്തിയാ മതിയാര്‌ന്ന്.

ഒന്ന്:
അറിഞ്ഞോടേ, പീറ്ററു ചേട്ടന്‍ ഒന്നൂടെ കെട്ടി. പെണ്ണ് ഗോവായീന്നാ.
കല്യാണം ഗോവേ വെച്ചാരുന്നോ? ഇവിടങ്ങളി ഒന്നും അറിഞ്ഞില്ലല്ല്? എന്തരായാലും വ്യാണ്ടത് തന്നെ. തള്ള ചത്ത ആ ചെറുക്കനെ നോക്കാന്‍ ഒരാളു വേണ്ടീ? ലയ്യാളു ടാങ്കറും കൊണ്ട് പോയാ രണ്ടാഴ്ച്ചയൊക്കെയാ ഒറ്റ ട്രിപ്പ്. തള്ള പെയ്യൂടിയതീപ്പിന്നെ ജോണ്‍സങ് ഒരു നേരം ചോറു നേരേ ഉണ്ടിട്ടുണ്ടെങ്കി അത് ആരടേങ്കിലും പൊടവൊടയ്ക്കാ.

കല്ല്യാണമൊന്നുമില്ലാര്‌ന്ന്. പീറ്ററേട്ടന്‍ വണ്ടീമായിട്ട് ഗോവേപ്പോയ വഴി കടേലെന്തരോ വാങ്ങിക്കാന്‍ കേറി. സാതനം പൊതിയാന്‍ നിന്നത് ഈ പെണ്ണാര്‌ന്ന്. അവരിക്ക് കണ്ട് ഇഷ്ടപ്പെട്ട്. പോയ വണ്ടിയേത്തന്നെ ഇഞ്ഞ് കൊണ്ട് പോന്ന്. ലങ്ങേര്‌ അങ്ങനല്ലേ, എട് പിടീന്നാ.

എന്തരു ഗോവക്കാരീടെ പേര്‌?
വെറോണിക്കാ. മലയാളം ഇത്തിപ്പോരം പോലും അറിയൂല്ല. എന്തരു കേട്ടാലും വെറ്‌തേ ചിരിക്കും.

12 comments:

അതുല്യ said...

വേറാന്റ്റ്റീടെ കസേരയില്‍ ഞാനല്പ നേരം കേറീരുന്ന് അനോണിയേയ്.. അതന്നെ എല്ലാം അതന്നേയ്, മൈനസ് ഞണ്ടും ബ്രാണ്ടീം.

അതുല്യ said...

വേറാന്റ്റ്റീടെ കസേരയില്‍ ഞാനല്പ നേരം കേറീരുന്ന് അനോണിയേയ്.. അതന്നെ എല്ലാം അതന്നേയ്, മൈനസ് ഞണ്ടും ബ്രാണ്ടീം.

Radheyan said...

അമ്മദിനം സ്പെഷ്യലാണോ അണ്ണാ?

ഫ്ലാഷ്ബാക്ക് ആഖ്യാനം ഞെരിപ്പ്.പക്ഷെ ശ്രദ്ധിച്ച് വായിക്കണം നന്നായി മനസ്സിലാകണേല്‍.നിങ്ങടെ ഒരു അലമ്പ് ഫാഷയാണല്ല്.

എല്ലാ അമ്മമ്മാര്‍ക്കും അഭിവാദ്യങ്ങള്‍

Anonymous said...

കരയിപ്പിച്ചല്ലൊ ആന്റണീ..

വല്യമ്മായി said...

ചമയങ്ങളില്ലാതെ അമ്മയായ ചിലര്‍ :(

Anonymous said...

അലെജാന്‍ഡ്രൊ ഗോണ്‍സാലസിന്റെ സ്റ്റൈയിലാണല്ലോ കഥ പറച്ചില്‍ :)

തമനു said...

:(

Noti Morrison said...

Good post.

Umesh::ഉമേഷ് said...

ഗംഭീരം ആന്റണീ!

റിവേഴ്സ് ഗിയറിലോടുന്ന ഇത്രയും നല്ല ഒരു കഥ ഇതു വരെ വായിച്ചിട്ടില്ല.

Inji Pennu said...

ഗംഭീരം! എന്നൊക്കെ പറഞ്ഞാ കുറഞ്ഞ് പോവും.

Rare Rose said...

ആദ്യായിട്ടാ ഇങ്ങനെ തലതിരിച്ചു വച്ച ഒരു കഥ വായിക്കണത്....ഗോവാക്കാരി വേറോണിക്കാന്റി മനസ്സില്‍ നിന്നിറങ്ങിപ്പോകാന്‍ ഇപ്പോഴും മടിക്കുന്നു..വല്യമ്മായി പറഞ്ഞപോലെ ചമയങ്ങളില്ലാത്ത ഒരമ്മമനസ്സിനെ കാണാനായി ഈ പോസ്റ്റിലൂടെ..ആശംസകള്‍..

മാരാര്‍ said...

:-(

Touching...