Monday, May 26, 2008

പഴമൊഴിയിലൂടെ മാത്രം അറിയുന്നവ

"കൊടുവാലിയെ പിടിക്കാന്‍ പോയവന്‍ കൊടുവേലിയും കൊണ്ട് പോന്നു" എന്ന ചൊല്ലിലാണ്‌ ഇങ്ങനെ ഒരു ജന്തുവിനെക്കുറിച്ച് കേട്ടത്. അറിയാവുന്നവരോടൊക്കെ ചോദിച്ചു നോക്കി. വടക്കോട്ട് യാത്ര ചെയ്തിട്ടുള്ള ചിലര്‍ കൊടുവാലിയുടെ ഗോസായി അളിയനായ യെല്ലോ ത്രോട്ടഡ് മാര്‍ട്ടനെ കണ്ടിട്ടുണ്ട്, പക്ഷേ ആരും ഇവനെ കണ്ടിട്ടില്ല.

കാട് കേറി. ആശ്രമവനത്തിലും അന്തപുരത്തിലും അല്ലിപ്പൂങ്കാവിലും പറമ്പിക്കുളത്തും കണ്ടില്ല. മറയൂരില്‍ ഫോറസ്റ്റാപ്പീസില്‍ തിരക്കിയപ്പോള്‍ "കൊടുവാലി ഉണ്ട്, പക്ഷേ അങ്ങനെ മരത്തേലോട്ട് നോക്കി നടന്നാല്‍ മാത്രം കാണാനുള്ള പോപ്പുലേഷന്‍ ഇല്ല, ഞാന്‍ തന്നെ കണ്ടിട്ടു മൂന്നാലാണ്ട് കഴിഞ്ഞ്" എന്നാണു മറുപടി. എത്രയെണ്ണം കാണുമെന്ന് ചോദിച്ചപ്പോള്‍ കാട്ടുപോത്തോ കടുവയോ ആനയോ പോലെ കൃത്യമായ വിവരമൊന്നും നീലഗിരി മാര്‍ട്ടനെക്കുറിച്ച് ഇല്ല.

ഹോബിയായി കടുവ സെന്‍സസ് എടുക്കുന്ന ഒരു നോര്‍ത്ത് ഇന്‍ഡ്യനെ കണ്ടുമുട്ടി. അയാളും ഇവിടെങ്ങും കണ്ടിട്ടില്ല , മുതുമലയില്‍ കണ്ടേക്കുമെന്ന്. പോകാന്‍ പറ്റിയുമില്ല.

പക്ഷേ വേറൊരു ചൊല്ലിലെ ആശാനെ കണ്ടു ആ യാത്രയില്‍. ചെങ്കീരി!

ഞാവാലി ഗുണ്ട ഇടി കിട്ടുമെന്ന് തോന്നുമ്പോള്‍ ഓടിപ്പോയി ഉസ്താദിനെ വിളിക്കുന്ന ഇടപാടിനെ "കീരി പോയി ചെങ്കീരിയെ വിളിച്ചുകൊണ്ടു വന്നു" എന്നല്ലേ പറയാറ്‌. പിടിക്കാന്‍ ഒക്കാത്ത പാമ്പിനെ കണ്ടാല്‍ സാദാ കീരി (ഗ്രേ മംഗൂസ്) പോയി ഇവനെ വിളിക്കും പോലും. ഒരന്ധവിശ്വാസമാണ്‌, എങ്കിലും ഏതോ കാലത്ത് ചെങ്കീരി (റുഡി മംഗൂസ്) നാട്ടിന്‍പുറത്തും ഉണ്ടായിരുന്നെന്ന് ഈ ചൊല്ലില്‍ നിന്ന് അറിയാമല്ലോ.


തീയറ്ററിലും കല്യാണത്തിനും മറ്റും"ആളിന്റെ അയ്യരുകളി" എന്നു കേട്ടപ്പോള്‍ അയ്യരുമാരുടെ കളി എന്താണെന്ന് പലരോടും തിരക്കി. അങ്ങനെ ഒരു കളിയേ ഇല്ല. സാംസ്കാരിക രംഗത്തുള്ളവരോട് ചോദിച്ചപ്പോള്‍ "ഐവര്‍ കളി" ആണ്‌ ചൊല്ലി ചൊല്ലി അയ്യരുകളിയായിപ്പോയത് എന്ന് ചിലര്‍. ഐങ്കമ്മാളര്‍ (ആശാരി, മൂശാരി, കൊല്ലനാദി അഞ്ചു കര്‍മ്മാളര്‍) സംഘം തിരിഞ്ഞ് സ്വല്പ്പം വയലന്റ് ആയി തിങ്ങിത്തിരക്കി നിന്നു കളിക്കുന്ന ഒരു കളിയാണത്രേ. തിക്കും തിരക്കും വിശേഷിപ്പിക്കാന്‍ പറ്റിയ ഉപമ. പക്ഷേ ഈ ഐവരുകളിയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

"ചൂലിനല്ല, നിന്നെ കോച്ചിലിന്‌ അടിക്കണം" എന്നായിരുന്നു വല്യമ്മൂമ്മ ദേഷ്യം വരുമ്പോ എന്നെ വഴക്കു പറയാറ്‌. ഈ കോച്ചിലെന്ന സൂപ്പര്‍ ചൂല്‍ എന്താണെന്ന് പുള്ളിക്കാരിയോട് തന്നെ തിരക്കി. പണ്ട് പലതരം ചൂലുകള്‍ ഉണ്ടായിരുന്നത്രേ. തണുങ്ങും ചൂല്‍, ഈര്‍ക്കില്‍ ചൂല്‍, പൊളിച്ചൂല്‍ അങ്ങനെ. അകമടിക്കാന്‍ തണുങ്ങു കൊണ്ടുള്ള ചൂല്‍, മണലൊക്കെയുള്ള മുറ്റം അടിക്കാന്‍ ഈര്‍ക്കിലിന്റെ ചൂല്‍. വലിയ പറമ്പുകളിലെ കരിയിലയും ചപ്പും അടിച്ചു മാറ്റാന്‍ വള്ളി കൊണ്ട് ഉണ്ടാക്കി അറ്റത്ത് നീണ്ട കമ്പു വച്ച ഒരു തരം rake ആണു പോലും ഈ കോച്ചില്‍. എവിടെ കാണാന്‍.


ഈ ചൊല്ലുകളൊക്കെ പതിയേ പ്രയോഗത്തില്‍ നിന്നു പോയിക്കോളും, കണ്ടിട്ടില്ലാത്ത ഒന്നു വച്ച് എന്തു ചൊല്ല്. മക്കള്‍ ഇനി അങ്കം, താളി, നാഴി, പറ, കുറുന്തോട്ടി, തീവെട്ടി, ഉടുക്ക്, ആല, ശംഖ് ഒക്കെ എന്താണെന്ന് തിരക്കി നടക്കുമ്പോള്‍ കാണിക്കാന്‍ ഫോട്ടോകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയൊക്കയല്ലേ പറ്റൂ.

13 comments:

സുല്‍ |Sul said...

പെടപെടപ്പന്‍ ചിന്തകള്‍ ആന്റോ.

-സുല്‍

ഉഗാണ്ട രണ്ടാമന്‍ said...

കലക്കീ മാക്ഷെ...

ലോലന്‍ said...

തേങ്ങാക്കുലയില്‍ നിന്നും തേങ്ങകള്‍ അടര്‍ത്തി മാറ്റിയാല്‍ കിട്ടുന്ന സാധനത്തിന് വടക്കേ മലബാറില്‍ പറയുന്ന പേര് കൊയ്‌ച്ചില്‍(കോച്ചില്‍). അതേ, തെങ്ങിന്റെ മണ്ട ക്ലീന്‍ ചെയ്ത ശേഷം നമ്മള്‍ കത്തിച്ചു കളയുന്ന ആ സാധനം തന്നെ. പറമ്പിലെ കരിയില തൂക്കാന്‍ ബെസ്റ്റ്. ലിതല്ലേ ലത്?

അന്യന്‍ said...

കൊച്ചിലോ...കൊലച്ചിലോ...... ഏതാ ശരി...മാഷേ....

Dinkan-ഡിങ്കന്‍ said...

നഞ്ഞ് എന്തിനാ നാനാഴി?
നഞ്ഞും നാഴിയും കണ്ടെത്തിക്കൊള്‍വിന്‍

ചൊല്ല് അനോണിയേയും, പോസ്റ്റിനേയും ഉദ്ദേശിച്ച് കൂടെയാണ് :)

cibu cj said...

നമ്മുടെ സംസ്കാരത്തിന്റെ ശാപമാണ്‌ സംഗതികൾ ഡോക്യുമന്റ്‌ ചെയ്യായ്ക; സ്വന്തം കൾച്ചറിനെ പറ്റി പഠിക്കായ്ക. ഈ സംഗതിക്ക്‌ വികസിതരാജ്യം വികസ്വരരാജ്യം എന്നിങ്ങനെ വ്യത്യാസമുണ്ടെന്ന്‌ തോന്നുന്നില്ല. എന്റെ സഹപ്രവർത്തകയായ തായ്‌വാൻകാരി, തന്റെ അപ്പാപ്പൻ, കമ്മ്യൂണിസ്റ്റ്‌ ചൈനയിൽ നിന്നും ആയിരം രണ്ടായിരം വർഷം പഴക്കമുള്ള കുടുംബചരിത്രം വീണ്ടെടുക്കാൻ നടത്തിയ സാഹസികയാത്രയെ പറ്റി പറയാറുണ്ട്‌. മലയാളത്തിന്റെ ചരിത്രം എന്തായിരുന്നു എന്നു ചോദിക്കുമ്പോൾ അപ്പുറത്തിരിക്കുന്ന കൊറിയക്കാരനെ പോലെ കൃത്യം വർഷങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും, ഒരു സാമാന്യ ധാരണ ഒരു മലയാളിക്ക്‌ വേണ്ടതല്ലേ. എവിടെയാണ്‌ പാല എവിടെയാണ്‌ കോട്ടയം എന്നു ചോദിക്കുമ്പോൾ എനിക്കാകെ കൂടി ഒരു പുകയാണ്‌ ഏതാണ്ട്‌ അടുത്തകാലം വരേക്കും. സ്കൂളിൽ യൂറോപ്പും അമേരിക്കയും പഠിക്കുന്ന കാലത്ത്‌ ഇതൊന്നും പഠിച്ചിട്ടില്ല. അത്ര തന്നെ.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

വാമൊഴിയായി നിലനിന്നതെല്ലാം അന്യമായി കൊണ്ടിരിക്കുമ്പം നിസ്സഹായകരായി നില്ക്കാനല്ലെ നമ്മുക്കു പറ്റൂ? നന്ദി സുഹൃത്തെ, നന്ദി....മറ്റൊന്നിനുമല്ല, മറവിയിലാണ്ടു കിടന്ന പഴഞ്ഞൊല്ലുകളെ ഓര്‍മ്മിപ്പിച്ചതിനു...

ഡാലി said...

വാട്ടീസ് തീവെട്ടി? ചൂട്ടാണോ?തീവെട്ടിക്കൊള്ളയുമായി തീവെട്ടിയ്ക്കുള്ള ബന്ധം?

കടുവയെ പിടിച്ച കിടുവ - വാട്ടീസ് കിടുവ

maramaakri said...

സംഭവം കലക്കി, ഹരികൃഷ്ണാ

Pramod.KM said...

നന്നായി ഈ കുറിപ്പ്:)
ലോലാ,അന്യന്‍ പറഞ്ഞ പോലെ തെങ്ങിന്റെ കൊലച്ചില്‍ എന്നല്ലേ പറയാറ്?
റാത്തല്‍,കുറ്റി,ഉരി,മൂഴക്ക്,ആഴക്ക് ,നാഴി തുടങ്ങിയ അളവുകള്‍ വെച്ചുള്ള ഏറെ ചൊല്ലുകള്‍ വരും തലമുറയില്‍ വംശനാശം വരാനായി കാത്തിരിക്കുന്നുണ്ട്.

OAB said...

നീറ്ക്കോലി മൂത്ത് മണ്ടെലി ആയി.വാറ്റിസ് “മണ്ടെലി”?. നന്നായി ഇഷ്ടാ...

lakshmy said...

നാഴീം മൂഴക്കും നാവൊഴക്കും ആഴക്കും ഒഴക്കും ഒഴക്കില്‍ പാതീം അതിന്റെ പാതീം കൂട്ടിയാല്‍ എത്ര?

Pramod.KM said...

ഒ.എ.ബി,മണ്ടെലി അല്ല മണ്ടലി. അത് നീര്‍ക്കോലിയെക്കാള്‍ വലുപ്പമുള്ള പാമ്പാണ്.ചിലപ്പോള്‍ വയലിലും തോടുകളിലും ഒക്കെ കാണാറുണ്ട്.:)