Monday, May 26, 2008

ബ്യാഗ് വ്യാണ്ടെടേ ചെല്ലാ, സഞ്ചി കൊണ്ടുവന്നിട്ടൊണ്ട്

ഭരത് ഗോപി മരിച്ച സമയത്ത് ആദാമിന്റെ വാരിയെല്ല് ഒരിക്കല്‍ കൂടി കാണാന്‍ തോന്നി. "കുളത്തൂപ്പുഴയില്‍ നിന്ന് ചാക്കുണ്ണി വരും അവളെ കൊണ്ടു പോകാന്‍" എന്ന ഗോപിയുടെ അതിലെ സംഭാഷണ ശകലം എനിക്കു വലിയ ഇഷ്ടമാണ്‌, ശബ്ദത്തിന്റെ വത്യാസം കൊണ്ട് മാത്രം ഗര്വ്വഗംഭീരന്‍ മാമച്ചന്‍ മുതലാളിയെ പതറിയും നാണംകെട്ടും നില്‍ക്കുന്ന ഒരുത്തനാക്കി മാറ്റുന്ന ഗോപീസ് മാജിക്ക്.

സം‌ഗതി അവിടെവരെയൊക്കെ കാണും മുന്നേ ആലോചന വഴിതിരിഞ്ഞു പോയി. ശ്രീവിദ്യ അവതരിപ്പിക്കുന്ന ആലീസ് എന്ന തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ധനാഢ്യ ഗ്രോസറിയില്‍ ഷോപ്പിങ്ങ് കഴിഞ്ഞ് വന്നിറങ്ങുന്ന രംഗം. ഡ്രൈവര്‍ ഒരു കാര്‍ട്ടണ്‍ നിറയെ ന്യൂസ്‌പേപ്പര്‍ പൊതികളും ബ്രൗണ്‍ പേപ്പര്‍ കെട്ടുകളും താങ്ങി അടുക്കളയില്‍ കൊണ്ട് വയ്ക്കുന്നു.

1983ല്‍ ഇറങ്ങിയ ചിത്രമാണ്‌ ആദാമിന്റെ വാരിയെല്ല്. വാണിജ്യോപഭോഗത്തിനുള്ള പോളിത്തീന്‍ കണ്ടുപിടിച്ച് കൃത്യം അമ്പതു വര്‍ഷത്തിനു ശേഷം. ഇക്കാലത്ത് വലുതോ ചെറുതോ ആയ കടയില്‍ എന്തെങ്കിലും വാങ്ങിക്കാന്‍ പോയിട്ടുള്ളവര്‍ക്കെല്ലാം അറിയുന്ന രീതി ഇങ്ങനെ ആണ്‌

കസ്റ്റമര്‍> ചെറുപയര്‍ ഒരു കിലോ
മാനേജര്‍> ചെറുപയറൊന്ന് (ബില്ലിലോ ഒരു തുണ്ട് പേപ്പറിലോ കുറിക്കുന്നു)
പാക്കിങ്ങ് സ്റ്റാഫ്> ചെറുപയറൊന്ന് (ഇത്രയും നേരം കൊണ്ട് അയാള്‍ ചാക്കില്‍ നിന്ന് ചെറുപയര്‍ ഒരു കിലോ കോരി പേപ്പര്‍ കുമ്പിളില്‍ ഇട്ട് ത്രാസില്‍ തൂക്കി. അടുത്ത പത്തു സെക്കന്‍ഡില്‍ ചണം കൊണ്ട് കെട്ടുകയും ചെയ്തു. )

സാധനം വാങ്ങിക്കഴിയുമ്പോള്‍ അളവുമേശപ്പുറത്ത് കൂമ്പന്‍ പൊതികളുടെ ഒരു കൂമ്പാരം.
സാധാരണക്കാരന്‍ ആണെങ്കില്‍ ഒരു തുണിസഞ്ചിയില്‍ . ഇത്തിരി കൂടി കൂടിയ ഇനം ആണെങ്കില്‍ ചിക്കന്‍ മെഷ് പെയിന്റടിച്ചു നിര്‍മ്മിച്ച ഒരു തരം സഞ്ചിയില്‍. ബൈക്കില്‍ ചെത്തുന്ന പിള്ളേരാണെങ്കില്‍ കീറിയ ബോട്ടുവല കൊണ്ട് നിര്‍മ്മിച്ച ഒരു തരം വലസഞ്ചിയില്‍ (ഇത് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ചുരുക്കി പോക്കറ്റിലിടുകയും സാധനം വാങ്ങിക്കഴിഞ്ഞ് ബൈക്ക്/ സൈക്കിള്‍ ഹാന്‍ഡിലില്‍ തൂക്കി ഇടുകയും ചെയ്യാം)
പൊതികള്‍ നിറച്ച് പണവും കൊടുത്തു പോകുന്നു.

പ്ലാസ്റ്റിക്ക്? തീര്‍ച്ചയായും . കുളിമുറിയിലെ ബക്കറ്റും മഗ്ഗും. വേറേ പ്ലാസ്റ്റിക്കൊന്നും അങ്ങനെ വീടുകളില്‍ കാണാറില്ല.

ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞു. നാട്ടില്‍ വഴി നീളേ പോളിത്തീന്‍ കവറുകള്‍. ബൈക്കോടിച്ച് പോയാല്‍ പറന്നു വന്ന് മോന്തയ്ക്ക് കേറും. പാര്വതീപുത്തനാറ്‌, കരമനയാറ്‌ എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോള്‍ അമേദ്ധ്യം, ഉച്ഛിഷ്ടം, പോളിത്തീന്‍ എന്നിവയുടെ ഒരു മിശ്രിതമാണ്‌. കേരളം മൊത്തം അങ്ങനെ തന്നെ. കൊതുക്, നാറ്റം, അഴുക്ക്, പകര്‍ച്ചരോഗം...

പ്രധാനമായിട്ട് മാറിയ കാര്യങ്ങള്‍ ഇതൊക്കെയാണ്‌:
ആദ്യത്തെ മാറ്റം പലവ്യഞ്ജനങ്ങള്‍ക്ക് ബ്രാന്‍ഡുകള്‍ നിലവില്‍ വന്നു. ടെലിവിഷത്തില്‍ കണ്ട് ബോധിച്ചതോ നേരത്തേ ഉപയോഗിച്ച് ബോദ്ധ്യപ്പെട്ടതോ ആയ ബ്രാന്‍ഡുകളെ നമ്മള്‍ വാങ്ങാറുള്ളു എന്നതിനാല്‍ മിക്കതിനും റീട്ടെയില്‍ യൂണിറ്റില്‍ ഫാക്റ്ററി പാക്കിങ്ങ് വേണ്ടി വരുന്നു.

ഇതൊരു നല്ല മാറ്റമാണ്‌. ഇന്ന് നാട്ടിലൊരിടത്തും അറക്കപ്പൊടി ചേര്‍ന്ന തേയിലയും അണ്ടിത്തൊലിയിട്ട കാപ്പിപ്പൊടിയും കുതിരച്ചാണകത്തില്‍ റെഡ് ഓക്സൈഡ് ചേര്‍ത്തത് മിശ്രിച്ച മുളകുപൊടിയും വിറ്റു പോകുമെന്ന് തോന്നുന്നില്ല, ടാറ്റയുടെ പാക്കിങ്ങ് ആയാലും മണര്‍കാട് പാപ്പച്ചായന്റെ പാക്കിങ്ങ് ആയാലും തേയിലയെന്ന് പറഞ്ഞാല്‍ തേയില തന്നെ കിട്ടും. (പശുവിന്‍‌ചോരയോ എന്ന് ചോദിക്കരുത്, അത് സ്റ്റാന്‍ഡേറ്ഡ് പ്രോസസ്സ് ആണ്‌)

പക്ഷേ ഇതിന്റെ പാക്കിങ്ങിനായി ഇന്ന മൈക്രോണുള്ള , ഇത്രവര്‍ഷം കൊണ്ട് ഡീഗ്രേഡ് ചെയ്ത് മണ്ണില്‍ ചേരുന്ന സാമഗ്രിയേ ഉപയോഗിക്കാവൂ എന്ന് നിയമം വരണം. മിക്ക ബ്രാന്‍ഡുകളും വന്‍‌കിട കമ്പനികളാണ്‌, അവയെ അനുസരിപ്പിക്കാന്‍ എളുപ്പവുമാണ്‌. അവര്‍ നല്ലവരായതുകൊണ്ടല്ല, നിയമം തെറ്റിച്ചു കിട്ടുന്ന ചെറുലാഭത്തെക്കാള്‍ സൈസ്റ്റെയിന്‍ ചെയ്യാവുന്ന സല്പ്പേര്‍ അവര്‍ക്കു വലിയ സ്വത്തായതുകൊണ്ട്.


രണ്ടാമത്തെ മാറ്റം സൂപ്പര്‍മാര്‍ക്കറ്റുകളുടെ വളര്‍ച്ചയാണ്‌. പോളിത്തീന്‍ വ്യാപകമാക്കുന്നതില്‍ അവര്‍ വലിയൊരു പങ്കു വഹിച്ചു. ഒന്നാമതായി ബില്ലിങ്ങ് കൗണ്ടറുകളില്‍ സ്റ്റോക്ക് സൂക്ഷിക്കാന്‍ പോളിത്തീന്‍ ബാഗുകള്‍ എളുപ്പമായി, രണ്ടാമത് ദൂരെ നിന്നും വന്ന് ബസ്സിലും മറ്റും തിരിച്ചു പോകുന്ന ഷോപ്പര്‍മാര്‍ക്ക് വാങ്ങിയ സാധനങ്ങളുടെ മണവും മറ്റു ബുദ്ധിമുട്ടുകളും കൊണ്ട് സഹയാത്രക്കാരെ ശല്യപ്പെടുത്താതെ പോകാന്‍ കഴിയുമെന്നായി.നിരനിരയായുള്ള ചെക്കൗട്ട് കൗണ്ടറുകളില്‍ നിരന്നു വരുന്ന സാധനം ചുമ്മാ വാരി ഒരു കീശയിലിട്ടാല്‍ മതിയല്ലോ ( ബേയ്ഗോണ്‍ സ്പ്രേയും ബണ്ണും ഒറ്റക്കീശയിലിട്ടു തരികേം ചെയ്യും!)

ഇതിനു പോം‌‌വഴി പഴയകാലത്തെ ബിഗ് ഷോപ്പര്‍ എന്ന ഈറവടി വച്ച ചണ ബാഗും, ചിക്കന്‍ മെഷ് സഞ്ചിയും തുണിസ്സഞ്ചിയും ആളുകള്‍ വീണ്ടും ഉപയോഗിച്ചു തുടങ്ങുക എന്നത് മാത്രമല്ല, കഴിവതും വീടിനടുത്തുള്ള സ്ഥലങ്ങളില്‍ നിന്നും സാധനം വാങ്ങിക്കുക എന്നതും കൂടിയാണ്‌. പ്രത്യേകിച്ചും മീന്‍, ഇറച്ചി തുടങ്ങി മണവും വെള്ളമൊലിപ്പും ഉള്ള സാധനങ്ങളും പച്ചക്കറി മുതലായവയും വാങ്ങാന്‍ വെട്ടുകാട് നിന്ന് വണ്ടിയെടുത്ത് സ്പെന്‍സര്‍ വരെ വരേണ്ട കാര്യമില്ല. ട്രാഫിക്കും കുറയും ചിലവും കുറയും ദീര്‍ഘദൂരമോഡലിലെ പാക്കിങ്ങിന്റെ ആവശ്യവും കുറയും.

മൂന്നാമത്തേത് സ്റ്റോറേജ് പ്രശ്നമാണ്‌. ദൂരത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകേണ്ടിവരുന്നതുകൊണ്ടാണ്‌ മൂന്നുനാലാഴ്ച്ചത്തേക്കുള്ളത് ഒറ്റയടിക്ക് വാങ്ങി വീട്ടില്‍ സൂക്ഷിക്കേണ്ടിവരുന്നത്. എക്സ്പയറി ഡേറ്റ് നോക്കി വാങ്ങാന്‍ പഠിച്ചാല്‍ മാത്രം മതി, ത്രിവേണിയില്‍ കിട്ടുന്ന ഈസ്റ്റേണ്‍ മുളകുപൊടി തന്നെ ചാക്കുണ്ണീടെ കടയിലും വരുന്നത്. ഒരാഴ്ച്ചത്തേക്കുള്ള സാധനം വാങ്ങി കുപ്പിയിലും ഭരണിയിലും പാട്ടയിലും പാത്രത്തിലും ഇട്ടു വച്ചാല്‍ വീടിനകം പോളിത്തീന്‍ പൊതി കൊണ്ട് നിറയ്ക്കേണ്ടി വരില്ല, ഭക്ഷണം പാഴാവുകയുമില്ല, ഗ്രോസറി ബള്‍ക്കായി വാങ്ങിയാല്‍ വലിയ വിലക്കുറവ് കിട്ടുകയുമില്ലല്ലോ.

അവസാനത്തേത് ഇം‌പള്‍സീവ് ഷോപ്പിങ്ങ് ആണ്‌. സി ഏജി ആപ്പീസില്‍ മകള്‍ക്കാലോചിക്കുന്ന വരനെ കാണാന്‍ പോയി മടങ്ങുമ്പോഴല്ലേ തൊട്ടപ്പുറത്ത് സ്പെന്‍സറിന്റെ ബോര്‍ഡ് മാടി വിളിക്കുന്നത്. അങ്ങോട്ട് കേറി മുട്ടായീം കേക്കും ക്യാനിലടച്ച രണ്ട് മത്തീം വാങ്ങി- പോളിത്തീന്‍ ബാഗ് വേണ്ടിവരും കാരണം ഷോപ്പിങ്ങ് പ്ലാന്‍ ചെയ്തിട്ടില്ലല്ലോ. ഇങ്ങനെയുള്ള സൂപ്പര്‍‌മാര്‍ക്കറ്റ് അഡിക്റ്റുകള്‍ ഏതായാലും വലിയ വെയിറ്റുള്ള അരിയും ഗോതമ്പുമൊന്നും വാങ്ങാന്‍ പോണില്ല, ദയവയി ആ പഴയ റീസൈക്കിള്‍ഡ് ബ്രൗണ്‍ പേപ്പറില്‍ ഉണ്ടാക്കി മൈദാമാവൊട്ടിച്ച കവര്‍ തിരിച്ച് കടയില്‍ ഇറക്കുക, സഞ്ചിയില്ലാത്ത ചെറുഷോപ്പനു അതു മതി. വാങ്ങിച്ച് മടിയില്‍ വച്ച് ഓട്ടോ വിളിച്ച് പൊക്കോട്ടെ.


മനുഷ്യനായാല്‍ വൃത്തി വേണം, അത് അലന്‍ സോളിയുടെ പാന്റ് അലക്കി ഇടുന്നതിലും മീതിയില്‍ "റോയല്‍ മൈരേജ്" സുഗന്ധം തളിക്കുന്നതിലും പോരാ, ഇടപെടുന്ന സ്ഥലങ്ങളെല്ലാം അഴുക്കും വിഷവും നിറയ്ക്കാതിരിക്കുന്നതിലും പോണ വഴി തുപ്പിത്തൂറി നാട്ടുകാര്‍ക്ക് രോഗം വരുത്താതിരിക്കുന്നതിലുമാണ്‌ കാണിക്കേണ്ടത്. അല്ലേ? സോ, സേ നോ പ്ലാസ്റ്റിക്ക് പ്ലീസ്.

ഈ പത്തിരുപത്തഞ്ച് കൊല്ലം കൊണ്ടാണ്‌ നമ്മള്‍ കേരളം മൊത്തം പ്ലാസ്റ്റിക്ക് നിറച്ചത്. പറ്റിയത് പറ്റി ഇനി പറ്റാതെ നോക്കാം എന്നു പറയുന്നത് ശരിയല്ല, നമ്മള്‍ ചെയ്ത ദ്രോഹം നമ്മള്‍ തന്നെ ഇല്ലാതാക്കണം.

പരിഷത്ത് പറയുന്ന പോം‌വഴി ഇപ്പോള്‍ കേരളത്തില്‍ പറന്നു കളിക്കുന്ന പോളിത്തീനും പ്ലാസ്റ്റിക്കും മൊത്തമായും ശേഖരിച്ച് റോഡ് ടാര്‍ ചെയ്യുന്നതില്‍ ഉപയോഗിച്ചാല്‍ അവയെ ഒഴിവാക്കാം എന്നാണ്‌. ആ സാദ്ധ്യതയുടെ വിശദാംശങ്ങള്‍ എനിക്കറിയില്ല, അവര്‍ക്കറിയുമായിരിക്കണം.

6 comments:

പ്രിയ said...

എന്റെ ഒരു മത്തങ്ങാ കൈയൊപ്പ് :)

മൊത്തം പ്ലാസ്റ്റിക് ബാഗ് വേണ്ടെന്നു വച്ചില്ലെലും ആവശ്യത്തില് കൂടുതല് പ്ലാസ്റ്റിക് ബാഗ് എടുക്കുന്നത് ഉപേക്ഷിച്ചു കൂടേ. ( ശീലം, അതിന്റെ പ്രശ്നാ. എപ്പോ തൊട്ടുള്ള ശീലം എന്ന് ചോദിക്കല്ലേ :) ആന്റണി പറഞ്ഞ ഒരു കിലോ ചെറുപയരിന്റെയും പഞ്ചസാരയുടെയും ഒക്കെ കുംബിളുകള് ബാഗ്ഷോപ്പറില് കൊണ്ടു പോയിരുന്ന കാലം ഒത്തിരി ദൂരത്തൊന്നും അല്ല എനിക്ക്.)

ദോ, ഇവിടെ ദുബായില് ലുലുവില് ഇത്തിരി പച്ചക്കറിയും പാലും വാങ്ങിയാല് അവര് അത് ഇലകള് ഒരു ബാഗില്, പാല് വേറൊരു ബാഗില്, ബാക്കി പച്ചക്കറി വേറൊരു ബാഗില് ആക്കി തരും. എന്നിട്ടത് വീട്ടില് കൊണ്ടന്നു നമ്മള് സാധനം മൊത്തം ഒരേ ഫ്രിഡ്ജില് കമഴ്ത്തിയിട്ടു മൂന്നു കൂടും വേസ്റ്റ് ബിന്നില് തട്ടും.അവര് അത് വേറെ വേറെ പാക്കില് ആക്കി തരില്ല. കാരണം ചില കസ്ടമെര്സിനു അത് പിടിക്കില്ല., അതിനാല് നാം പറയണം ഒന്നില് തന്നെ ഇടാന്.
ഗ്രോസറിയില് ഒരു ജ്യൂസ് വാങ്ങിയാല് ഒരു പ്ലാസ്റ്റിക് ബാഗില് ആക്കി തരും. അത് വേണ്ടെന്നു പറഞ്ഞു കൂടേ.

പ്ലാസ്റ്റിക് എന്ത് ചെയ്യണം എന്നത് എനിക്കും അറിയില്ല. മടക്കി വയ്ക്കുക. റീയൂസുക. കൊള്ളാതാവുമ്പോള് പിന്നെന്ന്തു ചെയ്യാന് , കളയുക . പിന്നെ ... ആ ...

( ഒത്തിരി നാളായി മനസില് ഓര്ത്തിരുന്ന ഒരു കാര്യം ആന്റണി എഴുതിയിരിക്കുന്നത് :) സന്തോഷം )

മൂര്‍ത്തി said...

കയ്യില്‍ എപ്പോഴും കായസഞ്ചി കൊണ്ടു നടക്കുന്ന തമിഴനെ കളിയാക്കിയിരുന്നവരാണ് നമ്മള്‍. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് അതാണ്. ഒരു പരിസ്ഥിതി സൌഹാര്‍ദം നമ്മെക്കാള്‍ തമിഴനുണ്ടല്ലേ?

നാട്ടില്‍ വാറപ്പേട്ടനും എഴുശ്ശനുമൊക്കെ മാതൃഭൂമിയിലും മനോരമയിലുമൊക്കെ കലാപരമായി പഞ്ചസാരയും പരിപ്പുമൊക്കെ പൊതിഞ്ഞുതന്നിരുന്നത് ഒരുകാലം.കണ്ടു നില്‍ക്കാന്‍ തന്നെ ഒരു രസമായിരുന്നു. ലെഡ് വിഷം (സത്യമാണത്)എന്ന് പറഞ്ഞ് നാം അത് ഒഴിവാക്കി.

Namaskar said...

Reusing waste plastics

Commercial utilisation of waste plastics give great scope for people engaged in waste collection to earn more income, saves more fossil fuel, keeps our neighbourhoods clean and saves landfill space

കൃഷ്‌ | krish said...

അതെ, പ്ലാസ്റ്റിക്ക് സഞ്ചിയുടെ ഉപയോഗം വളരെ കൂടിയിരിക്കയാണ്. അത് നാം തന്നെ വിചാരിച്ചാലെ കുറക്കാന്‍ പറ്റൂ.
(ഒരു വര്‍ഷം മുമ്പുവരെ കടയില്‍ പോകുമ്പോള്‍ കൈയും വീശി പോയാല്‍ മതി. എല്ലാം പ്ലാസ്റ്റിക്ക് ബാഗില്‍ കിട്ടുമായിരുന്നു. പക്ഷേ ഒരു വര്‍ഷമായി, വണ്ടിയില്‍ ഒരു സഞ്ചി കരുതുന്നു, സാധനം വാങ്ങി കൊണ്ടു വരാനായിട്ട്.)

SAY NO TO PLASTIC.

ഇട്ടിമാളു said...

നല്ല പോസ്റ്റ്.. അതിപ്പൊ പറയാനുണ്ടൊ അല്ലെ..

എന്നാലും അറിയാവുന്ന പലകാര്യങ്ങളും നല്ല വൃത്തിയായി വെടിപ്പായി നിരത്തി പറഞ്ഞപ്പൊ വായിക്കാന്‍ ഒരു സുഖം.. (പറഞ്ഞതത്ര സുഖമുള്ള കാര്യങ്ങള്‍ അല്ലെങ്കിലും..)

:)

Prinson said...

നന്നായിരിക്കുന്നു.
ഇത്തരം കാര്യങ്ങള്‍ ഇനിയും എഴുതണം കേട്ടോ..

:)