Tuesday, May 6, 2008

ആനന്ദ്, കോടിയേരി, സാരി, വാടക

ഇന്നെഴുതാന്‍ ഒന്നുമില്ല, പത്രം തുറന്നപ്പോ കണ്ടത് ബര്‍മ്മയിലെ കാറ്റ്. അടച്ചു വച്ച് ചായ കുടിച്ചു.

മൂര്‍ത്തീ,
സീലുകളുടെ കാര്യവും കഷ്ടത്തിലാണ്‌. ഇന്നത്തെ ലോകത്ത് ഏറ്റവും കൗശലമുള്ളതും ഏറ്റവും ക്രൗര്യമുള്ളതും റിസോര്‍സ് അടക്കി വയ്ക്കല്‍ സ്വഭാവമുള്ളതുമായ ജന്തു മനുഷ്യനായതുകൊണ്ട് സകല ജീവജാലങ്ങളുടെയും നില നില്പ്പ് മനുഷ്യന്റെ കരുണയിലാണ്‌. കഷ്ടം പച്ചപ്പായല്‍ പോലെ നിസ്സാരമെന്നു തോന്നാവുന്ന പലതും ഇല്ലാതെയായാല്‍ മനുഷ്യന്റെ വം‌ശനാശവും സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടും നമ്മള്‍ കണ്ണടയ്ക്കുകയാണെന്നതാണ്‌. തുഴയുന്ന വള്ളത്തിനു തുളയിട്ടു രസിക്കുന്ന ആശാരിയെപ്പോലെ നമുക്ക് ഇരിക്കും കൊമ്പ് മുറിക്കല് എത്രകാലം തുടരാനാവുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സനാതനാ,
എന്റെ സാഹിത്യലോകം വളരെ ചുരുങ്ങിയതും സ്ക്യൂ ചെയ്തു പോയതുമാണ്‌. ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതം വായിച്ചിട്ടില്ല. പക്ഷേ മറ്റു പുസ്തകങ്ങളില്‍, പ്രധാനമായും അഭയാര്‍ത്ഥികളില്‍ ചരിത്രത്തെയും പുരോഗതിയെയും വിശകലനം ചെയ്യാന്‍ ആനന്ദ് ഉപയോഗിച്ചെന്ന് തോന്നിയ രീതി വളരെ രസിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ എഞ്ചിനീയര്‍ ചരിത്രത്തെ ബ്ലൂ പ്രിന്റ് ആയി എടുത്ത് കാലം പുനര്‍‌നിര്‍മ്മിക്കുകയും ശേഷം ആനന്ദെന്ന ലിബറല്‍ സോഷ്യലിസ്റ്റ് അതിനോട് പ്രതികരിക്കുന്നതായും ഒടുക്കം പട്ടാളക്കാരന്‍ പുറത്തു വന്ന് അതിനു നേരേ ഗ്രനേഡെറിയുന്നതുപോലെയുമാണ്‌ എനിക്ക് അനുഭവപ്പെടാറ്‌. ശാസ്ത്രം, പ്രത്യേകിച്ചും നര‌വംശശാസ്ത്രവും സാങ്കേതികശാസ്ത്രവും ഇതിനുള്ള പണിയായുധങ്ങളായി എടുക്കുന്നതു പോലെ. ശരിയാവണമെന്നൊന്നുമില്ല, എനിക്കങ്ങനെ തോന്നിയെന്ന് പറഞ്ഞതാണ്‌.

ബൈസണിന്റെ കാര്യന്‍ ആനന്ദ് പറഞ്ഞത് ശരിയാണ്‌. റെഡ് ഇന്ത്യരെ ഇല്ലായ്മ ചെയ്യാന്‍ വെള്ളക്കാര്‍ ഉപയോഗിച്ച പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ബൈസണുകളെ കൊന്നു തീര്‍ക്കുക എന്നത്. കിട്ടാവുന്ന സകല ബൈസണെയും കൊന്നു തീര്‍ത്തതോടെ അവയെ ആശ്രയിച്ച് ഭക്ഷണം കണ്ടെത്തിയിരുന്ന റെഡ് ഇന്ത്യനുകള്‍ പട്ടിണിയിലായി. അവയുടെ തുകലുരിച്ച് കയറ്റുമതി ചെയ്ത് സായിപ്പ് വെടിക്കോപ്പുകള്‍ വാങ്ങി. തോലുരിച്ച് കാട്ടിലുപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ ലക്ഷക്കണക്കിന്‌ ബൈസണ്‍ ശവങ്ങള്‍ കിടന്ന് പുഴുത്തപ്പോല്‍ പകര്‍ച്ചവ്യാധികളിലും റെഡ് ഇന്ത്യന്മാര്‍ ഒടുങ്ങി.

ഇത്രയൊക്കെയായിട്ടും ബൈസണുകള്‍ അന്യം നിന്നില്ലെന്ന് സമാധാനിക്കാം. സോവിയറ്റ് യൂണിയന്‍ ക്ഷാമം നേരിട്ട ആദ്യകാലത്ത് കൃഷി കാര്യക്ഷമമാക്കാന്‍ വിചിത്രമായൊരു നടപടി സ്വീകരിച്ചു. കാസ്പിയന്‍ കടുവകളെ പട്ടാളത്തെ ഉപയോഗിച്ച് കൊന്നൊടുക്കി രാത്രി പകലെന്യേ കര്‍ഷകര്‍ക്ക് വന്യമായ പാടങ്ങളിലേക്ക് ഭയം കൂടാതെ സഞ്ചരിക്കാന്‍ അവസരമുണ്ടാക്കി. കാസ്പിയന്‍ ടൈഗറുകള്‍ വംശനാശം സംഭവിച്ചതിന്റെ ഏറ്റവും വലിയ കാരണം അതായി.

രണ്ടാം ലോക മഹായുദ്ധത്തില്‍ അതിഭയങ്കരമഅയ അന്തര്‍‌വാഹിനിയുദ്ധം ജപ്പാന്‍ കടലില്‍ നടന്നു. ഇല്ലാതായത് ജപ്പാനല്ല, അമേരിക്കയല്ല, റഷ്യയും ഫ്രാന്‍സും ജെര്‍മ്മനിയുമൊന്നുമല്ല, സീല്‍ കുലത്തിലെ മനോഹര ജീവിയായ ജാപ്പനീസ് സീ ലയണിന്റെ വംശമായിരുന്നു.

കണ്ണൂരാനേ,
അതേ, കൊല്ലുക, കൊന്നു തീര്‍ക്കുക, ഉപഭോഗിക്കുക, അഴുക്കാക്കുക, വെറുതേ നശിപ്പിക്കുക.

ഡിങ്കാ,
അതേ. കൊച്ചു പച്ചപ്പായലിന്റെ ദയയിലാണ്‌ മനുഷ്യകുലമടക്കം സകല ജന്തുവും ജീവിക്കുന്നത്. നിസ്സാരമായ ആ സൂക്ഷ്മ സസ്യം ഒടുങ്ങിയാല്‍ മതി, ഒരു മലയോളം പണം കയ്യില്‍ വച്ച്, ഒരു ഊര്‍ദ്ധ്വന്‍ പോലും വലിക്കാനാവാതെ നമ്മള്‍ പിടഞ്ഞു തീര്‍ന്നോളും.

---------------------------------------
കോടിയേരി എന്നെ കുരുക്കിയാ?

രാധേയാ, എന്തോ ശരിയാവണില്ലല്ലോ എന്നു തോന്നിയിട്ട് ഇറങ്ങി തിരിച്ചതാ.

തുളസി നന്ദി (ചിത്രങ്ങള്‍ റീഡര്‍ വഴി കാണാറുണ്ട്, കമന്റ് ഇടാന്‍ ബ്ലോഗര്‍ ആക്സസ്സില്ല)

തറവാടീ, അവിടെ പോയി ലിങ്കാടാനോ കമന്റാനോ എന്റെ സെന്‍സര്‍ ബോര്‍ഡുകാരന്‍ സമ്മതിക്കണില്ല. അതാണേ കമന്റ് ഇവിടെയായത്. ഇവിടെയാകുമ്പോ ഈ-മെയില്‍ റ്റു ബ്ലോഗ് സം‌വിധാനം ഉപയോഗിച്ച് പോസ്റ്റാം.

സനാതനാ,
ബാലരാമപുരത്തെപ്പറ്റി ഞാന്‍ ഒരു മുന്‍‌വിധി നടത്തിയതാവാം, അങ്ങനെ പറ്റിപ്പോയെങ്കില്‍ കാരണമിതാണ്‌

കോളേജുകാലത്ത് ഏതാണ്ട് രണ്ടുവര്‍ഷത്തോളം എനിക്ക് ഒരുടുപ്പും ഒരു പാന്റ്സുമേ ഉണ്ടായിരുന്നുള്ളു. ഒരു പക്ഷേ ആവശ്യപ്പെട്ടെങ്കില്‍ ഒന്നുകൂടെ വളരെയൊന്നും ബുദ്ധിമുട്ടാതെ വീട്ടുകാര്‍ വാങ്ങിത്തന്നേനെ, ഒന്നും ചോദിച്ചു വാങ്ങുന്ന ശീലമെനിക്കില്ലായിരുന്നു.

സം‌ഗതി അധികം ശ്രദ്ധിക്കപ്പെടേണ്ടെന്നു കരുതി ഞാന്‍ ബാലരാമപുരം ഖാദിയുടെ ഒരു വെള്ള ഷര്‍ട്ടും തിരുപ്പൂരു കോട്ടന്റെ ഒരു കറുത്ത പാന്റ്സുമാണ്‌ വാങ്ങിയത്. യേശുദാസിന്റെ വെള്ളക്കുപ്പായം പോലെ എന്റെയൊരു പ്രിഫറന്‍സ് ആയിക്കരുതിയ കൂട്ടുകാര്‍ "പെന്‍‌ഗ്വിന്‍" എന്ന് കളിയാക്കി വിളിച്ചിരുന്നു. കൈത്തറിയുടുപ്പിന്റെ ബലവും ഗുണവും വിലക്കുറവും അനുഭവിച്ചറിഞ്ഞ ഞാന്‍ ശേഷവും കുറെക്കാലം ബാലരാമപുരം തുണികള്‍ വാങ്ങിച്ചിരുന്നു. അക്കാലത്ത് പരുത്തിത്തറിയല്ലാതെ പട്ടുനെയ്ത്തു തറികള്‍ ബാലരാമപുരത്തില്ലായിരുന്നു, അതിനാല്‍ കസവു വച്ചിട്ടും വളരെയൊന്നും വിലയില്ലാത്ത സാരികളാണ്‌ അവിടെയുണ്ടാക്കിയിരുന്നത്. ശേഷം കാലം മാറിയെങ്കില്‍ ഞാന്‍ അറിയാതെ പോയി അത്.

ഫസലേ,
ഞാന്‍ കുട്ടിസഖാവോ മൂത്ത സഖാവോ അല്ലാത്തതുകാരണം എനിക്കറിയില്ല. തള്ളേ, ലവന്മാര്‍ക്കെല്ലാം മന്ത്രിപുത്രനായി കെട്ടണേല്‍ മന്ത്രിയെത്ര വേണം നാട്ടില്‍? ലതു പോട്ട് നിയമസഭാസമ്മേളനം പുത്തരിക്കണ്ടം മൈതാനത്തോ മറ്റോ നടത്തേണ്ടിവരുമല്ലോ. കേന്ദ്രമന്ത്രിപുത്രനായിട്ട് കെട്ടിയാമതിയെന്ന് പറ കുട്ടിസഖാക്കളോട്, മാധവറാവു സിന്ധ്യയുടെ മകളുടെ കല്യാണം നടക്കുമ്പോള്‍ അതിഥികള്‍ക്ക് പെറുക്കുവാനായി പന്തലിന്റെ മുകളില്‍ നിന്നും പവിഴവും രത്നവും കൊഴിഞ്ഞിരുന്നു. ലിവന്‍‌മാരും അതുപോലെ ചെയ്തെങ്കില്‍ എനിക്കും പോയി രണ്ടുമൂന്നെണ്ണം എടുത്തു വില്‍ക്കാമായിരുന്നു.

മൂര്‍ത്തീ, പീപ്പിള്‍സ് ഫോറം ഈ പോസ്റ്റ് ജനശക്തി ന്യൂസില്‍ നിന്നെടുത്തതാണ്‌ അടിയില്‍ കടപ്പാട് ലിങ്കായി കൊടുത്തിട്ടുണ്ട്.

ഗുപ്താ, ഇഞ്ജീ
മറ്റു ഓഡിറ്റോറിയങ്ങള്‍ അതിന്റെ വാടകകൊണ്ട് ജീവിക്കുന്നവരാണ്‌, ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ വരുമാന മാര്‍ഗ്ഗം അതല്ല. ഇത്തരം ഫസിലിറ്റികള്‍ അവര്‍ മെം‌ബര്‍മാര്‍ക്ക് സൗകര്യത്തിനായി ചെയ്തു കൊടുക്കുന്നതാണ്‌ ( പി സുബ്രഹ്മണ്യം ഹാളിന്റെ വാടക തുക ഏതു 'സ്റ്റാറ്റസ്' ഉള്ള മെംബര്‍ എന്തു കാര്യത്തിനു ബുക്ക് ചെയ്തു എന്നതനുസരിച്ചു മാറും. എനിക്കൊരു ക്വോട്ട് കിട്ടിയിട്ടുണ്ട് മറ്റൊരാള്‍ വഴി, പക്ഷേ എമൗണ്ട് പറഞ്ഞാല്‍ ആരെങ്കിലും അവിടെ ഫോണ്‍ ചെയ്ത് 'ഈയിടെ ഇത്ര രൂപ വാടക ആരോടാ അണ്ണന്‍ പറഞ്ഞതെന്ന് തിരക്കി ആ മനുഷ്യനെ വിളിച്ച് "നീയല്ലേടാ ഈ അനോണി അന്തോണി" എന്നു ചോദിക്കാനല്ലേ, ഞാന്‍ പറയൂല്ല)

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ സിംഗിള്‍‌റൂമിന്‌ അഞ്ഞൂറു രൂപയാണ്‌ (2008 നിരക്ക് ) ലെ വാടക. തൊട്ടടുത്ത് ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ അത് മൂവായിരത്തി എഴുന്നൂറ്റമ്പതു രൂപയും ലക്ഷ്വറി ടാക്സുമാണ്‌. അതാണ്‌ ക്ലബ്ബുകളും മറ്റു സ്ഥലങ്ങളുമായുള്ള വത്യാസം

http://www.trivandrumclub.org/php/partyFacilities.php എന്ന സ്ഥലത്ത് സാധാരണ താരിഫ് കാണാം ( പി എസ് ഹാളിന്റെ കാര്യം ഞാന്‍ പറഞ്ഞല്ലോ, അഡ് ഹോക്ക് റേറ്റ് )


പാമരാ, മീനിന്റെ പത്തടി ദൂരത്ത് കിടന്നുറങ്ങുന്ന ഞങ്ങള്‍ക്ക് കല്യാണത്തിനു ക്വാശി ഫ്രൈഡ് റൈസ് വരുമ്പോ അതിന്റെ സേവകനായിട്ട് ശകലം ഫിഷ് മോളി വരുമെന്നല്ലാതെ അവന്‍ പ്രധാന അതിഥിയല്ല. അതാണു ചോറും മീനുമെന്ന് കേട്ടപ്പോ ഇതാണോ സദ്യയെന്നു വച്ചത്. കണ്ണൂര്‌ ഇതുവരെ വന്ന് സദ്യയുണ്ടിട്ടില്ലാ.

സ്വര്‍ണ്ണ നൂല്‌ - ഒരു റേഡിയോ നാടകം

"എടേ, ഒന്നിങ്ങ് വന്നേ."
"?"
"ഈ ജാരി, ജെറി, കസവ് എന്നൊക്കെ പറയുന്നതില്‍ സ്വര്‍ണ്ണ നൂല്‌ തുന്നിച്ചേര്‍ക്കുമോ?"
"കസവ് എന്നു വച്ചാല്‍ ഒരു പട്ടുനൂലില്‍ കുഞ്ഞു വെള്ളി നൂല്‌ ചുറ്റി അതില്‍ സ്വര്‍ണ്ണം പൂശുന്നതാണ്‌. അല്ലാതെ സര്‍ണ്ണക്കമ്പിയല്ല. എനിക്കിപ്പോ എന്താ വാങ്ങിത്തരാന്‍ പോണത്? ബനാറസ്, കട്ടക്ക്, പോച്ചമ്പള്ളി, മൈസൂറ്, കാഞ്ചീപുരം, ധനുവച്ചപുരം, ചന്തേരി, അന്തേരി...?"

"ബസ്സിന്റെ കിളി അലയ്ക്കുമ്പോലെ കൂവി കഷ്ടപ്പെടണ്ട, തല്‍ക്കാലം ഒന്നും വാങ്ങുന്നില്ല. സ്വര്‍ണ്ണ ഇഴ വച്ച് സാരി നെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചതാ."
"ഗോള്‍ഡ് ത്രെഡെഡ് ഡ്രെസ്സ് എന്നൊരു പുസ്തകമുണ്ട് നായികയുടെ അമ്മൂമ്മയുടെ ഉടുപ്പ്..."
"തായ്‌ലാന്‍ഡിലെ ഉപ്പുപ്പാന്റെ ആനേടേ കാര്യം പോട്ട് , സാരിയില്‍ സ്വര്‍ണ്ണ നൂലിടുന്ന എടപാടുണ്ടോ?"
"ഇതുവരെ കേട്ടിട്ടില്ല, ഉറപ്പില്ല. സാധാരണ കടക്കാര്‍ പ്യുവര്‍ ഗോള്‍ഡ് എന്നു പറഞ്ഞാല്‍ കസവില്‍ പൂശിയത് സ്വര്‍ണ്ണം തന്നെ ആണെന്നേ അര്‍ത്ഥമുള്ളു. ഇനി വേറെന്തെങ്കിലും പരിപാടി ഉണ്ടോ എന്ന് ഉറപ്പായി അറിയണമെങ്കില്‍ എന്നെ മൂന്നാലു സംസ്ഥാനങ്ങളിലെ ചില സാരിക്കടകളില്‍ കൊണ്ടു പോയാല്‍ മതി അന്വേഷിച്ചു അറിയിക്കാം."
"എനിക്കറിയണ്ടാ."


ഇഞ്ച്ചീ,
ഗാര്‍നെറ്റിന്റെ കാര്യമൊന്നും എനിക്കറിഞ്ഞൂടാ, വല്ല ഹോര്‍നെറ്റിന്റെ കാര്യമാണെങ്കില്‍ പണ്ട് അതിന്റെ വലിയൊരു കൂട് പന്തമെറിഞ്ഞു കത്തിച്ച കഥയും മറ്റും പറയാമായിരുന്നു. ആഭരണങ്ങളുടെ കാര്യം ഇഞ്ചി പറഞ്ഞതാവും ശരി.

പക്ഷേ ആറുവിരലിലും മോതിരം എന്നു ജനശക്തി പറഞ്ഞത് ചുമ്മ, അവരു രണ്ടു കയ്യും കൂപ്പി നിന്ന ഫോട്ടോയില്‍ നോക്കിയിട്ടും ഒന്നേ കണ്ടുള്ളു ഞാന്‍. പെണ്‍-കൊച്ചിന്റെ അമ്മ ആരാണെന്ന് പടം കണ്ട് എനിക്കു മനസ്സിലായില്ല, ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആണ്‌ വധുവിന്റെ അച്ഛന്‍ എന്ന് പത്രത്തില്‍ വായിച്ചു.

രാജ്,
ശരിയാണ്‌. വാസ്തവ വിരുദ്ധമായി തോന്നിയ കാര്യങ്ങള്‍ ചേര്‍ന്നാല്‍ അതും പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാവുന്നവയഅയിട്ടും ലേഖകന്‍ ഉള്‍പ്പെടുത്തിയെന്നു കണ്ടാല്‍ അതിന്റെ വായിക്കുന്നയാള്‍ മൊത്തത്തില്‍ ലേഖനം അസത്യമാണോ എന്ന് സ്വാഭാവികമായും ഉദ്ദേശമെന്തെന്ന് വണ്ടറടിച്ചു പോകും. പ്രത്യേകിച്ച് ബിനീഷ് ഗള്‍ഫിലേക്കു വന്ന ഫ്ലൈറ്റില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍. വിമാനത്താവളത്തിന്റെ കൊടി ഊരിക്കുന്ന കുഞ്ഞാലിക്ക് ഗള്‍ഫിലൊരു ചെറുക്കനു പണി ഒപ്പിക്കാന്‍ കൂടെ കയറി വന്നു തെണ്ടേണ്ട അവസ്ഥയോ?


അരവിന്ദ്,
പി സുബ്രഹ്മണ്യം ഹാളിനു അതിന്റെ പകുതി പണം എന്നെ ഏല്പ്പിച്ചാല്‍ ഞാന്‍ ശരിപ്പെടുത്തി തരാം, സീരിയസ്സ്. വട്ടച്ചിലവിനു എനിക്കും കുറച്ചു കിട്ടും ( റെഫര്‍ ചെയ്തത് അനോണി ആന്റണി ആണെന്ന് നാലാള്‌ അറിയാതിരുന്നാല്‍ മതി). പിന്നെ, തീര്‍ച്ചയായും ഈ കല്യാണം ആര്‍ഭാടം തന്നെയായിരുന്നു, ഇല്ലാത്ത കാര്യം പക്ഷേ അതില്‍ വരുമ്പോ ഒരു കണ്‍ഫ്യൂ. (ഞാന്‍ അവസ്സാനം കൂടിയ ഇടത് കല്യാണവും കുറേയൊക്കെ ആര്‍ഭാടമായിരുന്നു. ഇന്ന് മദ്ധ്യവയസ്കരായ ഒന്നു രണ്ട് നേതാക്കളുടെ ലളിതമായ നാരങ്ങാവെള്ളം & ഷേക്ക് ഹാന്‍ഡ് കല്യാണങ്ങള്‍ ആലോചിച്ച് അവിടെ നിന്നിട്ടു തിരിച്ചു പോന്നു. )

5 comments:

മൂര്‍ത്തി said...

ആന്റണീ, ജനശക്തി ന്യൂസ് അല്ല ജനശക്തി ഓണ്‍ലയിന്‍...ഞാന്‍ ഇപ്പോള്‍ ആ പോസ്റ്റില്‍ പോയി നോക്കി..

അരവിന്ദ് said...

അന്തോണി പറഞ്ഞത് ശരി തന്നെ....
പി സുബ്രഹ്മണ്യം ഹാളിന്റെ വാടക ഫ്ലെക്സിബിള്‍ ആണ്.
മെംബര്‍മാര്‍ക്ക് റേറ്റ് കുറച്ചാണ് കൊടുക്കുന്നത് എന്നറിയാം....

ഗുപ്തന്‍ said...

ഹോള്‍ റേറ്റിനെ സംബന്ധിച്ച ക്ലാരിഫിക്കേഷന് നന്ദി

ഗുപ്തന്‍ said...

ട്രിവാന്‍ഡ്രം ക്ലബ് ലിങ്കിന് അതിനെക്കാള്‍ നന്ദി. മെംബര്‍ഷിപ്പ് ആജീവനാന്തം ഒന്നരലക്ഷം രൂപാ. പിന്നെ സിറ്റിയിലെ ക്ലബ് ലൈഫിന്റെ ഭാഗമായി വരുന്ന ആഘോഷങ്ങള്‍ക്ക് മാസാമാസം ഷെയര്‍. നോമിനി ഉണ്ടെങ്കില്‍ 5 വര്‍ഷം മെംബര്‍ഷിപ്പ് രണ്ടേകാല്‍ ലക്ഷം. മൊത്തത്തില്‍ ഒരു പ്രോലിറ്റേറീയന്‍ സെറ്റപ്പ്.


ഏ സി ഹോളും കിച്ചനും ലൈറ്റും എല്ലാം ഒരു ബാങ്ക്വറ്റിനു പ്രവര്‍ത്തിച്ചാല്‍ കരണ്ട് ചാര്‍ജ് മാത്രം രണ്ടായിരം രൂപ ആവും. അത്തരം ഒരു ഫസിലിറ്റി ആ പൈസക്ക് വാടകയ്ക്ക് കൊടുക്കുന്നെങ്കില്‍ അതിനു ചിലവാകേണ്ട നോര്‍മല്‍ റേറ്റില്‍ കറുപ്പോ വെളുപ്പോ ബന്ധുക്കളോ സുഹൃത്തുക്കളോ ആയാലും ചെലവാക്കുന്നുണ്ടെന്നാണ് മാഷേ അര്‍ത്ഥം.

പേ ബില്‍ നോക്കി ചെലവ് കണക്കാക്കിയാല്‍ തെറ്റും എന്നു വെറുതേ ഒന്നു സൂചിപ്പിച്ചതാണ്.

amv said...

"ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആണ്‌ വധുവിന്റെ അച്ഛന്‍ എന്ന് പത്രത്തില്‍ വായിച്ചു"

ഇയാള്ക്ക് ഒരു പ്രമോഷനും വിവാഹത്തിന്നു മുന്പേ കൊടുത്തു എന്ന് ആരും കേട്ടില്ലേ ?