Thursday, May 15, 2008

സ്വാമി ബലാത്സംഗാനന്ദ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.

സെറാഫിന്‍ എന്ന സ്ത്രീ നാലുലക്ഷം ദിര്‍ഹം മൂന്നുനാലു വര്‍ഷം മുന്നേ കൈമാറിയെന്നും അവര്‍ പറ്റിക്കപ്പെട്ടെന്നും പോലീസില്‍ പരാതി നല്‍കിയാല്‍ യൂ ഏ ഈ ഇന്‍‌റ്റര്‍പോള്‍ റെഡ് നോട്ടീസ് ഇടും. അത്രയും മാത്രം തെളിഞ്ഞ് മനസ്സിലായി.


ഒന്ന്:
ഇനി, ഏതോ മാദ്ധ്യമം ചുവന്നപത്രത്തിലെ സന്തോഷ് മാധവന്‍ സ്വാമി ബലാത്സംഗാനന്ദനാണെന്ന് കണ്ടെത്തി.
അതും ശരി. എന്താണ്‌ പോലീസ് എടുക്കേണ്ട നടപടികള്‍?

൧. റെഡ് അലെര്‍ട്ട് ഒരു അറസ്റ്റ് വാറണ്ടല്ല, ആളെ അറസ്റ്റു ചെയ്യേണ്ടതുമില്ല, യൂ ഏ ഈ ഇന്റര്‍‌പോളിന്‌ സന്തോഷ് മാധവനെന്ന് സംശയിക്കുന്ന അല്ലെങ്കില്‍ ഉറപ്പായ ഒരാളിനെ കൊച്ചിയില്‍ കണ്ടെത്തിഈന്ന് വിവരം കൊടുക്കണം

൨. ചാരിറ്റി ആയി ആണെന്നും പിന്നീട് ഹോട്ടല്‍ ബിസിനസ്സ് തുടങ്ങാനാണെന്നും മാറ്റിപ്പറഞ്ഞ മൊഴികളുമായി സെറാഫിന്‍ എന്ന സ്ത്രീ അരക്കോടിയോളം രൂപ പണമായി ദുബായി എയര്‍പ്പോര്‍ട്ടില്‍ വച്ച് സന്തോഷിനു കൈമാറി എന്നു പറയുന്നു. രണ്ടു തരത്തിലായാലും ഇത് പണം തട്ടിപ്പിനെക്കാള്‍ വലിയ കുറ്റമാണ്‌ - FEMA 1999 പ്രകാരം ഇത്രയും ഒരു തുക സംഭാവന നല്‍കണമെങ്കില്‍ എന്‍ ആര്‍ ഐക്ക് റിസ‌ര്വ് ബാങ്കിന്റെ നിശ്ചിത ഫോറം പൂരിപ്പിച്ച് മുന്‍‌കൂര്‍ അനുമതി വാങ്ങുകയും പണം നാട്ടിലെ എന്‍ ആര്‍ ഈ അക്കൗണ്ടില്‍ നിന്നോ അല്ലെങ്കില്‍ ബാങ്കിങ്ങ് ചാനല്‍ വഴി ട്രാന്‍സ്‌ഫര്‍ ചെയ്യുകയോ ആണ്‌ വേണ്ടത്. ബിസിനസ്സ് നടത്താനുള്ള പണമാണെങ്കിലും എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്നോ ബാങ്ക്‌ട്രാന്‍സ്ഫര്‍ വഴിയോ മാത്രമേ അയക്കാവൂ. ട്രാവലേര്‍സ് ചെക്ക്, വിദേശ കറന്‍സി, രൂപ എന്നിവ കൊടുക്കാന്‍ പാടില്ലെന്നു മാത്രമല്ല, യാതൊരു കാരണവശാലും വിദേശത്തുവച്ച് പണം കൈമാറ്റം ചെയ്യാന്‍ പാടില്ല ഈ രണ്ടു കേസ് ആയാലും. സെറാഫിന്‍ ചെയ്ത ഹവാല ഇടപാട്- ചന്ദ്രസ്വാമിയെ വരെ പുറം ലോകം കാണാതെ ജയിലിലാക്കിയ കുറ്റം- അവര്‍ തന്നെ സമ്മതിച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക അഴിമതിക്കേസ് ഇന്ത്യയില്‍ ഫയല്‍ ചെയ്യുകയുമാണ്‌ വേണ്ടത്.ഫെമ കുറ്റങ്ങളില്‍ പണം കൊടുത്തയാള്‍ കൂടുതല്‍ കുറ്റം ചെയ്തതിനാല്‍ സെറാഫിനാണ്‌ ഒന്നാം പ്രതിയാകേണ്ടത്. പകരം പോലീസും മാദ്ധ്യമങ്ങളും അവരെ വഞ്ചിക്കപ്പെട്ട പാവം സ്ത്രീയായി കാണിക്കുന്നതെന്താണ്‌? അവരുടെ പണം തിരിച്ചു ചോദിക്കത്തക്കതല്ല ( കണ്‍‌സിഡറേഷന്‍ ഫോര്‍ അണ്‍‌ലാഫുള്‍ ഓബ്ജക്റ്റീവ് എന്ന നിലയില്‍) പിന്നെന്തു വഞ്ചിത?

അണ്‍‌ലാഫുള്‍ ഓബ്ജക്റ്റീവ് എന്താണെന്ന് വ്യക്തമാകാത്തവര്‍ക്ക്-
" പ്രിയ സര്‍ക്കിള്‍ ഇന്‍സ്പ്കെറ്റര്‍ ഏമാന്‍ അറിയാന്‍, എന്റെ കൂടെ ലോഡ്ജില്‍ വരാമെന്ന് പറഞ്ഞ് ഒരു പെണ്ണ് എന്നോട് ആയിരം രൂപ വാങ്ങിച്ചിട്ട് മുങ്ങിക്കളഞ്ഞു, ദയവായി ആ പൈസ തിരിച്ചു വാങ്ങാന്‍ അന്യായമാകണം" എന്നതിലും "ഞാന്‍ പട്ടയം അനുവദിച്ചു കിട്ടാന്‍ രവീന്ദ്രന്‍ തഹസീല്‍ദാര്‍ക്ക് പത്തു ലക്ഷം രൂപ കൊടുത്തു, പക്ഷേ പട്ടയം ഒന്നും കിട്ടിയില്ല" എന്നതിലും കോടതി നടപടി എടുക്കില്ല അതാണ്‌ അണ്‍-ലാഫുള്‍ ഓബ്ജക്റ്റീവ്. ഹവാല കുറ്റകൃത്യമാണ്‌ അതിനു കൊടുത്ത പണം കൊട്ടേഷന്‍ പാര്‍ട്ടിക്ക് ഇടിക്കാന്‍ കൊടുത്ത പണം പോലെ ആണ്‌.രണ്ട്:
ബലാത്സംഗാനന്ദന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയും ഇത്തരം ഒരു കുറ്റം വയലന്റ് ആയി നിഷേധിക്കുകയും ചെയ്തത്രേ. ശേഷം മുങ്ങിക്കളഞ്ഞു. ഇയാള്‍ മുങ്ങിയെങ്കില്‍ തീര്‍ച്ചയായും സ്ഥാപനത്തില്‍ റെയിഡുണ്ടാവുമെന്ന് അയാള്‍ക്കറിയാമായിരുന്നു. എന്തുകൊണ്ട് ഇയാള്‍ കുറേ നീല സിഡികളും കഞ്ചാവും ഇട്ടിട്ട് പോയി? ഇതിലും വലിയ ഏതോ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസിനെ വഴി തെറ്റിക്കുകയാണോ? സംശയിക്കാന്‍ കാരണം ഇയാള്‍ക്ക് വലിയ പോലീസ് ഉദ്യോഗസ്ഥരുമായും മറ്റുന്നതരുമായും അടുത്ത ബന്ധമുള്ള സ്ഥിതിക്ക് ഒരു വിഢിയെപ്പോലെ പെരുമാറാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്ന് മാത്രമല്ല, ഏറ്റവും പൊതിയാത്തേങ്ങ കേസുകള്‍ സമ്മാനിക്കാനും കഴിയും എന്നതാണ്‌. അതോ അവരെല്ലാം ചേര്‍ന്ന് ഈ വിഢ്യാനന്ദനെ കുഴിയില്‍ ചാടിച്ച് സ്വന്തം തടി ഊരുകയായിരുന്നോ?

മൂന്ന്:
സ്വാമിയണ്ണന്റെ ജാമ്യാപേക്ഷ കോടതില്‍ കിടക്കവേ കാറില്‍ നിന്നും പോലീസ് പൊക്കുന്നു. ജാമ്യം അനുവദിക്കാന്‍ സാദ്ധ്യത കണ്ട് കസ്റ്റഡിയിലുള്ള പരമാവധി നേരം ഇയാളെ ചോദ്യം ചെയ്യാനാണ്‌ ഏതു ഹേഡ് കുട്ടന്‍ പിള്ളയും ശ്രമിക്കുക. തൊട്ടടുത്ത് കോടതിയില്‍ ജാമ്യം പരിഗണിക്കുമ്പോള്‍ പോലീസ് ഇയാളെ ക്ലബ്ബില്‍ നിര്‍ത്തി പത്രസമ്മേളനം വിളിച്ച് ജാഡ കാട്ടുകയായിരുന്നു. ഇതെന്തു മറിയാമ്മം?

നാല്‌:
ഇയാളെപ്പറ്റി ഇയാള്‍ നടത്തിയിരുന്ന അനാഥാലയത്തിലെ ബാലികമാര്‍ ലൈംഗിക പീഡനം ആരോപിക്കുന്നു, ആരോപണം ഉയര്‍ന്നതിന്റെ അടുത്ത ദിവസം ഇയാള്‍ അറസ്റ്റിലാകുകയും ക്ഷണം കുറ്റം സമ്മതിക്കുകയും ചെയ്യുന്നു. ഒരുത്തനെ കിട്ടിയാല്‍ അവന്‍ ജാക്ക് ദ റിപ്പറും കെന്നഡിഘാതനും ആണെന്ന് സമ്മതിപ്പിക്കാന്‍ കേരളാപ്പോലീസിനു കഴിയും പക്ഷേ ഒറ്റ രാത്രികൊണ്ട് അത് സാധിച്ചിട്ട് അടുത്ത ദിവസം വെളുക്കെ ചിരിച്ചു നില്‍ക്കുന്ന അവനെയും കൊണ്ട് പത്രസമ്മേളനം വിളിക്കാന്‍ പറ്റില്ല (ഞണ്ട്, ഗരുഡന്‍ തൂക്കം, ഉരുട്ടല്‍, നഖം പറി, ലിംഗ‌വിളക്ക്, മീശപിഴല്‍, കാവടി, ഫ്രോസണ്‍ ചിക്കന്‍, പറങ്കിപ്പുക, തൂക്കുകട്ട, കിഡ്ണികലക്കന്‍ മുതല്‍ സാദാ ലാത്തിക്കടി വരെ ടെല്‍‌ടെയില്‍ സൈന്‍ തരും. അടുത്ത ദിവസം പൊതു ദര്‍ശനത്തിനു വയ്ക്കേണ്ട സാധനമാണെങ്കില്‍ നെഞ്ചത്തു കുഷനിട്ട് കൊട്ടുവടിക്കു കീച്ചുകയോ മറ്റോ പോലെ അവന്റെ ആരോഗ്യം എന്നെന്നേയ്ക്കുമായി തകര്‍ക്കാന്‍ അല്ലാതെ കുറ്റം സമ്മതിപ്പിക്കാനുള്ള തേഡ് ഡിഗ്രീ പറ്റില്ല)

ഈ പീഡനമെല്ലാം ഫാസ്റ്റ് ട്രാക്കില്‍ ശിക്ഷിച്ചാല്‍ പത്തു നാല്പ്പത്തെട്ട് വയസ്സില്‍ സാമിക്ക് ഇറങ്ങി ആശ്രമം റീ എസ്റ്റാബ്ലിഷ് ചെയ്യാം. ആയുധക്കച്ചവടം, ഭീകരവാദം, മാഫിയാ ബന്ധം, ചാരവൃത്തി തുടങ്ങി ഇതിലും വലിയ ശിക്ഷയോ വധശിക്ഷ കിട്ടാവുന്നതരം പൈശാചികമായ കൊലപാതകമോ ഇയാള്‍ ചെയ്തതില്‍ നിന്നും രക്ഷപ്പെടാനാണോ ഇങ്ങനെ ഒരു ഉടന്‍‌സമ്മത കേസ്?


അഞ്ച്:
സ്വാമി ബലാത്സംഗാനന്ദയുടെ താന്ത്രികപ്പുരയുടെ ചിത്രങ്ങള്‍ (പോലീസ് എടുത്തത് എന്നു പറയപ്പെടുന്നു) കുറേ ദിവസമായി നെറ്റില്‍ കറങ്ങുന്നുണ്ട്. അതില്‍ മൂര്‍ത്തികളുടെ പടത്തിനൊപ്പം ശ്രീനാരായണ ഗുരുവിനെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. മന്ത്രവാദിളുടെയും ആഭിചാരികളുടെയും തീക്കുണ്ഡത്തിലെ നെയ്യിനും പ്രാര്‍ത്ഥനയിലെ സോപ്പിടലിനും വശപ്പെട്ട് അനുഗ്രഹവും ശത്രുസം‌ഹാരവും നടത്തുന്ന ഒരു ശക്തിയാണ്‌ ഗുരുദേവനെന്ന് ഈ സാമിയോ ഭക്തന്‍‌മാരോ വിശ്വസിക്കുന്നുണ്ടോ? ആ മഹാന്റെ മേല്‍ ഇങ്ങനെ അമേദ്ധ്യം ചൊരിയാന്‍ കാരണമെന്താണ്‌?

ബലാത്സംഗാനന്ദന്‍ ഒരു വ്രണമാണ്‌. മലയാളിമനസ്സാകെ പുഴുത്തു പഴുത്താല്‍ എവിടെയെങ്കിലും കുരു പൊട്ടിയേ ആകൂ.

മര്യാദയ്ക്ക് ജീവിക്കാന്‍ താല്പ്പര്യമില്ലാത്ത പ്രവാസി മലയാളി നോട്ടിരട്ടിപ്പുകാരനും ആയുധക്കടത്തുകാരനും ഹവാലപ്പണം നല്‍‌കിയാല്‍;

റീയല്‍ എസ്റ്റേറ്റും മറ്റുമായി എങ്ങും കേട്ടിട്ടില്ലാത്ത ആളുകള്‍ ജനമദ്ധ്യത്തില്‍ പൊന്തിയാല്‍;

അവനവന്‍ അദ്ധ്വാനിച്ച് മനസ്സമാധാനമായി കിട്ടുന്നതും കൊണ്ട് ജീവിക്കാതെ ആളുകള്‍ ജയിക്കാനും തോല്‍ക്കാനും ചാകാനും കൊല്ലാനും മന്ത്രവാദികളുടെയും സ്വാമിയുടെയും പിന്നാലെ ഓടിയാല്‍;

പോലീസും അധികാരവും രാഷ്ട്രീയവും പൊതുജനവും ദുര്‍മ്മാര്‍ഗ്ഗികളോട് സമ്പര്‍ക്കം പുലര്‍ത്താന്‍ മത്സരിച്ച് ഉല്‍‌സാഹിച്ചാല്‍;

യക്ഷി, പ്രേതം, മന്ത്രവാദം, ഉച്ചാടനം, പ്രേതം പിടിക്കത്തനാര്‍, ദൈവങ്ങള്‍ പുനര്‍ജ്ജനിച്ച് മലയാളികളാകല്‍ തുടങ്ങിയ ഇടപാടുകള്‍ ടെലിവിഷത്തിലും സിനിമയിലും കണ്ട് കുട്ടികള്‍ വളര്‍ന്നാല്‍;

ഇടയ്ക്കിടെ ഇമ്മാതിരി കരുക്കള്‍ പൊട്ടും. പൊട്ടട്ടെ, കുറേ പഴുപ്പ് ഒലിച്ചു പോകട്ടെ. അസുഖം കുറയും.

എവിടെങ്കിലും ഒരു ദിവ്യനുണ്ടെന്ന് കേട്ട് ചാടിപ്പുറപ്പെടുന്നവര്‍ ഓര്‍ക്കുക, നിങ്ങള്‍ ശരിയായ ഭക്തികൊണ്ട് അയാളെപ്പോയി കണ്ട് അനുഞം വാങ്ങി വന്നാല്‍ പോലും നാളെ അയാള്‍ പിടിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കും അമ്മപെങ്ങന്മാര്‍ക്കും നാട്ടില്‍ ജീവിക്കാന്‍ പറ്റാത്തത്ര അപവാദങ്ങള്‍ പരക്കും.

16 comments:

അനില്‍ശ്രീ... said...

അന്റണി, ഞാന്‍ പറയേണ്ടതെല്ലാം നിങ്ങള്‍ പറഞ്ഞിരിക്കുന്നു. ഗുരുദേവന്റെ ചിത്രം അതിനിടയില്‍ കണ്ടപ്പോള്‍ എനിക്കുണ്ടായ ചിന്ത വരെ പകര്‍ത്തിയിരിക്കുന്നു. സബാഷ്...

സെറാഫിന്‍ എന്നല്ല, ഇവനാല്‍ വഞ്ചിക്കപ്പെട്ടു എന്ന് പറയുന്ന ഒരു അലവലാതിക്കും ഒരു പൈസയും തിരികെ കിട്ടരുതെന്നാണ് ഞാന്‍ പറയുന്നത്. ഇവനെ ഒക്കെ കണ്ട് പൈസ കൊടുക്കുന്നവനെ ഒക്കെ ചൂലെടുത്ത് അടിക്കണം. അതു തന്നെയാണ് എന്റെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞതും.

പിന്നെ ഒരു കാര്യം കൂടി. സെറഫിന്‍ എന്ന സ്ത്രീ കാണിച്ചത് നിയമപരമായി തെറ്റാണെങ്കിലും അവര്‍ ഒന്നു ചെയ്തു. അവന്‍ പറ്റിച്ചു എന്ന് പറഞ്ഞ് മൂന്ന് നാലു വര്‍ഷം മുമ്പ് തന്നെ ഒരു പരാതി എങ്കിലും കൊടുത്തു. അതും ചെയ്യാന്‍ കഴിയാത്ത എത്ര പേര്‍ കാണും? കാരണം എല്ലാം ബ്ലാക്ക് ആണല്ലോ.

മറ്റൊരാള്‍\GG said...

“ചാരിറ്റി ആണെന്നും പിന്നീട് ഹോട്ടല്‍ ബിസിനസ്സ് തുടങ്ങാനാണെന്നും മാറ്റിപ്പറഞ്ഞ മൊഴികളുമായി സെറാഫിന്‍ എന്ന സ്ത്രീ അരക്കോടിയോളം രൂപ പണമായി ദുബായില്‍ വച്ച് സന്തോഷിനു കൈമാറി എന്നു പറയുന്നു.“

ഈ വാര്‍ത്തയുടെ തുടക്കും മുതലേ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ്. “ദുബായില്‍ ജോലിയും, പിന്നീട് വര്‍ഷങ്ങളോളം ബിസ്നസും ചെയ്യുന്ന ഒരാള്‍, ഇത്രയും വലിയ ഒരു തുക യാതൊരും രേഖകളും ഇല്ലാതെ, സാക്ഷികളില്ലാതെ, കൈമാറ്റം ചെയ്യാന്‍ മുതിരുമോ? പിന്നീട് കേസിലെ പ്രതി കേരളത്തിലുണ്ട് എന്നറിഞ്ഞിട്ടും ശക്തമായ അനന്തര നടപടികള്‍ക്ക് മുതിരാതിരിക്കുക.“
വളരെ വിചിത്രമായി തോന്നുന്നു, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍..

വളരെ വ്യത്യസ്തവും സത്യസന്ധവുമായ ചോദ്യങ്ങള്‍ക്ക് നന്ദി സാര്‍. സന്തോഷ് എന്ന “കോഴിക്കള്ളന്റെ” മാത്രം പുറകേ
പോയ എല്ലാവിധ മാധ്യമങ്ങളും(ഇന്‍‌വെസ്റ്റീവ് ജേര്‍ണലിസ്റ്റ്സ് പോലും!) എന്തേ ഈ രീതിയില്‍ ഇതുവരെ ചിന്തിച്ചില്ല.

അണ്‍‌ലാഫുള്‍ ഓബ്ജക്റ്റീവിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കി തന്നതിന് വളരെ നന്ദി.

“ഞണ്ട്, ഗരുഡന്‍ തൂക്കം, ഉരുട്ടല്‍, നഖം പറി, ലിംഗ‌വിളക്ക്, മീശപിഴല്‍, കാവടി, ഫ്രോസണ്‍ ചിക്കന്‍, പറങ്കിപ്പുക,തൂക്കുകട്ട, കിഡ്ണികലക്കന്‍ മുതല്‍ സാദാ ലാത്തിക്കടി വരെ ടെല്‍‌ടെയില്‍ സൈന്‍ തരും.“ വായിച്ചപ്പോള്‍ തന്നെ പേടിയായി. പിന്നെ സമയമുള്ളപ്പോള്‍ ഇതൊക്കെ ഒന്ന് വിവരിക്കമോ?

ശാലിനി said...

വളരെ വ്യത്യസ്തമായ ചോദ്യങ്ങള്‍!
പറയേണ്ടതെല്ലാം പറഞ്ഞിരിക്കുന്നു.

കിനാവ് said...

ഒരു ദൈവവിശാസി യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ദൈവത്തിനും തനിക്കുമിടയില്‍ ഒരു ഇടത്തട്ടു ദൈവത്തിനു സ്ഥാനം നല്‍കുമോ? സ്വയം തന്നില്‍ വിശാസമില്ലാതാകുമ്പോഴല്ലേ തനിക്കു വേണ്ടി പറയാന്‍ ഇടത്തട്ടുകാരെ നാം കൂലിക്കു വെക്കുന്നത്. സ്വയം വിശാസമില്ലാത്തവനെങ്ങിനെയാണ് ദൈവത്തില്‍ വിശാസമുണ്ടാകുക. അവരാണ് യഥാര്‍ത്ഥ അവിശാസികള്‍. തനിക്ക് തന്നിലും ദൈവത്തിലുമുണ്ടായിട്ടുള്ള അവിശാസത്തെ മറച്ചു വെക്കുവാന്‍ അവര്‍ തേടുന്ന പ്രത്യക്ഷമായ ദാസ്യതയാണ് സന്തോഷ്മാധവനേയും മറ്റ് ഇടനില ദൈവങ്ങളേയും വളര്‍ത്തികൊണ്ടുവരുന്നത്. പിടിക്കപ്പെടും വരെ നമ്മുടെ മാധ്യമങ്ങളും അവരുടേറ്റ് ദാസന്മാര്‍ തന്നെ.

Radheyan said...

അണ്ണാ,ചില നിയമ സംശയങ്ങള്‍...

ദുബായിലുള്ള ഞാന്‍ ദുബായിലുള്ള അണ്ണന് ദിര്‍ഹം കൈമാറിയാല്‍ അത് ഫെമാ കുറ്റമാകുമോ.അവര്‍ കൈമാറിയത് എയര്‍പ്പോര്‍ട്ടിലല്ല.പല ഘട്ടങ്ങളിലായി അവരുടെ ഓഫീസിലും ഒരു ഹോട്ടലിലും വെച്ചാണ്.അതിന്റെ ഇന്റെന്‍ഷന്‍ ദുബായില്‍ ഒരു ഹോട്ടല്‍ (റോയല്‍.....)വാങ്ങാനും അതിലെ ലാഭം ചാരിറ്റിക്ക് ഉപയോഗിക്കാനുമാണ്.സ്പോണ്‍സര്‍ എന്ന നിലയില്‍ ഒരു അറബിയെയും വേഷം കെട്ടിച്ച് കൊണ്ട് വന്നു( അക്കരെ നിന്നൊരു മാരന്‍ സിനിമയില്‍ ശ്രീനിവാസന്റെ വേഷം ബലാത്സംഗാനന്ദ കണ്ടോ ആവോ).അപ്പോള്‍ ഫെമാ ആപ്ലിക്കബിള്‍ അല്ലല്ലോ അല്ലേ....അതില്‍ malafide intentions ആരോപിക്കനും കഴിയില്ല.പക്ഷെ ഇങ്ങനെ കാശ് കൊടുക്കാന്‍, അതും ചെക്ക് പോലുമല്ല,ഇവര്‍ അത്ര മണ്ടിയാണോ എന്ന ചോദ്യം ബാക്കി കിടക്കുന്നു.

മുന്‍‌കൂര്‍ ജാമ്യം ആപ്ലിക്കബിള്‍ ആകുന്നത് ആളെ കസ്റ്റഡിയില്‍ എടുക്കുന്നതിനു മുന്‍പേ ആണ്, സ്പെസിഫിക്കായി പറഞ്ഞാള്‍ അറസ്റ്റ് രെജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ്.അറസ്റ്റ് ചെയ്താല്‍ കോടതി പിന്നീട് അതില്‍ ചാടി കയറി ഇടപെടില്ല.24 മണിക്കൂറിനുള്ളില്‍ മെജിസ്റ്റ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.സാധാരണഗതിയില്‍ ജുഡീഷ്യല്‍ റിമാന്റില്‍ വിടും.അതു കൊണ്ട് പ്രതി തങ്ങളുടെ കൈയ്യില്‍ തന്നെ കാണും എന്നത് പോലീസിന് ഉറപ്പായിരുന്നു.എന്നിരുന്നാലും ഇത്തരം ഷോപ്പീസുകള്‍ ഒഴിവാക്കണമെന്ന് കോടതി തന്നെ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്.തന്ത്രി കേസില്‍ പദ്മകുമാറിന് ഇത്തരമൊരു പത്രസമ്മേളനത്തിന്റെ പേരില്‍ സ്ഥലം‌മാറ്റം നേരിടേണ്ടി വന്നു.

അനില്‍ശ്രീ... said...

രാധേയാ,
ഈ ചൊദ്യം ഞാന്‍ അറിയാവുന്ന ആരോടെങ്കിലും ചൊദിച്ചിട്ട് എഴുതാം എന്ന് കരുതിയാണ് മുമ്പേ ഒഴിവാക്കിയത്. ഇവിടുത്തെ കറന്‍സി, ഇവിടുത്തെ ബിസ്സിനസ്സിന് എന്ന് പറഞ്ഞ് കൈമാറിയാല്‍ അത് ഇന്‍ഡ്യാ ഗവണ്മെന്റിനെ അറിയിക്കണ്ടല്ലോ. ആ കൊടുക്കുന്ന കാശിന് ഇവിടെ ഒരു വെള്ളപ്പേപ്പറില്‍ രണ്ട് പേരുടെ വിറ്റ്നസോട് കൂടി ഒരു രേഖ ഉണ്ടാക്കിയാലും അത് നിയമപരം അല്ലേ? ആ കാശ് രണ്ടാമന്‍ ഇവിടെ ഉപയോഗിക്കാതെ നാട്ടിലേക്ക് മുങ്ങുമ്പോള്‍ അല്ലെ ഇവിടുത്തെ പോലീസിലോ ഇന്റര്‍പോളിലോ പെറ്റീഷന്‍ കൊടുക്കുന്നത്? ആന്റണി ഉദ്ദേശിച്ചിരിക്കുന്നത് വേറെയാണ് എന്നറിയാം. അദ്ദേഹം പറയുന്നത് നാട്ടിലെ ബിസ്സിനസ്സിന് മുടക്കുന്ന കാര്യമാണ് അല്ലേ?

ഇവരുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല. അങ്ങനെ രേഖ ഒന്നുമുണ്ടാക്കാതെ ഈ സ്ത്രീ കാശ് കൊടുത്തു എന്ന് പറയുന്നതില്‍ അസ്വാഭാവികത ഉണ്ട്. അതും ഒന്നോ ഒന്നരയോ ലക്ഷം ദിര്‍ഹം ഒരു കൂട്ടുകാരിയുടെ കയ്യില്‍ നിന്ന് വാങ്ങി കൊടുത്തു എന്നാണ് പറഞ്ഞത്. അതും സംശയാസ്പദം. ഇവിടെ ആരാണ് ഇത്രയും തുക ഒരാള്‍ ചോദിച്ചാല്‍ ഉടന്‍ എടുത്ത് കടം കൊടുക്കുന്നത് (പാസ്സ്പോര്‍ട്ട് വാങ്ങി വച്ചിട്ട് പലിശക്ക് കൊടുക്കുന്നവര്‍ ഒഴികെ ).

ഇതിപ്പോള്‍ പിടിച്ച് അകത്തിട്ടിരിക്കുന്നത് ഇന്റര്‍പോളിന് വിട്ടു കൊടുക്കാതെ ഇരിക്കാനല്ലേ? അതിനിടയില്‍ സെറാഫിനെ ഒതുക്കിയാല്‍ മതിയല്ലോ

ഇനിയും ഒത്തിരി സംശയം ബാക്കി...

ബഷീര്‍ വെള്ളറക്കാട്‌ said...

അതെ.. ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ തന്നെ..

ഈ നാടകങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന പതിവ്‌ ആവര്‍ത്തിക്കാതിരിക്കണം.. ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കാള്‍ പലതും ആരോ ഒളിപ്പിക്കാന്‍ തീവ്രമായി ശ്രമിയ്ക്കുന്നുണ്ടെന്ന് തോന്നുന്നു.

Radheyan said...

അനില്‍,
ഇവിടെ ഒരു പണം കൈമാറ്റം നടന്നാല്‍,അത് ഇന്ത്യക്കാര്‍ തമ്മിലാണെങ്കില്‍ പോലും ഫെമാ ബാധകമല്ല,അതിന്റെ ഉദ്ദേശം പണം ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുക അല്ലായിടത്തോളം.പണം കൈമാറുമ്പോള്‍ ഇവിടെ വിറ്റ്നെസ് വേണമെന്നുപോലുമില്ല.വെറും വെള്ളകടലാസ്സില്‍ ഒപ്പിട്ടു കിട്ടിയാല്‍ പോലും രേഖയായി.(സ്റ്റാമ്പ് നിയമങ്ങള്‍ ഇവിടെയില്ല)

ശരിക്കും മറ്റൊരു ചോദ്യമുണ്ട്.ഇന്റ്റര്‍പോളില്‍ കേസു കൊടുത്തു എന്ന് ഈ സ്ത്രീ പറയുന്നതൊക്കെ വിവരക്കേടാണ്.ദുബായി പോലീസ് പ്രതിയെ കുറിച്ചുള്ള ഡീറ്റെയിത്സ് ഇന്റര്‍പോളിന് കൈമാറാന്‍ ആണ് സാധ്യത.ഇന്റര്‍പോള്‍ സാധാരണഗതിയില്‍ ഓരോ രാജ്യത്തെയും നോഡല്‍ ഏജന്‍സിയില്‍ഊടെ ആണ് വര്‍ക്ക് ചെയ്യുന്നത്,അല്ലാതെ നയിഫ് പോലീസ് സ്റ്റേഷന്‍ എന്നോ പുന്നപ്ര പോലീസ് സ്റ്റേഷന്‍ എന്ന് പറയുന്ന പോലെ ഒരു ഓഫീസുമായി ഇരിക്കുകയല്ല നേരിട്ട് പരാതി സ്വീകരിക്കാന്‍.ഇവിടുത്തെ നോഡല്‍ ഏജന്‍സി ദുബായി പോലീസും നാട്ടിലേത് സി.ബി.ഐയുമാണ് എന്ന് അനുമാനിക്കുന്നു.

ഇന്റര്‍പോളിനു ഉടന്‍ കൈമാറണമെന്ന് നിര്‍ബന്ധമില്ല.ഒരു കാരണം അയാള്‍ക്കെതിരേ നാട്ടില്‍ തന്നെ ആവോളം ചാര്‍ജ്ജുകള്‍ ഉണ്ട്.മറ്റൊന്ന് ഒരു ഇന്ത്യക്കാരന്‍ ലോകത്ത് എവിടെ വെച്ചും ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ ഒരു കുറ്റം ചെയ്താല്‍,ഇന്ത്യയില്‍ വിചാരണ ചെയ്ത് ശിക്ഷിക്കാം.സാധരണ അത് ചെയ്യാറില്ല എങ്കിലും.പക്ഷെ ഇവിടെഒരു പ്രത്യേകത പരാതിക്കാരിയും ഇന്ത്യക്കാരി ആണെന്നതാണ്.

ഒരു തമാശ ഫ്രോഡ് ഇവിടെയാണെങ്കില്‍ തെളിയിക്കാന്‍ അധികം പ്രൂഫ് ആവശമില്ല,നാട്ടിലാണെങ്കില്‍ അതിനും ഡോക്യുമെന്റ്സോ ചെക്കോ സാക്ഷികളോ ഒക്കെ വേണം.ഇവരുടെ കേസില്‍ അതില്ല എന്ന് എനിക്ക് സംശയമുണ്ട്.

ഓടോ: ശ്രീ ശ്രീ ഒക്കെ സത്‌സംഗമൊക്കെ നടത്തുന്നു,ഞാനൊരു ബലാത്സംഗം എങ്കിലും നടത്തേണ്ടേ എന്ന് അമൃതചൈതന്യ....

അനോണി മാഷ് said...

സന്തോഷ് മാധവനെ പോലീസ് പിടിച്ചത് അയാളുടെ കഷ്ടകാലം! എന്നു വച്ച് ഞാന്‍ പൂജിക്കണ അമ്മയും ബാബയും ഒക്കെ ഫ്രോഡാന്ന് സമ്മതിക്കൂല കേട്ട. ഒന്നുമില്ലേല്‍ നാട്ടുകാര്‍ക്ക് ആശുപത്രീം കോളേജുമൊക്കെ അനുവദിച്ചരുളുന്ന ദൈവങ്ങളല്ലേ. അമ്പലത്തിലും പള്ളീലുമൊക്കെ പോയി ഒറിജിനല്‍ ദൈവങ്ങളെക്കാണാന്‍ ഇപ്പോ എന്നാ ചെലവാ ആന്റണീ, ആള്‍ദൈവങ്ങളാവുമ്പൊ ആ ചെലവെങ്കിലും കൊറഞ്ഞു കിട്ടും!

അനോണി ആന്റണി said...

രാധേയാ,
ന്യൂസ് ക്ലിപ്പിങ്ങില്‍ സീക്വന്‍സ് വെട്ടി വെട്ടി തുണ്‍റ്റാക്കി നാട്ടില്‍ ചാരിറ്റി ഹോട്ടല്‍ തുടങ്ങാന്‍ നാലു ലക്ഷം ദിര്‍ഹം എന്നൊക്കെയാണ്‌ കാണിച്ചത്, നാട്ടില്‍ ഹോട്ടല്‍ തുടങ്ങാന്‍ എന്ന് ഞാന്‍ അനുമാനിച്ചത് തെറ്റാണെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്. ദുബായില് ഹോട്ടല്‍ വാങ്ങിക്കാന്‍ ആണെങ്കില്‍ ഫെമ വയലേഷന്‍ വരുന്നില്ല, രാധേയന്‍ പറഞ്ഞതാണ്‌ ശരി. ഇവിടെ സോഴ്സ് ഡിക്ലയര്‍ ചെയ്യുകയും വേണ്ട. there is no proven malafide inention ക്യാഷായി ക്യാപിറ്റല്‍ കൊടുക്കാന്‍ കാരണമെന്തെന്ന ചോദ്യം മാത്രം ബാക്കിയായി.


മുന്‍‌‌കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണയ്ക്ക് എടുക്കും വരെ പോലീസ് അറസ്റ്റ് അനൗണ്‍സ് ചെയ്തില്ലായിരുന്നു. അതായത് ആളെ അറസ്റ്റ് ചെയ്തെന്ന് രേഖപ്പെടുത്തും മുന്നേ മുന്‍‌കൂര്‍ ജാമ്യം അനുവദിക്കുമോ എന്നും നിശ്ചയമില്ല, അറസ്റ്റിയെന്ന് പറഞ്ഞാല്‍ മജിസ്റ്റ്രേട്ട് റിമാന്‍ഡ് അനുവദിക്കുമോ എന്നും നിശ്ചയമില്ല. കിട്ടിയ സമയം, ജാമ്യത്തിന്റെയും റിമാന്‍ഡിന്റെയും കാര്യം തീരുമാനമാകാത്ത സ്ഥിതിക്ക് പരമാവധി ചോദ്യം ചെയ്യാനല്ലേ ശ്രമിക്കൂ, പകരം എന്തിനായിരുന്നു പത്രസമ്മേളനവും പ്രദര്‍ശനവും? നാട്ടുകാരാണോ ഇനി ശിക്ഷ വിധിക്കേണ്ടത്?


അനില്‍ശ്രീ,
ഇന്റര്‍‌പോള്‍ റെഡ് അലെര്‍ട്ട് എന്നാല്‍ അറസ്റ്റുവാറണ്ടൊന്നുമല്ല, ആളെക്കുറിച്ച് വിവരമുണ്ടെങ്കില്‍ ഒരു കേസിന്റെ കാര്യത്തിനു വേണ്ടി അറിയിക്കണം എന്ന് അംഗരാജ്യങ്ങളിലെ പോലീസിനോട് ഒരു അഭ്യര്‍ത്ഥനമാത്രമാണ്‌. റെഡ് അലര്‍ട്ടിന്റെ പേരില്‍ ഒരു നാട്ടിലും ഒരു നിയമനടപടിയും എടുക്കേണ്ടതില്ല.
linkinu nandi, vaayikkam
ജിജി,
പോലീസ് നിഘണ്ടു - മലയാളം
ഞണ്ട്- ചൂരല്‍ വള്ളിയോ ടെമ്പേര്‍ഡ് സ്റ്റീലോ കൊണ്ടുണ്ടാക്കിയ നാടന്‍ നക്കിള്‍ ക്രാക്കര്‍. ഇതിനുള്ളില്‍ ഒരുത്തന്റെ കൈ എടുത്തുവച്ച് അമര്‍ത്തിയാല്‍ കൈവിരല്‍ക്കെട്ടുകള്‍ പപ്പടം പോലെ പൊടിയും. പ്രഷര്‍ കൂടുന്നതനുസരിച്ച് പ്രാണവേദനയും കൂടും.

ഗരുഡന്‍ തൂക്കം- തലകീഴായി കപ്പിയില്‍ കെട്ടിത്തൂക്കി പൊക്കിയും താഴ്ത്തിയും ഇടിക്കാം. ഇടി തന്നെ വേണമെന്നില്ല, കാലേല്‍ തൂക്കി വെറുതേ അരമണിക്കൂര്‍ ഇട്ടാല്‍ കണ്ണിലും ചെവിയിലും രക്തമൊഴുകുകയും തലച്ചോറില്‍ രക്തം സ്രവിക്കുകയും ഒക്കെ ചെയ്തോളും

ഉരുട്ടല്‍- പിടിച്ചു ബെഞ്ചില്‍ കെട്ടിയിട്ട് കാലില്‍ ഇരുമ്പോ തടിയോ കൊണ്ടുള്ള ഉലക്കകൊണ്ട് രണ്ടുപേര്‍ ബോഡി വെയിറ്റ് കൊടുത്ത് മുകളില്‍ നിന്നും താഴോട്ടും മേലോട്ടും ഉലക്കയുരുട്ടും. പേശികളെല്ലാം തകര്‍ന്ന് പഴം പരുവമാകും.

നഖമ്പറി- മൊട്ടുസൂചി കൊണ്ട് നഖത്തിന്റെ അടിയില്‍ അടിച്ചാല്‍ പ്ലെയര്‍ പിടിക്കാനുള്ള ഗ്യാപ്പ് കിട്ടും നഖത്തില്‍ പ്ലെയറിട്ടു പിടിച്ചാല്‍ അത് മെല്ലെ പറിഞ്ഞു പോരും- ഡെന്റിസ്റ്റ് പല്ലുപറിക്കും പോലെ

ലിംഗവിളക്ക് - ലിംഗത്തില്‍ തുണി ചുറ്റി വെളിച്ചെണ്ണയൊഴിച്ച് കത്തിക്കും- മണ്ണെണ്ണ ഉപയോഗിക്കരുത്, ആളിക്കത്തി അണഞ്ഞു പോകുകയേ ഉള്ളു

മീഴ പിഴല്‍- സിമ്പിള്‍. മീശരോമങ്ങള്‍ മൂന്നാലെണ്ണം വീതം പറിച്ചെടുക്കുക.

കാവടി- ചൈനക്കാരന്‍ വെള്ളം കൊണ്ടു പോകുമ്പോലെ തോളില്‍ വടി വച്ചു കെട്ടി രണ്ടുവശത്തും പാറകള്‍ തൂക്കുക. വീണാല്‍ തോക്കിന്റെ പാത്തിക്കടിയാണ്‌. ആള്‌ നിന്ന് കാവടിയാടുമ്പോലെ ആടുന്നത് കാണാം.

ഫ്രോസണ്‍ ചിക്കന്‍- ആളെപ്പിടിച്ച് തുണിയഴിക്കുക, ആറടി നീളമുള്ള ഐസ് ബ്ലോക്ക് അടുത്ത ചില്ലര്‍ പ്ലാന്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുക, രണ്ടും കൂടി ഒരു കയര്‍ കൊണ്ട് കെട്ടിയിടുക. വാണിങ്ങ്, ഐസ് ഉരുകി തീരും വരെ കിടത്തരുത്, ചത്തു പോകും.

പറങ്കിപ്പുക- ആളെ ഒരു ജനലുള്ള കുഞ്ഞു മുറിയില്‍ അടയ്ക്കുക, ജനലില്‍ പറങ്കിമുളക് കൂട്ടിയിട്ട് കത്തിക്കുക. പുക മുഴുവന്‍ നിറയുമ്പോള്‍ ജനല്‍ അടയ്ക്കുക.

തൂക്കുകട്ട. ഗരുഡന്‍ തൂക്കം പോലെ തന്നെ- ആളെ ഒരു ചാക്കില്‍ കെട്ടിയാണു തൂക്കുന്നതെന്ന് മാത്രം, പഞ്ചിങ്ങ് ബാഗ് പോലെ വട്ടം കൂടി നിന്ന് ഇടിച്ചുകളിക്കാം

കിഡ്ണികലക്കനിടി- ആളെപ്പിടിച്ച് മുട്ടിനിടയില്‍ കുനിച്ചു നിര്‍ത്തുക, ഒരു കൊട്ടുവടി കൊണ്ട് നട്ടെല്ലില്‍ നെട്ടനെ അടിക്കുക, കിഡ്ണി മാത്രമല്ല അവന്റെ അകത്തുള്ളത് സകലതും കലങ്ങിക്കിട്ടും.


ശാലിനി, അതേ ചോദ്യങ്ങള്‍ നിരവധി എല്ലാവര്‍ക്കും.

കിനാവ്,
നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട, സംശയങ്ങള്‍ മാറ്റിക്കൊടുക്കേണ്ട സ്ഥാനമാണ്‌ ഗുരുവിന്‌. ഇമ്മാതിരി മന്ത്രവാദികള്‍ ആ സ്ഥാനം കയ്യേറി ലെവലാക്കിത്തന്നു.

ബഷീര്‍,
തീര്‍ച്ചയായും അങ്ങനെ സംശയിക്കേണ്ടതാണ്‌. ആരെയോ ഊരാന്‍ ഇയാള്‍ തല വയ്ച്ചതാവാം/

അനോണിയണ്ണാ,
നമുക്ക് അനോണിയാശ്രമം തുടങ്ങിയാലോ, ചുമ്മാ കാശ് കുന്നുകൂടും.

vadavosky said...

unlawful objective ആയാല്‍ കോടതി കേസെടുക്കില്ല എന്നത്‌ രണ്ട്‌ ലീഗല്‍ മാക്സിം അടിസ്ഥാനപ്പെടുത്തിയാണ്‌. Ex turpi causa non oritur actio ( no action arise from an immoral cause) Ex dolo malo non oritur actio ( a right of action cannot arise out of fraud).

ഇത്തരം കേസുകളില്‍ കോടതി പ്രതിയെ പോലീസ്‌ കസ്റ്റഡിയില്‍ വിടുമെന്ന് ഉറപ്പാണ്‌. പ്രതിയെ അറസ്റ്റ്‌ ചെയ്താല്‍ പിന്നെ മുന്‍കൂര്‍ ജ്യാമ അപേക്ഷ കോടതി പരിഗണിക്കില്ല. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കോടതി ഓര്‍ഡര്‍ ഇപ്രകാരമാണ്‌ :- The petitioner shall be relased on bail in the event of arrest. പ്രതിയെ അറസ്റ്റ്‌ ചെയ്തു എന്ന് കോടതിയില്‍ പറഞ്ഞതുകൊണ്ട്‌ ജ്യാമപേക്ഷ കോടതി തള്ളി.

ബാബുരാജ് ഭഗവതി said...

കുറ്റം ചെയ്യുന്നവര്‍ നേരെ ദുബായില്‍ ചെന്ന് ചെയ്യണ മെന്ന് മനസ്സിലായി.
ഇന്റര്‍ പോള്‍ എന്നാല്‍ വലിയ പുള്ളിയാണെന്നു കരുതിയിരിക്കായായിരുന്നു ഞാന്‍.
അതൊരു കടലാസ്സു പുലി..

എ.ജെ. said...

പോലീസ് നിഘണ്ടു വേണ്ടായിരുന്നു....
ഭയാനകം തന്നെ......

അല്ല ഇവനൊക്കെ ഇതൊക്കെ കിട്ടണം... എന്നാലെ പുറത്തുള്ള ബാക്കി കള്ളന്മാര്‍ വല്ലതും പഠിക്കൂ...

പാര്‍ത്ഥന്‍ said...

താങ്കളുടെ അഭിപ്രായങ്ങള്‍ എനിക്കിഷ്ടമായതുകൊണ്ട്‌, എന്റെ പോസ്റ്റില്‍ ഇവിടെയ്ക്ക്‌ ഒരു ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

ഷിബു said...

സാമൂഹിക പ്രസക്തിയുള്ള ടോപ്പിക്. വളരെ നന്നായി അവതരിപ്പിച്ചു ...ഇത്തരം കപട വിശ്വാസികളെ ജാതിയും മതവും നോക്കാതെ നാം ഒറ്റക്കെട്ടായി എതിര്‍ക്കണം..പോസ്റ്റിങ്ങ്‌ തുടരുക.

ഇത സന്തോഷിനെ കൂടാതെ ആ വര്‍ഗ്ഗത്തില്‍ പെട്ട മറ്റു ചിലര്‍ ...ഇവിടെ നോക്കുക . വന്നു കണ്ടു അഭിപ്രായം എഴുതുക

http://kallapoocha.blogspot.com/

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇങ്ങനെയും എഴുതാന്‍ ആന്റണിയെപ്പോലെ ,അനില്‍ശ്രീയെപ്പോലെ ചിലരെങ്കിലുമുണ്ടല്ലോ എന്നത് ആശ്വാസം തരുന്നു !
ആശംസകളോടെ,