Monday, May 5, 2008

ബൈജി പോയി, ബന്ധുക്കളെയെങ്കിലും...

പണ്ടു പണ്ട് ചൈനയിലെ ഒരു രാജാവിന്റെ അതിസുന്ദരിയായ മകള്‍ ഒരു ദരിദ്രനെ പ്രണയിച്ചു. അപേക്ഷകളും ഭീഷണിയും മര്‍ദ്ദനവും കൊണ്ട് മകളെ പിന്‍‌തിരിപ്പിക്കാനാവാതെവന്നപ്പോള്‍ ആ ക്രൂരനായ ചക്രവര്‍ത്തി കുമാരിയെ യാങ്സേ നദിയില്‍ മുക്കിക്കൊന്നു. അവള്‍ ബൈജിയായി നദിയില്‍ ഉയിര്‍ത്തു, ബൈജികളെപ്പെറ്റു വളര്‍ത്തി. യാങ്സീതീരത്തുള്ളവര്‍ക്ക് ബൈജി സ്നേഹത്തിന്റെ പ്രതീകവും ശുഭദൃശ്യവുമാണ്‌.

ഇത് ഐതിഹ്യം. ബൈജി അധവാ യാങ്സീ നദീ ഡോള്‍ഫിന്‍ ഇനി ഐതിഹ്യങ്ങളില്‍ മാത്രമാണെന്ന് ഭയപ്പെടുന്നു. അമ്പതു വര്‍ഷം മുന്നേ ആറായിരത്തോളം ബൈജികള്‍ ഉണ്ടായിരുന്നു. അണക്കെട്ടുകളും മലിനീകരണവും വൈദ്യുതഷോക്ക് അടക്കം വിട്ട മത്സ്യബന്ധനവും അവയുടെ നില നില്പ്പ് അപകടത്തിലാക്കി. ബൈജി സം‌രക്ഷണ മേഖലയും നദീശുചീകരണ പദ്ധതിയുമൊന്നും സഹായിച്ചില്ല. അറ്റ കൈക്ക് ക്യാപ്റ്റീവിറ്റിയില്‍ വളര്‍ത്താന്‍ നോക്കി- ബൈജി അതിനും വഴങ്ങിയില്ല.

മനുഷ്യപുരോഗതിയുടെ രക്തസാക്ഷിയായി ഈ സുന്ദരസസ്തനികള്‍ മാറി. രണ്ടായിരത്താറ് സെന്‍സസില്‍ ബൈജികളെ ഒരെണ്ണം പോലും കണ്ടെത്താതെയായതില്‍ തുടര്‍ന്ന് "ക്രിട്ടിക്കലി എന്‍ഡേഞ്ജേര്‍ഡ്" എന്നതില്‍ നിന്നും " ഫങ്കഷണലി എക്സ്റ്റിങ്ക്റ്റ്" എന്ന വിഭാഗത്തിലേക്ക് ബൈജികളെ മാറ്റേണ്ടിവന്നു.

ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഡോള്‍ഫിനുകള്‍ ഈ ഭൂമുഖത്തുണ്ട്, മനുഷ്യന്‍ ചെയ്ത നാശംകൊണ്ട് അവയില്‍ അന്യം നിന്ന ആദ്യത്തേതായി മാറി ബൈജി. ഡോള്‍ഫിനുകള്‍ വളരെ ബുദ്ധിശാലികളും സ്നേഹമുള്ളവരുമാണ്‌. വായു ശ്വസിക്കുന്ന ജന്തുക്കള്‍ (മറ്റു ഡോള്‍ഫിനുകളടക്കം) വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ തുടങ്ങുന്നെന്ന് കണ്ടാല്‍ ഡോള്‍ഫിനുകള്‍ അവയെ ഉപരിതലത്തിലേക്ക് ഉയര്‍ത്തി ശ്വാസം കൊടുക്കാറുണ്ട്. സ്രാവുകളില്‍ നിന്നും നീന്തല്‍ക്കാരെ ഡോള്‍ഫിനുകള്‍ രക്ഷിച്ച കഥകളും ഏറെയുണ്ട്. ഡോള്‍ഫിനുള്ള സ്ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവച്ചുകൊടുത്താല്‍ അവ അതു കേള്‍ക്കാന്‍ വന്നു നില്‍ക്കാറുമുണ്ട് (എന്റെ സ്വന്തം അനുഭവങ്ങളില്‍നിന്ന്)


ബൈജിയുടെ ഉറ്റബന്ധുക്കളാണ്‌ സുസു (സിന്ധു-ഗംഗാ ഡോള്‍ഫിനുകള്‍ ) മെക്കോങ്ങ് ഇറവാദി (ഫ്രഷ് വാട്ടര്‍ ഇറവാഡി) ബോട്ടോ (ആമസോണ്‍ റിവര്‍ ഡോള്‍ഫിന്‍) എന്നിവ. ഇവയില്‍ ബോട്ടോ മാത്രമാണ്‌ അല്പ്പമെങ്കിലും ആശാവഹമായ അംഗസഖ്യയുള്ള കുടുംബം. ബോട്ടോകളെ ആദരിച്ചാല്‍ ഇഷ്ടമുള്ള യുവതി തന്നെ പ്രേമിക്കുമെന്ന് ആമസോണ്‍ തീരത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ വിശ്വസിക്കുന്നതിനാല്‍ ഇവയെ വേട്ടയാടാറില്ല, എന്നാല്‍ ഡാമുകളും തീരങ്ങളിലെ ജനസംഖ്യാവര്‍ദ്ധനയും അവയെയും അപകടത്തിലാക്കിയേക്കാം. മെക്കോങ്ങ് ഇറവാദികളും സുസുക്കളും അതീവഭീഷണിയിലാണ്‌. നൂറിനും ആയിരത്തിനും ഇടയിലായിരിക്കണം അവയുടെ എണ്ണം.


ബീഹാറിലെ വിക്രമശില നദീഡോള്‍ഫിന്‍ സാങ്ച്ച്വറിയാണ്‌ സുസുക്കളുടെ ഏക പ്രതീക്ഷ സിന്ധുദോള്‍ഫിനുകള്‍ അന്ധരാണ്‌ എന്നതിനാല്‍ വേഗം പിടിയിലാകുന്നു എന്നതിനാല്‍ നില ആശങ്കയിലാണ്‌. എണ്ണയ്ക്കും ഇറച്ചിക്കുമായി ഇന്തോപ്പാക്ക് മേഖലകളില്‍ ഇവ രണ്ടും പിടിയിലാകുന്നു. അതിലും വലിയ ഭീഷണി നദികളിലെ മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതും.

മൃദുവായൊരു ചൂളം വിളിയുമായി ബൈജിയൊരിക്കലും പ്രണയിതാക്കളെ അനുഗ്രഹിക്കാന്‍ എത്തുമെന്ന് പ്രതീക്ഷയില്ല, സുസുക്കളെയും ഇറവാദികളെയും ബോട്ടോകളെയും രക്ഷിക്കാനെങ്കിലും നമുക്കാവട്ടെ. മഹാനദികളുടെ എക്കോസിസ്റ്റം തകരുന്നതിന്റെ മുഖ്യലക്ഷണമായി ഡോള്‍ഫിനുകള്‍ കുറയുന്നതിനെക്കാണണം എന്ന് ബൈജി ഫൗണ്ടേഷന്‍ പറയുന്നു.

5 comments:

മൂര്‍ത്തി said...

സീലുകളെ വേട്ടയാടുന്നതിനെതിരായ ഒരു മെയില്‍ (ബേബി സീലില്‍ നിന്നും ഒരു ഹെല്പ് മി സന്ദേശം) ഇപ്പോള്‍ വായിച്ചതേ ഉള്ളൂ. മനുഷ്യപ്പറ്റ് ഉള്ളവരായിരിക്കാന്‍ ശ്രമിക്കാം..

സനാതനന്‍ said...

ആനന്ദിന്റെ ‘പരിണാമത്തിന്റെ ഭൂതങ്ങളി‘ല്‍ മനുഷ്യന്‍ മനുഷ്യനെ ലക്ഷ്യം വച്ച് കൊന്നൊടുക്കിയ ബൈസണുകളെക്കുറിച്ച് പറയുന്നുണ്ട്.ചരിത്രത്തേയും ശാസ്ത്രത്തേയും മുന്നില്‍ നിര്‍ത്തി ശാസ്ത്രീയമായി എഴുതിയ ഒരു നോവല്‍!വംശനാശം വന്നവ, വംശനാശം വരുത്തിയവ, വംശനാശത്തിലേക്ക് നടന്നടുക്കുന്നവ,വംശനാശത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവ ഇങ്ങനെ ഒരു വലിയ ജീവ സമൂഹമുണ്ട് ചുറ്റും.ഒരു നോവല്‍ പോലെ ചരിത്രത്തേയും ശാസ്ത്രത്തേയും വായിച്ചെടുക്കാം എന്ന് ആ നോവല്‍ വായിക്കുമ്പോള്‍ തോന്നും,അല്ല തിരിച്ചറിയും.നാം സഹാനുഭൂതിയെന്നു പറയുന്നത് ഈ ആത്മോല്ലാസത്തെയാണ്.ഒരു നോവല്‍ വായിക്കുമ്പോള്‍ കിട്ടുന്ന ആത്മോല്ലാസത്തോടെ നമുക്ക് വംശനാശം വന്ന ജീവികളുടെ കഥ/ജീവിതം വായിച്ചിരിക്കാം,കണ്ണുകള്‍ ഈറനണിയിക്കാം എന്നത് ദുരന്തമാണ്.കുറ്റബോധം തോന്നുന്നു.

കണ്ണൂരാന്‍ - KANNURAN said...

വേട്ടയാടുക, വെട്ടിപ്പിടിക്കുക, കൊന്നൊടുക്കുക ഇവയൊക്കെയല്ലെ നമ്മുടെ മുദ്രാവാക്യങ്ങള്‍. പതിവു ശൈലി വിട്ടെഴുതിയെങ്കിലും ലേഖനം നന്നായിട്ടുണ്ട്.

Dinkan-ഡിങ്കന്‍ said...

അവസാനത്തെ മരത്തിന്റെ അവസാന ഇല...
ആകെബാക്കിയായ കുളത്തിലെ അവശേഷിക്കുന്ന മീന്‍..
ഇവയും കൂടെ മനുഷ്യന്റെ ഇടപെടലുകളാല്‍ ചത്തുവീണാലെങ്കിലും പണം തിന്നാനാകില്ലെന്ന് പഠിക്കുമോ?

ആഷ | Asha said...

കഷ്ടം തന്നെ നമ്മള്‍ മനുഷ്യരുടെ കാര്യം.
പാവം മറ്റു ജന്തുക്കള്‍.