Saturday, May 10, 2008

പ്രതികരിച്ചാല്‍ സംഭവിക്കുന്നത്

മറ്റേതോ പോസ്റ്റില്‍ തറവാടി "പാവങ്ങളല്ലേ എന്തെങ്കിലും ചെയ്ത് ജീവിച്ചുപോട്ടെ എന്നു കരുതി നമ്മള്‍ ക്ഷമിക്കും, അതുകൊണ്ട് നമ്മള്‍ക്ക് മാത്രം ഇത്തരം അനുഭവങ്ങളുണ്ടാകുന്നു" എന്നു പറഞ്ഞു, വളരെ ശരിയാണത്. മറ്റൊരു നാട്ടുകാരനോട് ആരും മോശമായി പെരുമാറാന്‍ തുനിയാത്തത് അവര്‍ ശക്തിയായി പ്രതികരിക്കും എന്നു ഭയന്നിട്ടാണ്‌. ചിലപ്പോഴൊക്കെ ക്ഷമയുടെ നെല്ലിപ്പടി തെളിയുമ്പോള്‍ ഞാനും പ്രതികരിച്ചു പോകാറുണ്ട്. ഇന്ന് രാവിലെ ഞാനയച്ച ഈ-മെയിലും ഒരുമണിക്കൂറിനുള്ളില്‍ വന്ന മറുപടിയും.

പ്രിയ സര്‍,
ഞാന്‍ രാവിലേ .... റോഡില്‍ സ്ലോ ട്രാക്കില്‍ റോഡ് ലിമിറ്റില്‍ വണ്ടിയോടിച്ചു പോകുമ്പോള്‍ നിങ്ങളുടെ സ്റ്റാഫുമായി പോകുകയായിരുന്ന ... രെജിസ്റ്റ്റേഷനുള്ള ബസ്സ് എന്റെ പിന്നില്‍ വന്ന് ഫ്ലാഷ് ചെയ്യാന്‍ തുടങ്ങി. അടുത്ത രണ്ടു ലെയിനും തിരക്കിലായിരുന്നതുകൊണ്ട് ഏതാണ്ട് ഒരു മിനുട്ടിനു ശേഷമേ എനിക്ക് ഫാസ്റ്റ് ട്രാക്കിലേക്ക് മാറി എന്നെ ടെയില്‍ഗേറ്റ് ചെയ്ത് അപായപ്പെടുത്താന്‍ ശ്രമിച്ച നിങ്ങളുടെ വണ്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളു. എന്നിട്ടാവട്ടെ, എനിക്കു സമാന്തരമായി വന്ന് നിങ്ങളുടെ ഡ്രൈവര്‍ കൈകൊണ്ട് അശ്ലീലമുദ്രകാട്ടിയാണ്‌ പാഞ്ഞു പോയത്. എന്റെ കുട്ടിയെ വിളിച്ചുകൊണ്ടുവരാന്‍‍ പോകുകയായിരുന്നതിനാല്‍ "വാഹനത്തില്‍ ഒരു ശിശുവുണ്ട്" എന്ന ബോര്‍ഡ് ഞാന്‍ വയ്ച്ചിരുന്നു, അതും ബേബി സീറ്റും കണ്ടിട്ടു പോലും ഒരു ബസ്സ് എന്നെ ടെയില്‍ ഗേറ്റ് ചെയ്തത് ഹീനമായ ഒരു പ്രവര്‍ത്തി തന്നെയെന്ന് എനിക്കു തോന്നുന്നു.

മറ്റൊരു വാഹനമാണെങ്കില്‍ ഞാനിത് പോലീസില്‍ പരാതിപ്പെട്ടേനെ. എന്നാല്‍ സുരക്ഷാ ക്ലാസ്സുകള്‍ നടത്തുന്ന നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെയൊരു സംഭവം വാര്‍ത്തയായാല്‍ എത്ര അപമാനമായിരിക്കും എന്ന് നിനച്ച് അത് ചെയ്തില്ല. പക്ഷേ എന്നോട് ഇങ്ങനെ പെരുമാറിയ വ്യക്തിക്കുമേല്‍ നടപടിയുണ്ടാകണം എന്ന് താല്പ്പര്യപ്പെടുന്നു. മാത്രമല്ല, താങ്കളുടെ സ്ഥാപനത്തിന്റെ പേരു വച്ച് പോക്കിരിവാഹങ്ങള്‍ റോഡില്‍ അപായം സൃഷ്ടിക്കുകയാണെങ്കില്‍ സുരക്ഷക്ലാസ്സുകള്‍ സ്വന്തം സ്റ്റാഫിനെ പഠിപ്പിക്കാത്ത ഇവരാണോ പൊതുജനത്തെ അതു പഠിപ്പിക്കുന്നത് എന്ന് ആളുകള്‍ ചിന്തിക്കുമെന്നതിനാല്‍ താങ്കളുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ പെരുമാറാതിരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
വിശ്വസ്ഥന്‍
(എന്റെ പേര്, സ്ഥാപനം, ടെലിഫോണ്‍)

കുറച്ചു സമയത്തിനുള്ളില്‍ വന്ന മറുപടി

പ്രിയ സര്‍,
ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്ന് എന്നെ അറിയിച്ചതിനു നന്ദി. എന്റെയൊരു സ്റ്റാഫ് വളരെ ഹീനവും അപകടകരവുമായ രീതിയില്‍ പെരുമാറിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാന്‍ വ്യക്തിപരമായും സ്ഥാപനത്തിന്റെ പേരിലും മാപ്പു പറയുന്നു. അടിയന്തിര അന്വേഷണത്തിനും നടപടിക്കും ഉത്തരവിട്ടിട്ടുണ്ട്, ഇതു ചെയ്ത സ്റ്റാഫിന്റെ പേരിലുള്ള നടപടിയുത്തരവിന്റെ ഒരു കോപ്പി നിങ്ങള്‍ക്ക് താമസിയാതെ ഞാന്‍ നേരിട്ട് അയച്ചു തരുന്നതായിരിക്കും.

ഞങ്ങളുടെ നിരവധി വാഹനങ്ങള്‍ നിരത്തിലുണ്ട്, അവയില്‍ ഒന്നുപോലും ഇനിയൊരിക്കലും മോശമായോ അപകടകരമായോ റോഡില്‍ ഒന്നും ചെയ്യില്ലെന്ന് ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ചെയ്യുകയും അവയെന്താണെന്ന് താങ്കളെ അറിയിക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നു. സുരക്ഷയുടെ കാര്യത്തിന്റെ പ്രാധാന്യം മറ്റാരെക്കാളും അറിയുന്നവരെന്ന നിലയ്ക്ക് ഞങ്ങള്‍ ഇതെത്ര ഗുരുതരമായി കാണുമെന്ന് അറിഞ്ഞ് പ്രതികരിച്ചതിന്‌ ഒരിക്കല്‍ കൂടി നന്ദി.

വിശ്വസ്ഥന്‍
(പേര്, സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന പദവി, അഡ്രസ്സ്)


ആരുടെയും അരിമുട്ടിക്കരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് ഓരോതവണയും പോട്ടെ പോട്ടെ എന്നു വയ്ക്കും. അതൊരു സൗകര്യമാക്കി ആളുകള്‍ ഉപദ്രച്ച്ചുകൊണ്ടേയിരിക്കും. ഒരറബിക്കും വെള്ളക്കാരനും സംഭവിക്കാത്തത് എനിക്കു സംഭവിച്ചത് ഈ ക്ഷമാശീലം മൂലമാണെന്ന് ഒരു നിമിഷം ചിന്തിക്കുമ്പോള്‍ നെല്ലിപ്പടി തെളിഞ്ഞു പോകും .. എന്തു ചെയ്യാന്‍.

3 comments:

അനില്‍ശ്രീ... said...

ഈ പറഞ്ഞത് കറക്ട്. നമ്മള്‍ പ്രതികരിക്കാത്തത് തന്നെയാണ് നമ്മുടെ കുറ്റം. നമ്മോട് അപമര്യാദയായി പെരുമാറുന്നവന്‍ ആരായാലും, അത് മലയാളി ആണെങ്കിലും മറുനാട്ടുകാരന്‍ ആണെങ്കിലും തിരി‍ച്ച് പ്രതികരിക്കണം. (പ്രതികരിക്കാന്‍ പറ്റിയ സാഹചര്യം ആണോ എന്ന് കൂടി നോക്കിയിട്ട് വേണം കേട്ടോ). എന്നാലെ അവന്‍ വീണ്ടും ഒരാളോട് ഇങ്ങനെ ചെയ്യാതെ ഇരിക്കുകയുള്ളൂ. അവിടെ അവന്‍ നമ്മുടെ നാട്ടുകാരനല്ലേ എന്ന പരിഗണന കൊടുക്കേണ്ട കാര്യമില്ല. അവനോട് അപ്പോള്‍ തന്നെ പ്രതികരിക്കാതെ പിന്നീട് അവന്റെ കുറ്റം പറഞ്ഞിട്ട് പത്ത് പേരോട് പറഞ്ഞിട്ട് കാര്യമില്ല.

തറവാടി said...

ഗള്‍ഫ് കാരന്‍‌റ്റെ ഒരു പടമില്ലേ ലത് തന്നെ മോഹന്‍‌ലാനിനെ വെച്ചുള്ളത് , മൊത്തം വരുമാനം കട്ടെടുത്ത് ജഗതീഷിന്‍‌റ്റെ കഥാപാത്രം മുങ്ങും അപ്പോ ' പോലീസില്‍ പരാതികൊടുത്തൂ ടായിരുന്നോ ' എന്ന ഒരു ചോദ്യത്തിന് മോഹന്‍‌ലാലിന്‍‌റ്റെ കഥാപാത്രം കൊടുക്കുന്ന മറുപടിയുണ്ട് അതേ എനിക്കും പറയാനുള്ളൂ.

ബ്ലോഗില്‍ ഓരോരുത്തരുടെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ സമാനമായത് നമുക്കുണ്ടായെങ്കില്‍ നമ്മള്‍ അതു പറയും അതിനെ കുറ്റം പറയാലായി കാണാതിരിക്കുക.


സ്പീഡ് ട്രാക്കില്‍ നൂറ്റി ഇരുപതും അതില്‍ കൂടുതലും വേഗതയില്‍ കാറോടിക്കുമ്പോള്‍ മുന്നില്‍ മെല്ലെപോകുന്നവനോട് മാറാന്‍ ലൈറ്റടിച്ചാല്‍ ( മറ്റേ ട്രാക്കുകള്‍ ഫ്രീ ആണെങ്കിലും ) അടിച്ചവന്‍ മലയാളിയാണോ മുന്നില്‍ പോകുന്നവന്‍ മാറാന്‍ മടികാണിക്കും , ഒന്നരകൊല്ലം ദുബായില്‍ നിന്നും അബുദാബിവരെ ദിവസേന പോയിരുന്ന എനിക്ക് എത്രയോ അനുഭവങ്ങളുണ്ട് , ചിലര്‍ സ്പീഡൊന്നൂടെ കുറച്ച് കൈകൊണ്ട് മേലേലൂടെ പോകാന്‍ പറയും.

ഹരിത് said...

നേരത്തേ ഒരിക്കല്‍ വായിച്ചപോലെ. ഇതു പുത്തന്‍ ഇന്‍സിഡന്‍റാണോ?