Saturday, May 24, 2008

ഒരു തെറ്റിദ്ധാരണ കൂടി മാറി

സിനിമ കണ്ട് ഒത്തിരി അബദ്ധങ്ങള്‍ ചെറുപ്പത്തിലേ വിശ്വസിച്ചിരുന്നു.

കോടതി എന്നാല്‍ ബലാത്സംഗക്കേസിലെ വാദിയെ ഒരു കൂട്ടിലും മറ്റൊരു കൂട്ടില്‍ പ്രതികളെയും പിടിച്ച് മുഖാമുഖം നിര്‍ത്തി നാട്ടുകാരു കേള്‍ക്കെ പ്രതിവക്കീല്‍ തോന്ന്യാസം വിളിച്ചു പറയുകയും അതുകേട്ട് ജനം ആര്‍ത്തു ചിരിക്കുമ്പോള്‍ ജഡ്ജി ഒരു ചുറ്റിക എടുത്ത് മേശപ്പുറത്തിട്ടടിച്ച് "സൈലന്‍സ്" എന്ന് അലറുകയും ചെയ്യുന്ന സ്ഥലമാണെന്ന് വിശ്വസിച്ചിരുന്നു.

ദുഷ്ടന്മാരെല്ലാം ഇരുപത്തിനാലുമണിക്കൂറും കള്ളു കുടിച്ച് പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് ഹോട്ടലില്‍ കിടക്കുന്നവരാണെന്നും കേരളത്തിലെ ധനികരെല്ലാം വീട്ടില്‍ ഗൗണ്‍ ധരിച്ച് പൈപ്പ് വലിക്കുന്നവരാണെന്നും കരുതിയിരുന്നു.

എലക്ട്റോ കണ്‍‌വല്‍സീവ് തെറാപ്പി എന്നാല്‍ ഡോക്ടര്‍ക്കു ദേഷ്യം വരുമ്പോഴെല്ലാം പ്രാന്തന്മാരെ പിടിച്ച് തലയില്‍ കറണ്ടടിപ്പിച്ച് വയ്യാതെ ആക്കി അവരെ ഒതുക്കി ഒരു മൂലയ്ക്ക് ഇരുത്തുന്നതാണെന്ന് കരുതിയിരുന്നു.

ഇമ്മാതിരി നൂറു കണക്കിനു അബദ്ധധാരണകള്‍ സിനിമകള്‍ തന്നത് കുറച്ചു മുതിര്‍ന്നപ്പോള്‍ മാറിക്കിട്ടി. ഇന്നലെ, ഈ മദ്ധ്യവയസ്സില്‍ ഒരെണ്ണം മാറി എന്നു പറഞ്ഞാലോ? നാണക്കേട് അല്ലേ. സത്യം അതാണ്‌ നിങ്ങളോട് സമ്മതിക്കാതിരുന്നിട്ട് എന്തു കാര്യം.

സ്വാമി ( വ്യാജ്യനും മയക്കുമരുന്ന് ആയുധക്കടത്ത് സ്വാമിയും എല്ലാം) എന്നാല്‍ കടുകട്ടി മലയാളത്തില്‍ സംസ്കൃതവും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി അദ്വൈതം, വിശിഷ്ടാദ്വൈതം, ശിഷ്ടാദ്വൈതം, സദ്ഗുണപരബ്രഹ്മം നിര്‍ഗ്ഗുണപരബ്രഹ്മം എന്നീ സങ്കല്പ്പങ്ങള്‍ തമ്മിലുള്ള വത്യാസം മുതലായ കാര്യങ്ങള്‍ പറഞ്ഞ് ആളെ അമ്പരപ്പിക്കുന്ന അസാദ്ധ്യന്മാരാണെന്ന് സിനിമ കണ്ട് ഞാന്‍ അങ്ങു വിശ്വസിച്ചു പോയിരുന്നു.

രണ്ട് ദിവസമായി കൈരളി പലേ സ്വാമിമാരെയും കാണിക്കുന്നു. ഒരു പെണ്ണുമ്പിള്ള ബാധ കയറി തുള്ളി നാക്കും കടിച്ചു പിടിച്ചു പോകുന്നു, വേറൊരു സ്വാമിനി "അവങ് ആളു ശെരിയല്ല, പണ്ട് ജാങ്ക്രി വിറ്റ് നടന്നവനാ" തുടങ്ങി വലിയ കാര്യങ്ങള്‍ സം‌സാരിക്കുന്നു. വേറൊരുത്തന്‍ വായ തുറന്നാല്‍ അബദ്ധമേ വരൂ.

ഒരു തെറ്റിദ്ധാരണ കൂടി മാറി. മലയാളിസ്വാമിക്ക് എങ്ങനെയോ നരേന്ദ്രപ്രസാദിന്റെ മുഖഭാവവും ജിദ്ദു കൃഷ്ണമൂര്‍ത്തിയൂടെ ഭാഷയും എന്റെ മനസ്സിലുണ്ടായിരുന്നു. പോയിക്കിട്ടി. അമ്മാ തായുടെ പ്രകടനം കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് പൂച്ചക്കൊരു മൂക്കുകുത്തിയുടെ ക്ലൈമാക്സില്‍ പപ്പുവിന്റെ ഓട്ടമാണ്‌.

സകലമാന മതബന്ധിത സ്ഥാപനങ്ങളുടെയും ഫണ്ട് മൂവ്‌മെന്റ് ഇന്റലിജന്‍സ് ധനകാര്യ സെല്ലോ കുറഞ്ഞ പക്ഷം ലോക്കല്‍ ഫണ്ട് ഓഡിറ്ററോ പരിശോധിച്ച് പൊതു സമക്ഷം സമര്‍പ്പിക്കണം.

[സ്വാമിവേട്ടയ്ക്ക് തുടക്കം കുറിച്ച കേരളശബ്ദം റിപ്പോര്‍ട്ട് ആരുടെയെങ്കിലും കയ്യിലുണ്ടോ?]

8 comments:

ശ്രീവല്ലഭന്‍. said...

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സീന്‍ മിഥുനത്തിലേതാണ് :-)

http://www.youtube.com/watch?v=_usYZJWGXxc

മൂര്‍ത്തി said...

ഏത് സ്വാമിയുടെ ആശ്രമത്തിലും വൈകീട്ട് ‘നന്ദകിഷോരാ ഹരേ..മാധവാ‍ാ‍ാ‍ാ” എന്ന പാട്ടും മറ്റും ഉണ്ടാവും എന്ന തെറ്റിദ്ധാരണ മാറിയോ?

ദുരൂഹാനന്ദന്റെ ഡയലോഗ് വായിച്ചിരുന്നുവോ?

ഹരിത് said...

സിനിമാ ജഡ്ജിമാര്‍ ഒരിക്കലും സൈലന്‍സ് എന്നു പറയാന്‍ പാടില്ല. “ഓര്‍ഡര്‍, ഓര്‍ഡര്‍“ എന്നാണു പറയേണ്ടതൂ്. വേണമെങ്കില്‍ “ ഒബ്ജക്ഷന്‍ ഓവര്‍റൂള്‍ഡ്” എന്നു തോക്കാന്‍ പോകുന്ന ( നായക പക്ഷം അല്ലാത്ത) വക്കീലിനെ നോക്കിയും പറയാം.

എസ് ബാസ്സ്...

ഫസല്‍ ബിനാലി.. said...

'യെസ് യുവര്‍ഹോണര്‍' നല്ല സിനിമയാണ്

മലമൂട്ടില്‍ മത്തായി said...

അനോണി കണ്ടത് സാമിയെ അല്ല ആസാമിയെ ആണ് :-)

Sherlock said...

“ദുഷ്ടന്മാരെല്ലാം ഇരുപത്തിനാലുമണിക്കൂറും കള്ളു കുടിച്ച് പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് ഹോട്ടലില്‍ കിടക്കുന്നവരാണെന്നും കേരളത്തിലെ ധനികരെല്ലാം വീട്ടില്‍ ഗൗണ്‍ ധരിച്ച് പൈപ്പ് വലിക്കുന്നവരാണെന്നും കരുതിയിരുന്നു“

ഹ ഹ :)

Radheyan said...

കേരളശബ്ദം എന്റെ കൈയ്യിലുണ്ട്.അനോണി അണ്ണന്റെ അഡ്രസ് പറ...

അനോണി ആന്റണി said...

antonykeralam അറ്റ് ജീമെയില്‍ ഡോട്ട് കോം
അയച്ചു തന്നാല്‍ വല്യ ഉപകാരമായി