Monday, May 12, 2008

നാടകാചാര്യ പുരസ്കാരം

ചിത്രകാരന്റെ ബ്ലോഗില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരമ്പലത്തിന്റെ മുറ്റത്ത് മടിത്തെറുപ്പും നീട്ടി നാടകാചാര്യന്‍ പട്ടം എറിഞ്ഞു കിട്ടാന്‍ കുനിഞ്ഞു നില്‍ക്കുന്നത് കണ്ട് അന്ധാളിച്ച് ഇതെന്തു പരിപാടിയാണെന്ന് നെറ്റുമുഴുവന്‍ തിരഞ്ഞു നോക്കി. ഒരു കലാകാരനു കിട്ടാവുന്ന ഏറ്റവും ഉന്നത ബഹുമതി രാജരാജേശ്വരക്ഷേത്രത്തിലെ വീരശൃംഘലയാണെന്ന് പലേടത്തും എഴുതി വച്ചിരിക്കുന്നു. അവിടെയൊരു പണ്ഡിതസദസ്സുണ്ടത്രേ. അവര്‍ തീരുമാനിക്കുന്നതാണ്‌ പരമോന്നതപുരസ്കാരമെന്ന്.

കാവാലത്തെ എത്രയോ (പതിനാറോ മുപ്പത്തിരണ്ടോ അറുപത്തിനാലോ ?) കെട്ടുള്ള വലിയപുരയില്‍ നിന്നും മണ്ണിലിറങ്ങിച്ചെന്ന് അതിന്റെ മണവും ഗുണവുമുള്ള കലാരൂപങ്ങള്‍ സൃഷ്ടിച്ചയാളെന്ന ഒരു ബഹുമാനം നാരായണപ്പണിക്കരെക്കുറിച്ച് ഉണ്ടായിരുന്നു. ജീവിതസായാഹ്നത്തില്‍ മനുഷ്യര്‍ വിചിത്രമായി പെരുമാറാറുണ്ട്. മാണിമാധവച്ചാക്യാരെക്കുറിച്ച് ചിത്രം നിര്‍മ്മിക്കാന്‍ പോയവഴി ചാക്യാര്‍ക്കു കുത്തകാവകാശമുള്ള രാജരാജേശ്വരക്ഷേത്രത്തിലെ കുനിഞ്ഞു നില്പ്പു പട്ടം കണ്ട് മോഹിതനായ പണിക്കരെക്കുറിച്ച് അങ്ങനെയും സമാധാനിക്കാന്‍ പറ്റുന്നില്ല.

ആര്‍ക്കും എന്തുപരമോന്നത ബഹുമതിയും എവിടെ നിന്നും എങ്ങനെയും കൊടുക്കാമെന്നായ സ്ഥിതിക്ക് ഇന്റര്‍നെറ്റിലെ പുറപ്പെടാശാന്തി അനോണിയോസ് ആന്റണിയോസ് റോബെര്ട്ട് മൗറല്യയോസു നല്‍കുന്ന നാടകാചാര്യപ്പട്ടം (ഇതുവാങ്ങാന്‍ ബ്ലോഗില്‍ വന്ന് കുനിഞ്ഞു നില്‍ക്കണ്ട, പ്രത്യേകിച്ച് മുണ്ടുടുത്ത് കുനിഞ്ഞു നില്‍ക്കരുത്. പൊതുസ്ഥലമാണ്‌, ആരെങ്കിലും എന്തെങ്കിലും അടിച്ചോണ്ട് പോകും) കാവാലത്തിനും ജി ശങ്കരപ്പിള്ളയ്ക്കും വയലാ വാസുദേവന്‍ പിള്ളയ്ക്കുമൊന്നുമല്ല. പോപ്പുലര്‍ നാടകവേദികളെ ഉഴുതുമറിച്ച കെ റ്റിയ്ക്കും എന്‍ എന്‍ പിള്ളയ്ക്കും പോലുമല്ല- മരണാനന്തര ബഹുമതിയായി അത് നല്‍കുന്നത് തോപ്പില്‍ ഭാസിക്കാണ്‌.

കാവാലത്തിനു കിട്ടിയ നാടകാചാര്യപ്പട്ടം കൂത്തമ്പലത്തിന്റെ പടിപ്പുറത്ത് മുണ്ടു നീട്ടി യാചിച്ച് കുനിഞ്ഞു നില്‍ക്കാന്‍ പഠിച്ചതിനാണ്‌. തോപ്പില്‍ ഭാസിക്ക് നല്‍കുന്നത് " ജീവിതത്തിലൊരിക്കലെങ്കിലും ഒരാണിനെപ്പോലെ നടുവൊന്ന് നിവര്‍ത്തു നിന്നോട്ടെ മക്കളേ ഞാനും" എന്ന ഡയലോഗിലൂടെ കുനിഞ്ഞു നിന്ന്നവരെ നിവരാന്‍ പഠിപ്പിച്ചതിനും.


[പഴയ പോസ്റ്റിലെ കമന്റുകള്‍ക്ക്- ഹരിത്, ആ സംഭവമല്ല, ഇത് ഇപ്പോള്‍ നടന്നതാണ്‌. റോഡ് റേജ് ഇവിടെയൊക്കെ ദൈനം ദിനം കാണാവുന്ന സംഗതിയാണ്‌.

തുളസീ, ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒരെണ്ണം പോലും കണ്ടിട്ടില്ല, കാണണം

ധ്വനീ- രാജസ്ഥാന്‍ ഗുജറാത്ത് എന്നിവിടങ്ങളെ വനിതാപുരോഗതീ സെന്‍സസ് ഫലം ആണ്‌ അത്.

അനാമികാ- 'സീന്‍ ഓഫ് ക്രൈമില്‍' നിന്നു തന്നെയുള്ള റിപ്പോര്‍ട്ടിന്‌ നന്ദി. ഒരു രാജസ്ഥാന്‍ കാരന്‍ ഈ ചടങ്ങിനെക്കുറിച്ച് പണ്ടൊരിക്കല്‍ പറഞ്ഞിരുന്നു. അവര്‍ ഇതിനു വേറെ എന്തോ പേരു പറയുന്നതുകാരണം അക്ഷയ ത്രിതീയ എന്നു കേട്ടപ്പോള്‍ എനിക്ക് ട്യൂബ് കത്തിയില്ല, വിവാഹത്തിനു മുഹൂര്‍ത്തമൊന്നും നോക്കാതെ ആരെയും കെട്ടിക്കാവുന്ന ദിവസം എന്നു കേട്ടപ്പോഴാണ്‌ സംഗതി ഓര്‍മ്മ വന്നത്.

ചക്കക്കുരു- മുരിങ്ങക്കാ തോരന്‍ തന്ന അതുല്യക്കു നന്ദി.

ഇഞ്ചിപ്പെണ്ണ് - മലേഷ്യന്‍ തായ് ചക്കപ്പാചകക്കുറിപ്പുകളും അവിടെ കണ്ടു. കാണാന്‍ രസമുണ്ട്.

മൂര്‍ത്തി- വര്‍ക്കേര്‍സ് ഫോറത്തിലെ പോസ്റ്റ് അസ്സലായി!

തമനു- അക്ഷയ ബീയര്‍ കെഗ് വര്‍ക്ക് ചെയ്യുന്നെങ്കില്‍ അറിയിച്ചാല്‍ മതി. ഞാന്‍ നാട്ടുകാരെക്കൂട്ടി ഒരു ജാഥയായി വീട്ടിലോട്ട് വരാം.


അഭിപ്രായങ്ങളെഴുതിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി]

8 comments:

അരവിന്ദ് :: aravind said...

ആന്റണിച്ചായാ, ആ കുനിഞ്ഞ് നില്‍‌പ്പ് ബ്രാഹ്മണ്യത്തിന്റെ മുന്നിലാണെങ്കില്‍ തികച്ചും ദയനീയം തന്നെ. ചെ ചെ എന്നേ പറയാന്‍ പറ്റൂ.
എന്നാല്‍, അമ്പലത്തില്‍ പൂജാരി തീര്‍ത്ഥവും, ചന്ദനവും "എറിഞ്ഞ്" തരുമ്പോളും പായസം കൈയ്യിലേക്ക് ഇട്ടു തരുമ്പോഴും ഞാനല്പം കുനിഞ്ഞ് നില്‍ക്കാറുണ്ട്. അത് ഈശ്വരവിശ്വാസം കൊണ്ടാണ്. പൂജാരിയേ ഓര്‍ത്തിട്ടേയല്ല. ഭഗവാന്റെ പ്രസാദം ആണ്, പുണ്യമാണ്, അതിനെ ആദരിച്ച് വാങ്ങുന്നു എന്നേയുള്ളൂ. ഈശ്വരന്റെ മുന്നിലാണ് കുനിയുന്നത്, പൂജാരിയോട് പ്രത്യേകിച്ച് ബഹുമാനം കാട്ടണം എന്നു തോന്നിയിട്ടേയില്ല. പൂജാരിയെ തൊടാതെ ഒഴിഞ്ഞു നില്‍ക്കുന്നതും അങ്ങേര്‍ വലിയ ജാതി എന്നു വിശ്വസിക്കുന്നത് കൊണ്ടല്ല, അങ്ങേര്‍ ഭഗവാനെ തൊടേണ്ടതല്ലേ എന്നു എന്നു കരുതിയാണ്.
ഇവിടെ ഈശ്വരവിശ്വാസത്തിന്റെ മുന്നിലാണ് വണങ്ങല്‍ എന്നായികൂടേ? ആരേയും ന്യായീകരിക്കുകയല്ല, ചിന്തിച്ചപ്പോള്‍ തോന്നീതാണ്.
ഈശ്വരവിശ്വാസവുമായി ഈ ആചാര്യ അംഗീകാരത്തിന് ഒരു ബന്ധവും ഇല്ലെങ്കില്‍, ദിസ് ഈസ് പഥെറ്റിക് എന്നു ഞാനും പറയുന്നു. :-)

മറ്റു മതങ്ങളിലെ മത നേതാക്കളെ ആദരിക്കുകയും പരസ്യമായി ബഹുമാനിക്കുകയും (കൈ മുത്തുക, കാല്‍ മുത്തുക) പോലെ ഹിന്ദു മതത്തില്‍ പൂജാരികള്‍ക്ക് വിലയുണ്ടോ? അമ്പലത്തില്‍ നിന്നിറങ്ങിയാല്‍ ഒരു വിലയും ഇല്ല.

അനോണി ആന്റണി said...

സെന്‍സറിങ്ങ് സോഫ്റ്റ്വെയര്‍ അടിച്ചു പോയെന്ന് തോന്നുന്നു ബ്ലോഗ് കിട്ടുന്നുണ്ട് (എത്ര നേരത്തേക്കോ എന്തോ)

അരവിന്ദേ,
രാജരാജേശ്വര ക്ഷേത്രത്തിലെ വീരശൃംഘല കൊടുക്കുന്നത് അവിടത്തെ ദൈവമല്ല, പണ്ഡിതരാണെന്നാണ്‌ വായിച്ചു മനസ്സിലാക്കിയത്. അതായത് അതൊരു പ്രസാദമോ വരമോ പോലെയല്ല, രാജാവിന്റെ പട്ടും വളയും പോലെ വളഞ്ഞാല്‍ നമ്പൂരിശ്ശന്‍ എടുത്തു തരുന്ന സമ്മാനം. അതല്ലേ സങ്കടം വന്നത്.

പിന്നെ പൂജാരിയുടെ കാര്യം. വളരെയൊന്നും കാലം പണ്ടല്ല, ഈ പൂജാരിവര്‍ഗ്ഗം പോകുന്ന വഴിയില്‍ നിന്നും ആളുകള്‍ ഓടിമാറണമായിരുന്നു. പലര്‍ക്കും ആ വഴിയില്‍ തന്നെ പ്രവേശനമില്ലായിരുന്നു. പിന്നെ പിന്നെ അത് അമ്പലത്തില്‍ മാത്രമായി ഒതുങ്ങിയതാണ്‌. പത്തുരണ്ടായിരം കൊല്ലം മുന്നേ സര്വ്വം ഹേയദ് ബ്രഹ്മ: അയമാത്മബ്രഹ്മ: എന്നൊക്കെ പറഞ്ഞു പഠിച്ച നാടല്ലേ നമ്മുടെ, സകല അഴുക്കുമായി എന്നെ സൃഷ്ടിച്ചത് ദൈവം തന്നെയയെങ്കില്‍ അദ്ദേഹത്തിനെന്നെത്തൊടാന്‍ അറയ്ക്കുമോ. അതെന്തോ. വിശ്വാസങ്ങളെല്ലാം വിശ്വാസങ്ങളാണ്‌. വിശ്വാസങ്ങള്‍ മാത്രമാണ്‌ അതെന്തോ ആയിക്കൊള്ളട്ടെ. ഒരാളിന്റെ വിശ്വാസം ബാക്കിയൊരാള്‍ക്കും ബുദ്ധിമുട്ടാവാതെയിരിക്കുന്നിടത്തോളം കാലം നോ പ്രോബ്ലം. ( ആ നിലയ്ക്ക് കാവാലത്തിനു പണ്ഡിതരുടെ മുന്നില്‍ കുനിഞ്ഞു നില്‍ക്കാം. പക്ഷേ പിന്നെ കുനിഞ്ഞുനില്പ്പുകാരനായേ ആളുകള്‍ കണക്കാക്കൂ എന്നു മാത്രം.)

പൂജാരിക്ക് അല്ലെങ്കില്‍ പുരോഹിതനു അഭിവന്ദ്യസ്ഥാനം ഇല്ലാതെയായതും നട്ടെല്ലു നിവര്‍ത്തിക്കാന്‍ പലര്‍വിയര്‍പ്പും ചോരയും കൊടുത്തിട്ടാണ്‌. അരവിന്ദ് 'ഒറ്റപ്പട്ടിണി' 'കൂട്ടപ്പട്ടിണി' എന്നൊക്കെ കേട്ടിട്ടുണ്ടോ? നമ്പൂതിരിമാര്‍ക്ക് ഇഷ്ടമുള്ള പണമോ പദവിയോ പൊന്നോ ഒക്കെ ആവശ്യമുള്ളയത്ര ആരെങ്കിലും (പ്രധാനമായിട്ട് രാജാവോ മാടമ്പിയോ) കൊടുത്തില്ലെങ്കില്‍ അവര്‍ ഒറ്റയ്ക്കോ കൂട്ടമായോ നിരാഹാരം കിടക്കും. ഏതെങ്കിലും നാട്ടില്‍ അല്ലെങ്കില്‍ വീട്ടുകാര്‍ മൂലം നമ്പൂതിരിക്കു വിശക്കുകയാണെങ്കില്‍ ആ നാടും വീടും മുടിഞ്ഞു നരകത്തില്‍ പോകുമെന്നാണല്ലോ വയ്പ്പ്. അയാള്‍ വിശക്കാതിരിക്കാന്‍ രാജാവോ ആരാണെന്നു വച്ചാല്‍ നമ്പൂതിരി എന്താവശ്യപ്പെട്ടോ അതെല്ലാം കൊടുത്ത് മുടിയല്‍ ഒഴിവാക്കി നരകത്തില്‍ നിന്നും രക്ഷപ്പെടും.

കേരളത്തിന്റെ എഴുതിവച്ച ചരിത്രം പരശുരാമന്‍ മഴുവെറിഞ്ഞെന്നും അങ്ങനെ പൊന്തിവന്ന സ്ഥലത്ത് അറുപത്തിനാലു ബ്രാഹ്മണകുടുംബങ്ങളെ കൊണ്ടുവന്നു താമസിപ്പിച്ചെന്നും അതിനാല്‍ കേരളമാകെ അവര്‍ക്കവകാശപ്പെട്ടതാണെന്നും മറ്റുള്ളവര്‍ നമ്പൂതിരിയുടെ ദയയില്‍ കഴിയുന്ന വാടകക്കാരാണെന്നുമായിരുന്നു. ഈ ചരിത്രത്തെ നിലവിലുള്ള പുരാണങ്ങള്‍ കൊണ്ടുതന്നെ തെറ്റെന്നു തെളിയിച്ച് ഭൂമി തട്ടിയെടുക്കാന്‍ പുരാണത്തില്‍ കള്ളമെഴുതിച്ചേര്‍ത്തതാണ്‌ കേരളോല്പ്പത്തിക്കഥയെന്ന് സ്ഥാപിച്ചത് ചട്ടമ്പി സ്വാമിയാണ്‌. ഈഴവശിവനെ പ്രതിഷ്ഠിച്ചത് നാരായണഗുരുവാണ്‌. പൂജാരിവര്‍ഗ്ഗത്തിനും നടുകുനിയല്‍ക്കാര്‍ക്കും മാത്രം പ്രവേശനമുള്ള വീഥിയില്‍ കാളവണ്ടിയോടിച്ച് അവരെ വെല്ലുവിളിച്ചത് അയ്യന്‍ കാളിയാണ്‌. ആ മഹായഞ്ജത്തിലെ ഒരേടാണ്‌ അധീശവര്‍ഗ്ഗത്തിന്റെ പിണിയാളായി നിന്ന് ഒന്നുമില്ലാത്തവനെ പീഡിപ്പിച്ച് ജീവിതം കഴിച്ച ഒരു കുനിഞ്ഞുനില്പ്പുകാരന്‍ "ഞാനും ഒരാണായി നിവര്‍ന്നു നില്‍ക്കട്ടെ" എന്ന് പറയുന്ന നാടകം. തോപ്പിലാന്‍ നിവര്‍ത്തിയ നട്ടെല്ല് ആരാണു കുനിയ്ക്കുന്നത്?

ഗോത്രവര്‍ഗ്ഗ ദൈവങ്ങളുടെ കാവുകളില്‍ പോയിട്ടുണ്ടോ അരവിന്ദ്? (നാട്ടില്‍ അതേറെയൊന്നുമില്ല, ഒക്കെ പരിഷ്കരിച്ച് സിമിന്റ് വാര്‍ത്ത അമ്പലങ്ങളാക്കുകയാണ്‌) അവിടെ നമുക്കു തന്നെ യക്ഷിത്തറയിലും മാടന്‍ കാവിലും വിളക്കു വയ്ക്കാം. അവര്‍ക്കശുദ്ധിയില്ല.

ഡാലി said...

പോസ്റ്റിനൊരു സല്യൂട്ട് കമന്റിനൊരു വലിയൊരു സല്യൂട്ട് അന്തോണി.
ഈശ്വരവിശ്വാസങ്ങള്‍ എങ്ങനെ പരിഹാസ്യമായി/ആകുന്നു എന്നു ഇപ്പോള്‍ മനസ്സിലാവുന്നു.

simy nazareth said...

വീരശൃംഘലയെക്കുറിച്ച് കൂടുതല്‍ ഇവിടെ.

simy nazareth said...

1923-ല്‍ മാണി മാധവ ചാക്യാര്‍ക്ക് പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് വീരശൃംഘല ലഭിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. ഈ ഉപഹാരം സമ്മാനിക്കുന്നത് പണ്ഡിതശ്രേഷ്ഠന്‍‌മാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ്. മാണി മാധവ ചാക്യാര്‍ക്കു ശേഷം മറ്റാര്‍ക്കും ഈ പണ്ഡിത സദസ്സില്‍ നിന്ന് വീരശൃംഘല സമ്മാനിച്ചിട്ടില്ല

അതുല്യ said...

അനോണി പറഞതാണച്ചട്ട്. കുനിഞ് പോയോ പിന്നെ കുനിഞ് നിന്നോളുമെന്നേ കണക്കാക്കു ആളുകളു.

ഓഫ്.

ചൂലെന്ന് പറയുമ്പോഴ്, ആദ്യം മനസ്സിലേയ്ക്ക് വരുന്നത്, ഈര്‍ക്കിലി ചൂല്‍, വീട് അടിയ്ക്കുന്നതാണെല്‍ അല്പം വലുത്, മുറ്റം അടിയ്ക്കുന്നതാണേല്‍ അല്പം വാക്കത്തിയ്ക്ക് വെട്ടി മാറ്റി, കുറ്റി ചൂലു. റോഡ് മുഴോനും പണ്ടത്തേ മുനിസിപ്പാലിറ്റി ആളുകളു ഈ കുറ്റി ചൂലു കൊണ്ട് അടിച്ച് വൃത്തിയാക്കുമായിരുന്നു, പതിവ് തെറ്റാണ്ടേ. ഇത് ഇങ്ങനെ നടക്കുമ്പോഴാണത്രേ, ശ്രീ ജവഹര്‍ലാല്‍ ഒരു യാത്രാ മദ്ധ്യേ കുറ്റി ചൂലു കൊണ്ട് കുനിഞ് റോട് അടിയ്ക്കുന്ന ആളുകളേ കണ്ടത്. ഒരു ജോലിക്കാരും പൊതു റോഡില്‍ ആരുടേയും മുന്നില്‍ കുനിയരുത് എന്ന് ആഞ്ജ്ജ ഇറക്കീ, നീളത്തില്‍ ഇപ്പോഴ് കാണുന്ന ചൂലിനു വരവാക്കീത്. വായിച്ച അറിവാണിത്, ലിങ്കൊന്നും ചോദിച്ചേക്കരുത് പ്ലീസ്.
(കൊച്ചീലു വന്നിട്ട് റോഡ്ഡ് അടിയ്ക്കുന്ന കോര്‍പ്പറേഷന്‍ കാരെ ഈയ്യ്യിടെ കണ്ടില്ല. പണ്ട് റോഡുകളില്‍ ചെറിയ ചെറിയ ചവറുകൂനകള്‍ ഇവര്‍ രാവിലെ വന്ന്കൂട്ടി വയ്ക്കുമായിരുന്ന്നു. ഇന്ന് ഈ ജനസാധ്രതയില്‍ റോഡ് അടിയ്ക്കാന്‍ നിന്നാല്‍, വണ്ടീ ഇടിച്ച് ചാവേയ് ഉള്ളു, അല്ലെങ്കില്‍ ബൈക്ക്കാരു കാലിന്റെ ഇടയില്‍ കൂടേ കൊണ്ട് പോം!)
(അമ്പലമായിട്ട് ഇതിനെ കൂട്ടി കുഴയ്ക്കണ്ട, ,അരവിന്ദേ, മിക്ക അമ്പല മേല്‍ക്കൂരയും, വളരെ താഴ്ത്തിയാണു കെട്ടിയിരിയ്ക്കുന്നത്, ദേവ വിഗ്രഹം, അല്പ്മ്മ് മുകളിലാക്കീം പ്രതിഷ്ടച്ചിരിയ്ക്കുന്നത് കാണാം, ചിറ്റൂര്‍ ക്ര്ഷ്ണന്റെ അമ്പലം, തൃപ്പൂണിത്തറ പൂര്‍ണ്ണത്രിയേശന്‍, ഇരി. കൂടല്‍ മാണിക്യം.....,..)

Promod P P said...

ഹൊ ഈ കേവലം നാടകപ്പണിക്കര്‍ക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ

ശ്രീവല്ലഭന്‍. said...

നല്ല ലേഖനം അനോണി.