Tuesday, July 22, 2008

നവയുഗ ദ്വിജന്മാര്‍

രണ്ടീസം ഞാങ്ങ് ബങ്കല്ലൂരില്‍ പെയ്യിരുന്ന്. സാതാരണ കാച്ചില്‍ കൃഷ്ണപുള്ളമാരെപ്പോലെ "ഇരുപതുകൊല്ലം മുന്നേ കണ്ട സലവേയല്ല, ആകെ മാറിപ്പെയ് എന്തര്‌ പൊല്യൂഷന്‍" എന്നൊക്കെ പറഞ്ഞോണ്ട് കാക്കസായിപ്പായി നടന്നേച്ച് പോന്ന്.

പറഞ്ഞോണ്ട് വന്നത്, ഞാങ്ങ് താമസിച്ചിരുന്ന വീട്ടിന്റപ്രത്ത് അഞ്ചു സെന്റില്‍ ഒരു പാര്‍ക്ക് ഒണ്ട്. ഇര്‌ന്ന് കാലു പെരുത്തപ്പ ലവിടെ രണ്ട് ചുറ്റ് നടന്നേച്ച് വരാമെന്ന് വച്ച്. മുന്നേ നടന്ന് പോണ്‌ ഒരണ്ണന്‍. ഒരു ട്രാക്ക് സ്യൂട്ടിന്റെ ബോട്ടവും കോട്ടണ്‍റ്റെ ഉടുപ്പും ഒക്കെ ഇട്ട് ചെവല ചെള്ളയും രസ്യന്‍ ബോഡീം ഒള്ള ഒരു സുന്നരന്‍. അരേന്ന് ഒരു കാര്‍ഡ് ഞാത്തി ഇട്ടിരിക്കുന്ന്.

ചെലപ്പം മാരത്തോണ്‍ ഓട്ടക്കാരനായിരിക്കും, അല്ലെങ്കി വല്ല ആണവക്കരാറിലോ തിബറ്റന്‍ പ്രശ്നത്തിലോ പ്രതിഷേധിച്ച് ഓടിത്തള്ളുത്തവനായിരിക്കും. എന്തരാണെന്ന് അറിയണവല്ല്, കഷ്ടപ്പെട്ട് പാരലല്‍ ഓടീ ലവന്റെ കാര്‍ഡ് വായിച്ച്. ഒരു ഐ ടി കമ്പനീടെ സ്റ്റാഫ് ഐഡി കാര്‍ഡാണു ചെല്ലന്‍ ബസ്സിന്റെ ബോര്‍ഡ് കണക്ക് വച്ച് ഓടണത്.

എന്തരായാലും ലിവന്‍ ആപ്പീസീന്ന് ഓടന്‍ വന്നതല്ലല്ല്, ആണേ ട്രാക്ക് സ്യൂട്ടിന്റെ പാന്റിടുവോ. ചുറ്റും നോക്കിയപ്പ പൊളപ്പന്‍ കുപ്പായമിട്ട് ഐഡി തൂക്കി നടക്കണ ചെല്ലന്മാരും കൂറയടിച്ച തുണിയുടുത്ത് ആട്ടോയോടിക്കുന്നവരും എറച്ചി വെട്ടുന്നവരും ഒക്കെയായി ഐഡിയില്ലാത്ത കാപെറുക്കികളും എന്ന് ജനക്കൂട്ടം നെടുവേ രണ്ടായി പൊളന്നു കെടക്കുവാണെന്ന് മനസ്സിലായി.

അതായത് ഐഡി ഒരു പൂണൂലാണ്‌. ഞാങ്ങ് നിന്നെപ്പോലെയല്ലെടേ പുല്ലേ, ഞാങ്ങ് വല്യേ കമ്പ്യൂട്ടറുകാരനാ എന്നാണ്‌ ഇതുകൊണ്ട് ലവമ്മാര്‌ ഉദ്ദേശിക്കണത്. യേത്.

തള്ളേണെ ചിരിച്ച് കൊടലു വായി വന്ന്. പത്ത് വര്‍ഷം മുന്നേ ആര്‍ ബി ഐ ചെസ്റ്റില്‍ കണക്കെടുക്കാന്‍ പെയ്യിരുന്നു ഞാങ്ങ്, അതായത് കഴുത്തറ്റം നോട്ടുകെട്ടിന്റെ എടയ്ക്ക് കെടന്നു വെരവി വെരവി പണിയെടുക്കണം. അന്നാണേല്‍ കാര്‍ഡ് സ്വൈപ്പിങ്ങും ബയോക്സ്രിപ്റ്റ് റീഡറും റെറ്റിന പ്രിന്റിങ്ങും ഒന്നുമില്ല, സ്റ്റെണ്‍ ഗണ്ണുമായി പോലീസുകാര്‍ നടപ്പോണ്ട്, ഐഡി ഇല്ലാത്തവനെ ആ അതിരിനകത്തു കണ്ടാല്‍ അടുത്താണെങ്കി കോംബാറ്റ്, ദൂരെയാണെങ്കി വെടി. അന്നത്തെ കാലത്തു പോലും ആര്‍ക്കും തോന്നിയിട്ടില്ല വീട്ടില്‍ കക്കൂസില്‍ ഇരിക്കുമ്പഴും രാവിലേ ബസ്സേല്‍ ഓടിക്കേറുമ്പോഴും ഈ കോപ്പും കെട്ടിത്തൂക്കി ഇരിക്കണമെന്ന്. ഇപ്പ റോളക്സ് വാച്ചെന്നൊക്കെ പറയുമ്പോലെ ഒരു ആഡംബരമായോപ്പാ ഈ സാതനം?

ബാങ്ക്ലൂരില്‍ ഒരു ഐഡി കാര്‍ഡ് പ്രിന്ററും വച്ച് ഒരു പെട്ടിക്കട തൊടങ്ങാമെങ്കില്‍ കാശ് വാരാമെന്ന് തോന്നുന്നു. പത്തുരൂപ വാങ്ങിച്ചിട്ട് ഏതേലും ഇല്ലാക്കമ്പനിയുടെ പേരടിച്ച് ഓരോ ഐഡി വിറ്റാ മതി.

17 comments:

ചന്ത്രക്കാറന്‍ said...

ഒന്നും പറയണ്ടെന്റെ അനോണീ - സൂപ്പര്‍ മാര്‍കറ്റില്‍, സിനിമാകൊട്ടകയില്‍, ബാറില്‍ വാട്ടര്‍ തീം പാര്‍ക്കില്‍, “ടെം‌പല്‍” എന്ന് വടക്കന്‍‌മാര്‍ വിളിക്കുന്ന അമ്പലത്തില്‍ എന്നുവേണ്ട ഇതില്ലാതെ ഇവന്‍‌മാരെ എവിടെയും കാണാനൊക്കില്ല. നീലനായികമാരുടെ ചെരുപ്പുപോലെയാണ് ഇവര്‍ക്കീ ചാപ്പ, വേറെന്തൂരിയാലും അതു മാത്രം ഊരില്ല. സന്താനോല്‍പ്പാദനവും ഇനി ഇതിട്ടോണ്ടാണോന്നറിയില്ല!

ആരും താമസിക്കാനില്ലെങ്കിലും ഒറ്റ വീടുപോലുമില്ലെങ്കിലും ചവറുപോലെ “റെസിഡന്‍ഷ്യല്‍ ലേയൌട്ടുകളുണ്ട് ബാംഗ്ലൂരിലും പരിസരങ്ങളിലും. സ്ഥലം മനുഷ്യനുപയോഗമില്ലാത്തവിധത്തില്‍ പൂഴ്തിവക്കാനുള്ള ഒരു സെറ്റപ്പെന്നു കരുതിയാല്‍ മതി. നിരനിരയായി കിടക്കുന്ന പ്ലോട്ടുകളിലെ ചിലെ സാമ്പിള്‍ ബോര്‍ഡുകള്‍

“സുമിത്രാ റെഡ്ഡി - ഇന്‍ഫോസിസ് (യു.എസ്.എ)“

“നാരായണമൂര്‍ത്തി - അസഞ്ചര്‍ (യു.എസ്.എ)”

“നാഗേശ്വരറാവു - ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് (ജര്‍മനി)“

ഇവനൊക്കെ ഏത് ...ലാണെങ്കിലും നമുക്കെന്ത് കോപ്പാണാവോ?!

ഐ.ടി.പിച്ചത്തരങ്ങളെപ്പറ്റി പറഞ്ഞാല്‍ എവിടെയും എത്തില്ലണ്ണാ, എന്തൊക്കെപ്പറഞ്ഞാലും വിവരക്കേടിനൊരു കുറവുമില്ല - കലാം സയന്റിസ്റ്റാണെന്നൊക്കെ പറഞ്ഞുകളയും.

chithrakaran ചിത്രകാരന്‍ said...

കുറച്ചു തെരുവു പട്ടികള്‍ക്ക് എം.എന്‍.സി.കംബനികളുടെ ഐഡി.കാര്‍ഡും, കുറച്ചെണ്ണത്തിന് നമ്മുടെ നംബൂതിരികള്‍ഊടെ പൂണൂലും ചാര്‍ത്തിക്കൊടുത്ത് ഒരു ഫോട്ടോ താമസ്സിയാതെ ചിത്രകാരന്‍ ബ്ലോഗിലിടാം. പോരേ അനോണീ !! (ഈ അസുഖത്തിന് കലാകാരന്മാര്‍ അങ്ങിനെയാണു മരുന്നുനല്‍കുക.)

Radheyan said...

അതെ അതെ. ഇവരല്ലേ പുതിയ സവര്‍ണ്ണര്‍.അതല്ലെ പൂണൂലും ഞാത്തി നടക്കുന്നത്.

പഴയ സവര്‍ണ്ണരെ ചൊറിയുമ്പോള്‍ ഫിലാഡെല്‍ഫിയ മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള ഈ നവയുഗവിപ്രന്‍‌മാര്‍ വെകിളീ പിടിച്ച് പാഞ്ഞ് വരുന്നത്

Sherlock said...

ഐ ടി പ്രൊഫഷണലുകളെ തട്ടിക്കൊണ്ടുപോകുന്നതും കൊള്ളയടിക്കുന്നതും വ്യാപകമായതോടെ പല കമ്പനികളും എമ്പ്ലോയീസിനോടു ഓഫീസിനു വെളിയില്‍ ഐ ഡി കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കരുത് എന്നൊരു നിബന്ധന വെച്ചിരുന്നു.. ആരു ശ്രദ്ധിക്കാന്‍..

ആളാകാന്‍ നോക്കുമ്പോ സുരക്ഷയെക്കുറിച്ചോര്‍ക്കാന്‍ എവിടാ നേരം? :)

യാരിദ്‌|~|Yarid said...

ഹഹ..!

mmrwrites said...

ദിനങ്ങ് ബങ്കല്ലൂരില്‍ പോകേണ്ട കെട്ടോ.. ഇങ്ങു തിര്വോന്തരത്തും, കൊച്ചീലും ദൊക്കെന്നെ സിതി..ഞാനിതിനു പറയാറ് മ്മിണി ബെല്ലിയ വെന്തിങ്ങയെന്നാ.. നമ്മുടെ കാത്തലിക് സഹോദരര്‍ അണിയുന്നപോലത്തെ..

അജയ്‌ ശ്രീശാന്ത്‌.. said...

"ബാങ്ക്ലൂരില്‍ ഒരു ഐഡി കാര്‍ഡ് പ്രിന്ററും വച്ച് ഒരു പെട്ടിക്കട തൊടങ്ങാമെങ്കില്‍ കാശ് വാരാമെന്ന് തോന്നുന്നു. പത്തുരൂപ വാങ്ങിച്ചിട്ട് ഏതേലും ഇല്ലാക്കമ്പനിയുടെ പേരടിച്ച് ഓരോ ഐഡി വിറ്റാ മതി."

ഹൊ..ഇതിത്തിരി
കൂടിപ്പോയോന്നാ...
എന്റെ സംശയം...:)

The Common Man | പ്രാരബ്ധം said...

എല്ലാരും അങ്ങനാന്ന് പറയല്ലേ ചേട്ടായീ, കമ്പനിയുടെ ഗേറ്റ് കടക്കുമ്പോ തന്നെ അതു കഴുത്തേന്നൂരി പോക്കറ്റില്‍ ഇടുന്നവരുമുണ്ട്.

ഷെയര്‍ ഓട്ടോ പിടിക്കുമ്പോ, കഴുത്തേല്‍ അതുള്ളവര്‍ക്കു പത്തു, ഇല്ലെങ്കില്‍ അഞ്ച് രൂപാ എന്നതാണ്‌ കണക്കു.

പിന്നെ നേരത്തേ പറഞ്ഞപോലെ ഇതു കണ്ടിട്ട്,' ഇവന്റെ കയ്യില്‍ കുറച്ചധികം കാശ് കാണും ' എന്നു തെറ്റിധരിച്ചു തട്ടികൊണ്ടു പോകാനും, അക്കൌണ്ടിലെ ബാലന്‍സ് കാണുമ്പോ തെറി പറഞ്ഞ്‌ ഇറക്കിവിടാനും, എന്തിനാ ഈ പൊല്ലാപ്പൊക്കെ?

മറ്റൊരാള്‍ | GG said...

അതായത് ഐഡി ഒരു പൂണൂലാണ്‌. ഞാങ്ങ് നിന്നെപ്പോലെയല്ലെടേ പുല്ലേ, ഞാങ്ങ് വല്യേ കമ്പ്യൂട്ടറുകാരനാ എന്നാണ്‌ ഇതുകൊണ്ട് ലവമ്മാര്‌ ഉദ്ദേശിക്കണത്. യേത്.

തള്ളേണെ ചിരിച്ച് കൊടലു വായി വന്ന്.
ഇപ്പ റോളക്സ് വാച്ചെന്നൊക്കെ പറയുമ്പോലെ ഒരു ആഡംബരമായോപ്പാ ഈ സാതനം?

നന്നായി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കോമണ്മാന്‍ പറഞ്ഞതിന്റെ താഴെ ഒരൊപ്പ്...
ഞാനൊക്കെ കയറി സ്വൈപ്പ് ചെയ്യണ്ട അവിടെ എത്തുമ്പോ മാത്രേ ഈ സാധനം പോക്കെറ്റീന്ന് പുറത്തെടുക്കാറുള്ളൂ....
പിന്നെ ജോസ് പറഞ്ഞത് പോലെ ഇതെങ്ങാനും പുറത്ത് കണ്ടാല്‍ എല്ലാ സാധനങ്ങളുടെയും വില സാധാരണത്തേതിന്റെ ഇരട്ടി ആവും എന്നൊരു പ്രശ്നം കൂടി ഉണ്ട്.. ഞങളുടെ സങ്കടം ആരു കാണാന്‍...
ഐഡി ടാഗും പ്രദര്‍ശിപ്പിച്ചു നടക്കുന്നവര്‍ മനപ്പൂര്‍വ്വം അല്‍പ്പം ജാട കാണിക്കുന്നത് തന്നെയാവാം... ചിലര്‍ അത് ശ്രദ്ധിക്കാതെ ചെയ്യുന്നതുമാവാം.. അതിനെ പൂണൂലിനോടൊക്കെ ഉപമിക്കുന്നത് ഇത്തിരി കടന്ന കയ്യാണ്‍.. ഇക്കണക്കിന്‍ യൂണീഫോം ധരിച്ചു പോകുന്ന എല്ലാ ജോലിക്കാരെയും ഈ ഗണത്തില്‍ പെടുത്തേണ്ടി വരുമല്ലോ

G Joyish Kumar said...

ഞാങ്ങ് വല്യേ കമ്പ്യൂട്ടറുകാരനാ എന്നാണ്‌ ഇതുകൊണ്ട് ലവമ്മാര്‌ ഉദ്ദേശിക്കണത്.

അപ്പോ തിരൊന്തരത്ത് അടുത്തെങ്ങും പോയില്ലേ അണ്ണാ?.

ഐഡി കാര്‍ഡ് തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുന്ന പരിപാടി ഐറ്റിക്കാര്‍ക്ക് മാത്രമല്ല. ടെക്നോപാര്‍ക്കിലെ വേന്ദ്രന്മാരെ കണ്ടിട്ടാണോന്നറിയില്ല, പല ആശുപത്രികളിലെ സ്റ്റാഫുകള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ ഇത് തൂക്കിയിടണം.

ഐറ്റി മേഖലയില്‍ തന്നെ എത്രതരം തൊഴിലുകളും തൊഴിലാളികളുമുണ്ട്. അവരെയെല്ലാം നിയോബ്രാഹ്മണരെന്ന് വിശേഷിപ്പിക്കമോ?

Promod P P said...

അന്തോണിച്ചാ

ഐ ടിക്കാര്‍ക്ക് മാത്രമല്ല ഈ ഞാന്നു കിടക്കുന്ന സാധനം. എന്റെ ഓഫീസ് നില്‍ക്കുന്ന ബില്‍ഡിങ്ങിലെ തൂപ്പുകാരികള്‍ക്കും അറ്റെന്‍ഡര്‍മാര്‍ക്കും പ്ലംബര്‍ക്കും ഇലക്ട്രീഷ്യനും എല്ലാം ഈ സാധനം ഉണ്ട്.ഇയ്യിടെ ABBയില്‍ ചെന്നപ്പോള്‍ അവിടത്തെ എല്ലാ ടെക്നീഷ്യന്മാരും മാനേജര്‍മാരും ഒക്കെ ഇത് അണിഞ്ഞാ നടക്കുന്നത്. അല്പം അഹങ്കാരം കൂടുതല്‍ ഉള്ളവരാണ് ഐ ടിക്കാര്‍ എന്ന് വെച്ച് അവരെ മാത്രം ചൊറിയുന്നത് ശരിയല്ല

smitha adharsh said...

നമ്മുടെ നാട്ടിലും,ഈ സാധനം എല്ലാ അണ്ടനും,അടകോടിയും ഇട്ടോണ്ട് നടപ്പുണ്ട്...സുപെര്മാര്‍കെടിലെ സെയില്സ് ഗേള്‍സു വരെ.

Inji Pennu said...

ഇതാണണ്ണാ പ്രശ്നം. മലയാളിയുടെ പുശ്ചം!
എന്നു വെച്ചാല്‍ കമ്മ്യൂണിസ്റ്റുകാരിയല്ലാത്ത ഞാന്‍ ക്യാപിറ്റലിസം ഉണ്ടാക്കാന്‍ ഓടുന്ന സഖാക്കന്മാരെ പുശ്ചിച്ചപ്പോള്‍‍ അണ്ണന്‍ മൂന്ന് പോസ്റ്റിട്ട് സങ്കടം തീര്‍ത്ത്...അതണ്ണനു കൊണ്ട്, അണ്ണന്‍ പ്രവാസി, പഴയ ഡിഫിക്കാരനും. അതേ അണ്ണന്‍ ഒരു ബാഡ്ജ കണ്ടപ്പോ നാട്ടിലെ പിള്ളേരോട് പുശ്ചം. ചിലപ്പോ പാതിരാത്രി ഓഫീസും കഴിഞ്ഞ് ഓടാന്‍ വന്നതായിരിക്കും, 24 മണിക്കൂറും അല്ലേ ഇന്ത്യയില്‍ ഐറ്റി ഓഫീസില്‍ പിള്ളേരു..ഇത് അണ്ണനെ ബാധിക്കൂലാ, അപ്പൊ അണ്ണന്‍ കളിയാക്കി...അതൊക്കെ തന്നേണ്ണാ.. നമ്മളെ തൊടുമ്പൊ മാത്രം പൊള്ളും, അല്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ കമ്പ്ലീറ്റ് അങ്ങട്ട് ബാക്കിയെല്ലാരേയും പുശ്ചിക്കും. ഒരുത്തന്‍ ബെന്‍സ് ഓട്ടിയാ പുശ്ചം, മെഡിക്കല്‍ റിപ്രസെന്റേറ്റീവിന്റെ ബാഗ് കണ്ടാ നമുക്ക് പുശ്ചം, ഡോക്ടറുടെ കോട്ട് നഴ്സ് ഇട്ടാ പുശ്ചം, വീട് വെച്ചാ പുശ്ചം, വെച്ചില്ലെങ്കില്‍ പുശ്ഛം, ദുബായ്ക്കരന്റെ കണ്ണട കാണുമ്പൊ പുശ്ചം, അമേരിക്കക്കാരെന്റെ സ്യൂട്ട് കാണുമ്പൊ പുശ്ചം...ഇങ്ങിനെയൊക്കെ തന്നെ ഇത് പോണത്.....

സജീവ് കടവനാട് said...

അല്ലേലും ഈ പഴയ ഡിഫിക്കാരൊക്കെ ഇങ്ങിനെ തന്നെയാണ് മലയാളികളെപ്പോലെ, എന്തിനേമങ്ങ് കേറി പുച്ഛിച്ചുകളയും. ഞാന്‍ മലയാളിയല്ലേ...

സാറേ ആ പുള്ളേര് അതൊക്കെ മറന്നതാകും, പിന്നെ അവരൊക്കെ ഡ്യൂട്ടി കഴിഞ്ഞ് ഡ്രസ് പോലും ചേഞ്ച്ചെയ്യാതെ ഓടാനിറങ്ങുമ്പം എങ്ങിനാ പൂണൂലുമാത്രം അഴിച്ചുവെക്കുന്നേ...

Mr. K# said...

ഇതല്പം പഴേതാണല്ലോ മാഷേ. :-)

ദേശാടകന്‍ said...

ഞാന്‍, എന്റെ കമ്പനി, എന്റെ ടാഗ്, എന്റെ പ്രയത്നം
എനിക്ക് തോന്നുമ്പോള്‍ ഒക്കെ ഞാന്‍ ഇടും
ആര്‍ക്കാ ചേതം?

പിന്നെ മാഷേ..
നേരം വെളുക്കുമ്പോഴേക്കും ഇതിനുള്ളില്‍ കയറി, പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ദിവസവും കഴിച്ചു മനസും ശരീരവും മുരടിച്ചു തിരിച്ചു പോകുമ്പോള്‍ പലപ്പോഴും കയറു കഴുത്തില്‍ നിന്നു ഊരാന്‍ മറക്കാറുണ്ട് ചിലപ്പോഴൊക്കെ. അല്ലാതെ ഇതൊരു ഷോ ആയി ആരെങ്കിലും കാണിക്കുന്നു എങ്കില്‍ ഒരു 90% പുതിയ ആളുകള്‍ ആയിരിക്കും. കയറിനെപ്പറ്റി നല്ലവണ്ണം മനസിലാകുമ്പോള്‍ താനെ ഊരി പൊയ്ക്കോളും