Thursday, July 10, 2008

അനിലിനോട്‌

അനിലേ, കമന്റ്‌ കണ്ടു. ഒരു ചെറിയ കേസ്‌ തരട്ടേ അഭിപ്രായം അറിയാന്‍? സ്വകാര്യതയെ ഭഞ്ജിക്കാതിരിക്കാന്‍ പേരു മാറ്റിയിട്ടുണ്ട്‌, ബാക്കിയെല്ലാം ലൈവ്‌ കേസ്‌. കേട്ട്‌ എന്തെങ്കിലും പറയാമോ?

റംലത്ത്‌ ബിരുദ കോഴ്സ്‌ രണ്ടാം വര്‍ഷം വരെ ബോട്ടണി പഠിച്ചതാണ്‌. സാമ്പത്തിക പരിമിതികളാല്‍ തുടരാനായില്ല. മൂന്നു പെണ്ണിനും ഒരാണിനും മൂത്തവളാണ്‌ റംലത്ത്‌. ഇളയ അനുജന്‍ കോളേജിലാണ്‌.

അവള്‍ ഇപ്പോള്‍ ഒരു മലയാളി ബാറില്‍ വെയിട്രെസ്സായി ദുബായില്‍ ജോലി നോക്കുന്നു. ട്രെയിനിംഗ്‌ കിട്ടിയ ഒട്ടേറെപ്പേരുണ്ടെങ്കിലും അവള്‍ക്ക്‌ അറബി നന്നായി അറിയാവുന്നതുകൊണ്ടാണ്‌ ഇവിടെ ജോലിക്കെടുത്തത്‌, സംഗതി മലയാളി ബാറാണെങ്കിലും സന്ദര്‍ശകരില്‍ നല്ലൊരു ശതമാനം അറബികളാണ്‌.

താമസവും ഡ്യൂട്ടി ഭക്ഷണവും പുറമേ മാസം ആയിരത്തഞ്ഞൂറു ദിര്‍ഹം ശമ്പളവും ദിവസം നാല്‍പ്പതു ദിര്‍ഹത്തോളം ടിപ്പും മദ്യവും സിഗററ്റും വിളമ്പുന്ന ഈ ജോലിയില്‍ നിന്നും അവള്‍ക്കു കിട്ടുന്നുണ്ട്‌. വളരെ ഓര്‍ത്തഡോക്സ്‌ ആയ അവളുടെ കുടുംബത്തില്‍ ഒരൊറ്റ മനുഷ്യനും മദ്യപിക്കാറില്ല. എന്നെങ്കിലും കാലത്ത്‌ വിവാഹം കഴിച്ചാല്‍ ആ സ്ഥാനത്ത്‌ മദ്യപിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കാനും അവള്‍ക്കാവില്ല.

ഉച്ചക്ക്‌ പതിനൊന്നു മണി മുതല്‍ രാത്രി ഒന്നരവരെ ആഴ്ചയില്‍ ഏഴു ദിവസവും അവള്‍ പണിയെടുക്കുന്നു. ഇത്‌ ദുബായുടെ ലേബര്‍ നിയമത്തിനു വിരുദ്ധമാണ്‌, അവള്‍
ഒച്ചവച്ചാല്‍ ആ ബാര്‍ പൂട്ടിപ്പോകും . പക്ഷേ പകരം റമദാന്‍ കാലത്ത്‌ അവള്‍ക്ക്‌ ഒരുമാസം അവധി കിട്ടാറുണ്ട്‌. ഒന്നരയ്ക്ക്‌ റെസ്റ്റോറണ്ട്‌ അടച്ചാല്‍ അതേ ഹോട്ടലിലെ നൈറ്റ്‌ ക്ലബ്ബില്‍ ചിലപ്പോള്‍ അവള്‍ പോയി ഒന്നോ രണ്ടോ മലയാളി പാട്ടു പാടാറുണ്ട്‌. "താമരക്കുരുവിക്ക്‌ തട്ടനിട്‌" , "നാദാപുരം പള്ളിയിലെ" തുടങ്ങി അവള്‍ക്ക്‌ ആത്മാര്‍ത്ഥമായും ഇഷ്ടമുള്ള പാട്ടുകള്‍ ആണ്‌ പാടാറ്‌. നല്ല രീതിയില്‍ ടോക്കണ്‍ ലഭിക്കാറുണ്ട്‌, അവളുടെ പാട്ടത്ര നല്ലതാണ്‌ , പക്ഷേ കേള്‍ക്കുന്നവന്‍ ഈ പാതിരാത്രി ഒരു വെളിവുമില്ലാതെ നൃത്തം ചെയ്യുന്ന പെണ്ണുങ്ങളെ നോക്കി വഷളന്‍ ചിരിയും ചിരിച്ച്‌ ഇരിക്കുകയാണെന്ന് അവള്‍ക്ക്‌ നന്നായി അറിയാം (സാമാന്യം നല്ല പുച്ഛവുമാണ്‌ ഈ ആരാധകരെ).

റംലത്ത്‌ മൂന്നനിയത്തിമാരില്‍ രണ്ടിനെ കെട്ടിച്ചു (മെഹര്‍ അടക്കം അങ്ങോട്ടു സ്ത്രീധനം കൊടുക്കുന്ന നാട്ടിലെ ഇടപാട്‌ അറിയുമല്ലോ? ) അനുജന്‍ കോലഞ്ചേരി സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു (ചിലവ്‌ അറിയുമല്ലോ?) . ഈ അനുജത്തിമാരും നാളത്തെ ഡോക്റ്ററായ അനുജനും പയ്യെ കള്ളുവിളമ്പിയ, ദര്‍ബാറില്‍ പാടിയ ഇത്തയെ ഒഴിവാക്കുമെന്ന് റംലത്തിന്‌ നല്ലതുപോലെ അറിയുകയും ചെയ്യാം.

അഭിപ്രായം പറഞ്ഞോളൂ.

4 comments:

ജയരാജന്‍ said...

ഇങ്ങനെ എത്രയെത്ര റംലത്തുമാര്‍? :( അവര്‍ക്ക് അനോണിച്ചേട്ടനെ പോലുള്ള നല്ല നല്ല സുഹൃത്തുക്കള്‍ ഉണ്ടാകട്ടെ...
(അനോണിച്ചേട്ടാ പഴയ കമന്റിലേക്ക് ഒരു ലിങ്ക് കൊടുത്തിരുന്നെങ്കില്‍ ഏത് കമന്റിനുള്ള മറുപടിയാണെന്നറിയാന്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടേണ്ടിവരില്ലായിരുന്നു :))

അനില്‍ said...

ഹായ്, അതാ എത്തിപ്പൊയ്.
പണിയില്ലാതിരിക്കുന്ന അള്‍കളെ കണ്ടെത്താനുള്ള കഴിവ് അപാരം, അഭിനന്ദനീയം.
ബ്ലൊഗ് ന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ഉപയോഗിക്കാനെത്തിയവര്‍ അതു ഉപയൊഗിക്കതന്നെ ചെയ്യു, (ബൊറടിക്കുന്നതു വരെയല്ലെ കാണൂ).
തമാശകള്‍ക്കു കാതോര്‍ത്തിരിക്കയാണു.
നന്ദി റംലത്തു,നിന്റെ ജീവിതരക്തമൂറ്റി ജീവിക്കുന്നവര്‍ക്കിടയിലെക്കു അനിലും.

അപ്പു said...

ആ‍ന്റണിച്ചേട്ടാ, നന്ദി ഈ റം‌ലത്തിനെ പരിചയപ്പെടുത്തിയതിന്. ഇതുപോലുള്ള എത്ര പാവങ്ങൾ

t.k. formerly known as തൊമ്മന്‍ said...

റം‌ലത്തിനെ പരിചയപ്പെടുത്തിയതിന് നന്ദി അനോനി.

ലോകത്തില്‍ വളരെ ചുരുക്കം ആള്‍ക്കാര്‍ സ്വന്തം ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി ഉഴിഞ്ഞു വയ്ക്കുന്നു. ഗവേഷകര്‍, അദ്ധ്യാപകര്‍, ചുരുക്കം ചില രാഷ്ട്രീയക്കാര്‍ അവരൊക്കെ നമുക്ക് പരിചിതരായിരിക്കും. പക്ഷേ, റം‌ലത്തിനെപ്പോലെയുള്ള ആരോരുമറിയാത്ത അനേകായിരങ്ങളാണ് മനുഷ്യത്വത്തെ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് തലയിലേറ്റി പോകുന്നത്.