Wednesday, July 2, 2008

വയലിറമ്പിലെ മാംസഭോജി

മാംസഭോജിയായ ചെടി എന്നു കേള്‍ക്കുമ്പോള്‍ ഏതോ കാട്ടില്‍ ജന്തുക്കളെ കുടുക്കാന്‍ കുടവുമെടുത്ത് നില്‍ക്കുന്ന പിച്ചര്‍ പ്ലാന്റിനെയും ജനവാസമില്ലാത്ത ചതുപ്പിലെവിടെയോ എലിവില്ലുപോലെ ഇലക്കെണികളും വച്ച് കാത്തുനില്‍ക്കുന്ന വീനസ് ഫ്ലൈ ട്രാപ്പിനെയും ഓര്‍മ്മവരും. പരിസരത്ത് ഒരു പ്രാണിഭോജി വളരുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

വയല്പ്പൂവ് എന്ന് തെക്കന്‍ കേരളത്തിലും കാക്കപ്പൂ എന്ന് വടക്കും പേരുവിളിക്കുന്ന ഒരു ചെറിയ ചെടിയാണ്‌ Nelipu (Utricularia reticulata ) പേരുകൊണ്ട് ചെടി മനസ്സിലായിട്ടില്ലാത്തവര്‍ ഇവിടെ ചിത്രം നോക്കുക ഒരു വയല്‍ കണ്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വയല്പ്പൂക്കളെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവേണ്ടതാണ്‌.

സ്വാഭാവിക പരിസ്ഥിതിയില്‍ ഞാന്‍ ഒരു പിച്ചര്‍ പ്ലാന്റോ വീനസ് ഫ്ലൈട്രാപ്പോ കണ്ടിട്ടില്ല. വിദേശത്ത് വളരെ പ്രശസ്തമായ ഒരു നഴ്സറിയില്‍ മുന്നറിയിപ്പൊട്ടിച്ച് കമ്പിവലയ്ക്കുള്ളില്‍ അടച്ച ഒരു ഫ്ലൈ ട്രാപ്പിനെ കണ്ടിട്ടുണ്ട്. ആളുകള്‍ ഭയം കലര്‍ന്ന ഒരു നോട്ടവുമായി അതിനു ചുറ്റും നില്‍ക്കും. എല്ലാവര്‍ക്കും അറിയാം അതെന്തെന്ന്.

വയല്പ്പൂക്കളോ? ചെറുപ്പത്തില്‍ ഞാനതിന്റെ ഭംഗികണ്ട് ശേഖരിച്ച് കറ്റകളാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ഒരു പ്രേമലേഖനമെഴുതുന്നത് ഒരു മുതിര്‍ന്നയാളാകലാണെന്ന് ധരിച്ച കാലത്ത് ഈ പൂക്കള്‍ നിറഞ്ഞ വയലിറമ്പില്‍ ചാരിക്കിടന്ന് നോട്ടുബുക്കില്‍ ഇന്നാലോചിച്ചാലും ഭംഗിതോന്നുന്ന വരികളെഴുതിയിട്ടുണ്ട്. അപ്പോഴൊക്കെ ഭംഗിയുള്ള പൂക്കള്‍ വിരിയിച്ച് ചെറുപ്രാണികളെ മോഹിപ്പിച്ച് അവയെക്കൊണ്ട് തന്റെ പരാഗണവും കഴിപ്പിച്ച ശേഷം വിത്തെന്നു തോന്നിക്കുന്ന ചതിക്കെണികളില്‍ (വാക്വം ബ്ലാഡര്‍) അവയെ പിടിച്ച് തിന്നു സുഖിക്കുകയായിരുന്നു ആ കളകള്‍. അധികമാരും അറിയുന്നുണ്ടാവില്ല ഈ സ്വഭാവം, പല കവിതകളിലും സിനിമാപ്പാട്ടുകളിലും ഓണപ്പാട്ടുകളിലും വയല്പ്പൂവെന്നും കാക്കപ്പൂവെന്നും നെല്ലിപ്പൂവെന്നും കേള്‍ക്കാറുണ്ട്.

അപൂര്വ്വമായെങ്കിലും ഇവിടെ ഇറങ്ങാത്ത ചില സിനിമകളുടെ സിഡി വാങ്ങാറുണ്ട് ഞാന്‍. വ്യാജനും ഒറിനിജലും സിഡികള്‍ നിറച്ച ഒരു സഞ്ചിയുമായി നീളന്‍ താടി വളര്‍ത്തി പഠാണി കളസവുമിട്ട് വരുന്ന ഒരു മലയാളിയുണ്ട് ഇവിടെ (ഇങ്ങേരുടെ താടിയും ഭാവവും കാരണം ഞാന്‍ 'CD ഹാജി' എന്നു തമാശയ്ക്ക് വിളിക്കും). ആളിന്നലെയുമെത്തി. എന്താണ്‌ ഏറ്റവും വിറ്റുവരവുള്ളതെന്ന് തിരക്കിയപ്പോള്‍ കമലഹാസന്റെ ദശാവതാരമത്രേ.
"അത് ഇവിടെ തീയറ്ററില്‍ കാണാവുന്നതേയുള്ളു. വേറേയെന്തുണ്ട് ഹിറ്റ്?"
അയാള്‍ നാലുവശവും നോക്കി ആളില്ലെന്ന് ഉറപ്പുവരുത്തി
"മറ്റേതില്‍ ഇപ്പോള്‍ ഹിറ്റ് 'മനസ്സറിയാതെ' ആണ്‌. ഒറ്റ ഡിവിഡിയില്‍ നൂറ് ക്ലിപ്പ്"

ഈ നൂറു ക്ലിപ്പുകളിലും കഥയൊന്ന്, കളിയുമൊന്ന്. കണ്ടാല്‍ ബോറഡിക്കും, ഒരു കാര്യം എത്രതവണ ഒരാള്‍ക്ക് കാണാന്‍ പറ്റും? പക്ഷേ ഒരു മിനുട്ട് ഇതൊന്നു കാണേണ്ട ആവശ്യം തോന്നി. രണ്ടുദിവസം മുന്നേ ഒരു സുഹൃത്ത് വാര്‍ദ്ധക്യം ബാധിച്ച തെരുവുവേശ്യയ്ക്ക് മദ്യം കൊടുത്തിട്ട് ഭിക്ഷക്കാരനാകാന്‍ പോലുമുള്ള വൃത്തിയില്ലാത്ത ജങ്കിയെ നായകനാക്കി എടുക്കുന്ന എണ്‍പതുകളിലെ നീല വീഡിയോ ടേപ്പുകള്‍ക്ക് ചന്ദ്രകുമാറും ജയദേവനും മറ്റും മലയാളസിനിമയുടെ നയിച്ച സോഫ്റ്റ് പോണ്‍ ദശാബ്ദത്തോടെ ഡിമാന്‍ഡ് തീര്‍ന്നെന്നും ഇത് സ്വദേശത്തും പാശ്ചാത്യനാടുകളിലുമായി ജീവിക്കുന്ന പ്രൊഫഷണല്‍ ഇന്ത്യന്‍ വംശജരായ സ്ത്രീകളും മറ്റും അഭിനയിക്കുന്ന വിദേശീയരുടെ മാതിരി ഇന്‍‌ഹിബിഷനില്ലാതെ ചിത്രീകരിക്കുന്ന നീലച്ചിത്രങ്ങളുടെ കാലം വരാന്‍ അതു കാരണമായെന്നും നിരീക്ഷിച്ചിരുന്നു. കുറച്ചു കാലം കൊണ്ട് എന്തു മാറ്റമാണുണ്ടായതെന്ന് ഇവന്റെ നൂറില്‍ ഒരെണ്ണം കണ്ടു നോക്കിയാല്‍ പോരേ.

"നൂറു file ഒരു ഡിവിഡിയില്‍ വന്നാല്‍... വര്‍ക്ക് ചെയ്യുന്നോന്ന് ഞാനൊന്നു നോക്കട്ടെ" ഞാനെടുത്ത് അകത്തു കൊണ്ടുപോയി പ്ലേ ചെയ്തു നോക്കി. രംഗമെന്തെന്ന് വിവരിക്കുന്നത് കഷ്ടമാണ്‌, എന്തായിരുന്നു എന്ന് ആര്‍ക്കും ഊഹിക്കുകയും ചെയ്യാമല്ലോ. വിഡിയോ ക്യാമറയിലല്ല, മൊബൈലില്‍ എടുത്തതെന്ന് വ്യക്തം.

സ്ത്രീശബ്ദം "എന്താ ഇങ്ങനെ മൊബൈലിലെടുക്കുന്നത്, എന്നെങ്കിലും നമ്മള്‍ പിണങ്ങിയാല്‍ ആരെയെങ്കിലും കാണിച്ച് എന്നെ ചതിക്കാനാണോ?"
പുരുഷശബ്ദം "നമ്മള്‍ ഒരിക്കലും പിണങ്ങില്ലല്ലോ, നീയില്ലാത്തപ്പോഴും എനിക്കിതു കാണാനല്ലേ എടുക്കുന്നത്."
സ്ത്രീ "എന്നെങ്കിലും പിണങ്ങിയാല്‍, ഞാന്‍ ജീവിച്ചിരിക്കില്ല..."
ഓഫ് ചെയ്തു തിരിച്ചുകൊടുത്തു. അയാളെ ഇത്രനേരം അവിടെ ഇരുത്തിയ സ്ഥിതിക്ക് എന്തെങ്കിലും വാങ്ങണമല്ലോ എന്നു കരുതി ബോയിങ്ങ് ബോയിങ്ങ് എന്ന പഴയ ചിത്രം വാങ്ങി. സീഡിക്കടയില്‍ കൊടുക്കുന്ന വിലയിലും കൂടുതല്‍ വാങ്ങി അയാള്‍ പോയി.

"മനസ്സറിയാതെ" എന്ന പേരിലെ ക്രൂരത അപ്പോഴാണ്‌ മിന്നിയത്. നൂറുക്ലിപ്പുകള്‍, നൂറുപേരാകുമോ,മനസ്സറിയാതെ ഗയ പട്ടേലും നാദിയ നൈസുമൊക്കെയായ നൂറിരകള്‍?


ഒരു പിച്ചര്‍ പ്ലാന്റനെക്കാണാന്‍ മാസങ്ങളോളം ഫോട്ടോഗ്രാഫര്‍മാര്‍ ബോര്‍ണിയോയില്‍ കറങ്ങിനടന്‍നിട്ടുണ്ട്, കോടാനുകോടി ചെടികളില്‍ തിരഞ്ഞ് അവര്‍ ഒരു മാംസഭോജിയെ കണ്ടെത്തി . വയല്പ്പൂക്കളോ നൂറായി, ആയിരമായി, ആരും തിരിച്ചറിയാതെ സുന്ദരപുഷ്പമായി നടിച്ച് നമ്മുടെ പാടത്തെല്ലാം.

9 comments:

അരവിന്ദ് :: aravind said...

കഷ്ടായി.
(എന്ത് അര്‍ത്ഥത്തില്‍ എന്ന് ചോദിക്കല്ല്)

vadavosky said...

ഈ പോസ്റ്റ്‌ എഴുതിയ രീതി excellent

ദിലീപ് വിശ്വനാഥ് said...

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ...

Sethunath UN said...

ഹോ! :(

പാമരന്‍ said...

പെടപ്പിച്ചു കളഞ്ഞു!

തമനു said...

പാമര്വോ.. ആ കമന്റൊന്നു കടം തന്നേ ... ഇപ്പൊ തിരിച്ചു തരാം..

പെടപ്പിച്ചുകളഞ്ഞു.

:)

വിശാഖ് ശങ്കര്‍ said...

ഒന്നുലച്ചു ഈ പോസ്റ്റ്...

ജയരാജന്‍ said...

അവസാനത്തെ ഖണ്ഡിക ഒന്നുകൂടി വായിക്കട്ടെ. ഹോ, അനോണിച്ചേട്ടാ, പെടപ്പിച്ചു കളഞ്ഞു!

Sarija NS said...

അവതരണ രീതി മനോഹരം