Sunday, July 6, 2008

പ്രവാസവും കേരളവും - രണ്ട്

ഡാലീ, നിസ്സ്, മറ്റുകൂട്ടുകാരേ,
"ഡി വൈ എഫ് ഐക്കാരെല്ലാം ഗള്‍ഫിലും അമേരിക്കയിലും പോകുന്നതെന്തുകൊണ്ട്?" എന്ന പരിഹാസത്തിന്റെ (ഇഞ്ചിപ്പെണ്ണ് ഉന്നയിച്ചൊന്നുമല്ല ഇത് ആദ്യമായി കേള്‍ക്കുന്നത്. അവര്‍ തന്നെ പത്തുപേര്‍ പറയുന്നത് കേട് നേരാണെന്ന് കരുതുന്നതുമാവാം ) തുടര്‍ച്ചയാണല്ലോ "ഇടത്പക്ഷാനുഭാവികള്‍ (ലെഫ്റ്റ് ലീനിയന്റ് എന്നും പറയും)ജോലിക്കായി പ്രവാസത്തില്‍ ജീവിക്കുന്നത് ഗാന്ധിത്തൊപ്പി വച്ച് ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നതിനു തുല്യമാണോ?" എന്ന നിരീക്ഷണം.

ഇപ്പോള്‍ ഗാന്ധിത്തൊപ്പിയും ബെന്‍സ് കാറുമായുള്ള കണക്ഷന്‍ പിടികിട്ടിയോ? ഗള്‍ഫ് രാജ്യങ്ങളിലയും അമേരിക്കയിലെയും ജനങ്ങളെയും കമ്പനികളെയും വെറുക്കുന്ന ഒരുത്തനാണ്‌ ഡി വൈ എഫ് ഐക്കാരന്‍, ഇതു ചെയ്തിട്ട് അവിടെ പോയി സുഖിക്കുന്നത് ലളിത ജീവിതത്തിന്റെ ചിഹ്നമായ ഗാന്ധിത്തൊപ്പി വച്ച ശേഷം ഒരാള്‍ വിദേശനിര്‍മ്മിത ആഡംബര കാറില്‍ സഞ്ചരിക്കുന്നതുപോലെ കടകവിരുദ്ധമായ വാക്കും പ്രവര്‍ത്തിയും ആണെന്ന് ഉപമയും സ്റ്റേറ്റ്മെന്റും ആയുള്ള കണക്ഷന്‍.

ചോദ്യവും ഉദാഹരണവും കൊണ്ട് സ്ഥാപിക്കാന്‍ നോക്കുന്നത് ഇത്രയും കാര്യങ്ള്

ഒന്ന് : ഇടതു ചിന്തയുള്ളവര്‍ എന്നാല്‍ ഡി വൈ എഫ് ഐ ആണ്‌
രണ്ട് : ഇവര്‍ നാട്ടില്‍ നില്‍ക്കുമ്പോഴും പുറത്തു നില്‍ക്കുമ്പോഴും കേരളത്തിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌, അല്ലെങ്കില്‍ അതിനോട് ഒരു സ്നേഹവും ഇല്ലാത്തവരാണ്‌ (മറ്റുള്ളവര്‍ അങ്ങനെ അല്ല എന്ന് സൂചന)

മൂന്ന് : ഇവര്‍ ഇതെല്ലാം ചെയ്ത് നാട്ടില്‍ സാമ്പത്തികമായി നാടിനെ നശിപ്പിക്കുകയാണ്‌

നാല്‌ : ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ടാണ്‌ നാടു നന്നാവാത്തത്

അഞ്ച് : നാടു നന്നാവില്ലെന്ന് ഇവര്‍ക്കറിയാം, അതുകൊണ്ട് അവര്‍ നാടുവിടുന്നു

ആറ്‌ : നാടുവിടുന്നത് നാട്ടില്‍ കിട്ടാത്ത സുഖം മറ്റൊരിടത്തു നേടാനാണ്‌

ഏഴ് : പുറത്തു ജോലി ചെയ്യുക എന്നാല്‍ ആ രാഷ്ട്രത്തെ സേവിക്കലും നാട്ടില്‍ നില്‍ക്കുക എന്നാല്‍ കേരളത്തെ സേവിക്കലും ആകുന്നു

എട്ട്: ഇവരെല്ലാം തോല്‍ക്കുകയും തെറ്റു മനസ്സിലാക്കുകയും ചെയ്യുന്നതാണ്‌ പുറം നാടുകളില്‍ ജോലി ചെയ്യുക വഴി ചെയ്യുന്നത്.

ഒമ്പത്: ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് അവര്‍ നയവഞ്ചകരും വാക്കും പ്രവര്‍ത്തിയും തമ്മില്‍ വൈരുദ്ധ്യമുള്ളവരും ജനദ്രോഹികളുമാണ്‌, അതുകൊണ്ട് അവരെ വിശ്വസിക്കരുത് (പകരം ഞാന്‍ പറയുന്നത് വിശ്വസിക്കൂ)



ശരി. നമുക്ക് എന്താണ്‌ ചോദ്യം എന്നു പരിശോധിക്കാം.

1.ഡി. വൈ. എഫ്. ഐ. ക്കാര്‍

2.എല്ലാം ( അങ്ങനെയാണെങ്കില്‍ നാട്ടില്‍ നില്‍ക്കുന്നത് പിന്നെ ആര്‌, ഭൂരിപക്ഷം എന്നാകും ഉദ്ദേശം)

3.ഗള്‍ഫിലും അമേരിക്കയിലും (ഈ രണ്ട് രാജ്യങ്ങളോടും അവിടത്തെ ജനതയോടും സ്ഥാപനങ്ങളോടും ഇവര്‍ക്ക് എതിര്‍പ്പാണെന്ന് വ്യംഗ്യം)

4.പോകുന്നത് ( ഇടതുപക്ഷം എന്നാല്‍ നാട്ടില്‍ തന്നെ നില്‍ക്കുക എന്നാണ്‌, അത് ലംഘിക്കുന്നത്)

5.എന്തുകൊണ്ട് (നയവഞ്ചന ആണ്‌)

ഉത്തരം:
1. ഡി വൈ എഫ് ഐക്കാര്‍
ഇടതുപക്ഷ ചിന്തയുള്ളവരെല്ലാം ഡി വൈ എഫ് ഐക്കാര്‍ ആണോ? മൊത്തം കമ്യൂണിറ്റിയെക്കൊണ്ട് ഉത്തരം പറയിക്കാന്‍ എനിക്കാവില്ല. ബ്ലോഗിനെ ഒരു സാമ്പിള്‍ സെറ്റ് ആക്കിയെടുത്താല്‍, ഗള്‍ഫിലും അമേരിക്കയിലും (കുറയ്ക്കണ്ട, ആസ്ത്രേലിയ, ഫാര്‍ ഈസ്റ്റ്, യൂറോപ്പ്) ഉള്ള എത്ര ലെഫ്റ്റ് ലിബറല്‍ വീക്ഷണക്കാര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആണ്‌? (ആണെങ്കില്‍ അതൊരു തെറ്റാണെന്ന് ഉദ്ദേശിച്ചിട്ടേയില്ല, നീ അമേരിക്ക പക്ഷത്തല്ലെങ്കില്‍ ഭീകരന്മാരുടെ പക്ഷത്താണെന്ന ബുഷിന്റെ പഴയ പരാമര്‍ശം എത്ര രസകരമാണെന്ന് ആളുകള്‍ സ്വയം ബോദ്ധ്യപ്പെടാന്‍ ആണ്‌).

എല്ലാ ബ്ലോഗുകളും വായിക്കാറില്ല, വായിക്കുന്നവരില്‍ പലരുടെയും നാട് എവിടെയെന്ന് (വായനയിലൂടെ) മനസ്സിലായിട്ടുമില്ല. ഇടതു വീക്ഷണം എന്ന് തോന്നിയ ലേഖനം എഴുതുന്ന അമേരിക്കയില്‍ നിന്നുള്ള ആരെയും വായിച്ചിട്ടില്ല, ഉള്ളവര്‍ ഒന്നു കൈ പൊക്കിയാല്‍ നന്നായിരുന്നു.

ഗള്‍ഫില്‍ നിന്നുള്ളവരില്‍ രാജീവ് ചേലനാട്ട്, രാധേയന്‍, കണ്ണൂസ് എന്നിവര്‍ക്ക് ഇടതു ചിന്താഗതി ഏറിയും കുറഞ്ഞുമൊക്കെ ഉണ്ടെന്ന് ( വീക്ഷണങ്ങള്‍ ദൈവവിശ്വാസം പോലെ പരിപൂര്‍ണ്ണ അടിയറവല്ല, ഒരു കോണ്ടിന്യൂമിലെ പല ഇടങ്ങളിലാണ്‌‌) തോന്നിയിട്ടുണ്ട്, ഇവരും അതുപോലെ ഉള്ളവരും എല്ലാവരും ഡി വൈ എഫ് ഐ ആണ്‌ എന്നു കരുത വയ്യ. കക്ഷിരാഷ്ട്രീയമില്ലാതെ ഒരു ഇടതുചിന്ത ഉള്ളവരായിരുന്നു എനിക്കു പരിചയമുള്ള ലെഫ്റ്റ് ലിബറലുകളില്‍ ഭൂരിഭാഗവും. ഒരു രാഷ്ട്രീയ ചിന്ത ഉണ്ടാകണമെങ്കില്‍ പാര്‍ട്ടി മെംബര്‍ഷിപ്പുകള്‍ ആവശ്യമില്ല.
[സൂരജിന്റെ കമന്റ് "ഇടതുപക്ഷം> ഡി വൈ എഫ് ഐ]

2. എല്ലാവരും
ആരോപണം ഉന്നയിച്ചയാള്‍ തെളിയിക്കേണ്ടിവരും. മുഴുക്കുടിയനോട് കൂമ്പു വാടിപ്പോകും എന്നു നമ്മള്‍ പറഞ്ഞാല്‍ ഉടന്‍ നൂറുവയസ്സുവരെ ജീവിച്ച ഒരു മദ്യപാനിയായ മാത്തച്ചന്റെയും ജീവിതത്തില്‍ ഇന്നേവരെ കുടിക്കാതിരുന്നിട്ടും ഉദരത്തില്‍ ക്യാന്‍സര്‍ വന്നു മരിച്ച പോത്തച്ചന്റെയും ഉദാഹരണം കൊണ്ട് അയാള്‍ കുടിയെ ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ടോ? അതിന്റെ ഉത്തരം ആല്‍ക്കഹോളിക്കിന്റെ ആയുസ്സിന്റെയും അമിതമോ ഒട്ടുമോ മദ്യപാനമില്ലാത്തവരുടെ ആയുസ്സിന്റെയും ദൈര്‍ഘ്യത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ വിവരമാണ്‌.


എനിക്കറിയാവുന്ന മൂന്നു പേര്‍ ഉണ്ട് എന്ന രീതിയിലുള്ള ഉത്തരം സ്വീകാര്യമല്ല, നിങ്ങള്‍ക്കറിയാത്ത മുപ്പതുലക്ഷം പേരുണ്ട്. ഞാന്‍ പണ്ട് ഇടതനായിരുന്നു ("ഞാന്‍ പണ്ട് യുക്തിവാദിയായിരുന്നു, പിന്നെ അറിവും ആത്മീയഞ്ജാനവുമുണ്ടായപ്പോള്‍ ദൈവവിളി കേട്ടു" എന്നതാണ്‌ പാസ്റ്റര്‍മാരുടെ ഒരു സ്ഥിരം ഡയലോഗ്) എന്നതിലും കാര്യമില്ല.

ബിനീഷ് കോടിയേരി ദുബായിലല്ലേ എന്നത് വര്‍ക്ക് ചെയ്യില്ല. അയാളുടെ ഇടതു വീക്ഷണം എന്താണെന്ന് എനിക്കറിയില്ല, മാത്രമല്ല, മന്ത്രിമാരില്‍ തന്നെ ബാക്കിയുള്ള പതിനെട്ടു പേരുടെ മക്കള്‍ ദുബായിലില്ലല്ലോ ഉവ്വോ? ഉണ്ടെങ്കില്‍ തന്നെ അവര്‍ അപ്പനമ്മമാരുടെ ചിന്താഗതിയായിരിക്കണമെന്ന് നിര്ബ്ബന്ധമില്ലല്ലോ. അച്ഛന്‍ ഹിന്ദുവെങ്കില്‍ മകനും മകന്റെ അമ്മായിയച്ഛനും ഹിന്ദുവാകുന്നതുപോലെ രാഷ്ട്രീയവീക്ഷണം ഒരു കുടുംബസ്വത്തല്ല (നെഹ്രു, ഇന്ദിര, രാജീവ്, സോണിയ, രാഹുല്‍ എന്നിവരുടെ രാഷ്ട്രീയം എന്താണെന്നു ചോദിച്ചാല്‍ 'കോണ്‍ഗ്രസ്സ്' എന്നു മറുപടി പറയുമെങ്കില്‍ ചോദ്യം പാഴായി)


ശരി, പ്രവാസികളുടെ രാഷ്ട്രീയവീക്ഷണ സ്ഥിതിവിവരക്കണക്കോ ഇടതു ചിന്താഗതിയുള്ള മലയാളികളുടെ എത്രശതമാനം എന്നോ നിങ്ങളുടെയും എന്റെയും അടുത്ത് പട്ടികകളില്ല. നെക്സ്റ്റ് ബെസ്റ്റ് ഡാറ്റ പരിഷത്തിന്റെ കേരളപഠനത്തിന്റെ രണ്ടദ്ധ്യായത്തിന്റെ രണ്ട് ടേബിളുകള്‍ (കൃത്യമായി നോക്കി എഴുതാന്‍ ഇപ്പോള്‍ കഴിയില്ല, രാത്രി വീട്ടിലെത്തിയാല്‍ പുസ്തകം നോക്കി അപ് ഡേറ്റ് ചെയ്യാം) നിന്നും വിവരം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കാം

ഒന്ന്: പ്രവാസികളില്‍ അന്‍പതു ശതമാനത്തോളം മുസ്ലീം സമുദായക്കാരും മുപ്പത്തിമൂന്ന് ശതമാനത്തോളം കൃസ്തുമതക്കാരും പതിനേഴു ശതമാനത്തോളം ഹിന്ദുമതക്കാരുമാണ്‌.

രണ്ട് : ഇടതുപക്ഷവീക്ഷണമുള്ളവര്‍ ഏറ്റവും കുറവ് (സംഖ്യ മനസ്സില്‍ നിന്നു പോയി, ഏകദേശം ഇരുപതുശതമാനം) മുസ്ലീം സമുദായത്തിലും രണ്ടാമത് കൃസ്ത്യന്‍ സമുദായത്തിലും കൂടുതല്‍ ഹിന്ദു സമുദായത്തിലുമാണ്‌.

മാത്ത്സ് നിങ്ങള്‍ തന്നെ ചെയ്തോളൂ. (സെറ്റ് തീയറി അഞ്ചാം ക്ലാസ്സില്‍ പഠിച്ചതിനു ഒരാപ്ലിക്കേഷനാവട്ടേന്ന്)

3. ഗള്‍ഫിലും അമേരിക്കയിലും
രണ്ടുസ്ഥലങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ ഒന്നുമില്ലെന്നത് ഒന്നാമത്തെ പ്രശ്നം. അമേരിക്കയുടെ ഒട്ടുമിക്ക വിദേശനയങ്ങളോടും യോജിച്ചു പോകാന്‍ ഇടതുവീക്ഷണമുള്ളവര്‍ക്ക് കഴിയില്ല എന്നതിന്റെ അര്‍ത്ഥം അമേരിക്കന്‍ ജനത മുടിഞ്ഞു പോകണേ എന്ന് ഇടതുവീക്ഷണമുള്ളവരെല്ലാം രാവിലേ എഴുന്നേറ്റ് നാലുതവണ പ്രാര്‍ത്ഥിക്കുന്നു എന്നത് രണ്ടാമത്തെ പ്രശ്നം (ലവ് മീ, ലവ് മൈ ഡോഗ് സിന്‍ഡ്രോം) . മൂന്നാമത്തെ പ്രശ്നം അമേരിക്കന്‍ മോഡല്‍ പേട്രിയോട്ടിസത്തിന്റേതാണ്‌. നീ ഇന്ത്യയെ സ്നേഹിക്കുന്നു = ആഫ്രിക്കയെ വെറുക്കുന്നു. കൊറോളറി> നീ ആഫ്രിക്കയില്‍ ഒരു സ്കൂളില്‍ പഠിപ്പിക്കുന്നു = ഇന്ത്യയെ വെറുക്കുന്നു.
ഗാന്ധിജിയുടെ "രാജ്യസ്നേഹം എന്താണ്‌?" എന്ന ലേഖനം സ്കാന്‍ ചെയ്ത് അയച്ചുകൊടുക്കുകയേ പോം‌വഴിയുള്ളു (പോം വഴി വേണ്ടവര്‍ക്ക്)

4. പോകുന്നത്
പോകാന്‍ പാടുണ്ടോ? കേരളത്തെ സേവിക്കേണ്ടത് ഇടതു ചിന്താഗതിയുള്ളവരുടെ മാത്രം ചുമതയാണ്‌, ബാക്കി ആര്‍ക്കും എന്തുമാകാം. സേവിക്കുക എന്നാല്‍ നാട്ടില്‍ തന്നെ കുത്തിയിരിക്കല്‍ മാത്രമാണ്‌. എന്തെങ്കിലും തൊഴില്‍ എവിടെയെങ്കിലും കണ്ടുപിടിക്കലല്ല. നാട്ടില്‍ പണിയില്ലാത്തത് ഇടതുചിന്തകൊണ്ടാണ്‌. കേരളത്തിലെ ഇടതുപക്ഷം മുഴുവന്‍ സകല വിദേശക്കമ്പനികളെയും നാട്ടില്‍ നിന്ന് ആട്ടിയോടിച്ചവരാണ്‌. മാത്രമല്ല, തന്റെ രാഷ്ട്രീയ വീക്ഷണത്തോട് യോജിക്കുന്ന ഭരണകൂടമുള്ളയിടത്തേ പണിയെടുക്കാവൂ.

കേരളം വലതുപക്ഷം ഭരിക്കുകയാണെങ്കില്‍ ഇടതു ചിന്താഗതിയുള്ളവര്‍ നാടുവിട്ടു പോകണം. ഇന്ത്യ ബി ജെ പി ഭരിക്കുകയാണന്കില്‍ രാജ്യം തന്നെ വിട്ടു പോകണം. നേപ്പാളില്‍ മാവോയിസ്റ്റ് ഗവണ്മെന്റ്ആണല്ലോ, ആന്ധ്രയിലെ മാവോയിസ്റ്റുകള്‍ അവിടെ പോയി ജീവിക്കണം.

പരിഷത്തിന്റെ പ്രവര്‍ത്തകരായ പലരും അമേരിക്കന്‍ യൂണിവേര്‍സിറ്റികളില്‍ വിസിറ്റിങ്ങ് വിദഗ്ദ്ധരയി പഠിപ്പിക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് (ഉദാഹരണം ബി ഇക്ബാല്‍, എം പി പരമേശ്വരന്‍). അതു പാടില്ല, പരിഷത്ത് ‍ അമേരിക്കയുടെ പല ഇമ്പീരിയലിസ്റ്റ് നടപടികളെയും എതിര്‍ത്ത് പുസ്തകങ്ങളിറക്കിയ സംഘടനയല്ലേ എന്നു ചോദിച്ചാല്‍ എന്തു പറയും?
5. എന്തുകൊണ്ട്
ലേബര്‍ മൂവ്മെന്റ് എന്താണെന്നും എന്തുകൊണ്ടാണെന്നും ഒന്നാമദ്ധ്യായത്തിലേ പറഞ്ഞുകഴിഞ്ഞു. അധികമുള്ളതു വില്‍ക്കും. നമുക്ക് അധികം മനുഷ്യശക്തി (അതും വലിയ വിലയ്ക്ക് പോകാന്‍ മാത്രം സ്കില്‍ ഇല്ലാത്തതും, സെല്ലേര്‍സ് ഫ്ലഡിങ്ങ് കാരണം വില ഇടിഞ്ഞുപോയതുമായ മനുഷ്യശക്തിയാണ്‌)
ഇറ്റാലിയന്‍ കുക്ക് കേറ്ററിങ്ങില്‍ ബിരുദമെടുത്ത് പഞ്ചനക്ഷത്രഹോട്ടലില്‍ ജോലി ചെയ്യും മലയാളി കുക്ക് ഒരുഗതിയും പരഗതിയുമില്ലാതെ കഫറ്റീരിയയില്‍ പൊറോട്ടയടിക്കും. എന്തുകൊണ്ട് എന്നത് വേറൊരദ്ധ്യായമാണ്‌, അതുവരെ ക്ഷമിക്കുക.


ഡി വൈ എഫ് ഐ എന്നാല്‍ ഒരു ബിരുദമല്ല, ഒരു നിയോഗവുമല്ല, മതമല്ല. രാഷ്ട്രീയ നയങ്ങളില്‍ ആകര്‍ഷണം തോന്നി ചേരുന്നവരായിരിക്കും ഭൂരിപക്ഷവും . പക്ഷേ ഡി വൈ എഫ് ഐക്കാരനായാല്‍ ആറെസ്സുകാരന്‍ തല്ലില്ല എന്നു തോന്നി അയലോക്കത്തെ ആറെസ്സസ്സുകാരന്റെ വേലി പൊളിച്ചവന്‍ വന്നു ചേര്‍ന്നേക്കാം. അച്ഛന്‍ സി പി എം, അതുകൊണ്ട് ഞാന്‍ ഡി വൈ എഫ് ഐ എന്നു പറഞ്ഞു ചേര്‍ന്നവനുണ്ടാകാം , അച്ഛന്‍ കോണ്‍ഗ്രസ് പുള്ളി ശരിയല്ല എന്നതുകൊണ്ട് വന്നു കയറിയവനും ഉണ്ടാകാം.

(രാമചന്ദ്രന്റെ കമന്റ് ഏകദേശം ഇങ്ങനെ "വ്യക്തികളെ എടുത്ത് പരിശോധിക്കുന്നത് നിഷ്പ്രയോജനമാണ്‌, പ്രസ്ഥാനങ്ങളായി വേണം വിലയിരുത്താന്‍")

അവസാനമായി ഇടതുചിന്തയുള്ളതുകൊണ്ട് വിദേശത്തു പോയതാണോ അതോ വിദേശത്തു പോയ ഒരാള്‍ക്ക് ഇടതുചിന്തഉള്ളതാണോ എന്നതാണ്‌. അതായത് ഞാന്‍ കഴിഞ്ഞയാഴ്ച ബംഗല്ലൂരില്‍ ഒരു പബ്ബിലിരുന്ന് രണ്ട് ബീയര്‍ കഴിച്ചു എന്നതും രണ്ട് ബീയര്‍ കഴിക്കാന്‍ ദുബായില്‍ താമസിക്കുന്ന ഞാന്‍ ബാംഗ്ലൂരു പോയി എന്നതും ഒന്നുതന്നെയോ എന്നത്.
(ചന്ത്രക്കാറന്റെ കമന്റ് "തൊപ്പിയുള്ളയാള്‍ ബെന്‍സില്‍ യാത്രചെയ്യുന്നതോ അതോ ബെന്‍സില്‍ യാത്രചെയ്യുന്നയാള്‍ തൊപ്പി വയ്ക്കുന്നതോ പ്രശ്നം?")


മേമ്പൊടി (പ്രയോഗത്തിനു കടപ്പാട് സുകുമാറിന്റെ കഷായം എന്ന പഴയ സീരീസിന്‌)
"ഡി വൈ എഫ് ഐക്കാരെല്ലാം ഗള്‍ഫിലും അമേരിക്കയിലും പോകുന്നതെന്തുകൊണ്ട്?" എന്ന തരം ചോദ്യങ്ങള്‍ക്ക് ജോയിനര്‍ ബെയിറ്റ് എന്ന് പറയാം. ജോയിനര്‍ ബെയിറ്റ് പൊതുവില്‍ നിഷ്കളങ്കനായ അല്ലെങ്കില്‍ തര്‍ക്കവൈദഗ്ദ്ധ്യമില്ലാത്ത ഒരാളെ തോല്പ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ചതിയാണ്‌. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ജോയിനര്‍ ബെയിറ്റ്


"Can omnipotent create a stone that is too heavy for him to lift?" ദൈവവിശ്വാസിയായ സാധു യെസ് എന്നു പറഞ്ഞാന്‍ ദൈവം സര്വ്വശക്തനല്ല, പാറ പൊക്കാന്‍ കഴിയില്ലല്ലോ, നോ എന്നു പറഞ്ഞാല്‍ ദൈവം സര്വ്വശക്തനല്ല, അങ്ങനെ ഒരു പാറ ഉണ്ടാക്കാന്‍ കഴിയില്ലല്ലോ.

ഈ ചോദ്യം ഒരു സാധാരണക്കാരനോട് ചോദിച്ചാല്‍ അയാള്‍ "can any sprinter run so fast that he can overtake himself?" എന്നതുപോലെ ഒരസംബന്ധ ചോദ്യമാണെന്നേ അയാള്‍ക്കു തോന്നു.

ഇത്തരം ഊശിയാക്കല്‍ കണ്ടു ശീലിച്ച ഒരാള്‍ "പോടേ, പോടേ, നമ്മളോട് ഇതെടുക്കല്ല്" എന്നു പറയും, കാരണം ചോദ്യം ചോദിക്കുന്നവനു അതു പറ്റിപ്പാണെന്നും പക്ഷേ ആ പറ്റിപ്പ് മനസ്സിലാക്കാനുള്ള സാമര്‍ത്ഥ്യം കേള്‍ക്കുന്നവനില്ല എന്ന മനോഭാവവുമാണ്‌ എന്നുള്ളതുകൊണ്ട്.
(രാധേയന്റെ കമന്റ്- നല്ല നമസ്കാരം പറയുകയേ വഴിയുള്ളു)

Can omnipotent create any kind of stone എന്ന ചോദ്യത്തിനും Can omnipotent lift any stone എന്നതിനും ദൈവവിശ്വാസിക്ക് കണ്ണടയ്ക്കുന്ന വേഗത്തില്‍ ഉത്തരം ഉണ്ട്, ചൂണ്ട ഇതിന്റെ രണ്ടിന്റെയും ജോയിനറിലാണെന്നത് ഏണസ്റ്റായി ആ ചോദ്യത്തെ നേരിടുന്ന പാവം അറിയില്ലെന്നു മാത്രം.

6 comments:

തറവാടി said...

വിഷയത്തോട് ബന്ധപ്പെടുത്തിയാണോ എഴുതിയത് ,ഒരു സം‌ശയം :)

തല്ലുന്നതുകൊണ്ട് കുഴപ്പമില്ല , തിരിച്ചും തല്ലും അല്ലെങ്കില്‍ തല്ലിക്കും :)

ഹാരിസ് said...

:)

പാമരന്‍ said...

കല്ലിട്ടു പാതാളക്കിണര്‍ നിറയ്ക്കുമോ?

വേണു venu said...

വിഷയ ബന്ധിതമല്ല, സമയ ബന്ധിതമായ ലേഖനം.വളരെ ഇഷ്ടമായി.:)

Unknown said...

എന്നിട്ടും ഈ നേതക്കന്മാര്‍ക്ക് (എല്‍..ഡി.എഫ്) ആമേരിക്കന്‍ ജീവിതത്തോടാണ് ആസക്തി

ജയരാജന്‍ said...

ഈ അനോണിച്ചേട്ടനെക്കൊണ്ടു തോറ്റു :)
ഇടത്‌ വീക്ഷണമുള്ള ഒരുപാട്‌ ലേഖനങ്ങള്‍ കണ്ടിട്ടുണ്ട്‌; പക്ഷേ നാടൊന്നും അറിയില്ല. ലേഖനമൊന്നും എഴുതാത്തവര്‍ക്കും കൈ പൊക്കാമോ? :)