Wednesday, July 2, 2008

ക്യൂബ മുകുന്ദന്റെ ഗള്‍ഫുജോലി

ഡി വൈ എഫ് ഐക്കാരെല്ലാം പടയായി ഗള്‍ഫിലോട്ട് പോയതുകാരണം നാട്ടില്‍ ബസ്സുകത്തിക്കാന്‍ ആളില്ലെന്ന് ഇഞ്ചിപ്പെണ്ണ് പറയുന്നു. അല്ല, ഇവന്മാരെന്താ ഇങ്ങനെ വഞ്ചി ചവിട്ടി മുക്കിയിട്ട് കരയ്ക്കു നീന്തിക്കേറുന്ന ഇടപാട് കാണിക്കുന്നത്? ഡി വൈ എഫ് ഐക്കാരോട് തന്നെ ചോദിക്കട്ടെ അത്, നമ്മുടെ വിഷയം ഞാന്‍ എന്തിനു ഗള്‍ഫിലേക്ക് വന്നു എന്നാണ്‌. ഇവിടത്തെ രാഷ്ടീയത്തില്‍ മോഹിച്ചോ അതോ സുഖസൗകര്യങ്ങളില്‍ ഭ്രമിച്ചോ?

സാധനം, സേവനം, അറിവ് എന്ന മൂന്നു സാധനമാണ്‌ ഏതങ്ങാടിയിലും വില്‍ക്കാനൊക്കുന്നത്. വില്‍ക്കാനിരിക്കുന്നവന്‍ ഏറ്റവും കൂടുതല്‍ വിലതരുന്നവനു വില്‍ക്കും. (ലോട്ടായെടുക്കുന്നവന്‍, സ്ഥിരമായെടുക്കുന്നവന്‍, എടുത്തു പാരപണിയില്ലെന്ന് ഉറപ്പുള്ളവന്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍ കൂടെയും)

മത്തങ്ങ ലോകത്താകെ വിറ്റുപോകുന്ന സാധനമാണ്‌. റോക്കറ്റ് ഉണ്ടാക്കാനുള്ള സാങ്കേതിക അറിവ്, വരട്ടുചൊറി മാറ്റാനുള്ള ശാസ്ത്രീയ അറിവ്, കാറുകഴുകാനുള്ള സേവനം, കുട്ടികളെ പഠിപ്പിക്കുന്ന സേവനം ഒക്കെ അങ്ങനെ തന്നെ.

വിലകൂടുതല്‍ കിട്ടുന്നയിത്തേക്ക് ആളുകള്‍ സാധനം കയറ്റിയയയ്ക്കും. കാശുള്ളവന്‍ ഏറ്റവും നല്ലതു നോക്കി വാങ്ങും. അമേരിക്കയിലെ മത്തങ്ങ, ഇന്ത്യയിലെ വൈദ്യം, ചൈനയിലെ കളിപ്പാട്ടം, റൊമാനിയയിലെ സ്വകാര്യ സര്വ്വീസ്, പാക്കിസ്ഥാനിലെ ഡ്രൈവിങ്ങ് വൈദഗ്ദ്ധ്യം, ഇംഗ്ലണ്ടിലെ പഠനരീതി, ആസ്ത്രേലിയയിലെ ആട്ടിറച്ചി, ഹോളണ്ടിലെ പൂക്കള്‍, സ്കോട്ട്ലന്‍ഡിലെ മദ്യം, ജെര്‍മ്മനിയിലെ വാഹനം, ഇറ്റലിയിലെ തുകല്‍, ഫ്രാന്‍സിന്റെ തുണി, സ്വിറ്റ്സര്‍ലാന്‍ഡിലെ ചീസ്, ജപ്പാനിലെ ആയോധനം, തായ്ലാന്‍ഡിലെ തിരുമ്മല്‍ എന്നിവയ്ക്കൊക്കെ ഏറ്റവും നല്ല വില ഗള്‍ഫില്‍ കിട്ടുമെന്ന് മനസ്സിലാക്കി (അല്ലെങ്കില്‍ അങ്ങനെ ധരിച്ച് ) ഗള്‍ഫില്‍ ഇപ്പറഞ്ഞ ആളുകളെല്ലാം ഇവ വില്പ്പനയ്ക്ക് കൊണ്ടുവരാറുണ്ട്.

അഞ്ച് ഭൂഖണ്ഡങ്ങളിലും എന്റെ മനുഷ്യാദ്ധ്വാനം എക്സ്പോര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടില്ല, കൊള്ളാവുന്ന വില ദുബായില്‍ കിട്ടുന്നു, ഞാന്‍ അവിടേയ്ക്ക് കയറ്റി അയക്കുന്നു. എന്റെ മാന്‍‌പവര്‍ വിറ്റു കിട്ടുന്ന കാശില്‍ അതിനുവേണ്ടിയുള്ള ചിലവൊഴിച്ച് ബാക്കിയെല്ലാം വിദേശനാണ്യമായി എന്റെ സ്വന്തം നാട്ടില്‍ കൃത്യമായി എത്തുന്നുണ്ട്. ഇവിടെ വീടുവാങ്ങിയിട്ടില്ല, നൂറുവര്‍ഷം റെസിഡന്‍സ് പെര്‍മിറ്റ് എടുത്തിട്ടില്ല, സ്വിസ് ബാങ്കില്‍ അക്കൗണ്ടുമില്ല.

ക്യൂബന്‍ സിഗററ്റും ഇറാനിയന്‍ എണ്ണയും അമേരിക്കയില്‍ കിട്ടില്ലേ? ചൈനീസ് ഭക്ഷണം? ജാപ്പനീസ് കാറുകള്‍?

ഇവിടെ അമേരിക്കന്‍ എഞ്ചിനീയറുമാര്‍ ചാളകണക്കെ വന്നടിയുന്നു. അവിടെ ഇപ്പോ എഞ്ചിനീയറമ്മാര്‍ക്ക് തൊഴിലില്ലായ്മയാ? അതോ ഇവരു രാജ്യസ്നേഹമില്ലത്തവരാണോ?

21 comments:

നിസ് said...

അല്ലാ അപ്പൊ എന്തായിപ്പോ പ്രശ്നം?

ചേട്ടന്‍ ഡിഫിക്കാരനാണെന്നതോ?

vikram's darbar said...

അഭിവാദ്യങ്ങള്‍ സഖാവേ...
പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചിലത് കുറിക്കുന്നു. കുറച്ചു കാലം ഗള്‍ഫ് എന്ന മരീചികയില്‍ സ്വര്‍ണം കൊയ്യാന്‍ നാമും ഉണ്ടായിരുന്നു. താങ്കള്‍ പറഞ്ഞ ഒന്നു രണ്ടു അഭിപ്രായങ്ങള്‍ക്കു മാത്രമാണീ കമന്റ്.
അമേരിക്കന്‍ എന്ജിനിയര്മാര്‍ ചാള പോലെ വന്നടിയുന്നു...
സംഭവം എത്രത്തോളം താങ്കള്‍ മനസിലാക്കിയിട്ടുന്ടെന്നു അറിയില്ല. പക്ഷെ ദുബായിലും, ബെഹറിനിലും ,ഖത്തറിലും നടക്കുന്ന പ്രധാനപെട്ട സിവില്‍, ആര്‍ക്കിറ്റെക്റ്റ് ജോലികളുടെ മേല്‍നോട്ടം വഹിക്കുന്നവര്‍ അല്ലെങ്കില്‍ വഹിച്ചിരുന്നവര്‍ ഏറിയ പക്ഷവും യുറോപ്പിയന്‍ കാരാന്നെന്നാണ് നമ്മുടെ അനുഭവം ( ദുബായിലെ ബുര്‍ജ് അല്‍ അറബ് ഉദാഹരണം- ബ്രിട്ടീഷ് കമ്പനിയായ അറ്റ്കിന്‍സ് ). ഈ കമ്പനികള്‍ ലോകത്താകമാനം ജോലികള്‍ ഏറ്റെടുക്കാറുണ്ട് . അല്ലാതെ ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നിവിടിങ്ങളില്‍ നിന്നെന്ന്ന പോലെ ആളുകളെ കയറ്റുമതി ചെയ്യാറില്ല.
ചൈനയും, പാകിസ്ഥാനും നില്കട്ടെ --- പേരുകേട്ടാല്‍ അഭിമാനപൂരിതമാകുന്ന നമ്മുടെ ഭാരതത്തിന്‍റെ കാര്യം എടുക്കാം. നാടിനും വീടിനും വേണ്ടത്തവനെ പണ്ടു പട്ടാളത്തില്‍ ചേരാന്‍ പറയുമായിരുന്നു. ഏതാണ്ടതു പോലെയാനിന്നു ഗള്‍ഫിലേക്ക് നാടുകടത്തപ്പെടുന്ന ഭാരതീയന്‍- മുഖ്യമായും മലയാളി. നമ്മള്‍ അഭിമാനിക്കുന്ന വര്‍ക്ക് ഫോര്‍സിന്റെ കൊള്ളാവുന്ന ഒരു വിഭാഗം ( ഐ ഐ ടി യില്‍ നിന്നുള്ള എന്ജിനിയര്മാര്‍ തുടങ്ങി ഭേദപ്പെട്ട വിദ്യാഭ്യാസമുള്ള സാങ്കേതിക വിദഗ്തര്‍ ( ഏ സി റിപ്പൈര്‍ മുതല്‍ ഫയര്‍ എഞ്ചിനീയറിംഗ് ) വരെ ആരും കഴിയുമെങ്ങില്‍ ഗള്‍ഫില്‍ കാലുകുത്താറില്ല. ഇപ്പറഞ്ഞ സാങ്കേതിക വിദഗ്തര്‍ പണ്ടു പോയിരുന്നു... ഇപ്പോള്‍ നഹി. ഗള്‍ഫിലെ പുതിയ ഇന്ത്യന്‍ സമൂഹത്തിന്‍റെ ഒരു നല്ല ശതമാനം ( തൊണ്ണൂറുകളുടെ അവസാനവും രണ്ണ്ടയിരത്തിന്റെ ആരംഭത്തിലും ആരംഭത്തില്‍ തുടങ്ങിയ പുതിയ കുടിയേറ്റം) മേല്‍പറഞ്ഞ വര്‍ക്ക് ഫോര്‍സിന്റെ ക്രീം ആകാന്‍ സാധിക്കാത്തവരാണ് . ഈ കൂട്ടത്തിലാണ് നാട്ടില്‍ സഖാവ് കളിച്ചു നടന്നവര്‍ ഉള്ളത്. ഇവരെ മിക്കവാറും സഹി കെട്ട് വീടുകാര്‍ കയറ്റി അയച്ച്ചതാകും എന്നാണ് നമ്മുടെ അനുഭവം. അല്ലെങ്കില്‍ നിനച്ചിരിക്കാത്ത നേരത്ത് കുടുംബ ഭാരം തലയില്‍ വന്നു വീണതും ആകാം (കാരണങ്ങള്‍ പലതു). അങ്ങിനെ അല്ലാത്തവര്‍ നാട്ടിലില്ലേ എന്ന് ചോദിക്കാം? ഉണ്ട് ...സഖക്കന്മാരില്‍ അവര്‍ രണ്ടു വിഭാഗം...ഒന്നു തടി കേടാകാതെ (പോലീസിന്റെ ലാത്തി ചാര്‍ജില്‍ തല്ലു കൊണ്ടു പത്രത്തില്‍ പടം വരുത്തുന്നതിനല്ല തടി കേടാകുന്നത് എന്ന് പറയുന്നതു. ലോക്ക് അപ് മര്‍ദ്ദനം ...എതിര്‍ പാര്‍ട്ടികളുടെ കത്തി, വാള്‍ എന്നിവയുടെ സ്നേഹ സമ്മാനങ്ങള്‍ - ഇവയില്‍ നിന്നൊഴിഞ്ഞു) പാര്‍ട്ടി ഓഫീസില്‍ ചായ മേടിച്ചു കൊടുത്തും മറ്റും പെട്ടന്നൊരു സുപ്രഭാതത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ അവതരിക്കുന്നവര്‍ ഒരു വിഭാഗം. ചോരതിളപ്പിഷ്ട്ടപെട്ടു പാര്‍ട്ടിക്കാര്‍ തന്നെ ഒരു കേസില്‍ കുടുക്കി അവരാല്‍ തന്നെ ജാമ്യത്തിലെടുക്കപ്പെട്ടു നിത്യ സഖക്കന്മാരക്കപ്പെടുന്ന മറ്റൊരു കൂട്ടര്‍. ഈ രണ്ടു കൂട്ടരല്ലാതെ ക്യൂബ മുകുന്ദന്‍മാര്‍ കഥയിലെ ഉള്ളു- അന്ന്, ഇന്നും. (വിദ്യാര്‍ഥി സഖാക്കളുടെ മാത്രം കാര്യമാണിത്...മേലോട്ട് യൂത്ത് , മുഖ്യ പാര്‍ട്ടി ഇവയില്‍ കഥ വേറെ കിടക്കുന്നു. വിസ്തരായ ഭയത്താല്‍ വ്യാസനു ടെലിഗ്രാം അടിച്ചിട്ടുണ്ട്. പുള്ളി വന്നാല്‍ വീണ്ടും എഴുതാം. ) ഇതു ഒരു പഴയ സഖാവിന്റെ സത്യവാങ്മൂലം...അത്രേയുള്ളൂ.

കിംവദന്‍ said...

ഹേ അന്തോണി പണ്ഡിതാ

ഗള്‍ഫില്‍ കിട്ടുന്നത്ര ശമ്പളം( നികുതിക്ക് ശേഷം) നാട്ടില്‍ കിട്ടിയാല്‍,നാട്ടില്‍ ജോലി ചെയ്യുമൊ?

അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതേ ശമ്പളം നാട്ടില്‍ കിട്ടിയാലും അവര്‍ അമേരിക്കയില്‍ ജോലി ചെയ്യാനേ താല്‍പ്പര്യപ്പെടു? കിം?

ഉരച്ചുരച്ച് ഉര ചെയ്യുക ഹന്തോണി പണ്ഡിതാ..

ദേവസ്യ പശ്യകാവ്യം നമമാര നജീര്യതി

തറവാടി said...

"ഇവിടെ അമേരിക്കന്‍ എഞ്ചിനീയറുമാര്‍ ചാളകണക്കെ വന്നടിയുന്നു. അവിടെ ഇപ്പോ എഞ്ചിനീയറമ്മാര്‍ക്ക് തൊഴിലില്ലായ്മയാ? "

അതൊരൊന്നൊന്നര ചോദ്യമായല്ലോ അനോണി ആന്‍‌റ്റണി :)

ഞാനീ ചോദ്യം രണ്ട് മൂന്ന് പേരോട് ചോദിച്ചു , അവര്‍ പറഞ്ഞത് ,

' ഇവിടെത്തെപ്പറ്റി കുറെ കുറ്റവും അവിടത്തെപ്പറ്റി കുറെ തട്ടുപൊളിപ്പന്‍ വര്‍ത്താനവുമായിരുന്നു എനിക്ക് ലഭിച്ചത് '

' ഇതാണ് അവിടത്തെ സ്ഥിതിയെങ്കില്‍ പിന്നെ എന്തിനാ പോന്നെ? '

ഉത്തരമില്ല.

തറവാടി said...

അമേരിക്കയില്‍ നിന്നും മുന്‍‌കാലങ്ങളെ അപേക്ഷിച്ച് വളരെ അധികം എഞ്ചിനേഴ്സ് ദുബായില്‍ വരുന്നുണ്ട്. (അനുഭവം)

*************

>>>നമ്മള്‍ അഭിമാനിക്കുന്ന വര്‍ക്ക് ഫോര്‍സിന്റെ കൊള്ളാവുന്ന ഒരു വിഭാഗം ( ഐ ഐ ടി യില്‍ നിന്നുള്ള എന്ജിനിയര്മാര്‍ തുടങ്ങി ഭേദപ്പെട്ട വിദ്യാഭ്യാസമുള്ള സാങ്കേതിക വിദഗ്തര്‍ ( ഏ സി റിപ്പൈര്‍ മുതല്‍ ഫയര്‍ എഞ്ചിനീയറിംഗ് ) വരെ ആരും കഴിയുമെങ്ങില്‍ ഗള്‍ഫില്‍ കാലുകുത്താറില്ല. ഇപ്പറഞ്ഞ സാങ്കേതിക വിദഗ്തര്‍ പണ്ടു പോയിരുന്നു.<<<

>> ഇപ്പോള്‍ നഹി.<<<<


>>> ഗള്‍ഫിലെ പുതിയ ഇന്ത്യന്‍ സമൂഹത്തിന്‍റെ ഒരു നല്ല ശതമാനം ( തൊണ്ണൂറുകളുടെ അവസാനവും രണ്ണ്ടയിരത്തിന്റെ ആരംഭത്തിലും ആരംഭത്തില്‍ തുടങ്ങിയ പുതിയ കുടിയേറ്റം) മേല്‍പറഞ്ഞ വര്‍ക്ക് ഫോര്‍സിന്റെ ക്രീം ആകാന്‍ സാധിക്കാത്തവരാണ്.<<<വളരെ ഗഹനമായ റിപ്പോര്‍ട്ടായി തോന്നുന്നു ഇവ :)

ഏറനാടന്‍ said...

എല്ലാം ഒന്നൂടെ നേരിട്ട് മനസ്സിലാക്കാന്‍ ഞാനും ഒരിക്കല്‍ കൂടി പ്രവാസിയാകാന്‍ തീരുമാനിച്ചു. ഈ മാസം പകുതിയോടെ ക്യൂബമുകുന്ദന്റെ അനുയായിയായി എമറാത്തിലെത്താന്‍ ഉറപ്പിച്ചു. -:)

Inji Pennu said...

ഈ മൊത്തം പോസ്റ്റിനെ ഒറ്റ വാക്കില്‍ പറയാല്ലോ അണ്ണാ. ഗ്ലോബലൈസേഷന്‍! (മാന്‍‌പവര്‍ ഗ്ലോബലൈസേഷന്‍)
The last time I checked India's Left was against globalisation.

ബെന്‍സ് കാറില്‍ ചെത്തി പോവുന്ന ഗാന്ധിത്തൊപ്പിവെച്ചവരെ കളിയാക്കുന്നതുപോലെയുള്ളൂ അതും.

അല്ലാതെ രാജ്യസ്നേഹത്തിനു വേണ്ടി നാട്ടിലോട്ട് പൈസ അയക്കുന്നു, അല്ലെങ്കില്‍ രാജ്യസ്നേഹം ഇല്ലാത്തതുകൊണ്ട് നാട് വിട്ട് പോകുന്നു എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല.

വിശാഖ് ശങ്കര്‍ said...

ക്യൂബാ മുകുന്ദനെ പോലെയുള്ള ഒരാള്‍ ഈ ലോകത്ത് എവിടെ ചെന്നാലും രക്ഷപ്പെടില്ല.അതിനു കാരണം അയാള്‍ കമ്മ്യൂണിസ്റ്റ് ആയതാണ് എന്ന ധ്വനി ശ്രീനിവാസന്‍ ഉണ്ടാക്കിയത്..,മിടുക്കന്‍.

ഗള്‍ഫില്‍ കിട്ടുന്നത്ര പണം (നികുതി കഴിഞ്ഞ്)നാട്ടില്‍ കിട്ടിയാല്‍, നാട്ടില്‍ ജോലി ചെയ്യുമോ എന്ന ചോദ്യത്തിന് ഇവിടെ ഒമാനില്‍ ഏതു തരം അഭിപ്രായ സര്‍വേ നടത്തിയാലും 80 ശതമാനത്തില്‍ അധികത്തിന്റെയും ഉത്തരം അതേ എന്നായിരിക്കും. കാരണം ഇവിടെ ജോലി ചെയ്യുന്നവരില്‍ 80 ശതമാനവും ഇവിടെ കുടുംബസമേതം ജോലി ചെയ്ത് പിഴയ്ക്കാനുള്ള വരുമാനമില്ലാത്തതുകൊണ്ട് ഡ്രഫ്റ്റുകള്‍ വഴി കുടുംബജീവിതം നയിച്ച് കഴിഞ്ഞു കൂടുന്നവരാണെന്നതു തന്നെ.അവര്‍ക്ക് ഇവിടെ കിട്ടുന്ന വരുമാനം (നികുതി ഉള്‍പ്പെടെ ആയാലും) നാട്ടില്‍ കിട്ടിയാല്‍ അവിടെ ജീവിക്കാനാണ് ആഗ്രഹം.

(ഇനി ഈ ചോദ്യം എഞ്ജിനീയര്‍മാരെ മാത്രം ഉദ്ദേശിച്ച് ഉള്ളതാണെങ്കില്‍ ഇവിടെ പ്രൈവറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന എഞ്ജിനീയര്‍മാരുടെ ശരാശരി ശംബളം 250 തൊട്ട് 400 റിയാല്‍ വരെ വരും.വീട്ടുവാടകയും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും കഴിഞ്ഞ് ഇത്തരക്കാര്‍ക്ക് പഞ്ഞത്തില്‍ കഴിഞ്ഞാല് ‍പോലും പത്ത് പൈസ ബാക്കി വയ്ക്കാനാവില്ല.)

അല്ലാതെ കേരളത്തില്‍ ആറു മണി കഴിഞ്ഞാല്‍ കുടുംബസമെതം പുറത്തിറങ്ങി നടക്കാനാവുമോ? റോഡ് മുഴുവന്‍ ഗട്ടറല്ലെ,പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനിലൊക്കെ നാറ്റമല്ലെ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് നാട്ടിലേയ്ക്കില്ല എന്നു പറഞ്ഞ് ഇവിടെ തുടരുന്നവര്‍ ചുരുങ്ങിയ പക്ഷം ഒമാനില്‍ കുറവാണ് എന്നാണ് എന്റെ 9 വര്‍ഷത്തെ അനുഭവം പഠിപ്പിച്ചത്.

വര്‍ക്കേഴ്സ് ഫോറം said...

പ്രസക്തം
ഇതു കൂടി നോക്കുമല്ലോ?

http://workersforum.blogspot.com/2008/07/blog-post_7946.html

ഉണ്ണീഷ്ണന്‍ -unni said...

"അഞ്ച് ഭൂഖണ്ഡങ്ങളിലും എന്റെ മനുഷ്യാദ്ധ്വാനം എക്സ്പോര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടില്ല, കൊള്ളാവുന്ന വില ദുബായില്‍ കിട്ടുന്നു, ഞാന്‍ അവിടേയ്ക്ക് കയറ്റി അയക്കുന്നു. എന്റെ മാന്‍‌പവര്‍ വിറ്റു കിട്ടുന്ന കാശില്‍ അതിനുവേണ്ടിയുള്ള ചിലവൊഴിച്ച് ബാക്കിയെല്ലാം വിദേശനാണ്യമായി എന്റെ സ്വന്തം നാട്ടില്‍ കൃത്യമായി എത്തുന്നുണ്ട്."

എല്ലാരും ചേര്ന്നു ബൂര്‍ഷ്വാ രാജ്യത്ത് ചെന്നു അദ്ധ്വാനം വിറ്റു കാശുണ്ടാക്കിയാല്‍ മധുര മനോജ്ഞ കേരളത്തിനു വേണ്ടി ആര് അദ്ധ്വനിക്കും ?.... വിസ കിട്ടാത്ത അലവലാതികള്‍ എന്തെങ്കിലും ചെയ്യട്ടെ അല്ലേ .....

പിന്നൊരു സമാധാനം മാന്‍‌പവര്‍ വിറ്റു കിട്ടുന്ന കാശില്‍ അതിനുവേണ്ടിയുള്ള ചിലവൊഴിച്ച് ബാക്കിയെല്ലാം വിദേശനാണ്യമായി സ്വന്തം നാട്ടില്‍ കൃത്യമായി എത്തുന്നുണ്ട് എന്നുള്ളതാണു ....

സാമൂഹ്യ പ്രതിബദ്ധത ഇത്ര കഠിനമായി തെളിയക്കണോ ?

അനോണി ആന്റണി said...

നിസ്സേ, എനിക്കൊരുകാലത്തും ഡിഫിയില്‍ അംഗത്വമില്ലായിരുന്നു, അതിന്റെഊരു ഭാരവാഹിയെയും ഞാന്‍ അറിയുകപോലുമില്ല. പ്രശ്നം ഡിഫിയിലുള്ള അല്ലെങ്കില്‍ ഒന്നിലുമില്ലാത്ത ഒരാള്‍ ഗള്‍ഫില്‍ പോകാന്‍ പാടുണ്ടോ എന്നതല്ലേ.

കിംവദാ,
തീര്‍ച്ചയായും. മറ്റൊന്നുകൂടി, ഒരു ജോലി എന്നാല്‍ ശമ്പളം മാത്രമല്ല അതുമായി ബന്ധപ്പെട്ട ഒരു സെറ്റ് എത്തിക്സ്, പഠിച്ചത് ലോകത്തിനു പ്രയോജനപ്പെടുന്നുണ്ടോ അതോ മനുഷ്യവര്‍ഗ്ഗത്തിനെതിരായി ഉപയോഗിക്കുകയാണോ എന്നൊക്കെ കൂടി നോക്കേണ്ടി വരും, അതുകൊണ്ട് മയക്കുമരുന്നു കടത്തല്‍ ജോലിയോ സി ഐ ഏ കാശുവാങ്ങി വിമോചനസമരക്കാര്‍ക്ക് വിതരണം ചെയ്യുന്ന ജോലിയോ പോലെ എന്തെങ്കിലുമാണെങ്കില്‍ സ്വീകരിക്കില്ല.

(ഇതുപോലെ ഒരു ജോലി നാട്ടില്‍ കിട്ടിയാല്‍ പോകണമെന്നാണ്‌ എന്റെ ആഗ്രഹം, പക്ഷേ അത് താത്വികമായി ശരിയായ ആഗ്രഹമല്ല, അഥവാ ഞാനങ്ങനെ ആഗ്രഹിക്കുന്നത് തെറ്റാണ്‌. എന്തുകൊണ്ടാണെന്ന് മറ്റൊരു പോസ്റ്റില്‍ പറയാം)

വിശാഖ് ശങ്കറിന്റെ കമന്റും കണ്ടുവോ താങ്കള്‍?


തറവാടി, ഗള്‍ഫ് കുടിയേറ്റത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഞാനും താങ്കളും പണ്ടൊരിക്കല്‍ എഴുതിയി തുടങ്ങിയതായിരുന്നു, അതു തുടരാം?

ഏറനാടന്‍, സ്വാഗതം.

വിക്രം,
എണ്ണ, നിര്‍മ്മാണ കമ്പനികളുടെ (ദുബായില്‍ ഇതില്‍ അമേരിക്കക്കാരുടെ സാന്നിദ്ധ്യം കുറവാണ്‌, മഹാഭൂരിപക്ഷം യൂറോപ്യന്‍ കമ്പനികളും ബാക്കി ഫാര്‍ ഈസ്റ്റില്‍ നിന്നുമാണ്‌) വിദേശ ജോലിക്കാരെയല്ല ഞാന്‍ പരാമര്‍ശിക്കന്നത് (ആറ്റ്കിന്‍സ് ജീവനക്കാര്‍ ചൈനയിലും ദുബായിലും സൗദി അറേബ്യയിലും ജോലി ചെയ്യുന്നത് ഉദ്ദേശിച്ചിട്ടില്ല എന്നര്‍ത്ഥം).

പൂര്‍ണ്ണമായും ദുബായില്‍ ഉണ്ടായി മാനേജ് ചെയ്യപ്പെടുന്ന കമ്പനികളിലെ ജീവനക്കാരെ. അവര്‍ ഒരുപാടുണ്ട്, ഈയിടെയായി വളരെയധികം അമേരിക്കക്കാര്‍ വരുന്നുമുണ്ട് ഇവിടേയ്ക്ക്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് പറയാന്‍ സ്വകാര്യതയുടെ പ്രശ്നമുണ്ട് എങ്കിലും പറയട്ടെ, എന്നോടൊപ്പവുമുണ്ട്). പണം കൂടുതല്‍ കിട്ടുന്നിടത്തേയ്ക്ക് മനുഷ്യാദ്ധ്വാനശക്തി സ്വാഭാവികമായും ഒഴുകും, അതിലല്ല ഇന്ത്യക്കാരനും പാക്കിസ്ഥാനിനും വെള്ളക്കാരനും തമ്മിലുള്ള വത്യാസം ഭൂരിപക്ഷം ഇന്ത്യയാദി വംശജര്‍ക്ക് അവരുടെ നാട്ടില്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ പണവും സൗകര്യവും എന്നുപറഞ്ഞാല്‍ ചില്ലറത്തുട്ടുകളും കിടക്കാനൊരു കമ്പിളിയുമാണെങ്കില്‍ വെള്ളക്കാരന്‌ അത് ഫ്ലാറ്റും വലിയൊരു സംഖ്യയും പെയ്ഡ് വെക്കേഷനുമാണെന്നതാണ്‌.

ജബേല്‍ അലിയില്‍ പോയിട്ട് പത്തു വര്‍ഷമായി, അതുകൊണ്ട് ഇപ്പോഴും പഴയ സ്ഥിതിയിലാണോ എന്ന് നിശ്ചയമില്ല, ടാസ് ഇന്‍ഫ്ലൈറ്റ് സിസ്റ്റംസ് എന്നൊരു കമ്പനി അവിടെ ഉണ്ടായിരുന്നു. ഷാജി തോമസ് എന്നൊരു മലയാളി ചെറുപ്പക്കാരനാണ്‌ ഉടമ (അന്നത്തെ, വിറ്റോ ആവോ) റിസപ്ഷന്‍, സെയില്‍സ്, തുടങ്ങിയ അവിദഗ്ദ്ധ ജോലികള്‍ ചെയ്തിരുന്നവരെല്ലാം ബ്രിട്ടീഷുകാരായിരുന്നു ഷാജിയുടെ കമ്പനിയില്‍. (അതിന്റെ കസ്റ്റമേര്‍സ് ഒട്ടു മിക്കവരും യൂറോപ്യന്‍ കമ്പനികള്‍ , ചുമ്മ ഒരു ഞമ്മന്റെ ആള്‍ നമ്പരാകും)
ഒട്ടേറെ ലോക്കലി ഓണ്ഡ് കമ്പനികളില്‍ യൂറോപ്യരും ഈയിടെയായി അമേരിക്കരും ധാരാളമായി ജോലി ചെയ്യുന്നുണ്ട് - ഉദാ. എമിറേറ്റ്സ്, ഈഡി ഐ .... എത്ര വേണമെങ്കിലുമുണ്ട്)

ഗുണപാഠം- ഹോം മാര്‍ക്കറ്റില്‍ കിട്ടുന്നതിന്റെ അമ്പതോ നൂറോ ഇരട്ടി വില ഒന്നിനും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പ്രതീക്ഷിക്കാന്‍ പാടില്ല.

ഇതില്‍ വത്യാസമുണ്ടാക്കാന്‍ കഴിയണമെങ്കില്‍ ഈ വന്‍ തുക ശമ്പളം വാങ്ങിക്കുന്നവനു എന്തു കൊടുക്കാന്‍ കഴിയുന്നോ അതേ ഗുണനിലവാരത്തില്‍ അതേ സേവനം അല്ലെങ്കില്‍ സാധനം കൊടുക്കാന്‍ ഈ തെക്കന്‍ ഏഷ്യര്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് കഴിയും എന്ന പേര്‍ ഉണ്ടാക്കിയെടുക്കുകയാണ്‌. (ഉദാഹരണം മെഡിക്കല്‍ ഡോക്റ്റര്‍മാര്‍)

അങ്ങനെ ചെയ്ത് അതുപോലെയുള്ള തുക ശമ്പളം വാങ്ങിക്കുന്ന കുറച്ചുപേരെങ്കിലും ഇന്ത്യക്കാരായി ഇവിടെയുണ്ട് . മഹാഭൂരിപക്ഷം പക്ഷേ അതുപോലെ അല്ല. എന്തുകൊണ്ട് എന്ന ചോദ്യം ഒരു പോസ്റ്റായി പിറകേയുണ്ട്. (വിദ്യാര്‍ത്ഥിസഖാക്കളുടെ കാര്യം എനിക്കൊരു പിടിയുമില്ല, ഞാന്‍ ഒരുകാലത്തും എസ് എഫ് ഐ- കെ എസ് യു- സി പി എം- യൂത്ത്- മുസ്ലീം ലീഗ്, ബി ജെ പി, കേകോ .... അംഗമോ പ്രവര്‍ത്തകനോ ആയിരുന്നിട്ടില്ല, ഇപ്പോഴുമല്ല)


വിശാഖ്, അതേ. ഞാന്‍ ഇതിനെക്കുറിച്ച് ദുബായിലെ ജോലിയും ജീവിതവും എന്നൊരു പോസ്റ്റ് എഴുതിയിരുന്നു.

ഇഞ്ചിപ്പെണ്ണ്,
കൊടികെട്ടിയ ഇടതന്മാര്‍ പോലും (ഉദാഹരണം എം. എന്‍ വിജയന്‍) ഗ്ലോബലൈസേഷനെ അല്ല, ഗ്ലോബലൈസേഷന്റെ പേരില്‍ നടക്കുന്ന ഇമ്പീരിയലിസത്തെയേ എതിര്‍ത്തിട്ടുള്ളു. തീവ്രപക്ഷക്കാരായ സ്വദേശി വലതുകള്‍ പോലും കെന്റക്കി വന്നാല്‍ കല്ലെറിയും പക്ഷേ തേയില കയറ്റി അയക്കും എന്ന നിലപാടിലല്ലായിരുന്നോ?

ഇമ്പീരിയലിസവും ഗ്ലോബലൈസേഷനും ഒരു പേരില്‍ നടക്കുന്ന കടകവിരുദ്ധമായ കാര്യങ്ങളെന്ന് ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു ചിന്ന ലേഖനത്തില്‍.

http://www.hoover.org/pubaffairs/dailyreport/archive/2855136.html


വര്‍ക്കേര്‍സ് ഫോറം, ആ പോസ്റ്റിനു നന്ദി, അതുമായി ബന്ധപ്പെട്ട് എന്റെ പോസ്റ്റും വരുന്നുണ്ട്.

അനോണി ആന്റണി said...

ഉണ്ണീഷ്ണാ,
മധുരമനോജ്ഞ കേരളത്തിനു ലേബര്‍ ഷോര്‍ട്ടേജ് അതിഭയങ്കരമാണോ? ആണെങ്കില്‍ അത് ഏതു കാറ്റഗറിയില്‍? തൊഴിലില്ലാതെ നാട്ടില്‍ കുത്തിയിരിക്കന്ന ഒരഭ്യസ്ഥവിദ്യന്‍ (എത്ര ലക്ഷമെന്ന് സര്‍ക്കാര്‍, പതിനേഴോ അതോ ഇരുപത്തഞ്ചോ ) ജീവിച്ചു കിടക്കാന്‍ ഒരു കുടുംബത്തിനു എത്ര പാഴ് ചിലവു വരും?

ഉണ്ണീഷ്ണന്‍ -unni said...

അനോണി ആന്റണി ,
കേരളത്തില്‍ ലേബര്‍ ഷോര്ട്ടേജു ഉണ്ടോ എന്നോ ..?
അന്യ സംസ്ഥാനക്കാര്‍ക്ക് കേരളം ഒരു മിനി ഗള്‍ഫ്‌ ആയതു എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? കര്‍ണാടകയിലും തമിഴ്നാട്ടിലും കൃഷി നാശമോ സമരമോ വന്നാല്‍ സാധാരണ കേരളീയന്ടെ സാമ്പത്തിക ഭദ്രത തകിടം മറിയുന്ന സ്ഥിതി വിശേഷം അറിയുമോ ..?

നെല്‍കൃഷി നടത്തുന്നവര്‍ നെഞ്ചു പൊട്ടി മരിച്ച വാര്‍ത്ത വായിച്ചിട്ടുണ്ടോ ?

ഗള്‍ഫില്‍ വളരെ മോശമായ സ്ഥിതിയില്‍ ജോലി ച്ചെയ്യുന്ന കുറെ പേരെ എനിക്കറിയാം. എന്തിന് എന്നാല്‍ " പണം" എന്നാണ് അവരുടെ ഉത്തരം . രാജ്യ സ്നേഹമെന്നോ സാമൂഹ്യ പ്രതിബദ്ധത എന്നോ അവര്‍ പറയാറില്ല.

പക്ഷെ , എല്ലാവരെയും അടച്ചു ഒരഭിപ്രായം പറയാനും ഞാനാളല്ല.

സൂരജ് :: suraj said...

ആന്റണിമാഷേ സലാം!

ഇഞ്ചീ,

“ഈ മൊത്തം പോസ്റ്റിനെ ഒറ്റ വാക്കില്‍ പറയാല്ലോ അണ്ണാ. ഗ്ലോബലൈസേഷന്‍! (മാന്‍‌പവര്‍ ഗ്ലോബലൈസേഷന്‍)
The last time I checked India's Left was against globalisation.

ബെന്‍സ് കാറില്‍ ചെത്തി പോവുന്ന ഗാന്ധിത്തൊപ്പിവെച്ചവരെ കളിയാക്കുന്നതുപോലെയുള്ളൂ അതും.”


ഗ്ലോബലൈസേഷനല്ല ഇഞ്ചീ,

ഇതാണ് ജെനറലൈസേഷന്‍ : ഇടതു പക്ഷം-> ഇടതു കക്ഷികള്‍ ->‘കാരാട്ടിന്റെ‘ സി.പി.എം -> ആന്റീ-ഗ്ലോബലൈസേഷന്‍ കാര്‍...ആന്റീ ഗ്ലോബലൈസേഷന്‍ കാര് -> ആന്റീ അമേരിക്കനിസ്റ്റുകാര്‍ -> ആന്റീ അമേരിക്കനിസ്റ്റുകാര് -> ഒരിക്കലും അമേരിക്കയില്‍ പോകരുത്....അങ്ങനെയങ്ങനെ...

ഇത്ര നൈവ് അല്ലെങ്കിലും വേറേയും ചില ജെനറലൈസേഷനുകളുണ്ട് :

ആര്യന്‍ -> നീലക്കണ്ണും ദൃഢപേശിയുമുള്ള കോക്കേസിയന്‍... ആഫ്രിക്ക->ദരിദ്ര ജനത->സാമൂഹിക പിന്നോക്കാവസ്ഥ->കുറഞ്ഞ ഇന്റലിജന്‍സ്-> കറുത്തവരെല്ലാം ബുദ്ധി കുറഞ്ഞവര്‍....


അതിവായനയാണേ.. പൊറുക്കുക :)

കണ്ണൂസ്‌ said...

ഈ മൊത്തം പോസ്റ്റിനെ ഒറ്റ വാക്കില്‍ പറയാല്ലോ അണ്ണാ. ഗ്ലോബലൈസേഷന്‍! (മാന്‍‌പവര്‍ ഗ്ലോബലൈസേഷന്‍)
The last time I checked India's Left was against globalisation.

ബെന്‍സ് കാറില്‍ ചെത്തി പോവുന്ന ഗാന്ധിത്തൊപ്പിവെച്ചവരെ കളിയാക്കുന്നതുപോലെയുള്ളൂ അതും


ഗാന്ധിജി ഒരു ജന്മം മുഴുവന്‍ പൊരുതിയത് ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. എന്ന് വെച്ച് അദ്ദേഹം ബ്രിട്ടീഷുകാരുണ്ടാക്കിയ തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ പാടില്ലേ?

ഗാന്ധിത്തൊപ്പിയിട്ട് ആദര്‍ശം പറയുന്നവന്‍, അദ്ധ്വാനിച്ചുണ്ടാക്കിയ സ്വന്തം പൈസക്ക് ബെന്‍‌സ്കാറില്‍ പോയാല്‍ അവനെ കുറ്റം പറയാന്‍ പാടില്ല. വേറൊരുത്തന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിക്കുന്നതിന് അവന്ന് തടസമല്ലെങ്കില്‍.

എന്റെ ഇതു വരെയുള്ള അറിവില്‍, ഇന്ത്യയില്‍ നിന്ന് വിദഗ്ദരോ, അവിദഗ്ദരോ ആയ തൊഴിലാളികല്‍ ഗള്‍ഫിലോ അമേരിക്കയിലോ പോകുന്നതിന് ഡിഫി തടസ്സം നിന്നിട്ടില്ല. അവരുടെ പൈസ ചെലവാക്കാനും ഉപദ്രവിച്ചിട്ടില്ല.

അപ്പോ പിന്നെ എന്താ ഡിഫിക്കാരന് അവനു സൌകര്യമുള്ളിടത്തു പോയി അദ്ധ്വാനിച്ചാല്‍?

കണ്ണൂസ്‌ said...

. അല്ലാതെ ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ എന്നിവിടിങ്ങളില്‍ നിന്നെന്ന്ന പോലെ ആളുകളെ കയറ്റുമതി ചെയ്യാറില്ല.

വിക്രത്തിന് അറിയുമോ എന്നറിയില്ല. യൂറോപ്യന്‍ - അമേരിക്കന്‍ എഞ്ചിനീയര്‍മാര്‍ കൂടുതലായി ഗള്‍ഫില്‍ - പ്രത്യേകിച്ച് ദുബായില്‍ വരുന്നത് - അവര്‍ക്കവിടെ കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടിയും അതുപോലുള്ള ലൈഫ് സ്റ്റൈലും ഇവിടെ കിട്ടുമെന്നതു കൊണ്ടു കൂടിയാ‍ണ്. ഇന്ത്യക്കാര്‍ ദുബായില്‍ വരുന്നതും വേറെ ഒരു കാരണം കൊണ്ടല്ലല്ലോ.

ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കും - സോഫ്റ്റ്വേര്‍ ഒഴിച്ച് - അമേരിക്കയിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുക ദുബായില്‍ ആണ്. ഓഫര്‍ കുറവായത് കൊണ്ട് അമേരിക്കന്‍ / യു,കെ ഓഫര്‍ നിരസീച്ച മലയാളികളെ എനിക്ക് വളരെ പേഴ്സനല്‍ ആയി അറിയാം.

കണ്ണൂസ്‌ said...

വിക്രമിനോട് ഒരു കാര്യം കൂടി പറയാന്‍ പറന്നു:

ബിറ്റ്‌സ് പിലാനി, എക്സ്.എല്‍.ആര്‍.ഐ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഇവിടെത്തന്നെയുണ്ട്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മാര്‍ക്കറ്റുകള്‍ മുഴുവന്‍ നിയന്ത്രിക്കുന്ന ഹബ് ആയതു കൊണ്ട് ദുബായില്‍ മാനേജ്‌മെന്റ് പ്രൊഫഷണത്സിനും ചാകരയാണ്‌. ഇവര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ തോത് അറിഞ്ഞപ്പോള്‍ എനിക്ക് കടലില്‍ ചാടി ചാവാന്‍ തോന്നി. ഐ.ഐ.റ്റി / ഐ.ഐ.എം കാര്‍ ഇല്ല എന്നതും തെറ്റിദ്ധാരണയാണ്. ദുബായിലെ മിക്ക ബാങ്കുകളുടേയും സാമ്പത്തിക വിഭാഗത്തിന്റെ തലപ്പത്ത് ഐ.ഐ.എം കാരാണ്.

മലയാളം ബ്ലോഗില്‍ ചുരുങ്ങിയത് നാല് സി.എ.ക്കാരെ ഞാന്‍ അറിയും, ദുബായില്‍ നിന്നു മാത്രം. :)

Anilkumar said...

വളരെ ശരി മിസ്റ്റര്‍ അനോണീസ് പുണ്യാളന്‍.
ന്യായീകരിക്കാന്‍ ഇങ്ങനെ എന്തെല്ലാം പറയാം. എന്നാലും ഉള്ളില്‍ അന്യരാരെയോ സേവിക്കുന്നതായി സ്ഥിരമായി ഒരു തോന്നലിരുന്നു കുത്തുന്നില്ലേ.

ഇഞ്ചിപ്പെണ്ണു്
രാഷ്ട്രീയം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ള ഒരു വ്യത്യാസമാണ്ണീകുത്തു്. അങ്ങനെ ഇന്നുവരെ തോന്നിയിട്ടില്ലെങ്കില്‍ ഒന്നു തിരിഞ്ഞു നോക്കേണ്ട സമയമായെന്നേ ഞാന്‍ പറയൂ.


(കുത്തു കൊണ്ട ഒരുത്തന്‍.)

ജയരാജന്‍ said...

സൂരജിന്റെ ജെനറലൈസേഷന്‍ ആണ്‌ എനിക്കിഷ്ടപ്പെട്ടത്‌ :)

Inji Pennu said...

വേറേയും ജെനറലൈസേഷനുണ്ട് സൂരജേ,

ഡിഫിക്കാരന്‍ -> ആദര്‍ശധീരന്‍, ഇടതുപക്ഷ ബുദ്ധിജീവി, സമൂഹ ന‍ന്മയ്ക്ക് വേണ്ടി മാത്രം
നിലകൊള്ളുന്നവന്‍, നിരീശ്വരവാദി. അങ്ങിനെയങ്ങനെ...

അതൊക്കെ ഒന്ന് പരിഹസിക്കാന്‍ കിട്ടുന്ന അവസരം എങ്ങിനെ കളയും? :)

സൌദി അറേബ്യ പോലുള്ള ഒരു രാജ്യത്ത് വരെ ഡസന്‍ കണക്കിനു അമേരിക്കക്കാരുണ്ട്. എന്നിട്ടാണിനി ഏറെക്കുറെ ഫ്രീ ആയ ദുബായ്. സായിപ്പിനും സായിപ്പിന്റെ ഡിഗ്രിക്കും തൊലി വെളുപ്പിനും അറബി അമേരിക്കയിലേക്കാളും പത്തിരട്ടി കാശ് എറിഞ്ഞ് കൊടുക്കും എന്ന് ആര്‍ക്കാണറിഞ്ഞൂടാത്തത്? ഓപ്പണ്‍ ആയിട്ട് ജോലി പരസ്യങ്ങള്‍ക്ക് പോലും യു.എസ് അല്ലെങ്കില്‍ യൂറോപ്പ് ഡിഗ്രി എന്ന് എഴുതുന്നുണ്ടല്ലോ .

അതും നമ്മുടെ നാട്ടില്‍ നിന്ന് വരുന്നതും തമ്മില്‍ കൂട്ടിക്കുഴക്കല്ലേ. എന്നാപിന്നെ അമേരിക്കക്കാരെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഞാനൊക്കെ ഇവിടെ വന്ന് ജോലിയെടുക്കുന്നു എന്നൊക്കെ പറയേണ്ടി വരും...:)

GNUbies said...

ഇഞ്ചിപ്പെണ്ണേ, ഗ്ലോബലൈസേഷന്‍ എന്ന ഒറ്റവാക്കിലൊതുക്കുന്നതിനുമുമ്പ് അല്പം കൂടി. കാപ്പിറ്റലിനു എങ്ങോട്ടും പോകാമെങ്കില്‍ ലേബറിനും എങ്ങോട്ടും പോകാന്‍ കഴിയണം എന്ന ലെഫ്റ്റ് പൊസിഷനുമുണ്ടു്.