Thursday, July 10, 2008

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും...

പത്രങ്ങളിലൂടെ:
സ്കൂള്‍ ബുക്കുകളും പത്രങ്ങളും സിനിമകളും വഴി കമ്യൂണിസവും മതവിരുദ്ധതയും പഠിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് കുതന്ത്രങ്ങളെ നമ്മള്‍ പലപ്പോഴും തിരിച്ചറിയാറില്ല. ഇവരുടെ പല പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുട്ടികളെയും ചെറുപ്പക്കാരെയും വഴി തെറ്റിക്കും എന്നതിനാല്‍ ഇത്തരം വാര്‍ത്തകളെയും പാഠങ്ങളെയും സിനിമകളെയും അതതു നിര്‍മ്മാതാക്കള്‍ സ്വയം തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ്‌ വേണ്ടത്. ഇല്ലെങ്കില്‍ അവരുടെ അതത് ചരക്കുകള്‍ തെരുവില്‍ കത്തി നശിക്കുന്നതിന്‌ അവര്‍ തന്നെയാകും ഉത്തരവാദി.

കഴിഞ്ഞ മേയ് ഇരുപത്തിയാറിന്‌ "ദ്‌ ഹിന്ദു" പത്രത്തില്‍ വന്ന ഈ വാര്‍ത്ത പ്രതിഷേധാര്‍ഹമല്ലേ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

"പുനലൂരില്‍ 31 വയസ്സുകാരന്‍ ചെ ഗുവേരയും 24 വയസ്സുകാരി ഷൈന്‍ കാസ്റ്റ്ലെസ്സും വിവാഹിതരായി. മതപരമായ യാതൊരു ചടങ്ങുകളുമില്ലാതെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ രജിസ്റ്റ്റാര്‍ ഓഫീസില്‍ വച്ചായിരുന്നു കല്യാണം.

ദുബായില്‍ ആനിമേറ്ററായി ജോലി ചെയ്യുന്ന ചെ യുടെയും അനുജന്‍ ഹോ ചി മിനിന്റെയും ‍ രേഖകളില്‍ ജാതിയോ മതമോ ചേര്‍ത്തിട്ടില്ല. ഷൈനിന്റെയും രേഖകള്‍ അങ്ങനെ തന്നെ. മാത്രമല്ല, ഷൈനിന്റെ മാതാപിതാക്കള്‍ ശ്രീമാന്‍ ഫസലുദ്ദീനും ശ്രീമതി ആഗ്നസും സമൂഹത്തിലെ ജാതി വിവേചനങ്ങള്‍ക്കെതിരേ ഒരു പ്രതിഷധം എന്ന നിലയ്ക്ക് കുടുംബപ്പേരായി "കാസ്റ്റ്ലെസ്സ്" എന്ന് മക്കളെ നാമകരണം ചെയ്തു. (പൂര്‍ണ്ണമായ വിവര്‍ത്തനമല്ല)

വാര്‍ത്ത ശ്രദ്ധിച്ചല്ലോ? രണ്ടുപേര്‍ വിവാഹിതരായാല്‍ അത് നൂറുകോടി ജനമുള്ള ഇന്ത്യയില്‍ വാര്‍ത്തയാകില്ല. പിന്നെയത് എന്തിനു ഇന്ത്യയിലെ പ്രചാരമുള്ള ഒരു പത്രത്തിലടിച്ചു വരണം? ഉത്തരവും ലളിതം. വാര്‍ത്തയായി വരാന്‍, മതങ്ങളെ അധിക്ഷേപിക്കാനാണ്‌ ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതു തന്നെ.

പാട്ടുകളിലൂടെ
സംഗീതത്തിലൂടെ കമ്യൂണിസം അടിച്ചു കയറ്റി വിടാനുള്ള ശ്രമമാണ്‌ നിന്ദ്യമായ മറ്റൊരു രീതി. അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരനായ വയലാര്‍ തന്നെയാണ്‌ ഈ കുത്സിത തന്ത്രത്തിന്റെ തുടക്കക്കാരനും.
"വെള്ളാരം കുന്നിലെ പൊന്‍‌മുളങ്കാട്ടിലെ
പുല്ലാം കുഴലൂതും കാറ്റേ വാ " എന്നതുകൊണ്ട് കവി എന്താണു പ്രാര്‍ത്ഥിക്കുന്നതെന്ന് ആലോചിച്ചാല്‍ നടുങ്ങിപ്പോകും സുഹൃത്തുക്കളേ. വെള്ളാരം കുന്നിലെ ഹിമാലയത്തിലെ പൊന്‍മുളങ്കാട്ടിലെ- ഹിമാലയ പരിസരത്തെ മുളങ്കാടുകള്‍- അതേ ജയന്റ് പാണ്ഡകളും മറ്റും വളരുന്ന ആ ചൈനീസ് കാടുകളിലെ പുല്ലാം കുഴല്‍ - ചൈനീസ് ഫ്ലൂട്ടെന്ന് ഞാന്‍ പറഞ്ഞു തരേണ്ടല്ലോ, ഊതുന്ന കാറ്റ്, അവിടെ സംഗീതമുതിര്‍ക്കുന്ന ആ തരംഗം വാ- ഇവിടേയ്ക്ക് കേരളത്തിലേക്ക് വരാനാണ്‌ ഇയാള്‍ ആഗ്രഹിക്കുന്നത്. അതായത് മാവോയിസം ഈ മാവേലിനാട്ടിലും നടപ്പിലാകട്ടെ എന്ന്. "ഹിന്ദുവായി മുസല്‍മാനായി കൃസ്ത്യാനിയായി.. നമ്മള്‍ കണ്ടാലറിയാതായി ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി.." എന്നെഴുതിയ ഒരു കമ്യൂണിസ്റ്റില്‍ നിന്നും ഇതല്ലാതെ എന്തു പ്രതീക്ഷിക്കാന്‍?

പാഠങ്ങളിലൂടെ

പാഠപുസ്തകങ്ങളിലെ കമ്യൂണിസം മതവിരുദ്ധനായ ജീവനോടെയാണ്‌ തുടങ്ങിയതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നമ്മളൊക്കെ പഠിച്ച സുരേഷ് മൈനയെക്കാണുന്ന പാഠം ശ്രദ്ധിച്ചിട്ടുണ്ടോ? അതില്‍ ജന്മി, അടിയാളന്‍, ജാതിവ്യവസ്ഥ, വിപ്ലവം തുടങ്ങിവ ഊട്ടിയുറപ്പിക്കുന്ന സന്ദേശമാണുള്ളത്. നമ്മളില്‍ ചിലരിലെങ്കിലും അറിയാതെ ഈ കാര്യങ്ങള്‍ കുത്തിനിറയ്ക്കാന്‍ ഈ പാഠത്തിനായി. ഒന്നു പരിശോധിക്കാം:

ക്ലീ ക്ലീ ക്ലീ, ക്രൂ ക്രൂ ക്രൂ, എവിടന്നാണീ ശബ്ദം, സുരേഷ് തിരിഞ്ഞു നോക്കി. നോക്കൂ ആ ഗൂഢാര്‌ത്ഥം. മുന്നേ ശബ്ദമൊന്നുമില്ലായിരുന്നതിനാല്‍ സുരേഷ് സ്വസ്ഥനായിരുന്നെന്നും ശബ്ദത്തില്‍ നിന്നാണ്‌ ആളെ ശ്രദ്ധിച്ചതുമാണ്‌ സന്ദേശം. ശബ്ദമുയത്തിയതിനാലാണ്‌ കീഴാളവര്‍ഗ്ഗത്തെ ജന്മി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നാണ്‌ പാഠം പിക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് അതൊരു മൈനയാണെന്ന് അടയാളങ്ങള്‍ കൊണ്ട് സുരേഷ് മനസ്സിലാക്കുന്നു. കീഴ്ജാതിയില്‍ പെട്ടവര്‍ തിരിച്ചറിയാന്‍ കല്ലും അതുപോലെ അടയാള ചിഹ്നങ്ങളും ധരിച്ചിരുന്നു എന്നതാണ്‌ ഇവിടെ സന്ദേശം. പേരുകളില്‍ തന്നെ ജന്മിയെയും കുടിയാനെയും തിരിച്ചറിയാനുള്ള സൂചനകള്‍ ഉണ്ടെന്നത് വേറേ. ജന്മിയുടെ പേര്‍ സുരേഷ്- സുരരുടെ ഈശന്‍. ദേവേന്ദ്രന്‍‍ എന്നര്‍ത്ഥം. ഇയാള്‍ മേല്‍ജാതിയില്‍ പെട്ടവനാണ്‌. അടിയാളനോ? അവന്‌ സവര്‍ണ്ണന്‍ ഇടുന്ന പേരുകള്‍ ഇടാന്‍ അവകാശമില്ലാത്തതിനാല്‍ കാള, മൈന, കുട്ടകം എന്നൊക്കെയായിരുന്നു അന്ന് പേര്‍ എന്ന് സൂചിപ്പിക്കുന്നു. സുരേഷ് എന്നാല്‍ സുര- മദ്യത്തിന്റെ ഈശന്‍ , കുടിച്ച് ബോധമില്ലാതെ നടക്കുന്ന ഒരു ജന്മി എന്നും വെറും പുച്ഛത്തോടെ അടിയാന്മാരെ കാണുന്ന ഇദ്ദേഹം മൈന എന്ന വാക്കിനോട് സാദൃശ്യമുള്ള ഒരശ്ലീലപദം ആണ്‌ അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതെന്നും പാഠാന്തരം. കൊച്ചു കുട്ടികള്‍ "ഒരാളിനെ ആക്ഷേപിച്ച് മൈന എന്നു വിളിക്കുന്നത് എന്താണെന്ന്" ചോദിച്ചാല്‍ അദ്ധ്യാപകന്‍ എന്തുത്തരം പറയണം, അവനെ തെറി പഠിപ്പിക്കണോ?

പാഠത്തിന്റെ അന്ത്യത്തില്‍ സുരേഷ് അകത്ത് പോയി അരിയെടുത്ത് വിതറിയെന്നും മൈന പറന്നു പോയെന്നും പ്രസ്ഥാവിക്കുന്നു എന്നാണ്‌ ഓര്‍മ്മ. "മക്കള്‍ ശക്തി കാശുക്ക് വഴങ്ങാത്" തുടങ്ങിയ സ്ഥിരം കമ്യൂണിസ്റ്റ് മുദ്രാവാക്യമാണിത്. സുരേഷ് നല്‍കിയ കൈക്കൂലിക്ക് വഴങ്ങി മൈന കൂട്ടിലായില്ലെന്നാണ്‌ പാഠനിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ പോകുന്ന മൈനയെ കുട്ടിയായ സുരേഷ് ന്യായമായും കല്ലെടുത്ത് എറിഞ്ഞിടേണ്ടതല്ലേ? പാഠത്തില്‍ അങ്ങനെ കാണാനില്ല എന്നത് അടിയാളന്മാരുടെ സ്വാതന്ത്ര്യത്തിനെ ശക്തികൊണ്ട് എതിരിടാനാവില്ല എന്ന സൂചന തരുന്നു.

ഇത്തരം പാഠങ്ങള്‍ എല്ലാ പുസ്തകത്തിലും നിറച്ച് ഇവര്‍ നമ്മുടെ കുട്ടികളെ നമ്മള്‍ അറിയാതെ കമ്യൂണിസം പഠിപ്പിക്കുന്നു.

20 comments:

Unknown said...

അന്തോണിചേട്ടാ...
നിങ്ങളൊരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്..

ശാലിനി said...

:) :)

പ്രിയ said...

ചിരിക്കണോ കരയണോ അതോ അന്തം വിട്ടിരിക്കണോ (ആ ക്ല ക്ലി ക്ലു വായിച്ചപ്പോള്‍ സംഭവിച്ചതതാ)

Promod P P said...

അന്തോണിച്ചാ

വൈരുദ്ധാത്മിക ഭൌതികവാദത്തെ സിനിമാപാട്ടാക്കിയ കക്ഷിയാ വയലാര്‍

ചലനം ചലനം ചലനം..
മാനവ ജീവിത പരിണാമത്തിന്‍ മയുരസന്ദേശം.

Kannapi said...

വട്ടായ, വട്ട്

സുല്‍ |Sul said...

ഹെന്റെ ഹന്തോണിച്ചേട്ടാ
ഹെന്തൊരലക്കാണിത്. ഹിതൊക്കെ ഇപ്പൊഴാ അറിയാന്‍ കഴിഞ്ഞത്. ആദ്യമായിരുന്നെങ്കില്‍.... ആരും പിന്നെ ക്ലാ ക്ലാ ക്ലീ ക്ലീ പഠിച്ചേനില്ല.

ഓടോ : താമരക്കുരുവിക്ക് തട്ടമിട്, തങ്കക്കിനാവിന്റെ തൊങ്ങലിട്....
ഈ പാട്ട് “ബാജ്പയെ തട്ടമിടീച്ച് നല്ല കിനാവുകളും കാട്ടി ഉറക്കി കിടത്താനാണോ” പറയുന്നത് എന്റെ റബ്ബേ... തല്ലു കിട്ടാന്‍ ഇനി എവിടേം പോവേണ്ട. രണ്ട് വരി പാട്ടു പാടിയാല്‍ മതി.

-സുല്‍

anoopadr said...

great.. :)

ശ്രീവല്ലഭന്‍. said...

ഹെന്റമ്മോ.......അങ്ങനെ ആണല്ലേ കാര്യങ്ങള്‍! കൊള്ളാം. :-)

"അസതോമ സത്ഗമയ" എന്നത് കേട്ട് ഹിന്ദു മതത്തിന് മുന്പ് തന്നെ ക്രിസ്തുമതം ഉണ്ടായിരുന്നു എന്ന് പറഞ്ഞ ഒരു സുഹൃത്തിനെ ഓര്‍മ വരുന്നു. അല്ലെങ്കില്‍ പിന്നെ സംസ്കൃതത്തില്‍ 'തോമ' വരുന്നത് എങ്ങിനെ :-)

പപ്പൂസ് said...

കൊള്ളാം... അല്ല..., കൊള്ളും! ;-)

vadavosky said...

യ്ക്‌ വയ്യെന്റെ അന്തോണ്യെ.
ചിറിപ്പിച്ച്‌ ചിറിപ്പിച്ച്‌ കൊല്ലല്ലെ.

ദിലീപ് വിശ്വനാഥ് said...

കലക്കന്‍ പോസ്റ്റ്. ഇതൊക്കെ ഞാന്‍ പഠിച്ചിട്ടുള്ളതാണ്. ഇതൊക്കെ പഠിച്ചതുകൊണ്ടായിരിക്കും ഞാന്‍ കമ്മ്യൂണിസ്റ്റ് ആയിപ്പോയത്.

പാമരന്‍ said...

ഹതാണ്‌!

അന്നത്തെ ഹിന്ദു പേപ്പറും, പഴയ നാലാം ക്ളാസ്സിലെ പാഠപുസ്തകവും എവിടുന്നെങ്കിലും സംഘടിപ്പിച്ച്‌ മ്മടെ എംഎസ്‌എഫ്‌ കുണ്ടന്മാര്‍ക്കു കൊടുക്കണം. കത്തിച്ചു തീകായട്ടെ!

മൂര്‍ത്തി said...

ആന്റണിച്ചാ, വന്നു വന്ന് ദേശാഭിമാനിയിലും ജനയുഗത്തിലും കോമ്രേഡിലുമൊക്കെയാണോ ഏറ്റവും കുറച്ച് കമ്മ്യൂണിസം?

മീനാക്ഷി said...

വല്ലഭന്‍ ചേട്ടായ്

ഗായത്രീ മന്ത്രത്തിലും ഒരു യൂണിയന്‍ കാരന്‍ ദേവസ്യ വരുന്നുണ്ട്.

ഓം ...
തത്സ്വ്യദുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ദീമയി
,,,,,

ഠീക് ഹേ?

ഹാരിസ് said...

പൈശാചീകവും മൃഗീയവുമായ പോസ്റ്റ്...അന്തോണിച്ചാ‍ാ‍ാ‍ാ

Roby said...
This comment has been removed by the author.
Roby said...

(പൈശാചീകവും മൃഗീയവുമായ അക്ഷരത്തെറ്റിനെപ്രതി മുന്‍പത്തെ കമന്റ് ഡിലീറ്റുന്നു)
ദശാവതാരം കത്തിക്കുന്നതിനെ പറ്റി ഞാനെഴുതിയീരുന്നു.വയലാര്‍ പണ്ടേ ഹിറ്റ്‌ലിസ്റ്റിലുള്ള ആളല്ലേ?
ലങ്കാദഹനത്തിലെ ‘ഒരു പിടി ചോറിനായ് യാചിച്ചു ദൈവം’, മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ...

ഈയടുത്ത് കണ്ട ദീപാമേത്തയുടെ എര്‍ത്ത് എന്ന ചിത്രത്തിലെ ഒരു രംഗം. സിദ്ധനെപ്പോലെ വേഷമിട്ട ഒരാള്‍ ദൈവത്തോട് സംസാരിക്കുന്ന യന്ത്രമെന്ന നാ‍ാട്യത്തില്‍ ഒരു ടെലിഫോണുമായി വന്നിരിക്കുന്നു. 1947-ലെ ലാഹോര്‍ ആണ് സ്ഥലം. ഒരു സ്ത്രീ വന്ന് അവര്‍ക്ക് ആണ്‍കുട്ടി ഉണ്ടാകുമോ എന്ന് ദൈവത്തോട് ചോദിക്കാനാവശ്യപ്പെടുന്നു...സിദ്ധന്‍ ഉടനെ 786 കറക്കി അള്ളാവെ വിളിക്കുന്നു.
“അള്ളാ അടുത്ത കാലത്ത് വളരെ ബിസിയാണ്, ഒരുഭാഗത്ത് സ്വാതന്ത്ര്യം, പിന്നെ ഹിന്ദു-മുസ്ലിം ലഹള”
അടുത്തു നിന്നൊരു സിക്കുകാരനും എന്തോ ചോദിക്കാനാവശ്യപ്പെടുന്നു. ലൈന്‍ കട്ടായെന്ന് സിദ്ധന്‍. അടുത്ത് നില്‍ക്കുന്ന ഒരു മുസ്ലിം, ഇത് പ്രൈവറ്റ് ലൈന്‍ ആണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ ഗുരുവിനോട് ചോദിക്ക്.
മതവിരോധം ! മത-പരിഹാസം ! കത്തിക്കണ്ടേ?

ഒരു ചോദ്യം ഇനിയും ബാക്കിയുണ്ട്...

എന്നിട്ട് നിങ്ങളാരെ കമ്യൂണിസ്റ്റാക്കി?

എന്നിട്ടാര് മതനിഷേധിയായി?

വെളിച്ചപ്പാട് said...

റോബീ.. ലങ്കാദഹനം ശ്രീകുമാരന്‍ തമ്പിയുടെയാണേ. വിണ്ണിലിരുന്നുരങ്ങുന്ന ൈവം ഭാസ്കരന്മാഷിന്റേതെന്നാണ് തോന്നുന്നത്. അല്ലെങ്കിലും അന്നത്തെ പാട്ടെഴുത്തുകാര്‍ എല്ലാം ഒരുകാലത്ത് മറ്റേ ഗ്രൂപ്പുകാരായരുന്നില്ലേ? ഇവനെല്ലാം കൂടി എഴുതി എഴുതി ഇവിടെ ഇടതന്മാരെ വളര്‍ത്തിയില്ലേ? ഇപ്പോഴെങ്കിലും നമുക്ക് ഇതെല്ലാം മന‍സ്സിലാക്കിത്തന്ന് രക്ഷിച്ചവരെ നമിക്കണം.

എന്തൊക്കെയാ ഇവന്മാര്‍ എഴുതിപ്പിടിപ്പിച്ച്ത്?

കണ്ണുതുറക്കാത്ത ദൈവങ്ങളേ..

ഒരു പെഗ്ഗു റമ്മടിച്ചാല്‍ പിണങ്ങുന്ന ഈശ്വരനാണെങ്കില്‍ ചുമ്മാ പിണങ്ങിക്കോട്ടെ.

മനുഷ്യനെ സൃഷ്ടിച്ച്തീശ്വരനാനെങ്കില്‍ ഈശ്വരനോടൊരു ചോദ്യം..


എന്തൊക്കെയായാലും ടീവിയില്‍ പുണ്യപുരാണങ്ങള്‍ കണ്ടുവളരുന്ന ഈ തലമുറയെങ്കിലും രക്ഷപ്പെടുമല്ലോ? അതുമതി.

Harold said...

:)
മൈന പറന്നു പോയെന്നും പ്രസ്ഥാവിക്കണോ, പ്രസ്താവിച്ചാല്‍ പോരേ?

Sethunath UN said...

ഹോ
എന്തിറ്റാ അല‌ക്ക് ആന്റണീ :)