Saturday, November 7, 2009

വെളുക്കാന്‍ തേക്കുന്നത്


എയ്ഞല ബാസെറ്റ് - ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം വിക്കിപ്പീഡിയയില്‍ നിന്നും പുനപ്രസിദ്ധീകരണം ചെയ്ത ചിത്രം

കറുപ്പാണ്‌ എനിക്കിഷ്ടപ്പെട്ട നിറം, എന്നെ മയക്കുന്ന ഇവന്റെ കണ്ണുകള്‍ കറുപ്പാണ്‌, സാമി കറുപ്പാണ്‌, മധുരൈ വീരന്റെ കയ്യിലെ അരിവാള്‍ പോലും കറുപ്പാണ്‌, സൂപ്പര്‍ സ്റ്റാര്‍ രജനിയും കറുപ്പാണ്‌. പൂക്കടയില്‍ തിരക്കിയപ്പോള്‍ കറുത്ത പൂവില്ലെന്നവര്‍ പറഞ്ഞു, അന്നു മുതല്‍ പൂക്കളെ ഞാന്‍ വെറുത്തു...

തീയറ്റര്‍ നിറയുന്ന കറുത്തവരെ വിസില്‍ അടിപ്പിക്കാന്‍ പറ്റിയ പാട്ട്. പക്ഷേ ഇതു പാടി നൃത്തം ചെയ്യുന്ന മാളവിക കറുത്തിട്ടല്ല. ഫെയര്‍ ആന്‍ഡ് ലൗലി എന്ന (ഫെയര്‍ അല്ലെങ്കില്‍ എന്തു ലവ്ലി) തൊലിവെളുപ്പിക്കല്‍ ലേപനത്തിന്റെ മോഡല്‍ കൂടിയാണ്‌ അവര്‍.

ഇന്ത്യയ്ക്ക് വെളുത്ത തൊലിയോടുള്ള ഭ്രാന്തിന്റെ വേര്‌ ജാതിവ്യവസ്ഥയിലാണെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്തായാലും കറുത്തിട്ടൊരു പെണ്ണിനെയും പത്രത്തിലും ടെലിവിഷനിലും കാണാനില്ല ( വില്ലനു മീശയുള്ളതുപോലെ കറുത്തപെണ്ണിനൊരു വേലക്കാരി വേഷം സിനിമയിലുണ്ടാവും, സിനിമ കാണാറില്ലാത്തതുകൊണ്ട് നിശ്ചയമില്ല)

പെണ്ണ് ഉടലൊതുങ്ങി മദ്ധ്യം ചുരുങ്ങി ചൊടികള്‍ തൊണ്ടിപ്പഴം പോല്‍ വിളക്കി ഒക്കെ ഇരിക്കണമെന്നൊന്നും നിര്‍ബന്ധമില്ല, പക്ഷേ നിറം- "ഫെയര്‍നെസ്സ് ക്രീമുകളുടെ" പരസ്യം തന്നെ പെണ്ണുകാണാന്‍ വരുന്നവന്‍ കറുത്ത പെണ്ണിനെ വേണ്ടെന്നു പറയുന്നിടത്തോ കോളേജില്‍ കറുമ്പിയെ ആണ്‍ പിള്ളേര്‍ കളിയാക്കുന്നിടത്തോ ആണല്ലോ തുടങ്ങുക. പിന്നെ വെളുത്തപ്പോള്‍ ജോലി കിട്ടി, ആത്മവിശ്വാസം കൂടി, പരീക്ഷ ജയിച്ചു എന്നൊക്കെയുമാവാം.

പെണ്ണ് അങ്ങനെ സുന്ദരി ചമഞ്ഞും, ആണ്‌ കഷണ്ടിയും കുമ്പയും കോന്ത്രമ്പല്ലും (വേണേല്‍ മൂലക്കുരുവും ചേര്‍ക്കാം എന്ന് സൂരജ്) അങ്ങനെ തനിക്കുള്ളതൊക്കെ സൗന്ദര്യമാക്കി അവളെ വിശ്വസിപ്പിച്ചും കഴിഞ്ഞു പോരുന്ന കാലം ഏതാണ്ട് അവസാനിച്ചു. നീളവും വണ്ണവും ബൈക്കും സ്റ്റൈലും ഒക്കെയുണ്ടായിട്ടും ഒരു പട്ടിച്ചിയും തിരിഞ്ഞു നോക്കാത്ത കറമ്പന്‍ ചെറുക്കന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഷാറൂഖ് ഖാന്‍ ഭഗവാന്‍ അരുളുന്നു "വിത്സാ, നീ ഫെയര്‍നെസ്സ് ക്രീം തേക്കൂ, നിന്റെ വിഷാദം മാറിക്കിട്ടും".

എഴുന്നൂറ്റമ്പതു കോടി രൂപ വിറ്റുവരവുള്ള വ്യവസായമാണ്‌ ഇന്ത്യന്‍ തൊലി വെളുപ്പിക്കല്‍ ഇന്‍ഡസ്ട്രി. പോക്കറ്റ് അല്ലാതെ ആരുടെയെങ്കിലും മുഖം വെളുത്തോ ആവോ.

മാര്‍ക്കറ്റ് ലീഡര്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ ചേരുവ നോക്കിയിട്ട് എനിക്കു മനസ്സിലായത് ഇങ്ങനെ ( തെറ്റുണ്ടെങ്കില്‍ അറിയിക്കണേ, ഞാന്‍ കോസ്മെറ്റിക്സ് വിദഗ്ദ്ധനൊന്നുമല്ല).

1.Water- ക്രീമിന്റെ ബേസ്

2.Stearyl alcohol- ക്രീമിനു മെഴുമെഴുപ്പ് ഉണ്ടാക്കുന്ന വസ്തു

3.Propylene glycol- മോയിസ്ചറൈസര്‍

4. fruit principle (AHA)- നാരങ്ങ നീരിനു സമമായ ഒരു പഴ ആസിഡ്- മുഖത്തെ മൃത കോശം കുറയ്ക്കാന്‍ കൊള്ളാം, ഏഛേ കോണ്‍സണ്ട്രേഷന്‍ എത്രയെന്ന് പറയുന്നില്ല, സുരക്ഷിതമായ അളവേയുള്ളെന്ന് ആശിക്കാം.

5.Glyceryl mono-stearate- മുഖത്ത് ലേപനം ഒട്ടാനുള്ള എമല്‍സിഫൈയര്‍

6.isohexadecane - ക്ലീനിങ്ങിനു ഉപയോഗിക്കുന്ന ഒരു ഡിറ്റേര്‍ജന്റ് ആണിത്, തൊലിപ്പുറത്ത് സ്പര്‍ശിക്കുന്നത് ടോക്സിക്ക് ഇഫക്റ്റ് ഉണ്ടാക്കുമെന്നതിനാല്‍ എന്‍‌വയണ്മെന്റല്‍ ക്യാനഡ ഡൊമസ്റ്റിക്ക് സബ്സ്റ്റന്‍സ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത രാസവസ്തു.

7.Decyl oleate- സ്കിന്‍ കണ്ടീഷണര്‍. സ്ഥിര ഉപയോഗം പാടില്ലെന്ന് ഒരു കോസ്മെറ്റിക്ക് അഡ്വൈസര്‍ പറയുന്നു. അവരുടെ വിശ്വാസ്യത അറിയില്ലാത്തതുകൊണ്ട് നിശ്ചയമില്ല.

8.vitamin B3 (Niacinamide) മറ്റുള്ളവയുടെ കെമിക്കല്‍ ഇഫക്റ്റീവ്നെസ്സ് വര്‍ദ്ധിപ്പിക്കാനുള്ളത്.

9.Polyacrylamide and C-13-C14 Isoparaffin laurth-7, താല്‍ക്കാലികമായി ചര്‍മ്മം വലിഞ്ഞിരിക്കാനുള്ള രാസവസ്തുക്കൂട്ടം.

10.titanium dioxide, മുഖത്തു പറ്റിപ്പിടിച്ചു കൂടുതല്‍ വെളുത്ത നിറം തോന്നിപ്പിക്കുന്ന രാസവസ്തു, മേക്കപ്പുകളില്‍ ഇതിന്റെ ഉപയോഗം ക്യാന്‍സറുണ്ടാക്കാനുള്ള സാദ്ധ്യതയെപ്പറ്റി വിശദ ഗവേഷണം നടന്നു വരുന്നു. കഴുകിക്കളയും വരെ ഇത് ടാല്‍കം പൗഡര്‍ പോലെ മുഖത് വെള്ള പൂശിയ ഇഫക്റ്റ് തരുന്നു

11.Octyl methoxy dibenzoyl methane- ഇമല്‍സിഫൈയര്‍
Ammonium acryloyl dimethyl taurate co-polymer, വലിയ പേരു കേട്ട് പേടിക്കേണ്ട അരിസ്റ്റോഫ്ലെക്സ് ഏവിസി എന്നറിയപ്പെടുന്ന സംഗതിയാണിത്. സണ്‍ സ്ക്രീന്‍ ആയി ഉപയോഗിച്ചു വരുന്നു (ലാബ് ടെസ്റ്റ് ചെയ്തിട്ടില്ല എന്ന കണ്‍സേണ്‍ മാത്രം)

12. vitamin E drivative (Tocoperyl acetate) അള്‍ട്രാവയലറ്റ് ലൈറ്റ് ബ്ലോക്കര്‍

13. Aloe vera concentrate, ഈ അടുത്ത കാലത്തു തുടങ്ങിയ ഒരു ഹെര്‍ബല്‍ ഹൈപ്പ്

14. Preservatives, skin conditioners, ഏതൊക്കെയാണെന്ന് അറിയില്ല,

color (C1 15510), Perfume, menthol- നിറം, മണം.

ഇതു തേച്ചാല്‍ തേച്ചിരിക്കുന്നത്ര സമയം സണ്‍ സ്ക്രീനായും പിന്നെ ടൈറ്റാനിയം ഡയോക്സൈഡ് പുരട്ടിയതിന്റെ വെളുപ്പും സ്വല്പ്പം ടോണ്‍ ചെയ്ത മിനുപ്പും ലഭിക്കുമെന്നല്ലാതെ സ്ഥീരമായ വത്യാസമെന്തെങ്കിലും തൊലിക്കു വരുത്തില്ലെന്ന് ചുരുക്കം.

സ്ത്രീകള്‍ ഇതുപയോഗിച്ചു മടുക്കുമ്പോള്‍ കുറുക്കു വഴികളിലേക്ക് തിരിയുന്നു. ഒരു ചര്‍മ്മ രോഗ വിദഗ്ദ്ധന്‍ ഈയിടെ പത്രത്തിലെഴുതിയത് ഏതാണ്ട് ഇങ്ങനെ. എന്നെ കാണാന്‍ വരുന്ന ചെറുപ്പക്കാരിലളില്‍ അധികവും തൊലി വെളുക്കാന്‍ ബെറ്റ്‌നോവൈറ്റ് ക്രീം തേച്ച് കുഴപ്പങ്ങളില്‍ ചാടിയവരാണ്‌. ഈ സ്റ്റീറോയിഡ് ചില ചര്‍മ്മ രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നാണ്‌, തൊലി വെളുക്കല്‍ അതിന്റെ ഒരു സൈഡ് ഇഫക്റ്റ് ആണെന്നു മാത്രം. സ്ഥിരമായ ബെറ്റ്‌നോവേറ്റ് ഉപയോഗം മൂലം ചര്‍മ്മം ചുളുങ്ങിപ്പോകുകയും അണുബാധകള്‍ ഉണ്ടാകുകയും ചെയ്യും. തൊലിപ്പുറത്ത് ക്യാന്‍സര്‍ ഉണ്ടാകാനും ബെറ്റ്നോവേറ്റ് അമിതോപയോഗം കാരണമായേക്കാം. രോഗികളിലെ ബെറ്റ്‌നോവേറ്റ് ഉപയോഗക്കാരുടെ ആധിക്യം മൂലം എന്റെ റിസപ്ഷനിസ്റ്റിനു പോലും ഇപ്പോള്‍ ഇത് തിരിച്ചറിയാം, അവര്‍ ഇന്റര്‍കോമില്‍ "ഡോക്റ്റര്‍ ഒരു ബെറ്റ്‌നോവേറ്റ് കേസ് എത്തിയിട്ടുണ്ട്" എന്ന് അറിയിക്കാറുണ്ട്!


പഠിപ്പും വിവരവുമില്ലാത്ത ഗ്രാമത്തിലെ പെണ്ണുങ്ങളാണ്‌ ഇത്തരം അപകടത്തില്‍ ചെന്നു ചാടുക എന്ന് ആ ലേഖനത്തിലുള്ളതുകൊണ്ട് വെറുതേ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ നിരവധി അഭ്യസ്തവിദ്യരും ഈ പണി ചെയ്യുന്നുണ്ടെന്ന് മനസ്സിലായി.
കിട്ടിയ നിരവധി ബ്യൂട്ടി ഹെല്പ്പ് പേജുകളില്‍ ഒന്ന് തന്റെയും കൊച്ചിന്റെയും കറുപ്പൊന്ന് മാറ്റാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് നിലവിളിക്കുന്നവര്‍ക്ക് എത്ര വിദഗ്ദ്ധര്‍ ബെറ്റ്‌നോവേറ്റ് പ്രിസ്ക്രൈബ് ചെയ്തെന്ന് ക്ഷമയുള്ളവര്‍ക്ക്കുത്തിയിരുന്ന് വായിക്കാം. അങ്ങ് യൂറോപ്പിലും ആസ്ത്രേലിയയിലും ഒക്കെയുള്ള കെമിസ്റ്റുകള്‍ ഇന്ത്യക്കാര്‍ക്ക് മാത്രമെന്താ ഈ മരുന്നിനു ഇത്രയും ആവശ്യമെന്ന് അന്തം വിടുകയാവും.

24 comments:

suraj::സുരാജ് said...

:)

N.J Joju said...

കഴിവതും സൌന്ദര്യവര്‍ദ്ധകമെന്നു പറയുന്ന ഉത്പന്നങ്ങള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക

Inji Pennu said...

സൌന്ദര്യവർദ്ധക വസ്തുക്കൾ വരുത്തുന്ന കാൻസർ പുകവലിയിലൂടേയും മദ്യപാനത്തിലൂടേയും അല്ലെങ്കിൽ അന്തരീക്ഷ മലിനീകരണത്തിലൂടേയും മറ്റും വരുത്തുന്നതിൽ നിന്ന് തുലോം കുറവാണ്. അതുകൊണ്ട് ലിപ്സ്റ്റിക്ക്, ക്രീം ഇത്യാദി കാൻസർ വരുത്തുന്നു എന്നതുകൊണ്ട് അത് ആരെങ്കിലും എന്തെങ്കിലും വാർണിങ്ങ് ആയി എടുക്കില്ല. അങ്ങിനെയൊന്നും ഓർഗാനിക്ക് ആയി ആരും ജീവിക്കുകയുമില്ല. മിക്ക നല്ല ക്രീമുകളും ഒരു പരിധി വരെ ടെസ്റ്റഡ് ആണ്. വിലകുറഞ്ഞ ക്രീമുകൾ ഉപയോഗിക്കരുതേന്നേയുള്ളൂ. ക്രീമുകൾ കാരണം കാൻസർ വരുന്നു എന്ന് എപ്പോഴെങ്കിലും ശാസ്ത്രീയമായി തെളിഞ്ഞാൽ തീർച്ചയായും ആ ക്രീം പിൻ‌വലിക്കപ്പെടേണ്ടതുണ്ട്. സ്റ്റിക്കർ ബിന്ദി വെച്ചാലും കാൻസർ വരും എന്ന് പറയുന്നവരുണ്ട്. അല്പം ഇറച്ചി കഴിച്ചാലും കാൻസർ വരും! എന്തു ചെയ്യാം?

ഈ ക്രീമുകളിൽ ബ്ലീച്ചിങ്ങ് ഏജന്റ്സ് ഉണ്ട്. അവ തുടർച്ചയായും ഉപയോഗിച്ചാൽ സ്കിനിലെ ഹെയർ ലൈറ്റ് ആവും, അങ്ങിനെയാണ് ആളുകൾ അല്പം എങ്കിൽ അല്പം വെളുക്കുന്നത്. അത്രയേയുള്ളൂ. അത്രേം എങ്കിലും ആവട്ടെ എന്ന് കരുതും.

പ്രശ്നം, തൊലിവെളുപ്പിനെ പറ്റിയുള്ളത്, ജാതീയതയുമായും അധികം ബന്ധമില്ല എന്ന് തോന്നുന്നു. സായിപ്പിന്റെ തൊലിവെളുപ്പിനു വേണ്ടി ഇതേ ഫെയർനെസ്സ് ക്രീമുകൾ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ഇതേ അളവിൽ വിൽക്കപ്പെടുന്നുണ്ട്. സായിപ്പിന്റെ ഗോൾഡൻ ഹെയറിനു വേണ്ടി തലമുടി ഇവിടെയെല്ലാം ബ്ലീച്ച് ചെയ്യപ്പെടുന്നുണ്ട്. അതേ സമയം ബ്രൌണിഷ് ടാൻ കിട്ടാൻ വേണ്ടി സായിപ്പ് ഉള്ള ക്രീം എല്ലാം തേച്ച് നട്ടുച്ച വെയിലിലും കിടക്കുന്നു അല്ലെങ്കിൽ സോണ പോലെയുള്ള സംഭവങ്ങളിൽ കിടക്കുന്നു.
സൌന്ദര്യം വർദ്ധിപ്പിക്കണം എന്നതിലുപരി ഇതിൽ മറ്റെന്തെങ്കിലും ഉണ്ടാവണമെന്നില്ല എന്ന് തന്നെ കരുതുന്നു.

നാട്ടിൽ വെളുത്ത പെണ്ണിനു കൂടുതൽ കല്യാണാലോചനകൾ വരുന്നു, കോളേജിൽ ഫാൻസ് ഉണ്ടാവുന്നു, പ്രേമാഭ്യർത്ഥന ഉണ്ടാവുന്നു.മിക്കവരും പെണ്ണന്വേഷിക്കുമ്പോൾ കറുകറുത്തൊരു പെണ്ണിനെ വേണം എന്ന് പറഞ്ഞ് കേട്ടിട്ടില്ല. അവനവന്റെ തൊലിപ്പുറത്തിനനുസരിച്ച് കിട്ടാവുന്നതിൽ വെളുത്ത പെണ്ണ് തേടുന്നു.
അങ്ങിനെ അങ്ങിനെ എല്ലാവരും സൌന്ദര്യം വർദ്ധിപ്പിക്കാൻ നെട്ടോട്ടമോടുന്നു.

ചാണക്യന്‍ said...

Inji Pennu,

“മിക്കവരും പെണ്ണന്വേഷിക്കുമ്പോൾ കറുകറുത്തൊരു പെണ്ണിനെ വേണം എന്ന് പറഞ്ഞ് കേട്ടിട്ടില്ല. അവനവന്റെ തൊലിപ്പുറത്തിനനുസരിച്ച് കിട്ടാവുന്നതിൽ വെളുത്ത പെണ്ണ് തേടുന്നു.:-

കറുത്തപെണ്ണേ കരിങ്കുഴലീ നിനക്കൊരുത്തൻ കിഴക്കുദിച്ചേ.......:)

ആണൊരുത്തനെ കിട്ടാത്ത വ്യഥയിൽ കറുത്ത പെണ്ണുങ്ങളെല്ലാം മെഡിറ്ററേനിയൻ കടലിൽ ചാടി ചത്തു അല്ലെ?:)

:: VM :: said...

"വെളുക്കാന്‍ തേക്കുന്നത്" !!

പാണ്ടാവുമോ അണ്ണെയ് ? ഇന്നാളു ലുലുവില്‍ പോയപ്പോ പെണ്ണുമ്പിള്ള “ഇമാമി ജെന്റ്സ് ഫെയര്‍നെസ് ക്രീമെടുത്ത്” റ്റ്രോളിയിലിട്ടു..

എന്നെ വെളുപ്പിക്കാനാന്നു തോന്നുണു ഉദ്ദേശം !

ഹാഫ് കള്ളന്‍||Halfkallan said...

ഗാര്‍നിയാര്‍ ന്റെ ആള്‍ക്കാര്‍ ആണുങ്ങളെ വെളുപ്പിക്കുന്ന ഒരു ക്രീം ഇറക്കിയാരുന്നു .. അതിന്റെ കൂടെ ഇപ്പോളത്തെ സ്കിന്‍ ടോണ്‍ , രണ്ടു ആഴ്ചത്തെ ഉപയോഗം കഴിഞ്ഞുണ്ടാകാവുന്ന സ്കിന്‍ ടോണ്‍ എന്നിവ കമ്പയര്‍ ചെയ്യാന്‍ ഒരു ടോണ്‍ ശയിട് പേപ്പര്‍ തന്നു കറുപ്പ് തൊട്ടു വെളുപ്പു വരെ .. എന്റെ കളര്‍ അതില്‍ ഇല്ലാത്ത കാരണം , ശക്തമായി പ്രതിഷേധിച്ച ശേഷം അത് ഞാന്‍ ബഹിഷ്കരിച്ചു .. ( രൂപാ നൂറ്റമ്പത് ലാഭം )

Tom Sawyer said...

തവിട്ട് നിറക്കാരനായ ഇന്ത്യക്കാരനില്‍ അപകര്‍ഷ ബോധം വരുത്താന്‍ ഫെയര്‍ & ലവ്ലിക്ക് വളരെ എളുപ്പത്തില്‍ സാധിച്ചു , ജോലി കിട്ടാന്‍ , സ്നേഹം കിട്ടാന്‍ , അങ്ങനെ എല്ലാത്തിനും വെളുത്ത തൊലി വേണമെന്ന് നമ്മളെ അവര്‍ പഠിപ്പിച്ചു , വളര്‍ന്ന് വരുന്ന ഓരോ കുഞിലും അപകര്‍ഷബോധം നിറക്കാന്‍ ..കറുത്ത നിറം തെറ്റാണെന്ന് തോന്നിക്കാന്‍ അവര്‍ക്ക് സാധിച്ചു ...

പുതു യുഗ സാമ്രാജ്യത്വവും ആഗോള വല്‍ക്കരണവും തവിട്ട് നിറക്കാരനില്‍ വേരുറപ്പിച്ചത് 5 രൂപയുടെ ഫെയര്‍ & ലവ്ലിയിലൂടെയായിരുന്നു എന്നതാവും സത്യം

കണ്ണൂസ്‌ said...

ഓണ്‍ സ്ക്രീന്‍ സുന്ദരിമാരുടെ കാര്യം ശരിയാണെങ്കിലും എക്സ‌പ്ഷന്‍സ് ഉണ്ട്. ഭാനുപ്രിയ, മാതു, കനക, സുനിത...

'വെരി വൈറ്റ്' എന്നാണ്‌ ഒരു മാട്രിമോണിയല്‍ കോളത്തിലെ പരസ്യം കണ്ടത്.

:: VM :: said...

/'വെരി വൈറ്റ്' എന്നാണ്‌ ഒരു മാട്രിമോണിയല്‍ കോളത്തിലെ പരസ്യം കണ്ടത്./

അത് വെള്ളപ്പാണ്ടുണ്ടെന്നവും ഉദ്ദേശിച്ചത് കണ്ണൂസെ.. ഇപ്പഴും മാട്രിമോണിയല് സൈറ്റു നോട്ടം ഉണ്ടല്ലെ? 

simy nazareth said...

ഇഞ്ചിപ്പെണ്ണേ,

ഭൂരിഭാഗവും ഇരുണ്ട ത്വക്കുള്ള ഒരു ജനതയ്ക്കിടക്ക് വെളുപ്പാണ് സൌന്ദര്യം, വെളുക്കൂ എന്ന് പ്രചരിപ്പിക്കുന്നതിന്റെ ദുരുദ്ദേശമെന്താണ്. സൌന്ദര്യം കൂട്ടാന്‍ തൊലിവെളുപ്പിക്കുന്നു എന്നല്ല - കറുത്ത സുന്ദരിമാരില്ല എന്ന അപകര്‍ഷതാബോധത്തിലേക്കാണ് ഇതൊക്കെ നയിക്കുന്നത്. നിറത്തിന്റെ പേരില്‍ ഇന്‍ഫീരിയോരിറ്റി കോമ്പ്ലെക്സ് ഉള്ള ധാരാളം പേരെ നേരിട്ടറിയാം. കല്യാണം നടക്കാ‍തെ വിഷമിക്കുന്നവരെയും അറിയാം.

ക്രീമിന്റെ വിഷമല്ല പ്രശ്നം, ഒരു ജനതയിലെ സ്ത്രീകളുടെ ഭൂരിഭാഗത്തെയും പരസ്യങ്ങള്‍ അപകര്‍ഷതാബോധത്തിലേക്ക് തള്ളിവിടുന്നതാണ്, ആത്മവിശ്വാസം കെടുത്തിക്കളയുന്നതാണ്.

അവനവന്റെ തൊലിപ്പുറത്തിനനുസരിച്ച് കിട്ടാവുന്ന വെളുത്ത പെണ്ണിനെ തേടുന്നു എന്നൊന്നും സാമാന്യവല്‍ക്കരിക്കാതെ. ആണുങ്ങളെയെല്ലാം ഒരേ നുകത്തില്‍ കെട്ടാതിരിക്കൂ.

അനോണി ആന്റണി said...

ഇഞ്ചിക്ക് മറുപടി (പോസ്റ്റല്ല, കമന്റ്)

അനോണി ആന്റണി said...

കൂതറ ബ്ലോഗര്‍, ജോജു, നന്ദി.

ചാണക്യന്‍, നമുക്ക് കറുത്ത പെണ്ണുങ്ങളെ ഒക്കെ നാടുകടത്താം? സുന്ദര ഭാരതം ഉണ്ടാകട്ടെ.

വീയേം ഇനി വെളുത്താല്‍ അതെന്തു നിറം ആയിരിക്കും മാഷേ? ( ഭഗവാനേ ഇവള്‍ക്കും കാമുകനോ എന്ന് ജഗതി പറഞ്ഞതുപോലെ നിങ്ങള്‍ക്കു ഇനിയും വെളുക്കണോ?)

ഹാഫ്, ആ കാശിനു വല്ല ശാപ്പാടും വാങ്ങിച്ച് കഴിച്ചാല്‍ വയറെങ്കിലും നിറയും. ഒരു കമ്പനിക്ക് എന്നെക്കൂടെ വിളിച്ചാല്‍ മനസ്സും നിറയും :)

ഐസൊലേറ്റഡ്, ഇങ്ങനെ ചുമ്മാ വളച്ചോണ്ട് പോകാന്‍ പറ്റുന്ന ജനത ലോകത്ത് അധികമില്ലെന്നു തോന്നുന്നു, അല്ലേ?

കണ്ണൂസേ
അപ്പ വീറ്റിഷ് കോമ്പ്ലക്ഷന്‍, വെല്‍ റ്റു ഡൂ ഫ്യാമിലി, അരിസ്റ്റോക്രാറ്റിക്ക് (മദ്യമല്ല) നോബിള്‍ , എന്‍ഷ്യന്റ് (പെണ്ണല്ല, കുടുമ്മം) ഒക്കെ ഇപ്പ ഔട്ട് ഓഫ് ഫാഷന്‍ ആയോ?

സിമി-
എന്റെ കൂടെ ഓണ്‍ലൈന്‍ ഇപ്പോ ഉള്ളത് തന്റെ ഫീല്‍ഡില്‍ സെലിബ്രിറ്റി ആയ ഒരു വ്യക്തിയാണ്‌, അകം പുറം കാണാവുന്നത്ര വെളുത്തിട്ടൊരു മനുഷ്യന്‍, ഭാര്യ നല്ലതുപോലെ കറുത്തതാണ്‌ (രണ്ടും ഇന്ത്യക്കാര്‍). അവര്‍ വൈല്‍ഡ് ലൈഫ് താല്പ്പര്യം ഭ്രാന്തായി കൊണ്ടു നടക്കുന്നവരാണെന്നതില്‍ പരിചയപ്പെട്ടു തുടങ്ങി പതിയേ പ്രേമമായി കഴിച്ചു. ഇങ്ങേര്‍ക്ക് കാട്ടില്‍ തെണ്ടാതെ വീട്ടിലിരുന്ന് സീരിയല്‍ കണ്ടൂടേ എന്ന് പറയുന്ന ഒരു മൂശേട്ട ഭാര്യയെ കിട്ടിയിരുന്നെങ്കില്‍ ആ ജീവിതം എന്തായേനെ. ( ഏറുമാടത്തില്‍ ഇടി വെട്ടി രാത്രി പെമ്പ്രന്നോരുടെ കയ്യും പിടിച്ച് കാട്ടില്‍ ഇറങ്ങിയോടിയ കഥകള്‍ ഞാന്‍ എങ്ങനെ കേട്ടേനെ)

ചേച്ചിപ്പെണ്ണ്‍ said...

മാതാവേ ...
ഞാന്‍ ഇനി ഒരിക്കലും ഫെയര്‍ & ലവ്ലി തേക്കില്ല ..
അല്ലെ വേണ്ട ,കാശു കൊടുത്ത് മേടിച്ചതല്ലേ ...

ചേച്ചിപ്പെണ്ണ്‍ said...

മാതാവേ ...
ഞാന്‍ ഇനി ഒരിക്കലും ഫെയര്‍ & ലവ്ലി തേക്കില്ല ..
അല്ലെ വേണ്ട ,കാശു കൊടുത്ത് മേടിച്ചതല്ലേ ...
കുറെ വര്ഷം കൂടി ഒരു ഫെയര്‍ ആണ്‍ ലവ്ലി മേടിച്ചതാ ...
യോ നീ കറുത്ത് പോയെ , കറുത്ത് പോയെ എന്ന
അഭ് യു ദയ കംഷി കളുടെ പരിദേവനങ്ങള്‍ കേട്ട് ..
ന്നാപ്പിന്നെ വെളുത്ത്തിരുന്നപ്പോ ഇവരരേലും പറഞ്ഞോ ?
വയസ് മുപ്പത്‌ കഴിഞ്ഞില്ലേ , ഓ ഇനിപ്പോ എന്നാ വെളുപ്പ്‌ നോക്കാന എന്നൊക്കെ ഞാന്‍
ഒഴപ്പി എങ്കിലും ....
സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നപ്പോ അറിയാതെ കയ് ഫെയര്‍ ആണ്‍ ലവിയിലെക്ക് ......
ഞങ്ങള്‍ പെണ്ണുങ്ങള്‍ ഇങ്ങനെ ഒക്കെ ജീവിച്ചോട്ടെ ...
സ്മോകിംഗ് ഈസ്‌ ഇന്ഞുരിഅസ് ടോ ഹെല്‍ത്ത്‌ ....
എന്നൊക്കെ അച്ചിങ്ങ അക്ഷരത്തില്‍ എഴുതീട്ടും ....കുടീം വലീം ...
പിന്നാ ....

t.k. formerly known as thomman said...

ഇരുണ്ട നിറമുള്ളവരുടെ ഇടയില്‍ വെളുപ്പ്‌ സൌന്ദര്യത്തിന്റെ ഭാഗമാകുന്നത്‌ ഇന്ത്യയില്‍ മാത്രമല്ലെന്ന് തോന്നുന്നു. അമേരിക്കയില്‍ കറത്തവരുടെ ഇടയില്‍ തന്നെ light-skinned ആയവര്‍ക്ക് മുന്‍ഗണന കിട്ടുന്നതിന്നെ കുറിച്ച് വായിച്ചതോര്‍ക്കുന്നു. arranged marriage പോലെയുള്ള സാമു‌ഹികക്രമങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം വെളുപ്പുപോലുള്ള പുറംകാഴ്ചകള്‍ ആയിരിക്കും തിരുമാനങ്ങളെ നിയന്ത്രിക്കുക.

ചേച്ചിപ്പെണ്ണ്‍ said...

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു കുട്ടി ഉണ്ട്
കാണാന്‍ നല്ല ഭംഗി ആണ് . നല്ല കണ്ണുകള്‍ , ചിരി , മുടി , നല്ല ഐശ്വര്യം ഉള്ള മുഖം ..
പക്ഷെ നല്ല കറുപ്പാണ് ...
ഒരു പയ്യന്‍ നേരിട്ട് പറഞ്ഞു ഫോടോയില്‍ കണ്ടപ്പോ കുറച്ചൂടെ കളര്‍ ഉണ്ടായിരുന്നല്ലോ
ഒരു ചെര്‍ക്കന്റെ പെങ്ങള്‍ കാണാന്‍ വന്നപ്പോ ,നിറം കുറഞ്ഞതില്‍ പ്രതിക്ഷേതിച്ചു തിരിഞ്ഞിരുന്നു ....
ആ കുട്ടി മാനസികമായി തകര്‍ന്നു പോയി ...
കല്യാണം വേണ്ട എന്ന് വരെ ആയിടക്കു ചിന്തിച്ചിരുന്നതായി എന്നോട്‌ പറഞ്ഞിട്ടുണ്ട്
എനിക്കാ കുട്ടീനെ കാണാന്‍ നല്ല ഇഷ്ടാണ് ....
പക്ഷേ ഇത്തരം അനുഭവങ്ങളാണ് നിറം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് ....
പിന്നെ എന്റെ ഒരു പഴേ ഫ്രണ്ട് ( അവള്‍ക്കനെ മഞ്ജു വര്രിയര്ടെ മുഖഛായ ഉണ്ട്‌ ,നിറം കുറവാന്നെ ഉള്ളൂ )
അവളും ഒരുപാട്‌ പെണ്ണ് കാണല്‍ കള്‍ക്ക് ശേഷമാണ് ... വര്ണ വിവേചനം ഇല്ലാത്ത ഒരുത്തന്‍ വന്നു കെട്ടിക്കോണ്ട് പോയത്‌ ....
ആദ്യം കരളും , ലങ്ങ്സും ഒക്കെ കേട് ആക്കുന്ന സാമഗ്രികള്‍ നിരോധിക്കട്ടെ ....
എന്നിട്ട് പോരെ ഫെയര്‍ ആന്‍ഡ്‌ ലവ്ലി നിരോധനം ....

ചേച്ചിപ്പെണ്ണ്‍ said...

ആണൊരുത്തനെ കിട്ടാത്ത വ്യഥയിൽ കറുത്ത പെണ്ണുങ്ങളെല്ലാം മെഡിറ്ററേനിയൻ കടലിൽ ചാടി ചത്തു അല്ലെ?:)
.......

ഇത്രയും പരിഹാസം വേണോ സഹോദര ....?
ഉടുത്തൊരുങ്ങി നിന്ന് കുട്ടി കറുത്തത് ആയതുകൊണ്ട് മാത്രം കാണാന്‍ വന്ന വരുടെ മുഖവും കറുത്തത് കാണേണ്ടി വന്നു ,മനസ്സ് വേദനിച്ച് " അമ്മെ ഞാന്‍ കാരണമാണോ ഞാന്‍ കറുത്ത് പോയത്‌ ? " എന്ന് കരഞ്ഞു ചോദിക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ അനുഭവം മനസ്സിലുണ്ട് ....

ആദ്യം പറഞ്ഞ ( മുഖം കറുത്തത് ) തിന് മരുന്ന്‍ ഈ ലോകത്തില്‍ വന്നാല്‍ , അതായത്‌ , നിറം നോക്കി
പെണ്ണ് കെട്ടുന്ന ഇടപാട് ഇല്ലാതായാല്‍ , തന്നെ ഫെയര്‍ ആന്‍ഡ്‌ ലോവേലി കമ്പം തീര്‍ന്നോളും .....

സുഗ്രീവന്‍ :: SUGREEVAN said...

കണ്ണൂസ്- നമ്മുടെ പ്രിയങ്കരിയായ കാജലിനെ ഒഴിവാക്കിയതില്‍ അഗാധമായ കുണ്ഠിതം (ആ ചാണകത്തില്‍ ചവിട്ടിയാലുള്ള പോലെ മോന്തായമുള്ള അജയ് ദേവഗണിനെ കാജല്‍ കെട്ടിയതിലായിരുന്നു അത്യഗാധമായ കുണ്ഠിതം)അറിയിക്കട്ടെ. :-(

പിന്നെ അനോണി പറഞ്ഞത് കിറു കൃത്യം....! മേയ്ക്കപ്പ് അധികം ഉപയോഗിച്ചാലുള്ള അപകടത്തെപ്പറ്റി സംശയമുള്ളവര്‍ നമ്മുടെ ഉര്‍വശി ശോഭനയോട് (മെയ്ക്കപ്പില്ലാതെ കാണുമ്പോള്‍,കയ്യെത്താത്ത അകലത്തില്‍ നിന്ന്) ചോദിക്കുക. അനുഭവസ്ഥയുടെ മറുപടി കേള്‍ക്കാം.

Inji Pennu said...

സിമി

ഇന്ത്യയിൽ 90% (?) അറേഞ്ചഡ് മാരേജുകൾ നടക്കുന്നു എന്നാണ് വെപ്പ്. അതിൽ വിവാഹ ബ്യൂറോകൾ വഴിയും വിവാഹ പരസ്യങ്ങൾ വഴിയുമാണ് ഇപ്പോൾ മിക്കതും നടക്കുന്നത്. ആരെങ്കിലും കറുത്ത പെണ്ണിനെ മതിയെന്നോ, ലുക്കിങ്ങ് ഫോർ ഡാർക്ക് സ്കിൻഡ് വുമൺ എന്നോ ഒരു പരസ്യം ചെയ്ത് കാണിച്ചു തരുമോ? എല്ലാരും എഴുതുന്നത് ഈ സീക്കിങ്ങ് ഫോർ ഫെയർ സ്കിൻ എന്നു തന്നെയല്ലേ? ഇത് ഞാനാണോ സാമാന്യവൽക്കരിക്കുന്നത്? വിവാഹ ബ്യൂറോകളിൽ പോയി ഒന്നു സംസാരിച്ചു നോക്കൂ. വരൻ എത്ര കറുത്തിട്ടാണെങ്കിലും പെണ്ണ് നല്ല വെളുത്തിരിക്കണം എന്നാണ് ഡിമാന്റ്. അതേ സമയം, വരൻ വെളുത്തിട്ട് തന്നെയിരിക്കണം എന്ന് ഒരു ഡിമാന്റ് വെക്കാൻ സ്ത്രീകൾക്ക് ഇനിയും ആയിട്ടില്ല എന്ന് തോന്നുന്നു, അഅഗ്രഹം ഇല്ലാഞ്ഞിട്ടാവില്ല, പക്ഷെ മേൽക്കോയ്മ ഇപ്പോഴും പുരുഷ വർഗ്ഗത്തിനു നിലനിൽക്കുമ്പോൾ അങ്ങിനെ ഒരു ആഗ്രഹം പ്രകടിപ്പിക്കാൻ മാത്രം വളർന്നിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാൻ. അങ്ങിനെ പരസ്യം തുടങ്ങുന്ന സമയങ്ങളിൽ ആണുങ്ങൾക്കുള്ള ഫെയർനെസ്സ് ക്രീം മാർക്കെറ്റുകൾ അതെ സ്പീഡിൽ തുറക്കപ്പെടുമായിരിക്കും.

ഇതിന്റെ അർത്ഥം എല്ലാവരും വെളുത്തിരിക്കണം എന്നൊന്നുമല്ല, മാർകെറ്റിനെക്കുറിച്ച് പറയുന്നതാണ്.

Kuttyedathi said...

തൊമ്മൻ പറഞ്ഞതിൽ കാര്യമുണ്ട്‌. അറേയ്‌ഞ്ച്‌ഡ്‌ മാര്യേജിൽ, പ്രത്യേകിച്ചും ന്യൂ ജെനറേഷൻ പോർട്ടൽ സംസ്കാരത്തിൽ, നിറത്തിനും സൗന്ദര്യത്തിനും തന്നെ ഒന്നാം സ്ഥാനം. അനിയനു വിവാഹാലോചനകൾ നടക്കുന്നു. നാട്ടിലിരുന്നവരും, ഇവിടിരുന്നു ഞങ്ങളും സമയം കിട്ടുമ്പോഴെല്ലാം, ബെത്ലേഹമിലും ചാവറ മാറ്റ്രിമോണിയിലുമൊക്കെ നോക്കാറുണ്ട്‌. ഒന്നാമത്തെ ക്രൈറ്റീരിയ , പെണ്ണിന്റെ ലുക്ക്സ്‌ തന്നെയാണ്‌. ഫോട്ടോ നോക്കി ഇഷ്ടപ്പെട്ടാൽ മാത്രമല്ലേ, നമ്മൾ ബാക്കി വിവരങ്ങളൊക്കെ വായിക്കാറു പോലുമുള്ളൂ? കാണാൻ കൊള്ളാത്ത ഒരു പെണ്ണിനും ഇതുവരെ അവരാരുമോ ഞങ്ങളോ, മെസ്സേജ്‌ അയച്ചില്ല. നിറമില്ലാത്ത പെൺകുട്ടികളിൽ ന്നു വരുന്ന ഒരു മെസ്സേജിനും ആരും മറുപടിയും അയച്ചു കണ്ടില്ല. പെണ്ണിന്റെ മനസ്സിന്റെ നന്മയ്ക്കോ, കഴിവുകൾക്കോ, കാര്യ പ്രാപ്തിക്കോ ഒന്നിനുമൊന്നിനും അവിടെ ഒരു വിലയും കിട്ടുന്നില്ലല്ലോ..എന്തൊരു ബോറനേർപ്പാടാണിത്‌, എന്നു ഞങ്ങൾ ഇവിടെയിരുന്നെണ്ണിപ്പെറുക്കാറുണ്ട്‌. തീരുമാനങ്ങളെ നിയന്ത്രിക്കുന്നത്‌ പുറമേയുള്ള ഭംഗി തന്നെ. അപ്പോ പിന്നെ ഇരുണ്ട പെൺ കുട്ടികൾ ക്രീം തേയ്ക്കുന്നതിൽ കുറ്റം പറയാനാകുമോ ?

ഒരാളെ കുറച്ചു നാൾ കൂടി കാണുമ്പോൾ, ഒരു ഹായ്‌ പോലും പറയുന്നതിനു മുന്നേ, അയ്യോ.. ഇതെന്നാന്നേ കറുത്തു പോയല്ലോ, എന്നു പറയാൻ ഒരുളുപ്പുമില്ലാത്ത ഒരു സമൂഹമാണു നമ്മൾ.

:: VM :: said...

/ആരെങ്കിലും കറുത്ത പെണ്ണിനെ മതിയെന്നോ, ലുക്കിങ്ങ് ഫോർ ഡാർക്ക് സ്കിൻഡ് വുമൺ എന്നോ ഒരു പരസ്യം ചെയ്ത് കാണിച്ചു തരുമോ? എല്ലാരും എഴുതുന്നത് ഈ സീക്കിങ്ങ് ഫോർ ഫെയർ സ്കിൻ എന്നു തന്നെയല്ലേ/

ആഹ! ഇപ്പോ അങ്ങനായാ? സീക്കിങ്ങ് ഫോര്‍ ഫെയര്‍ സ്കിന്‍ എന്നുള്ള പരസ്യം കാണിച്ചു തരാമോ? കണ്ടിട്ടില്ല അതോണ്ടാ ..സത്യം

സ്വന്തം പെമ്പിള്ളേരുടെ സ്പെസിഫിക്കേഷന്‍സ് , ഫെയര്‍/വെരി ഫെയര്‍/വെരി വെരി വൈറ്റ് (കട്: കണ്ണൂസ്) എന്നൊക്കെ എഴുതുന്ന മാതാപിതാക്കളുടെ അതേ സ്നേഹം തന്നെയാവാം എത്ര ഫെയറല്ലാത്തതിനെയും, ഏറിപ്പോയാന്‍ വീറ്റിഷ് എന്നു വരെ എഴുതിപ്പിക്കുന്നതും?

എന്നിട്ടിപ്പോ സീക്കിങ്ങ് ഫോര്‍ ഫെയര്‍ സ്കിന്‍ എന്നതാണു പ്രശ്നം അല്ലേ ഇഞ്ചീ?

Unknown said...

ചിത്രത്തിലുള്ള ചുവന്ന നൈറ്റിയിട്ട അണ്ണന്‍ ഏതാ? ആ അണ്ണന്റെ കല്യാണമാണോ ഇപ്പോള്‍ പ്രശ്നമായത്? സെറീന വില്യംസുമായി ആള്‍ നല്ല മാച്ചായിരിക്കും. മിസ് വില്യംസിന് ഇപ്പോള്‍ നൈറ്റിയൊന്നും ആവശ്യമില്ലാത്തത് കൊണ്ട് സ്ത്രീധനത്തുക അഡ്ജസ്റ്റ് ചെയ്യുകയുമാവാം. ഏസ്കുസ് മീ ഫോ ബീറ്റിങ് ദ ബുഷാ! മനുഷ്യശരീരം ഒരു പഠനം നടത്തിയാല്‍ പൃഷ്ടത്തിനാണ് ഏറ്റവും കൂടുതല്‍ കറുപ്പ് എന്ന് ന്യൂസ് മാഗസിന്റെ ഫ്രൈഡേ എഡിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 24X7 സൂര്യരശ്മികളേക്കാതെ മറച്ച് വെച്ചിട്ടും ഈ ഭാഗത്തിന് മാത്രം എങ്ങനിത്ര കറുപ്പ് എന്ന് ഇത് വരെ കനേഡിയന്‍ റിസേര്‍ച്ച് & അനാലിസിസ് സെന്ററിന് കണ്ടെത്താല്‍ സാധിച്ചിട്ടില്ല. ആഗോള പഠനത്തില്‍ 99 ശതമാനം ആള്‍ക്കാരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുപയോഗിച്ച് ഈ ശരീരഭാഗം മറച്ച് വെക്കുന്നത് കൊണ്ട് കാന്‍സറിനുള്ള സാധ്യത കുറവാണ്. ഏറിവന്നാല്‍ ക്വാഡ്രിഡെം മുതലായ ചീപ്പ് വാട്ടര്‍ബേസ്ഡ് ഓയില്‍മെന്റുകള്‍ ഉപയോഗിച്ച് മാറ്റാന്‍ പറ്റുന്ന ഫംഗസ് എന്ന ഓമനപ്പേരില്‍ അറിയപെടുന്ന പായല്‍ വന്നേക്കാം. റീഡേഴ്സ് ഡൈജസ്റ്റില്‍ ഒരു കോളം എഴുതിക്കോണ്ടിരുന്നപ്പോഴാണ് ഈ ലേഖനവും മറുപടികളും കാണാനിട വന്നത്. ഇത്തരം ശാത്രനിരീക്ഷണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Unknown said...

ചിത്രത്തിലുള്ള ചുവന്ന നൈറ്റിയിട്ട അണ്ണന് ആര്? ആ അണ്ണന്റെ കല്യാണമാണോ ഇപ്പോള് പ്രശ്നമായത്? സെറീന വില്യംസുമായി ആള് നല്ല മാച്ചായിരിക്കും. മിസ് വില്യംസിന് ഇപ്പോള് നൈറ്റിയൊന്നും ആവശ്യമില്ലാത്തത് കൊണ്ട് സ്ത്രീധനത്തുക അഡ്ജസ്റ്റ് ചെയ്യുകയുമാവാം. ഏസ്കുസ് മീ ഫോ ബീറ്റിങ് ദ ബുഷാ! മനുഷ്യശരീരം ഒരു പഠനം നടത്തിയാല് പൃഷ്ടത്തിനാണ് ഏറ്റവും കൂടുതല് കറുപ്പ് എന്ന് ന്യൂസ് മാഗസിന്റെ ഫ്രൈഡ് ഡേ എഡിഷന് റിപ്പോര്ട്ട് ചെയ്യുന്നു. 24X7 സൂര്യരശ്മികളേക്കാതെ മറച്ച് വെച്ചിട്ടും ഈ ഭാഗത്തിന് മാത്രം എങ്ങനിത്ര കറുപ്പ് എന്ന് ഇത് വരെ കനേഡിയന് റിസേര്ച്ച് & അനാലിസിസ് സെന്ററിന് കണ്ടെത്താല് സാധിച്ചിട്ടില്ല. ആഗോള പഠനത്തില് 99 ശതമാനം ആള്ക്കാരും ആര്ട്ടിഫിഷ്യല് ഇന്റലിജന്സുപയോഗിച്ച് ഈ ശരീരഭാഗം മറച്ച് വെക്കുന്നത് കൊണ്ട് കാന്സറിനുള്ള സാധ്യത കുറവാണ്. ഏറിവന്നാല് ക്വാഡ്രിഡെം മുതലായ ചീപ്പ് വാട്ടര്ബേസ്ഡ് ഓയില്മെന്റുകള് ഉപയോഗിച്ച് മാറ്റാന് പറ്റുന്ന ഫംഗസ് എന്ന ഓമനപ്പേരില് അറിയപെടുന്ന പായല് വന്നേക്കാം. റീഡേഴ്സ് ഡൈജസ്റ്റില് ഒരു കോളം എഴുതിക്കോണ്ടിരുന്നപ്പോഴാണ് ഈ ലേഖനവും മറുപടികളും കാണാനിട വന്നത്. ഇത്തരം ശാത്രനിരീക്ഷണങ്ങള് തുടര്ന്നും പ്രതീക്ഷിക്കുന്നു.

hanusi77 said...

ആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
നിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
ഇമെയിൽ: hanusiinfo1@gmail.com
നമ്പര്: 447035991103