Thursday, November 12, 2009

ഊരിയ വാള്‍ ഉറയിലിടും കാലം

അണ്ണന്‍ ഫെയ്സ് ബുക്കില്‍ ഇല്ലേ?
ഫെയ്സ് ഇല്ലാത്ത എനിക്കെന്തു ബുക്ക്. എന്താ കാര്യം?

സര്‍ക്കോസി ദാ പടമിട്ടു, വാളിന്റെ ഇരുപതാം വാര്‍ഷികമല്ലീ.
ഫ്രെഞ്ചുകാര്‍ക്കെങ്കിലും മര്യാദയ്ക്ക് കുടിച്ചിട്ടു മിണ്ടാതെ പോകാന്‍ അറിയാമെന്നു കരുതിയതാ ഞാന്‍.

ഇതതല്ല, സര്‍ക്കോസി പിക്കാസോ..
സര്‍ക്കോസിയും പിക്കാസോയുമോ ?

ഛെ പറഞ്ഞു തീര്‍ക്കട്ടേന്ന്. സര്‍ക്കോസി പിക്കാസോ കൂന്താലിയോ ഏതാണ്ടെടുത്ത് ബെര്‍ലിന്‍ വാള്‍ അടിച്ചു നിലത്തിടുന്ന പടം ഇട്ടെന്ന്.
ആ അതോ. സര്‍ക്കോസി പോയോ ഇല്ലയോ എന്ന് ചര്‍ച്ച നടക്കുന്നതേയുള്ളു, വാള്‍ വീഴിക്കാന്‍ പോയെന്ന് സര്‍ക്കോസി പറയുന്നു വീണ വാള്‍ കോരാന്‍ പിന്നെങ്ങ്നാണ്ടു പോയതേ ഉള്ളെന്ന് കൂട്ടുകാര്‍ പറയുന്നു, ഇങ്ങേരു പറയും പോലെ ഒന്നും അന്നു ചെയ്യാന്‍ പറ്റില്ലെന്ന് വാള്‍ വീരന്മാര്‍ പറയുന്നു.

അപ്പ ഒറപ്പില്ലേ അണ്ണാ?
വാള്‍ എങ്ങനെ ഉണ്ടായെന്നു ചോദിച്ചപ്പ അയിന്റെ ഉത്തരവാദി സോവിയറ്റ് നാട്ടിലെ ഇന്നുള്ള ആളു നാലില്‍ ഒരാളേ ശരിയുത്തരം പറഞ്ഞുള്ളെന്ന്.

അതോണ്ട്?
അതോണ്ട്, നിനക്കു വാളാഘോഷം നടത്താനുള്ള എലിജിബിലിറ്റി ഉണ്ടോന്ന് ഒന്നു നോക്കട്ട്. ക്വീസ്സ്:

ഷൂട്ട്.

ഒന്ന്: "മിസ്റ്റര്‍ ഗോര്‍ബച്ചേവ്, ഈ വാതിലുകള്‍ തുറക്കൂ, ഈ മതില്‍ പൊളിക്കൂ" എന്ന് ആഹ്വാനം ചെയ്തത് ആരാണ്‌?
റൊണാള്‍ഡ് റീഗന്‍

ഉത്തരം കിറു കൃത്യം.

രണ്ട്: "മിസ്റ്റര്‍ ഗോര്‍ബച്ചേവ്, ഇത് (ബെര്‍ളിന്‍ മതില്‍ പൊളിക്കുന്നത്) തടയാന്‍ എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ചെയ്യൂ. ജര്‍മ്മനി ഒന്നാകരുത്, ഞങ്ങളുടെയും ലോകത്തിന്റെയും സുരക്ഷിതത്വത്തിനു ഭീഷണി ഉണ്ടാകും." എന്നു പറഞ്ഞത് ആരാണ്‌?
കെ ജി ബി ചീഫ് ക്രൈയുച്കോവ്

ഉത്തരം തെറ്റ്, മാര്‍ഗരറ്റ് താച്ചര്‍.

മൂന്ന്: ദാ മതില്‍ വീണു, ഹിറ്റ്ലറുടെ സമയത്തെക്കാള്‍ വലിയ ഭീഷണി ലോകത്തിനുണ്ടായി, യൂറോപ്പ് സഹിക്കട്ടെ എന്നു പറഞ്ഞത് ആരാണ്‌?
ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍?

ഉത്തരം തെറ്റ്, ഫന്‍സ മികഹുന്‍, ഫ്രെഞ്ച് പ്രെസിഡന്റ്

നാല്‌:
"കമ്യൂണിസവും സ്വന്തത്ര ലോകവും തമ്മിലുള്ള വത്യാസം അറിയാത്തവരേ, ബെര്‍ളിനില്‍ വരൂ. സ്വതന്ത്രലോകത്ത് മതിലുകളില്ല. ഒരു മനുഷ്യന്‍, ഒരൊറ്റ മനുഷ്യന്‍,ലോകത്തില്‍ അവനിഷ്ടപ്പെടുന്ന ഏതെങ്കിലും സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തടയുന്ന ഒരു മതില്‍, ഒരൊറ്റ മതില്‍ ഉണ്ടെങ്കില്‍ അവിടെ ഡെമോക്രസിയില്ല, സ്വാതന്ത്ര്യമില്ല, സ്വന്തം ഭരണത്തെ സംരക്ഷിക്കാന്‍ ഒരു മതിലു കെട്ടി ജനസ്വാതന്ത്ര്യം തടയിടുന്നത് ഭരണ പരാജയമാണ്‌, ഭീരുത്വമാണ്‌, മാനവസ്നേഹമില്ലായ്മയാണ്‌...

കെന്നഡി, കെന്നഡി, കെന്നഡി!

ശരി, ശരി ശരി.

അഞ്ച്:
ആയിരക്കണക്കിനു കിലോമീറ്റര്‍ നീളുത്ത ഒരു മതില്‍, ക്യാമറക്കണ്ണുകള്‍, പോലീസ്, ബാര്‍ബ്ഡ് വയര്‍, ദിവസേന അതു മുറിച്ചു കടക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു. ചിലര്‍ ആ ശ്രമത്തില്‍ മരിച്ചു വീഴുന്നു, ചിലര്‍ മതിലില്‍ കുടുങ്ങിയും വെള്ളത്തില്‍ മുങ്ങിയും പട്ടിണി കിടന്നും ഒക്കെ മരിക്കുന്നു, ചിലരെ പോലീസ് വെടീവച്ചു കൊല്ലുന്നു, ചിലരെ മതിലിനപ്പുറത്തുള്ള "അജ്ഞാത ശത്രുക്കള്‍" വെടിവച്ചു കൊല്ലുന്നു, വര്‍ഷം തോറും മരണം ഇരട്ടിക്കുകയാണ്‌, ശരാരശി വര്‍ഷം തോറും മരണമെത്ര എന്നു ചോദിച്ചാല്‍ മതിലുണ്ടാക്കിയവര്‍ അഞ്ഞൂറെന്നു പറയുന്നു, മതില്‍ വേണ്ടാത്തവര്‍ അയ്യായിരമെന്നു പറയുന്നു...മൂന്ന് ഗോത്രവംശക്കാരെയും അതിലെ ബന്ധുക്കളെയും ഈ മതില്‍ ഇരുവശത്താക്കി നെടുകേ വെട്ടിപ്പിളര്‍ന്നു, സാഹോദര്യം ഇല്ലാതെ ആക്കി.

ജനസ്വാതന്ത്ര്യത്തെ തടയുന്ന കൊലയാളി മതില്‍ വേണ്ടെന്ന് പറഞ്ഞ് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. ഈ മതില്‍ പരിഷ്കരിച്ച് കോട്ടമതിലാക്കാന്‍ ഇപ്പോള്‍ പദ്ധതിയുണ്ട്, കെന്നഡി ഇതു കണ്ടാല്‍ എന്തു പറയും?


കെന്നഡി മരിച്ചില്ലേ അണ്ണാ. ജീവിച്ചിരുന്നെങ്കില്‍ പറഞ്ഞേനെ "സ്വാതന്ത്ര്യമെന്തെന്ന് അറിയണമെങ്കില്‍ ഇവിടെ വരൂ... ഡെമോക്രസിയില്ല, സ്വാതന്ത്ര്യമില്ല, ഭരണ പരാജയം, മനുഷ്യസ്നേഹികള്‍ എവിടെ? ഓടിവായോ.."

ഉറപ്പുണ്ടോ? ഞാന്‍ പറഞ്ഞ മതില്‍ യൂ എസ് മെക്സിക്കന്‍ വാള്‍ ആണ്‌.


അണ്ണാ, ടോര്‍ട്ടില വാള്‍ എനിക്കു കാണാന്‍ കഴിയില്ല, കണ്ണിന്റെ പ്രശ്നമാ. എനിക്കിടിക്കാന്‍ വേറേ വാള്‍ താ.

ഇസ്രയേലിന്റെ ഗാസാ മതില്‍ മതിയോ?
അണ്ണാ, കമ്യൂണിസ്റ്റ് വാള്‍ വേണമെന്ന് എനിക്ക്, കൊറിയാന്‍ വാളിടിച്ചാലോ?

ചെല്ലാ അതു വാളല്ല, ജോയിന്റ് സെക്യൂരിറ്റി ഏരിയയാ, തെക്കരും വടക്കരൂടെ നിന്നെ വെടിവച്ചു കൊല്ലും.

എന്നാ ഗ്രേറ്റ് വാള്‍ ഓഫ് ചൈന ആയാലോ?
ചതിക്കല്ലേ. നിനക്കു പറ്റുമെങ്കില്‍ ഫയര്‍‌വാള്‍ ഓഫ് ചൈന ഇടിക്കൂ.

അതെന്തുവാ അണ്ണാ, തീയോ?
അല്ല പൊക. ചൈനയില്‍ ഇന്റര്‍നെറ്റ് മൊത്തം സെന്‍സര്‍ ചെയ്തിരിക്കുകയാ, അന്തപ്പന്റെ പോസ്റ്റ് ചൈനക്കാരു കാണൂല്ല, ഏത്? അതാണു ഫയര്‍വാള്‍ ഓഫ് ചൈന, ഇടിക്കേണ്ട സാധനമാ.

അതിടിക്കേണ്ടത് അത്യാവശ്യമാ, അണ്ണന്‍ എന്തിടിക്കും.
ഓ നമ്മളൊക്കെ എന്തിടിക്കാനാ, പറ്റുമെങ്കില്‍ മണിപ്പൂര്‍ വാള്‍ ഒന്നിടിച്ച് നിരത്തിയേനെ. പറഞ്ഞിട്ടു കാര്യമില്ല, ചുടുകട്ട ആണെങ്കില്‍ ഇടിക്കാം, പാറയും ഇടിക്കാം, മനസ്സിടിക്കാന്‍ എങ്ങനെ പറ്റുമെടേ?

12 comments:

Radheyan said...

അപ്പോള്‍ സ്വന്തം കണ്ണിലെ കോലെടുക്കാതെയാണൊ ബര്‍ലിനിലെ വാള് വാരാന്‍ പോയത്?

മാരീചന്‍‍ said...

Wallഉകളെ വാളുകള്‍ കൊണ്ടു സംരക്ഷിക്കുന്ന വാളോക്രസി പുലരട്ടെ....

ദേവദാസ് വി.എം. said...

എലമെന്ററി മി. ആന്റണീ,
വാള്‍ പയറ്റിലും രസമാണ്‌ murky politicsലെ വാക്‌പയറ്റ്. അല്ലേ?

kaithamullu : കൈതമുള്ള് said...

അയ്യോ അണ്ണാ,
വാള്‍ ഉറയിലിടല്ലേ!
-ഫയറ്റ് അപാരമണ്ണാ!!

ബീഫ് ഫ്രൈ||b33f fry said...

The Wall: hype and reality

സി.കുഞ്ഞിക്കണ്ണന്‍ said...

ഇതു കഥയോ അതോ ചരിത്രമോ? ഏതായാലും നന്നായി എഴുതിയിരിക്കുന്നു. മാതൃഭൂമി ബ്ലോഗനയിലേക്ക് സൃഷ്ടികള്‍ അയക്കരുതോ?

സി.കുഞ്ഞിക്കണ്ണന്‍ said...

ഇതു കഥയോ അതോ ചരിത്രമോ? ഏതായാലും നന്നായി എഴുതിയിരിക്കുന്നു. മാതൃഭൂമി ബ്ലോഗനയിലേക്ക് സൃഷ്ടികള്‍ അയക്കരുതോ?

Radheyan said...

ബ്ലോഗ്നയിലേക്ക് ആന്റണിയുടെ പട്ടി അയക്കും എന്ന് ആന്റണിയെ ഇത്രക്കാലം വായിച്ചതില്‍ നിന്നു പറയാന്‍ തോന്നുന്നു കുഞ്ഞിക്കണ്ണേട്ടാ

ജനശക്തി said...

Stalin: a remarkable comeback

In 1989, Joseph Stalin came a distant 10th in the list of Russia’s greatest historical figures, but last year he was voted the third best Russian leader of all times.

സോവിയറ്റുനാട്ടുകാരു പറയുന്ന മറ്റൊരു കാര്യം!

cibu cj said...

"Tribal lands of 3 American Indian nations would be divided by the proposed border fence." (http://en.wikipedia.org/wiki/Mexico_%E2%80%93_United_States_barrier)

എന്നതിന്റെ ട്രാൻസ്‌ലേഷനാവുമല്ലോ: “മൂന്ന് ഗോത്രവംശക്കാരെയും അതിലെ ബന്ധുക്കളെയും ഈ മതില്‍ ഇരുവശത്താക്കി നെടുകേ വെട്ടിപ്പിളര്‍ന്നു, സാഹോദര്യം ഇല്ലാതെ ആക്കി.” :)

അനോണി ആന്റണി said...

അല്ല സിബു.

" The U.S.- Mexico border fence is reportedly nearing completion as this article is being written in March 2009....

Tribal lands of three American Indian Nations will be divided by the border fence and the campus of the University of Texas at Brownville will be divided into two parts according to a vice president of the university. A section of the barrier was even mistakenly built inside Mexican territory requiring its removal and rebuilding at a cost of over three million dollars."...

സെബാസ്റ്റ്യന്‍ ഗിബ്സണിന്റെ ലേഖനമാണ്‌ ഇത്.

http://www.hg.org/article.asp?id=6051

നീയറിങ്ങ് കമ്പ്ലീഷന്‍ & വില്‍ ഡിവൈഡ് എന്ന് ഇദ്ദേഹം പറയുന്ന Brownsville ഭാഗം ഫെന്‍സിങ്ങ് Construction-Rent-A-Fence of Thrall എന്ന കമ്പനി 2008 ല്‍ പണി തുടങ്ങിയത് നാറ്റ് ജ്യോ കാണിച്ചിരുന്നു, നൂറോളം കിലോമീറ്റര്‍ ദൂരത്ത് രണ്ടാള്‍ പൊക്കത്തിലാണ്‌ ആ ഫെന്‍സ് തീര്‍ന്നത്. ദേ ഈയിടെ അതിലൂടെ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച ഒരു ടെക്സനെ പിടിച്ച് ജയിലിലും അടച്ചു.

വിക്കിയില്‍ നിന്നു ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് ഉള്ള പടങ്ങള്‍ പകര്‍ത്താറുണ്ട് (with proper attributes), പക്ഷേ ലേഖനം പകര്‍ത്തിയാല്‍ പുലിവാലാകുമെന്ന് എനിക്കറിയില്ലേ :)

November 12, 2009 11:46 PM

സിമി said...

അണ്ണാ,

മണിപ്പൂര്‍ വാള്‍ ഇടിക്കുന്നതിനു പകരം ബംഗ്ലാദേശ്-ഇന്ത്യ കമ്പിവേലി, പാക്കിസ്ഥാന്‍-ഇന്ത്യ വാള്‍, ഇതൊക്കെ ഇടിക്കുന്നോ, ഇടിക്കണ്ടേ?