Wednesday, November 18, 2009

പുഴുവരിച്ച വാര്‍ത്ത

http://metrovaartha.com/2009/11/18020651/thrissur-vayal.html

ഇന്നത്തെ മെട്രോ വാര്‍ത്തയില്‍ കണ്ടതാണിത്. ലൈന്‍ ബൈ ലൈന്‍ വായിച്ച് വിഷമിച്ചില്ല, ഓടിച്ച് നോക്കിയതേയുള്ളു.

"30 ദിവസം പ്രായമായ നെല്‍ച്ചെടികളെ പൂര്‍ണമായും കാര്‍ന്നു തിന്നുന്ന സ്പാഡോപ്റ്റിറ സ്പീഷീസില്‍ പെട്ടതാണു പട്ടാളപ്പുഴു. "
29 ദിവസമോ 31 ആയ നെല്‍ച്ചെടി പട്ടാളപ്പുഴു തിന്നില്ലെന്ന് പറഞ്ഞാല്‍ ചിരിക്കുകയേ വഴിയുള്ളു. നെല്ലടക്കം സകല പുല്ലും ഏതു പ്രായത്തിലുള്ളതും അതു തിന്നോളും. സ്പാഡോപ്റ്റിറ അല്ല സ്പോഡോപ്റ്റെറ. അത് സ്പീഷീസുമല്ല ജെനുസ്. സ്പീഷീസ് Spodoptera frugiperda

"ഒരു പുഴുവിന് 1200 മുട്ടകളിട്ടു പെരുകാന്‍ കഴിയും."
പുഴു 1200 പോയിട്ട് ഒരു മുട്ട പോലും ഇടില്ല. ശലഭമായ ശേഷമേ മുട്ടയിടൂ. ഫാള്‍ ആര്‍മി വേം എന്നത് ഈ ജീവിയുടെ കാറ്റര്‍പില്ലര്‍ സ്റ്റേജ് ആണെന്ന് എഴുതിയ വ്യക്തിക്ക് അറിയില്ലേ?

"ഒരേക്കര്‍ സ്ഥലത്ത് 800 മില്ലിലിറ്റര്‍ കീടനാശിനി ലായനി തളിക്കാനാണു ശുപാര്‍ശ ചെയ്യുന്നതെന്നു കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.ജയകുമാര്‍."
അദ്ദേഹം തീര്‍ച്ചയായും അതു പറയില്ല. ഒരേക്കര്‍ സ്ഥലത്ത് പത്തു ലിറ്റര്‍ മുതല്‍ പതിനഞ്ചു ലിറ്റര്‍ വരെയാണ്‌ തളിക്കേണ്ടതെന്ന് ആര്‍ക്കും അറിയാം, പിന്നെയല്ലേ ഒരു ഈ രംഗത്തെ ഒരു വിദഗ്ദ്ധന്‌.

"എന്നാല്‍ മാരക ഫലങ്ങളുള്ള കരാട്ട, വിവ എന്നീ മരുന്നുകള്‍ കമ്പനികള്‍ കര്‍ഷകരിലേക്കു നേരിട്ടെത്തിക്കുകയാണ്."
നീ കരോട്ട പടിക്കാന്‍ പോകുന്നുണ്ടോ എന്ന് നാട്ടിന്‍പുറത്തുകാര്‍ ചോദിച്ചു കേട്ടിട്ടുണ്ട്, പത്രത്തില്‍ കാണുന്നത് ആദ്യമായാണ്‌. (വിവ എന്ന കീടനാശിനിയെക്കുറിച്ച് എനിക്കറിയില്ല)

"ഒരേക്കര്‍ പാടത്തേക്കുള്ള മരുന്നിന് 500 മുതല്‍ 700 വരെ രൂപയാണു വില. പുല്ലഴിയിലെ 750 ഏക്കറില്‍ മാത്രം ചെലവായത് 5.25 ലക്ഷം രൂപയുടെ മരുന്ന്. ജില്ലയില്‍ ഇന്‍ഫെക്റ്റഡായ പാടശേഖരങ്ങളുടെ വ്യാപ്തി 3250 ഏക്കറെന്നു കാര്‍ഷിക സര്‍വകലാശാല പാഡി മിഷന്‍ ഡയറക്റ്റര്‍ ഡോ. ബാലചന്ദ്രന്‍. ഇത്രയും സ്ഥലത്തു മരുന്നു തളിക്കാന്‍ മാത്രം 22.75 ലക്ഷം രൂപ വേണം"
അഞ്ഞൂറു മുതല്‍ എഴുന്നൂറു രൂപ വരെ എന്നു പറഞ്ഞാല്‍ ശരാശരി വച്ചു ഗുണിക്കുന്നത് അല്ലേ ന്യായം, എഴുന്നൂറു കൊണ്ടല്ലോ?

"കേരള കാര്‍ഷിക സര്‍വകലാശാലയിലെ എന്‍റമോളജിസ്റ്റ് ഡോ. മണിചെല്ലപ്പന്‍ പറയുന്നത് ഒരു സ്പീഷീസ് കീടനാശിനിയെ പൂര്‍ണമായും നശിപ്പിക്കുമ്പോള്‍ അതിലൊരെണ്ണം അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷി ആര്‍ജിച്ചു എന്നാണ്. "

ങ്ങേ? അപ്പ വാദി പ്രതിയായാ, ഒരു സ്പീഷീസ് കീടനാശിനിയെ നശിപ്പിക്കുമെന്ന്.
അതു പോട്ട്, അപ്പോ പരാമര്‍ അടിച്ചിട്ടു ചാകാത്ത ചാക്കുണ്ണിച്ചേട്ടനു ജനിച്ച മോനു പരാമര്‍ ഏശൂല്ല അല്ലേ? കൊള്ളാമല്ല്.

പ്രിയ അഞ്ജുരാജ്, ഇന്‍സെക്റ്റിസൈഡ് റെസിസ്റ്റന്‍സ് ഒരു പരിണാമപ്രക്രിയ ആണ്‌, താങ്കളുടെ ലേഖനത്തിലെ വില്ലന്‍ ഫാള്‍ ആര്‍മി വേമിന്റെ ഇന്‍സെക്റ്റിസൈഡ് റെസിസ്റ്റന്‍സിനെക്കുറിച്ചു തന്നെ നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുമുണ്ട്. അഗ്രിക്കള്‍ച്ചറല്‍ എന്റമോളജിയിലെ ഒരാള്‍ ഇങ്ങനെ പറയില്ല. അദ്ദേഹം വേറെന്തോ ആണ്‌ പറഞ്ഞത്.

"മണ്ണിന്‍റെ സ്വാഭാവിക പ്രതിരോധങ്ങളെ തകിടം മറിക്കുന്ന ഇത്തരം കീടത്തെ നേരിടാന്‍ പ്രകൃതി ജന്യമായ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി കാര്‍ഷിക സര്‍വകലാശാല ഇതുവരെ ആലോചിച്ചിട്ടില്ല."
പട്ടാളപ്പുഴുവിനെ നേരിടാന്‍ പ്രകൃതിജന്യമായ ഒരു വഴിയും ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല എന്നാണ്‌ എന്റെ പരിമിതമായ അറിവ്.

"എന്നാല്‍ വ്യാപ കമായി മരുന്നു തളിക്കുന്ന പാടങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന കൃഷി ഓഫിസര്‍ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായ സാഹചര്യത്തില്‍ കൊറ്റികളെ കീടനാശിനി ബാധിക്കില്ല എന്നു പറയുന്നത് യുക്തിക്കു നിരക്കുന്നില്ല"
യുക്തി വേണ്ടാന്നേ, പത്രം/ റ്റെലിവിഷന്‍ ഒക്കെ വായിച്ചാല്‍ മതി. കൊറ്റികള്‍ക്ക് കീടനാശിനി മൂലം ഉണ്ടാകുന്ന നാശത്തെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് കാണാം. പക്ഷേ അതു കണ്ടിട്ട് ഇതേ ലോജിക്ക് പ്രയോഗിച്ച്
കീടനാശിനി തളിച്ച ഇടങ്ങളിലെ കൊറ്റികള്‍ ഇടുന്ന മുട്ടയുടെ തോട് കട്ടിയില്ലാതെ പൊട്ടുന്നു, കൃഷി ഓഫീസറുടെ മുട്ടയ്ക്കും ഇതേ ഗതി ആകുമെന്ന് പത്രത്തില്‍ എഴുതല്ലേ.

5 comments:

Radheyan said...

എന്തേലും എഴുതി കഞ്ഞി കുടിച്ച് കിടക്കാന്‍ സമ്മതിക്കേവേല അല്യോ അന്തപ്പാ

അന്തപ്പന്‍ പത്രക്കാരുടെ അന്തകവിത്താകല്ലേ....

absolute_void(); said...

ഇവിടെ റിപ്പോര്‍ട്ടറെ മാത്രമായി കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. കഴിയുന്നത്ര വാര്‍ത്ത എഴുതി ഡസ്കിലേക്കു് തള്ളുക എന്നതാണു് റിപ്പോര്‍ട്ടര്‍മാരുടെ കടമ. റിപ്പോര്‍ട്ടറുടെ തിരക്കിനിടയില്‍ അതിനപ്പുറം നടക്കില്ല. അതു് പരിശോധിച്ചു് തെറ്റുണ്ടെങ്കില്‍ തിരുത്തി പ്രസിദ്ധീകരിക്കുക എന്നതു് എഡിറ്ററുടെ പണിയാണു്. പലപ്പോഴും സബ് എഡിറ്റര്‍ ലെവലില്‍ തന്നെ ചെയ്യാവുന്നതും ചെയ്യേണ്ടതുമായ ആ പണി ചെയ്യാനാണു് പത്രങ്ങള്‍ നല്ല ആളെ കാശുമുടക്കി വയ്ക്കേണ്ടതു്.

ശാസ്ത്രമറിയാവുന്ന എഡിറ്റര്‍ക്കുമാത്രമേ ഇതിലെ തെറ്റുകണ്ടെത്താനാവൂ. അങ്ങനെയുള്ളവര്‍ മലയാള പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്കില്‍ കുറയുന്നതിന്റെ കാര്യമാണു് അന്വേഷിക്കേണ്ടതു്. അപ്പോള്‍ ഇത്തരം ഒട്ടധികം അബദ്ധങ്ങള്‍ വാര്‍ത്തകളില്‍ കടന്നുകൂടാതെ ശ്രദ്ധിക്കാനാവും.

ഇവിടെ റിപ്പോര്‍ട്ടര്‍ ആ ഇഷ്യുവിനോടു് ഇടപെട്ട രീതിയും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെടേണ്ടതില്ല. അതേ സമയം ആത്മാര്‍ത്ഥത മാത്രംകൊണ്ടു് കാര്യവുമില്ല. ഒരു ചെറിയ ഫാക്‍ച്വല്‍ എറര്‍ മതി, ആത്മാര്‍ത്ഥത പോലും ചോദ്യം ചെയ്യപ്പെടാന്‍.

ബിനോയ്//HariNav said...

ഒള്ളത് തന്നെ അന്തോണിച്ചാ? കൃഷി ആപ്പീസറടെ മൊട്ടേല് നെറച്ചും പുഴുക്കള് തന്നെ?

പാത്തുമ്മയുടെ നായര്‍ said...

പുഴുവരിച്ച വാര്‍ത്ത എന്നു കണ്ടപ്പോള്‍ എവിടെയൊ പുഴു കല്യാണം കഴിച്ചു എന്ന് വിശാരിച്ച് വന്നതാ. ....

N.J ജോജൂ said...

"അഞ്ഞൂറു മുതല്‍ എഴുന്നൂറു രൂപ വരെ എന്നു പറഞ്ഞാല്‍ ശരാശരി വച്ചു ഗുണിക്കുന്നത് അല്ലേ ന്യായം, എഴുന്നൂറു കൊണ്ടല്ലോ?"

അല്ല ആന്റണി,

മരുന്നിനുള്ള കാശുകൊടുത്താല്‍ മരുന്നു വന്നു പാടത്ത് അടിഞ്ഞോളുമോ?