Saturday, November 21, 2009

ഗണ്‍ഗ്ലൂഷന്‍

വേറൊരു സംഗതി യൂട്യൂബില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതാണ്‌ ഈ ഉരുപ്പടി. ഗംഭീരന്‍ അവതരണം.

തുടക്കം ശ്രദ്ധിക്കൂ...


ദൈവീകശക്തിക്കൊപ്പം പൈശാചിക ശക്തിയുമുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അത്തരം ഒരു ഗ്രാമമാണ്‌ കല്ലറയ്ക്കടുത്തുള്ള പ്രേതഗ്രാമം , കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകളും ദുരൂഹമരണങ്ങളും ഇവിടെയാണ്‌, സുമതി എന്നൊരു പ്രേതം ഉണ്ട് ഇവിടെ, അതുകാരണം ഇവിടെ ജനവാസമില്ല, പകല്‍ പോലും ആളുകള്‍ കൂട്ടം ചേര്‍ന്നേ സഞ്ചരിക്കൂ... തുടര്‍ന്ന് ഒരു വൃദ്ധനെക്കൊണ്ട് അമ്പതുവര്‍ഷം മുന്നേ സുമതി എന്ന സ്ത്രീയെ ഇവിടെ കൊന്ന കഥ പറയിക്കുന്നു... ആ പ്രായമായ മനുഷ്യന്‍ സുമതിയുടെ ആത്മാവ് ഇവിടെ യക്ഷിയായിട്ട് ആളുകളെ ശല്യം ചെയ്യുന്നു എന്നൊരു "കെട്ടുകഥ" ഇവിടങ്ങളില്‍ പ്രചരിക്കുന്നു എന്ന് നിര്‍ത്തുന്നത് പ്രത്യേകം ശ്രദ്ധിക്കുക.


തുടര്‍ന്ന് വെള്ളക്കുപ്പായം ഇട്ട ഒരുത്തന്‍ ഈ കാട്ടിലൂടെ നടക്കുന്നു. ലിസ ബേബിയുടെ പടത്തിലെ സീന്‍ അനുകരിച്ച്. ശബ്ദമൊക്കെ വിറപ്പിച്ച് റിപ്പോര്‍ട്ടര്‍ പറയുന്നു "രാത്രിയുടെ ഏതോ യാമങ്ങളില്‍ സുമതി ഇറങ്ങുന്നു..." ഇവിടത്തുകാര്‍ സുമതിയുടെ നിലവിളി കേള്‍ക്കുമത്രേ, ആളനക്കം ഉണ്ടായാല്‍ സുമതി കാട്ടിനുള്ളിലേക്ക് ഓടിക്കളയും പോലും.

തുടര്‍ന്ന് ഒരു ചെറുപ്പക്കാരനെ ഇന്റര്വ്യൂ ചെയ്യുന്നു. ഈ സ്ഥലത്തു വരുമ്പോള്‍ ഒരു ഭയം തോന്നാറുണ്ട്, പലരും സുമതിയെ യക്ഷിയായി കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു, പക്ഷേ അങ്ങനെ ആരെയും എനിക്കു വ്യക്തിപരമായി പരിചയമില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തുടര്‍ന്ന് സുമതിയെ അവരുടെ കാമുകന്‍ കൊല്ലുന്ന രംഗം അഭിനയിപ്പിച്ചു കാട്ടുന്നു.

ഇവിടെ ഇട്ടിട്ടില്ലാത രണ്ടാം ഭാഗം മുഴുവന്‍ ആളുകള്‍ ഗര്‍ഭിണിയായ സുമതിയെ രത്നാകരന്‍ കൊന്ന കഥയും ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള ഭയത്തെക്കുറിച്ചും ആ ഭയം മുതലെടുത്ത് സാമൂഹ്യവിരുദ്ധര്‍ ഇവിടെ അനാശ്യാസ്യ പ്രവര്‍ത്തികള്‍ നടത്തുന്നതും പറയുന്നു. സുമതിയെ ആണിയടിച്ച മരവും കാണിക്കുന്നു, പലരുടെയും വാഹനങ്ങള്‍ തടഞ്ഞ് സുമതി ശല്യം ചെയ്തെന്ന് പറയുന്ന റിപ്പോര്‍ട്ടര്‍ സുമതിയെ വ്യക്തിപരമായി അറിയുന്ന ഒരു വൃദ്ധനോട് കാര്യങ്ങള്‍ തിരക്കുന്നു.

ഏറ്റവും രസകരം ഈ വൃദ്ധനോട് സുമതിയുടെ പ്രേതം ഇവിടെ ഉണ്ടോ എന്നു ചോദിക്കുന്ന രംഗമാണ്‌.
" അത് ചുമ്മ, വെറുതേ പറയണത്. ആളുകളെ പറ്റിക്കാന്‍ മോട്ടിക്കാനും പിടിച്ചു പറിക്കാനും ഉണ്ടാക്കി വിട്ട കഥ, ഞാന്‍ അതിലേ ഒറ്റയ്ക്ക് സ്ഥിരം പോണതല്ലീ."

റിപ്പോര്‍ട്ടര്‍ കുഴഞ്ഞു
"അവിടെ സുമതിയുടെ പ്രേതം ഇല്ലെന്നാണോ?"
"പ്രേതമൊന്നുമില്ല, ചത്താ പിന്നെ എന്തരാ ഒള്ളത്!"തുടര്‍ന്ന് വഴിയേ പോകുന്ന ഒരു കൂലിപ്പണിക്കാരനോട് സുമതിയെപ്പറ്റി തിരക്കുന്നു. ആ മനുഷ്യന്‍ സുമതി എന്ന ഭയത്തെയുഉം നഗരപ്രാന്തത്തിലെ വിജനസ്ഥലം എന്ന നിലയ്ക്കും ഇവിടെ സാമൂഹ്യവിരുദ്ധര്‍ പെണ്‍കുട്ടിക്കളെ പീഡിപ്പിക്കുകയും അനാശാസ്യ പ്രവര്‍ത്തിക്കു മറയായി ഈ കഥ ഉപയോഗിക്കുന്നെന്നും പറയുന്നു. തുടര്‍ന്ന് ഒരു അമ്പലം കാണിക്കുന്നു. സുമതി അടങ്ങിയിരിക്കുന്നത് ഈ സ്ഥലത്ത് ദൈവീകശക്തി ഉള്ളതുകൊണ്ടാണെന്ന് അനുമാനം.

ഒടുക്കം പോലീസിനു സുമതിയെ പേടിയായിട്ടാണോ എന്ന ചോദ്യവുമായി റിപ്പോര്‍ട്ടര്‍ പാങ്ങോട് എസ് ഐയുടെ അടുത്തെത്തുന്നു. ഇദ്ദേഹം ക്യാമറയ്ക്കു മുന്നില്‍ ചിരിക്കാതിരിക്കാന്‍ കുറേ നേരം പണിപ്പെട്ടെങ്കിലും മുഖത്തെ "ഇതേതു മുഴുവട്ടനാ പ്രേതത്തെ പിടിക്കാന്‍ നടക്കുന്നത്" എന്ന ഭാവം പോയില്ല.

മൂപ്പര്‍ പറയുന്നതിന്റെ രത്നച്ചുരുക്കം. ഈ സ്ഥലം വിജനമായതില്‍ അസ്വാഭാവികതയൊന്നുമില്ല, അത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏരിയയാണ്‌, വീടുകള്‍ കെട്ടാന്‍ കഴിയുന്ന ഇടമല്ല. ഈ സ്ഥലത്തെ ആളുകള്‍ക്ക് വ്യക്തമായി അറിയാം പ്രേതവും യക്ഷിയും ഒന്നുമില്ലെന്ന്. പിന്നെ ദുരൂഹ മരണങ്ങളൊന്നുമില്ല, ചില ആത്മഹത്യകളും മറ്റും എല്ലാ നാട്ടിലേയും പോലെ ഇവിടെയും ഉണ്ട്. പോലീസ് പട്രോളിങ്ങ് നടക്കുന്നുണ്ട്.

ഇടയ്ക്ക് അസഹ്യത തോന്നിയ ഇന്‍സ്പെക്റ്റര്‍ "സുമതിയുടെ പ്രേതം കണ്ടു എന്ന് ആരും ഇതുവരെ ഇവിടെ പരാതിപ്പെട്ടിട്ടില്ല" എന്നു പറഞ്ഞ് ഇന്റര്വ്യൂ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും രസകരം.

കണ്‍ക്ലൂഷന്‍ എന്തായിരിക്കും ഈ ഇന്‍‌വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ എന്ന് ഒന്നു ഊഹിക്കാമോ?


"കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്ന സ്ഥലമാണ്‌ "സുമതി ഗ്രാമം" ഈ മരണങ്ങള്‍ സുമതിയുടെ സാന്നിധ്യത്തിന്റെ അടയാളമാണ്‌.... രാത്രിയുടെ നിഴലായി സുമതി ഇവിടെ വിഹരിക്കുമ്പോള്‍ ആ മറ പലരും കൃത്യനിര്‍‌വഹണത്തിനായി ഉപയോഗിക്കുന്നു... നിയമപാലകര്‍ സുമതിയെ ശല്യപ്പെടുത്താറില്ല... എന്തായാലും ഇവിടെ ഒരു കറുത്ത ശക്തിയുണ്ട്... ആ യാഥാര്‍ത്ഥ്യത്തെ പുറത്തുകൊണ്ടുവേരണ്ട ചുമതല നിയമപാലകര്‍ക്കുണ്ട്, ഒപ്പം നമുക്കും...


അതാണു മാദ്യമ ധര്‍മ്മം.
പ്രേതത്തെ പിടിക്കാനായി അലഞ്ഞു. വയസ്സന്മാരോട് തിരക്കി, അവര്‍ കാറിത്തുപ്പി വിട്ടു. ചെറുപ്പക്കാരോട് ചോദിച്ചു, അവര്‍ കളിയാക്കി വിട്ടു. നാട്ടുകാരോടൊക്കെ തിരക്കി ആര്‍ക്കും പ്രേതത്തെ അറിയില്ല. പോലീസുകാരനും അറിയില്ല- ഗണ്‍ഗ്ലൂഷന്‍, ഇവിടെ ഒരു വലിയ പ്രേതമൊണ്ട്. വലുതെന്നു പറഞ്ഞാ ഒരു സൂപ്പര്‍ടാങ്കറിന്റെ അത്രേം വരും.

11 comments:

ഗുപ്തന്‍ said...

തകര്‍പ്പന്‍ ഗണ്‍ഗ്ലൂഷന്‍ തന്നെ.

പ്രമുഖപത്രങ്ങളുടെ ഒക്കെ ഓണ്‍‌ലൈന്‍ എഡിഷനുകളില്‍ ജ്യോതിഷവുമായി ബന്ധപ്പെട്ടുവരുന്ന പ്രചാരണ പരിപാടികളും നാള്‍ക്കുനാള്‍ തരം താഴുകയാണ്.

മനോരമയില്‍ കഴിഞ്ഞദിവസം കണ്ടൊരു വിശേഷ ആത്മീയ ഉപദേശം. ശത്രുസംഹാരപൂജനടത്തുമ്പോള്‍ ‘എന്റെ ശത്രുക്കളില്‍ എന്റെ സഹോദരന്മാരൊഴിച്ച് മറ്റുള്ളവരെ ഒതുക്കിത്തരണേ’ എന്നു പ്രാര്‍ത്ഥിച്ചാല്‍ സഹോദരങ്ങളെ ഒഴിവാക്കുന്നതുകൊണ്ട് ശ്രദ്ധപലവിധത്തിലാവുകയും ഫലസിദ്ധികുറയുകയും ചെയ്യുമത്രേ. അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന്. (ഇപ്പോള്‍ നോക്കിയിട്ടുകിട്ടുന്നില്ല. ആരെങ്കിലും തന്തക്കുവിളിച്ചു കത്തെഴുതിക്കാണും). ഭയം വിറ്റ് പണമുണ്ടാക്കിയിരുന്നത് മുന്‍പ് മതങ്ങളായിരുന്നു. ഇപ്പോള്‍ അത് മാധ്യമ എരപ്പാളികളായിരിക്കുന്നു.

ബൈദവേ ജീവന്‍ ടീവി ഇപ്പോഴും കത്തോലിക്കാസഭതന്നേ നടത്തുന്നത് ?

പാമരന്‍ said...

ha ha!

karamban said...

@ഗുപ്തന്‍
അത് സഭയുടേ കയ്യില്‍നിന്ന് ജോയ് ആലൂക്കാ മേടിച്ചിരുന്നു. ഇപ്പൊ ആരുടെ കയ്യിലാണോ?

cALviN::കാല്‍‌വിന്‍ said...

ശെഡാ.. സുമതിയെ ശല്യപ്പെടുത്താൻ നിയമപാലകർ എത്തറില്ലെന്ന് പരക്കേ ആക്ഷേപം ഉണ്ടാവാ‍ാൻ പോലീസിനു പ്രേതത്തെ പിടിക്കലാണോ പണി.

ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ വിളിച്ച് ഒരു ഉച്ചാടനവും ആവാഹനവും നടത്തിയാൽ പോരേ?

ലത said...

ഒരാന്റണിയുണ്ടെങ്കില്‍ ഒരു ബ്രൂട്ടസും ഉണ്ടാവണം. സാത്താനില്ലെങ്കില്‍ പിന്നെന്തു സഭ? ഉടമസ്തത എവിടെയാണെങ്കിലും പ്രേക്ഷകരിലധികവും സത്യവിശ്വാസികളായ ഒരു ചാനലിനെ സംബന്ധിച്ചിടത്തോളം സ്വന്തം നിലനില്പും പ്രേതങ്ങളുടെ നിലനില്പും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കോണ്‍‌ഗ്രസ്സിലെ ഗ്രൂപ്പുകളിയെപ്പറ്റി കൈരളി വാര്‍ത്തകൊടുക്കുന്നതുപോലെ ഒരു പിടിച്ചുനില്‍ക്കല്‍ തന്ത്രം.....

ജയരാജന്‍ said...

ഹ ഹ ഹ!!! :)

ഹാഫ് കള്ളന്‍ said...
This comment has been removed by the author.
ഹാഫ് കള്ളന്‍ said...

ഇത് സുമതി അല്ല .. രാത്രിയുടെ ഏഴാം യാമത്തില്‍ നാഗവല്ലി സുമതി ആയി മാറുന്നതാ . അപ്പോള്‍ അവള്‍ക്കു ആ വഴി വരുന്ന വണ്ടികളുടെ സ്പീഡ് അറിയാം .. മോഡല്‍ അറിയാം .. ആരാ ഡ്രൈവ് ചെയ്യുന്നേ എന്നത് പോലും അറിയാം .. !!! അനോണി ആയിട്ടൊന്നും കാര്യല്ല .. ചേട്ടന്റെ കാര്യം പോക്കാ ! ലവള്‍ ഐ പി വെച്ച് ആളെ പോക്കും

Amarghosh | വടക്കൂടന്‍ said...

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവര്‍ ഗ്രാമത്തിലേക്ക് തിരിക്കുമ്പോഴുള്ള സിബിഐ മ്യൂസിക് ആണ്..

മമ്മൂട്ടി ഇപ്പവരും ഇപ്പവരും എന്ന് പ്രതീക്ഷിച്ച് പോയി ഞാന്‍

ശ്രീവല്ലഭന്‍. said...

പ്യാടിപ്പിച്ചു കളഞ്ഞല്ലോ.

Arundas vatakara said...

est kanna best...

ee sthalathinte address thanne oru nyt poyalo....