Thursday, June 4, 2009

ഏ എഫ് 447

എയര്‍ ഫ്രാന്‍സ് 447ന്റെ പതനം വ്യോമയാന ചരിത്രത്തിലെ ഏറ്റവും അധികം ആളപായമുണ്ടാക്കിയ അപകടങ്ങളിലൊന്നാണ്‌. മരിച്ചുപോയ യാത്രികര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്ജലികള്‍.

എന്തെങ്കിലും ഒരു സംഭവം നടന്നാല്‍ ഉടന്‍ അതിന്റെ കാരണം കണ്ടുപിടിച്ചെന്ന മട്ടില്‍ വിദഗ്ദ്ധര്‍ പ്രത്യക്ഷപ്പെടാറുണ്ട്, ഇത്തവണയും ഊഹാപോഹ വിദഗ്ദ്ധര്‍ ടെലിവിഷനില്‍ കയറി വായില്‍ തോന്നിയതു മുഴുവന്‍ വിളിച്ചു പറഞ്ഞിട്ടു പോയി.

ഒരു വൃദ്ധന്‍ എത്തി വിമാനത്തിനു മിന്നല്‍ ഏറ്റതാവാം എന്ന് അങ്ങ് ഊഹിച്ചു. ഇദ്ദേഹം മുന്‍‌പൈലറ്റ് അത്രേ. വളരെ സാധാരമാണ്‌ വിമാനങ്ങളെ ഇടി വെട്ടുന്നതെന്നും സാധാരണ മിന്നലില്ലാത്ത അവസ്ഥയില്‍ പോലും ആകാശത്തു പറക്കുന്ന വിമാനമെന്ന ലോഹനിര്‍മ്മിതയാനപാത്രം ചാര്‍ജ്ജ് ആയി നില്‍ക്കുന്നതിനാല്‍ അതു പറക്കുന്നതുമൂലം ഒരു മിന്നല്‍ ഉണ്ടായി അതിനേല്‍ക്കാറുണ്ട് എന്ന് പൈലറ്റുമാര്‍ക്കല്ല, വ്യോമയാനത്തില്‍ താല്പ്പര്യമില്ലാത്ത സാധാരണക്കാര്‍ക്കു പോലുമറിയാം അതുകൊണ്ട് ഒന്നും സംഭവിക്കാറില്ലെന്ന്.

പിറകേ വന്ന കുളിയാണ്ടര്‍ അതങ്ങോട്ട് വ്യാഖ്യാനിച്ചു ശരിയാക്കി. അതായത് രമണാ, ഈ ഇടി വെട്ടിയപ്പോ ഡിജി ഫ്ലൈ ബൈ വയര്‍ തകരാറിലായെന്നായിരിക്കും അങ്ങോരു ഉദ്ദേശിച്ചത്.

ആയെങ്കില്‍? ആള്‍ട്ടര്‍നേറ്റ് സിസ്റ്റത്തിലേക്ക് പോകും. പോയി എന്നാണ്‌ അവസാനം ലഭിച്ച ഇന്‍ഫോ.

ഏറ്റവും വലിയ സങ്കടം പറയുന്ന ഇവര്‍ക്കു തന്നെ വ്യക്തമായി അറിയാം ഇതെല്ലാം വെറും ഊഹാപോഹങ്ങളും അടിസ്ഥാനമില്ലാത്ത നിഗമനങ്ങളും ആണെന്നാണ്‌. ജനത്തിനു എന്തെങ്കിലും കേട്ടേ മതിയാവൂ. എന്നാല്‍ പിന്നെ കളസവും കോട്ടും ഇട്ടു വന്ന് അറിഞ്ഞുകൊണ്ട് എന്തെങ്കിലും പറഞ്ഞു പോകാം എന്നാണോ?


ഭീകരാക്രമണം ആയിരിക്കുമോ?
സാദ്ധ്യത ഇല്ലാതെയില്ല. അടുത്ത സമയത്ത് ഒരു ബോംബ് ഭീഷണി എയര്‍ ഫ്രാന്‍സിനു ഉണ്ടായിരുന്നു. എന്നാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം ഇന്ധനവും കടലില്‍ കണ്ടെത്തിയതിനാല്‍ ഒരു വന്‍‌കിട പൊട്ടിത്തെറി ഉണ്ടായതാവാന്‍ സാദ്ധ്യത കുറവാണ്‌. ഒരു ചെറിയ പൊട്ടിത്തെറി മൂലം എവിടെയെങ്കിലും തുളവീണതാവുമോ? അറിയില്ല.

അവസാനം കിട്ടിയ മനുഷ്യ സന്ദേശം കൊടുങ്കാറ്റിനെക്കുറിച്ചായിരുന്നു. സാധാരണ കൊടുങ്കാറ്റ് വിമാനങ്ങള്‍ തിരിച്ചറിയും. ഒന്നുകില്‍ അതുനു വഴിയൊഴിഞ്ഞോ അല്ലെങ്കില്‍ അതിനു മുകളില്‍ പറന്നു കയറിയോ പോകാറുണ്ടെങ്കിലും ഒരു കൊടുങ്കാറ്റിനുള്ളില്‍ അതു കയറിയെങ്കില്‍ ഒരു മുന്നറിയിപ്പിനുള്ള സമയം പോലും കിട്ടാതെ ഒരു നിമിഷം കൊണ്ട് തകരാന്‍ സാദ്ധ്യത കുറവാണ്‌. പൈലറ്റ് എറര്‍? മെറ്റല്‍ ഫറ്റീജ്? കൃത്യമായി അറിയില്ല ഇപ്പോഴും, അന്വേഷണം തുടങ്ങുന്നതേയുള്ളു.

ഇപ്പോള്‍ അറിയുന്നത് ഒന്നു മാത്രം- അനിയത്രിതമായ മര്‍ദ്ദനഷ്ടം. മുപ്പത്തയ്യായിരം അടി ഉയരത്തിലായിരുന്നു ഏ ഫ് 447 ന്റെ ക്യാബിന്‍ പ്രഷര്‍ നഷ്ടപ്പെടുമ്പോള്‍. അത്രയും ഉയരത്തില്‍ ക്യാബനില്‍ മര്‍ദ്ദനഷ്ടം ഉണ്ടായാല്‍ ഏതാണ്ട് മുപ്പതു സെക്കന്‍ഡ് ആണ്‌ എന്തെങ്കിലും പ്രതികരിക്കാന്‍ മാത്രം ബോധം നിലനില്‍ക്കുന്ന ശരാശരി സമയം (Time of Useful Consciousness) ഉറങ്ങുകയായിരുന്നവര്‍ ഉറക്കത്തില്‍ തന്നെ ഒന്നുമറിയാതെ പോയിട്ടുണ്ടാവണം. പെട്ടെന്ന് പ്രതികരിച്ചവര്‍ ഓക്സിജന്‍ മാസ്ക് ധരിച്ചിട്ടുണ്ടാവണം, ആ ഹതഭാഗ്യവാന്മാര്‍ വെര്‍ട്ടിക്കല്‍ ഡിസന്‍ഡിന്റെ പ്രാണവേദനയും ശരീരത്തില്‍ തറച്ചു കയറുന്ന വസ്തുക്കല് നല്‍കുന്ന ക്ഷതവും ഒക്കെ സഹിച്ച് കുറച്ചു നിമിഷങ്ങള്‍ കൂടി ജീവിച്ചിട്ടുണ്ടാവണം. ഒടുക്കം അവരും പോയി. ഒരു കുഞ്ഞ്, ആറു കുട്ടികള്‍.

സങ്കടപ്പെടുന്നു.

ബസ്സ് മറിഞ്ഞും സിവില്‍ വാറിലും കൊല്ലപ്പെട്ടവരെക്കുറിച്ച് ഇത്രയും സങ്കടപ്പെടുമോ എന്നൊരാള്‍ ചോദിക്കുന്നത് കേള്‍ക്കാം. ആരു മരിച്ചാലും സങ്കടമാണ്‌, പിന്നെ അറിയില്ല, എനിക്കു വിമാനങ്ങളെ ഇഷ്ടമായതുകൊണ്ടാവും ഇതിനെക്കുറിച്ച് ഇത്രയും വിഷമിക്കുന്നത്.

11 comments:

Muneer said...

മരിച്ചുപോയ യാത്രികര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്ജലികള്‍.
പിന്നെ, എല്ലാവരും ആഘോഷിച്ചത്, വിമാനത്തിനു മിന്നലേറ്റതാണ് എന്നാണ്. ആദ്യം ഉണ്ടായ സംശയം "Faraday's cage effect" പ്രകാരം, വിമാനത്തിനു മിന്നലേറ്റാല്‍ അകത്തു ഒന്നും സംഭവിക്കില്ലല്ല്ലോ എന്നായിരുന്നു. അന്നത്തെ "വിദഗ്ദ്ധന്മാര്‍" ഇതിനെ കുറിച്ച് ഒന്നും പറയുന്നത് കേട്ടില്ല. കാര്യമായി അപഗ്രഥിക്കാതെ, ജനങ്ങളുടെ ചെവിയിലേക്ക് വല്ലതും കുത്തിതിരുകുക എന്നാ ഉദ്ദേശം മാത്രമേ ഇവന്മാര്‍ക്കുള്ളൂ എന്ന് തോന്നിപ്പോയി.
Faraday's cage effect ഇവിടെ(english)

കലേഷ് കുമാര്‍ said...

വെര്‍ട്ടിക്കല്‍ഡിസന്റ് - ഭീകരം...

അരവിന്ദ് :: aravind said...

രണ്ട് മൂന്ന് ദിവസമായി എനിക്കും ഭയങ്കര സങ്കടമാണ്.
പ്രത്യേകിച്ച് കുഞ്ഞ്/കുട്ടികളേം കൊണ്ട് പോയവരെ ഓര്‍ത്ത്. എന്ത് ചെയ്യും? ചത്തോട്ടെ ഇവനെയെങ്കിലും രക്ഷിക്കാം എന്ന് വിചാരിച്ച് കെട്ടിപ്പിടിച്ചിരുന്ന് കാണുമോ? വെള്ളത്തില്‍ വീണതറിഞ്ഞു കാണുമോ?
ആരും ഒന്നുമറിയാതെ നിമിഷം കൊണ്ട് ഒരു പൊട്ടിത്തെറി ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ശരിക്കും.

കേട്ടത് വെച്ച് എയര്‍ ഫ്രാന്‍സ് ആണ് ലോകത്തിലെ ഏറ്റവും നന്നായി മെയിന്റെയിന്‍ ചെയ്യപ്പെടുന്ന കാരിയര്‍. എയര്‍ബസ്സിന്റെ പ്രസ്റ്റീജ് ക്ലൈന്റും ആണ്. പിന്നെ മനുഷ്യന്റെ കാര്യമല്ലല്ലോ..വയറും മെഷീനറിയും കമ്പ്യൂട്ടറുമല്ലേ..പിന്നിലിരിക്കുന്ന കുഞ്ഞു കുട്ടി പരാധീനക്കാരെ നോക്കി "ഓ അകത്ത് ആളുണ്ട്, ഇവരെല്ലാം ഇറങ്ങിക്കഴിഞ്ഞ് കേടാകാം" എന്ന് വിചാരിക്കാന്‍ പറ്റില്ലല്ലോ.
ഒരു ഫ്രീക്ക് ലൈറ്റനിംഗ്, അല്ലെങ്കില്‍ അതു പോലെയെന്തെങ്കിലും ആയിരിക്കും.
ബോംബാണെന്ന് കരുതുന്നില്ല. ആരാന്‍ അപ്പിയിട്ടത് പോലും സ്വന്തമാണെന്ന് പറയാന്‍ മടിയില്ലാത്ത ഭീകര സംഘടനകള്‍ ആരും തന്നെ പബ്ലീസിറ്റി വാല്യുവിന് പോലും ഇത് ഞങ്ങടെ പണിയാണ് എന്ന് പറഞ്ഞ് മുന്നിട്ട് വന്നിട്ടില്ലല്ലോ.

മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍. എന്നിട്ടുണ്ടോ എയര്‍ പൊര്‍ട്ടില്‍ തിരക്കിനു വല്ല കുറവും. മനുഷ്യരുടെ ഒരു കാര്യം.

അരവിന്ദ് :: aravind said...

അച്ചായന്‍ പറഞ്ഞത് പോലെ കുറെ കൂളിയാണ്ടേര്‍സ് എല്ലായിടത്തുമുണ്ട്.
-ഓ പണ്ട് ഞാനും ഇതു പോലെ ലൈറ്റനിംഗില്‍ പെട്ടതാണ്..
എന്നിട്ട് വിമാനം പൊട്ടിത്തെറീച്ചോ
-പൊട്ടിത്തെറിച്ചാല്‍ ഞാന്‍ ഇവിടെയിരിക്കുമോ കൂവേ
വിമാനം പൊട്ടിക്കാത്ത ഊത്ത ലൈറ്റനിംഗ് ആര്‍ക്ക് വേണം ഊവ്വേ

വിമാനം ലൈറ്റനിംഗില്‍ പെട്ടാല്‍ എന്ത് ചെയ്യണം (ഹഹഹ) എന്നതിനെക്കുറീച്ചും ചര്‍ച്ചയുണ്ട്.

പിന്നെ പണ്ട് പണ്ട് വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ച് ഈ സന്ദര്‍ഭങ്ങളില്‍ എന്തായിരിക്കും ഫീല്‍ ചെയ്യുക എന്നതിനെ കുറിച്ച് ഡിസ്കഷനുമുണ്ട്. പത്രക്കാരുടെ "നിര്‍ഭാഗ്യവശാല്‍" ഇവിടെ നിന്ന് ആരും (ഒരാളുണ്ട്, പക്ഷേ അയാള്‍ ബ്രസീലിലേക്ക് കുടിയേറിയിരുന്നു) അതിലില്ലാതെ പോയി.

എന്ത് പറയാന്‍!

ഓഫ്: ഫറ്റീഗ് ആണോ ഫറ്റീജ് ആണോ??

jamal said...

മരിച്ചുപോയ യാത്രികര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്ജലികള്‍

Haree | ഹരീ said...

വിക്കിയിലെ ലേഖനം ഇവിടെ. വിവിധ സിസ്റ്റങ്ങള്‍ തകരാറിലായതായി വിവരം ACARS വഴി ലഭിച്ചു എന്നവിടെ പറയുന്നു. മറ്റൊരു എയര്‍ലൈനിലെ ചില യാത്രക്കാര്‍ അപകടം നടന്നയിടത്ത് ചിലതെല്ലാം കാണുകയും ചെയ്തുവെന്ന്.

എന്തായാലും അവിടെയും പറയുന്നത്: “The cause of the crash remains unknown.” എന്നുതന്നെ.
--

cALviN::കാല്‍‌വിന്‍ said...

latest news....

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5558948&tabId=11&contentType=EDITORIAL&BV_ID=@@@

കണ്ടെത്തിയ അവശിഷ്ടങ്ങൾ എയർ ഫ്രാൻസിന്റെ ആയിരുന്നില്ല.

സോ ദുരൂഹത കൂടുകയാണ്...

അനില്‍ശ്രീ... said...

"Miracles Still Happen" ..
പ്രീഡിഗ്രി പഠന കാലത്ത് കണ്ട ഒരു സിനിമയാണ് 1974-ല്‍ പുറത്തിറങ്ങിയ "Miracles Still Happen" .. ഒരു പ്ലെയിന്‍ ക്രാഷില്‍ ആമസോണ്‍ കാടുകളില്‍ വീണുപോവുകയും അവിടെ നിന്നും രക്ഷപെട്ട് പുറത്തു വരുകയും ചെയ്ത ഒരു പെണ്‍കുട്ടിയുടെ കഥ. അന്തോണിച്ചന്‍ വിവരിച്ച ആ വെര്‍ട്ടിക്കല്‍ ഡിസന്റിനെ ഒക്കെ അതിജീവിച്ച് ആ പെണ്‍കുട്ടി മരിക്കാതെ കസേരയോടൊപ്പം കാട്ടില്‍ വീഴുകയും പുറത്തു വരികയും ചെയ്തപോലെ ഇവിറ്റെ സംഭവിക്കും എന്നൊന്നും വിശ്വാസമില്ല, എങ്കിലും വിമാനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴെല്ലാം "Miracles Still Happen" എന്റെ മന‍സ്സില്‍ വരും. ആരെങ്കിലും ഒക്കെ അങ്ങനെ ജീതിതത്തിലേക്ക് തിരികെ വരട്ടെ എന്ന പ്രത്യാശയോടെ...

hAnLLaLaTh said...

...മൃഗമായാലും മനുഷ്യനായാലും മരണം വേദന തരുന്നു..
അവര്‍ക്ക് ആദരാഞ്ജലികള്‍..

അനോണി ആന്റണി said...

എല്ലാവര്‍ക്കും നന്ദി.

മുനീര്‍
ഫാരഡേ'സ് കേഗ് എഫക്റ്റ് വിമാനത്തിന്റെ ഉള്‍വശം കാത്തോളും . ഹള്‍ കാക്കാന്‍ ഒരു മിന്നല്‍ പിടിയന്‍ വിമാനത്തിനുണ്ട്. അത് ഏതെങ്കിലും വശത്ത് മിന്നല്‍ പിടിച്ച് മറ്റേയറ്റം വഴി പുറത്തു വിട്ടോളും.

അരവീ,
എന്റെ പരിമിതമായ അറിവില്‍ വ്യോമയാനത്തിന്റെ ചരിത്രത്തില്‍ ഒരിക്കലേ വിമാനം ഇടിവെട്ടി നശിച്ചിട്ടുള്ളു, ആ കാലമാകട്ടെ, വിമാനം സോഫിസ്റ്റിക്കേറ്റഡ് യന്ത്രമായി പരിണമിച്ചിട്ടുമില്ല.

ആള്‍റ്റിട്ട്യൂഡ് കൂടുന്നതനുസരിച്ച് പ്രഷര്‍ ലോസില്‍ ഉപയോഗപ്രദബോധം മറയുന്ന സമയവും കുറയും. മുപ്പത്തയ്യായിരം അടി ഉയരത്തില്‍ വച്ചാണ്‌ പ്രഷര്‍ പോയത് ഇതിന്റെ. ഏതാണ്ട് മുപ്പത് സെക്കന്‍ഡ്- പിന്നെ ഒന്നും ആരും അറിഞ്ഞിട്ടുണ്ടാവില്ല (അതിശ്രീഘ്രം പ്രവര്‍ത്തിച്ച് ഓക്സിജന്‍ മാസ്കിട്ട അപൂര്‍‌വം ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ മാത്രം കുറച്ചു മിനുട്ടുകള്‍ കൂടി ജീവിച്ചിട്ടുണ്ടാവണം, നരകയാതന അനുഭവിച്ച് ഒടുക്കം പോയിട്ടുമുണ്ടാവണം)

ഫറ്റീഗ് ആണ്‌- അതു ഫ്രെഞ്ച് വാക്കല്ലേ ഗ് ആണ്‌ ജ് അല്ല. നന്ദി.

ഹരീ, അതേ. കാരണം സ്ഥിതീകരിച്ചിട്ടില്ല. പക്ഷേ ടീവീ വിദഗ്ദ്ധര്‍ എല്ലാം അറിയുന്നവരല്ലേ.

അനില്‍ശ്രീ,
മിറക്കിള്‍സ്.. ആര്‍ക്കറിയാം, ഉണ്ടാവട്ടെ.

മഹിമ said...

അപകട കാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സംഭവം ദാരുണം തന്നെ! പലതും പറഞ്ഞു കേള്ക്കുന്നു. AP ( Auto Pilot ) Swicth on ചെയ്യാന് മറന്നതായിരിക്കാമെന്നും അനുമാനമുണ്ട്. അങ്ങനെയെങ്കില്, എ.പി ഓണ് ചെയ്തുവെന്ന നിഗമനത്തില്, പൈലറ്റ് എറര് സംഭവിക്കാനും സാധ്യതയുണ്ട്. സാധാരണ കാലാവസ്ത്ഥ വ്യതിയാനങ്ങള് കണ്ടെത്തുന്നതിന് വെതര് റഡാറുകള് വിമാനങ്ങളീല് ഉണ്ടായിരിക്കും. വിമാനത്തിന്റെ വേഗത സംബന്ധിച്ച് പല ഉപകരണങ്ങളൂം വ്യത്യസ്ഥമായ റിഡിംഗുകളാണ് നല്കുന്നത്. സ്റ്റാറ്റിക്ക് ഡിസ്ചാര്ജ്ജ് സംവിധാനത്തില് വന്ന തകരാറ് കാരണം, മിന്നലേറ്റതിനാല്, ഇലക്ട്രിക്കല് സിസ്റ്റം പ്രവര്ത്തന നിരതമല്ലാതായിട്ടുണ്ടാവാം. അതു കാരണം ക്യാബിനിലെ, പ്രസറൈസേഷന് സംവിധാനത്തിന് തകരാറ് സംഭവിച്ചതുമാവാം. ഏതായാലും ബ്ലാക് ബോക്സ് കട്ണുകിട്ടുന്നതുവരെ എല്ലാം ഊഹാപോഹങ്ങളായിരിക്കും. അതിനിടെ, നിലവിലെ Air Speed Indicator കള് മാറ്റി സ്ഥാപിക്കുവാന് അതിറ്റ്നെ നിര്മാതാക്കള് നിര്ദ്ദേശിച്ചിട്ടുണ്ടായിരുന്നുവെന്നും, എന്നാല് ഇത് replace ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും ഏറ്റവും അവസാനമായി പുറത്തു വന്നിരിക്കുന്നു. ഇതു സംബന്ന്ധിച്ച് അഭിപ്രായം പറയുന്നവരെല്ലാം അതാതു രംഗത്തെ വിദഗ്ധരായതിനാല് തന്നെ, അതൊന്നും പൂണ്ണമായി തള്ളിക്കളയാനും കഴിയില്ല.