Tuesday, June 30, 2009

കേരള വനിതകളും തൊഴില്‍ മേഖലയും

(ഇഞ്ചിപ്പെണ്ണ് ചോദിച്ച ചില വിവരങ്ങള്‍, കേരളപഠനം കയ്യില്‍ ഇരിക്കുന്നതുകൊണ്ട് അവശ്യ വിവരങ്ങള്‍ പോസ്റ്റ് ഇടുന്നു. മുന്‍ പോസ്റ്റിലെ ചര്‍ച്ചകള്‍ അവിടെ തുടര്‍ന്നോട്ടെ)

വിദ്യാഭ്യാസ നിലവാരം ശതമാനക്കണക്കില്‍ സ്ത്രീ, പുരുഷന്‍
നിരക്ഷരര്‍ 6.7%, 2.4%
ഹയര്‍ സെക്കന്‍ഡറി 11.4%, 10.5%
ബിരുദം 9.1%, 8.9%
പ്രൊഫഷണല്‍ 1.0%, 1.9%

വിദ്യാഭ്യാസ നിലവാരത്തില്‍ നിരക്ഷരത എന്ന താഴേയറ്റത്തും പ്രൊഫഷണല്‍ എന്ന മേലറ്റത്തും ഒഴികെ സ്ത്രീകളാണ്‌ മുന്നില്‍ നില്‍ക്കുന്നത്.

തൊഴില്‍ പങ്കാളിത്തം
എന്നാല്‍ തൊഴില്‍ രംഗത്ത് സ്ത്രീ പങ്കാളിത്തം 13.1% മാത്രമാണ്‌. സ്ത്രീ പുരുഷ അനുപാതം ഏറ്റവും മോശമായ സംസ്ഥാനമാണ്‌ കേരളം. ഏറ്റവും മികച്ചത് മിസോറാം (47.5%). മൊത്തത്തില്‍ ഇന്ത്യയുടെ ആവറേജ് 25.6%, അമേരിക്കന്‍ ഐക്യനാടുകള്‍ ഇംഗ്ലണ്ട് തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഇത് 65% അടുത്ത് വരും.

കേരളത്തില്‍ പതിനെട്ടിനും അറുപതിനും മധ്യേയുള്ളവരുടെ തൊഴില്‍ പങ്കാളിത്തം 19.5%

മേഖല തിരിച്ച് (18-60):
ദക്ഷിണ കേരളം- 22% , മധ്യ കേരളം 21% ഉത്തരകേരളം - 17%
ജാതി തിരിച്ച്
ഹിന്ദു - 25 മുസ്ലീം- 10% കൃസ്ത്യാനി 22 %

ജാതി തിരിച്ച് എന്തെങ്കിലും തൊഴിലുള്ള സ്ത്രീകളുടെ ശതമാനം
മുന്നോക്കജാതിയിലും പിന്നോക്ക ജാതിയിലും അഞ്ചിലൊരു സ്ത്രീയും പട്ടിക ജാതി പട്ടികവര്‍ഗ്ഗത്തില്‍ മൂന്നില്‍ ഒരു സ്ത്രീയും എന്നെങ്കിലും എന്തെങ്കിലും ജോലിയുള്ളവരാണ്‌. ബാക്കിയുള്ളവര്‍ വീട്ടമ്മമാരും.

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരില്‍ തൊഴിലിലെ സ്ത്രീ പുരുഷ അനുപാതം മെച്ചമാണ്‌. ഇതിനു കാരണം തോട്ടം, കൃഷി മേഖലകളില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്കുള്ള ഉയര്‍ന്ന പങ്കാളിത്തമാണ്‌.

സ്ത്രീ പങ്കാളിത്തം- ഉയര്‍ന്ന വരുമാനമുള്ള ചില മേഖലകളില്‍
ഡോക്റ്റര്‍ (ആധുനിക വൈദ്യം) 25%
കോളേജ് അദ്ധ്യാപനം- 17%
ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപനം- 39%
വ്യവസായ ഉടമ- 7%
എഞ്ചിനീയര്‍- 12%
സ്കൂള്‍ അദ്ധ്യാപനം - 70%
വക്കീല്‍- 31%
കമ്പ്യൂട്ടര്‍ മേഖല- 7%
മിലിട്ടറി ഓഫീസര്‍, പോലീസ് ഓഫീസര്‍ എന്നീ ജോലികളില്‍ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം പൂജ്യം ശതമാനമാണ്‌. (ഒരാള്‍ ഉണ്ടല്ലോ എന്നു പറയരുതേ, റൗണ്ട് ഓഫില്‍ തള്ളിപ്പോയതാണ്‌)

സ്കൂള്‍ അദ്ധ്യാപനത്തില്‍ മാത്രമാണ്‌ മികച്ച ശമ്പളമുള്ള ജോലികളില്‍ സ്ത്രീകള്‍ പുരുഷനെ മറികടക്കുന്നത്.

ഏറ്റവും താഴ്ന്ന വരുമാനമുള്ള ചില മേഖലകളിലെ സ്ത്രീ പങ്കാളിത്തം
അങ്കണവാടി ടീച്ചര്‍ - 100%
നഴ്സറി ഹെല്പ്പര്‍- 100%
വീട്ടുവേല- 97%
അലക്ക്- 67%
മതപ്രചാരണം- 13%
മറ്റ് ആരാധനാലയ ജോലികള്‍- 17%
തുന്നല്‍- 48%
പാരലല്‍ കോളേജ് അദ്ധ്യാപനം - 60%
മറ്റു നാനാവിധ അദ്ധ്യാപനങ്ങള്‍- 47%
ബസ് ക്ലീനര്‍, കൊല്ലപ്പണി എന്നീ താഴ്ന്ന വരുമാന മേഖലകളില്‍ സ്ത്രീ പങ്കാളിത്തം പൂജ്യം ശതമാനം.

അതായത് സ്ത്രീ പങ്കാളിത്തം കുറവാണെന്നു മാത്രമല്ല, സ്ത്രീ ജോലിക്കാരില്‍ ഏറിയ പങ്കും താഴ്ന്ന വരുമാനമുള്ള തൊഴിലാണ്‌ ചെയ്യുന്നത് (സ്കൂള്‍ അദ്ധ്യാപനം ഒഴികെ)

വേതനക്രമത്തില്‍ ഓഫീസ്, അദ്ധ്യാപന ജോലികളില്‍ സ്ത്രീ പുരുഷവത്യാസം ഒരേ ജോലി ചെയ്യുന്നവരുടെ വരുമാനത്തില്‍ ഇല്ല. മറ്റു തൊഴിലുകളില്‍ താഴെപ്പറയുന്നവ മാത്രമാണ്‌ സ്ത്രീക്ക് പുരുഷനെക്കാള്‍ വേതനം ലഭിക്കുന്നത്
കലാപ്രവര്‍ത്തനം
എഞ്ചിനീയര്‍
വക്കീല്‍

------------------------
സ്ത്രീകള്‍ക്ക് പ്രാതിനിദ്ധ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു സം‌വരണം അടക്കം സ്ത്രീ ശാക്തീകരണ(gender- empowerment ) നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്, തൊഴിലിലും ഭരണത്തിലും അടക്കം. തദ്ദേശസ്വയംഭരണത്തില്‍ ഇതെങ്ങനെ നടപ്പാക്കണം എന്നതുമുതല്‍ നിരവധി കാര്യങ്ങള്‍ ജോര്‍ജ്ജ് മാത്യൂ, എല്‍ സി ജെയിന്‍ എന്നിവര്‍ നിര്‍മ്മിച്ച ഡീസെണ്ട്രലൈസേഷന്‍ & ലോക്കന്‍ ഗവണ്മെന്റ് എന്ന പുസ്തകത്തില്‍ ഒരദ്ധ്യായമായി ഡോ. തോമസ് ഐസക്ക് എഴുതിയിട്ടുണ്ട്. തുടര്‍ന്ന് നടന്ന കുടുംബശ്രീ പദ്ധതി സ്ത്രീ ശാക്തീകരണത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടമാറയി

സ്ത്രീ പ്രാതിനിധ്യം കൂടുകയല്ല, വര്‍ഷാവര്‍ഷം കുറയുകയാണെന്ന് സ്വപ്ന മുഖോപാദ്ധ്യായയുടെ Enigma of Kerala Woman എന്ന പുസ്തകത്തില്‍ കാണുന്നു. സെന്‍സസ് ഡാറ്റയും ശേഷം വന്ന പരിഷത്ത് പഠനത്തിലുള്ള ഡാറ്റയും തമ്മിലെ വേരിയന്‍സും ഇതാണ്‌ കാണിക്കുന്നതും. സം‌വരണത്തിനുമപ്പുറം സാംസ്കാരിക വൈകല്യമകറ്റലാണ്‌ ശാശ്വത പരിഹാരം. സ്ത്രീ ജന്മ സാഫല്യം എന്നാല്‍ ഒരു കല്യാണമാണെന്നും പുരുഷന്റെ ജീവിത വിജയം പെണ്‍മക്കളെയെല്ലാം കെട്ടിച്ചു വിടാന്‍ കഴിയുന്നതാണെന്നും നമ്മള്‍ ഇന്നും വിശ്വസിക്കുന്നു. പ്രൊഡക്റ്റീവിറ്റി എന്നാല്‍ പൗരുഷമാണെന്നും കുടുംബവിജയം എന്നാല്‍ സ്ത്രൈണമാണെന്നും വിശ്വസിക്കുന്നു. "ഹോം‌ലി" "ഡൊമസ്റ്റിക്ക് എക്സ്പര്‍ട്ട്" "വീറ്റിഷ് കോമ്പ്ലക്ഷന്‍" ഗ്രൂമിനെ മാട്രിമോണി പരസ്യങ്ങളില്‍ കാണാനാവില്ലല്ലോ.( എന്തര്‌ ഇംഗ്ലീഷ്!)

ഇതിനെ ഒന്നും ജാതിസം‌വരണവുമായി ബന്ധപ്പെടുത്താവുന്നതല്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എല്ലാജാതിയിലെയും സ്ത്രീകള്‍ നേരിടുന്നു. ദരിദ്രര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദരിദ്രരിലെ എല്ലാവരും നേരിടുന്നു. എന്നാല്‍ ജാതിപ്രശ്നം അതത് ജാതിയില്‍ പെട്ടവര്‍ മാത്രം നേരിടുന്നു. മൂന്നും കൂട്ടിക്കുഴയ്ക്കാവുന്നതല്ലാത്തതുകൊണ്ട് ഈ വിവരക്കണക്കുകള്‍ മറ്റൊരു പോസ്റ്റ് ആക്കിയതാണ്‌.

3 comments:

ഗുപ്തന്‍ said...

വിവരങ്ങള്‍ക്ക് നന്ദി അന്തോണിച്ചാ..

ചിലകാര്യങ്ങളില്‍ ഡേറ്റയ്ക്ക് എന്താണ് ആധാരമാക്കുന്നത് എന്ന് സംശയമുണ്ട്. ഉദാഹരണത്തിന്

൧) കലാപ്രവര്‍ത്തനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ടോ? ചിലരംഗങ്ങളിലെ നെറ്റ് പേമെന്റില്‍ ശരിയാവാം. നൃത്തരംഗത്ത് പ്രൊഫെഷണല്‍സ് കൂടുതല്‍ സ്ത്രീകളായതുകൊണ്ട് സ്ത്രീകള്‍ക്ക് കൂടുതല്‍ തുക ലഭിക്കുന്നുണ്ടാവാം. പക്ഷെ അതേ രംഗത്തുള്ള ഒരു പുരുഷ കലാകാരനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പണം കൂടുതല്‍ ലഭിക്കുന്നത് പുരുഷനു തന്നെ ആണെന്നാണ് പരിചയം. സിനിമ, സംഗീതം, ഫോട്ടോഗ്രഫി മുതലായി പൂര്‍ണമായി കോമേഴ്സ്യലൈസ് ചെയ്യപ്പെട്ടുകഴിഞ്ഞവയിലും നൃത്തം വര മേക്കപ്പ് മുതലായവയിലും എല്ലാം അതു തന്നെ അല്ലേ അവസ്ഥ?

൨) മതപ്രചരണ രംഗം താഴ്ന്ന വരുമാന മേഖല ആണോ, റിയലി? ആണെങ്കില്‍ തന്നെ അവിടെ ആണ്‍ പെണ്‍ വ്യത്യാസം കാര്യമായി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. സന്യാസികളും അച്ചന്മാരും ഉപദേശിമാരും ഒക്കെ ഒരുവിധം നന്നായി വരുമാനം ഉണ്ടാക്കുമ്പോള്‍ (മിക്കപ്പോഴും), സന്യാസിനികളും കന്യാസ്തീമാരും സേവിനിമാരും ഒക്കെ സ്വന്തമായ നിലയില്‍ വളരെ താഴ്ന്ന വരുമാനം ഉള്ളവരാണ്.


സം‌വരണം എന്ന പ്രായോഗികനയത്തെക്കുറിച്ച് മുന്‍‌പോസ്റ്റിലെ കമന്റില്‍ പറഞ്ഞതു തന്നെയാണ് അഭിപ്രായം. ആവര്‍ത്തിക്കുന്നില്ല :)

ജിവി/JiVi said...

കണക്കുകള്‍ അദ്ഭുതപ്പെടുത്തി. സര്‍ക്കാര്‍ സര്‍വീസിലെ സ്ത്രീ പുരുഷ അനുപാതം പറഞ്ഞില്ലല്ലോ.

Alex George said...

"
മറ്റു തൊഴിലുകളില്‍ താഴെപ്പറയുന്നവ മാത്രമാണ്‌ സ്ത്രീക്ക് പുരുഷനെക്കാള്‍ വേതനം ലഭിക്കുന്നത്
കലാപ്രവര്‍ത്തനം
എഞ്ചിനീയര്‍
വക്കീല്‍ "

Where did you get the statistics where female Engineers are earning more than male Engineer. Ofcourse there might be exceptions but that is not applicable to the complete Engineering field.