Wednesday, June 17, 2009

പൊളിച്ചെഴുതേണ്ട മാനദണ്ഡങ്ങള്‍

കെല്ലി പൈറെക്ക് എഴുതിയ ഫോറന്‍സിക്ക് നഴ്സിങ്ങ് എന്ന പുസ്തകത്തില്‍ നിന്ന്
"പരിക്കുകളും ഇര ശാരീരികമായി ചെറുക്കാന്‍ ശ്രമിച്ചു എന്നതിന്റെ തെളിവും ഇര ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് തെളിയിക്കാന്‍ ഉപയോഗിക്കാം, എന്നാല്‍ ശാരീരികമായി ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചില്ല എന്നത് വേഴ്ച ബലാത്സംഗം അല്ലായിരുന്നു എന്നതിന്റെ തെളിവാക്കരുത്. സമ്മതം എന്നത് പരിശോധിക്കുന്നത് ഇരയുടെയും പ്രതിയുടെയും നടപടികള്‍, കാര്യങ്ങള്‍ മനസ്സിലാക്കിയ രീതി, ഇരയുടെ വിശ്വാസ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതാണെന്ന് ലോണ്‍സ്‌വേ നിര്‍ദ്ദേശിക്കുന്നു. അതിനോടൊപ്പം ബലപ്രയോഗമൊന്നുമില്ലെങ്കില്‍ കൂടി സമ്മതം നല്‍കാവുന്ന മാനസികാവസ്ഥയിലല്ലായിരുന്നു ഇരയെങ്കില്‍, അതായത് (നിയമപ്രകാരമുള്ള) പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കിലോ മാനസികവളര്‍ച്ച ഇല്ലാത്ത സ്ത്രീ, മദ്യമോ മയക്കുമരുന്നോ നല്‍കപ്പെട്ടവള്‍, തുടങ്ങിയവര്‍ ആണെങ്കില്‍ ഇരയും പ്രതിയുമായി ലൈംഗികവേഴ്ച നടന്നു എന്നു മാത്രം ഫോറന്‍സിക്ക് ഇന്‍‌‌വെസ്റ്റിറ്റിഗേറ്റര്‍പരിശോധിച്ച് തെളിയിച്ചാല്‍ മതിയാവും" (ഇരയുടെ സമ്മതമുണ്ടായിരുന്നു എന്ന് പ്രതിക്ക് വാദിക്കാനാവില്ല എന്ന് വ്യംഗ്യം) - പേജ് 581

ഇത് ആധുനികകാലത്തെ ഫോറന്‍സിക്ക് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ അപ്പ്രോച്ച് അല്പ്പം വത്യസ്ഥമാണ്‌. മോഡി'സ് മെഡിക്കല്‍ ജൂറിസ്പ്രൂഡന്‍സ് & ടോക്സിക്കോളജി പ്രകാരം ബലാത്സംഗം തെളിയിക്കാന്‍ വേഴ്ച, ബലപ്രയോഗം, കുതറിമാറാനുള്ള ശ്രമം (പെണ്‍കുട്ടി സ്റ്റാറ്റ്യൂട്ടറി ഏജ് ആയില്ലെങ്കില്‍ മാത്രം) സമ്മമ്മില്ലായ്മ എന്നിവയാണ്‌ തെളിയിക്കേണ്ടത് (പേജ് 337)


ഇതാണ്‌ ഇന്ത്യയില്‍ പ്രതിഭാഗ വാദത്തിന്റെ പിടിവള്ളി. സമ്മതമായിരുന്നോ വിസമ്മതമായിരുന്നോ എന്ന് തെളിയിക്കാന്‍ ഇരയുടെ മൊഴികള്‍, സഹായകരമായ തെളിവുകള്‍, മറ്റുമൊഴികള്‍, കൃത്യം നടന്നതിനു ശേഷമുള്ള സംഭവങ്ങള്‍ എന്നിവ പരിശോധിക്കുകയാണ്‌ കോടതി ചെയ്യുക പിന്നെ.

ഗുരുതരമായ അണുബാധയും വേദനയും ഉള്ള സമയത്തും നാല്പ്പതു ദിവസത്തില്‍ നാല്പ്പതോളം അപരിചിതരുമായി ലൈംഗികവേഴ്ച നടത്തിയത് വാദിയുടെ സമ്മതത്തോടെയാണെന്ന് സൂര്യനെല്ലി കേസില്‍ ബഹു. കേരളാ ഹൈക്കോര്‍ട്ടിന്റെ വിധിയും ഈ വീക്ഷണത്തിലാണ്‌ തള്ളിപ്പോയതെന്നു വേണം മനസ്സിലാക്കാന്‍. നിരന്തരം തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു, നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും മയക്കുമരുന്നുകള്‍ കുത്തിവയ്ക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു താനെന്നും സ്വബോധത്തില്‍ ഒരു സമ്മതവും നല്‍കാന്‍ തനിക്കാവില്ലായിരുന്നു എന്ന മൊഴിയും പെണ്‍കുട്ടിക്ക് സഹായകമല്ലാതെ പോയതും മോഡിയുടെ വീക്ഷണം കോടതികള്‍ പിന്‍‌‌തുടരുന്നു എന്നതിന്റെ സൂചനയാകാം.

മോഡിയുടെ പുസ്തകത്തിനു നൂറുവയസ്സാകുന്നെന്ന് ഓര്‍മ്മ. ശാസ്ത്രവും അറിവും എത്രയോ പുരോഗമിച്ച സ്ഥിതിക്ക് പുതിയ വരികള്‍ നമുക്ക് വായിക്കാറായില്ലേ? പീനല്‍ കോഡിനേ വയസ്സായി പിന്നല്ലേ എന്നാണോ? സംഗതി അതല്ല;

കീഴ്ക്കോടതി ശിക്ഷിച്ച മുപ്പത്തില്പ്പരം പേരെ സൂര്യനെല്ലി കേസില്‍ വെറുതേവിട്ടു. വ്യക്തമായ ഒരു മാനദണ്ഡം, വ്യക്തമായ ഒരു നിര്‍‌വചനം എന്നിവ ഇല്ലാതെ പോയാലാണ്‌ ഒരേ കാര്യത്തില്‍ രണ്ടു വിധികള്‍ ഇത്രകണ്ട് വത്യാസപ്പെടുന്നത്.

3 comments:

ചാണക്യന്‍ said...

കോടതി കയറാതെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്ന് മനസിലായി:):):)

junaith said...

എല്ലാരും ഒറ്റക്ക്‌ ഒറ്റക്ക്‌ പോകേണ്ടതാകുന്നു...(കോടതിയിലേക്ക്‌).

ഗുപ്തന്‍ said...

http://idonotsee.blogspot.com/2009/06/blog-post.html

ഈ ലിങ്കില്‍ ഇതുമായി ബന്ധമുള്ള ഒരു വിഷയം ചര്‍ച്ചചെയ്യുന്നുണ്ട്. അവസാനം ജഡ്ജി വീഡിയോ നോക്കുന്ന കാര്യം പറയുമ്പോള്‍ എഴുത്തുകാരന്‍ അരാജക ഐഡിയോളജി വിളമ്പാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യഭാഗം പ്രസക്തം.